മക്കളേ, 

നമുക്കുചുറ്റുമുള്ള പ്രവൃത്തികളെ വിലയിരുത്തുക എന്നത് നമ്മളിൽ പലരുടേയും ശീലമാണ്. മറ്റുള്ളവർ ചെയ്യുന്ന ചില പ്രവൃത്തികൾ ബാഹ്യമായി നോക്കിയാൽ തെറ്റാണെന്നു തോന്നിയേക്കാം. പ്രവൃത്തി ചെയ്യുന്നയാളുടെ മനോഭാവം കണക്കിലെടുക്കാതെ ഒരു പ്രവൃത്തി നല്ലതോ ചീത്തയോ എന്നു വിലയിരുത്തുക സാധ്യമല്ല. മാത്രമല്ല, അതു ശരിയുമല്ല. കാരണം പ്രവൃത്തിക്കു പിന്നിലുള്ള മനോഭാവമാണ് ഒരു പ്രവൃത്തിയെ നല്ലതോ ചീത്തയോ ആക്കുന്നത്. ഉദാഹരണത്തിന് ഒരു അമ്മ സ്വന്തംകുഞ്ഞ് തെറ്റുചെയ്യുമ്പോൾ അവനോടു ദേഷ്യപ്പെടുന്നെങ്കിൽ അതു തന്റെ കുഞ്ഞ് തെറ്റുതിരുത്തി നന്നാകണമെന്നും അവർ ഭാവിയിൽ നല്ല നിലയിലെത്തണമെന്നും ആഗ്രഹിക്കുന്നതുകൊണ്ടാണ്. ആ ദേഷ്യത്തിന് സ്വാർഥതയില്ല. അതുകൊണ്ടുതന്നെ അമ്മയുടെ പ്രവൃത്തി ദോഷകരമല്ല, തെറ്റല്ല. എന്നാൽ കേവലം സ്വാർഥതകൊണ്ടോ വിദ്വേഷംകൊണ്ടോ മറ്റുള്ളവരോട് മോശമായി പെരുമാറുന്നത് തെറ്റുതന്നെയാണ്.

ഒരു കഥ ഓർക്കുന്നു. പരീക്ഷയിൽ വളരെ നല്ല മാർക്ക് നേടുന്ന ഒരു വിദ്യാർഥി ഉണ്ടായിരുന്നു. ക്രമേണ, അവന് പഠിത്തത്തിൽ ശ്രദ്ധയില്ലാതായി, പരീക്ഷയിൽ അവൻ മറ്റുള്ളവരെക്കാൾ പിന്നിലായി. അതിനു പ്രധാന കാരണം ക്ലാസ്‌ നടന്നുകൊണ്ടിരിക്കുമ്പോഴുള്ള അവന്റെ ഉറക്കമായിരുന്നു. ഇതു ശ്രദ്ധിച്ച അധ്യാപകൻ അവന്റെ ഈ ദുശ്ശീലം മാറ്റിയെടുക്കാൻ തീരുമാനിച്ചു. അടുത്തദിവസം അവൻ ഉറക്കം പിടിച്ചതും അധ്യാപകൻ അവനെ വിളിച്ചുണർത്തി, സ്കൂൾ ബാഗ് തലയിൽവെച്ച് എഴുന്നേറ്റുനിൽക്കാൻ പറഞ്ഞു. അടുത്തദിവസങ്ങളിലും അധ്യാപകൻ അവന് ഇതേ ശിക്ഷ നൽകി. അധ്യാപകൻ തങ്ങളുടെ മകനെ ക്രൂരമായി ശിക്ഷിക്കുന്നതറിഞ്ഞ് മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അധ്യാപകൻ ശിക്ഷ നൽകിത്തുടങ്ങിയതിനുശേഷം കുട്ടിയുടെ മാർക്ക്‌ വർധിച്ചുതുടങ്ങി എന്നറിയാൻ കഴിഞ്ഞു. വാസ്തവം മനസ്സിലാക്കിയ പ്രിൻസിപ്പൽ അധ്യാപകനെ അഭിനന്ദിച്ചു. അധ്യാപകൻ പറഞ്ഞു, ‘വാസ്തവത്തിൽ ഞാൻ ആ വിദ്യാർഥിയെ ശിക്ഷിക്കുകയായിരുന്നില്ല, അവന്റെ ദുശ്ശീലം മാറ്റിയെടുക്കുകയായിരുന്നു. അവനെ ഒരുതരത്തിലും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ആദ്യം പഠിത്തത്തിൽ നല്ല മിടുക്കനായിരുന്ന അവൻ പിന്നീട് മടിയനായി. ക്ലാസു നടക്കുമ്പോൾ മുഴുവൻസമയം ഉറക്കം തൂങ്ങിയിരിക്കും. പഠിത്തത്തിലുള്ള അവന്റെ ശ്രദ്ധ തിരിച്ചുകൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചു. ബാഗ് തലയിൽവെച്ചുകൊണ്ട് എഴുന്നേറ്റുനിൽക്കുമ്പോൾ ഉറക്കം തൂങ്ങാനാവില്ലല്ലോ. അതുകൊണ്ടാണ് അത്തരത്തിലുള്ള ഒരു ശിക്ഷ അവനു നൽകിയത്. അതിലൂടെ ക്രമേണ അവന്റെ നഷ്ടപ്പെട്ട ശ്രദ്ധ തിരിച്ചുകിട്ടുമെന്നു ഞാൻ പ്രതീക്ഷിച്ചു. അതുപോലെ സംഭവിക്കുകയും ചെയ്തു.’’
അന്യരെ വിലയിരുത്തുമ്പോൾ നമുക്ക് എത്രമാത്രം തെറ്റുപറ്റാം എന്നുകൂടി ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു നമ്മൾ എത്രമാത്രം അനുഭവസമ്പന്നരും ബുദ്ധിമാന്മാരും അറിവുള്ളവരുമാണെങ്കിലും എടുത്തുചാടി മറ്റുള്ളവരെ വിലയിരുത്തുകയോ പഴിചാരുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. അവരുടെ ഭാഗംകൂടി കേൾക്കാനും അറിയാനുമുള്ള സന്മനസ്സ് നമുക്കുണ്ടാവണം. കടുത്ത അപരാധം ചെയ്തവനെന്നു നമ്മൾ കരുതുന്ന വ്യക്തിക്കുപോലും സ്വയം വിശദീകരിക്കാനുള്ള അവസരം നൽകണം. മറ്റുള്ളവരുടെ പ്രവൃത്തികളുടെ എല്ലാ വശവും വേണ്ടപോലെ മനസ്സിലാക്കിയശേഷമേ ഒരു തീരുമാനത്തിൽ എത്താൻ പാടുള്ളൂ.
                                                    -അമ്മ