സിങ്കപ്പൂരിലാണ് ഞാൻ ജനിച്ചത്. സിങ്കപ്പൂരിൽ താമസിച്ചിരുന്ന ഒരു വലിയ മലയാളികുടുംബത്തിലെ അംഗമായിരുന്നു ഞാൻ. രണ്ടാംലോകയുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം സിങ്കപ്പൂർ, ജപ്പാൻ അധിനിവേശത്തിലായത് എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴായിരുന്നു. അതിനുമുൻപ് ബ്രിട്ടന്റെ ആധിപത്യത്തിന് കീഴിലുള്ള സിങ്കപ്പൂരിനെക്കുറിച്ച് എനിക്ക് ഓർമയില്ല. അത് ഒരു നല്ലകാലമായിരുന്നു എന്നാണ് പറഞ്ഞുകേട്ടത്. മിക്ക വൈകുന്നേരങ്ങളിലും അവിടെ മഴപെയ്യുമായിരുന്നു. വീടുകളിൽ വെള്ളം കയറും. അതിനാൽ നാല് വലിയ തൂണുകളിലായിട്ടാണ് വീടുകൾ പണിതിരുന്നത്. താഴെഭാഗം ഒഴിഞ്ഞു കിടക്കും. അത്തരത്തിലുള്ള ഒരു വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. എന്റെ അമ്മയുടെ മാതാപിതാക്കൾ, എന്റെ മാതാപിതാക്കൾ, അമ്മയുടെ സഹോദരിയും ഭർത്താവും അമ്മാവനും അമ്മായിയും അവിവാഹിതരായ മറ്റു മൂന്ന് അമ്മാവന്മാരും കുട്ടികളായ ഞാനും എന്റെ സഹോദരനും ചെറിയമ്മയുടെ മകളും അമ്മാവന്റെ മകനും മകളും അടങ്ങിയ വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. കൂടാതെ തമിഴ് വംശജരായ രണ്ട് ജോലിക്കാരും അമ്മാവന്റെ കുട്ടിയെ പരിചരിക്കാൻ ഒരു ചീനക്കാരി പെൺകുട്ടിയും ഉണ്ടായിരുന്നു. ലില്ലി എന്നുപേരുള്ള ഒരു നായയും ഞങ്ങൾക്കുണ്ടായിരുന്നു.ഈ വീടുള്ള സ്ഥലത്തിന് പായലാബർ എന്നായിരുന്നു പേര്. ഇടയ്ക്കിടെ മുത്തച്ഛന്റെ അമ്മയും വന്ന് ഞങ്ങൾക്കൊപ്പം താമസിക്കാറുണ്ടായിരുന്നു. 
ദിവസവും രാവിലെ അഞ്ചുമണിക്കുമുമ്പ് എന്റെ അമ്മയും ചെറിയമ്മയും ചേർന്ന് അഷ്ടപദി പാടും കുട്ടികളായ ഞങ്ങളെയും  അവർ കൂടെ കൂട്ടാറുണ്ടായിരുന്നു. മുത്തച്ഛന്റെ അമ്മ അവിടെ താമസിക്കുമ്പോൾ അവരും അഷ്ടപദി ആലപിക്കാൻ ചേരും. 

യുദ്ധകാലവും അനന്തരകാലവും
യുദ്ധകാലമായതുകൊണ്ട് യുദ്ധവിമാനങ്ങളുടെ ഒച്ചയും ഇരമ്പിപ്പായുന്ന ടാങ്കറുകൾക്കുള്ളിൽ ഹെൽമെറ്റ് ധരിച്ച് തോക്കും പീരങ്കിയും ആയി നിൽക്കുന്ന പട്ടാളക്കാരനും റോഡിൽക്കൂടി മാർച്ചുചെയ്യുന്ന പട്ടാളക്കാരും ഞങ്ങൾക്ക്  പുതുമയുള്ള കാഴ്ചയായിരുന്നു.  യുദ്ധമായതിനാൽ സുരക്ഷാക്രമീകരണങ്ങൾ ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. വീടിന്റെ ചുവടെയുള്ള ഒഴിഞ്ഞ ഭാഗത്ത് പൂഴിനിറച്ച ചാക്കുകളാൽ മതിൽപോലെ മറച്ചിരുന്നു. ഷെൽട്ടർ എന്നാണ് ഇതിന് പറഞ്ഞിരുന്നത്.യുദ്ധവിമാനങ്ങളുടെ വരവിന്റെ സൈറൺ മുഴങ്ങുമ്പോൾ ജനങ്ങൾ ഷെൽട്ടറിൽ അഭയം പ്രാപിക്കണമെന്നായിരുന്നു വ്യവസ്ഥ. രണ്ടാമത്തെ സൈറൺ മുഴങ്ങുമ്പോൾ പുറത്തിറങ്ങാം. വീട്ടിലെ ഷെൽട്ടറിൽ കുടുംബാംഗങ്ങൾ മാത്രമല്ല ബന്ധുക്കളും വിവിധ മതസ്ഥരായ സുഹൃത്തുക്കളും വരും. അതുകൊണ്ട് ‘ഈശ്വരാ’ എന്ന വിളിയോടൊപ്പം ‘കർത്താവേ’ എന്ന വിളിയും കേൾക്കാമായിരുന്നു. ഒരു ദിവസം പോർവിമാനത്തിൽനിന്ന് ഒരു ബോംബ് ഞങ്ങളുടെ വീട്ടിൽ വീഴുകയുണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും വീട് വാസയോഗ്യമല്ലാതായി. അതുകൊണ്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റേണ്ടത് അനിവാര്യമായിരുന്നു. അധികം വൈകാതെ കുറച്ചു ദൂരെ പത്തു കെൻക്ലീ റോഡ് എന്ന വീട്ടിലേക്ക് ഞങ്ങൾ താമസം മാറ്റി. അതും ഇതുപോലെയുള്ള നാല് തൂണുകളിലുള്ള വീടായിരുന്നു. അവിടെയും ഷെൽട്ടർ ഉണ്ടാക്കിയിരുന്നു. സിങ്കപ്പൂർ വിടുന്നതുവരെ ആ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.

അധികം താമസിയാതെ സിങ്കപ്പൂർ ഭരണം ജപ്പാന്റെ അധീനതയിലായി. ജപ്പാൻ പട്ടാളക്കാരും പട്ടാളപ്പോലീസും മനുഷ്യത്വമില്ലാത്ത രീതിയിലാണ് പെരുമാറിയിരുന്നത്. അധികം ആളുകളില്ലാത്ത വീട്ടിൽ കേറിച്ചെന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറാനും പീഡിപ്പിക്കാനും ശ്രമിച്ചിരുന്നു. ആരെങ്കിലും എതിർക്കാൻ ശ്രമിച്ചാൽ അവരെ മർദിക്കാനും കൊലപ്പെടുത്താനും അവർക്ക് മടിയുണ്ടായിരുന്നില്ല. അതുകാരണം പുറത്ത് പോകുമ്പോൾ കൂട്ടത്തിലല്ലാതെ ആരും ഒറ്റയ്ക്ക് സഞ്ചരിക്കാറില്ലായിരുന്നു. ഈ കൂട്ടർ വീടുകളിലെ ഒഴിവുസ്ഥലങ്ങളിൽ കയറി താമസിക്കാനും മടിച്ചിരുന്നില്ല. അതറിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിലെ ഒഴിഞ്ഞ വലിയ കാർഷെഡ് ഞങ്ങളുടെ തീൻമുറിയാക്കി മാറ്റി. 
പുതിയ ഭരണത്തിൽ ഇംഗ്ളീഷ്‌പഠനം നിരോധിച്ചിരുന്നു. ഞങ്ങളുടെ വീടിനടുത്ത് മിസ്. ബക്‌സ്റ്റൺ എന്ന പേരുള്ള പ്രായമേറിയ ഒരു ഇംഗ്ളീഷുകാരി വീട്ടിൽ ഇംഗ്ളീഷ് പഠിപ്പിച്ചിരുന്നു. ഞങ്ങൾ അവിടെ പോകാൻ തുടങ്ങി. പഠനകേന്ദ്രം എന്ന പേരുമാറ്റി  പ്ലേ സ്കൂൾ എന്ന രീതിയിലാണ് അവർ ആ സ്ഥാപനം നടത്തിയിരുന്നത്. ജപ്പാൻകാരുടെ കണ്ണിൽപ്പെടാതെ ഇടവഴിയിലൂടെയാണ് ഞങ്ങൾ ആ പഠനകേന്ദ്രത്തിലേക്ക് എത്തുക. ഇംഗ്ളീഷ് ഭാഷയിലെ അക്ഷരമാല അതിലെ വിഷയങ്ങളും ഗണിതപാഠങ്ങളും ഞങ്ങൾ അവിടെനിന്നാണ് പഠിച്ചത്. 
യുദ്ധത്തിനുശേഷം ബ്രിട്ടീഷുകാർ വന്നപ്പോൾ ഞങ്ങൾ, ഇറ്റാലിയൻ കന്യാസ്ത്രീകൾ പെൺകുട്ടികൾക്കായി നടത്തുന്ന സെയ്‌ന്റ് ആന്റണീസ് കോൺവെന്റിൽ ചേർത്തു. അതിനടുത്ത് അവരുടെ പുരോഹിതന്മാർ നടത്തുന്ന ആൺകുട്ടികളുടെ ‌സ്കൂളിൽ എന്റെ സഹോദരനും ചേർന്നു. പത്തുമാസത്തോളം മാത്രമാണ്  ഞങ്ങൾക്കവിടെ പഠിക്കാൻ സാധിച്ചത്. എന്റെ ക്ലാസ്ടീച്ചർ ഒരു ആംഗ്ലോ ഇന്ത്യൻ യുവതിയായിരുന്നു. യൂറേഷ്യൻ എന്നാണ് അവിടെ ഇത്തരക്കാരെ വിളിച്ചിരുന്നത്. ജപ്പാൻ പ്രതിനിധി താമസിച്ചിരുന്ന പ്രദേശത്തിലൂടെ ആരു സഞ്ചരിക്കുകയാണെങ്കിലും അവിടെനിന്ന്‌ പ്രതിനിധിയുടെ വീടിന്റെ ഗേറ്റിൽ കുമ്പിടണമായിരുന്നു. ചക്രവർത്തിയോടുള്ള ബഹുമാനസൂചകമായാണ് ഇത് കണക്കാക്കിയിരുന്നത്. അത് ചെയ്യാത്തവർ ശിക്ഷാർഹരായിരുന്നു. 
യുദ്ധകാലമായതുകൊണ്ട് ഭക്ഷണസാധനങ്ങൾക്ക് ക്ഷാമമായിരുന്നു. അതുകൊണ്ട് അരിയെപ്പോലെത്തന്നെ റാഗി ദോശയായും കഞ്ഞിയായും ഞങ്ങൾ ഉപയോഗിച്ചിരുന്നു. വിളമ്പുന്ന ഭക്ഷണം ഒരു തുള്ളിപോലും പാഴാക്കാതെ മുഴുവനും കഴിക്കണം എന്നായിരുന്നു വീട്ടിലെ നിബന്ധന. ശകാരത്തെ ഭയന്ന് ഞങ്ങളെല്ലാവരും ഭക്ഷണം മുഴുവനും കഴിക്കും.

ലക്ഷ്മി സൈഗാളും റാഷ്‌ബിഹാരി ബോസും
ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിച്ച ഡോ. ലക്ഷ്മി സൈഗാൾ അന്ന് സിങ്കപ്പൂരിൽ ഉണ്ടായിരുന്നു. എന്റെ അമ്മാവന്റെ സുഹൃത്തായതുകൊണ്ട് അവർ ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ വരും. അതീവ സുന്ദരിയായിരുന്നു അവർ. അത്രതന്നെ സ്നേഹസമ്പന്നയും. അവർ ഞങ്ങളെ ബീച്ചിലും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് സിങ്കപ്പൂരിൽ ഐ.എൻ.എ. രൂപവത്‌കരിച്ചപ്പോൾ അവർ അതിൽ ചേർന്നു. അതിന്റെ വനിതാവിഭാഗത്തിന്റെ തലവിയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അവർ ക്യാപ്റ്റൻ ലക്ഷ്മിയായി മാറി. സാരിയെല്ലാം ഉപേക്ഷിച്ച് നീണ്ടമുടി വെട്ടി, കൈയുള്ള കാക്കിഷർട്ടും ട്രൗസറും ബൂട്ട്‌സും ഇട്ട് തലയിൽ തൊപ്പിയും ആയിട്ടായിരുന്നു പിന്നീട് അവരെ കണ്ടിരുന്നത്. അതിനുശേഷം അവർ ഞങ്ങളുടെവീട്ടിൽ വരുന്നത് കുറവായി. പക്ഷേ, ഞാൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ അവർ സന്ദർശിച്ചിരുന്നു. വർഷങ്ങൾക്കുശേഷം ഡൽഹിയിൽ പത്രപ്രവർത്തകനായ എന്റെ മകൻ എ.കെ.ജി. സെന്ററിൽ താമസിക്കുകയായിരുന്ന  അവരെ കുടുംബപരിചയത്തിന്റെ പേരിൽ ചെന്നു കാണുകയുണ്ടായി. അവർ അവനെ കണ്ടയുടനെത്തന്നെ എന്റെ അമ്മയുടെയും ചെറിയമ്മയുടെയും  പേര് പറഞ്ഞ് ചോദിച്ചുവത്രേ . ഹൃദ്യവും സ്നേഹസമ്പന്നവുമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് അവൻ ഓർക്കുന്നു.

സിങ്കപ്പൂരിൽ അന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുവന്ന അഭിഭാഷകരും ഡോക്ടർമാരും ഉയർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിയോട് അനുഭാവമുള്ളവരായിരുന്നു അവരെല്ലാം. ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു അവരുടെ ലക്ഷ്യം. ഇവരെപ്പറ്റി അറിഞ്ഞ സിങ്കപ്പൂരിലെ ജപ്പാൻ ഭരണാധികാരികൾ അവരുമായി യോജിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചു. വളരെക്കാലം ജപ്പാനിൽ താമസമാക്കിയ ഇന്ത്യക്കാരനായ അവരുടെ സുഹൃത്ത് റാഷ്ബിഹാരി ബോസിനെയും ഇടനിലക്കാരനായി മേജർ ഫുജിവാരയെയും അവർ സിങ്കപ്പൂരിലേക്ക് ക്ഷണിച്ചു. റാഷ്ബിഹാരിയുടെ ഭാര്യ ജപ്പാൻകാരിയായിരുന്നു. മേജർ ഫുജിവാര ജപ്പാൻ ചക്രവർത്തി കുടുംബത്തിന് ബന്ധമുള്ള ആളായിരുന്നു. അധികം താമസിയാതെ അദ്ദേഹം എന്റെ മുത്തച്ഛനായ കെ.പി. കേശവമേനോന്റെ നല്ല സുഹൃത്തായി. ആ സൗഹൃദം അവർ മരണംവരെ നിലനിർത്തി. ഇവരെല്ലാം ഒരുമിച്ച് രൂപവത്‌കരിച്ചതാണ് ഐ.ഐ.എൽ. (ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗ്). ഐ.ഐ.എലിന്റെ ആഭിമുഖ്യത്തിൽ ഒരു ഇടക്കാല മന്ത്രിസഭയും രൂപവത്‌കരിച്ചു. വാർത്താവിതരണ മന്ത്രി ആയത് മുത്തച്ഛനായിരുന്നു. 
ജപ്പാനിലെത്തിയ മുത്തച്ഛൻ സിങ്കപ്പൂരിൽ കണ്ട ജപ്പാൻ സംസ്കാരമായിരുന്നില്ല അവിടെ കണ്ടത്. അച്ചടക്കവും മര്യാദയും അതിഥികളെ ബഹുമാനിക്കുന്നവരും ലളിതജീവിതം നയിക്കുന്നതുമായ ജനതയുമായാണ് അദ്ദേഹം ഇടപഴകിയത്. ജപ്പാനിൽനിന്ന്‌ മടങ്ങുമ്പോൾ അദ്ദേഹം ഞങ്ങൾക്കെല്ലാവർക്കും സമ്മാനങ്ങൾ കൊണ്ടുവന്നിരുന്നു. എനിക്ക് കിട്ടിയത് ജപ്പാന്റെ ദേശീയവസ്ത്രമായ കിമോണയും മൂൺസ്റ്റോൺ എന്ന കല്ലുവെച്ച രണ്ട് കമ്മലുമായിരുന്നു.

വീട്ടിലെത്തിയ പട്ടാളക്കാർ
കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ജപ്പാൻകാരുടെ നയങ്ങളോടും ചട്ടങ്ങളോടും യോജിച്ചുപോകാൻ മുത്തച്ഛന് ബുദ്ധിമുട്ട് തോന്നി അതിനാൽ തന്റെ മന്ത്രിസ്ഥാനം അദ്ദേഹം രാജിവെച്ചു. അത് ആപത്തായിരിക്കുമെന്ന് അദ്ദേഹത്തോട് പലരും പറഞ്ഞെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഒരുദിവസം പുലർച്ചെ ഉണർന്നപ്പോൾ കണ്ടത് ഞങ്ങളുടെ മുറിയിൽ തോക്കുപിടിച്ച് ഇരിക്കുന്ന ഒരു ജപ്പാൻ പട്ടാളക്കാരനെയാണ്. വീട്ടിലെ എല്ലാ മുറികളിലും അതുപോലെ ഓരോരുത്തർ ഇരുന്നിരുന്നു. മുത്തച്ഛനെ അറസ്റ്റ് ചെയ്യാൻ വന്നതായിരുന്നു അവർ. വീടിനുചുറ്റും പോലീസ് വലയം സൃഷ്ടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുറിയിലിരുന്ന പട്ടാളക്കാരൻ എഴുന്നേറ്റ് പുറത്തേക്കുപോയി. അപ്പോൾ ഞങ്ങളും അയാളെ അനുഗമിച്ചു. പോലീസ്‌ കാറിൽ കയറാൻ നിൽക്കുന്ന മുത്തച്ഛനെയാണ് ഞങ്ങൾ കണ്ടത്. മുത്തച്ഛനോട് എപ്പോൾ മടങ്ങിവരും എന്ന് ചോദിച്ചപ്പോൾ വൈകുന്നേരം എന്നായിരുന്നു മറുപടി. ഒന്നരവർഷത്തിനുശേഷം ജപ്പാൻ ജയിലിൽ തടവുകാരന്റെ വേഷത്തിലാണ് പിന്നീട് അദ്ദേഹത്തെ കണ്ടത്. അപ്പോഴും സ്വതഃസിദ്ധമായ പ്രസന്നതയും ധൈര്യവും ആത്മവിശ്വാസവും അദ്ദേഹം കൈവെടിഞ്ഞിരുന്നില്ല. 
എന്റെ അമ്മയ്ക്ക് ഗുരുതരമായ വൃക്കരോഗമുള്ളതുകൊണ്ട് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. അത്  സിങ്കപ്പൂരിൽ   വിജയകരമായി നടന്നു. അമ്മ വീട്ടിൽ തിരിച്ചുവന്നു. കുറച്ചുനാളുകൾക്കുശേഷം അമ്മയ്ക്ക് വിട്ടുമാറാത്ത തലവേദനയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. മസ്തിഷ്കജ്വരം ആണ് രോഗം എന്ന് ഡോക്ടർമാർ കണ്ടെത്തി.  ഗുരുതരാവസ്ഥയിലുള്ള അമ്മ തന്റെ അച്ഛനെ കാണണമെന്ന്‌ പലവുരു ആവശ്യപ്പെട്ടു. എന്റെ അച്ഛനും അമ്മാവനും  ജയിലിൽ ചെന്ന് ജപ്പാൻ അധികൃതരോട് കേണപേക്ഷിച്ചെങ്കിലും അവർ അനുവദിച്ചില്ല. ഒടുവിൽ തന്റെ അച്ഛനെ കാണാതെത്തന്നെ അമ്മ അന്ത്യയാത്ര പറഞ്ഞു. ഈ വാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് മകളുടെ മൃതദേഹമെങ്കിലും കാണണമെന്ന് മുത്തച്ഛൻ ആവശ്യപ്പെട്ടു. അതും അവർ നിരസിച്ചു. എന്നാൽ അമ്മയുടെ ശവസംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടുകൾ ചെയ്തതും ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടത്തിയതും ജപ്പാൻ ഭരണകൂടമായിരുന്നു. അവർ ചെയ്ത ഹൃദയശൂന്യമായ ക്രൂരതയ്ക്കുള്ള പരിഹാരമായാവാം അവർ അത് ചെയ്തത്. മരിക്കുമ്പോൾ അമ്മയ്ക്ക് 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

അഫ്‌ഗാനിൽനിന്നുവന്ന മിസ്‌ട്രി
അമ്മ മരിച്ച് 20 ദിവസം കഴിഞ്ഞപ്പോൾ മുത്തച്ഛൻ ജയിൽമോചിതനായി. അപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു. അദ്ദേഹം വീട്ടിൽ മടങ്ങിയെത്തി. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു റിക്ഷ വീടിന്റെമുമ്പിൽ വന്നുനിന്നു. അതിൽനിന്ന് റിക്ഷക്കാരന്റെ കൈപിടിച്ച് ഒരാൾ അകത്തേക്കു വന്നു. അദ്ദേഹം മുത്തച്ഛന്റെ കൂടെ അതേ ദിവസം ജയിൽ മോചിതനായ മിസ്ട്രി എന്ന അഫ്ഗാൻകാരനായിരുന്നു. തന്റെ വീട്ടിലേക്ക് മടങ്ങുംമുൻപ് സുഹൃത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനാണ് അദ്ദേഹം ആദ്യം വന്നത്. മുടിയും താടിയും വളർന്ന് അയഞ്ഞ വസ്ത്രവും ധരിച്ച് വീർത്ത വയറും കാലുകളിൽ നീരും ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ രൂപം. മുഖത്തും ദേഹത്തും പൊള്ളലിന്റെ അടയാളവും ഉണ്ടായിരുന്നു. പൊള്ളലിന്റെ കാരണം അന്വേഷിച്ചപ്പോൾ ജപ്പാൻകാർ കുറ്റസമ്മതത്തിനായി സിഗററ്റുകുറ്റികൊണ്ട് പൊള്ളിച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ സോപ്പുവെള്ളം കുടിപ്പിച്ച് വയറ്റിൽ ബൂട്ട്‌സ്‌കൊണ്ട് മർദിക്കുകയും ചെയ്തിരുന്നു. കുറച്ചുനാളുകൾക്കുശേഷം മുത്തച്ഛനോടൊപ്പം ഞങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. അപ്പോൾ കണ്ടത് നിറമുള്ള ജുബ്ബയും പൈജാമയും ധരിച്ച് വെളുത്ത് സുന്ദരനായിട്ടുള്ള ഒരാളെയാണ്. ഈ വ്യത്യാസത്തിൽനിന്നുതന്നെ അദ്ദേഹം അനുഭവിച്ച പീഡനം മനസ്സിലാക്കാമല്ലോ. കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം മുത്തച്ഛൻ വീണ്ടും അഭിഭാഷകവൃത്തി പുനരാരംഭിച്ചു.
യുദ്ധം അവസാനിച്ചപ്പോൾ സിങ്കപ്പൂരിലേക്ക് സന്ദർശകരുടെ വരവ് തുടങ്ങി. അവരിൽ ഒരു വലിയ വിഭാഗം യുദ്ധം കഴിഞ്ഞ അവസ്ഥ കാണാൻ വന്ന ഇന്ത്യൻ സൈനികരായിരുന്നു. മുത്തച്ഛനെക്കുറിച്ച് നാട്ടിൽനിന്ന് കേട്ടറിവുള്ള മലയാളി സൈനികരും അതിൽ ഉൾപ്പെട്ടിരുന്നു. അവരിൽ മുഖ്യനായിരുന്നു ലഫ്റ്റനന്റ് കേണൽ മണിക്കംപാട്ട് കേശവൻ ഉണ്ണിനായർ. അദ്ദേഹം ഇന്ത്യൻ സൈന്യത്തിലെ മാധ്യമവിഭാഗത്തിൽ യുദ്ധകാല ലേഖകനായിരുന്നു. യുദ്ധം അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഉഗ്രപോരാട്ടം നടന്നിരുന്ന സ്ഥലത്ത് അത് നേരിട്ടുകണ്ട്  വാർത്താശേഖരണത്തിനായി അദ്ദേഹം പോയി. പോർവിമാനത്തിൽനിന്ന്‌ പാരച്യൂട്ടിൽ ഘോരപോരാട്ടം നടന്നിരുന്ന യുദ്ധഭൂമിയിലേക്ക് അദ്ദേഹം ചാടിയിറങ്ങി.

അദ്ദേഹം കാണിച്ച സാഹസികതയും ധീരതയും വലിയ വാർത്തയായിരുന്നു. ആ പ്രവൃത്തിയുടെ പ്രതിഫലമായി സൈനിക മേലാധികാരികൾ അദ്ദേഹത്തെ മേജർ തസ്തികയിൽനിന്ന് ലഫ്റ്റനന്റ് കേണൽ പദവിയിലേക്ക് ഉയർത്തി. താൻ ചാടിയിറങ്ങിയ പാരച്യൂട്ടിന്റെ ഒരു ഭാഗം സ്മരണികയായി അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചു. പിന്നീടദ്ദേഹം ഐക്യരാഷ്ട്ര സംഘടനയിൽ ജോലി സ്വീകരിച്ച് അമേരിക്കയിലേക്കുപോയി. കൊറിയൻ യുദ്ധം കഴിഞ്ഞ സമയമായിരുന്നു അത്. അവിടത്തെ സ്ഥിതിഗതികൾ അറിയാനായി പോയ യു.എൻ. നിരീക്ഷണ സംഘത്തിലെ ഒരംഗമായിരുന്ന അദ്ദേഹം അവിടെവെച്ച് ഒഴിഞ്ഞുകിടന്ന യുദ്ധഭൂമിയിലൂടെ ജീപ്പിൽ സഞ്ചരിക്കവേ, പൊട്ടാതിരുന്ന ഒരു മൈൻ പൊട്ടി അദ്ദേഹവും സംഘവും കൊല്ലപ്പെട്ടു. കൊറിയയിലെ യുദ്ധസ്മാരകത്തിൽ ഇപ്പോഴും അദ്ദേഹത്തിന്റെ പേര് കാണാം. ഏകദേശം ഈ സമയത്തുതന്നെ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു സിങ്കപ്പുർ സന്ദർശനത്തിന് എത്തി. എന്റെ മുത്തച്ഛന്റെ നേതൃത്വത്തിൽ ഇന്ത്യക്കാർ ഒരു ഗംഭീരസ്വീകരണം അദ്ദേഹത്തിന് നൽകി. അദ്ദേഹം സഞ്ചരിച്ച റോഡിന്റെ ഇരുവശത്തും ജനങ്ങൾ തിങ്ങിക്കൂടിയിരുന്നു.  അക്കൂട്ടത്തിൽ ഞങ്ങളും ഉണ്ടായിരുന്നു.
അക്കാലത്ത് സിങ്കപ്പൂരിൽ സ്ഥിരതാമസമാക്കിയ ഡോ. വി.പി. മേനോനും കുടുംബവും ഞങ്ങളുടെ കുടുംബത്തിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. ഡോക്ടർമാമ എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. ആനക്കരക്കാരനായ ഡോ. മേനോൻ ബ്രിട്ടനിലെ വൈദ്യശാസ്ത്ര പഠനം കഴിഞ്ഞ് നേരെപോയത് സിങ്കപ്പൂരിലേക്കാണ്. അവിടെ പ്രസവശുശ്രൂഷയ്ക്ക് മാത്രമായി ലില്ലി ഡിസ്പെൻസറി എന്ന പേരിൽ ഒരാശുപത്രി തുടങ്ങി. അന്ന് സിങ്കപ്പൂരിലുണ്ടായിരുന്ന മിക്ക മലയാളി സ്ത്രീകളുടെയും പ്രസവം അവിടെയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ള എന്റെ കുടുംബാംഗങ്ങൾ ജനിച്ചത്‌ അവിടെയാണ്. എന്റെ അമ്മ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബം എന്നിൽ ചൊരിഞ്ഞ സ്നേഹവാത്സല്യം മറക്കാൻ വയ്യാത്ത ഒരനുഭവമാണ്.

എന്റെ മുത്തശ്ശിയുടെ അച്ഛനും എന്റെ അച്ഛന്റെ അമ്മയും മക്കളെ കാണാൻ അക്ഷമരായി നാട്ടിൽ കാത്തിരിക്കുകയായിരുന്നു. സംഘങ്ങളായി ഞങ്ങളുടെ കുടുംബാംഗങ്ങൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. അവസാനം പുറപ്പെട്ട സംഘത്തിലാണ് മുത്തച്ഛൻ, ചെറിയമ്മ, ചെറിയച്ഛൻ, അവരുടെ മകൾ, എന്റെ അച്ഛൻ, എന്റെ അനുജൻ, ഞാൻ എന്നിവരുൾപ്പെട്ടത്. കൽക്കട്ടയിലേക്കുള്ള ഒരു ഇറ്റാലിയൻ യാത്രക്കപ്പലായിരുന്നു അത്. എലങ്ക എന്നായിരുന്നു ആ കപ്പലിന്റെ പേര്. നാലു ദിവസത്തെ സുഖമായ  യാത്രയ്ക്കുശേഷം ഞങ്ങൾ കൊൽക്കത്ത തുറമുഖത്ത് കപ്പലിറങ്ങി. ആ തുറമുഖ വാതിൽക്കൽ ‘വെൽക്കം ബാക്ക് ടു ഇന്ത്യ’  എന്ന് ചുവന്ന ബാനറിൽ സ്വർണ ലിപികളിൽ എഴുതിയിട്ടുണ്ടായിരുന്നു. നാട്ടിലേക്കുള്ള എത്ര ഹൃദ്യമായ സ്വാഗതം!
മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററും ആയിരുന്ന വി.എം. നായരും പത്നി പ്രസിദ്ധ കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയും ആയിരുന്നു കൊൽക്കത്തയിലെ ഞങ്ങളുടെ ആതിഥേയർ. കൊൽക്കത്ത മലയാളികൾ മുത്തച്ഛന് ഒരു സ്വീകരണവും നൽകി. ഇന്ത്യ വിഭജനകാലമായതുകൊണ്ട് വർഗീയകലാപങ്ങൾ നടന്നിരുന്നു. അതിനെ ഭയന്ന് പുറത്തിറങ്ങാതെ വീടുകളിൽതന്നെ ഒതുങ്ങിക്കൂടുകയായിരുന്നു ജനങ്ങൾ. കൊൽക്കത്തയിൽനിന്ന് രണ്ട് ദിവസത്തിനുശേഷം ഞങ്ങൾ മദ്രാസിലേക്ക് തീവണ്ടിയിൽ പുറപ്പെട്ടു.
മദ്രാസ് സെൻട്രലിൽ പ്രമുഖ മലയാളികളായ കെ. കുട്ടികൃഷ്ണ മേനോൻ ബാരിസ്റ്റർ എ.കെ. പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഒരു വൻ ജനാവലി മുത്തശ്ശനെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു.  അദ്ദേഹം കൂടി അംഗമായ മദ്രാസ് മലയാളി ക്ലബ്ബും മുത്തച്ഛന് ഒരു വൻ സ്വീകരണം നൽകി. തുടർന്ന് ഞങ്ങൾ പാലക്കാട്ടേക്ക് യാത്ര തുടർന്നു.