ഒട്ടുമിക്ക മനുഷ്യനാഗരികതകളും നദീതീരങ്ങളിലാണ് ഉണ്ടായതെന്ന്  നാമെല്ലാം പള്ളിക്കൂടംമുതൽ കേട്ടുശീലിച്ച ഒരു സാമൂഹികപാഠമാണ്. അതിനാൽ, നദികളായ ടൈഗ്രിസും നൈലും സിന്ധുവും നമ്മുടെ സ്മൃതികളിൽ വലിയ പുഴകളെക്കാളുപരി ആദിമനാഗരികതകൾ പുലർന്ന നദീതടങ്ങളായി മാറി. ഇന്നും ലോകത്തിലെ പ്രധാന ആധുനികനഗരങ്ങളിൽ പോയാൽ ആ ജനപദങ്ങൾക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയെയെങ്കിലും നാം കാണും. നഗരങ്ങൾ ടൂറിസം ഭൂപടത്തിൽ അവയുടെ ജീവദായിനികളായ വെള്ളൊഴുക്കിന്റെ നീലിമയെ രേഖപ്പെടുത്തിയിരിക്കും, ഒരു കാഴ്ചയായി. എന്നാൽ, ഡൽഹിയിൽ നിങ്ങൾ വരൂ. യമുനയെ നമുക്കു കാണാൻ കഴിയില്ല. നാം യമുനയെ കാണാതിരിക്കാൻ നാഗരാസൂത്രകർ നമുക്കും നദിക്കും ഇടയിൽ മറവുകൾ ഉയർത്തിയിരിക്കുന്നു. മറവുകൾ മനുഷ്യന് മറവിയുടെ ചുവരുകളാണ്. ആ ചുവരിൽ നാം പുതിയ ജീവിതത്തെക്കുറിച്ചുമാത്രം എഴുതുന്നു. കറുത്ത യമുന പരിത്യക്തയായ കുറ്റവാളിയെപ്പോലെ, ആരെയും കാണാതെ, ആരും കാണാതെ... ഡൽഹിയുടെ പ്രകടയുക്തിയിൽ ഇപ്പോൾ യമുനയില്ല. എന്നാൽ, ഡൽഹിയുടെ ആധാരയുക്തി ഈ നദിയാണുതാനും. മെസോപ്പൊട്ടാമിയയ്ക്ക് ടൈഗ്രിസ് എന്നപോലെ.
കോവിഡ് രണ്ടാം തരംഗത്തിൽ തളർന്ന ഡൽഹിയിൽ ഇരുന്നാണ് നഗരത്തിന്റെ മറവികളുടെ രൂപകമായി ഞാൻ യമുനയെ സങ്കല്പിക്കുന്നത്. പ്രതിരോധശേഷി രൂപപ്പെടുത്തുന്ന സ്മൃതികോശങ്ങൾ രക്തത്തിൽ ഉണ്ടെന്ന് ആധുനിക ജീവശാസ്ത്രം പറയുന്നു. അതുപോലെ ഈ നഗരത്തിനും അതിന്റേതായ സ്മൃതികോശങ്ങൾ ഉണ്ട്, യമുന എന്ന രക്തധമനിയിൽ. അതേക്കുറിച്ചാണ് ഈ എഴുത്ത്. എന്റെ ഡൽഹി ജീവിതപശ്ചാത്തലത്തിൽ.
കഴിഞ്ഞ ഒരുകൊല്ലത്തിലേറെയായി ഒരു വീട്ടിൽ അടയിരിക്കുകയാണ് ഞാൻ. എന്നാൽ, വിരിയാൻ വെമ്പുന്ന മുട്ടകളില്ല. ഭയങ്കരമായ ശൂന്യതയുടെ മേലുള്ള അടയിരിക്കൽ.  
ഭയങ്കരമിദം ശൂന്യം
വേതാളനഗരം യഥാ
തഥൈവ വിശ്വമഖിലം
വ്യകരോദദ്ഭുതം വിഭുഃ 
എന്ന് നാരായണഗുരു ദർശനമാലയിൽ എഴുതിയതുപോലെ. (ഈ ലോകം വേതാളനഗരം പോലെ ഭയം ജനിപ്പിക്കുന്നു. അതേസമയം, ഇത് ശൂന്യവുമാണ്. എനിക്കേറ്റവും അദ്‌ഭുതകരമായി തോന്നുന്നത് ശൂന്യമെങ്കിൽ ഈ വേതാളനഗരത്തെ  ഈശ്വരൻ എന്തിന് സൃഷ്ടിച്ചു എന്നതാണ്)
ഞാൻ ഡൽഹിയിൽ എത്തിയത് 1996-ലാണ്. അപ്പോഴേക്കും ഒ.വി. വിജയൻ ഈ നഗരം വിട്ടിരുന്നു. പക്ഷേ, നഗരം അതിന്റെ കോശസ്മൃതിയിൽ ഇപ്പോഴും വിജയനെയും പൂച്ചയെയും കരുതിവെച്ചിരിക്കുന്നു, ഒരു പുരാശേഖരം കണക്കെ. പക്ഷേ, വിജയന്റെ ഡൽഹിയിലെ സായാഹ്നകാലം ഈ കോവിഡ് കാലത്തേതെന്നപോലെ, അധികം പുറത്തിറങ്ങാതെ, ഒതുങ്ങിയതായിരുന്നു. അദ്ദേഹത്തിന്റെ ധർമയുദ്ധപ്രമേയമായിരുന്ന സോവിയറ്റ് യൂണിയൻ തിരോധാനം ചെയ്തിരുന്നു. അനങ്ങാത്ത മല പോലെയുള്ള ഒരു ബ്രഷ്‌നേവിനെ വിജയനിലെ പ്രവാചകൻ വരച്ചത് ഈ നഗരത്തിലിരുന്നായിരുന്നു.  സൂക്ഷ്മാണുദർശിനിയായിരുന്ന ആ റഡാറിന് നിരീക്ഷിക്കാൻ ഒന്നും ചുറ്റുമില്ലാതായതുപോലെ തോന്നിയിരിക്കണം. അതിനാൽ അദ്ദേഹം ഈ നഗരത്തെ പരിത്യജിച്ചു, ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു കാർട്ടൂണിസ്റ്റ്‌ സ്വന്തം വരകളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതുപോലെ. ഇപ്പോൾ ഒരു സൂക്ഷ്മാണു ബ്രഹ്മാണ്ഡദില്ലിയെ നിസ്സാരമാക്കുമ്പോൾ ഒരു തുള്ളി കറുത്തമഷിയാൽ ആ കൃശഃശരീരി എന്തായിരുന്നിരിക്കും ഈ നഗരത്തിലിരുന്ന് വരയ്ക്കാനിടയുണ്ടായിരുന്നത് !
ഞാൻ ഡൽഹിയിൽ വരുമ്പോൾ സൻസദ് മാർഗിൽ ആകാശവാണിക്കു മുന്നിൽ ഒരു ചെരിപ്പുകുത്തിയുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് എൺപതുവയസ്സു മതിക്കുമായിരുന്നു. ഡൽഹി നഗരം കേരളത്തിൽനിന്നു വ്യത്യസ്തമാണെന്ന് എന്നെ ആദ്യം പഠിപ്പിച്ചത് റാംദാസ് ആയിരുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ കൂട്ടുകാരനായിരുന്ന  മുസ്‌ലിം ചെരിപ്പുകുത്തി ലഖ്‌നൗവിൽനിന്നു പാകിസ്താനിലേക്കുപോകും വഴി കൊല്ലപ്പെട്ടു. അക്കാലത്ത് ലഹോറിൽനിന്ന്‌ ഇന്ത്യൻ പഞ്ചാബിലേക്കു വന്ന പഞ്ചാബി ഹിന്ദു ചെരിപ്പുകുത്തികൾ (മോച്ചി സമുദായം) ഇങ്ങോട്ടുവരും വഴി കൊല്ലപ്പെട്ടു. റാംദാസ് എന്നോടു പറഞ്ഞത് അക്കാലത്ത് അയാൾ നന്നാക്കിയിരുന്ന ചെരിപ്പുകളിൽ പലതും ലഹോറിൽ നടന്നു തേഞ്ഞവയാണെന്നാണ്. മരണപ്പെട്ട മുസ്‌ലിം മോച്ചിയുടെ മകൾ ലഹോറിൽ ഉണ്ടെന്നു മനസ്സിലാക്കിയത് അക്കാലത്ത് വിവിധ് ഭാരതിയിൽ ബാപ്പായ്ക്ക് സമർപ്പിച്ചുകൊണ്ട് അവൾ ഒരു ഗാനം ആവശ്യപ്പെട്ടപ്പോഴാണ്. റാംദാസ്  ആകാശവാണിയിൽനിന്ന്‌ അവളുടെ വിലാസം വാങ്ങി 1960-ൽ ഒരു കത്തെഴുതി. അവൾ ലഹോറിൽ ഒരു ചെറിയ തയ്യൽക്കട നടത്തുന്നു. ഭർത്താവ് ചെരിപ്പുകുത്തുന്നു. ‘‘അവൾ ലഖ്‌നൗവിലെ ചികൻശൈലീതയ്യലിൽ മിടുക്കിയാണ്‌’’ -റാംദാസ് പറഞ്ഞു. വിഭജനശേഷം ലഹോറിൽ പോയ ഇന്ത്യൻ മുസ്‌ലിങ്ങൾ അവൾ നെയ്ത നിലാവുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചുകാണണം. ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി ഞാൻ ആകാശവാണിയിലെ സുഹൃത്ത് രാകേഷിനോട് ചോദിച്ചു: ‘‘റാംദാസിന്റെ മകൻ ഇപ്പോൾ ചെരിപ്പുകുത്താൻ വരുന്നുണ്ടോ’’. രാകേഷ് മറുപടി പറഞ്ഞു: ‘‘ആളുകൾ വഴി നടക്കാത്ത കാലത്ത് എന്ത് ചെരിപ്പുകുത്ത്, സാർ ? ഒരാണ്ടായി അയാൾ വരാറില്ല, ആർക്കറിയാം എവിടെയെന്ന് !’’
1941-ൽ കൽക്കട്ട മുനിസിപ്പൽ ഗസറ്റ് പ്രസിദ്ധീകരിച്ച ടാഗോർ സ്മാരക പതിപ്പിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി എനിക്കു നൽകിയത് ഗൗരബ് ഗംഗോപാധ്യായ ആണ്. ഇരുനൂറുപേജുള്ള ഈ സ്മരണികയ്ക്ക് അന്ന് ഒരു രൂപയായിരുന്നു വില. അതിൽ രബീന്ദ്രനാഥ് ടാഗോറിന്റെ അവസാനദിവസങ്ങളെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങളുണ്ട്. പുസ്തകത്തിന്റെ പകർപ്പ് എനിക്കു നൽകിയ ഗംഗോപാധ്യായ പറഞ്ഞു: ‘‘ടാഗോറിന്റെ അന്ത്യയാത്രയിൽ അദ്ദേഹത്തോടുള്ള അടങ്ങാത്ത സ്നേഹവും വേർപാടിന്റെ ദുഃഖവും താങ്ങാനാവാതെ ആളുകൾ ഗുരുദേവിന്റെ മുഖത്തെ താടിരോമങ്ങൾ പിഴുതു കൊണ്ടുപോയി, സൂക്ഷിച്ചുവെക്കാൻ’’. ഗൗരബ് ആകാശവാണി ആർക്കൈവ്‌സിൽ എന്റെ കൂടെ ഒരു ദശകക്കാലം ഉണ്ടായിരുന്നു. എന്നെങ്കിലും രണ്ടു ബംഗാളുകൾ വീണ്ടും ഒന്നിക്കുമെന്നും അന്ന്, വന്ദ്യവയോധികയായ അമ്മയുമായി ജന്മനാടായ കിഴക്കൻ ബംഗാളിലേക്ക് പോകണമെന്നും സ്വപ്നം കണ്ടിരുന്നു, എന്റെ സഹപ്രവർത്തകൻ. ഞാൻ ഗൗരബിനോട് പറയുമായിരുന്നു, ബംഗ്ലാദേശിന്റെ ജനനപശ്ചാത്തലത്തിൽ ഒ.വി. വിജയൻ എഴുതിയ മലയാളം നോവലിനെക്കുറിച്ച്. ഒരിക്കൽ ഞാൻ ആ ബംഗാളി സുഹൃത്തിനോട് പറഞ്ഞു: ‘‘1940-കളിൽ കേരളത്തിൽ ടാഗോർ എന്ന പേരിൽ ഒരു സാഹിത്യമാസിക ഉണ്ടായിരുന്നു. എന്നാൽ, മലയാളിയുടെ  ഗുരുദേവന്റെ നല്ല ഒരു ബംഗാളി പരിഭാഷ ഇപ്പോഴും നിങ്ങൾക്കില്ല’’. കഴിഞ്ഞദിവസം ഞാൻ ഗൗരബിനെ വിളിച്ചിരുന്നു. ഗൗരബ് പറഞ്ഞു, വേണ്ടപ്പെട്ടവർ പലരും കോവിഡ് വന്നു മരിച്ചുവെന്ന്. ഒരാൾ ഞങ്ങൾ രണ്ടുപേർക്കും വേണ്ടപ്പെട്ടയാൾ. ഒഡിയ കവിയായിരുന്ന അഭയകുമാർ പാഠി. വാജ്‌പേയി മന്ത്രിസഭയിൽ നവീൻ പട്‌നായിക് ഖനനമന്ത്രിയായിരുന്നപ്പോൾ  പാഠിയുടെ കൂടെ ഞാൻ പോകുമായിരുന്നു മന്ത്രിയുടെ വീട്ടിൽ. ഒഡിയ അറിയില്ലാത്ത പട്‌നായിക്കിന് ഭാഷ പഠിപ്പിച്ചിരുന്നത് പാഠിയായിരുന്നു. കോവിഡ് പാഠിയെ കൊണ്ടുപോയി.
ഞാൻ ആകാശവാണിയിൽ ഉണ്ടായിരുന്നപ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് വിളിക്കുമായിരുന്ന ടാക്സിഡ്രൈവറുടെ പേര് സുഖ്‌ദേവ് സിങ്ങ് എന്നായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1984-ൽ സിക്കുകാർക്കെതിരേ കലാപമുണ്ടായപ്പോൾ ഒരു തെറ്റും ചെയ്യാതെ ബറേലിയിലെ ജയിലിൽ ഒരു കൊല്ലം കിടക്കേണ്ടിവന്നയാൾ. പോലീസ് സുഖ്‌ദേവിന്റെ മതമുദ്രയായ തലമുടി മുറിച്ചുമാറ്റി, തടവിലിട്ടു. കുടുംബം കരുതി അയാൾ കൊല്ലപ്പെട്ടുവെന്ന്. ജയിൽ സുഖ്‌ദേവിന് നൽകിയത് ഒരിക്കലും ശമിക്കാത്ത സോറിയാസിസ് രോഗം. ജയിലിൽനിന്ന്‌ 1986-ൽ പുറത്തിറങ്ങിയ സുഖ്‌ദേവ് സിങ്ങ് മതാചാരപ്രകാരമുള്ള എല്ലാ സിഖ് മുദ്രകളും ഉപേക്ഷിച്ചു. ഗുരുദ്വാരകളിൽ പോകുന്നത് അവസാനിപ്പിച്ചു. അയാളുടെ ബന്ധുക്കൾ പലരും 1984-ൽ കൊല്ലപ്പെട്ടു. ഞാൻ ഇരുപതുകൊല്ലങ്ങൾക്കു മുന്നേ സുഖ്ദേവ് സിങ്ങിനോടു ചോദിച്ചു: ‘‘പരാതിയില്ലേ ? ക്രോധമില്ലേ ?’’. സുഖ്ദേവ് പറഞ്ഞു: ‘‘ഞാൻ ജയിലിൽ ആയിരുന്നപ്പോൾ മരിച്ച എന്റെ രണ്ടു വയസ്സുകാരി മകളെ ആരു തിരിച്ചുതരും ? എനിക്ക് ആരോടും ഒരു പരാതിയുമില്ല’’. ഏതാണ്ട് പതിന്നാലു വർഷങ്ങൾക്കുശേഷം, ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി ഏപ്രിൽ മുപ്പതാം തീയതി ഞാൻ സുഖ്‌ദേവിനെ വിളിച്ചു. അയാൾ എന്റെ ശബ്ദം തിരിച്ചറിഞ്ഞു. ഞാൻ വിളിക്കുമ്പോൾ അയാൾ പഞ്ചാബിലെ കർണാലിൽ ഒരു കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 
സാഞ്ജലയെ അറിയുംമുൻപേ അവളുടെ അച്ഛനെ ഞാൻ അറിയും. ലസ്സാ കൗൾ. 1990-ൽ കശ്മീരി തീവ്രവാദികൾ വെടിവെച്ചു കൊന്ന ശ്രീനഗർ ദൂരദർശൻ ഡയറക്ടർ.

രോഗാതുരരായ അച്ഛനമ്മമാരെ കാണാനായി വീട്ടിൽ എത്തി കാറിൽ നിന്നിറങ്ങുമ്പോൾ വെടിവെക്കപ്പെട്ടു. ലസ്സാ കൗളിന് അന്ന് നാല്പത്തിയഞ്ച് വയസ്സ്. അദ്ദേഹത്തിന്റെ മകൾ  സാഞ്ജല അങ്ങനെയാണ് എന്റെ സഹപ്രവർത്തകയായി ഡൽഹിയിൽ എത്തിയത്. നാം പുസ്തകം വായിച്ചനുഭവിക്കുന്നതുപോലെയല്ല അടിപതറുന്ന ജീവിതങ്ങളെ നേരിട്ടു പരിചയപ്പെടുന്നത്. സാഞ്ജല ഇപ്പോഴും നല്ല സുഹൃത്താണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് രാഷ്ട്രീയശരികളുടെ അടിസ്ഥാനത്തിൽ ആളുകൾ സംസാരിക്കുന്ന വേളകളിൽ ഒന്നും മിണ്ടാതെ നക്ഷത്രദൂരത്തിലുള്ള ലോകനീതിതാരത്തെ നോക്കിയിരിക്കാറുള്ള സാഞ്ജലയെ ഞാൻ ഓർക്കുന്നു.
ഞാൻ ഫോണിൽ വിളിച്ചു. സാഞ്ജല പറഞ്ഞു: ‘‘ഗോപാൽജി നമ്മുടെ കൂടെയുണ്ടായിരുന്ന ഉർദു വിഭാഗത്തിലെ ജാഫ്രി, ഹാഷ്മി, ഹമീദ് എന്നിവർ കഴിഞ്ഞയാഴ്ച മരിച്ചു.’’ ഞാൻ ചോദിച്ചു: ‘‘അമ്മ എന്തു പറയുന്നു ?’’.
സാഞ്ജല പറഞ്ഞു: ‘‘എഴുപത്തഞ്ചുവയസ്സായി... ആരോഗ്യവതിയായിരിക്കുന്നു’’.
ഡൽഹിയിലെ പഹാഡ് ഗഞ്ജിലെ 1167 നമ്പർ കട വളരെ ചെറുതാണ്. വിജയകുമാർ സിക്ക എന്ന വൃദ്ധന്റെ കട. അവിടെനിന്നായിരുന്നു ഡൽഹി ശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങൾ 2000-2005 വർഷങ്ങളിൽ ഞങ്ങൾ വാങ്ങിയിരുന്നത്. പാകിസ്താനിൽനിന്നും അഭയാർഥികളായി വന്നവർക്ക് അനുവദിച്ചുകൊടുത്ത കടകളിൽ ഒന്ന്. 2005-ലെ ദീപാവലിത്തലേന്ന് ഡൽഹിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ സിക്ക കൊല്ലപ്പെട്ടു. കടയ്ക്കുമുന്നിലായിരുന്നു ബോംബ് പൊട്ടിയത്. സംഭവത്തിന് ഒരാഴ്ചയ്ക്കുശേഷം ഞാൻ ചെന്നു. മകൻ കട തുറന്നിരുന്നു. മകൻ എന്നോട് പറഞ്ഞു: ‘‘ബോംബ് പൊട്ടുന്നതിന് രണ്ടു മിനിറ്റു മുമ്പുവരെ അച്ഛൻ കടയ്ക്കകത്തും ഞാൻ പുറത്തുമായിരുന്നു. കടയിൽ തീർന്നുപോയ പോളിത്തീൻ ബാഗ് വാങ്ങാനായി അച്ഛൻ പുറത്തിറങ്ങി. ഞാൻ അകത്തുകയറി. മിനിറ്റുകൾക്കകം കാതടപ്പിക്കുന്ന ശബ്ദം. എന്തിനാണാവോ ദൈവം എന്നെ അകത്തുകയറ്റിയതും അച്ഛനെ കൊണ്ടുപോയതും ?’’. ഞാൻ, മകൻ രാജ്കുമാറിനെ കഴിഞ്ഞ ദിവസം വിളിച്ചു, പരിചയം പുതുക്കാൻ. അയാൾ പറഞ്ഞു: ‘‘നിങ്ങൾ കുട്ടികൾക്കുള്ള സ്കൂൾ ബാഗുകൾ വാങ്ങിക്കൊണ്ടിരുന്ന റസ്തോഗിയുടെ കട ഓർമയുണ്ടോ ? റസ്തോഗി ഇന്നു രാവിലേ കോവിഡ് വന്നു മരിച്ചു’’.
ദില്ലി ഘരാനയിലെ ഗായികയാണ് ഡോക്ടർ മല്ലികാ ബാനർജി. ഞങ്ങൾ ഒരുമിച്ച് ആകാശവാണി ആർക്കൈവ്‌സിൽ പ്രവർത്തിക്കുമ്പോഴാണ് ആകാശവാണിയുടെ സംഗീതശേഖരത്തിൽ നിന്നുമുള്ള ഭജനുകൾ ഒരു സി.ഡി.യായി പുറത്തിറക്കാൻ തീരുമാനിച്ചത്. ഏഴോളം പ്രമുഖ ഗായകരുടെ ഭജനുകൾ, ഏഴു ഘരാനകളിൽ നിന്നുള്ളവർ. അങ്ങനെയാണ് ബനാറസ് ഘരാനയിലെ ഗായകസഹോദരന്മാരായ പണ്ഡിറ്റ് രാജൻ മിശ്ര, പണ്ഡിറ്റ് സാജൻ മിശ്ര എന്നിവരുടെ ‘ജഗത് മേ ജൂട്ടി ദേഖി പ്രീത്’ എന്ന നാനാക് ഭജൻ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സമ്മതം വാങ്ങാൻ ഞങ്ങൾ അവരുടെ ഡൽഹിയിലെ വീട്ടിൽ പോയി. ബനാറസ് ഘരാനയെപ്പറ്റി സംസാരിച്ചിരുന്നു കുറച്ചുനേരം. ബനാറസിൽനിന്നു ഡൽഹിയിൽ വരാനിടയായ സാഹചര്യങ്ങൾ പറഞ്ഞു. 2021 ഇതു ഞാൻ എഴുതുമ്പോൾ പണ്ഡിറ്റ് രാജൻ മിശ്ര നമ്മുടെ കൂടെയില്ല. ഡൽഹി ആശുപത്രിയിൽ ഒരു വെന്റിലേറ്റർ സമയത്തിനു കിട്ടാത്തതിനാൽ ശ്വാസം കിട്ടാതെ ആ മഹാഗായകൻ കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹിയിലെ എന്റെ ഇരുപതാണ്ടുകളിൽ ഒരുകൊല്ലം കുറഞ്ഞത് ഒരുതവണയെങ്കിലും ഞാൻ അവരുടെ പാട്ടുകച്ചേരിക്ക് പോയിരുന്നു.

കാർട്ടൂണിസ്റ്റ്‌ ഇ.പി. ഉണ്ണിയുടെ രാജേന്ദ്രനഗറിലെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഞാൻ. അങ്ങനെ ഒരു വൈകുന്നേരം. 2001 സെപ്റ്റംബർ പതിനൊന്ന്. ഉണ്ണി പിറ്റേന്നത്തേക്കുള്ള കാർട്ടൂൺ പത്രത്തിന് അയച്ചുകൊടുത്തിരുന്നു. മേശപ്പുറത്ത് ഒരു സൈക്കിളിൽ മുലായംസിങ് യാദവ് ചിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ടി.വി.യിൽ ഒന്നിനുപിറകെ ഒന്നായി രണ്ടുവിമാനങ്ങൾ രണ്ട് അംബരചുംബികളായ കെട്ടിടങ്ങൾ തകർക്കുന്നത് ഞങ്ങൾ കാണുന്നത്. ഉണ്ണിക്ക്‌ പത്രമോഫീസിൽനിന്ന്‌ ഫോൺ വന്നു... നാളത്തെ കാർട്ടൂൺ മാറ്റണ്ടേ?  ഉണ്ണി കുളിക്കാൻ കയറി. തിരികെ വന്ന് കടലാസും കറുത്തമഷിയുമെടുത്തു. ഭീമാകാരനായ അമേരിക്കയെ ഒരു ചെറുബാലൻ ഒരു കടലാസു റോക്കറ്റുകൊണ്ട് എയ്തു വീഴ്ത്തുന്നു...
ഇന്ന്, ഈ മഹാനഗരം ഒരു സൂക്ഷ്മാണുപ്രസരത്തിൽ ശ്വാസം വിടാനാവാതെ നിൽക്കുമ്പോൾ ആ ചിത്രം ഓർമവരുന്നു. കൂടെ കറുത്ത യമുന എന്ന ഒരന്തർധാരയും. വായിച്ചതോർക്കുന്നു, മുഗൾ ചക്രവർത്തിമാർ യമുനയിലെ വെള്ളം കുടിക്കാറില്ലായിരുന്നുവെന്നും തൊട്ടടുത്ത ഗംഗാതീരത്തുനിന്നും ഒട്ടകപ്പുറത്ത് വെള്ളം കൊണ്ടുവരുമായിരുന്നു എന്നും. യമുനയിലെ വെള്ളം കുടിച്ചാൽ അധികാരം നിലനിൽക്കില്ല എന്നവർ വിശ്വസിച്ചിരുന്നത്രേ.