വെക്കന്ന്  ഇരുട്ടുവീഴുന്ന വൻമലകൾ. ക്ലിനിക്കിൽനിന്നു വന്നാൽപ്പിന്നെ കുഞ്ഞുങ്ങളെ കുട്ടിപ്പാർക്കിൽ കളിക്കാൻ കൊണ്ടുവിട്ടിട്ട് വേഗം നടക്കാൻ പോകും. ഈ കുന്നിറങ്ങി ആ കുന്നു കയറി അങ്ങനെ നടക്കും. കാടാണെങ്കിലും മഞ്ഞാണെങ്കിലും മരുഭൂമി ആണെങ്കിലും എപ്പോഴും  ‘ഫൈറ്റിങ്‌ ഫിറ്റ്’ ആയിരിക്കണം. അതാണല്ലോ ആർമി. ഇരുളാവുംമുന്നേ തീർക്കാനുള്ള തിരക്കിൽ നടത്തം മിക്കവാറും ഓട്ടമായി മാറും. രാത്രിയായാൽ ചുറ്റും ഇടതൂർന്ന് കട്ടപിടിച്ചു നിൽക്കുന്ന പൈൻ മരക്കാടുകളിൽനിന്ന് കരടികൾ ചിലപ്പോൾ റോഡിലേക്കിറങ്ങാം. എല്ലാ കരടികൾക്കും സക്കറിയയുടെ കഥയിലെ തേൻകരടിയുടെ സദുദ്ദേശ്യം ഉണ്ടായില്ലെന്നും വരാം!  
കുന്നിൻമുകളിലാണ് കാറ്റിന്റെ കൂട് എന്നുതോന്നും. താഴങ്ങളിൽ പതുങ്ങിയനങ്ങുന്ന ശീതക്കാറ്റ് മലമുകളിലെത്തിയാൽ പിന്നെ മഞ്ഞപ്പുല്ലിൽ ഊളിയിട്ട് 
ടിബറ്റൻ മന്ത്രജപങ്ങൾ പോലെ ഹൂ ഹൂ എന്ന് മൂളക്കംമൂളി ചീറിപ്പറക്കും. തൊപ്പിയുടെയും ജാക്കറ്റിന്റെയും ഉള്ളിലൂടെ നുഴഞ്ഞുകയറി കവിളുകളും വിരലറ്റങ്ങളുംവരെ ഐസുപോലെ തണുപ്പിക്കും. രണ്ടാംമലയുടെ മേലെ ബുദ്ധരുടെ ശ്മശാനമാണ്. പ്രാർഥനാ മന്ത്രങ്ങളെഴുതിയ വർണപ്പട്ടുതൂവാലത്തോരണങ്ങൾ  വലിച്ചു കെട്ടി അതിരുതിരിച്ച ഒരു തുണ്ട്  ഭൂമി   ആകാശത്തെ തുറിച്ചുനോക്കി മലയുടെ ഉച്ചിയിൽ ഏകാന്തമായി കിടക്കുന്നുണ്ട്... അവിടെ ഞങ്ങളുടെ പാണിയുടെ കുഞ്ഞുറങ്ങുന്നുണ്ട്. ഒഡിഷയിലെ ചിൽക്ക തടാകക്കരക്കാരിയായ കുഞ്ഞ്. ബുദ്ധന്മാരുടെ കൂടെ ഉറങ്ങുന്ന പട്ടാളക്കാരന്റെ പാവം കുഞ്ഞ് . 
കൊടുംതണുപ്പും  ദൂരവും ഒക്കെയാവാം  കാരണം, ഉയരത്തിലുള്ള ഈ മിലിറ്ററി സ്റ്റേഷനിൽ പട്ടാളക്കാരുടെ കുടുംബങ്ങൾ വളരെ കുറവായിരുന്നു. ഉള്ളവർ തമ്മിൽ പക്ഷേ, നല്ല അടുപ്പം. മലയുടെ തുഞ്ചത്തുള്ള നഴ്‌സറി സ്കൂളിലും ആർമി സ്കൂളിലും അഞ്ചും ആറും ഉടുപ്പുകളണിഞ്ഞ് കുഞ്ഞിപ്പന്തുകൾപോലെ കുട്ടികളോടിനടന്നു. വേനലവധിക്കാലത്തിനുപകരം നീണ്ട ശീതകാല അവധിയുള്ള തണുപ്പു നാട്. ഡെന്റൽ സെക്‌ഷനിൽ ഇവിടെ കുടുംബത്തെ കൂടെ കൊണ്ടുവന്നിട്ടുള്ള  ഒരാൾ ലാൻസ് നായിക് പാണിയായിരുന്നു. ഒഡിഷക്കാരനാണ് പാണി. കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും കുട്ടികളുണ്ടാവാതിരുന്നതിനാൽ അവർ മിലിറ്ററി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഓരോതവണയും ഗൈനക് ഒ.പി.-ഡിയിൽ വരുമ്പോൾ പാണിയുടെ ഭാര്യ ഡെന്റൽ സെക്‌ഷനിലും വരും; ദേബ് ജാനി.  ചിൽക്ക തടാകക്കരയിലാണ് വീട്. വീണ്ടുംവീണ്ടും ഐ.യു.ഐ.( I.U.l.- ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ) പരാജയപ്പെടുമ്പോൾ വല്ലാതെ വിളർത്ത  മുഖവുമായി വരുന്ന അവളെ ഉഷാറാക്കിയെടുക്കലും നമ്മുടെ വകുപ്പായിരുന്നു. 
ഒടുവിൽ, ദേബ്ജാനി  ഗർഭിണിയായിയെന്നറിഞ്ഞ ദിവസം ഞങ്ങൾക്കത് സെക്‌ഷനിൽ ആഘോഷമായി. ജിലേബിയും സമോസയും വാങ്ങി എല്ലാവർക്കും പാണി ടീപ്പാർട്ടി തന്നു. എപ്പോൾ ചെക്കപ്പിനുവന്നാലും കുറേനേരം  കൂടെയിരുന്നിട്ടേ അവൾ പോകൂ. വലുതായി വരുന്ന വയറിനെ വളരെ സൂക്ഷിച്ച്,   കരുതലോടെ മലയിറങ്ങിക്കയറി അവൾ വരുകയും പോവുകയും ചെയ്യുന്നത് ഞങ്ങൾ പ്രാർഥനയോടെ നോക്കിനിൽക്കും. പക്ഷേ, ഡേറ്റിന് പത്തുദിവസംമുന്നേ കുഞ്ഞ് വയറ്റിലിരുന്ന് മരിച്ചുപോയി -സ്റ്റിൽ ബർത്ത് . കരഞ്ഞുകരഞ്ഞ് ഗൈനക് വാർഡിൽ കിടന്ന ദേബ്ജാനിയുടെയരികിൽ ഞാൻ കൂട്ടിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ഒറിയയിൽ പതംപറഞ്ഞ് അവൾ ഉച്ചത്തിലുച്ചത്തിൽ  കരഞ്ഞു.
നിറച്ചും പട്ടുനൂൽ മുടിയുള്ള, പൂപോലെ ചുവന്ന പെൺകുഞ്ഞിനെ ഒരു  കാർഡ് ബോർഡ് പെട്ടിയിൽ വെച്ച്, പൊതിഞ്ഞുകെട്ടി കൈയിലേന്തി പാണിയും ദീപേഷും  മറവുചെയ്യാൻ  ഒരു ഇടമന്വേഷിച്ച് അലഞ്ഞു. സെക്‌ഷനിലെ ഹവിൽദാറാണ് ദീപേഷ്. ആകെയുള്ളത് ഈ  ബുദ്ധശ്മശാനമാണ് എന്ന് മനസ്സിലായി. അപ്പാഴേക്കും ഇരുട്ടായി, നല്ല തണുപ്പായി. മഞ്ഞുക്കാറ്റിലും വിയർപ്പിലും നനഞ്ഞ് അവർ ഇരുട്ടത്ത് കുഴിച്ചുകൊണ്ടിരുന്നു. വിയർപ്പിനൊപ്പം കണ്ണീരും കുഴിയിൽ വീണുകൊണ്ടിരുന്നു. കുഞ്ഞിനെ മറവ് ചെയ്ത്  മലയിറങ്ങി താഴെയെത്തിയപ്പോൾ പാണിക്ക് പേടി,
 ‘‘ആവശ്യത്തിന് ആഴത്തിലായിരുന്നോ  കുഴി? 
നായ്ക്കൾ മാന്തി പുറത്തെടുക്കുമോ എന്റെ കുഞ്ഞിനെ?’’
ഇരുട്ടത്ത് വീണ്ടും മലകയറി, വീണ്ടും  ആഴത്തിൽ കുഴിച്ച്, കുഞ്ഞിന്റെ കാർഡ് ബോർഡ് പെട്ടി പുറത്തെടുത്ത് വീണ്ടും കുഴിച്ചിട്ട്, മുകളിൽ വലിയ കല്ലുകൾ എടുത്ത് വെച്ചു. ‘‘ദൈവമേ, ദൈവമേ...’’ ഹോസ്പിറ്റലിൽ ദേബ്ജാനി ഉച്ചത്തിൽ കരഞ്ഞുകൊണ്ടിരുന്നു ....
‘‘എന്റെ മകൾ... തറവാട്ടിലെ ആദ്യത്തെ കുഞ്ഞ്... ഇവിടെ ഹിമാലയത്തിന്റെ മുകളിൽ ഒറ്റയ്ക്ക്. ഈ തണുപ്പത്ത്  തനിച്ച്...’’
സിസ്റ്റർ അവൾക്ക് സെഡേഷൻ ഇൻജക്ഷൻ കൊടുത്തു: ‘‘സോനാ പിള്ളാ... സോയി ജാ... സോയി ജാ...’’ എന്ന് പറഞ്ഞുപറഞ്ഞ് അവൾ ഉറങ്ങി-‘‘എന്റെ കുഞ്ഞു വാവേ ഉറങ്ങൂ, ഉറങ്ങൂ...’’എന്ന് .
വൈകുന്നേരം നടക്കാനിറങ്ങി രണ്ടാം മലയിൽ എത്തുന്ന നേരം ഞാനാ  കുഴിമാടം നോക്കിനിൽക്കും. ഒരു മരത്തണലിന്റെ കരുണ പോലുമില്ലാതെ മഞ്ഞപ്പുല്ലുകൾ പുതച്ച് കുട്ടിക്കുഴിമാടം. കുഞ്ഞിക്കൊലുസു പിച്ച നടത്തങ്ങൾപോലെ കാറ്റു മഞ്ഞപ്പുല്ലുകളെ  ചിലുചിലു എന്ന് ഇളക്കിക്കൊണ്ടിരിക്കും. പാവം കുഞ്ഞ്... പട്ടാളക്കാരന്റെ കുഞ്ഞ്... ഉറങ്ങാനൊരിടം കിട്ടിയത് ഹിമാലയത്തിൽ  ബുദ്ധന്മാരുടെ കൂടെയോ? മഞ്ഞുകാറ്റും  മൂളിക്കൊണ്ടിരിക്കും ‘‘സോനാ പിള്ളാ -സോയി ജാ...’’ ‘‘കുഞ്ഞേ, കുഞ്ഞേ  .....ഉറങ്ങൂ  ഉറങ്ങൂ...’’
ഒരിക്കൽപോലും തിരിച്ചെത്തുമെന്നുറപ്പില്ലാത്ത വിദൂര ദേശങ്ങളിൽ ഹൃദയത്തിന്റെ ഒരു തുണ്ട്  കുഴിച്ചിട്ടിട്ടുപോരേണ്ടിവരുന്ന ചിലർ. അവിടുന്നവർ പകരമായി നെഞ്ചിലെടുത്തു വെക്കുന്ന മഞ്ഞുകട്ടയാവട്ടെ കണ്ണടയുംവരെ   അലിയാതെ ഉരുകാതെ ഇങ്ങനെ...
ചുറ്റുമുള്ള മലകളിൽ  ബുദ്ധവിശ്വാസികളായ മൊംപ ഗോത്രക്കാരാണ് താമസം. ഉയരംകൂടിയ മലകളുടെ മുകളിൽ അവരുടെ  ബുദ്ധവിഹാരങ്ങളുമുണ്ട്. ബുദ്ധവിഹാരത്തിന് ‘ഗൊംപ’ എന്നാണിവിടങ്ങളിൽ പറയുക. ഏറ്റവും ഉയരമുള്ള പർവതങ്ങളുടെ മുകളിൽ, കരിംപച്ച പൈൻ മരക്കാടുകളുടെയിടയിൽ, പ്രകാശമുദ്രകളുടെ ചിത്രങ്ങൾ വരച്ചലങ്കരിച്ച മേൽക്കൂരകളുമായി മലകളുടെയും മരങ്ങളുടെയും എക്സ്റ്റൻഷൻപോലെ അവയങ്ങനെ നിവർന്നുനിൽക്കും. ഉയരങ്ങളിലെ ഗ്രാമീണർക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ 
ബുദ്ധവിഹാരങ്ങളോട് ചേർന്നാണ് നടത്തുക. കൂർമ്പൻ മലകളിൽ  ആൾക്കാർ കൂടാനും ടെന്റ് വലിച്ചുകെട്ടാനും ഒക്കെ കുറച്ചൊന്നുനിരന്ന സ്ഥലവും സൗകര്യവും വെള്ളവുമൊക്കെ ഗൊംപകളുടെ മുറ്റത്താണ് കിട്ടുക എന്നതാണ് കാരണം.
കുളിർപ്പിക്കുന്ന ശാന്തതയാണ് ഈ വിഹാരങ്ങൾക്ക്്്. മലകളുടെ മൗനം പകർന്നുകിട്ടിയപോലെ. നിറയെ കുഞ്ഞുമക്കൾ ഉണ്ടെങ്കിലും അറിയുക പോലുമില്ല. അവർ സൂക്തങ്ങൾ ചൊല്ലിപ്പഠിക്കുന്ന സമയത്ത് ഒരു തേനീച്ചക്കൂടിന്റെ ഇരമ്പൽ ഉണ്ടാവും ചുറ്റും. അത്രമാത്രം. എത്രതവണ അതുകേട്ട്  പേരു പറയാൻ അറിയാത്ത ഒരു സന്തോഷത്താൽ നിറഞ്ഞ് ആ തണുത്ത പടികളിൽ വെറുതേ ഇരുന്നിരിക്കുന്നു, ഞാൻ! തൊട്ടരികിൽ കിടക്കുന്നുണ്ടാവും കൂറ്റൻ ആശ്രമ കാവൽനായകൾ. ടിബറ്റൻ മാസ്റ്റിഫുകളാണ്. ഭീകരന്മാരാണെന്നാണ് പറച്ചിൽ. പക്ഷേ, ഇവിടെയോ നിർമമമായ നോട്ടത്തോടെ, ഒന്നു മുരളുക പോലുമില്ല. മലകയറി വഴി തെറ്റി അവിടെയെത്തിയ ഒരു മേഘത്തുണ്ടിനെയോ  പൂമ്പാറ്റക്കുഞ്ഞിനെയോപോലെ  ആശ്രമവും ആശ്രമജീവികളും നമ്മളെ അവിടത്തെ അംശമായി കണക്കാക്കിക്കഴിഞ്ഞു. 
ആദ്യമൊക്കെ മടിയോടെയാണ് മാസാദ്യശനിയാഴ്ചകളിലുള്ള വിഹാരങ്ങളിലെ മെഡിക്കൽക്യാമ്പുകൾക്ക് പോയിരുന്നതെങ്കിൽ പിന്നെയാ യാത്ര ഒഴിവാക്കാൻപറ്റാത്ത ആശയായി. വൊളന്റീർ ചെയ്ത് മാസാദ്യമാകാൻ കാത്തിരിക്കാൻ തുടങ്ങി.  സന്ന്യാസിക്കുട്ടികൾക്ക് മിഠായിയും കൊണ്ടുപോകുന്ന ദന്തഡോക്ടറും മിഠായി കൊതിച്ച് കാത്തിരിക്കുന്ന ഗെറ്റ്‌സുൽമാരും . മൊത്തത്തിൽ പൊരുത്തക്കേടും കുരുത്തക്കേടുംതന്നെ...   (കുഞ്ഞു സന്ന്യാസിമാർക്ക് ‘ഗെറ്റ്‌സുൽ’ എന്നാണ് ടിബറ്റൻ ഭാഷയിൽ പറയുക)
താഴെനിന്ന് മലകയറി വരുന്ന പട്ടാളവണ്ടികൾ 
കാണുമ്പോഴേ ഗെറ്റ്‌സുലുമാർ ഓടിവന്ന് മലവിളുമ്പിൽ കാത്തുനിൽക്കും. കണ്ടാലുടനെ പുഴുപിടിച്ച പാൽപ്പല്ലുകൾ കാണിച്ച് നിറയെ ചിരിക്കും. അത്രയേയുള്ളൂ -സംസാരമൊന്നുമില്ല. ഡെന്റൽ ചെയറിലിരിക്കുമ്പോൾ ഇൻജക്‌ഷൻവെച്ചാൽപോലും അനങ്ങില്ല. എത്ര കുഞ്ഞുങ്ങളെ കണ്ടിരിക്കുന്നു.   പക്ഷേ, ഇവർ വ്യത്യസ്തർ... സൂചി കണ്ടാൽ കരയാത്ത, സൂചി വെക്കുമ്പോൾ അനങ്ങാത്ത പാവങ്ങൾ എന്റെ സന്ന്യാസിക്കുഞ്ഞുങ്ങൾ, ഏഴും എട്ടും ഒക്കെ വയസ്സുള്ള കുഞ്ഞുമക്കളാണ്. ബ്ലേഡിന്റെ  മുറിവരപ്പാടുകളുമായി മുണ്ഡനം ചെയ്ത കുഞ്ഞിത്തലകൾ കാണുമ്പോൾ ചങ്കു പിടയ്ക്കും. തലയിൽ തഴുകിക്കൊടുത്താൽ മൃദുവായി ഒന്നുപുഞ്ചിരിക്കും. അത്രയേയുള്ളൂ.
വലിയ ലാമമാരാണെങ്കിലും അതു തന്നെ മുഖച്ഛായ. എത്ര ചുരുക്കം വാക്കുകളിൽ മറുപടി പറയാമെന്നത് ഗവേഷണം നടത്തുകയാണോയെന്ന് തോന്നും. വലിയ ചെവികളുമായി, ‘കേൾക്കൂ ,  കേൾക്കൂ...’ എന്ന് മിണ്ടാതെ മിണ്ടുന്ന ശ്രീബുദ്ധനെ അനുകരിച്ചാവാം അവർ കുറച്ചുമാത്രം സംസാരിച്ചു, കൂടുതൽ ശ്രദ്ധിച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്ന ലാമ പക്ഷേ, ബുദ്ധകഥകൾ പറഞ്ഞു തരുമായിരുന്നു. കൂടെ ടിബറ്റൻ ഡയസ്‌പോറയുടെ ഒരു പാട് സങ്കടകഥകളും. പിന്നെ  ലാമാതാഷിയും കുറച്ചൊക്കെ സംസാരിക്കും... നല്ല ഒരു സുഹൃത്തായിരുന്നു അദ്ദേഹം. ഇപ്പോഴുമാണ്.
ഒരുദിവസം  കുഞ്ഞു സന്ന്യാസിമാരുടെ കൂടെ എപ്പോഴും കാണുന്ന ചെറുപ്പക്കാരൻ സന്ന്യാസിയോട് ഒരു കാര്യം അന്വേഷിച്ചതാണ്, ‘ദ കപ്’ എന്ന സിനിമയെ കുറിച്ചായിരുന്നു അത്. ഒരു ബുദ്ധസന്ന്യാസാശ്രമത്തിൽ നടക്കുന്ന കഥയോടുള്ള കൗതുകം കൊണ്ട്. അതെവിടെ വെച്ച്, ആര് എടുത്തതാണ് എന്നൊക്കെ കുറെ ചോദ്യങ്ങൾ. ഒരക്ഷരം മറുപടി പറയാതെ എനിക്ക് തെല്ലും പിടികിട്ടാത്ത ഒരു കണ്ണിമ ചലനമോ തലയാട്ടലോ കൊണ്ട് അദ്ദേഹം മറുപടി ഒതുക്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ മലയിറങ്ങി  ഞങ്ങളുടെ ഹോസ്പിറ്റലിൽ കാണാനായി വന്നിട്ടുണ്ട് ആൾ. കുറെ സി.ഡി.കൾ സമ്മാനിച്ചിട്ട് ഒന്നും മിണ്ടാതെ പുഞ്ചിരിയോടെ നിൽക്കുന്നു.. ഒന്ന് ‘ദ കപ്’ സിനിമയുടെ. ബാക്കി  ബുദ്ധസൂക്തങ്ങളുടെ താന്ത്രികസംഗീത സി.ഡി.കളും. അതിന്റെ പുറത്ത് 2006  ഗ്രാമി അവാർഡ് നോമിനി എന്ന് എഴുതിയിരുന്നു. ഇതാരെന്ന് 
ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് സ്വന്തം നെഞ്ചിൽതൊട്ടു. അങ്ങനെയാണ് ഗെറ്റ്‌സുൽമാരുടെ  കൂടെ എപ്പോഴും പാട്ടുപാടി നടക്കുന്ന ഈ ഉയരക്കാരൻ സന്ന്യാസിയാണ് ലോക പ്രശസ്തനായ ആ മാസ്റ്റർ ചാന്റർ ആണെന്ന് അറിയുന്നത്. ‘The singing monk’ എന്നു വിളിപ്പേരുള്ള ലാമാ താഷി. അടുത്ത ക്യാമ്പിന് കാണാമെന്ന് പറഞ്ഞപ്പോൾ, ക്യാമ്പിന് വേണ്ടിയല്ലാതെയും ആശ്രമത്തിൽ വരാമല്ലോ എന്ന്. അപ്പോൾ ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല അന്ന് മിണ്ടാഞ്ഞത്...
പക്ഷേ, ക്ലിനിക്കിലെ സി.ഡി. പ്ലെയറിൽ ആ സി.ഡി. ഇട്ടപ്പോൾ അതാ ഡെന്റൽ ചെയറിലിരിക്കുന്ന  സർദാർ ചാടി എണീക്കുന്നു !
‘‘പ്ലീസ് മാഡം, യെ ഗാനാ ബന്ത് കരൊ’’ സിഡി പ്ലെയറിൽ മിക്കപ്പോഴും മലയാളം മെലഡി  ഇടാറുണ്ട്. ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട്’ ഒക്കെ കേട്ടിരുന്ന്  ഒരൊറ്റയക്ഷരം പറയാതെ താടിയാട്ടി താളം 
പിടിച്ച് ആസ്വദിക്കുന്ന പാവമൊരു സർദാർജിയാണ് ഇപ്പോൾ ചെവി പൊത്തിപ്പിടിച്ച് ഒന്നു നിറുത്താമോ എന്ന് ചോദിക്കുന്നത്! ടിബറ്റൻ മന്ത്രോച്ചാരണങ്ങളായിരുന്നു ആ സി.ഡി. യിൽ. നെഞ്ചിനും വയറ്റിനുമാഴത്തിലെവിടേക്കോ വലിച്ചു കൊണ്ടുപോവുന്ന മന്ത്രങ്ങൾ. കേട്ടിരിക്കുമ്പോൾ എന്തോ വല്ലാതെ തോന്നും. ഒരു ട്രാൻസിൽ പെട്ടുപോയതു പോലെ. നമ്മുടെ ചെവികളും തലച്ചോറും ശ്രദ്ധയും അതിന് പാകപ്പെടാത്തതു കൊണ്ടാവാം. മൾട്ടി ഫോണിക് ചാന്റിങ്‌ ആണ്. സ്വനപേടകത്തിന്റെ ആഴങ്ങളിൽനിന്ന് ഉയരുന്ന മർമരം പോലൊരു  മുഴക്ക ശബ്ദം. ലാമാ താഷി തന്നെ പറയുക ‘‘ഗിറ്റാറിന്റെ മൂന്നു തന്ത്രികളും ഒരുമിച്ച് മീട്ടുന്നതുപോലെ’’ എന്നാണ്. താന്ത്രിക് മ്യൂസിക്.
ഏതായാലും ലാമ താഷിയുമായി നല്ല കൂട്ടായി. ക്യാമ്പിനുവേണ്ടിയല്ലാതെയും കുഞ്ഞുങ്ങളുമായി ഞങ്ങൾ ഒഴിവുദിനങ്ങളിൽ അവിടെപ്പോകാൻ തുടങ്ങി. ടിബറ്റൻ വെണ്ണച്ചായതന്ന് അദ്ദേഹം സന്തോഷത്തോടെ സത്‌കരിക്കും. ഒരു പാട് സമയമെടുത്ത്, പരമ്പരാഗത രീതിയിൽ   
യാക്കിൻവെണ്ണ കടഞ്ഞ്  പിന്നെ കടുപ്പമുള്ള ചായയിലകൾ ചേർത്തിളക്കി,  ചിത്രങ്ങൾ വരച്ച പഴയ ആചാരക്കോപ്പകളിൽ പകർന്നു തരുന്നതിനിടെ ചിലപ്പോൾ 
കുഞ്ഞുങ്ങൾക്കായി ചില ബുദ്ധകഥകളും  പറയും. മാസ്റ്റർ ചാന്ററുടെ ഉഗ്രശബ്ദത്തിലല്ല, ചെവി കൂർപ്പിച്ചിരുന്നാൽ മാത്രം കേൾക്കുന്നത്ര മൃദുസ്വരത്തിൽ. 
ഒരുദിവസം കുറെ ബുദ്ധസന്ന്യാസിനിമാരെ കണ്ടുമുട്ടിയതോർക്കുന്നു. 
മുണ്ഡനം ചെയ്ത ശിരസ്സുകളുമായി കുറെ സുന്ദരിപ്പെൺകുട്ടികൾ. പിന്നെയും ഉയരത്തിലുള്ള വേറേതോ വിഹാരത്തിൽനിന്ന് മെഡിക്കൽക്യാമ്പിനായി മലയിറങ്ങി വന്നവരാണ്. സൗമ്യമായ മന്ദഹാസം മാത്രം. പെൺകുട്ടിക്കൂട്ടങ്ങളുടെ കളിചിരികളും കലപിലയും ഒന്നുമില്ല. ഒരാൾ മുന്നിൽ ഡെന്റൽ ചെയറിൽ 
ചികിത്സയ്ക്കായി ഇരുന്നപ്പോൾ തലമുണ്ട് താഴെയൂർന്ന് കിളിർക്കാൻ തുടങ്ങിയ കുറ്റിമുടികൾ നിറഞ്ഞതല വെളിയിലായി. ഒരു പ്രശ്നവുമില്ല. ഇലയനക്കം പോലത്തെ ഒരു ഇമയടയ്ക്കലോടെ അവൾ കണ്ണുകൊണ്ട് ചിരിക്കുന്നു. ഭിക്ഷുണി യെഷെ സുമേധ ആണവൾ. ഇരുപത്തിയെട്ടുകാരിയായ ഗെ-ലോങ് മാ (ബുദ്ധസന്ന്യാസിനി). ഏകദേശം ഞങ്ങളൊരേ പ്രായം.  ഒന്നും മിണ്ടാതെ അവൾ എന്റെ കൈ കൂട്ടിപ്പിടിച്ചു.  കരുണയുടെ വിയർപ്പുനനവുള്ള മൃദുലമായ മഞ്ഞ കൈവിരലുകൾ തൊട്ടപ്പോൾ അപ്പോൾ കുളത്തിൽനിന്ന് ഇറുത്തെടുത്ത നനഞ്ഞ ഒരു താമരപ്പൂവിനെ തൊട്ടപോലെ തോന്നി. വിശുദ്ധിയുടെ പീതപത്മം .
 ‘‘ഓം മണിപദ്‌മെ ഹും’’- എന്ന ബുദ്ധ വന്ദനം കൊണ്ട് അവളെ വണങ്ങുമ്പോൾ ഞാനതിന്റെ അർഥം മനസ്സിലുരുവിട്ടു കൊണ്ടിരുന്നു:
‘‘താമരപ്പൂവിനുള്ളിലെ രത്‌നമേ സ്തുതിയായിരിക്കട്ടെ...’’
ഓർത്തെടുക്കുമ്പോൾ ചിരിയൂറുന്ന ഒരു ഗൊംപ ഓർമയുണ്ട്. അല്ലെങ്കിൽ ഞാനെന്റെ മിലിറ്ററി ബൂട്ടിനെ പ്രേമിക്കാൻ തുടങ്ങിയ കഥയെന്നും പറയാം.  -യൂണിറ്റിൽനിന്ന് ആഗ്രയിലേക്ക് പ്രത്യേകം ആളെ അയച്ച് എല്ലാവർക്കുമായി ഒരുമിച്ചുണ്ടാക്കിച്ച ഹൈ ആൾട്ടിട്യൂഡ് ബൂട്ടുകളാണ്. ഓരോരുത്തരുടെയും കാലിന്റെ അളവൊക്കെ എടുത്ത് കിറുകൃത്യമായി നിർമിച്ചവ. മുട്ടിനടുത്തെത്തുന്ന ഉയരവും കട്ടിക്ക് പാഡും ഒക്കെയായി തണുപ്പിനെ പ്രതിരോധിക്കും. പക്ഷേ, ഇടാൻ ഇത്തിരി സമയം പിടിക്കും. ഇതിലുമെത്രയോ എളുപ്പം സാരി ഞൊറിഞ്ഞുടുക്കാൻ എന്നൊക്കെ പിറുപിറുത്താണ് ബൂട്‌സ് വലിച്ചുകയറ്റി പിന്നെ നീളൻ ലേസ് കറക്കിച്ചുറ്റി കെട്ടിത്തീർക്കുക.
വിഹാരത്തിലെ ഒരു ക്യാമ്പ് ദിവസം. ഇടവേളയിൽ വൃദ്ധലാമയുടെ കഥയും കേട്ടുകൊണ്ട് ഗൊംപയ്ക്കുള്ളിലെ ഇരുട്ടു നിറഞ്ഞ ഗോവണിമുറിയിലെ  മരപ്പടികൾ കയറുകയായിരുന്നു. മുകൾനിലയിലാണ് ഊട്ടുമുറി. ഒരു ചായ കുടിക്കാനുള്ള പോക്കാണ്. 
‘‘ബോധിചിത്ത - ഉള്ളുണർന്നു പ്രകാശിക്കുക... ബോധിസത്വ- എന്നാൽ ഉൾനായകനെ ഉണർത്തുക...’’ ലാമ മൃദുവായി പറയുന്നു. ചെവി മുഴുവൻ കഥയിൽ ബന്ധിച്ചിരിക്കുന്നു. കണ്ണുകൾ  കുരുങ്ങിയിരിക്കുന്നത് മച്ചിലെ  പ്രകാശമുദ്രകളുടെ മരക്കൊത്തുപണിയിലാണ്. മരച്ചുവരുകളിൽനിന്നും മച്ചിൽനിന്നും ഊറിവരുന്ന ദേവദാരു മരപ്പലകകളുടെ വശീകരിക്കുന്ന ഗന്ധം ആവാഹിച്ചെടുക്കുകയാണ് മൂക്ക് .
ചുരുക്കിപ്പറഞ്ഞാൽ മേലോട്ടും നോക്കി നടന്നപ്പോൾ പടിയിൽ കിടന്നുറങ്ങുന്ന കൂറ്റൻ കറുപ്പൻ ടിബറ്റൻ മാസ്റ്റിഫിനെ കണ്ടില്ല ! പിന്നെ കാണുന്നത് പിറകെ വന്ന ഗെറ്റ്‌സുലുമാർ  പട്ടിയുടെ തലപിടിച്ച് പിന്നോട്ടുവലിക്കുന്നതാണ്. ഒരിഞ്ച് നീളത്തിൽ കോമ്പല്ല് മുഴുവൻ  ബൂട്‌സിന്റെ ഉള്ളിൽ കയറി ഉടക്കിപ്പോയിരിക്കുന്നു. ഞാനാണെങ്കിൽ നായയുടെ കോമ്പല്ല് കയറിയതുപോലും അറിഞ്ഞിട്ടില്ല !
എന്തൊരു ഭയങ്കരൻ പട്ടിയാണെന്നോ ഈ ടിബറ്റൻ മാസ്റ്റിഫ്. നമ്മുടെ വലിയ നായകളുടെ ഇരട്ടിവലുപ്പം വരും. സെയ്‌ന്റ് ബെർണാഡ്, പേർഷ്യൻ മാസ്റ്റിഫ് മുതലായ വമ്പൻ പട്ടികളുടെ വലിയ കാരണവരായിട്ട് വരും. നിക്ക് മിഡിൽട്ടൺ  തന്റെ ‘എക്‌സ്ട്രീംസ് എലോങ് ദ സിൽക്ക് റോഡി’ൽ വണ്ടിയുടെ നേരെ ഒരു പേടിയുമില്ലാതെ കുതിച്ചുപാഞ്ഞുവരുന്ന  സിംഹം പോലിരിക്കുന്ന ടിബറ്റൻ മാസ്റ്റിഫ് നായയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഹൈ ആൾട്ടിട്യൂഡിലെ അനുകൂലനത്തിനായി ജീനുകളിൽ പ്രത്യേക വ്യവസ്ഥ ഉള്ള ഇവർ ലോകത്തിലെ ഏറ്റവും വില കൂടിയ നായകളുടെ പട്ടികയിൽ മുകളിലാണ്. പണ്ടുകാലം തൊട്ടേ ഹിമാലയൻ ബുദ്ധാശ്രമങ്ങളുടെ വിശ്വസ്തരായ കാവൽക്കാർ.
അവന്റെ കോമ്പല്ലെങ്ങാൻ കയറിയിരുന്നെങ്കിൽ പിന്നെ അക്കിലെസ് ടെൻടൺ (കുതികാലിലെ ചലനസ്നായു) കീറിമുറിഞ്ഞ് ആയുഷ്‌കാലം മുഴുവൻ ഞൊണ്ടി നടക്കേണ്ടി വന്നേനെ. എന്റെ പട്ടാളബൂട്ടാണ്  കാത്തത്. അത്രയ്ക്കായിരുന്നു അതിന്റെ കട്ടി. പാമ്പിനെയും തണുപ്പിനെയും മാത്രമല്ല പട്ടികടിയെയും  പ്രതിരോധിക്കും.! പിന്നെയൊരിക്കലും ബൂട്‌സിടുമ്പോൾ പിറുപിറുത്തിട്ടില്ല. പല്ലടയാളങ്ങളുടെ പാടുമായി  എന്റെ പുന്നാര ബൂട്‌സ് ഇപ്പോഴും  കൂടെയുണ്ട്.
‘‘ഇവനിതുവരെ ആരെയും കടിച്ചിട്ടില്ല.’’ -വൃദ്ധ ലാമ സങ്കടത്തോടെ  ക്ഷമാപണം പറയുന്നു.
‘‘അവന്റെ കുഴപ്പമേയല്ല.’’ -ഞാനും ക്ഷമ പറഞ്ഞു (കൃത്യം അവന്റെ വയറിനിട്ടാണ് ബൂട്‌സ്‌കൊണ്ടു ഞാൻ ചവിട്ടിയത്.)
അടുത്തതവണ ക്യാമ്പിനായി ചെല്ലുമ്പോൾ ഇടമുറിയാതെ  പ്രാർഥനകളും മന്ത്രജപങ്ങളും നടക്കുകയാണ് ഗൊംപയുടെ ഉൾത്തളത്തിലെ പ്രാർഥനാമണ്ഡപത്തിൽ പരിചയമില്ലാത്ത വാദ്യോപകരണങ്ങളുടെ കമ്പനങ്ങളും മൂളിച്ചകളും മുഴക്കങ്ങളും. ദൂരങ്ങളിൽനിന്നുപോലും ബുദ്ധസന്ന്യാസിമാർ കൂട്ടമായി എത്തിയിട്ടുണ്ട്. കഥകൾ  പറഞ്ഞുതന്നിരുന്ന  പ്രിയങ്കരനായ വൃദ്ധ ലാമ മരിച്ചുപോയി. ദിവസങ്ങൾ കഴിഞ്ഞിട്ടും ശരീരം മറവു ചെയ്തിട്ടില്ല. പുനർജന്മത്തിനായി കാത്തിരിക്കുകയാണെന്ന് മറ്റൊരു മുതിർന്ന  സന്ന്യാസി പറഞ്ഞു തന്നു -‘Reincarnation’ താഴ്വരകളിലേതോ ഗ്രാമത്തിൽ വലിയ ലാമയുടെ പുനർജന്മമായി  കൃത്യമായ അടയാളങ്ങളുമായി ഒരു കുഞ്ഞു ജനിക്കുമെന്ന്. മരിക്കുംമുന്നേ അത് അദ്ദേഹം പറഞ്ഞിരുന്നെന്ന്. എന്റെ നിറഞ്ഞ കണ്ണുകൾകണ്ട് സങ്കടപ്പെടാൻ ഒന്നുമില്ലെന്ന് അദ്ദേഹം പുഞ്ചിരിക്കുന്നു. മരണവും ജനനവും ഓരോ വാതിലുകൾ മാത്രമെന്ന്.  ആനന്ദിക്കേണ്ട സമയങ്ങൾ എന്ന്. 
പുനർജന്മം നടന്നോ എന്ന് എങ്ങനെ അറിയുമെന്നു ചോദിച്ചപ്പോൾ ആകാശത്ത് അടയാളങ്ങൾ തെളിയുമെന്ന്  പറഞ്ഞു. അതിശയിച്ച് നോക്കിയ എനിക്ക് അദ്ദേഹം കളങ്കമില്ലാത്ത പ്രാർഥനകൾക്ക്, സ്നേഹത്തോടെ വഴങ്ങുന്ന പ്രകൃതിയെക്കുറിച്ച് പറഞ്ഞുതന്നു. പിന്നെ  അതിന്റെ തെളിവായി പണ്ട്,  1959-ൽ , അന്ന് ഇരുപത്തിമൂന്നുകാരനായിരുന്ന ദലൈലാമ ഹിമാലയം കയറിയിറങ്ങി ലാസയിൽനിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പലായനത്തിന്റെ കഥയും. രണ്ടാഴ്ച കുതിരപ്പുറത്തും നടന്നും യാക്കിൻ തൊലികൊണ്ടുള്ള ബോട്ടിൽ ബ്രഹ്മപുത്ര കുറുകെ കടന്നും നടത്തിയ ലോകം ഘോഷിക്കുന്ന ആ അദ്‌ഭുത അഭയയാത്ര. 
 ‘‘ആ ദിവസങ്ങളിൽ ഞങ്ങൾ, ടിബറ്റിലെയും ഇന്ത്യയിലെയും  മുഴുവൻ ബുദ്ധ സന്ന്യാസിമാരും ഉണർന്നിരുന്നു പ്രാർഥിച്ചു. സൂക്തങ്ങളും മന്ത്രങ്ങളുമുരുവിട്ടു. കോടയും പുകമഞ്ഞുമുയർന്നു. പുകമേഘങ്ങൾ ഞങ്ങളുടെ നായകനെ ആകാശത്തുനിന്ന് അരിച്ചുപെറുക്കുന്ന ചൈനീസ് വിമാനങ്ങളുടെ കണ്ണിൽനിന്ന് മറച്ചുവെച്ചു. ചൊല്ലുവിളിയുള്ള ആകാശം. പറഞ്ഞാൽ  കേൾക്കുന്ന മേഘങ്ങൾ...’’ അദ്ദേഹം മലമുകളിൽ  ചുറ്റുംപാറിപ്പറക്കുന്ന വെള്ള മേലത്തുണ്ടുകളെ മുയൽക്കുഞ്ഞുങ്ങളെയെന്നപോലെ വാത്സല്യത്തോടെ കണ്ണുകൾ കൊണ്ടുഴിഞ്ഞു തലോടി.
‘‘ഇതാ, ഇതുവഴിയാണ് ദലൈ ലാമ വന്നത്. തവാങ് അതിർത്തിയിൽ ഇന്ത്യൻ പട്ടാളക്കാർ അദ്ദേഹത്തെ കാത്തുനിന്നു സ്വീകരിച്ചു.   ഇന്ത്യയിൽ  അഭയം തരാമെന്ന പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്രുവിന്റെ സന്ദേശവുമായി ബോംഡിലയിലെത്തി അന്ന്  സ്വാഗതം ചെയ്തത് മലയാളിയായ പി.എൻ. മേനോൻ സാറാണ്. കുഞ്ഞേ, നിങ്ങൾ പട്ടാളക്കാർ ഈ അതിരുകളിൽ കാവൽ നിൽക്കുന്നതിനാലല്ലേ ഞങ്ങൾ ഇപ്പോൾ  ഇവിടെയെങ്കിലും സമാധാനമായി കഴിയുന്നത്. ഈ മലകൾക്കപ്പുറത്ത് ടിബറ്റിൽ  ബുദ്ധരുടെ സ്ഥിതി വളരെ കഷ്ടമാണ്’’ അദ്ദേഹം എന്നെ  അതീവസ്നേഹത്തോടെ നോക്കി.  
ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥയിൽ സിദ്ധാർഥ, കാമസ്വാമി എന്ന വർത്തകനുമായി സംഭാഷണത്തിലേർപ്പെടുന്ന ഒരു ഭാഗമുണ്ട്. തന്റെ വ്യാപാരത്തിൽ പങ്കാളിയാകാൻ ആശയുമായി വരുന്ന സിദ്ധാർഥനോട് വർത്തകൻ ചോദിക്കുന്നു: ‘‘നിനക്കെന്താണ് മൂലധനം?’’ 
സിദ്ധാർഥ പറയുന്നു:
‘‘I can wait, I can think, I can fast’’
പലതിനോടും ഉപവസിച്ചും പലതും വേണ്ടെന്നുവെച്ചും അറിയാവുന്ന മന്ത്രങ്ങളുടെ ഉരുക്കഴിച്ചും എത്ര നേരംവേണമെങ്കിലും കാത്തുനിന്നും കാവൽനിന്നും ഈ ഉയരങ്ങളിൽ ഒരു ജീവിതം സാധ്യമാണെന്ന്  മഞ്ഞുകാറ്റിലെവിടെയോ ഇരുന്ന് തഥാഗതൻ മന്ത്രിക്കുന്നുണ്ട്.