സന്തോഷ് കുമാർ,
Ascent to Glory എന്ന എന്റെ പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ് താങ്കൾ mathrubhumi.com -ൽ എഴുതിയതായി അറിഞ്ഞു. നിർഭാഗ്യവശാൽ എനിക്കു മലയാളം അറിയില്ല. പക്ഷേ, ‘ഗൂഗിൾ ട്രാൻസ്ലേറ്റി’ന്റെ സഹായത്തോടെ ഞാൻ അതു വായിച്ച് ഏകദേശം മനസ്സിലാക്കി. വിശദമായ ഒരു റിവ്യൂ എഴുതിയതിന് ഏറെ നന്ദി. എനിക്ക് അതു വളരെ ഇഷ്ടപ്പെട്ടു. ഗബ്രിയേൽ ഗാർസ്യാ മാർക്കേസ് മലയാളത്തിൽ ഇത്രയും ജനകീയനാണെന്നതിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചിട്ടില്ല എന്നു താങ്കൾ എഴുതിക്കണ്ടു. അതിനെക്കുറിച്ച് എനിക്കു കൂടുതൽ അറിയണമെന്നുണ്ട്. വിവരങ്ങൾ തന്നു സഹായിക്കാമോ? 
എങ്കിൽ അതെനിക്ക് ഈ പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പിൽ ഉപയോഗിക്കാൻ സാധിക്കും. ഈ പുസ്തകത്തിന്റെ നേരിട്ടുള്ള വിവർത്തനമായിട്ടല്ല  അതു വിഭാവനം ചെയ്യുന്നത്, പകരം ഇംഗ്ലീഷിലും സ്പാനിഷിലും വരുന്ന ഒരു ഇരട്ട പുസ്തകംപോലെ. റിവ്യൂ ഇംഗ്ലീഷിലേക്കും വരണമെന്ന് ആഗ്രഹിക്കുന്നു. താങ്കൾക്കും പത്രാധിപർക്കും എന്റെ നന്ദി. എന്റെ പുസ്തകത്തെക്കുറിച്ച് ഇതുവരെ വന്ന ഏറ്റവും മനോഹരമായ റിവ്യൂ ആണിത്. അതിന്റെ ഒരു പ്രിന്റ് കോപ്പി അയച്ചുതരാൻ ബുദ്ധിമുട്ടുണ്ടാകുമോ? അച്ചടിച്ച ഒരു കോപ്പി വേണമെന്ന് എനിക്കുണ്ട്. ബന്ധുമിത്രാദികളെല്ലാവരും സുരക്ഷിതരാണെന്നു കരുതട്ടെ. കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിൽനിന്നു വരുന്ന വാർത്തകളിൽ വലിയ സങ്കടമുണ്ട്.
ആശംസകളോടെ 
അൽവാരോ

 

(അൽവാരോ സന്താനാ അക്യുന്യ വാഷിങ്ടണിലെ വിറ്റ്മാൻ കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. കൂടാതെ മാർക്കേസ്, ഫോക്‌നർ, ഹെമിങ്‌വേ, ജോയ്‌സ്, ബോർഹസ്, കോർതസാർ, വെർജീനിയ വുൾഫ് എന്നിവരുമായി ബന്ധപ്പെട്ട രേഖകൾ സമാഹരിച്ച് ഒരുക്കുന്ന ‘ഗബ്രിയൽ ഗാർസ്യ മാർക്കേസ്: ആഗോള എഴുത്തുകാരന്റെ നിർമിതി’ എന്ന പ്രദർശനത്തിന്റെ ക്യൂറേറ്ററും)