2009-ലെ നവംബർ മാസത്തെ തണുത്ത പ്രഭാതത്തിൽ ഞങ്ങൾ പൈൻമരക്കാടുകൾക്കിടയിലായിരുന്നു. ഹിമാലയൻ താഴ്‌വരയിലെ തപോവനത്തിൽ. ബിരാഹിയിലെ ചിപ്‌കോ സമരഭൂമിയിൽ. ആകാശംതൊട്ടു കുത്തനെ വളർന്നുനിൽക്കുന്ന മരങ്ങൾ. വെളിച്ചം അല്പംമാത്രം ഊർന്നിറങ്ങുന്ന നടവഴികൾ. വെള്ളപുതച്ചു നിൽക്കുന്ന കുന്നുകൾ. താഴ്‌വരകൾ. ഇടയ്ക്കിടയ്ക്ക് ചിരിച്ചുകൊണ്ട് ഓടിമറയുന്ന അരുവികൾ. ശുഭ്രവസ്ത്രധാരിയും ഇന്ത്യൻപരിസ്ഥിതിയുടെ മഹാഗുരുവും ഗാന്ധിയനുമായ സുന്ദർലാൽ ബഹുഗുണ ജീവിച്ചത് ഇവിടെയായിരുന്നു. ഇവിടത്തെ ഓരോ മരത്തിനും സ്നേഹത്തിന്റെ ഒരു കഥ പറയാനുണ്ടായിരുന്നു. കാടും കിളികളും കൊച്ചരുവികളും എന്നും ഓർമിക്കുന്ന ഒരു കഥ. അത് സുന്ദർലാൽ ബഹുഗുണ എന്ന മനുഷ്യൻ ഈ ലോകത്തിന് പകർന്നുതന്ന സ്നേഹത്തിന്റെ കഥയാണ്. ഒരുകാലത്ത് മരങ്ങൾ വെട്ടാൻവേണ്ടി ആയുധങ്ങളുമായി ഹിമാലയൻ താഴ്‌വരകളിൽ പലരും വന്നു. ഗവൺമെന്റിന് കാട്ടിലെ മരങ്ങൾ മുതലാളിമാർക്ക് വിൽക്കാനുള്ള വിഭവം മാത്രമായിരുന്നു. മുതലാളിമാർ താഴ്‌വരകളിൽ തമ്പടിച്ചുകൊണ്ട് ഓരോ കുന്നിന്റെയും പച്ചപ്പുകളെ നക്കിത്തുടച്ചുകൊണ്ടിരുന്നു. ആടുമാടുകളെ മേയ്ച്ചുവളർത്തി ജീവിച്ചവർ, കാടിന്റെ തണലിൽ കാലങ്ങളായി ജീവിച്ചുപോന്ന ആദിവാസികൾ, എക്കാലത്തും വേദനയുടെ ഹിമശൈലംപോലെ ഉള്ളുറച്ചുപോയ അവിടത്തെ ജനത. അവരൊക്കെയും നിസ്സഹായരായി നോക്കിനിന്നു. പല മലകളും തരിശായി. സുന്ദർലാൽ അവരോടൊപ്പം ചെന്നു വെട്ടുന്നവരോട് പറഞ്ഞു. അരുത്... പക്ഷേ, അവരത് കേട്ടില്ല. കേട്ടതായിപ്പോലും നടിച്ചില്ല. അരുതായ്മകൾ പിന്നെയും തുടർന്നു. ഒടുവിൽ മരംവെട്ടുകാർ മഴുവോങ്ങാനൊരുങ്ങിയ ഓരോ മരത്തെയും സുന്ദർലാലും നാട്ടുകാരും ചെന്നു കെട്ടിപ്പിടിച്ചു. ആയിരക്കണക്കിന് ആളുകൾ മരങ്ങളോരോന്നിനെയും പുണർന്നുനിന്ന് ജീവന്റെ രക്ഷാകവചമായി മാറി. ഒന്നും രണ്ടും മണിക്കൂറുകളല്ല. രാവും പകലും. ദിവസങ്ങളോളം. മരംവെട്ടുകാർ വെട്ടാനുള്ള അവസരം കാത്തിരുന്നു. ഒടുവിൽ ക്ഷമയറ്റ് മടങ്ങി. 1974 മാർച്ച് ഇരുപത്തിയാറാം തീയതി കെട്ടിപ്പിടിത്തം എന്ന അർഥത്തിൽ ചിപ്‌കോ എന്ന ഹിന്ദിപദം അങ്ങനെ ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തനത്തിന്റെ ആദ്യത്തെ വിജയചരിത്രമായി മാറി. നശിപ്പിക്കലല്ല, സ്നേഹിക്കലാണ് ജീവന്റെ നിലനിൽപ്പിന് ആധാരമെന്ന് അദ്ദേഹം പറഞ്ഞു. എന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നതും അതുതന്നെയായിരുന്നു.  
 ബിരാഹിയിലെ പൈൻമരക്കാടുകളിലൂടെ ഞങ്ങൾ നടന്നു. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതോളം പേരും കൂട്ടത്തിലുണ്ടായിരുന്നു. ചിപ്‌കോ പ്രസ്ഥാനത്തിൽ ബഹുഗുണയെപ്പോലെ പ്രധാനപങ്കുവഹിച്ച ചണ്ഡിപ്രസാദ് ബട്ട് ഞങ്ങളെ കാട്ടിലേക്ക് നയിച്ചു. വീണുകിടക്കുന്ന ഒരു വലിയ മരത്തടി. അതിൽ അദ്ദേഹം കയറിനിന്നു. മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് തുടങ്ങിയ ചിപ്‌കോ പ്രവർത്തനങ്ങളെക്കുറിച്ച് ഓർത്തു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു:   ‘‘നടക്കാൻ പോലും ദുർഘടമായ ഹിമാലയൻ മലനിരകളിലും താഴ്‌വരകളിലും ഞങ്ങൾ നടന്നു. ഏകദേശം 5000 കിലോമീറ്ററോളം ദൂരം. കല്ലും മുള്ളും മലയും താണ്ടി നടന്നു. കൂടെ ആദിവാസികളും പല ഗ്രാമങ്ങളിൽനിന്നായി കൂട്ടുചേരുന്നവരും ഉണ്ടായിരുന്നു. ഒരു രൂപപോലും കൈയിലുണ്ടായിരുന്നില്ല. കഴിക്കാൻ ഭക്ഷണമുണ്ടായിരുന്നില്ല. ഓരോ ഇടത്തെയും ഗ്രാമീണർ റൊട്ടിയും വെള്ളവും തന്നു. പരിസ്ഥിതി എന്ന വാക്കുപോലും കേട്ടിട്ടില്ലാത്ത ആളുകൾ ആദ്യമായി ആ വാക്കുകേട്ടു. ഏറ്റവും വലിയ സമ്പത്ത് പ്രകൃതിസമ്പത്താണെന്ന് ഞങ്ങൾ പറഞ്ഞു. അവർക്ക് കാര്യം മനസ്സിലായി. ചിപ്‌കോ ആശയങ്ങൾ താഴ്‌വരകളിൽനിന്ന് താഴ്‌വരകളിലേക്ക് പടർന്നു.’’ -ചണ്ഡിപ്രസാദ് പറഞ്ഞുനിർത്തി. 
ചരിത്രകഥ പറയുന്ന പൈൻമരങ്ങളോട് കുശലംപറഞ്ഞു ഞങ്ങൾ തിരിച്ചുനടന്നു. 
കോൺഫറൻസിന്റെ തിരക്കുകൾക്കിടയിൽ ബഹുഗുണയെ ചെന്ന് കാണാൻ കഴിഞ്ഞില്ല. എങ്കിലും അപ്പൂപ്പൻ താടിപോല നരച്ചുവെളുത്തിരിക്കുന്ന അദ്ദേഹത്തെ കുന്നിറങ്ങുന്നിതിനിടയിൽ ഓരോ മലമുടിയിലും കണ്ടു. അദ്ദേഹവും അവിടത്തെ പ്രകൃതിയും ഒരേ രൂപമെടുത്തു നിൽക്കുന്നതുപോലെ.  പൈൻ മരങ്ങൾ കാറ്റത്ത് ആടി നിൽക്കുന്നു. 
ഇനിയെന്നു കാണുമെന്ന് ചോദിക്കുകയും പറയുകയും ചെയ്യുന്നതുപോലെ. എന്നു കാണും ? അതാർക്കും അറിഞ്ഞുകൂടല്ലോ.
പക്ഷേ, കൃത്യം ഒരു മാസത്തിനുശേഷം അദ്ദേഹം വന്നു. കോഴിക്കോട്ട്. കുണ്ടൂപ്പറമ്പിലാണ് അദ്ദേഹം താമസിച്ചത്. രാവിലെ ഞാൻ ചെന്നു. 
അദ്ദേഹം ടെറസിലായിരുന്നു. ധ്യാനത്തിൽ. കിഴക്കോട്ട് തിരിഞ്ഞ് സൂര്യനഭിമുഖമായി ഇരിക്കുന്നു. ബിരാഹിയിൽ ചെന്നപ്പോൾ മലമുടികൾ കാണിച്ചുതന്ന അതേ രൂപം. മഞ്ഞുപോലെ വെളുത്ത താടി. പ്രസന്നവും ശിശുസഹജവുമായ ഭാവം. സ്നേഹത്തിന്റെ സൂര്യവെളിച്ചം ആത്മാവിലേക്ക് സ്വീകരിച്ചുകൊണ്ട് കുറേനേരം അദ്ദേഹം ധ്യാനനിമഗ്നനായി. കണ്ണുതുറന്നപ്പോൾ എന്നെക്കണ്ടു. മറ്റൊരു താടിക്കാരൻ. അന്ന് എന്റെ താടി പരിപൂർണമായി വെളുത്തിട്ടില്ല. ചിരിച്ചു. തമ്മിൽ സംസാരിച്ചു. ഞാൻ പറഞ്ഞു: ‘‘വരണം. ഞങ്ങളുടെ ഗ്രാമത്തിൽ.’’ അദ്ദേഹം പറഞ്ഞു: ‘‘വരാം.’’ അദ്ദേഹം വന്നു. കക്കോടി ഗ്രീൻവേൾഡിൽ. പൂനൂർ പൂഴയോരത്ത്. വിശാലമായ പുൽത്തകിടിയിൽ അദ്ദേഹം ഇരുന്നു. പൂനൂർപ്പുഴ മന്ദമന്ദമായി മാത്രം ഒഴുകുന്നു. ഉയർത്തിക്കെട്ടിയ വേദിയില്ല. സദസ്സും വേദിയും തമ്മിൽ അകലമില്ല. അദ്ദേഹം കസേരയിൽ ഇരുന്നു. മുമ്പിലുള്ളത് കുട്ടികൾ. കുട്ടികൾ മാത്രം ഇരിക്കുന്നു. മുതിർന്നവരും നാട്ടുകാരും അതിനരികുചേർന്ന് നിൽക്കുന്നു. അദ്ദേഹം സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ് കുട്ടികളെ മാടിവിളിച്ചു. കുട്ടികൾ ഓടിവന്നു. താടിയിൽ തൊട്ടു. കൈയിൽ പിടിച്ചു. ഹിമാലയത്തിൽ നിന്നുവന്ന മഞ്ഞുകട്ടകൾപോലെ അലിവുള്ള ഒരു മുത്തച്ഛനായി കുട്ടികളുടെ മുന്നിൽ അദ്ദേഹം ചിരിച്ചുനിന്നു.
അദ്ദേഹത്തെ ഞാൻ സ്വാഗതം ചെയ്തു. ഇന്ത്യൻ പരിസ്ഥിതിയുടെ മഹാഗുരുവിനെ. ബഹുഗുണ ഇരുന്നുകൊണ്ടുതന്നെ മൈക്ക് ചുണ്ടോടടുപ്പിച്ചു. അദ്ദേഹം ആദ്യവാക്യം പറഞ്ഞു: ‘‘കുട്ടികളുടെ കൂടെ നിൽക്കുമ്പോൾ ചെറുപ്പക്കാരനായി മാറുന്നതുപോലെ.’’ അതുകേട്ടു എല്ലാവരും ചിരിച്ചു. ‘‘ഇതുപോലെ ചിരിക്കാൻ കഴിയണം. ഈ ഭൂമിയിൽ ചിരിച്ചുകൊണ്ട് ജീവിക്കാൻ കഴിയണം. അതിന് എന്താണു വേണ്ടത് ?’’ കുട്ടികൾ കാതുകൂർപ്പിച്ചു കേട്ടു. ‘‘നശിപ്പിക്കുന്നതിനു പകരം പ്രകൃതിയെ സംരക്ഷിക്കണം. വയസ്സായ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിലേറെ കുട്ടികൾക്കാണ് കഴിയുക.’’ ചിരിയിൽനിന്ന് ചിന്തയിലേക്ക് അദ്ദേഹം യാത്രയായി. അദ്ദേഹത്തിന്റെ  വാക്കുകൾ കാടുകളായി പടർന്നു. നദികളായി ഒഴുകി. ആകാശമായി പരന്നു. അദ്ദേഹം പറഞ്ഞുനിർത്തി: ‘‘കേരളത്തിൽ എത്രയോ തവണ വന്നിട്ടുണ്ട്. ഓരോ തവണ വരുമ്പോഴും ഈ പച്ചപ്പ് എന്റെ മനസ്സിൽ കുളിർമ പരത്തുന്നു. പച്ചപ്പിന്റെ ഈ നാടിനെ സ്നേഹിച്ചുപോകുന്നു.’’ 
യാത്രപറയാൻ നേരം. നാട്ടുകാർ വന്നു പറഞ്ഞു. ഈ പുഴക്കരയിൽ അങ്ങയുടെ കൈകൊണ്ട് ഒരു അരയാൽത്തൈ നടണം. അദ്ദേഹം പുഴയിലേക്ക് നോക്കി. ആൾക്കൂട്ടത്തിലേക്ക് കണ്ണുപായിച്ചു. കുട്ടികളെ വിളിച്ചു. ‘‘വരൂ.’’ കുട്ടികൾ അദ്ദേഹത്തോടൊപ്പം ചേർന്നുനിന്നു. വേരിനെ മണ്ണിലേക്ക് തൊടുവിക്കുമ്പോൾ ഒരുപാട് കുഞ്ഞിക്കൈകൾ അതിനെ തൊട്ടുനിന്നു. മണ്ണിട്ട് വെള്ളമൊഴിച്ചു മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഇതുപോലെ ഓരോ മരവും  നിങ്ങളുടെ മനസ്സിലും മണ്ണിലും വളരട്ടെ. അത് എന്നും ഇവിടെ 
തണൽ വിരിച്ചുനിൽക്കട്ടെ.’’ കാറിൽ കയറി യാത്രയാകാൻ നേരത്തും കുട്ടികൾ വന്നുപൊതിഞ്ഞു. കൈവീശിക്കാണിച്ചുകൊണ്ട്  അദ്ദേഹം പറഞ്ഞു: ‘‘അടുത്തതവണ വരുമ്പോൾ നമുക്ക് ചിപ്‌കോ കളി കളിക്കാം.’’ ഡ്രൈവർ വണ്ടിയെടുത്തു. വണ്ടിയിൽവെച്ച് അദ്ദേഹം ചിപ്‌കോ കളിയെക്കുറിച്ച് എന്നോട് പറഞ്ഞുതന്നു.  ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘നല്ല കളി.’’