:വെള്ളിത്തിരയിൽ ബംഗാളി കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയനായ നടൻ സന്തോഷ് ലക്ഷ്മൺ ആദ്യമായി സംവിധാനംചെയ്ത സിനിമ പ്രേക്ഷകർക്കു മുന്നിൽ
ഒരു വടക്കൻ സെൽഫിയിൽ നിവിൻ പോളിയോടൊപ്പം കോമ്പിനേഷൻ സീനിൽ അഭിനയിക്കാൻ ബംഗാളിയെ വേണം, സംവിധായകനും പ്രൊഡക്‌ഷൻ കൺട്രോളറുമെല്ലാം ബംഗാളിക്കായി പലവഴി അന്വേഷണം നടത്തുന്നതിനിടയിലാണ് സംവിധായകൻ തന്റെ അസിസ്റ്റന്റിനെ ഒന്ന് സൂക്ഷിച്ചുനോക്കിയത്. ബംഗാളി ഛായ തോന്നിക്കുന്ന ആ മുഖം കണ്ടപ്പോൾ അവർ ഒന്നുറപ്പിച്ചു ‘ഇതാണ് നുമ്മ അന്വേഷിച്ച നടനെന്ന്’. അങ്ങനെയാണ് സന്തോഷ് ലക്ഷ്മണൻ ആദ്യമായി ബംഗാളി കഥാപാത്രമാകുന്നത്. അതൊരു പുതിയ തുടക്കമാകുമെന്ന് സ്വപ്നത്തിൽപ്പോലും സന്തോഷ് വിചാരിച്ചിരുന്നില്ല. ആക്‌ഷൻ ഹീറോ ബിജു, ആൻ മരിയ കലിപ്പിലാണ്, 1971 ബിയോണ്ട് ബോർഡേഴ്സ്, വികൃതി, 41, അഞ്ചാം പാതിരാ തുടങ്ങി പിന്നാലെ ബംഗാളി കഥാപാത്രമാകാൻ ഒരുപിടി ചിത്രങ്ങൾ ഓടിയെത്തി. വെള്ളിത്തിരയിൽ അസൽ ബംഗാളിയായാണ് വിലസുന്നതെങ്കിലും സന്തോഷ് ലക്ഷ്മൺ യഥാർഥത്തിൽ മലയാളിയാണ്. കൊല്ലം ഇരവിപുരം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കൊച്ചിയിലാണ് താമസം. അസിസ്റ്റന്റ് ഡയറക്ടർ, നടൻ എന്നീ നിലകളിൽ തിളങ്ങിയ സന്തോഷ് ലക്ഷ്മൺ ദി ലാസ്റ്റ് ടു ഡേയ്സിലൂടെ സംവിധായകനായിരിക്കുകയാണ്. 
അവസാന രണ്ടു ദിവസങ്ങൾ
ദീപക് പറമ്പോൾ, ധർമജൻ ബോൾഗാട്ടി, നന്ദൻ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനംചെയ്ത ചിത്രമാണ് ‘ദി ലാസ്റ്റ് ടു ഡേയ്സ്. ചിത്രം നീസ്ട്രീം ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മേജർ രവി, വിനീത് മോഹൻ, അബു വാളയംകുളം, സുർജിത്ത്, ഹരികൃഷ്ണൻ, അജ്മൽ, അഭിലാഷ് ഹുസൈൻ, അദിതി രവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒരുനാട്ടിൽ മൂന്ന് ചെറുപ്പക്കാരെ കാണാതാവുന്നു. പോലീസ് അന്വേഷിച്ചെങ്കിലും കേസ് തെളിയിക്കാനാകുന്നില്ല. തുടർന്ന്, മറ്റൊരു പോലീസ് ഓഫീസറെ അൺ ഒഫീഷ്യലായി അന്വേഷണത്തിനായി അയക്കുന്നു. ഒരു തുമ്പും ഇല്ലാതെ ആ നാട്ടിൽ എത്തിയ ഓഫീസർ ഒരിക്കലും തെളിയാതെ കിടന്നിരുന്ന മറ്റു മൂന്ന് കേസുകൾകൂടി രണ്ടുദിവസംകൊണ്ട്  തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.