മീറ്റ് ബോളിന് ആവശ്യമായചേരുവകൾ

ബീഫ് കീമ- 250 ഗ്രാം
പച്ചമുളക് അരിഞ്ഞത് - മൂന്ന് എണ്ണം
ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
കറിവേപ്പില അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
കുരുമുളക് - 1 ടീസ്പൂൺ
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ (പാനിൽ പുരട്ടുവാൻ) - 2-3 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
പച്ച ഏലക്ക - 2 എണ്ണം
ഗ്രാമ്പൂ- 2-3 എണ്ണം
കറുവപ്പട്ട - ഒരിഞ്ച് കഷണം
കറുവ ഇല- 2-3 എണ്ണം
സവാള (കട്ടിയിൽ മുറിച്ചത്) - 1-2 എണ്ണം
പച്ചമുളക് (നെടുകെ കീറിയത്)- 4-5 എണ്ണം
കറിവേപ്പില- 3-4 തണ്ട്
വെളുത്തുള്ളി (നന്നായി മുറിച്ചത്) - ഒരു ടേബിൾ സ്പൂൺ
ഇഞ്ചി (കനം കുറച്ച് നീളത്തിൽ കഷണങ്ങളായി അരിഞ്ഞത്) - 1.5 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീ സ്പൂൺ
മല്ലിപ്പൊടി - 1.5-2 ടേബിൾ സ്പൂൺ
കശ്മീരി മുളകുപൊടി- 1.5-2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - ഒരുടേബിൾ സ്പൂൺ
തേങ്ങാപ്പാൽ - 1 കപ്പ്
വിനാഗിരി- 1-1.5 ടേബിൾ സ്പൂൺ
പഞ്ചസാര- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മീറ്റ് ബോൾസ് ഉണ്ടാക്കുന്നതിനായി ബീഫ് കീമയ്ക്കൊപ്പം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ അരിഞ്ഞതും ഉപ്പും കുരുമുളകും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം രണ്ടിഞ്ച് വ്യാസത്തിൽ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. വിസ്താരമുള്ള പാത്രത്തിൽ 2-3 ടേബിൾ സ്പൂൺ എണ്ണ പുരട്ടി ചൂടാക്കുക. ഇതിലേക്ക്‌ മീറ്റ് ബോൾസ് ഇട്ട് എല്ലാവശങ്ങളും ബ്രൗൺനിറം ആകുന്നതുവരെ ഏതാണ്ട് 4-5 മിനിറ്റ്‌  മൊരിച്ചെടുക്കുക. ഇനി പാനിൽനിന്ന് മീറ്റ് ബോൾസ് എടുത്തുമാറ്റാം. ശേഷം അതേ പാനിൽ മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് പച്ച ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കറുവയില എന്നിവ ചേർത്ത് ചെറുതായി മൂത്തുവരുമ്പോൾ സവാള ചേർക്കുക. ഇത് 3-4 മിനിറ്റ്‌ നല്ലതീയിൽ ബ്രൗൺ നിറമാകുംവരെ വഴറ്റിയെടുക്കുക. പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് 2-3 മിനിറ്റ്‌ വേവിക്കണം. മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചേരുവകളുടെ പച്ചമണം പോകുന്നതുവരെ വേവിക്കുക. തേങ്ങാപ്പാലും വിനാഗിരിയും ചേർത്ത് 10-12 മിനിറ്റും, എണ്ണ വേറിട്ടുകിടക്കാൻ തുടങ്ങുംവരെ ഇത് വേവിക്കുക. ആവശ്യമെങ്കിൽമാത്രം ഉപ്പ് ചേർക്കാം. മൊരിച്ചെടുത്ത മീറ്റ് ബോൾസ് ചേർത്ത് 5-7 മിനിറ്റുവരെ വീണ്ടും വേവിക്കാം