ഉമ്മൻ ചാണ്ടിയുടെ നിർദേശത്തോടുള്ള എന്റെ പ്രതികരണവും ഉടൻതന്നെ ഉണ്ടായി. ക്രീമിലെയർ പ്രശ്നം സജീവമായി നിൽക്കുന്ന കാലമായിരുന്നു അത്. പിന്നാക്കവിഭാഗങ്ങളിലെ മേൽത്തട്ടിനെ (ക്രീമിലെയർ) ഒഴിവാക്കിക്കൊണ്ടേ സാമൂഹികസംവരണം നടത്താവൂ എന്ന സുപ്രീംകോടതി വിധിയായിരുന്നു വിവാദ വിഷയം. ഈ വിധിയെ മറികടക്കാനായി ഗൗരിയമ്മ അസംബ്ലിയിൽ ഒരു ബിൽ അവതരിപ്പിച്ചിരുന്നു. കേരളത്തിലെ സർക്കാർ ജീവനക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം സാമൂഹിക സംവരണം അനുവദിക്കുന്നത് നേരത്തേ ഇവിടെ നിലവിലുള്ള നിയമപ്രകാരം ആയിരിക്കണം എന്നായിരുന്നു ആ ബില്ലിന്റെ ഉള്ളടക്കം. ഗൗരിയമ്മ ഒറ്റ എം.എൽ.എ. ആയിരുന്നത് കൊണ്ടായിരിക്കാം ആ ബിൽ പരിഗണനയ്ക്കെടുത്തില്ല. യു.ഡി.എഫ്. മുൻെെകയെടുത്ത് പ്രസ്തുത ബിൽ അസംബ്ലിയിൽ പാസാക്കിയെടുക്കുകയാണെങ്കിൽ ഉമ്മൻ ചാണ്ടിയുടെ നിർദേശം പരിഗണിക്കാമെന്ന് മറുപടി നൽകുന്നതായിരിക്കും നല്ലതെന്ന് ഞാൻ പറഞ്ഞപ്പോൾ ഗൗരിയമ്മയ്ക്ക് അത് ഏറെ ഇഷ്ടപ്പെട്ടതായി തോന്നി. ഉടനെത്തന്നെ അവർ അത് ഉമ്മൻ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ യു.ഡി.എഫിന് വേണ്ടി കെ.എം. മാണിയാണ് മാറ്റങ്ങളെന്നും വരുത്താതെ ആ ബിൽ അസംബ്ലിയിൽ അവതരിപ്പിച്ചത്. യു.ഡി.എഫിനോടൊപ്പം എൽ.ഡി.എഫിലെ സി.പി.എം. ഒഴിച്ചുള്ള പാർട്ടികളെല്ലാം ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. ജെ.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു രാഷ്ട്രീയനേട്ടം തന്നെ ആയിരുന്നു.
 സംസ്ഥാനസമ്മേളനത്തിനുശേഷം അജിത ഗൗരിയമ്മയോടൊപ്പം ചില പരിപാടികളിൽ പങ്കെടുത്തിരുന്നുവെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു; പ്രത്യേകിച്ച് രാഷ്ടീയ കാരണമൊന്നും പറയാതെ. യു.ഡി.എഫ്. ബന്ധം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ അതിന്റെ പേരിൽത്തന്നെ സെക്രട്ടറിമാരിൽ ഒരാളായിരുന്ന പുരുഷോത്തമൻ പാർട്ടി വിട്ടുപോയി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പങ്കെടുക്കുകയില്ലെന്ന് ആരംഭത്തിൽ തീരുമാനിച്ചിരുന്ന എന്റെ ചിന്തകൾ മറ്റൊരു ദിശയിലാണ് തിരിഞ്ഞത്. ജെ.എസ്.എസുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉള്ള റിപ്പോർട്ടുകളിൽ എന്നെ പരാമർശിക്കുമ്പോൾ മുൻ നക്സലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നത് പത്രങ്ങൾ സ്ഥിരം ശൈലിയാക്കിയിരുന്നു. ആ മുദ്ര ഒഴിവാക്കി കിട്ടാനായി സാഹചര്യങ്ങൾക്കനുസരിച്ച് മുൻ തീരുമാനത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കാൻ തുടങ്ങിയത്.
   അക്കാലത്ത് കോൺഗ്രസിൽ എ.കെ. ആന്റണിയുടെ അടുത്ത സഹചാരിയായിരുന്ന ചെറിയാൻ ഫിലിപ്പുമായി എനിക്ക്‌ സുഹൃദ് ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഞങ്ങൾ തമ്മിൽ കാണാനിടയായപ്പോൾ ജെ.എസ്.എസ്. ബാനറിൽ മത്സരിച്ചു കൂടെ എന്നും ഏതെങ്കിലും മണ്ഡലത്തിൽ താത്‌പര്യമുണ്ടോ എന്നും ചോദിക്കുകയുണ്ടായി. തീരുമാനം എടുത്തിട്ടില്ലെന്നും അഥവാ മത്സരിക്കുകയാണെങ്കിൽ ജന്മനാടായ കൊടുങ്ങല്ലൂരിൽ മാത്രമേ മത്സരിക്കൂ എന്നും ഞാൻ പറയുകയുണ്ടായി. ഇടതു കോട്ടയായ കൊടുങ്ങല്ലൂരിൽത്തന്നെ വേണോ എന്ന് ചെറിയാൻ ചോദിച്ചപ്പോൾ ജയിക്കാനല്ല മത്സരിക്കുന്നതെന്നും പറഞ്ഞു.
 കൊടുങ്ങല്ലൂരിലെ 
സ്ഥാനാർഥി
  ആ വർഷം (’95) അവസാനമായപ്പോഴേക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള  ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഗൗരിയമ്മ ജെ.എസ്.എസിന് കിട്ടേണ്ട സീറ്റുകളെക്കുറിച്ച് യു.ഡി.എഫ്. നേതാക്കളുമായി ചർച്ച ആരംഭിച്ചിരുന്നു. ആ സമയത്ത് ജെ.എസ്.എസ്. യു.ഡി.എഫിലെ ഘടകകക്ഷി ആയിരുന്നില്ല. യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഒരു പാർട്ടി എന്ന ബന്ധമാണു നിലനിർത്തിയിരുന്നത്. ഗൗരിയമ്മയുടെ അരൂർ മണ്ഡലത്തിൽ യു.ഡി.എഫ്. പിന്തുണ ഇല്ലാതെത്തന്നെ അവർക്കു ജയിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ സീറ്റു കൂട്ടാതെ  അഞ്ചിൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്നായിരുന്നു ധാരണ. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെത്തുടർന്ന്‌ സീറ്റുവിഭജന തീരുമാനങ്ങൾ വന്നപ്പോൾ ജെ.എസ്.എസിന് ആകെ അഞ്ചു സീറ്റാണ് യു.ഡി.എഫ്. അനുവദിച്ചത്. മണ്ഡലങ്ങളുടെ പട്ടികയിൽ കൊടുങ്ങല്ലൂർ ജെ.എസ്.എസിന്റെ കണക്കിൽ വരുകയും അവിടത്തെ സ്ഥാനാർഥി ഞാനായിരിക്കും എന്ന തീരുമാനം ഉൾപ്പെട്ടതും ഗൗരിയമ്മയെ അസ്വസ്ഥയാക്കുകയുണ്ടായി. രാഷ്ട്രീയ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കാൻ താത്‌പര്യപ്പെടുന്ന ആളല്ല ഞാൻ എന്ന് അവർ മനസ്സിലാക്കിയിരുന്നതുകൊണ്ട് എന്നെ സംശയിച്ചിരുന്നില്ലെന്നാണ് തോന്നിയത്. ഗൗരിയമ്മയുമായി നേരിട്ടു സംസാരിക്കാൻ അവസരം കിട്ടിയ  ആദ്യ സന്ദർഭത്തിൽത്തന്നെ ചെറിയാൻ ഫിലിപ്പുമായി ഉണ്ടായ സംസാരത്തെക്കുറിച്ച് ഞാൻ പറഞ്ഞു.  അവർക്കത് മുഴുവൻ ബോധ്യപ്പെട്ടതായി തോന്നിയില്ല. തൃശ്ശൂരിലെ കോൺഗ്രസ് നേതൃത്വത്തിനും അവരറിയാതെ ജില്ലയിലെ ഒരു മണ്ഡലത്തിൽ സ്ഥാനാർഥിനിർണയം നടന്നത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. നക്സലൈറ്റു രാഷ്ട്രീയത്തിൽ സജീവമായിരുന്ന് തിരഞ്ഞടുപ്പ് ബഹിഷ്കരണം പ്രചരിപ്പിച്ചിരുന്ന ഒരാൾ മൂന്നാലു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രത്യക്ഷപ്പെട്ടാൽ ജനങ്ങൾ എങ്ങനെയാണ് പ്രതികരിക്കുക എന്ന ആശങ്ക ബന്ധപ്പെട്ടവർക്കെല്ലാം ഉണ്ടായിരുന്നു. യു.ഡി.എഫിന്റെ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആദ്യ മീറ്റിങ്ങിൽ ഞാനിക്കാര്യം വിശദീകരിച്ചു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. അവിടെ പാർലമെന്റ്‌ സ്ഥാനാർഥിയായിരുന്ന പി.സി. ചാക്കോയെ ഗൗരിയമ്മ ബന്ധപ്പെട്ട് എനിക്കുവേണ്ട സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ പോസ്റ്ററുകളെല്ലാം പ്രിന്റ് ചെയ്യാൻ ഏർപ്പാട് ചെയ്തത് ചാക്കോ ആയിരുന്നു. മണ്ഡലം കമ്മിറ്റിയെ ചലിപ്പിക്കുകയും ചെയ്തിരുന്നു.
  ദിവസേന ജനങ്ങളെ സമീപിച്ച് വോട്ടു ചോദിക്കുന്ന ജോലിയാണ് സ്ഥാനാർഥിയെന്ന നിലയ്ക്ക് എനിക്ക് ചെയ്യാനുണ്ടായിരുന്നത് അതിനുള്ള വണ്ടിച്ചെലവുപോലും എടുക്കാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. പതിവ് പ്രവർത്തനം ഒരു വിധം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം എന്റെ കാറിന് മുന്നിൽ മറ്റൊരു കാർ കയറ്റിനിർത്തുന്നതു കണ്ടു. എന്താണ് കാര്യം എന്ന് അന്വേഷിക്കുമ്പോഴേക്കും ആ കാറിൽനിന്ന് ഗൗരിയമ്മ തല പുറത്തേക്കിട്ട് കൈകൊണ്ട് എന്നെ വിളിക്കുകയായിരുന്നു. ആ വണ്ടിയിൽ അവരോടൊപ്പം ഇരുത്തി പ്രവർത്തനത്തെക്കുറിച്ച് ചോദിച്ചറിയുകയും ചില ഉപദേശങ്ങൾ തരുകയും അവസാനം ഒരു പൊതിക്കെട്ട് ഒരു സഞ്ചിയിലാക്കി തരുകയും ചെയ്തു, കുറച്ചു പണമാണെന്ന് പറഞ്ഞുകൊണ്ട്. കടബാധ്യതയിൽപ്പെടാതെ ഞാൻ രക്ഷപ്പെട്ടത് ഗൗരിയമ്മയുടെ ആ ഇടപെടൽ കൊണ്ടാണ്. തൃശ്ശൂരിലെ പ്രസ് ക്ലബ്ബ് പുതിയ സ്ഥാനാർഥികൾക്കായി നടത്തുന്ന മീറ്റ് ദ പ്രസ് പരിപാടിയിലേക്ക് ഒരുദിവസം എന്നെ ക്ഷണിക്കുകയുണ്ടായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണ വിഭാഗങ്ങൾക്ക് പത്തുശതമാനം സംവരണം എന്ന നയതീരുമാനം യു.ഡി.എഫ്. പ്രഖ്യാപിച്ച സന്ദർഭമായിരുന്നു അത്. ഞാനാകട്ടെ ഈ സാമ്പത്തികസംവരണം സാമൂഹിക സംവരണത്തെ ദുർബലപ്പെടുത്തുന്നതും അതുകൊണ്ട് എതിർക്കപ്പെടണ്ടതും ആണെന്ന് എല്ലാ വേദികളിലും പ്രചരിപ്പിച്ചു  കൊണ്ടിരുന്ന ആളും. എന്റെ ഈ നിലപാടിനെക്കുറിച്ച് അറിയാവുന്ന പത്രക്കാർ യു.ഡി.എഫ്. നിലപാടുമായുള്ള വൈരുധ്യത്തെക്കുറിച്ച് ചോദിക്കുമെന്നും പാർട്ടി തീരുമാനം വന്നിട്ടില്ലെന്നോ മറ്റോ പറഞ്ഞ് ഒഴിഞ്ഞു മാറണമെന്നും പലരും ഉപദേശിച്ചിരുന്നു.
 നിലപാടിൽ
 ഉറച്ചുനിന്നപ്പോൾ...
പത്രക്കാർ അതുതന്നെ ചോദിക്കുകയും ഞാൻ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന് മറുപടി നൽകുകയും ചെയ്തു. എല്ലാ പത്രങ്ങളും അത് റിപ്പോർട്ടു ചെയ്തു. ഒരു പ്രമുഖ പത്രം ‘സാമ്പത്തിക സംവരണത്തെ കെ. വേണു ശക്തമായി എതിർക്കുന്നു’ എന്ന തലക്കെട്ടോടു കൂടിയ ബോക്സ് ന്യൂസ് തന്നെ നൽകി. ഇടതുപക്ഷക്കാർ ആ ബോക്സ് ന്യൂസ് മാത്രം കോപ്പികളെടുത്ത് എല്ലാ സവർണ വീടുകളിലും എത്തിക്കുകയും ചെയ്തു. സവർണർ പൊതുവിൽ യു.ഡി.എഫിന് വോട്ടുചെയ്യുന്നവരാണ് അവരിൽ ഒരു വിഭാഗത്തെയെങ്കിലും എന്റെ നിലപാടുകൾ എതിരായി സ്വാധീനിച്ചിട്ടുണ്ടാകാം. എന്റെ കടുംബക്കാരും അയൽക്കാരുമായവർ സ്വാഭാവികമായും രാഷ്ട്രീയംനോക്കാതെ എനിക്കു വോട്ടുചെയ്യുമായിരുന്നവർ ഈ പ്രസ്താവന നിമിത്തം വോട്ടുചെയ്തില്ലെന്ന് പിന്നീട് പറയുകയുണ്ടായി. സവർണർക്ക് എതിരായി ഞാൻ അനുകൂലിച്ച പിന്നാക്കക്കാരുടെ വോട്ടും എതിക്ക് കിട്ടിയില്ലെന്നതാണ് യാഥാർഥ്യം. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുബാങ്കാണ് കേരളത്തിലെ പിന്നാക്കക്കാർ പൊതുവിൽ. വ്യക്തിപരമായി എനിക്കു കിട്ടുമായിരുന്ന അധിക വോട്ടിലും കൂടുതൽ സവർണ വോട്ടുകൾ എനിക്ക് നഷ്ടപ്പെടുകയാണുണ്ടായത്. മുൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിക്ക് ലഭിച്ചതിലും കുറവ് വോട്ടാണ് എനിക്കു ലഭിച്ചത്. ആ തിരഞ്ഞെടുപ്പ് അനുഭവത്തിൽ ഏറ്റവും പ്രധാനം എന്റെ ധാരണയിൽവന്ന ഒരു പൊളിച്ചെഴുത്താണ്. എന്നെപ്പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലം ഉണ്ടായിരുന്നവർ പൊതുവിൽ കരുതുന്നത് കോൺഗ്രസ് ഒരു ബൂർഷ്വാ പാർട്ടിയാണെന്നാണ്. സമ്പന്നരുടെ പാർട്ടി എന്നർഥം. വോട്ടു ചോദിക്കാൻ എല്ലാ വീടുകളിലും കയറിയിറങ്ങിയപ്പോൾ കണ്ട കാഴ്ച മറ്റൊന്നാണ്. ദരിദ്രവിഭാഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന എല്ലാ മേഖലകളിലും കോൺഗ്രസ് പ്രവർത്തകർക്കുണ്ടായിരുന്ന ബന്ധങ്ങളും സ്വാധീനവും തികച്ചും ജനകീയമായിരുന്നു. രണ്ടുമുന്നണികളുടെയും സാമൂഹികാടിത്തറ ഏറക്കുറെ സമാസമമാണ്. ചെറിയ വോട്ടു വ്യത്യാസത്തിലാണ് അവർ മാറിമാറി അധികാരത്തിൽ വരുന്നത്. ഗൗരിയമ്മ മാത്രമാണ് അരൂരിൽനിന്ന് ജയിച്ച് അസംബ്ലിയിലെത്തുന്നത്. തനതായ സാമൂഹികാടിത്തറ ശക്തിപ്പെടുത്തിയാലേ പാർട്ടിക്ക് നിലനിൽക്കാനാവൂ എന്ന് എല്ലവർക്കും ബോധ്യമായി. സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതോടൊപ്പം പ്രവർത്തകരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനുള്ള പദ്ധതികളും തീരുമാനിച്ചു. ഞാനുൾപ്പെടെ ഏതാനും പേരെ പഠനക്ലാസുകൾ നടത്താൻ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ഞാൻ പങ്കെടുക്കുമ്പോൾ വർഗസമരവും സാമൂഹികനീതിക്കു വേണ്ടിയുള്ള സമരവും ഒരുമിപ്പിച്ച് കൊണ്ടുപോകുന്ന ജെ.എസ്.എസ്. രാഷ്ട്രീയത്തിന്റെ പ്രധാന്യവും പുതുമയുംവിശദീകരിക്കാറുണ്ട്. അത് കേട്ടിട്ടുള്ള പലരും ക്ലാസെടുക്കാൻ ഞാൻ തന്നെ ചെല്ലണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ മിക്ക പഞ്ചായത്തു കമ്മിറ്റികളും ഈ ആവശ്യം ആവർത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസവും ഒഴിവില്ലാത്ത വിധം ഞാൻ ക്ലാസെടുക്കേണ്ടി വന്നു. ഗൗരിയമ്മയ്ക്കു ചുറ്റും കൂടിയിരുന്ന ഉപജാപകസംഘം ഇതിൽ അസ്വസ്ഥരായിരുന്നു. പാർട്ടിക്കുള്ളിൽ എന്റെ സ്വാധീനം വർധിക്കുകയാണെന്നും ഇങ്ങനെ പോയാൽ ഞാൻ പാർട്ടി പിടിച്ചെടുക്കു മെന്നും മറ്റും ഗൗരിയമ്മയ്ക്ക് ഓതിക്കൊടുക്കാൻ തുടങ്ങി. എന്നെ തടയിടാനെന്ന പേരിൽ ഞാൻ മറ്റു ജില്ലകളിൽ ക്ലാസെടുക്കാൻ പോകുന്നതിന്‌ സംസ്ഥാനകമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന ഒരു പുതിയചട്ടം ഗൗരിയമ്മ പ്രഖ്യാപിച്ചു. പ്രസിഡന്റ് കുമാരപിള്ള, സെക്രട്ടറി പി. രാമകൃഷ്ണൻ തുടങ്ങിയ മറ്റു നേതാക്കന്മാരെല്ലാം ഈ ഉപജാപകസംഘത്തിന്റെ നീക്കങ്ങളിൽ അസ്വസ്ഥരായിരുന്നു. അവർ എനിക്കെതിരായ 
നീക്കങ്ങളെ എതിർത്തുവെങ്കിലും പ്രയോജനമുണ്ടായില്ല. ഗൗരിയമ്മയും അവർക്കുചുറ്റുമുള്ളവരും ഒരു വശത്തും ബാക്കിയുള്ള പ്രധാനനേതാക്കന്മാരെല്ലാം മറുവശത്തും എന്ന രീതിയിൽ നേതൃത്വം രണ്ടു ചേരിയായി മാറി. ആ അവസ്ഥയിൽ സംഘടനയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്റെ മുൻെെകയിൽ അദ്ദേഹത്തിന്റെ നാടായ കായംകുളത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വെച്ച് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടെ ആറ് പ്രധാന ഭാരവാഹികൾ ജെ.എസ്.എസിൽനിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചത്. ഒട്ടേറെ നിയമ നിർമാണങ്ങൾക്ക് സമർഥമായ നേതൃത്വം നൽകുകയും ശക്തയായ ഭരണാധികാരി എന്ന് തെളിയിക്കുകയും ചെയ്ത ഗൗരിയമ്മ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ തന്റേതായ ഇടംനേടിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സംഘടന കെട്ടിപ്പടുക്കുന്നതിലും നേതൃത്വം നൽകുന്നതിലും അനുഭവസമ്പത്ത് ഒട്ടുമില്ലാതിരുന്നതുകൊണ്ട് ജെ.എസ്.എസിനെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ അവർ പരാജയപ്പെടുകയായിരുന്നു. നേതൃപാടവം ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിൽ  മോശമല്ലാത്ത രാഷ്ടീയ സാന്നിധ്യം ഉറപ്പിക്കാർ അവർക്കു കഴിയുമായിരുന്നു. ഒരു നാമമാത്ര സംഘടനയുമായിട്ടാണ് അവർ കാലം കഴിച്ചത്. ഞങ്ങൾ പിരിഞ്ഞതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് അവരുടെ അടുത്ത അനുയായി ആയ ഒരു ചെറുപ്പക്കാരൻ എന്നെ വിളിച്ച് ജെ.എസ്.എസ്. പുനഃസംഘടിപ്പിക്കാൻ സഹായിക്കുമോ എന്നു ചോദിക്കുകയുണ്ടായി. ഞാൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗൗരിയമ്മയെപ്പോലുള്ള ഒരു സവിശേഷ വ്യക്തിത്വവുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്കിപ്പോൾ ചാരിതാർഥ്യമുണ്ട്.
(അവസാനിച്ചു)