‘‘ലോകത്തെ ഏറ്റവും മഹാനായ മനുഷ്യനാണ് ഗാന്ധിജി’’- ഒരു അമേരിക്കൻ സുഹൃത്ത് എന്നോടു 
പറഞ്ഞു. 
ഞാൻ പ്രതികരിച്ചില്ല. 
‘‘ഞാൻ എന്തുകൊണ്ടാണ് ഇതു പറഞ്ഞതെന്ന് 
നിനക്കറിയാമോ?’’
‘‘ഇല്ല’’- ഞാൻ പറഞ്ഞു. 
അവൻ വിശദീകരിച്ചു: ഗാന്ധിജി വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലേക്കു പോയപ്പോൾ അദ്ദേഹത്തെ അമേരിക്കയിലേക്കു ക്ഷണിക്കാൻ രണ്ട് അമേരിക്കക്കാർ അവിടെ പോയിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായൊരു ഹോട്ടൽ അവരുടെ ഒരു നില മുഴുവൻ ഗാന്ധിജിക്കും അനുയായികൾക്കും 
സൗജന്യമായി വിട്ടുനൽകാൻ തയ്യാറായിരുന്നു. ഗാന്ധിജിക്ക് ആട്ടിൻ പാലുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ ലഭ്യമാക്കാനും അവർ തയ്യാറായിരുന്നു. 
വിദേശത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വരുമ്പോൾ 
ചെയ്യാറുള്ളതുപോലെ ഗാന്ധിജി അവിടെ താമസിക്കുന്നത്രയും ദിവസങ്ങൾ ഹോട്ടലിനു മുന്നിൽ ഇന്ത്യൻ പതാക ഉയർത്താനും അവർ ഒരുക്കമായിരുന്നു. ഗാന്ധിജി റേഡിയോയിൽ അഞ്ചു മിനിറ്റ് സംസാരിക്കാൻ തയ്യാറായാൽ അവരുടെ ഒരു 
ദിവസത്തെ വരുമാനം സംഭാവന ചെയ്യാൻ ഒരു അമേരിക്കൻ 
പ്രക്ഷേപണ കമ്പനി ഒരുക്കമായിരുന്നു. (അമേരിക്കയിൽ ധാരാളം സ്വകാര്യ പ്രക്ഷേപണ കമ്പനികളുണ്ടായിരുന്നു. റേഡിയോ സമയം ഉപയോഗിക്കാൻ അവർ വൻ തുകയാണ് ഈടാക്കിയിരുന്നത്.)ഗാന്ധിജിയുടെ 
യു.എസ്. സന്ദർശനവേളയിൽ അദ്ദേഹത്തിന്റെ കൂടെ തങ്ങളുടെ ഒരു ലേഖകനെ 
അനുവദിക്കുകയാണെങ്കിൽ ഗാന്ധിജിയുടെ 
ഫണ്ടിലേക്ക് ഒരുലക്ഷം ഡോളർ സംഭാവന നൽകാമെന്ന് ഒരു പ്രമുഖ യു.എസ്. പത്രം വാഗ്ദാനം ചെയ്തു. പക്ഷേ, സമയക്കുറവ് പറഞ്ഞ് ഗാന്ധിജി ആ ക്ഷണം നിരസിച്ചു. അവരുടെ അഭ്യർഥന പ്രകാരം ഗാന്ധിജി അമേരിക്കൻ ജനതയ്ക്ക് ഒരു സന്ദേശം നൽകി. അതുവരെ ഒരു നേതാവും അമേരിക്ക സന്ദർശിക്കാനുള്ള ക്ഷണം നിരസിച്ചിരുന്നില്ല. പലരും അമേരിക്കൻ 
സന്ദർശനത്തിനായി അവസരം നോക്കിയിരിക്കുകയായിരുന്നു. പലരും അത്തരമൊരു ക്ഷണത്തിനായി അപേക്ഷിച്ചിരുന്നു. ക്ഷണമുണ്ടായിരുന്നിട്ടും 
അമേരിക്ക സന്ദർശിക്കാത്ത ഒരേയൊരു നേതാവ് 
ഗാന്ധിജിയായിരുന്നു. ‘‘അതുകൊണ്ടാണ് അദ്ദേഹത്തെ ഞാൻ ലോകത്തെ മഹാനായ നേതാവെന്നു വിളിക്കുന്നത്’’ - എന്റെ അമേരിക്കൻ സുഹൃത്ത് 
പറഞ്ഞു. 
(ഗാന്ധിജിയുടെ ഡോക്യുമെന്ററീകാരനായ 
എ.കെ. ചെട്ടിയാരുടെ ‘​in the tracks of Mahathma -Making of a documentary -എന്ന പുസ്തകത്തിൽ നിന്ന്‌)