അഭിഭാഷകൻ എന്നനിലയിൽ മാത്രമല്ല പ്രശാന്ത്‌ ഭൂഷന്റെ ഖ്യാതി. മനുഷ്യന്റെ പ്രശ്നങ്ങളിൽ നീതിയുടെ സ്വരം തേടുന്ന,  അതിനുവേണ്ടി വാദിക്കുന്ന പ്രവർത്തകൻകൂടിയാണ്‌ അദ്ദേഹം. കോഴിക്കോട്ടുവന്നപ്പോൾ നടത്തിയ ഈ അഭിമുഖത്തിൽ ജുഡീഷ്യറിയും മനുഷ്യാവകാശപ്രശ്നങ്ങളും പരാമർശവിധേയമാവുന്നു.
 വളരെ യാദൃച്ഛികമായാണ് താങ്കൾ നിയമവഴികളിലെത്തിച്ചേർന്നത്. അക്കാലം എന്തായിരുന്നു?
= മദ്രാസ് ഐ.ഐ.ടി.യിൽ എൻജിനിയറിങ്‌ പഠിക്കാൻപോയ ഞാൻ ഒരുവർഷത്തിനുശേഷം അതുപേക്ഷിച്ച് സാമ്പത്തികശാസ്ത്രവും  ഗണിതവും ലോജിക്കും പഠിക്കാനാരംഭിച്ചു. പിന്നീട് അതും ഉപേക്ഷിച്ച് ഫിലോസഫി പഠിക്കാൻപോയി. അക്കാലത്ത് ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പുകേസ് പ്രഗല്‌ഭ അഭിഭാഷകൻ നാനി പൽക്കിവാല വാദിക്കുന്നത് കേൾക്കാനിടയായി. അങ്ങനെ നിയമത്തിലുള്ള താത്‌പര്യം ആരംഭിച്ചു. പിന്നീട് ഫിലോസഫി പഠിക്കാനായി അമേരിക്കയിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ പോയി. അതിനിടയിൽ 1979-ൽ എൽഎൽ.ബി. പൂർത്തിയാക്കിയിരുന്നു. അമേരിക്കൻപഠനം കഴിഞ്ഞുവന്ന് 1983-ൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 1977-’79 കാലഘട്ടത്തിൽ കേന്ദ്ര നിയമമന്ത്രിയായിരുന്ന അച്ഛൻ ശാന്തി ഭൂഷന്റെ ജീവിതവും പ്രചോദനമായിരുന്നു. പിന്നീടിങ്ങോട്ട് ഒട്ടേറെ  മനുഷ്യാവകാശവിഷയങ്ങളിൽ ഇടപെടാനിടയായി. പല വിഷയങ്ങളും ഇന്ത്യൻ ജനതയെത്തന്നെ ബാധിക്കുന്നതായിരുന്നു.

 ആഗോളീകരണത്തിനുശേഷം ഇന്ത്യൻ ജുഡീഷ്യറിയിൽവന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു? 
= ആഗോളീകരണവും സ്വകാര്യവത്‌കരണവും ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. പാവങ്ങൾ കൂടുതൽ ദരിദ്രരായി മാറുകയും തൊഴിലില്ലായ്മ വർധിക്കുകയുംചെയ്യുന്ന ഇക്കാലത്ത് ജുഡീഷ്യറി വേണ്ടപോലെ ഇടപെടുന്നുവെന്ന് കരുതാൻ കഴിയില്ല. കോവിഡ് വ്യാധിയുടെ കാലത്ത് ദേശാടനം നടത്തേണ്ടിവന്ന ആയിരക്കണക്കായ അതിഥിതൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി കൈക്കൊണ്ട വിരുദ്ധനിലപാടുകൾ ഇതിനുദാഹരണമാണ്.

ഇന്ത്യൻ കോടതികൾ ഭരണഘടനയിലധിഷ്ഠിതമായ മനുഷ്യാവകാശവിഷയങ്ങളിൽനിന്ന്‌ അകന്നുപോകുന്നുവെന്ന് തോന്നുന്നുണ്ടോ?
= വളരെയേറെയുണ്ട്. ഇപ്പോഴത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് രമണ, ആ സ്ഥാനത്ത് നിയമിതനായതിനുശേഷം കാര്യങ്ങൾ അല്പം ഭേദപ്പെടുന്നുണ്ട്. പക്ഷേ, അതിനുമുമ്പുണ്ടായിരുന്ന നാലുപേരുടെയും കാലത്ത് രാഷ്ട്രീയാധികാരത്തിനുമുമ്പിൽ നീതിന്യായവ്യവസ്ഥ കീഴടങ്ങുന്നത് പലപ്പോഴും കാണേണ്ടിവന്നു. ഇത് ഒരുതരത്തിലുള്ള ബ്ലാക്ക്‌ മെയിലിങ്ങുകളിലൂടെ നേടിയെടുത്തതാണ്. വിരമിക്കലിനുശേഷമുള്ള നിയമനങ്ങൾ ജഡ്ജിമാരുടെ വിധികളെ സ്വാധീനിക്കുന്നുവെന്നും പറയാതെ വയ്യാ.

 ജഡ്ജിമാരുടെ വിരമിക്കലിനുശേഷമുള്ള നിയമനങ്ങൾ എങ്ങനെ നിയന്ത്രിക്കാം
= വിരമിച്ച ജഡ്ജിമാർക്ക് നിയമനങ്ങൾ നൽകേണ്ടാ എന്നൊരു അഭിപ്രായം എനിക്കില്ല. അവർക്കുമാത്രം പ്രവർത്തിക്കാൻ കഴിയുന്ന പല സ്ഥാനങ്ങളും ഉണ്ട്. പക്ഷേ, സർക്കാർ അതിൽ ഇടപെടാൻ പാടില്ല. നിഷ്പക്ഷമായ ഒരുസമിതിയാണ് അത്തരം നിയമനങ്ങൾ നടത്തേണ്ടത്. അല്ലാത്തപക്ഷം ഭരണനേതൃത്വം ആ അവസരങ്ങളെ തങ്ങൾക്കനുസൃതമാക്കി മുതലെടുക്കും. 

 യു.എ.പി.എ., രാജ്യദ്രോഹനിയമങ്ങൾ തുടങ്ങിയവ വലിയതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഭരണകൂടത്തിന് സമൂഹത്തോട്   അനുകമ്പയില്ലാതാവുകയാണോ

= യു.എ.പി.എ. നിയമങ്ങളും രാജ്യദ്രോഹനിയമങ്ങളും ഭരണഘടനയുടെ ആർട്ടിക്കിൾ 19, ആർട്ടിക്കിൾ 21 (അഭിപ്രായപ്രകടനത്തിനും ജീവിക്കാനുമുള്ള മൗലികാവകാശങ്ങൾ) എന്നിവയ്ക്ക് എതിരാണ്. ഒട്ടേറെ നിരപരാധികൾ അവർചെയ്ത കുറ്റം എന്താണെന്നുപോലുമറിയാതെ ജയിലിലടയ്ക്കപ്പെടുന്നു. മാസങ്ങൾക്കുമുമ്പ് മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ ജീവിതംതന്നെ ഉദാഹരണം. കോടതികൾക്ക് സമൂഹത്തോട് ദയയുണ്ടായെങ്കിൽമാത്രമേ സമൂഹത്തിൽ നീതിപുലരുകയുള്ളൂ. എന്നാൽ, പലകോടതികളും സാങ്കേതികമായി, പുസ്തകത്തിലെഴുതിവെച്ചതുനോക്കി പകർത്തിമാത്രം വിധികൾ എഴുതുകയാണ്. ഇത്തരം സാങ്കേതികവിധികൾ മനുഷ്യാവകാശസംരക്ഷണങ്ങൾക്ക് യാതൊരുവിധത്തിലും ഗുണംചെയ്യില്ല. സമൂഹത്തിന്റെ വേദന മനസ്സിലാക്കാത്ത വിധിന്യായങ്ങൾ മനുഷ്യപക്ഷത്തുനിന്നുള്ളവയല്ല. അനാവശ്യമായ ജാമ്യം നിഷേധിക്കൽ അടക്കമുള്ള നടപടികളിലൂടെ, പതിറ്റാണ്ടുകൾക്കുമുമ്പ് സുപ്രീംകോടതിതന്നെ ഊട്ടിയുറപ്പിച്ച മനുഷ്യാവകാശങ്ങളുടെ പ്രാധാന്യത്തിലൂന്നിയുള്ള വിധികൾക്കെതിരായി മാറുകയാണ്  പലകോടതികളും.

 ജഡ്ജിമാരുടെ നിയമനം ഏറെ വിവാദത്തിൽപ്പെടുന്ന കാലമാണല്ലോ ഇത്. കൊളീജിയം സമ്പ്രദായം എത്രമാത്രം ഫലപ്രദമാണ്?
= ന്യായാധിപ നിയമനങ്ങൾ നൂറുശതമാനവും നിഷ്പക്ഷമാക്കാൻ ഒരു ജുഡീഷ്യൽ നിയമനക്കമ്മിഷൻ സ്ഥാപിക്കുകയാണ് വേണ്ടത്. ഇത് തികച്ചും സുതാര്യവും നിഷ്പക്ഷവുമായിരിക്കണം. സർവീസിലുള്ള ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരെ, ന്യായാധിപരെ നിയമിക്കാൻ ചുമതലപ്പെടുത്തുന്ന സമ്പ്രദായം എത്രമാത്രം നീതിപൂർവമാണെന്ന്  സംശയമുണ്ട്. ഇതുപലപ്പോഴും ജുഡീഷ്യറിയുടെ മേന്മയെത്തന്നെ ബാധിക്കുന്നു. കീഴ്‌ക്കോടതികളിൽ ന്യായാധിപനാകാൻ നിയമബിരുദം മാത്രം മതി, തൊഴിൽപരിചയം വേണ്ടാ എന്ന പരിഷ്കാരവും സമൂഹത്തിന് ഗുണംചെയ്യില്ല. ജഡ്ജിനിയമനങ്ങളിലെ സ്വജനപക്ഷപാതവും നിയമവ്യവസ്ഥ നേരിടുന്ന വലിയ വെല്ലുവിളിയാണ്.

ഇന്ത്യൻ ജയിലുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും വിചാരണത്തടവുകാരാണ്. പലർക്കും അവർചെയ്ത കുറ്റകൃത്യങ്ങൾ എന്താണെന്നുപോലും ധാരണയില്ല. വിശേഷിച്ച്; ദരിദ്രർക്കും പിന്നാക്കവിഭാഗക്കാർക്കും. ഈ മനുഷ്യാകാശപ്രതിസന്ധിയെ എങ്ങനെ മറികടക്കും?
= നിഷ്പക്ഷമായ വിചാരണയും സത്യസന്ധമായ വിധിന്യായങ്ങളുമാണ് ഇതിനുപരിഹാരം. കളവായി കേസുകളെടുത്ത് ആളുകളെ തുറുങ്കിലടയ്ക്കുന്ന പോലീസുദ്യോഗസ്ഥർക്കെതിരേ കർക്കശ നടപടികളുണ്ടാവണം. നിർഭാഗ്യവശാൽ ഇപ്പോൾ അതിന് ഫലപ്രദമായ നിയമങ്ങളില്ല. കളവായും ദുരുദ്ദേശ്യപരമായും സമ്മർദത്താലും കേസെടുക്കുന്ന ഉദ്യോഗസ്ഥരെ വെറുതേവിടരുത്.

അഴിമതിക്കാരും നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്ത്വങ്ങളെത്തന്നെ ലംഘിക്കുന്നവരുമായ ന്യായാധിപരെ എങ്ങനെ മാറ്റിനിർത്താം?
= ഇംപീച്ച്മെന്റ് അത്ര ഫലപ്രദമായ പരിഹാരമാണെന്ന് ഞാൻ കരുതുന്നില്ല. നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ കംപ്ലയന്റ്സ് കമ്മിഷൻ രൂപവത്‌കരിക്കുകയും അഴിമതിക്കാരും കെടുകാര്യസ്ഥരുമായ ന്യായാധിപർക്കെതിരേ കർശനനടപടിയെടുക്കാൻ അധികാരം നൽകുകയുമാണ് വേണ്ടത്. ഇത്തരക്കാരെ ശിക്ഷിക്കാൻകൂടിയുള്ള നിയമങ്ങളുണ്ടാവേണ്ടതാണ്. 

2009-ൽ പതിനാറോളം മുൻ ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരാണെന്ന് താങ്കൾ തുറന്നുപറയുകയുണ്ടായി അഡ്വ. ഹരീഷ് സാൽവേ ഇതിന്റെപേരിൽ താങ്കൾക്കെതിരേ കോടതിയലക്ഷ്യ ഹർജി നൽകുകയുംചെയ്തു. ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
= ജുഡീഷ്യറിയിൽ ഇപ്പോഴും അഴിമതി വ്യക്തമായുമുണ്ട്. 12 വർഷംമുമ്പ് ഞാനെടുത്ത ആ നിലപാടിൽനിന്ന്‌ കാര്യങ്ങളൊട്ടും ഭേദപ്പെട്ടിട്ടില്ല.

താങ്കൾ പലപ്പോഴും വധശിക്ഷയ്ക്കെതിരായ നിലപാടെടുത്തിടുണ്ട്. വധശിക്ഷ നിർത്തലാക്കുന്നത് കൊടുംകുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കുകയില്ലേ?
= എന്നുഞാൻ കരുതുന്നില്ല. വധശിക്ഷ നിലവിലുള്ളതുകൊണ്ട് കുറ്റകൃത്യങ്ങൾക്ക് ഒരുകുറവും സംഭവിച്ചിട്ടില്ല. എന്നാൽ, ആൾക്കൂട്ടകൊലപാതകങ്ങൾപോലുള്ള കൊടുംകുറ്റകൃത്യങ്ങൾ വർധിച്ചുവരുകയുമാണ്.

താങ്കളുംകൂടി ചേർന്നാണല്ലോ ആം ആദ്മി പാർട്ടി രൂപവത്‌കരിച്ചത്‌. അരവിന്ദ് കെജ്‌രിവാളിന്റെ തുടർച്ചയായ രണ്ടുസർക്കാരുകളെ എങ്ങനെ വിലയിരുത്തുന്നു?
= ഡൽഹിസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഞാൻ തീരെ സംതൃപ്തനല്ല. അതിനുവേണ്ടത്ര ആശയപിൻബലമുണ്ടോ എന്നെനിക്ക് സംശയമാണ്. തത്ത്വാധിഷ്ഠിതമായ ഒരു സർക്കാരാണ് കെജ്‌രിവാളിന്റേതെന്ന്‌ ഞാൻ കരുതുന്നില്ല. കേന്ദ്രസർക്കാരിനെതിരായ പ്രചാരണങ്ങൾകൊണ്ടുമാത്രം ഒരുസർക്കാരിന് ദീർഘകാലം പിടിച്ചുനിൽക്കാനാ
വുകയില്ല.