എനിക്ക് നാലുവയസ്സുള്ളപ്പോഴാണ്,  മലബാർ കലാപം കോട്ടയ്ക്കലും പരിസരപ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെടുന്നത്, 1921-ൽ.  കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തുള്ള  തെക്കേ കെട്ടിന്റെ ഒന്നാംനിലയിൽനിന്ന് താഴത്തുനടക്കുന്ന കാഴ്ചകളെ  ഉത്കണ്ഠയോടെ കലാപകാലങ്ങളിൽ നോക്കിയിരിക്കുന്നത് എന്റെ ഓർമയിൽ ഇപ്പോഴുമുണ്ട്. കോവിലകത്തിനുചുറ്റുമുള്ള കോട്ടയിൽ പലയിടത്തായി നാലഞ്ച്‌ കൊത്തളങ്ങളുണ്ടായിരുന്നു. പാലക്കാട്ടുള്ള ടിപ്പുസുൽത്താൻകോട്ടയെക്കാളും വലുതായിരുന്നു കോവിലകത്തിലേത്. പാറാവുകാർ സദാ കാവൽനിന്നിരുന്ന  മൂന്നുകവാടങ്ങൾ കടന്നുവേണം കോവിലകത്തിനുള്ളിലേക്ക്  പ്രവേശിക്കാൻ. 

കലാപസമയത്ത്, കോവിലകത്തിന് ചുറ്റുവട്ടത്ത് താമസിച്ചിരുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക്   കോട്ടയ്ക്കുള്ളിൽ  താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നത്  ഒരുപാടുപേർക്ക് സഹായമായി. കോട്ടയുടെ രക്ഷയ്ക്ക് ചുറ്റും നിയോഗിച്ചിരുന്ന കാവൽക്കാരിൽ മുസ്‌ലിങ്ങളടക്കം  എല്ലാ ജാതിമതക്കാരുമുണ്ടായിരുന്നു.കോവിലകത്തെ ചെറുപ്പക്കാരനായ ഒരംഗം ആ സമയത്ത്‌ കാൽനടയായി കോഴിക്കോട്ടേക്കുപോയി മലബാർജില്ലാ കളക്ടറെക്കണ്ട് സംഗതികളുടെ കിടപ്പ് ബോധിപ്പിച്ചതിനെത്തുടർന്ന്, അധികാരികൾ ഒരു അർധസൈന്യവിഭാഗത്തെ കോട്ടയ്ക്കലേക്കും അതിനടുത്തുള്ള പ്രദേശങ്ങളിലേക്കും ഉടനടി നിയോഗിച്ചു.   കലാപവും ലഹളകളും പോലീസും പട്ടാളവും ചേർന്ന് അടിച്ചമർത്താൻ മാസങ്ങൾ വേണ്ടിവന്നു. ആയിരക്കണക്കിനുപേരെയാണ് ഇതിന്റെ പേരിൽ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. എന്റെ  ഹൈസ്കൂൾവിദ്യാഭ്യാസം 1931-’34 കാലത്തായിരുന്നു. കോട്ടയ്ക്കലിലെ രാജാസ് ഹൈസ്കൂളിലായിരുന്നു പഠനം. സ്കൂളിൽ, ടി.വി.ശേഷയ്യർ എന്നൊരു അധ്യാപകൻ മഹാത്മാഗാന്ധിയെയും ദേശീയപ്രസ്ഥാനത്തെയുംപറ്റി  ചരിത്രക്ലാസിൽ അക്കാലത്ത് പറഞ്ഞത്  ചെവിയിൽ ഇന്നും അലയടിക്കുന്നുണ്ട്.ഇന്നത്തെ പത്താംക്ലാസിനുതുല്യമായ സിക്സ്ത് ഫോമിൽ പഠിക്കുമ്പോഴാണ് അമ്മയുടെ മരണം (1934). സിക്സ്ത് ഫോമിലെ  പൊതുപരീക്ഷയിൽ വിജയിച്ചെങ്കിലും അമ്മയുടെ മരണശേഷം ഒരു വർഷത്തെ ദീക്ഷയിലായിരുന്നതുകൊണ്ട് എന്റെ പഠിപ്പ് തത്‌കാലം മുടങ്ങി. 

ഗുരുവായൂർ യാത്രയും സത്യാഗ്രഹക്കാഴ്ചയും
അതിനടുത്തകൊല്ലം, 1935 ഡിസംബറിൽ, അച്ഛൻ ഗുരുവായൂരിലേക്ക് പോവുമ്പോൾ എന്നെയും  കൂടെക്കൊണ്ടുപോയി. ഗുരുവായൂർ അമ്പലത്തിലൊന്ന് പോവാൻ അതിയായുള്ള ആഗ്രഹം സഫലമായതിനുപുറമേ, ആ സമയത്ത്‌ അവിടെ സന്ദർശിക്കാനെത്തിയ അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് രാജേന്ദ്രപ്രസാദിനെ കാണാനും  ഈ യാത്ര എനിക്ക് വഴിയൊരുക്കി. ഗാന്ധിത്തൊപ്പിയും തൂവെള്ള ഖദർവസ്ത്രവും ധരിച്ച്  അമ്പലത്തിലെ പടിഞ്ഞാറേ മൈതാനത്ത് അദ്ദേഹം ഇംഗ്ലീഷിൽ പ്രസംഗിക്കുമ്പോൾ, മുഖം വലതുവശത്തേക്ക് ചെരിച്ചുകൊണ്ടുള്ള പ്രത്യേകതരത്തിലുള്ള ആ നിൽപ്പ് ഇപ്പോഴും കണ്ണിൽ മായാതെയുണ്ട്. കെ. കേളപ്പൻ നയിച്ച  ഗുരുവായൂർ സത്യാഗ്രഹം (1931-'32), നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന  പല അനാചാരങ്ങൾക്കും അറുതിവരുത്താനുള്ള ആദ്യകാലസമരങ്ങളിൽ വളരെ പ്രധാനപ്പെട്ട  ഒന്നായിരുന്നു. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനംനൽകണമെന്ന ആവശ്യം നാട്ടിൽ കോളിളക്കമുണ്ടാക്കി.  സത്യാഗ്രഹത്തിന്റെ വൊളന്റിയർ ക്യാപ്റ്റനായിരുന്ന  എ.കെ.ജി. സമരത്തിൽ  സജീവമായി പങ്കെടുത്തു.

അന്നത്തെ സാമൂതിരിയും ഗുരുവായൂർ അമ്പലത്തിന്റെ ചുമതലക്കാരനുമായിരുന്ന മാനവേദൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന കെ.സി.  ചെറിയനുജൻ രാജയ്ക്ക് അവസാനം ക്ഷേത്രപ്രവേശനത്തിനായുള്ള ആവശ്യം അംഗീകരിക്കേണ്ടിവന്നു. ഗുരുവായൂർ സത്യാഗ്രഹത്തിനോടനുബന്ധിച്ച് ഗാന്ധിജി കേരളം സന്ദർശിക്കുകയും മാനവേദൻരാജയെ കാണുകയും ചെയ്തിരുന്നു. കോഴിക്കോട്ടുള്ള തിരുവച്ചിറ കൊട്ടാരത്തിൽ മാനവേദൻ രാജ, ഗാന്ധിജിയെ സ്നേഹപൂർവം സ്വീകരിച്ചു.  കുടിക്കാൻ ഇളനീർ കൊടുത്താണ്  ഗാന്ധിജിയെയും  കൂടെയുള്ളവരെയും സാമൂതിരി സ്വാഗതംചെയ്തത്. പക്ഷേ, ചില നമ്പൂതിരിമാരുംമറ്റും,  ഗുരുവായൂർക്ഷേത്രം എല്ലാ ഹിന്ദുവിഭാഗക്കാർക്കും തുറന്നുകൊടുക്കുന്നതിനെ പരസ്യമായി  എതിർത്ത്, അമ്പലത്തിൽ പോവുന്നതുപോലും അക്കാലത്ത് നിർത്തിവെച്ചു. അതിനുശേഷം,  കോട്ടയ്ക്കലിനടുത്തുള്ള പറപ്പൂർ മൈതാനത്തുനടന്ന കെ.പി.സി.സി. സമ്മേളനത്തിലും ആര്യവൈദ്യശാലയുടെ ചുറ്റുവട്ടത്തുനടന്ന കെ.പി.സി.സി.യുടെ മറ്റൊരു യോഗത്തിലും ഞാൻ പങ്കെടുത്തു. കോൺഗ്രസിനുള്ളിൽ  ഇ.എം.എസ്. നമ്പൂതിരിപ്പാട്,  പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ എന്നിവർ നയിച്ചിരുന്ന സോഷ്യലിസ്റ്റ് പാർട്ടി ഘടകം കേളപ്പജിയുടെ വിഭാഗത്തെ മറികടന്ന് ആധിപത്യം സ്ഥാപിക്കുന്നത് ഈ സമയത്താണ്.

 രണ്ടാംലോകയുദ്ധം 1939-ൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന്റെ ആദ്യദശയിൽ  ഹിറ്റ്‌ലറും നാസികളും യൂറോപ്പ് ഏതാണ്ട് മുഴുവനും കൈയടക്കിയിരുന്നു. ബ്രിട്ടനും ഫ്രാൻസിനും തുടർച്ചയായി തിരിച്ചടികൾ നേരിടേണ്ടിവന്നു.  ഇന്ത്യ സഖ്യകക്ഷികളോടൊപ്പം യുദ്ധത്തിൽ ചേരണമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് ഏഴുപ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭകൾ, അവരുമായി ചർച്ചചെയ്യാതെ ഇറക്കിയ ഈ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് രാജിവെച്ചു. 

യുദ്ധംനടന്നുകൊണ്ടിരിക്കുമ്പോഴാണ് 1941 ജൂണിൽ ഞാൻ പാലക്കാട് വിക്ടോറിയ കോളേജിൽ ബി.എസ്‌സി.ക്ക് ചേരുന്നത്. ബ്രിട്ടീഷ് സർക്കാരിനെതിരായി  വ്യക്തിഗതസത്യാഗ്രഹത്തിന് കോൺഗ്രസ് ആഹ്വാനംചെയ്ത സമയമായിരുന്നു അത്. അഭിഭാഷകനായ രാഘവമേനോനും മറ്റുചിലരും പാലക്കാട് കോട്ടമൈതാനത്ത്‌ സത്യാഗ്രഹം നടത്തുന്നതിനോട് അനുബന്ധിച്ച് വിളിച്ചുകൂട്ടിയ യോഗത്തിൽ ഞാൻ സജീവമായി  പങ്കെടുത്തു. എന്റെ വലിയമ്മാമൻ മാനവിക്രമൻ രാജ (കെ.സി. കുട്ടിയേട്ടൻ രാജ) ആയിരുന്നു അന്നത്തെ  സാമൂതിരിപ്പാട്. മലബാറിലെ ജില്ലാകളക്ടർ എന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെ വലിയമ്മാമനെ അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ എന്നോട് കോഴിക്കോട്ടേക്കുവരാൻ  പറയുകയും സാമൂതിരി കോവിലകംവിട്ട്  പുറത്തുപോവരുതെന്ന് കല്പിക്കുകയും ചെയ്തു.
ഒരുമാസത്തിലധികം ഇങ്ങനെ ‘വീട്ടുതടങ്കലിൽ’ കഴിഞ്ഞതിനുശേഷം സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിച്ചിരുന്ന അമ്മായി (അമ്മുണ്ണി അമ്മ) എനിക്കുവേണ്ടി ഇടപെട്ടു. പക്ഷേ, വലിയമ്മാമൻ ഒരു നീക്കുപോക്കിനും തയ്യാറായിരുന്നില്ല.  അവസാനം എല്ലാവരുടെയും നിർബന്ധത്തിനുവഴങ്ങി രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കാമെന്ന്  വലിയമ്മാമന് എനിക്ക് വാക്കുകൊടുക്കേണ്ടിവന്നു. വീണ്ടും കോളേജിൽ പോവാൻ അനുമതി ലഭിച്ചശേഷം, 1941 അവസാനം പാലക്കാട് തിരിച്ചെത്തി ഞാൻ പഠനംതുടർന്നു.

വീട്ടുതടങ്കലിൽനിന്ന്‌ മോചനം
വലിയമ്മാമൻ മരിക്കുന്നത് 1942-ലാണ്. എന്റെമേലുള്ള നിബന്ധനകളും അതോടെ അവസാനിച്ചിരിക്കുന്നവെന്ന വിശ്വാസത്തിന്റെ പുറത്ത്, രാഷ്ട്രീയപ്രവർത്തനങ്ങൾ  തുടരാൻ ഞാൻ തീരുമാനിച്ചു.   വൈകാതെ ഓൾ ഇന്ത്യ  സ്റ്റുഡൻറ്റ്‌സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്.) എന്ന സംഘടനയിൽ ചേരുകയുംചെയ്തു. എ.ഐ.എസ്.എഫിന്റെ ഒരു യോഗം പാലക്കാട്ടെ മോയൻ ഗേൾസ് ഹൈസ്കൂളിൽ നടക്കുന്നത് ഈ സമയത്താണ്. അന്നേ കവിതകളിലൂടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്ന ഒളപ്പമണ്ണ തന്റെ ഒരു രചന ആ യോഗത്തിൽ പാടി. എല്ലാവർക്കും ഇഷ്ടപ്പെട്ട ആ കവിത പിന്നീട് പല സമ്മേളനങ്ങളിലും ഞങ്ങൾ അവതരിപ്പിച്ചിരുന്നു. അത്തരം യോഗങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗാന്ധിസേവാസദനം എന്ന സ്ഥാപനം  പിൽക്കാലത്ത് സ്ഥാപിച്ച കെ. കുമാരൻ.  അന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിലുണ്ടായിരുന്ന കല്ലാട്ട് കൃഷ്ണനായിരുന്നു ഇടതുപക്ഷ  വിദ്യാർഥികളുടെ  ഒരു പ്രധാന മാർഗദർശി; പരപ്പനങ്ങാടിയിൽനിന്നുള്ള യജ്ഞമൂർത്തി നമ്പൂതിരിപ്പാട്  വിദ്യാർഥിസംഘടനയുടെ  സെക്രട്ടറിയും. 

രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമായി, പിന്നീട് കൊല്ലങ്ങൾക്കുശേഷം എന്റെ താമസസ്ഥലമായിമാറിയ പറളിയിലെ കടവത്തുപോയതും ആലത്തൂരിലെത്തി 1957 മുതൽ 15 കൊല്ലത്തോളം എം.എൽ.
എ.യായിരുന്ന ആർ. കൃഷ്ണനുമായി ചർച്ചകൾനടത്തിയതും ഇന്നും ഓർമയിലുണ്ട്. അക്കൊല്ലം (1942) ഓണം അവധി കഴിഞ്ഞ് വിക്ടോറിയ കോളേജിൽ തിരിച്ചെത്തിയപ്പോഴാണ് (ഗാന്ധിസേവാസദനം) കുമാരനെ ക്വിറ്റിന്ത്യാസമരത്തിൽ  പങ്കെടുത്തതിന്റെ പേരിൽ  അറസ്റ്റുചെയ്ത് പാലക്കാട്  ടിപ്പുസുൽത്താൻ കോട്ടയ്ക്കുള്ളിലെ ജയിലിലടച്ചിരിക്കയാണെന്ന് അറിയുന്നത്.  ജയിലിൽപ്പോയി അദ്ദേഹത്തെ ഞാൻ കണ്ടു. അതിനുശേഷം തിരുവില്വാമലയിലുള്ള കുമാരന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ അച്ഛനമ്മമാരെയും മറ്റുകുടുംബാംഗങ്ങളെയുംകണ്ട് വിവരമറിയിച്ചു. പിറ്റേന്ന് അദ്ദേഹത്തിന്റെ അച്ഛൻ പാലക്കാട്ടുവന്നു. പക്ഷേ, റെയിൽവേസ്റ്റേഷനിലിറങ്ങിയ അദ്ദേഹവും അവരെ അവിടെ കാത്തുനിന്നിരുന്ന ഞാനും കണ്ടത് കുമാരനെ പാലക്കാട്ടുനിന്ന് തമിഴ്നാട്ടിലുള്ള  ഒരു ജയിലിലേക്ക് മാറ്റുന്നതിനായി പോലീസ് കൊണ്ടുപോവുന്നതായിരുന്നു. ഇതിനെത്തുടർന്ന് ദിവസവും രാവിലെ കോളേജിലെ ആദ്യമണിയടിമുഴുങ്ങുന്ന നേരം ഞങ്ങൾ ഒരുകൂട്ടം വിദ്യാർഥികൾ  പ്രിൻസിപ്പലിന്റെ ഓഫീസുമുറിക്കുമുന്നിൽ കൂടി, ‘മഹാത്മാഗാന്ധി സിന്ദാബാദ്, പണ്ഡിറ്റ് നെഹ്രു സിന്ദാബാദ്, ദേശീയ നേതാക്കളെ മോചിപ്പിക്കുക’  എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കാൻതുടങ്ങി. രണ്ടാമത്തെ മണിയടിക്കുമ്പോൾ ഞങ്ങൾ പിരിഞ്ഞ് അവരവരുടെ ക്ലാസുകളിലേക്ക് തിരിച്ചുപോവുമായിരുന്നു. അന്ന് കോളേജ് പ്രിൻസിപ്പലായിരുന്ന എസ്.ആർ.യു. സാവൂറും മറ്റുചില അധ്യാപകരും ഇന്ത്യൻ ദേശീയവികാരങ്ങളോട് അനുഭാവമുള്ളവരായിരുന്നുവെന്ന്  ഞാൻ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രതിഷേധപരിപാടി രണ്ടുമൂന്നുദിവസം കഴിഞ്ഞിട്ടും തുടർന്നപ്പോൾ, ഒരു രാവിലെ സാവൂർ തന്റെ ഓഫീസിൽനിന്ന് പുറത്തുവന്ന്, മുദ്രവാക്യംമുഴക്കുന്ന  എന്നെ  പിടിച്ച് ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോവാൻ ശ്രമിച്ചു. എന്നാൽ, ഓഫീസുമുറിയുടെ വാതിൽപ്പടിയിൽ കാലുകൾ അമർത്തിച്ചവിട്ടി  ഞാൻ കുതറിമാറി. പ്രിൻസിപ്പൽ എന്നെക്കാളും ഉയരവും ദേഹബലവുമുള്ള ആളായിരുന്നെങ്കിലും എന്റെ തട്ടലിൽ കൈയിലുള്ള പിടിവിട്ട് പിന്നിലേക്ക് തെറിച്ചു.  ഞാൻ പുറത്തുകടന്ന്, പതിവുപോലെ ക്ലാസിൽ പോയിരുന്നു. പിറ്റേദിവസം കോളേജിലെ നോട്ടീസ്‌ബോർഡിൽ  ‘കെ.സി.കെ. രാജയെ പുറത്താക്കിയ’ അറിയിപ്പുവന്നു. അങ്ങനെ വിക്ടോറിയാകോളേജിലെ പഠനം എനിക്ക് മതിയാക്കേണ്ടിവന്നു. പിന്നീട് ബി.എസ്‌സി. പഠനം പൂർത്തിയാക്കിയത് മദ്രാസിലെ പാച്ചയപ്പാ കോളേജിലായിരുന്നു.
കോേളജ് വിദ്യാഭ്യാസത്തിനുശേഷം  കോട്ടയ്ക്കലിലെ രാജാസ് ഹൈസ്കൂളിൽ ആദ്യം ഒരു ക്ലർക്കായും പിന്നീട് അധ്യാപകനായും ജോലിയെടുത്തു. അതേസമയം, രാഷ്ട്രീയപ്രവർത്തനങ്ങളിൽ  കൂടുതൽ മുഴുകാനും തുടങ്ങി. കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അടുപ്പവും വർധിച്ചുകൊണ്ടിരുന്നു.  മുൻ കേരളാമന്ത്രി യു.എ. ബീരാൻ കല്പകഞ്ചേരിയിൽനിന്നുള്ള ഇ.പി. മുഹമ്മദ്, പറപ്പൂരിൽനിന്നുള്ള  ടി.പി. മുഹമ്മദ് എന്നിവർ രാഷ്ട്രീയത്തിൽ എന്റെ സഹപ്രവർത്തകരായിരുന്നു ഇക്കാലത്ത്. അവർ മൂന്നുപേരും അന്ന് ഹൈസ്കൂൾ വിദ്യാർഥികളായിരുന്നു. രാഷ്ട്രീയരംഗത്ത് ഞാൻ ബന്ധപ്പെട്ട പ്രാദേശികനേതാക്കളിൽ സാധു അഹമ്മദ് കുട്ടി (മലപ്പുറം), എടക്കോട്  മുഹമ്മദ് (കൊണ്ടോട്ടി), കോയ കുഞ്ഞിനഹ (പരപ്പനങ്ങാടി), മുഹമ്മദ് (ഇന്ത്യനൂർ), കുഞ്ഞുണ്ണി, ബാലകൃഷ്ണൻ തിരുമുൽപ്പാട് (നിലമ്പൂർ)  എന്നിവരെ ഒരിക്കലും മറക്കാൻ കഴിയില്ല, 

ബെംഗളൂരുവിലേക്ക്‌
ദിവസങ്ങൾ കഴിയുംതോറും എന്റെ രാഷ്ട്രീയപ്രവർത്തനങ്ങൾ ഞാൻ ജോലിയെടുക്കുന്ന സ്കൂളിനെയും കിഴക്കേ കോവിലകത്തിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്  എനിക്ക് മനസ്സിലായി. അതിനാൽ കോട്ടയ്ക്കൽ വിട്ട്, എന്റെ പ്രവൃത്തിമണ്ഡലം ബെംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിച്ചു.  ബാംഗ്ലൂരിലെത്തി ദിവസങ്ങൾക്കുശേഷം ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ്  ലിമിറ്റഡ് (എച്ച്.എ.എൽ.)  എന്ന കമ്പനിയിൽ (പിന്നീട് ഹിന്ദുസ്ഥാൻ  എയ്‌റോനോട്ടിക്സ് ലിമിറ്റഡ് എന്നാക്കി അതിന്റെ പേര്) ആക്സസറി ഇൻസ്പെക്ടറായി എനിക്ക് ജോലിയും ലഭിച്ചു. ഇലക്‌ട്രിക്കൽ എൻജിനിയറിങ്‌  ബി.എസ്‌സി.ക്ക് പഠിക്കാനുള്ളൊരു വിഷയമായിരുന്നതുകൊണ്ടാണ് ആ ജോലി അത്രവേഗത്തിൽ കിട്ടിയത്.എച്ച്.എ.എൽ. കോളനിയിൽത്തന്നെ  മാനേജ്‌മെന്റ്  എനിക്ക് താമസസൗകര്യമൊരുക്കിത്തന്നു.  കമ്പനി നടത്തിയിരുന്നത് അമേരിക്കക്കാരായിരുന്നു. അവർ പൊതുവേ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് അനുകൂലമായ നിലപാടാണ് എടുത്തിരുന്നത്.  പിൽക്കാലത്ത്‌ കേരളത്തിൽ മന്ത്രിയായിരുന്ന ബേബി ജോണും മറ്റുചില മലയാളികളും എച്ച്.എ.എൽ. കോളനിയിൽ അന്ന് താമസിച്ചിരുന്നു. ഞങ്ങൾ എച്ച്.എ.എൽ. തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലേർപ്പെട്ടു. പക്ഷേ, പ്രൊബേഷൻകാലം അവസാനിക്കുന്നതിനുമുമ്പ് പ്രതികൂലമായ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

  ഉടനെത്തന്നെ യു.എസ്. ആർമി സർവീസിൽ ക്ലർക്കായി പുതിയ ജോലികിട്ടിയെങ്കിലും അതിലും തുടരാൻ കഴിഞ്ഞില്ല. ജോലിയിൽക്കയറി ഒരു മാസത്തിനുള്ളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് എന്നെ അറസ്റ്റുചെയ്ത് ബാംഗ്ലൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി കേസ് ഫയൽചെയ്തു. നരസിംഹമൂർത്തി എന്നൊരു വക്കീൽ കോടതിയിൽ എനിക്കുവേണ്ടി വാദിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. അക്കൗണ്ടിങ്‌, ടൈപ്പിങ്‌ എന്നീ വിഷയങ്ങൾ  സ്കൂൾ, കോളേജ് വിദ്യാഭ്യാസത്തോടൊപ്പം പഠിച്ച് അവയിലുള്ള പല പരീക്ഷകളും ജയിച്ചതുകൊണ്ട് ഒരു ജോലികിട്ടാൻ തീരേ ബുദ്ധിമുട്ടുണ്ടായിരുന്നില്ല അന്നെനിക്ക്. പക്ഷേ, പോലീസിന്റെ കാകദൃഷ്ടിയിൽനിന്ന് രക്ഷപ്പെടാൻ  ബുദ്ധിമുട്ടായിരുന്നു. എന്നാലും എച്ച്.എ.എലിലെയും മറ്റുചില സ്ഥാപനങ്ങളിലെയും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അന്ന് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകരുമായി  ഒത്തുചേർന്നുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. ജോലിക്കുവേണ്ടിയുള്ള അന്വേഷണം തത്‌കാലം നിർത്തിവെച്ച്, കമേഴ്‌സ്യൽ സ്ട്രീറ്റിൽ  കോർണർ ഷോപ്പ് എന്നൊരു പുസ്തകക്കട  ഇതിനിടയിൽ ഞാൻ തുറന്നു. രണ്ടാംലോകയുദ്ധം 1945-ൽ അവസാനിച്ചതോടെ ദേശീയ നേതാക്കളെ ബ്രിട്ടീഷ് സർക്കാർ ജയിൽമുക്തരാക്കി. അപ്പോഴേക്കും മൈസൂർ കമ്യൂണിസ്റ്റ് പാർട്ടിയുമായി ഞാൻ കൂടുതൽ അടുത്തുപ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. കോലാർ സ്വർണഖനികളിലേക്ക് പോയി അവിടെയുള്ള തൊഴിലാളികളെ സംഘടിപ്പിക്കാൻ പാർട്ടി എന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച്, പുസ്തകക്കടയടച്ച് ഞാൻ കോലാറിലേക്ക് പോയി.
(തുടരും)

 

തൃശ്ശൂരിലെ അമല ആശുപത്രിയിൽ,  75 വയസ്സുകഴിഞ്ഞ അച്ഛനെ പ്രോസ്റ്റേറ്റ് കാൻസർ ശസ്ത്രക്രിയക്കുവേണ്ടി ഓപ്പറേഷൻ തിയേറ്ററിലേക്ക് സ്ട്രെച്ചറിൽ  കൊണ്ടുപോവുമ്പോൾ, കൂടെയുണ്ടായിരുന്നത് ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നില്ല ; അച്ഛന് ജീവിതത്തിൽ എല്ലാമായിരുന്ന കൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. ചുറ്റുമുള്ളവരുടെ വിഷമംകണ്ട് അച്ഛൻ ആശ്വസിപ്പിച്ചു: ‘‘ഒരു പേടിയുംവേണ്ടാ, കൃഷ്ണനുണ്ട്  കൂടെ.’’ സ്ട്രെച്ചർ തള്ളിയവരിൽ ഒരാൾ ശ്രീകൃഷ്ണനാണ് എന്ന്, ഒരുകാലത്ത് ‘കമ്യൂണിസ്റ്റ് തമ്പുരാൻ’ എന്നപേരിൽ കോട്ടയ്ക്കലും പരിസരപ്രദേശങ്ങളിലും അറിയപ്പെട്ടിരുന്ന കിഴക്കേകോവിലകത്ത് കുഞ്ഞനുജൻ രാജയ്ക്ക് ഉറപ്പായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അച്ഛൻ, പിന്നീട് മാർക്സിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ഒരു മുഴുവൻസമയ പാർട്ടിപ്രവർത്തകനായി മാറി. 1957-ലെ ആദ്യ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം നിയോജകമണ്ഡലത്തിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ഈ കൃഷ്ണൻ ഒളിഞ്ഞുനിന്നിരിക്കണം. പക്ഷേ, 1940-കളുടെ  അവസാനത്തിൽ കല്യാണസമയത്ത് അച്ഛൻ അമ്മയോടുപറഞ്ഞത് കൃഷ്ണനോടുള്ള ഭക്തിയെപ്പറ്റിയല്ല. മറിച്ച്, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും അവയ്ക്ക് എതിരായിനിന്നാൽ അതോടെ ബന്ധം അവസാനിപ്പിക്കേണ്ടിവരും എന്നുമായിരുന്നു. അച്ഛന്റെ മരണം 1998 ഡിസംബറിലെ ഒരു തീവണ്ടിയാത്രയിലാണ് സംഭവിക്കുന്നത്. മുംബൈ, സൂറത്ത്, ചെന്നൈ എന്നീ സ്ഥലങ്ങളിൽ താമസിച്ചിരുന്ന മക്കളെ ഓരോരുത്തരെയുംകണ്ട് നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയും ഇളയ മകളും പെട്ടെന്നുണ്ടായ ഈ  മരണത്തിൽ  ആകെ സ്തംഭിച്ച് എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ, കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന  അപരിചിതനായൊരു സഹയാത്രികൻ രണ്ടുപേർക്കും താങ്ങായി, കോയമ്പത്തൂരിൽനിന്ന് പാലക്കാട് പട്ടണത്തിനടുത്തുള്ള  പറളിയിലെ  വീട്ടിലേക്ക് അവരെയും മൃതദേഹത്തെയും എത്തിക്കാനുള്ള ചുമതല സ്വയമേറ്റെടുത്ത് അത്  നടത്തിക്കൊടുത്തശേഷം ഒരു നന്ദിവാക്കിനുപോലും കാത്തുനിൽക്കാതെ സ്ഥലംവിട്ടു. അച്ഛൻ എഴുതിയ  ആത്മകഥക്കുറിപ്പ്, മരണം കഴിഞ്ഞ്  ദിവസങ്ങൾക്കുശേഷം ഒരു മേശവലിപ്പിൽനിന്നാണ് ഞങ്ങൾക്കുലഭിക്കുന്നത്. ഏകദേശം 25 പേജുകളിൽ സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിലെഴുതിയ ആ കുറിപ്പിൽ സംഭവബഹുലമായ തന്റെ 82 കൊല്ലത്തെ ജീവിതത്തെ ആറ്റിക്കുറുക്കി പറഞ്ഞിരിക്കുന്നു അച്ഛൻ. അതിന്റെ സ്വതന്ത്രപരിഭാഷയാണ് താഴെ.
-സി. പി. രവീന്ദ്രൻ

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ താഴെത്തട്ടിൽ പ്രവർത്തിച്ച് വളർത്തിയെടുത്ത അധികമാരുമറിയാത്ത ഒരു വ്യക്തിയുടെ അപ്രകാശിത ആത്മകഥക്കുറിപ്പാണ് തുടർ ലക്കങ്ങളിലായി ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ളീഷിൽ വെറും 25 പേജുമാത്രം എഴുതിയ നോട്ടുപുസ്തകം അദ്ദേഹത്തിന്റെ മരണശേഷം പത്രപ്രവർത്തകനായ മകനാണ് കണ്ടെടുത്ത്‌ പരിഭാഷപ്പെടുത്തിയത്‌. ഈ ആത്മകഥക്കുറിപ്പിൽ രാഷ്ട്രീയവും സമരവും  ജ്വലിച്ചുയർന്ന ഒരു കാലവും നിസ്വാർഥമായ രാഷ്ട്രീയപ്രവർത്തനവുമുണ്ട്; തടങ്കലും മർദനവും മോചനവുമുണ്ട്. ഒടുവിൽ താനടക്കമുള്ളവർ അധ്വാനിച്ച്
പോറ്റിവളർത്തിയ പാർട്ടി, അധികാരത്തിന്റെ സൗഖ്യങ്ങളിൽ മയങ്ങി മറ്റൊന്നായതിന്റെ വേദനയുമുണ്ട്...