ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച നോവൽ ഏതെന്ന് ആരുചോദിച്ചാലും കണ്ണടച്ച് ഞാൻ പറയും താരാശങ്കർ ബ​ന്ദോപാധ്യയയുടെ ആരോഗ്യനികേതനം! ഏറ്റവുമധികം ബംഗാളി നോവലുകൾ വായിച്ചിട്ടുള്ള ഒരാൾ തീർച്ചയായും ഞാനല്ല. പക്ഷേ, ഞാൻ വായിച്ചതൊക്കെയും എന്റെ ഉള്ളിൽ വല്ലാതെ കൊണ്ടിട്ടുണ്ട്. ബംഗാളിലെ നാട്ടുമ്പുറജീവിതം ഒരിക്കലെങ്കിലും ഒന്ന് കാണാൻ ഞാൻ ഏറെ കൊതിച്ചു. മുപ്പതുകൊല്ലത്തോളം കോൺഗ്രസും അതിലേറെക്കാലം മാർക്സിസ്റ്റ് പാർട്ടിയും ഭരിച്ചിട്ടും ബംഗാളികൾക്ക് മെച്ചപ്പെട്ടൊരു ജീവിതം കൊടുക്കാൻ കഴിഞ്ഞില്ല. ഇനി ആര് ഭരിച്ചാലും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലതാനും. നമ്മുടെ രാഷ്ട്രീയം അത്രമേൽ ജീർണിച്ചുകഴിഞ്ഞു. അതിന്റെ ഇരകൾ കൂട്ടത്തോടെ കേരളത്തിലേക്ക് ഒഴുകിയെത്തുന്നതുകണ്ട് എന്റെയുള്ളിൽ ഞാൻ രൂപപ്പെടുത്തിയ ബംഗാൾ 
ഉടഞ്ഞുചിതറി! തീർച്ചയായും അവരിൽ ഏറെയും പൂർവബംഗാളിൽനിന്ന് നുഴഞ്ഞുകയറിയവരാണ്. വിഭജനത്തിനുമുമ്പ് എഴുതപ്പെട്ട നോവലുകളിലെ ഒരൊറ്റ കഥാപാത്രത്തിന്റെയും പുറംചട്ടപോലും അവരിലൊന്നും കാണാൻ കഴിയാതെ വന്നപ്പോൾ എന്റെ തകർച്ച പൂർണമായി!
എന്റെ ബംഗാൾപ്രണയം തുടങ്ങുന്നത് മഹാരാജാസ് കാലത്താണ്. കോളേജ് ലൈബ്രറിയിൽ ചില ബംഗാളി നോവലുകളുടെ പരിഭാഷകളുണ്ടായിരുന്നു. മഹാരാജാസിൽ അക്കാലത്ത് ബംഗാളി ഭാഷയ്ക്ക് ഒരു ഡിപ്പാർട്ട്മെന്റും ഉണ്ടായിരുന്നു. വെളിച്ചം അകത്തുകയറാതെ പരുങ്ങിനിൽക്കുന്ന, മിക്കവാറും കുടുസ്സായ ഒരു മുറിയിലായിരുന്നു അത്. അവിടെയായിരുന്നു ആരോഗ്യനികേതനും അതിമനോഹരമായി മൊഴിമാറ്റി മലയാളിയുടെ ഉള്ളംകൈയിൽ വെച്ചുകൊടുത്ത നിലീന അബ്രഹാം ഉണ്ടായിരുന്നത്. ഞാൻ ഇടയ്ക്കൊക്കെ അവിടെപ്പോയി എത്തിനോക്കാറുണ്ടായിരുന്നു. ഒരിക്കലോ മറ്റോ നിലീനടീച്ചർ അവിടെയിരുന്ന് എന്തോ വായിക്കുന്നത് കണ്ടിട്ടുണ്ട്. രണ്ടാംഭാഷയായി ബംഗാളി പഠിക്കുന്ന കുട്ടികളുടെ ക്ലാസിലേക്ക് പോകുമ്പോഴോ മടങ്ങിവരുമ്പോഴോ ആണ് ഞാൻ ടീച്ചറെ പലപ്പോഴും കണ്ടിരുന്നത്. ആരാധനമൂത്ത് ഞാൻ ടീച്ചറുടെ പിന്നാലെ നിശ്ശബ്ദം നടക്കും. മഹാരാജാസിലെ വിശാലമായ വരാന്തകളിലൂടെ നടന്ന്, മലയാളം എം.എ. ക്ലാസിന്റെ മുന്നിലെ പടിക്കെട്ടുകളിറങ്ങി കുടനിവർത്തി നിൽക്കുന്ന ബദാംമരച്ചുവട്ടിലൂടെ ക്ലാസ്‌മുറിയിലേക്ക് പോകുമ്പോഴും ക്ലാസുകഴിഞ്ഞ് ഡിപ്പാർട്ട്മെന്റിലേക്കുള്ള കോണികയറുമ്പോഴും ഞാൻ പിൻതിരിയുകയാണ് പതിവ്. എപ്പോഴും മുറുകിനിൽക്കുന്ന മുഖത്തോടെ നടക്കുന്ന നിലീനടീച്ചറോട് എന്തെങ്കിലുമൊന്ന് മിണ്ടാൻ ഞാൻ ഭയപ്പെട്ടു. ഞാൻ വായിച്ച നോവലുകളിലൊക്കെ അതിസുന്ദരികളായി അവതരിച്ച ബംഗാളിപെൺകൊടികളിൽനിന്ന് തീർത്തും വ്യത്യസ്തയായിരുന്നു നിലീനടീച്ചർ. നിലീനയെ മലയാളിപുരുഷനായ അബ്രഹാം കണ്ടുമുട്ടിയതെവിടെവെച്ചാണെന്നും അവർ എങ്ങനെയാണ് പ്രണിയിക്കാൻ തുടങ്ങിയതെന്നുമൊക്കെ അറിയാനുള്ള ആഗ്രഹത്തിന്റെ കനൽ എന്നിൽത്തന്നെ എരിഞ്ഞടങ്ങി. അതിനെക്കുറിച്ചുള്ള വിവരങ്ങൾ പകരാൻ പറ്റുന്ന ആരെയും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും ഏതോ കാറ്റ് വീശുമ്പോൾ എന്നെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് ഒരു തീമിനുക്കം തെളിഞ്ഞുവന്നു. അങ്ങനെയൊരിക്കൽ എം. ലീലാവതിടീച്ചറോട് ചോദിച്ചാണ് ഞാനറിഞ്ഞത്. ബംഗാളിൽനിന്ന് നിലീനയും കോളേജിൽനിന്ന് അബ്രഹാമും മുംെബെയിലെ ഒരു കോളേജിൽ പഠിക്കാനെത്തിയപ്പോഴാണ് പരിചയപ്പെട്ടതും അടുപ്പത്തിലായതും എന്ന്. അതിലപ്പുറം ഒരു വിശദീകരണം ഉണ്ടായില്ല. ചോദിക്കാൻ സങ്കോചം എന്നെ അനുവദിച്ചില്ല.
പഠിച്ചുകഴിഞ്ഞ്, എന്നെ കാത്തിരുന്ന പ്രണയഭംഗത്തിലേക്കും കടുത്ത ഏകാന്തതയിലേക്കും വഴുതിവീണു. ഒരു കൂട്ടുകൊതിച്ച് വിവാഹിതയായി. ജീവിതം കൈവിട്ടുപോകുന്നതുകണ്ട് പകച്ചുനിന്നു. ഓർമകൾക്കിടമില്ലാത്ത തരിശുഭൂമിയിൽനിന്ന് നിലീനടീച്ചർ മാത്രമല്ല, മഹാരാജാസുതന്നെയും മാഞ്ഞുപോയി. പക്ഷേ, അപ്രതീക്ഷിതമായി ജോലി കിട്ടിയപ്പോൾ ജീവിതം ഓരില, ഈരില, മൂവിലയായി തളിർത്തുതുടങ്ങി. മാഞ്ഞുപോയ ഓർമകൾ പൂക്കളായും കായ്‌കളായും പരിണമിച്ചു. എന്നിട്ടും അറുപതുകഴിഞ്ഞപ്പോൾ ചില സങ്കടങ്ങൾ വേരിൻമേൽ കിളിർത്തുവന്നു. എന്റെ ദേശം ഏതാണെന്നൊരു ചോദ്യം എന്നെ അലട്ടാൻ തുടങ്ങി. ജനിച്ചദേശം എന്നെ പുറന്തള്ളി. ചെന്നെത്തിയ ദേശമാകട്ടെ എന്നെ ഉള്ളിലേക്ക് കടത്തിയുമില്ല. അപ്പോഴാണ് നിലീന അബ്രഹാം ഓർമയിൽ ഞെട്ടിത്തെളിഞ്ഞത്. നമ്മൾ ചെറുപ്പത്തിൽ ജീവിച്ച ഇടം, ജീവിച്ചരീതികൾ, പിന്തുടർന്ന സംസ്കാരം ഒക്കെ അലട്ടാൻ തുടങ്ങുന്ന ഒരു കാലമുണ്ടെന്ന്‌ തിരിച്ചറിഞ്ഞത്‌. തിരഞ്ഞെടുത്ത വഴികളൊക്കെയും തെറ്റിപ്പോയോ എന്നൊരു ശങ്ക കാർന്നുതിന്നാൻ തുടങ്ങുന്നത്. അതൊക്കെയും എന്നെക്കാൾ എത്രയോ തീവ്രമായി അനുഭവിച്ച ഒരാളാണ് നിലീന എബ്രഹാം എന്നെനിക്ക് തീർച്ചയായിരുന്നു. അമ്മയുടെ മടിത്തട്ടിൽനിന്ന് പുറപ്പെട്ടുവന്ന കുട്ടി ഏതോ നിമിഷത്തിൽ വെമ്പിത്തിരിഞ്ഞ് നോക്കുമ്പോൾ മടിത്തട്ടുമില്ല, അമ്മയുമില്ലെന്നറിയുമ്പോഴുണ്ടാകുന്ന ശൂന്യതാബോധം നിലീനയെ അപ്പാടെ വിഴുങ്ങിയിട്ടുണ്ടാവണം. കൊൽക്കത്തയിൽ ജനിച്ചുവളർന്ന ഒരു മലയാളി സുഹൃത്തിന് നിലീന എബ്രഹാമുമായി ഗാഢമായി ഹൃദയബന്ധമുണ്ടായിരുന്നു. അയാളാണ് കഥ 
പറഞ്ഞത്. ഒടുവിലൊടുവിലായപ്പോൾ നിലീന ദീദിക്ക് ബംഗാൾ വല്ലാതെ മിസ് ചെയ്തിരുന്നു എന്ന്. പക്ഷേ, ബംഗാളിൽനിന്ന് വേരോടെ പിഴുതെടുത്ത് കേരളത്തിൽ നട്ട ഒരു ജീവിതം വീണ്ടും പിഴുതെടുക്കുക എന്നത് തീരെ പ്രായോഗികമല്ല! കാലമേറെ കഴിഞ്ഞതുകൊണ്ട് നിഷ്‌ഫലവും!
മലയാളി എന്ന വാക്ക് പലപ്പോഴും നന്ദികേടിന്റെ പര്യായമാണ്. മികച്ച എത്രയോ  ബംഗാളി നോവലുകൾ കാട്ടുതേൻപോലെ ശുദ്ധവും മധുരവുമായ മലയാളത്തിൽ പകർന്നുതന്ന നിലീന എബ്രഹാമിനെ നമ്മുടെ വായനസമൂഹം പൂർണമായും വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞു. 2006-ൽ അന്തരിക്കുമ്പോഴേക്കും നിലീന ആരുമല്ലാതായിക്കഴിഞ്ഞിരുന്നു. ഏതോ പള്ളി സെമിത്തേരിയിൽ ഒന്നരപ്പതിറ്റാണ്ടായി ഉറങ്ങുന്ന നിലീന, എനിക്ക് വിങ്ങുന്ന ഒരോർമയാണ്. എന്നാൽ, നിലീനയുടെ ഒരു ചിത്രമോ എന്തെങ്കിലും വിവരമോ കേരളസാഹിത്യ അക്കാദമിപോലും ശേഖരിച്ചുവെച്ചിട്ടില്ലെന്നറിയുമ്പോഴാണ് മലയാളിയുടെ നന്ദികേടിന്റെ ആഴം ഹൃദയഭേദകമാവുന്നത്. മാത്രമല്ല, മൊഴിമാറ്റം ചെയ്യപ്പെടുന്ന കൃതികൾക്ക് ലഭിക്കുന്ന സ്വീകാര്യതയെ കച്ചവടവത്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചില പ്രസാധകർ നിലീനയുടെ കൃതികളിൽനിന്ന് ഒട്ടേറെ ഭാഗങ്ങൾ കൈയടക്കത്തോടെ കവർന്ന ചില കൂട്ടിച്ചേർക്കലുകളോടെ മറ്റുചിലരുടെ പേരിൽ പുറത്തിറങ്ങുന്നുണ്ടെന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ, അക്ഷരവും നമ്മൾ മലയാളികൾക്ക് വെറുമൊരു കച്ചവടച്ചരക്ക് മാത്രമായിത്തീർന്നിരിക്കുന്നു!