മഹാത്മാ ഗാന്ധി

ആശ്രയത്തിന്റെ  ഓരോ അവശേഷിപ്പും നമ്മിൽനിന്നു തിരിച്ചെടുക്കപ്പെടുന്ന ഒരു  കാലം വന്നേക്കാം.

1908 ജനുവരി ഒന്നിന്  ‘ദ ട്രാൻസ്വാൾ ഇമിഗ്രേഷൻ റെസ്ട്രിക്‌ഷൻ ആക്ട്‌’ ( TIRA) നിലവിൽ വന്നു. TIRA, (The Transvaal Immigration Restriction Act) TARA (Transvaal asiatic registration act) എന്നീ നിയമങ്ങളെ  എതിർക്കുന്നതിനായി  ജൊഹാനസ്ബർഗിലെ, ഫോർഡ്‌സ്ബർഗിലുള്ള സുർതി മോസ്കിൽ അന്നേദിവസം ഒരു വൻ സമ്മേളനം നടത്തപ്പെട്ടു.  കുറഞ്ഞത് 2500 പേരെങ്കിലും ആ സമ്മേളനത്തിൽ പങ്കെടുത്തു.   മാതാപിതാക്കളുടെ അനുമതിവാങ്ങി ഞാൻ ആ ചടങ്ങിൽ സംസാരിക്കണമെന്ന് എന്റെ ഇരുപതു വയസ്സുകാരിയായ സ്റ്റെനോ ടൈപ്പിസ്റ്റ്  സോൻജ ഷെൽസിൻ ആവശ്യപ്പെട്ടു. ‘‘പ്രക്ഷോഭമിപ്പോൾ അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുകയാണ്, ഇപ്പോൾ അങ്ങ് അഭിമുഖീകരിക്കുന്ന കഷ്ടപ്പാടുകളിൽനിന്ന് ഒഴിഞ്ഞുമാറരുതെന്ന്,   തുടക്കംമുതൽത്തന്നെ ഈ മുന്നേറ്റത്തെ  ശ്രദ്ധാപൂർവം പിന്തുടരുന്ന ഞാൻ  അഭ്യർഥിക്കുന്നു, പ്രതിസന്ധികളിൽ ഇടറരുതെന്നും അചഞ്ചലമായി മുൻപോട്ടു പോകണമെന്നും ഞാനപേക്ഷിക്കുന്നു.’’ -അവൾ പറഞ്ഞു. ഇന്ത്യൻ ഒപ്പീനിയനിലെ കോളങ്ങളിലൂടെ നിഷ്‌ക്രിയ സമരമെന്നതിനു സമാനമായ ഗുജറാത്തി വാക്കിനുള്ള നിർദേശങ്ങൾ ഞങ്ങൾ ക്ഷണിച്ചിരുന്നു. പൂർണമായ അർഥത്തെ വ്യഞ്ജിപ്പിക്കുന്നില്ലെങ്കിലും തെറ്റില്ലാത്തതെന്നു പറയാവുന്ന ഒന്ന് ഞങ്ങൾക്ക് മഗൻലാൽ ഗാന്ധിയിൽനിന്ന്‌ ലഭിച്ചു: സദാഗ്രഹ. സത്യാഗ്രഹ എന്നത് സദാഗ്രഹയെക്കാൾ നല്ലതാണെന്ന് എനിക്കു തോന്നി. നിഷ്‌ക്രിയമെന്ന അർഥം ധ്വനിപ്പിക്കുന്നില്ലെങ്കിലും അനുയോജ്യമായ ഒരു  വാക്ക് കിട്ടുന്നതുവരെ സത്യാഗ്രഹമെന്നത് ഉപയോഗിക്കാമെന്നു തീരുമാനിച്ചു. അന്ന് സത്യാഗ്രഹം അതിന്റെ പരമോന്നത്യത്തിൽ ലോകമാസകലം പ്രചാരം നേടുകയായിരുന്നു.
‘ആരും മറ്റുള്ളവരെ നോക്കാതിരിക്കട്ടെ; ഓരോരുത്തരും അവനവന്റെ ശക്തിയെ മാത്രം ആശ്രയിക്കട്ടെ, അങ്ങനെയാകുമ്പോൾ  ഏതാനും ഇന്ത്യക്കാർ ഭയപ്പെട്ട്  ഈ അന്യായനിയമത്തെ അനുസരിച്ചാലും മറ്റുള്ളവർ അതനുകരിക്കാൻ പ്രേരിതരാകില്ല,’ ജനുവരി പത്താം തീയതിയിലെ ഇന്ത്യൻ ഒപ്പീനിയനിൽ ഞാനതേക്കുറിച്ച് ഇങ്ങനെയെഴുതി.  ജൊഹാനസ് ബർഗിലെ ന്യൂട്ടൻ മോസ്കിൽ രാവിലെ 11 മണിക്ക്‌ ഒരു സമ്മേളനം വിളിച്ചുചേർക്കപ്പെട്ടു. കോളനി വിട്ടുപോകണമെന്ന് അറിയിപ്പു കിട്ടിയിരുന്ന ഞാനും മറ്റുള്ളവരും അതനുസരിക്കാതിരുന്നതിനാൽ അന്നുച്ച തിരിഞ്ഞ് കോടതിയിൽ വിധിപ്രസ്താവനയ്ക്കായി ഹാജരാകേണ്ടിയിരുന്നു എന്നത് അറിയാമായിരുന്നു. പെട്ടെന്നു വിളിച്ചുചേർത്ത സമ്മേളനമായിട്ടും വലിയൊരു ജനക്കൂട്ടം  എത്തിച്ചേർന്നു.  പ്രസംഗകർക്കായി ഒരു വേദി കെട്ടിയുണ്ടാക്കി, സദസ്സിലെ ശ്രോതാക്കൾക്കായി ആയിരക്കണക്കിനു പാരഫിൻ ടിന്നുകൾ ഉപയോഗിച്ചു. ഞാൻ ആദ്യം ഹിന്ദുസ്ഥാനിയിലും പിന്നീട് ഇംഗ്ലീഷിലും സംസാരിച്ചു.  ജയിലിലേക്കു പോകുന്നവർ ഭയപ്പെടുന്നില്ലെന്നും  മറിച്ച്, നമ്മൾ നായ്ക്കളല്ല, മനുഷ്യരാണെന്നു കാണിച്ചുകൊടുക്കാൻ സർക്കാർ നൽകിയ ഉചിതമായ അവസരമായിട്ടാണിതിനെ കാണുന്നതെന്നും ഞാൻ പറഞ്ഞു. ഭാര്യയുടെ പേരോ അമ്മയുടെ പേരോ  വിരലടയാളങ്ങളോ  നിർബന്ധിതമായി  ആവശ്യപ്പെടുന്നത് അവഗണിക്കാവുന്ന കാര്യമല്ലെങ്കിലും യഥാർഥപ്രശ്നം നിലകൊള്ളുന്നത് ഈ നിയമത്തിന്റെ ലക്ഷ്യത്തിൽ തന്നെയാണ്. അതായത്, ഇന്ത്യൻ സമൂഹത്തെ ഒന്നാകെ നിന്ദിക്കുക എന്ന ലക്ഷ്യമാണു കാതലായ വിഷയം. ആ നിയമങ്ങളെക്കുറിച്ച് ആയിരംതവണ പറഞ്ഞത് ഞാൻ ആവർത്തിച്ചു.   
ഗവൺമെന്റ്‌ സ്ക്വയറിലെ കോടതിയിലേക്ക്‌ ഞാൻ നടന്നുപോകുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. കോടതിയുടെ പൊതുകവാടം അടയ്ക്കപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റായ മിസ്റ്റർ ജോർദാനും കവാടത്തിനരികിലെ ജനക്കൂട്ടത്തിനിടയിലൂടെ നടന്ന് പോലീസ്  പ്രതിരോധം തീർത്തിരുന്ന കവാടത്തിലെത്തി. രണ്ടുമണികഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കുശേഷം  സൈലൻസ് വിളി ഉയരുകയും എന്നോട് മുൻപോട്ടു വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാനുടൻ തന്നെ കുറ്റസമ്മതം നടത്തി; നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ കോളനി വിടണമെന്ന് കല്പന അനുസരിക്കാത്ത കുറ്റം ഞാനേറ്റു പറഞ്ഞു. എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ചോദ്യത്തിന്‌ ‘‘ഇല്ല സർ’’ എന്നു ഞാൻ മറുപടി നൽകി. 
പിന്നീട് ഒരു ലഘുപ്രസ്താവനയ്ക്കുള്ള അനുവാദം ചോദിച്ചു.   എന്റെ കേസും പിന്നാലെ വരുന്ന കേസുകളും തമ്മിൽ വ്യക്തമായ അന്തരമുണ്ടായിരിക്കണമെന്നു ഞാൻ പറഞ്ഞു. പ്രിട്ടോറിയയിൽ എന്റെ നാട്ടുകാർക്കു നൽകുന്ന ശിക്ഷ മൂന്നുമാസത്തെ കഠിനതടവും കനത്ത പിഴയുമാണെന്നും പിഴയൊടുക്കാൻ സാധിക്കാതെ വന്നാൽ കഠിനതടവ് മൂന്നുമാസംകൂടി നീട്ടുമെന്നും  മനസ്സിലാക്കിയിട്ടുള്ളതായി ഞാൻ പറഞ്ഞു. അവർ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്നാണെങ്കിൽ അതിലും ഗുരുതരമായ കുറ്റമാണു ഞാൻ ചെയ്തിരിക്കുന്നത്. അതിനാൽ തക്കതായ ഏറ്റവും കൂടിയ ശിക്ഷ തന്നെ എനിക്കു വിധിക്കണമെന്ന് ഞാനപേക്ഷിച്ചു.
‘‘നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ എന്നാണോ ഉദ്ദേശിക്കുന്നത്?’’ -മജിസ്‌ട്രേറ്റ് ജോർദാൻ ചോദിച്ചു.
‘‘അതെ, സർ’’
‘‘നിങ്ങളുടെ അപേക്ഷ അംഗീകരിക്കാൻ സാധിക്കുമെന്ന്്് തോന്നുന്നില്ല.  ആറുമാസത്തെ കഠിനതടവും 500 പൗണ്ട് പിഴയുമാണത്. നിങ്ങൾ ചെയ്ത തെറ്റിനോട്  തീർത്തും ആനുപാതികമല്ലാത്ത ശിക്ഷയാണതെന്ന് ഞാൻ കരുതുന്നു. ഇത് ഏറക്കുറെ ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്. നിയമത്തോടുള്ള  അനാദരം ആകുമായിരുന്നില്ലെങ്കിൽ, നിയമം അനുശാസിക്കുന്നതിൽ ഏറ്റവും കുറഞ്ഞ ശിക്ഷ വിധിക്കുക എന്നതാണെന്റെ കടമയെന്നു ഞാൻ ചിന്തിക്കുമായിരുന്നു.  ഈ സാഹചര്യത്തിൽ  രണ്ടു മാസത്തെ കഠിനാധ്വാനമില്ലാത്ത സാധാരണ തടവിനു ശിക്ഷിക്കുകയാണു ന്യായമായ വിധി എന്നു ഞാൻ കരുതുന്നു.’’
  വിധി പ്രസ്താവിച്ചതോടെ  പോലീസ് കസ്റ്റഡിയിൽനിന്ന്‌ മോചിതനായ ഞാൻ തികച്ചും ഏകനായി. ജയിൽപ്പുള്ളികൾക്കുള്ള ബെഞ്ചിലിരിക്കാൻ എന്നോടുപറഞ്ഞ്, പോലീസുകാർ മുറിയിൽ നിന്നിറങ്ങി കതകടച്ചു. അല്പം പ്രക്ഷുബ്ധനായിരുന്ന ഞാൻ അഗാധമായ ചിന്തയിലേക്കു വഴുതിവീണു. വീട്, ഞാൻ പ്രാക്ടീസ് ചെയ്തിരുന്ന ഫോർട്ട് പ്രിസണിലെ കോടതികൾ, പൊതു സമ്മേളനം എല്ലാം ഒരു സ്വപ്നംപോലെ കടന്നുപോയിരിക്കുന്നു. ഇപ്പോൾ ഞാനൊരു തടവുകാരനാണ്. രണ്ടു മാസത്തിനുള്ളിൽ എന്താകും സംഭവിക്കുക? ശിക്ഷാകാലാവധി പൂർണമായും ഞാൻ അനുഭവിക്കേണ്ടി വരുമോ? ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ എണ്ണം ഭീമമായാൽ, കാലാവധി തികയ്ക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. പക്ഷേ, ജയിലുകൾ നിറയ്ക്കാൻ അവർക്കു കഴിഞ്ഞില്ലെങ്കിൽ രണ്ടുമാസമെന്നത് ഒരു യുഗം പോലെ മടുപ്പിക്കുന്നതായിരിക്കും. എത്ര വ്യർഥനാകും ഞാൻ?  സ്വന്തം വിഡ്ഢിത്തമോർത്ത് ഞാൻ ചിരിക്കാൻ തുടങ്ങി. മറ്റുള്ളവർക്ക് ഏതുതരം തടവായിരിക്കും നൽകപ്പെടുക എന്നും എന്നോടൊപ്പമാകുമോ അവരും ജയിലിൽ കഴിയുക എന്നും ഞാനാലോചിച്ചു. കതകു തുറന്ന് അകത്തേക്കുവന്ന പോലീസ് ഓഫീസർ അയാളെ അനുഗമിക്കാൻ എന്നോടാവശ്യപ്പെട്ടു. ജയിൽവാൻ വരെ ഞാനയാളെ അനുഗമിച്ചു. അതിൽ എന്നെ ജൊഹാനസ്ബർഗ് ജയിലിലേക്ക്‌ കൊണ്ടുപോയി.
 ജയിലിൽ
ജയിലിൽ ആദ്യം കൊണ്ടുപോയത് തൂക്കം നോക്കുന്നതിനും വേഷം  മാറുന്നതിനുമുള്ള ഇടമായി ഉപയോഗിക്കുന്ന സ്വീകരണ മുറിയിലേക്കാണ്. ഞങ്ങളെ തൂക്കിനോക്കി, പൂർണമായും വിവസ്ത്രരാക്കുകയും ചെയ്തു. ജോലി ചെയ്യുന്നതിനല്ലാത്ത വേഷവിധാനങ്ങളാണു ഞങ്ങൾക്കു നൽകിയത്, ട്രൗസറുകൾ, ഷർട്ട്, കമ്പിളിക്കുപ്പായം, തൊപ്പി, സോക്സ്, കാലിനെ മൂടുന്ന പാദരക്ഷകൾ എന്നിങ്ങനെ. അവർ ഞങ്ങളുടെ വിരലടയാളങ്ങൾ ആവശ്യപ്പെട്ടു. അതിനുശേഷം, വൈകുന്നേരത്തെ ഭക്ഷണത്തിനുള്ള എട്ട് ഔൺസ് റൊട്ടിയുമായി ഞങ്ങൾ സെല്ലുകളിലേക്കു പോയി. അവിടെ ഞങ്ങളുടെ വസ്ത്രങ്ങളിൽ എൻ (N) എന്ന അക്ഷരം മുദ്രകുത്തി, തദ്ദേശവാസികളായി (നേറ്റീവ്) ഞങ്ങളെ ഗണിക്കുന്നു എന്നതായിരുന്നു അതിനർഥം. കഷ്ടപ്പാടുകൾക്കായി ഞങ്ങൾ തയ്യാറെടുത്തിരുന്നു, പക്ഷേ, ഈ അനുഭവം ഞങ്ങൾ പ്രതീക്ഷിച്ചതായിരുന്നില്ല. എന്തായാലും തദ്ദേശവാസികളായി ഞങ്ങളെ പരിഗണിച്ചത് നന്നായി. അങ്ങനെയുള്ളവരോട്  ജയിലിൽ പെരുമാറുന്ന രീതികളും ജയിലിലെ അവരുടെ ജീവിതസാഹചര്യങ്ങളും അവരുടെ സ്വഭാവങ്ങളും എല്ലാം  മനസ്സിലാക്കാനുള്ള നല്ലൊരവസരമായിരുന്നു അത്. അവരോടൊപ്പം ചേർത്തു പരിഗണിച്ചതിനെപ്പറ്റി മോശമായി കരുതുന്നത് ശരിയല്ലെന്നു തോന്നി.  
   കുറ്റവാളികളെ ജയിലിൽ വിവസ്ത്രരാക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങളുടെ ആത്മാഭിമാനത്തെയും  മതവിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിൽ  പെരുമാറുന്നില്ലെങ്കിൽ ജയിൽ നിയമങ്ങളെ അനുസരിക്കണമെന്നാണു സത്യാഗ്രഹികളെന്ന നിലയ്ക്ക് ഞങ്ങൾ തീരുമാനിച്ചിരുന്നത്. എനിക്കു ധരിക്കാൻ തന്ന വസ്ത്രങ്ങൾ തീർത്തും വൃത്തികെട്ടവയായിരുന്നു. അവ ധരിക്കാൻ  എനിക്കിഷ്ടമായിരുന്നില്ല.  പക്ഷേ, എന്തു വൃത്തികേടെങ്കിലും ധരിക്കണമല്ലോ എന്ന പുനരാലോചനയിൽ, ഞാനവ വിഷമത്തോടെ അണിഞ്ഞു. ഓഫീസർമാർ പേരും വിലാസവും രേഖപ്പെടുത്തിയതിനുശേഷം എന്നെ ഒരു വലിയ അറയിലേക്കു കൊണ്ടുപോയി. അല്പസമയത്തിനുള്ളിൽ എന്റെ നാട്ടുകാരായ മറ്റു തടവുകാരും എത്തിച്ചേർന്നു. എനിക്കു ലഭിച്ച അതേ ശിക്ഷ അവർക്കുമെങ്ങനെയാണു ലഭിച്ചതെന്നും എന്നെ അവിടെനിന്നു മാറ്റിയതിനുശേഷം എന്താണവിടെ സംഭവിച്ചതെന്നും അവരെന്നോടു ചിരിച്ചുകൊണ്ടു പറഞ്ഞുതന്നു. എന്റെ കേസിൽ വിധി കഴിഞ്ഞപ്പോൾ ആവേശം പൂണ്ട ചില ഇന്ത്യക്കാർ കൈയിൽ കരിങ്കൊടിയുമായി അവിടെ പ്രദക്ഷിണം നടത്തിയതായി ഞാൻ മനസ്സിലാക്കി. പോലീസ് അതിലിടപെടുകയും ചിലരെ ചാട്ടവാറുകൊണ്ടടിക്കുകയും ചെയ്തു. 
ഒരേ ജയിലിൽ, ഒരേ സെല്ലിലാണു ഞങ്ങളെ പാർപ്പിച്ചതെന്നതിൽ ഞങ്ങളെല്ലാം സന്തുഷ്ടരായിരുന്നു. ചൈനീസ് വിഭാഗത്തിന്റെ നേതാവായിരുന്ന ല്യുങ്ങ് ക്വ്ൻ, താമ്പി നായിഡു എന്നിവർ എന്റെ സഹതടവുകാരായിരുന്നു. ആറുമണിക്ക്‌ സെല്ലിന്റെ വാതിലടച്ചു. അഴികളുള്ളതായിരുന്നില്ല, മറിച്ച് പൂർണമായും മറയ്ക്കുന്ന കനത്ത ഒന്നായിരുന്നു കതക്. ചുവരിന്റെ അല്പം മുകളിലായി വായുസഞ്ചാരത്തിനായി ചെറിയൊരു വിടവു മാത്രമാണുണ്ടായിരുന്നതെന്നതിനാൽ ഒരു സേഫിനുള്ളിൽ (അലമാരയ്ക്കുള്ളിൽ) അടയ്ക്കപ്പെട്ടതുപോലെയാണു ഞങ്ങൾക്കനുഭവപ്പെട്ടത്. ട്രാൻസ്‌വാളിലെ ജയിലുകളിൽ​െവച്ച് ഏറ്റവുമധികം വായുസഞ്ചാരമുള്ള സെല്ലുകളാണിവയെന്ന് ഞാൻ കേട്ടിരുന്നു. ഗാൽവനൈസ് ചെയ്ത ഇരുമ്പു ഫലകങ്ങളാണു ചുവരുകൾക്ക് ഉപയോഗിച്ചിരുന്നത്. മൂന്നിടങ്ങളിൽ ദ്വാരങ്ങളുണ്ടായിരുന്നതിനാൽ, അവയിലൂടെ  ജയിലർമാർക്ക് തടവുപുള്ളികളുടെ കാഴ്ചയിൽപ്പെടാതെത്തന്നെ അവരെ നിരീക്ഷിക്കാനാകുമായിരുന്നു. സെല്ലിനുള്ളിൽ വൈദ്യുതവെളിച്ചം ഉണ്ടായിരുന്നുവെങ്കിലും വിഷമമില്ലാതെ എന്തെങ്കിലും വായിക്കാൻ പര്യാപ്തമായിരുന്നില്ല അത്. എട്ടുമണിക്ക്‌ ലൈറ്റ് അണയ്ക്കപ്പെട്ടു. പിന്നീട് രാത്രിയിൽ ഇടവിട്ട് വെളിച്ചം തെളിക്കുകയും അണയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ബക്കറ്റ് വെള്ളവും ഒരു ടിൻ ഗ്ലാസുമായിരുന്നു രാത്രിയിലേക്കുള്ള ഞങ്ങളുടെ വെള്ളത്തിന്റെ റേഷൻ. ശുചീകരണാവശ്യങ്ങൾക്കായി  അണുനാശിനി ദ്രവം നിറച്ച ഒരു ബക്കറ്റ് മുറിയുടെ  മൂലയിലായി ഒരു തട്ടത്തിൽ​െവച്ചിരുന്നു. മൂന്നിഞ്ചുയരത്തിൽ കാലുകളുള്ള തടിപ്പലകകളും രണ്ടു കമ്പിളിപ്പുതപ്പുകളുമായിരുന്നു കിടക്കാനുള്ള സജ്ജീകരണം. തലയിണയ്ക്കും വിരിപ്പിനും പകരമായി ഒരു ക്ഷമാപണവും. ഞങ്ങളുടെ അപേക്ഷപ്രകാരം എഴുതുന്നതിനായി ഗവർണർ ഒരു മേശയും രണ്ടു ബെഞ്ചുകളും അനുവദിച്ചു തന്നു.
കുളിമുറിയിലോ കക്കൂസിലോ സ്വകാര്യത ഉണ്ടായിരുന്നില്ല. രണ്ടോ മൂന്നോ തടവുകാർ ഒരേ നിരയിൽ ഒന്നിച്ചിരിക്കുക എന്നത് പലപ്പോഴും സംഭവിച്ചു. കുളിക്കുന്നതിനുള്ള സംവിധാനവും സമാനമായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം മുതൽ സത്യാഗ്രഹ തടവുകാർ വൻതോതിൽ എത്താൻ തുടങ്ങി. അവരിൽ ഭൂരിപക്ഷവും കച്ചവടക്കാരായിരുന്നു. അവരായിരുന്നു സമരത്തിൽ മുന്നിട്ടു നിന്നത്. ലൈസൻസ് കാണിക്കാൻ വിസമ്മതിക്കുക എന്നതു മാത്രം മതിയായിരുന്നു അറസ്റ്റുചെയ്യപ്പെടാൻ എന്നതിനാൽ അവർക്കത് വളരെ എളുപ്പമായിരുന്നു. 
ഞങ്ങളെ തടവിലാക്കി പത്തു ദിവസത്തിനുശേഷം ജനുവരി ഇരുപത്തിയൊന്നാം തീയതി ഞാൻ ജയിൽ ഡയറക്ടർക്ക് ഒരു കത്തെഴുതി. ഞങ്ങൾ ഇരുപത്തിയൊന്നാളുകളിൽ പതിനെട്ടുപേർ ബ്രിട്ടീഷ് ഇന്ത്യക്കാരും മൂന്നുപേർ ചൈനാക്കാരുമാണെന്നും ഞങ്ങളിലാർക്കും തന്നെ ഉപ്പുചേർക്കാത്ത മെയ്‌സ് (ചോളം) ഭക്ഷണം ശീലമില്ലെന്നും ഭൂരിപക്ഷം പേരും ആ ഭക്ഷണം മൂലം  മലബന്ധപ്രശ്നങ്ങൾ അനുഭവിക്കുകയാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ആ കത്ത്. ‘ശരീരത്തെയും ആത്മാവിനെയും ഒന്നിച്ചുനിർത്താൻ പര്യാപ്തമായതും ഞങ്ങളുടെ ദേശീയസ്വഭാവങ്ങൾക്കോ ദക്ഷിണാഫ്രിക്കയിലെ സ്ഥിരവാസം കൊണ്ടു രൂപപ്പെട്ട സ്വഭാവങ്ങൾക്കോ അനുസൃതമായതുമായ   യൂറോപ്യൻ രീതിയിലുള്ളതോ അതുപോലെയുള്ള മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ഭക്ഷണം’ നൽകണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. എന്തെങ്കിലും കറിക്കൂട്ടുകൾക്കായി ജയിലിലെ മെഡിക്കൽ ഓഫീസറോടു ചോദിച്ചപ്പോൾ ‘‘ഇത് ഇന്ത്യയല്ല, ജയിലിൽ ഭക്ഷണത്തിന്റെ രുചി എന്നതിനെപ്പറ്റി ആലോചിക്കേണ്ടതില്ല.’’ എന്നാണുകടുത്ത ഭാഷയിൽ മറുപടി ലഭിച്ചത്. ഞങ്ങളുടെ വാർഡർ നല്ലൊരു മനുഷ്യനായിരുന്നു,  സെല്ലുകളുടെ മുമ്പിലുള്ള ചെറിയ മുറ്റത്ത് ചില പ്രഭാതവ്യായാമങ്ങൾ ചെയ്യുന്നതിന്‌ അദ്ദേഹം അനുവദിച്ചു. അതൊരു സന്തോഷകരമായ വിനോദമായിരുന്നു. വ്യായാമം അവസാനിപ്പിച്ച് വാർഡർ പോയിക്കഴിയുമ്പോൾ  പഠാൻവാസിയായ നവാബ് ഖാനിന്റെ നേതൃത്വത്തിൽ ഞങ്ങളത് തുടർന്നു. ‘സ്റ്റാൻഡ് അറ്റ് ഈസ്’ എന്നത് അദ്ദേഹം ‘സണ്ട്‌ലീസ്’ എന്നാണുച്ചരിച്ചത്.  ആ വാക്ക് ആദ്യമൊന്നും ഞങ്ങൾക്കു മനസ്സിലായില്ല. നവാബ് ഖാനി ഇംഗ്ലീഷാണതെന്ന് അവസാനം  മനസ്സിലാകുന്നതുവരെ അത് ഏതു ഹിന്ദുസ്ഥാനി വാക്കാണെന്ന് ഞങ്ങളാലോചിച്ചിരുന്നു.
 കാർലൈൽ, സോക്രട്ടീസ്, 
ടോൾസ്‌റ്റോയ്്, ഭഗവദ്ഗീത...
ഗവർണർ ഞങ്ങൾക്കൊരു മേശ അനുവദിച്ചു തന്നുവെന്ന് ഞാൻ മുമ്പ് പരാമർശിച്ചല്ലോ. ഒപ്പം പേനകളും മഷിയും തന്നിരുന്നു. തടവുകാർക്ക് പുസ്തകം നൽകിയിരുന്ന ഒരു ലൈബ്രറി അവിടെയുണ്ടായിരുന്നു. ഞാൻ കാർലൈലിന്റെ  ചില രചനകളും ബൈബിളും അവിടെ നിന്നെടുത്തു. അവിടെ വന്നിരുന്ന ഒരു ചൈനീസ്  വിവർത്തകനിൽനിന്ന്‌ ഇംഗ്ലീഷിലുള്ള ഖുർആനും ഹക്‌സ്‌ലിയുടെ പ്രഭാഷണങ്ങളും  ബേക്കണിന്റെ ധർമോപദേശ ലേഖനങ്ങളും  ബേൺസ്, ജോൺസൺ, സ്കോട്ട് എന്നിവരുടെ കാർലൈൽ എഴുതിയ ജീവചരിത്രങ്ങളും ഞാൻ കടം വാങ്ങി. എന്റെ കൈവശം സ്വന്തം പുസ്തകങ്ങളുമുണ്ടായിരുന്നു. മണിലാൽ നാഥുഭായിയുടെ വ്യാഖ്യാനമുള്ള ഭഗവദ് ഗീതയും ചില തമിഴ് പുസ്തകങ്ങളും മൗലവി സാഹിബ് സമ്മാനിച്ച ഉറുദു പുസ്തകവും ടോൾസ്റ്റോയ്, റസ്കിൻ, സോക്രട്ടീസ് എന്നിവരുടെ രചനകളുമായിരുന്നു ഉണ്ടായിരുന്നത്. ഇവയിൽ മിക്കതും ഞാൻ  ജയിലിൽവെച്ച് വായിച്ചു, ചിലത് ആദ്യമായി വായിക്കുകയായിരുന്നു, ചിലത് പുനർവായനയും. ഞാൻ തമിഴ് പതിവായി പഠിക്കുന്നുണ്ടായിരുന്നു. പ്രഭാതങ്ങളിൽ ഞാൻ ഗീത വായിച്ചു, സായാഹ്നങ്ങളിൽ ഖുർആനിൽനിന്നുള്ള ഭാഗങ്ങളും.
രണ്ടുമാസമോ അതിലധികമോ ആയ കാലത്തേക്ക്‌ ശിക്ഷിക്കപ്പെടുന്ന ഓരോ തടവുകാരനും മുടി പറ്റെ വെട്ടണമെന്നും മീശ വടിച്ചുകളയണമെന്നും നിയമമുണ്ടായിരുന്നു. ഇന്ത്യക്കാരുടെ കാര്യത്തിൽ ഈ നിയമം വളരെ കണിശമായി പാലിക്കപ്പെട്ടിരുന്നു. എതിർത്താൽ മീശയുടെ കാര്യത്തിൽ ഒഴിവാക്കപ്പെടാം. ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരനുഭവമുണ്ടായി. തടവുകാരുടെ മുടി വെട്ടുമെന്നത് എനിക്കറിയാമായിരുന്നു. ഇങ്ങനെ മുടിയും മീശയും ഒഴിവാക്കുന്നത് തടവുകാരുടെ തന്നെ സൗകര്യത്തിനു വേണ്ടിയാണെന്നും എനിക്കു നന്നായി അറിയാമായിരുന്നു.  അതൊരു പ്രയോജനപ്രദമായ നിയമമാണെന്നു വ്യക്തിപരമായി ഞാൻ വിശ്വസിച്ചു. ജയിലിൽ മുടി ചീകിെവക്കുന്നതിനുള്ള സൗകര്യങ്ങളൊന്നുമില്ല. മുടി പരിപാലിച്ചില്ലെങ്കിൽ ചൊറിയോ ചിരങ്ങോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചൂടുള്ള ദിവസങ്ങളിൽ മുടി അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. കൂടാതെ,  മുഖം കാണുന്നതിനുള്ള കണ്ണാടിയും ജയിലിലില്ല. അതുകൊണ്ട് മീശ വൃത്തികേടാകുമെന്ന അപകടവുമുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ തുടയ്ക്കാനുള്ള തൂവാലകളില്ലെന്നതും ഉപയോഗിക്കാൻ പ്രയാസമുള്ള തടി സ്പൂണുകളാണെന്നതും കാരണം ഭക്ഷണം മീശയിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഒരു തടവുകാരന്റെ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോകുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്നതിനാൽ എന്റെ മുടി പറ്റെ വെട്ടാനും മീശ വടിക്കാനും ഞാൻ ചീഫ് വാർഡറോട് ആവശ്യപ്പെട്ടു. ഗവർണർ അത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നെ ആ നിയമം അനുസരിക്കുന്നതിനു   നിർബന്ധിക്കരുത് എന്നാകും അദ്ദേഹം ആഗ്രഹിക്കുന്നതെന്നു ഞാൻ പറഞ്ഞു. എന്നാൽ, ഇത് ഞാനാവശ്യപ്പെടുന്നതാണ് എന്നു പറഞ്ഞപ്പോൾ  ഗവർണറോടുതന്നെ നേരിട്ടപേക്ഷിക്കുകയാണു നല്ലതെന്നു വാർഡർ നിർദേശിച്ചു. അടുത്ത ദിവസം തന്നെ അനുമതി ലഭിച്ചു. പക്ഷേ, രണ്ടുമാസ കാലയളവിലെ രണ്ടു ദിവസം കടന്നുപോയതിനാൽ മുടിയും മീശയും വെട്ടുന്നതിനുള്ള കല്പന നൽകാൻ തനിക്കവകാശമില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. നിയമം എനിക്കറിയാമെന്നും എന്റെ താത്‌പര്യവും സൗകര്യവും അനുസരിച്ചാണിതിനാവശ്യപ്പെടുന്നതെന്നും ഞാൻ മറുപടി നൽകി. അദ്ദേഹം പുഞ്ചിരിയോടെ  എതിർത്തു.  ഇക്കാര്യത്തിൽ ഗവർണർക്ക് സന്ദേഹമുണ്ടെന്ന് പിന്നീട് മനസ്സിലാക്കിയ ഞാൻ മുടിയും മീശയും വെട്ടുന്നതിനുള്ള അപേക്ഷ എഴുതിത്തന്നെ കൊടുക്കാമെന്ന് അറിയിച്ചു. ഇത് ഗവർണറുടെ ആശങ്കകളെ അകറ്റുകയും എനിക്ക് കത്രികയും മുടിവെട്ടുന്നതിനുള്ള മറ്റുപകരണങ്ങളും നൽകാൻ  അദ്ദേഹം ചീഫ് വാർഡറെ ചുമതലപ്പെടുത്തുകയും ചെയ്തു. ക്ഷൗരക്രിയയിൽ എന്റെ സഹതടവുകാരൻ മിസ്റ്റർ പി.കെ. നായിഡു ഒരു വിദഗ്‌ധനായിരുന്നു. എനിക്കുമത് അല്പസ്വല്പം അറിയാമായിരുന്നു.   ഞാൻ മീശയും മുടിയും വെട്ടുന്നതു കണ്ടപ്പോൾ അതിൽ കാര്യമുണ്ടെന്ന് സഹതടവുകാർക്കും തോന്നുകയും അക്കാര്യത്തിൽ എന്നെ അനുകരിക്കുകയും ചെയ്തു. ചിലർ മുടി മാത്രമേ വെട്ടിയുള്ളൂ. നായിഡുവും ഞാനും ഓരോ ദിവസവും രണ്ടു മണിക്കൂർ വീതം ഇന്ത്യക്കാരുടെ മുടിവെട്ടുന്നതിനായി ചെലവഴിച്ചു.  ജീവിതം കൂടുതൽ ആരോഗ്യകരവും സൗകര്യപ്രദവും ആകാൻ അതു സഹായിച്ചു. തടവുകാർ കൂടുതൽ ഉന്മേഷവാന്മാരായി.
  ഉദ്യോഗസ്ഥർ തടവുകാരെ പരിശോധിക്കുന്നതിനെത്തുമ്പോൾ ഞങ്ങൾ വരിയായി നിൽക്കണം. ഉദ്യോഗസ്ഥർ അടുത്തുവരുമ്പോൾ തൊപ്പിയെടുത്ത് അവരെ സല്യൂട്ട് ചെയ്യണം. തടവുകാരെല്ലാവരും തൊപ്പി ധരിക്കും; അതെടുത്തു മാറ്റുക എന്നതു നിയമമായതിനാൽ വിഷമമില്ല. ഓഫീസർ വരുമ്പോൾ ‘ഫാൾ ഇൻ’ (fall in)  എന്ന ആഹ്വാനമാണു വരി നിൽക്കാനുള്ള നിർദേശം.  ഫാൾ ഇൻ എന്ന പ്രയോഗം ദൈനംദിന ഭക്ഷണം പോലെയായിരുന്നു.  തടവുകാർ വരിയായി അച്ചടക്കത്തോടെ നിൽക്കുക എന്നതാണു ആ ആഹ്വാനത്തിലൂടെ കല്പിക്കപ്പെടുന്നത്. ഇത് ഒരു ദിവസത്തിൽ നാലോ അഞ്ചോ തവണ സംഭവിക്കും. അസിസ്റ്റന്റ്്് ചീഫ് വാർഡർ എന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ അല്പസ്വല്പം  കണിശക്കാരനായിരുന്നു.  അതിനാൽ ഇന്ത്യൻ തടവുകാർ അദ്ദേഹത്തെ ജനറൽ സ്മട്ട്‌സ് എന്ന ഇരട്ടപ്പേരിൽ വിളിച്ചു. അദ്ദേഹം മിക്കവാറും അതിരാവിലെയും ചിലപ്പോഴൊക്കെ വൈകുന്നേരവുമാണു വന്നിരുന്നത്. ഒൻപതരയ്ക്കായിരുന്നു ഡോക്ടറുടെ സന്ദർശനം. സ്നേഹവാനും ദയാലുവുമായ ഡോക്ടർ ഞങ്ങളുടെ ആരോഗ്യത്തെപ്പറ്റി ആത്മാർഥമായിത്തന്നെ  ആരാഞ്ഞിരുന്നു.  
ജയിൽ നിയമങ്ങളനുസരിച്ച്, ഓരോ തടവുകാരനും ഡോക്ടറുടെ മുമ്പിൽ പരസ്യമായി വിവസ്ത്രനാകേണ്ടിയിരുന്നു. പക്ഷേ, ഈ നിയമം പാലിക്കുന്നതിനു ഡോക്ടർ നിർബന്ധിച്ചില്ല. അതു കൂടാതെ, ഇന്ത്യൻ തടവുകാരുടെ എണ്ണത്തിൽ വർധനയുണ്ടായപ്പോൾ, വരട്ടു ചൊറി (എക്‌സിമ) യോ അതുപോലെയുള്ള പ്രശ്നങ്ങളോ ഉള്ളവരെ സ്വകാര്യമായി പരിശോധിക്കാനും അദ്ദേഹം സമ്മതിച്ചു. പത്തരയോ പതിനൊന്നോ ആകുമ്പോഴായിരുന്നു ഗവർണറും ചീഫ് വാർഡറും  സന്ദർശിച്ചിരുന്നത്. ഗവർണർ ദൃഢചിത്തനും ശാന്തനും സന്തോഷവാനുമായി കാണപ്പെട്ടിരുന്നു. അദ്ദേഹമെപ്പോഴും ഒരേ ചോദ്യങ്ങൾ തന്നെ ചോദിച്ചു:  ‘‘നിങ്ങൾക്കെല്ലാം സുഖമാണോ? എന്തെങ്കിലും ആവശ്യമുണ്ടോ? എന്തെങ്കിലും പരാതികളുണ്ടോ?’’ പരാതികളും അപേക്ഷകളും ശ്രദ്ധാപൂർവം കേൾക്കുകയും ന്യായമായ എല്ലാ ആവശ്യങ്ങളും അനുവദിച്ചു തരുകയും ചെയ്തു. ശരിയായ പരാതികൾ പരിഹരിച്ചു തന്നു. ഡെപ്യൂട്ടി  ഗവർണറും ഇടയ്ക്കിടെ സന്ദർശനത്തിനെത്തി. അദ്ദേഹവും ദയാലുവായ വ്യക്തിയായിരുന്നു.  ഏറ്റവും ദയാലുവും സഹാനുഭൂതിയുമുള്ള ആൾ എന്നു പറയാവുന്നത് ചീഫ് വാർഡർ എന്ന പദവിയിലുള്ള, ഞങ്ങളെ പരിപാലിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. ദൈവവിചാരമേറെയുള്ള അദ്ദേഹം ഞങ്ങളോടു മാത്രമല്ല  ദയവും സ്നേഹവും കാണിച്ചിരുന്നത്. മറ്റു തടവുകാരും അദ്ദേഹത്തെക്കുറിച്ച്  സ്നേഹാദരങ്ങളോടെയാണു സംസാരിച്ചിരുന്നത്.  തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം വ്യഗ്രത പ്രകടിപ്പിച്ചിരുന്നു. അവരുടെ ഭാഗത്തു നിന്നുള്ള ചെറിയ ചെറിയ തെറ്റുകൾ അദ്ദേഹം ക്ഷമിച്ചു. വാസ്തവത്തിൽ ഞങ്ങൾ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു ചിന്തിച്ചതിനാൽ പ്രത്യേക ദയാവായ്പാണു ഞങ്ങളോടദ്ദേഹം പ്രകടിപ്പിച്ചത്.  
(ഗോപാൽകൃഷ്ണഗാന്ധിയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്‌)