എന്റെ വീട്‌ കടലിൽനിന്നും ഏകദേശം പത്തുമീറ്റർ അകലത്തിലാണ്‌ വർഷകാലത്ത്‌ കടൽ ദ്വീപിനെവന്ന്‌ തൊടും. വേനൽക്കാലത്ത്‌ എന്റെ അയൽപക്ക വീട്ടുകാരെല്ലാം കാറ്റുമറകെട്ടി രാവുറങ്ങുന്നത്‌ ഞങ്ങളുടെ കടപ്പുറത്താണ്‌. പാത്ത്‌ളോടയിലെ മിസാവ്‌ കോയാ ആശാരിയും കുടുംബവും പോക്കയ്യോടയിലെ കാസ്മി മെക്കാനിക്കും കുടുംബവും ബലിയപുരയിലെ ഇക്കാഇയ്യകോയാന്റെ മുക്കുവ കുടുംബവും മലയാട്ടിയോടയിലെ കർഷക കുടുംബവുമൊക്കെ കടപ്പുറത്തെത്തിയാൽ വലിയ ഉത്സവംപോലെയാണ്‌. ഓരോ വീട്ടുകാർക്കും ഓരോ കാറ്റുമറകളുണ്ടായിരുന്നു. ചതുരാകൃതിയിൽ ഓലവെച്ച്‌ കെട്ടിയ ഷെഡ്ഡുകളാണ്‌ കാറ്റുമറകൾ. ഞങ്ങളുടെ കടപ്പുറത്തിലെ കൗതുകമുണർത്തുന്ന കുടുംബമാണ്‌ കിളിയുവ്വാന്റേത്‌. ഉണ്ടപ്പക്രുവിനെപ്പോലെ ചെറിയ മനുഷ്യനായിരുന്നു അയാൾ. അയാളെപോലെ കുറിയ ഒരു പെണ്ണിനെ ആന്ത്രോത്ത്‌ ദ്വീപിൽനിന്നാണ്‌ അയാൾ മംഗലം കഴിച്ചുകൊണ്ടുവന്നത്‌. ബിയ്യാശാ  എന്നായിരുന്നു ഭാര്യയുടെ പേര്‌. ശൈഖിന്റെ പള്ളിക്കടുത്തുള്ള കൊച്ചു സിറാമ്പി (സ്രാമ്പ്യ) യിലായിരുന്നു അവരുടെ താമസം. ചെറിയ കഞ്ഞിപ്ര ബനിയനും (ഷർട്ടിനടിയിലിടുന്ന ബനിയൻ) കള്ളിത്തുണിയുമുടുത്ത്‌ തലേൽ കെട്ടുംകെട്ടി വരുന്ന കിളിഉവ്വാനെ കാണാൻ നല്ല രസമായിരുന്നു. ഉവ്വയ്ക്ക്‌ നന്നായി കഥ പറയാനും പാട്ടുപാടാനും അറിയാമായിരുന്നു.
രാത്രി കാറ്റുമറയ്ക്കുള്ളിൽ സഫീനാപാട്ടുകളും  (ചരിത്ര സംഭവങ്ങളുടെ പാട്ടുരൂപങ്ങൾ) കഥപറച്ചിലുകളുമുണ്ടാവും. ബീത്താക്കോയയാണ്‌ ദ്വീപിലെ കഥപറച്ചിലുകാരൻ. ദ്വീപിലെ നാടോടികളും യാത്രകളിൽനിന്നും കരയിൽനിന്നും കിട്ടിയ അനുഭവങ്ങളുമൊക്കെ ചേർത്താണ്‌ ബീത്താക്കോയ കഥപറയുക. ഒരു കഥയുടെ വാല്‌ മറ്റൊരു കഥയുടെ തുടക്കവുമായി ചേർത്ത്‌ കെട്ടാൻ അദ്ദേഹം മിടുക്കനായിരുന്നു. ഓരോ ദിവസവും ജിജ്ഞാസ ഉണർത്തുന്ന സ്ഥലത്ത്‌ കൊണ്ടുപോയി കഥ നിർത്തുകയും ചെയ്യും. ആഴമുള്ള സൂഫി വർത്തമാനങ്ങൾ ജീവിതാനുഭവങ്ങളുമായി ചേർത്ത്‌ അവതരിപ്പിക്കുക ഹാജി മമ്പനാണ്‌.  ദ്വീപിലെയും വൻകരയിലേക്കും സൂഫി സാധകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു മമ്പന്‌.
കടപ്പുറത്തിരുന്ന ഞങ്ങൾ വടക്കുംതല വളവിലേക്ക് നോക്കിക്കൊണ്ടിരുന്നു. വൻകരയിലേക്ക് ബാപ്പ പോയ ദ്വീപോടം (ദ്വീപുകാർ കരയുമായി ബന്ധപ്പെടാനുപയോഗിച്ചിരുന്ന പായ്‌ പത്തേമാരി) വടക്കുംതലയിലൂടെയാണ് തുറന്നുവരുക. കത്തിച്ച് പിടിച്ച ചൂട്ടുവെളിച്ചം പുറംകടലിലെ കറുമയിൽ (കടലിന്റെ കറുപ്പുനിറം) തെളിയുന്നുണ്ടോ എന്നാണ് നോക്കുന്നത്. കോഴിക്കോട്ടുനിന്നും ഒരാഴ്ചയായി ഓടം പുറപ്പെട്ടിട്ട് ഇതുവരെ എത്തീട്ടില്ല. ഇന്നലെ വടക്കുംതലയിലെ കുളിക്കരപ്പള്ളിയിൽ ‘തർമ്മക്കഞ്ഞി’ (ധർമക്കഞ്ഞി) വെച്ച് വിതരണംചെയ്തിരുന്ന സ്ത്രീകൾ ചേർന്ന് കാറ്റുവിളിച്ചിരുന്നു (ദ്വീപോടം വരാൻ വൈകിയാൽ ദ്വീപിലെ സ്ത്രീകൾ അനുഷ്ഠിക്കുന്ന പ്രാർഥനാ കലാരൂപമാണ്‌ കാറ്റുവിളി). അതിനുശേഷമാണ് ‘അഹ്‌റബ്’ (പടിഞ്ഞാറുദിശയിൽ കാണുന്ന ഒരു ദിശാ നക്ഷത്രം) ദിശയിൽനിന്ന്‌ വീശിയ കാറ്റ് ക്ഷമിച്ചത്. ഇളകിമറിഞ്ഞ് പർവതംപോലെ എഴുന്നേറ്റ് പൊട്ടിച്ചിതറിയ കടൽ ഒന്നടങ്ങിയത്. അതോടെ ഒരാത്മവിശ്വാസം ഞങ്ങളിൽ ഉയർന്നുവന്നു. ദ്വീപിന് ചുറ്റും വളർന്ന് ഈ പ്രപഞ്ചമാകെയും തിങ്ങിനിറഞ്ഞ മഹാപ്രതിഭാസം ഞങ്ങളുടെ നിഷ്‌കളങ്കമനസ്നിനെയും കാണുന്നുണ്ടെന്നൊരു വിശ്വാസം. സമയം കടന്നുപോയിട്ടും കടലതിരുകളിലെവിടെയും ഒരു കടൽ വാഹനവും തെളിഞ്ഞുവന്നില്ല. 
മനസ്സ് ബേജാറാവാൻ തുടങ്ങി. പലവട്ടം വടക്കുംതല വളവിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഉമ്മയും മറ്റു വീടുകളിലെ സ്ത്രീകളും കടപ്പുറത്തേക്ക് വന്നു. ഉക്കാഇയ്യ കോയായും അബ്ബാസ് കാക്കായും ചുട്ടെടുത്ത മീനുകൾ ഓലമിടഞ്ഞതിനുമുകളിലേക്ക് എടുത്തുവെച്ചു. വാഴഇല പൊളിച്ച് മീൻ പൊള്ളിച്ചു. മസാല പുരട്ടിയതിന്റെ ഒരു പ്രത്യേകമണം അവിടമാകെ പരന്നു. കാക്കാ തേങ്ങ പൊതിച്ച് പൂളുകൾ അടർത്തി ഇട്ടുകൊണ്ടിരുന്നു. അപ്പോഴേക്കും കിളിയുവ്വായും ബിയ്യാശായും എത്തി. എല്ലാവരും മീനിന് ചുറ്റുമിരുന്ന് മീനും തേങ്ങായും തിന്നാൻ തുടങ്ങി. ഇടയ്ക്കിടക്ക് എല്ലാരും കടലിന്റെ കോണിലേക്ക് നോക്കിക്കൊണ്ടിരുന്നു. മീൻതിന്ന് സ്ത്രീകളെല്ലാം ചേർന്ന് കാറ്റുവിളിക്കാനൊരുങ്ങി. വട്ടത്തിൽനിന്ന് ‘പാടിണ്ടപാത്ത’ പാടിത്തുടങ്ങി.
‘‘അക്കാറ്റും കാറ്റില്ല ഇക്കാറ്റും കാറ്റില്ല
കീളാവടക്കേപോയി വീശിയടിയള്ളാ കാറ്റേ’’
സ്ത്രീകൾ പാട്ടിനനുസരിച്ച് ചുവടുകൾ വെച്ചു. അവസാനം തുണിത്തുമ്പിൽ കോരി എടുത്ത കാറ്റിനെ കടൽത്തീരത്ത് കൊണ്ടുപോയി കുടഞ്ഞിട്ടു. തുണിത്തുമ്പിൽ നിന്നും വീണ കാറ്റ് കടൽപ്പരപ്പിലൂടെ പാഞ്ഞുപോയോ? സ്ത്രീകൾ മണ്ണിലിരുന്ന് വടക്കുംതലയിലേക്ക് നോക്കിക്കൊണ്ടിരുന്നു. വരുന്ന തിങ്കളാഴ്ച കഴിഞ്ഞാൽ വർഷക്കാലം തുടങ്ങുമെന്നാണ് ‘മാൽമി’മാരുടെ (ദ്വീപോടത്തിൽ കപ്പിത്താൻമാരായി പോകുന്നവർ) കണക്ക്. അതിന് മുമ്പ് ഓടം എത്തിയില്ലെങ്കിൽ കഷ്ടമാണ്. വർഷക്കാലത്തെ കാറ്റ് വീശിവന്ന് അഹ്‌റബ് ദിശയിൽ വീണാൽ പിന്നെ പ്രതീക്ഷകളെല്ലാം അവസാനിക്കും.
വർഷകാലം ദ്വീപിലേക്കെത്തുന്നത് ആൺകാറ്റാണ്. അവൻവന്ന് ദ്വീപിലെ പെൺകാറ്റിനെ മംഗലം കഴിച്ചുകൂടിയാൽ പിന്നെ ഹണിമൂണാണ്. രതിഭാവങ്ങൾക്ക് പുതിയ ഭാവങ്ങളും തീക്ഷ്ണതകളുമുണ്ടാവും. അതിനനസുരിച്ച് കടലിളകിമറിയും. ദ്വീപിലെ തെങ്ങുകളെല്ലാം കാറ്റിനൊപ്പം കിഴക്കോട്ട് തലതിരിച്ച് ആടിക്കൊണ്ടിരിക്കും.
വടക്കുംതലയിൽനിന്നും ഓടത്തിന്റെ ഒരനക്കവും കാണാതെ ഞാൻ മെല്ലെ എഴുന്നേറ്റു. എടുത്തുവെച്ച തെങ്ങിൻ മടലിൽ തലവെച്ച് വെളുത്ത മണ്ണിൽ കാലുപൂഴ്ത്തി ഞാൻ കിടന്നു. ലഗൂണിൽ വേലിയേറ്റത്തിന്റെ വെള്ളംനിറയാൻ തുടങ്ങിയിരിക്കുന്നു. വേലിയേറ്റത്തെക്കുറിച്ച് കിളിയുവ്വയാണ് കഥപറഞ്ഞത്.
പത്തായംപോലെ വലിയ വയറുള്ള ചെംമ്മം മീനുണ്ട് കടലിൽ. പുറംകടലിൽ ചാലിനടുത്ത് ആ മീൻ വന്നുകിടന്ന് കടല് വലിച്ചുകുടിക്കും അതിന്റെ വയർ നിറയുമ്പോഴാണത്രേ വേലിയിറക്കമുണ്ടാവുന്നത്. ആ മീൻ വെള്ളം തുപ്പുമ്പോൾ വേലികയറ്റവും.
‘‘ഓടം കണ്ടിനിയോ...’’
ഉവ്വാവി ഊവി ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ എല്ലാരും വടക്കുംതലയിലേക്ക് നോക്കി വടക്കുംതയിലെ തെങ്ങുകൾക്കിടയിലൂടെ ഒരു വെളിച്ചം കടലിലൂടെ നീങ്ങി നീങ്ങി വരുന്നു. ഓടത്തെ സ്വീകരിക്കാൻവേണ്ടി ആളുകൾ വടക്കോട്ടു നടന്നു. ഞാനും അവർക്ക് പിറകിൽ നടന്നു. ആറുമാസം ജീവിക്കാനുള്ള ചരക്കുകളുമായിട്ടാണ് ഓടം വരുന്നത്.
ഈ ഓടത്തെക്കാളും വലിയ ഒരു പായക്കപ്പലിൽ ജിദ്ദാ തുറമുഖത്തിൽനിന്ന്‌ യാത്രചെയ്ത ഒരു സൂഫി വര്യനാണത്രേ ലക്ഷദ്വീപുകൾ ഉണ്ടാക്കിയത്. അദ്ദേഹം പ്രപഞ്ചത്തിന്റെ പ്രതിരൂപമായിരുന്നത്രേ. കപ്പൽ ഓടിയോടി അറബിക്കടലിലെത്തി. പ്രഭാത പ്രാർഥനയ്ക്ക് ഉറക്കമുണർന്ന സൂഫി അംഗശുദ്ധിവരുത്തി നമസ്കരിച്ചു. കുറെ നേരം കണ്ണടച്ച് ധ്യാനിച്ചു. കണ്ണുതുറന്ന് ചുറ്റിലും നോക്കി. ‘ഫജ്‌റ്’ (വെള്ള കീറുന്നതിനുമുമ്പ്‌ ചക്രവാളത്തിൽ കാണുന്ന പ്രഭാത ശോണിമ) പരന്ന ആകാശം. ശാന്തമായ കടൽ. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി. തന്റെ യാത്രയ്ക്ക് ഒരു അടയാളമുണ്ടാവണമെന്ന് സൂഫി ആഗ്രഹിച്ചു. അയാൾ തന്റെ തസ്ബീഹ്‌മാല പൊട്ടിച്ച് കടലിൽ ഒഴുക്കിവിട്ടു. മുത്തുമണികൾ കടലൊഴുക്കിൽ കുടുങ്ങി അപ്രത്യക്ഷമായി. കാലം കടന്നുപോയി സൂഫിയും പായക്കപ്പലും മടക്കയാത്രയിലായിരുന്നു. അവർ അറബിക്കടലിലെത്തി. ആ അദ്‌ഭുതംകണ്ട് സൂഫി സന്തോഷിച്ചു. താൻ കടലിൽ വിതച്ച മുത്തുമണികൾ ഒരു നൂലിൽ കോർത്ത തസ്ബിഹ്‌മാലപോലെ ദ്വീപുകൾ. അതാണത്രേ ലക്ഷദ്വീപുകൾ. 
ഓടം ലഗൂണിലേക്ക് വലിച്ചുകയറ്റി കരക്കെട്ടുകെട്ടി നേർച്ചയ്ക്കുള്ള കാളകളെ ഇറക്കാൻ തുടങ്ങി. ഞാൻ കര മണക്കുന്ന ഒരു നാരങ്ങയോ മാങ്ങയോ തിന്നാനുള്ള കൊതിയുമായി ഓടത്തിലേക്ക് നോക്കി തെങ്ങിൽചാരിനിന്നു. കടലിൽക്കൂടി നീന്തിക്കയറിയ കാളകൾ തീരത്തുനിന്ന് കിതച്ചു. 
കരയിൽനിന്നുംവന്ന ചന്ദ്രൻമാഷ് ഒരിക്കൽകൊണ്ടുവന്നുതന്ന നാരങ്ങയുടെ രുചി നാവിൽനിന്ന്‌ ഇതുവരെ പോയിട്ടില്ല. മാഷ് വീട്ടിൽ വന്നപ്പോൾ ഉമ്മ പറഞ്ഞിട്ട് പിറകിലെ വാതിലിൽക്കൂടി ഞാൻ ഇറങ്ങി ഓടിയത്, തൊട്ടടുത്ത കായിയുടെ വീട്ടീന്ന് ചായ ഒഴിക്കാനുള്ള ഗ്ലാസും വാങ്ങി തിരിച്ചെത്തിയത്. ബാപ്പയ്ക്കുവേണ്ടി ഉണ്ടാക്കിയ ദ്വീപു ഹൽവയും കൂട്ടി ചായ കൊടുത്തത്. ചന്ദ്രൻ മാഷും നാരങ്ങയും മനസ്സിൽനിന്ന് പോവുന്നേയില്ല. 
ബാപ്പ എനിക്കുവേണ്ടി മലയാളം മണക്കുന്ന കുട കൊണ്ടുവന്നിട്ടുണ്ടാവും. മഴ പെയ്യുമ്പോൾ കരമണവുമായി കുടയും പിടിച്ച് നടക്കാൻ നല്ല രസമായിരിക്കും. ഇതുവരെ കര കണ്ടിട്ടില്ല. ഒരിക്കൽ ബാപ്പാന്റെ കൂടെ ഓടത്തിൽ കരയിലേക്ക് പോവണം. മംഗലാപുരത്തിറങ്ങി മൂക്കിലേക്ക് കര മണപ്പിച്ച് കേറ്റണം. മംഗലാപുരം ബന്തറിലെ തെരുവുകളിലൂടെ മനസ്സും തുറന്നുവെച്ച് നടക്കണം. ബോംബെ ഹോട്ടലിൽ കേറി ബിരിയാണി കഴിക്കണം. തൊപ്പിക്കാരന്റെ കൈയിൽനിന്ന് തൊപ്പിയും അത്തറുകാരനിൽനിന്ന് മണവും വാങ്ങണം. മിസ്‌ക്കീൻ സായിപ്പിന്റെ പക്കൽനിന്ന് തുണിയും കുപ്പത്തതുണിയും (കുപ്പായം തുന്നുന്ന തുണി) വാങ്ങിക്കണം. വലിയ നീളമുള്ള തീവണ്ടിയിൽ കേറി കോഴിക്കോട്ടേക്ക് പോവണം. അവിടെ മിഠായിത്തെരുവിൽനിന്ന്‌ ഹലുവ വാങ്ങിതിന്നണം. കര സ്വപ്നമായി വളരാൻ തുടങ്ങിയിട്ട്‌ കുറേക്കാലമായി. 
ബാപ്പ ഓടത്തിൽനിന്ന്‌ ഇറക്കിക്കൊണ്ടുവന്ന ഒരു കെട്ട് എന്റെ െെകയിൽ തന്നു. ഞാൻ അത് കഴുത്തിൽവെച്ച് വീട്ടിലേക്ക് കൊണ്ടുപോയി. അത് മസാലക്കെട്ടായിരുന്നു. കെട്ടിൽനിന്ന്‌ കരയുടെ മണം. കര എന്നാൽ, ദ്വീപുകാരന് മലയാളക്കരയാണ്. കന്യാകുമാരി മുതൽ ഗുജറാത്തുവരെ ദ്വീപുകാർ ബന്ധപ്പെടുന്ന എല്ലാ കരയും അവന് മലയാളക്കരയാണ്. ആ കര കാണാനുള്ള സ്വപ്നമാണ് അറിഞ്ഞ് തുടങ്ങുന്ന കാലം മുതൽ ഓരോ ദ്വീപുകാരനും ഉള്ളിൽ സൂക്ഷിക്കുന്നത്. ഞാൻതന്നെ ആദ്യമായി കരയിൽ കാലുകുത്തിയപ്പോൾ അടിക്കാലിൽനിന്നും നിറുകംതലവരെ ഒരു കോരിത്തരിപ്പ് പാഞ്ഞുപോയത് എനിക്കോർമയുണ്ട്. ചെരിപ്പൂരി എറിഞ്ഞ് ആ ചുവന്ന മണ്ണിൽ ചവിട്ടിനിന്നിട്ടുണ്ട്. എപ്പോൾ കരയിൽ വന്നാലും എനിക്ക് വല്ലാത്തൊരു അനുഭൂതി ഞാൻ അനുഭവിക്കുന്നുണ്ട്. കടൽ മതിലുകൾതീർത്ത, ചുറ്റിലും ആകാശം പിഞ്ഞാണം കമിഴ്ത്തിയ ഏകാന്തതയ്ക്കുള്ളിലെ ശാന്തതയ്ക്ക് വൻകര പലപ്പോഴും ആഘോഷമായി മാറുന്നു. പക്ഷേ, എന്റെയുള്ളിലെ ദ്വീപുകാരൻ എപ്പോഴും കടപ്പുറങ്ങളും കാറ്റുമറയും ചുട്ടുതിന്ന മീൻ രുചികളുമായി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു.