മികച്ച അഭിഭാഷകനും അറിയപ്പെടുന്ന ട്രേഡ്‌ യൂണിയൻ നേതാവുമായ എ.എം. വിശ്വനാഥന്റെ തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെ രണ്ട് മുറികളിലായി സൂക്ഷിച്ച പുസ്തകശേഖരത്തിൽ 70 വർഷമായി നിധിപോലെ കരുതി സംരക്ഷിച്ചുവരുന്ന ഒരു ചെറിയപുസ്തകമുണ്ട്.   പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കേയുടെ കൈയൊപ്പ് പതിഞ്ഞ ആ പുസ്തകം അദ്ദേഹം ആർക്കും കൈമാറാൻ തയ്യാറായില്ല. ആ പുസ്തകത്തിലേക്കും ഡാങ്കേയുമായുണ്ടായിരുന്ന ആത്മബന്ധത്തിലേക്കും തിരിച്ചുനടക്കുമ്പോൾ വിശ്വനാഥൻ പഴയൊരു കാലത്തേക്കുമാണ് സഞ്ചരിക്കുന്നത്

  ബ്രണ്ണൻകോളേജിൽനിന്ന് ഇന്റർമീഡിയറ്റ്  പാസായശേഷം ഞാൻ ബി.എസ്‌സി.ക്ക് പഠിക്കാനായി മദ്രാസിലെ മുഹമ്മദൻസ് കോളേജിൽ (ഇപ്പോൾ ഗവ. ആർട്സ്‌ ആൻഡ്‌ സയൻസ് കോളേജ്)ചേർന്നു. സ്കൂളിലും ബ്രണ്ണൻകോളേജിലും പഠിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥിസംഘടനയായ എ.ഐ.എസ്.എഫിൽ പ്രവർത്തിച്ചു. എന്റെ അമ്മാവൻ എ.കെ. പത്മനാഭൻ അന്നത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനായിരുന്നു. അന്ന് എ.ഐ.എസ്.എഫ്. സംഘടിപ്പിക്കുന്നതിന് കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്കരനാണ് തലശ്ശേരിയിൽ വന്നത്.  ആ ബന്ധമാണ് എന്നെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്.  പാർട്ടികാർഡ്  നൽകിയെങ്കിലും ഞാനത് വേണ്ടെന്നുവെക്കുകയായിരുന്നു. എങ്കിലും  പാർട്ടിപ്രവർത്തനം തുടർന്നു. മദ്രാസിലെത്തിയപ്പോഴും എ.ഐ.എസ്.എഫിൽ പ്രവർത്തനത്തിൽ സജീവമായി. കുറച്ചുകാലം പഠനം മുടങ്ങി. അതിനുശേഷം മദ്രാസ് ഗവ. ലോകോളേജിൽ നിയമപഠനത്തിന് ചേർന്നു. അന്ന് എ.ഐ.
എസ്.എഫിൽ അംഗങ്ങൾ വളരെ കുറവായിരുന്നു. വിദ്യാർഥിസംഘടനാപ്രവർത്തനത്തോടൊപ്പം പാർട്ടിപ്രവർത്തനത്തിലും ഏർപ്പെട്ടു. പാർട്ടി സെക്രട്ടറിയായിരുന്ന പി.സി. ജോഷിയുടെയും എസ്.എ. ഡാങ്കേയുടെയും ലേഖനങ്ങൾ പതിവായി വായിക്കും. സോഷ്യലിസ്റ്റ് എന്ന മാസികയിലാണ് ഡാങ്കേയുടെ ലേഖനങ്ങൾ വന്നിരുന്നത്. ഡാങ്കേ മദ്രാസിൽ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തുന്ന വിവരം അറിഞ്ഞപ്പോൾ പ്രസംഗം കേൾക്കാൻ പോകാൻ തീരുമാനിച്ചു.  കുഞ്ഞിരാമപ്പൊതുവാളും കൂടെ ഉണ്ടായി. മറീന ബീച്ചിൽ പ്രസംഗം തുടങ്ങുന്നതിനുമുമ്പ്‌ അവിടെ ഡാങ്കേ എഴുതിയ പുസ്തകങ്ങൾ വിൽപ്പനയ്ക്കായി നിരത്തിയിരുന്നു. ‘ഇന്ത്യ ഫ്രം പ്രിമിറ്റീവ് കമ്യൂണിസം ടു സ്ലേവറി’  എന്ന പുസ്തകം വാങ്ങി. അല്പം കഴിഞ്ഞപ്പോൾ പൊതുയോഗം തുടങ്ങി. അന്ന്‌ അവിടത്തെ പാർട്ടിസെക്രട്ടറി വെങ്കിട്ടരാമൻ എന്ന ആളോടൊപ്പം ബസിലാണ് ഡാങ്കേ വന്നത്.  വെങ്കിട്ടരാമനെ ഞങ്ങൾക്ക്്് നല്ല  പരിചയമുണ്ടായിരുന്നു. പൊതുയോഗത്തിന് അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അതിമനോഹരമായ പ്രസംഗം. പൊതുയോഗം കഴിഞ്ഞപ്പോൾ നേരിയ മഴ തുടങ്ങി. വേദിക്കരികിൽ ചെന്ന് ഡാങ്കേയെ വണങ്ങി. പിന്നെ കൈയിൽ കരുതിയ പുസ്തകത്തിൽ ഒപ്പിട്ടുതരാൻ ആവശ്യപ്പെട്ടു. അല്പസമയത്തിനുശേഷം മഴ ശക്തമായിത്തുടങ്ങി. ഡാങ്കേയും വെങ്കിട്ടരാമനും ഒരു ബസിലേക്ക് ഓടിക്കയറി. പിന്നാലെ ഞങ്ങളും. സീറ്റിലിരുന്ന് പുസ്തകം മറിച്ചപ്പോൾ, ഡാങ്കേ ഒപ്പിട്ട ഒന്നാം പേജ് മുഴുവൻ മഴ നനഞ്ഞ് മഷി പരന്നുകിടക്കുന്നു. മുൻസീറ്റിലിരിക്കുന്ന ഡാങ്കേയുടെ അടുത്തുചെന്ന് കാര്യം പറഞ്ഞു. ചിരിച്ചുകൊണ്ട് അദ്ദേഹം മഴ നനയാത്ത ഉൾപ്പേജിൽ വീണ്ടും ഒപ്പിട്ടുനൽകി.  1951-ൽ നടന്ന ഈ സംഭവം  ഇന്നും എന്റെ മനസ്സിലുണ്ട്.
കോൺഗ്രസുമായി അടുക്കണമെന്ന ഡാങ്കേയുടെ കാഴ്ചപ്പാടുകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചതൊക്കെ പിന്നീടുള്ള ചരിത്രം. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുമ്പോൾ പാർട്ടി ചെയർമാനായിരുന്നു ഡാങ്കേ. 
ഈ സംഭവമെല്ലാം നടക്കുന്നതിനു  മുൻപേ 1958-ൽ വിശ്വനാഥൻ കമ്യൂണിസ്റ്റ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. 1961-ൽ  തലശ്ശേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ആദ്യം വി.ആർ. കൃഷ്ണയ്യരെ ചെന്നുകണ്ടു. അദ്ദേഹത്തിന് വേറെയും ജൂനിയർമാരുള്ളതുകൊണ്ട് അവിടെ ജൂനിയറാവാൻ സാധിച്ചില്ല. എടത്തിൽ ശങ്കരമേനോൻ എന്ന കമ്യൂണിസ്റ്റ് നേതാവ് കൂടിയായ മികച്ച അഭിഭാഷകനോടൊപ്പം ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1957-ൽ കൃഷ്ണയ്യർ തലശ്ശേരിയിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽവന്ന് അധികം താമസിയാതെ വിശ്വനാഥൻ പാർട്ടി വിട്ടു. കോൺഗ്രസിൽ ചേർന്നശേഷം 1959-ൽ നടന്ന വിമോചനസമരത്തിൽ പങ്കെടുത്ത് ജയിലിലായി. അന്ന് ചെറിയമമ്മുകേയി, കെ.പി. രാഘവൻനായർ തുടങ്ങിയവരോടൊപ്പമായിരുന്നു തടവിൽ കഴിഞ്ഞത്. താമസിയാതെ തലശ്ശേരി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, കെ.പി.സി.സി. അംഗം തുടങ്ങിയ നിലകളിലേക്ക് ഉയർന്നു.
 റിപ്പർ ചന്ദ്രന്റെ വധശിക്ഷ 
ഒഴിവാക്കേണ്ടതായിരുന്നു
അഭിഭാഷകരംഗത്ത് ശ്രദ്ധേയനായതോടെ  1971 മുതൽ 1984 വരെ തുടർച്ചയായി മാറിമാറി അധികാരത്തിൽവന്ന സർക്കാരുകൾ വിശ്വനാഥനെ  പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. റിപ്പർ ചന്ദ്രൻ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ, കാസർകോട്ടെ ഹംസ വധക്കേസിൽ സി.ബി.ഐ. കോടതിയിൽ വാദിഭാഗം അഭിഭാഷകൻ തുടങ്ങി ഒട്ടേറേ വിവാദമായ കേസുകളിൽ വാദിച്ചിട്ടുണ്ട്. അതിൽ ഇന്നും വേദനിപ്പിക്കുന്നത് റിപ്പർ ചന്ദ്രൻ കേസാണ്:

  ‘റിപ്പർ ചന്ദ്രനെതിരായ അഞ്ച് കേസുകളിൽ  ഞാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. അതിൽ നാലെണ്ണത്തിൽ വധശിക്ഷ വിധിച്ചു.  ഒന്ന് മോഷണക്കേസ് മാത്രമായതിനാൽ ചെറിയശിക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ചന്ദ്രനെതിരായ കേസ്    വാദിച്ചു ജയിച്ചെങ്കിലും അദ്ദേഹത്തെ തൂക്കിയതിൽ എനിക്ക്‌ വലിയ വിഷമമുണ്ട്. അയാൾ വാസ്തവത്തിൽ അത്ര ക്രൂരനല്ല.  അക്കാലത്തെ വിചാരണക്കോടതിയിലെ പല വധശിക്ഷകളും പിന്നീട് അപ്പീലിൽ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്. ചന്ദ്രനുവേണ്ടി വാദിക്കാൻ അന്ന് ആരും തയ്യാറായില്ല.  വിചാരണക്കോടതിയിൽപ്പോലും ആദ്യം ആരും വാദിക്കാനുണ്ടായില്ല. പിന്നെ, ജഡ്ജി നേരിട്ട് ഒരു ജൂനിയർ അഭിഭാഷകനെ ഏർപ്പെടുത്തി.  അദ്ദേഹം ആവുന്ന വിധത്തിലൊക്കെ വാദിച്ചു. എങ്കിലും നാല് കേസുകളിലും വധശിക്ഷയാണ് വിധിച്ചത്.

  സത്യത്തിൽ റിപ്പർ ചന്ദ്രന് നേരിയ മാനസികരോഗം ഉണ്ടായിരുന്നു. അദ്ദേഹം വലിയ മണിമാളികകളല്ല മോഷണത്തിന് തിരഞ്ഞെടുത്തത്. എല്ലാം ഇടത്തരം വീടുകൾ. മദ്യവും മാംസവും കഴിക്കാനുള്ള വക കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയത്. ആയുധം കൈയിൽ കരുതിയല്ല മോഷണത്തിന് പോയിരുന്നത്. ചെന്നുകയറുന്ന വീടിന്റെ പരിസരത്തുനിന്ന് കിട്ടുന്ന കമ്പിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചത്. തലയ്ക്കടിച്ചാൽ ഉടനെ ബോധംപോകുമെന്ന് ആരോ ഇയാളോട് പറഞ്ഞുകൊടുത്തിരുന്നു. നേരിയ മനോരോഗമുള്ള ചന്ദ്രൻ ഇതുകേട്ടാണ് വീട്ടിനുള്ളിൽ കയറി തലയ്ക്കടിക്കുന്നത്. ഈ അടിയിലാണ് പലരും മരിച്ചത്. ഇദ്ദേഹം നടത്തിയ കൊലകളിലൊന്നും ദൃക്‌സാക്ഷികളില്ല. സാഹചര്യത്തെളിവുകൾ വെച്ചാണ് വാദിച്ചത്. ചന്ദ്രൻ ക്രൂരനല്ല എന്ന് പറയുന്നതിന് വേറെയും കാരണങ്ങളുണ്ട്. ഒരു വീട്ടിൽ മോഷണത്തിനു ചെന്നപ്പോൾ ആദ്യം കണ്ട സ്ത്രീയെയും പുരുഷനെയും കല്ലുകൊണ്ട് തലയ്ക്കടിച്ചു. തൊട്ടടുത്തമുറിയിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ടായിരുന്നു. അവരെ ചന്ദ്രൻ ഉപദ്രവിച്ചതേയില്ല. പണം എവിടെയാണ് സൂക്ഷിച്ചതെന്ന് എട്ടുവയസ്സുള്ള പെൺകുട്ടിയോട് ചോദിച്ചു. പൂജാമുറിയിലുള്ള പെട്ടിയിലാണെന്ന് കുട്ടി മറുപടി പറഞ്ഞു. ആ പെട്ടി തുറന്ന് പരതിയപ്പോൾ ഒരു മോതിരം കിട്ടി. ‘അത് പൊന്നിന്റേതല്ല’ എന്ന് കുട്ടി പറഞ്ഞപ്പോൾ അത് അവിടെ ഉപേക്ഷിച്ചു. ക്രൂരനായ ആളായിരുന്നെങ്കിൽ, താൻ നടത്തിയ കൊലയുടെ സാക്ഷികളായ കുട്ടികളെ വെറുതേ വിടുമോ? പക്ഷേ, കുട്ടികളെ ഒന്നും ചെയ്തില്ല. ഹൈക്കോടതിയിൽ അപ്പീൽ പോയിരുന്നെങ്കിൽ ഉറപ്പായും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമായിരുന്നു. ആരും ചന്ദ്രനുവേണ്ടി വാദിക്കാനുണ്ടായിരുന്നില്ല. ചന്ദ്രനെ ചോദ്യം ചെയ്തപ്പോഴത്തെ രസകരമായ  സംഭവം അന്നത്തെ ഡിവൈ.എസ്.പി. വിവരിച്ചിരുന്നു.

ആദ്യം പോലീസ് മുറയിൽ ചോദ്യംചെയ്തപ്പോഴൊന്നും സത്യം പറഞ്ഞില്ല. പിന്നെ, ഡിവൈ.എസ്.പി.  ഒരുകുപ്പി മദ്യവും കോഴിപൊരിച്ചതും വരുത്തിച്ചു. പകുതി കുപ്പി മദ്യം അകത്ത് ചെന്നപ്പോഴേക്കും ചന്ദ്രൻ നടന്ന സംഭവം മുഴുവൻ വിശദമായി വിവരിച്ചുകൊടുത്തു. ചന്ദ്രനെ കർണാടക പോലീസിലെ ഒരു ഇഖ്ബാലാണ് അറസ്റ്റുചെയ്യുന്നത്. അതിനുമുൻപ് ഒരു ദിവസം കേരളാ പോലീസ് അവന്റെ വീട്ടിൽ അന്വേഷിച്ചുചെന്നു. ചന്ദ്രന്റെ വീട് അറിയാമോ എന്ന് വീടിനടുത്തെത്തിയ പോലീസുകാർ ഒരാളോട് ചോദിച്ചു. ചന്ദ്രന്റെ വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുകൊടുത്ത് അദ്ദേഹം നടന്നകന്നു. വീട്ടിലെത്തിയപ്പോഴാണ്  പോലീസുകാർ അറിയുന്നത് തൊട്ടുമുൻപേ വഴി ചോദിച്ചത് ചന്ദ്രനോടുതന്നെയാണെന്ന്. അവസാനത്തെ ഒരു കേസ് ജയിലിനുള്ളിൽ വെച്ചാണ്  വിസ്തരിച്ചത്. 
  അവിവാഹിതനായ വിശ്വനാഥൻ വക്കീൽ ഒരിക്കലും അധികാരസ്ഥാനം നേടാൻ താത്‌പര്യം കാണിച്ചില്ല.  1980-ൽ കോൺഗ്രസ് ആന്റണി വിഭാഗവും സി.പി.എമ്മും ചേർന്ന് ഭരിച്ച കാലത്ത് ആര്യാടൻ മുഹമ്മദായിരുന്നു തൊഴിൽമന്ത്രി.  തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അന്ന് ഒരു ട്രിബ്യൂണൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി ആര്യാടൻ നിർദേശിച്ചത് വിശ്വനാഥന്റെ പേരായിരുന്നു. കെ.പി. നൂറുദ്ദീൻ ഇക്കാര്യം നേരിൽക്കണ്ട് അറിയിച്ചു. പക്ഷേ, എന്തുകൊണ്ടോ ജഡ്ജിക്കുതുല്യമായ പദവിയായ ട്രിബ്യൂണലാവാൻ അദ്ദേഹം തയ്യാറായില്ല. അനുകൂലമറുപടിക്കായി ഒരുമാസം കാത്തശേഷമാണ് മറ്റൊരാളുടെ പേര് നൽകിയത്. എ.സി. ഷൺമുഖദാസുമായുള്ള ആത്മബന്ധം കാരണം കോൺഗ്രസിലെ പിളർപ്പുകളിലെല്ലാം ഷൺമുഖദാസിനൊപ്പം നിലപാടെടുത്തു. അങ്ങനെ എൻ.സി.പി.യിലായി. ദീർഘകാലം ട്രേഡ് യൂണിയൻ സംസ്ഥാനപ്രസിഡന്റായും പ്രവർത്തിച്ചു. ഇപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു.