സാഹിത്യകാരനാവണം എന്ന മോഹംകൊണ്ട് നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച ആ പത്രപ്രവർത്തകൻ തന്റെ നാല്പതുവയസ്സിനുള്ളിൽ അഞ്ഞൂറോളം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന്‌ ഭൂഖണ്ഡങ്ങളിലായി, ചെറുതും വലുതുമായ പല പത്രസ്ഥാപനങ്ങളിലും അയാൾ ജോലിചെയ്തു. ശമ്പളം തുച്ഛമായിരുന്നു. പാരീസിലായിരുന്നപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി തെരുവുകളിൽ പാട്ടുപാടാനും കുപ്പി പെറുക്കാനുംവരെ പോയി. അതിനിടയിൽ ബുദ്ധിജീവികളെ അനുകരിച്ച് അസ്തിത്വദുഃഖം പങ്കുവെക്കുന്ന ചില കഥകളെഴുതി. ശേഷം കളംമാറ്റി, സ്വന്തം നാടിനെയും വീടിനെയും വിഷയമാക്കി അഞ്ചുപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാൽ, നോവലും കഥയും എഴുതിയിട്ട് അത്രയും കാലത്തിനിടയ്ക്ക് ഒരു ചില്ലിക്കാശുപോലും അയാൾക്കു കിട്ടിയിരുന്നില്ല!

ഏകാന്തതയുടെ കാലത്ത്
  അപ്രശസ്തനായ അതേ എഴുത്തുകാരൻ കുടുംബവുമൊത്ത് അവധിക്കാലം ചെലവഴിക്കാൻ മെക്സിക്കോ സിറ്റിയിൽനിന്ന്‌ അക്കാപുൾക്ക എന്ന കടൽത്തീരത്തേക്ക്‌ പോവുകയായിരുന്നു. 1965-ലെ വേനൽക്കാലം. വഴിയിൽവെച്ച് വാഹനത്തിനുമുന്നിൽ ഒരു പശു കുറുകെച്ചാടി. പൊടുന്നനെ അയാൾക്ക് താൻ രണ്ടുദശകങ്ങളായി എഴുതാൻ പോകുന്ന ആ വലിയ നോവലിന്റെ ആദ്യത്തെ വാക്യം ഒരു വെളിപാടുപോലെ മനസ്സിൽ വന്നു. മറ്റൊന്നും ആലോചിക്കാനില്ല. അയാൾ കാർ തിരികെയോടിച്ച് വീട്ടിൽ മടങ്ങിയെത്തി. പിന്നെ എഴുപത്തഞ്ചു ചതുരശ്രയടിയുള്ള ഒരു മുറിയിൽ കതകടച്ചിരുന്ന് പതിനെട്ടുമാസത്തോളംകൊണ്ട് നോവൽ എഴുതിത്തീർത്തു. അതിനിടയിൽ അയാൾ മുപ്പതിനായിരം സിഗരറ്റുകൾ വലിച്ചു തീർത്തിരുന്നു. ചെലവുകൾ നടത്താനായി ഭാര്യ വീട്ടുസാധനങ്ങൾ ഒന്നൊന്നായി പണയംെവച്ചു, സകലരോടും കടം പറഞ്ഞു. എഴുത്തുതീർന്നപ്പോൾ കൈയെഴുത്തു പ്രതിയുടെ മുഴുവൻ ഭാഗവും  അർജന്റീനയിലുള്ള പ്രസാധകന് അയച്ചുകൊടുക്കാനുള്ള തപാൽ കാശിന് വകയില്ലാതിരുന്നതുകൊണ്ട്, നോവലിന്റെ പ്രതി രണ്ടായി ഭാഗിക്കേണ്ടിവന്നു. ആദ്യം അയച്ചതാകട്ടെ, രണ്ടാമത്തെ പകുതി! ഏതായാലും ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന പേരിലിറങ്ങിയ ആ നോവൽ ഹിറ്റായി. മുമ്പത്തെ പുസ്തകങ്ങളെല്ലാം എഴുനൂറുകോപ്പികളിൽ കൂടുതൽ വിറ്റിട്ടില്ലാത്ത ഗബ്രിയേൽ ഗാർസ്യ മാർക്കേസ് എന്ന ആ എഴുത്തുകാരന്റെ പുതിയ നോവൽ ആദ്യ ആഴ്ചയിൽത്തന്നെ അടിച്ച എണ്ണായിരം കോപ്പി തീർന്നു. പതിപ്പുകൾ ഒന്നിനുപിറകേ വന്നു.


ഏകാന്തതയ്ക്കുശേഷം 
അരനൂറ്റാണ്ടിനുള്ളിൽ ഒൗദ്യോഗികമായിത്തന്നെ അഞ്ചുകോടി കോപ്പികൾ വിറ്റ ആ നോവൽ ‘ഡോൺ ക്വിക്‌സോട്ടി’നുശേഷം സ്പാനിഷ് ഭാഷയിൽനിന്നുണ്ടായ ഏറ്റവും പ്രചാരമുള്ള പുസ്തകമായി. അമ്പതുഭാഷകളിൽ അതിന്‌ വിവർത്തനം വന്നു. പിൽക്കാലത്തെ ലോകസാഹിത്യത്തെ അതിനെക്കാൾ സ്വാധീനിച്ച മറ്റൊരു നോവൽ ഉണ്ടായിട്ടില്ല. റുഷ്ദി മുതൽ ജാനറ്റ് ഡയസ് വരെ, ഇസബെൽ അയ​െന്ദ മുതൽ അരുന്ധതീറോയി വരെ, അമിതാവ് ഘോഷ് മുതൽ ഇക്ക കുർണിവാൻവരെ ആ കൃതിയുടെ മോഹവലയത്തിൽപ്പെട്ടുപോയവരാണ്. വായനയിലൂടെ മാത്രമല്ല, ലോകം അതിനെ ആഘോഷിച്ചത്. 130 ഡോളർ വിലയിട്ട ജപ്പാനിലെ തദ്ദേശീയമായ ഒരു മദ്യത്തിന് ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്നായിരുന്നു പേര്. ഹോട്ടലിനും വീഡിയോ ഗെയിമിനും റമ്മിനും കപ്പലുകൾക്കും എണ്ണഖനനംചെയ്യുന്ന പ്രദേശത്തിനും ഫിഫയുടെ ഫുട്ബോളിനും ആ നോവലിലെ ‘മാക്കോണ്ട’ എന്ന ഭൂഭാഗത്തിന്റെ പേരുലഭിച്ചു. എന്തിന്, 91 പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു നക്ഷത്രത്തിന്റെ പേര്‌ മാക്കോണ്ട എന്നാകുന്നു! അതിനെ ചുറ്റുന്ന ഗ്രഹത്തിന് നോവലിലെ ഊരുചുറ്റിക്കൊണ്ടിരിക്കുന്ന ആ നാടോടിയുടെ-മെൽക്വിയാദാസ്‌-പേരാണ്. 
  ‘മിക്കവാറും എല്ലാ നോവലുകളും അവ പുറത്തുവരുന്ന അതേദിവസംതന്നെ മരിച്ചുപോകുന്നു,’ പിൽക്കാലത്ത് മാർക്കേസിന്റെ അമേരിക്കൻ പ്രസാധകനായിത്തീർന്ന ആൽഫ്രഡ് എ നോഫ് പറയുന്നു. എന്നാൽ, അതിനു വിപരീതമായി, ഈ പുസ്തകം എങ്ങനെ ലോകവിപണിയെ കീഴടക്കി? ലോകത്തിലെ പിൽക്കാലസാഹിത്യത്തിന്റെ ഗതി നിയന്ത്രിച്ചു? ഫിദൽ കാസ്‌ട്രോയും ബിൽ ക്ലിന്റണും  ബരാക്‌ ഒബാമയുമടക്കമുള്ള ലോകനേതാക്കളുടെ ഇഷ്ടകൃതിയായി?  വായിച്ചവരുടെയും വായിക്കാത്തവരുടെയും ഇടയിൽ ഒരു സാംസ്കാരികബിംബമായി എങ്ങനെ അത്‌ സ്വയം മാറി? ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് ഗവേഷകനായ അൽവാരോ സന്താനാ അക്യൂനിയയുടെ പുതിയ പുസ്തകം. 

ഇതൊരു സാഹിത്യഗ്രന്ഥത്തിന്റെ സാമൂഹികശാസ്ത്രപഠനമാണ്. എത്രയോ മഹത്തായ രചനകൾ ലോകത്തിലെ വലിയ ഗ്രന്ഥശാലകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പൊടിപിടിച്ചു നശിച്ചുപോകുന്നു.  ഇതേ നോവലിലേതുപോലെ കുടുംബ-ഗ്രാമീണ പശ്ചാത്തലങ്ങൾ ആധാരമാക്കുന്ന, അതേ ഘടനയും ഭാഷയും ഉപയോഗിക്കുന്ന നോവലുകൾപോലും ഗതികിട്ടാതെ അവസാനിച്ചു. ഉദാഹരണമായി അത്തരം അഞ്ചുനോവലുകളെ ഗവേഷകൻ വിശദമായി പരിശോധിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ?’ അതിന്റെ നിഗൂഢതകളിലേക്ക്‌ കടക്കുന്നതിനായി അക്യൂനിയ 1920 മുതലുള്ള ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ സാഹചര്യം വിശദമായി പഠിക്കുന്നു. 

ഇരുപത്തഞ്ചിലേറെ രാജ്യങ്ങളും അവയുടെ സംസ്കാരങ്ങളും ഭാഷകളും പങ്കിടുന്ന ജനജീവിതം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒറ്റയൊറ്റയായ രാജ്യങ്ങളുടെ സാഹിത്യമായിട്ടാണ് പ്രതിനിധാനംചെയ്യപ്പെട്ടത്. സാവധാനം അതിനൊരു മാറ്റംവരുകയാണ്. കോളനിവത്‌കരണംകൊണ്ട് തനതുഭാഷകൾ നഷ്ടപ്പെട്ടുപോയ ആ രാജ്യങ്ങളിലെ എഴുത്തുകാർ, പുതിയ കാലത്ത് തങ്ങളെ കൂട്ടിയിണക്കാൻപോന്ന  സമഗ്രമായൊരു സാഹിത്യപദ്ധതിക്കായി പരിശ്രമിച്ചു. അങ്ങനെയാണ് പെറുവിലെയോ കൊളംബിയയിലെയോ ഗ്വാട്ടിമാലയിലെയോ ചിലിയിലെയോ, ക്യൂബയിലെയോ എന്നുവേർതിരിക്കാതെ, പൊതുവായി ‘ലാറ്റിനമേരിക്കൻ സാഹിത്യം’ എന്ന്‌ പിൽക്കാലത്ത് അറിയപ്പെടുന്ന എഴുത്ത് രൂപംകൊള്ളുന്നത്. ഒരർഥത്തിൽ, സ്വന്തം രാജ്യത്തല്ല, പകരം ഭാഷയിലാണ് ആ എഴുത്തുകാർ ജീവിച്ചത് എന്നുപറയാം. അധിനിവേശക്കാർ അടിച്ചേൽപ്പിച്ച സ്പാനിഷും പോർച്ചുഗീസുമെല്ലാം അവരുടെ എഴുത്തിൽ ഒരു നവ ബരോക് (neoþbaroque) ഭാഷയായി പുനഃസൃഷ്ടിക്കപ്പെട്ടു. അതിന് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ‘മാന്ത്രികയാഥാർഥ്യത്തെ’ ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നു. മാത്രമല്ല, ആ ജീവിതയാഥാർഥ്യങ്ങളെ തങ്ങളുടെ ഭൂഖണ്ഡത്തിനപ്പുറത്ത് കൂടുതൽ വിസ്തൃതമായൊരു ലോകവുമായി ഇണക്കാനുള്ള ഒരു പദ്ധതിയും ആ എഴുത്തുകാർ രൂപവത്‌കരിച്ചു. അതിനെ അവർ ‘സാർവലൗകികത’ (cosmopolitanism) എന്നുവിളിച്ചു. അസ്തൂരിയാസ്, ഫ്യുവന്തേസ്, നെരൂദ, കോർതസാർ, യോസ, റൂൾഫോ, ബോർഹേസ്, സബോതോ തുടങ്ങിയ അതികായന്മാരുടെ ഒരു നിര ആ മുന്നേറ്റത്തെ നയിച്ചു. അവർക്കുശേഷം വന്ന എഴുത്തുകാരനാണ് മാർക്കേസ്. പക്ഷേ, എല്ലാവരെക്കാൾ ലോകപ്രശസ്തി നേടിയ എഴുത്തുകാരനായി അദ്ദേഹം. 

    ഈ സാഹിത്യകാരന്മാർ സൃഷ്ടിച്ചെടുത്ത അനുകൂലമായ കാലാവസ്ഥയിലേക്കാണ് ഏകാന്തതയുമായി മാർക്കേസ് വരുന്നത്. അദ്ദേഹം 1950 മുതൽ തന്റെ കുടുംബത്തെക്കുറിച്ചുള്ള ഈ നോവൽ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. ‘വീട്’ എന്ന പേരിൽ അത് തുടങ്ങിയതുമാണ്. പലപ്പോഴും അതിനെക്കുറിച്ചുള്ള നോട്ടുകൾ മാർക്കേസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, കൃത്യമായും അത് ഏതുരീതിയിൽ എഴുതണമെന്നോ പൂർത്തിയാക്കണമെന്നോ അദ്ദേഹത്തിന്‌ നിശ്ചയമുണ്ടായിരുന്നില്ല. അറുപതുകളുടെ തുടക്കത്തിൽ ഒന്നുമെഴുതാൻകഴിയാത്ത വലിയൊരു പ്രതിസന്ധി അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ട്. തിരക്കഥാരചനയിലേക്കും പത്രപ്രവർത്തനത്തിലേക്കും മാറി എഴുത്തിലെ പരാജയം മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ആകസ്മികമായി നേരത്തേ സൂചിപ്പിച്ച അക്കാപുൾക്കയിലേക്കുള്ള യാത്രയും രണ്ടുവർഷംനീണ്ട നോവൽ രചനയും സംഭവിക്കുന്നത്.   എന്നാൽ, ഇതിൽ ആകസ്മികതയുടെ അംശങ്ങളൊന്നുമില്ല എന്നാണ് ഗവേഷകന്റെ കണ്ടെത്തൽ. അക്കാലമാവുമ്പോഴേക്ക് ലാറ്റിനമേരിക്കൻ നോവലിനെ സ്വീകരിക്കാൻ ലോകം പാകപ്പെട്ടുകഴിഞ്ഞിരുന്നു. മികച്ച പ്രസാധകരും എഡിറ്റർമാരും വിവർത്തകരും അരങ്ങിലെത്തി. നിരൂപകരും ഗവേഷകരും പുതിയ നോവൽ കാലഘട്ടത്തെ (boom era) സ്വാഗതംചെയ്യാൻ ഉത്സാഹിച്ചു. ഒട്ടേറെ ആനുകാലികങ്ങൾ പുതിയ രചനകളെ വാഴ്ത്തി. സർക്കാർ തങ്ങളുടെ സെൻസർ കത്രികകൾ മടക്കിെവച്ച് ഏതിനും സഹായം പ്രഖ്യാപിച്ചു. പ്രസാധകവ്യവസായത്തെ സഹായിക്കുന്ന മട്ടിൽ തീരുവകൾ കുറയ്ക്കുകയും വിതരണശൃംഖലകളെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ഉഴുതുമറിച്ചിട്ട മണ്ണിലേക്കാണ് മാർക്കേസ് തന്റെ പുതിയ നോവലിന്റെ വിത്തിറക്കുന്നത്.  അഞ്ചോ പത്തോ വർഷംമുമ്പ് അദ്ദേഹം അതു ചെയ്തിരുന്നെങ്കിൽ അനേകായിരം കൃതികൾക്കിടയിൽ ആരും കാണാതെ ആ നോവൽ വിസ്മൃതമായി​േപ്പാകുമായിരുന്നു.

ഏകാന്തതയ്ക്കു പിന്നിലെ ആൾക്കൂട്ടം 
അതുമാത്രമല്ല, ഏകാന്തതയെക്കുറിച്ചുള്ള നോവൽ രചനയ്ക്കുപിന്നിൽ വലിയൊരു ആൾക്കൂട്ടംതന്നെയുണ്ടായിരുന്നു. സർഗാത്മകതയുടെ ശൃംഖല (networked creativtiy) എന്നുപറയാവുന്ന ഒന്ന്.  പതിനൊന്നുരാജ്യങ്ങളിലായി താമസിച്ചിരുന്ന മാർക്കേസിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഈ നോവൽ രചനയുടെ ഘട്ടത്തിൽ അദ്ദേഹത്തിനു കൂട്ടുനിന്നു. കോഴിപ്പോരിനെക്കുറിച്ചും കൊളംബിയയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ചും ലോഹങ്ങളെ സ്വർണമാക്കുന്ന മാന്ത്രികക്കല്ലിനെക്കുറിച്ചുമൊക്കെ വിശദമായി പഠിച്ച് എഴുത്തുകാരനു പറഞ്ഞുകൊടുത്തത് അവരായിരുന്നു. അവരിൽ ബാരൻക്വിയയിലെ കൂട്ടുകാരും മെക്സിക്കോയിലെ സാഹിത്യസംഘമായ മാഫിയക്കാരും പെടും. ആ വലിയ ചങ്ങാതിക്കൂട്ടം രചനയെ സാക്ഷാത്‌കരിച്ചു എന്നുപറയാം. പലരും- അൽവാരോ, ജർമൻ, കെപേഡ, ഗബ്രിയേൽ എന്ന പേരിൽ മാർക്കേസ് പോലും- നോവലിലെ കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഈ നോവൽ ഒരു സഹകരണപ്രവർത്തനമാണെന്നാണ് (collaborative work) അക്യൂനിയ പറയുന്നത്. ഏകാന്തതയെക്കുറിച്ചെഴുതാൻ ഒരാൾക്കൂട്ടംതന്നെ ഒത്തുചേർന്നു എന്നുള്ളതാണ് വൈരുധ്യം. മാർക്കേസിന്റെ അക്കാലത്തെ സുഹൃത്തുക്കളെ പോയിക്കണ്ട് നോവലിന്റെ രചനയ്ക്കുപിന്നിലെ കൗതുകങ്ങൾ അനാവരണംചെയ്യുന്ന രസകരമായൊരു പുസ്തകം 2019-ൽ പുറത്തുവന്നു. അതിന്റെ ശീർഷകം ഈ വൈരുധ്യത്തെ എടുത്തുകാണിക്കുന്നു. (Solitude and Company: Silvana Paternotsro)
   പുസ്തകരചനയിൽമാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ആ സഹകരണം. നോവൽ പുറത്തുവരുന്നതിനുമുമ്പേത്തന്നെ പ്രമുഖമായ മാസികകളിൽ ഫ്യുവന്ദേസും യോസയും റിവ്യൂകളെഴുതി. പിൽക്കാലത്ത്‌, പരസ്യമായി പറഞ്ഞിട്ടില്ലാത്ത ഒരു കാരണംകൊണ്ട് മാർക്കേസിന്റെ മുഖത്തുപ്രഹരിച്ച യോസയുടെ ഡോക്ടറൽ പ്രബന്ധംതന്നെ ഈ നോവലിനെക്കുറിച്ചായിരുന്നു. നെരൂദ, മാർക്കേസിനെക്കുറിച്ച് ഒരു കവിതയെഴുതി. ഈയിടെ  ഒരു അനുസ്മരണപ്രസംഗത്തിൽ റുഷ്ദി അദ്ദേഹത്തെ ഗബ്രിയേൽ മാലാഖ എന്നുവിളിച്ചു. കാർമൻ ബാൽസെൽസ് എന്ന ലിറ്റററി ഏജന്റിന്റെയും മഹാനായ വിവർത്തകൻ ഗ്രെഗറി റബ്ബാസയുടെയും പങ്കും പ്രധാനമായിരുന്നു. റബ്ബാസയുടെ വിവർത്തനം തന്റെ മൂലകൃതിയെക്കാൾ മികച്ചതായിരുന്നുവെന്ന് പിന്നീട് മാർക്കേസ് എഴുതുന്നുണ്ട്. ‘ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ ലാറ്റിനമേരിക്കൻ എഴുത്തുകാരൻ’എന്നാണ് റബ്ബാസയെ അദ്ദേഹം വിശേഷിപ്പിച്ചത്.

പ്രവഹിക്കുന്ന മിത്തുകൾ
ഒരു കൃതി പ്രശസ്തമാവുമ്പോൾ അതിനോടൊപ്പം മിത്തുകളും ഉദ്‌ഭവിക്കുന്നു. അക്കാപുൾക്കയിലേക്കുള്ള കാർയാത്രയ്ക്കിടയിലുണ്ടായ വെളിപാട് അത്തരത്തിലൊന്നാണെന്നുപറയണം. മാത്രമല്ല, പതിനെട്ടുമാസം മുറിക്കകത്ത്‌ അടച്ചിരുന്ന് ഒരേപോലെ എഴുതിക്കൂട്ടുകയായിരുന്നില്ല മാർക്കേസ്. ആദ്യത്തെ വാക്യം എഴുതിയതിനുശേഷം പിന്നീട് ദിശതെളിയാതെ അദ്ദേഹം പ്രയാസപ്പെട്ടു. ഇടയിൽ ഉപേക്ഷിക്കപ്പെട്ട സ്പാനിഷ് 
പടക്കപ്പൽ കണ്ടെത്തുന്നിടത്തുെവച്ചാണ് കഥാഗതി അദ്ദേഹം തീരുമാനിക്കുന്നത്. എന്നിട്ടും എഴുത്തിന്റെ പാതിവഴിയിൽ-അതു നാലുമാസംകൊണ്ടുതീർന്നു- െവച്ച് വീണ്ടും പ്രതിസന്ധിയിലായി. അപ്പോഴെല്ലാം ദൂരദിക്കുകളിൽനിന്ന്‌ സുഹൃത്തുക്കളുടെ സഹായഹസ്തം അദ്ദേഹത്തിന്റെ നേർക്ക്‌ നീണ്ടു. നോവൽ പുറത്തുവന്നതിനുശേഷം മിത്തുകളുടെ എണ്ണം കൂടി. പലതും മാർക്കേസിന്റെതന്നെ സംഭാവനയായിരുന്നു. പലയിടത്തും തന്റെതന്നെ വാക്കുകൾകൊണ്ട് അദ്ദേഹം സഹൃദയലോകത്തു നടുക്കമുണ്ടാക്കി. തന്റെ നോവൽ ഒരു ചത്ത സിംഹമാണെന്നുപ്രസ്താവിച്ചു. താനല്ല, തന്റെ ഭാര്യയാണ് അതെഴുതിയെന്നതായിരുന്നു ഒരു മൊഴി. ‘‘ഞാനൊരു മോശം എഴുത്തുകാരനാണ്. പോരാ, 'വാസ്തവത്തിൽ ഞാനൊരു മജീഷ്യനാണ്, സാഹിത്യത്തിന്റെ ഏകാന്തതയിൽ അഭയംതേടി എന്നേയുള്ളൂ’’ -മാർക്കേസ് അവകാശപ്പെട്ടു. ‘‘മനുഷ്യവംശത്തിന് എഴുത്തുകാരെക്കൊണ്ട് ഒരു ഗുണവുമില്ല’’ -അദ്ദേഹം പറഞ്ഞു: ‘‘ഞാൻതന്നെ ഒരു ഭീകരവാദിയാവുകയായിരുന്നു കൂടുതൽ മെച്ചം...’’
   1982-ൽ നൊേബൽ സമ്മാനം കിട്ടുന്നതുവരെ ആ പുരസ്കാരത്തെ അദ്ദേഹം പുറമേക്ക്‌ താഴ്ത്തിപ്പറഞ്ഞിരുന്നത്രേ. അതേസമയം, ഇടയ്ക്കിടെ സ്റ്റോക്‌ഹോമിൽ പോവുകയും നെരൂദയ്ക്കും അസ്തൂറിയാസിനും നൊേബൽ ലഭിക്കാൻ സഹായിച്ച ആർതർ ലുണ്ട്ക്വിസ്റ്റ് എന്ന ഇടതുപക്ഷ എഴുത്തുകാരനെ കാണുകയും ചെയ്തുവെന്ന്‌  അകൂന്യ പറയുന്നു. നോേബൽലബ്ധിക്കുശേഷം കൈവന്ന പ്രശസ്തിയെ തള്ളിപ്പറഞ്ഞ മാർക്കേസ്, നോവൽ തന്റെ മരണശേഷം പ്രസിദ്ധീകരിച്ചാൽമതിയായിരുന്നു എന്ന്‌ ഖേദിച്ചു. എന്നിട്ടും വളരെ ആസൂത്രിതമായി വിപണിയിൽനിന്ന്‌ കളിച്ചു. കൃത്യമായി തയ്യാറാക്കപ്പെട്ട ഒരു കാഴ്ചവസ്തുവായി സ്വയം മാറി. അരമണിക്കൂർ അഭിമുഖത്തിന് അമ്പതിനായിരം ഡോളറായിരുന്നു അദ്ദേഹത്തിന്റെ നിരക്ക്. പുതിയ പുസ്തകങ്ങൾക്ക് കോടിക്കണക്കിന് അഡ്വാൻസ് പറ്റി. ആ വിവരങ്ങൾ ‘രഹസ്യമായി’ മാധ്യമങ്ങൾക്ക്‌ ചോർത്തിക്കൊടുത്തു.  സാഹിത്യത്തിലെ ‘ഒറ്റയാൾ തീം പാർക്ക്’ എന്ന് എതിരാളികൾ അദ്ദേഹത്തെ പരിഹസിച്ചു. അവരുടെ എണ്ണം കൂടിക്കൂടിവന്നു. ബൽസാക്കിന്റെ നോവൽ കോപ്പിയടിച്ചതാണ് ഏകാന്തത എന്ന് അസ്തൂറിയാസ് ആരോപിച്ചത് അക്കാലത്തായിരുന്നു. എല്ലാം നന്നായി; നോവൽ ഇടതടവില്ലാതെ വിറ്റുപോയി.
2009-ൽ മാർക്കേസിന് അസുഖം വന്നത് ആഗോളമാധ്യമങ്ങളിൽ വൻവാർത്തയായിരുന്നു. മരണശേഷവും വാർത്തകൾ തുടർന്നു. ഇത്തരം പ്രചാരത്തിനുപിന്നിൽ അറിഞ്ഞും അറിയാതെയും പ്രവർത്തിക്കുന്നവരെ ഗ്രന്ഥകർത്താവ് സാംസ്കാരിക ഇടനിലക്കാർ (Cultural Brokers) എന്നുവിളിക്കുന്നു. അവരുടെ സാന്നിധ്യവും നിരന്തരമായ പ്രവർത്തനവുമാണ് ഒരു രചനയെ ക്ലാസിക്കാക്കി മാറ്റുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മാക്കോണ്ട എന്ന്‌ വീടിനുപേരിടുന്നതു മുതൽ ദേഹത്ത്‌ ഏകാന്തതയിലെ കഥാപാത്രങ്ങളുടെ പേര് പച്ചകുത്തുന്നതുവരെ ഇത്തരം ഇടനിലക്കാരുടെ പ്രവർത്തനമാകുന്നു. 

  തൊണ്ണൂറുകളാകുമ്പോഴേക്കും ലാറ്റിനമേരിക്കൻ നോവലിനും അവരുടെ സാർവലൗകിക സങ്കല്പത്തിനും വലിയതോതിൽ വിമർശനമുണ്ടായി. ‘കേണലിന് ആരും എഴുതുന്നില്ല’ എന്ന കൃതിയിൽ 'യൂറോപ്യന്മാർക്ക് തെക്കേ അമേരിക്ക തോക്കും മീശയും ഗിറ്റാറുമുള്ള ഒരാളാണ്’ എന്നുപറയുന്നുണ്ട്. നേരേമറിച്ച്, ലാറ്റിനമേരിക്കൻ സാഹിത്യപ്രസ്ഥാനക്കാർ തങ്ങളുടെ ഭൂഖണ്ഡത്തെ പ്രാകൃതവും അവികസിതവുമായ ഒരിടമായി മുദ്രകുത്തുന്നതായി അവരുടെ വിമർശകർ ആരോപിച്ചു. അവരെ എതിർത്തുകൊണ്ട് പുതിയ എഴുത്തുകാർ നാഗരികമായ, വികസിതമായ തെന്നമേരിക്കയെക്കുറിച്ചെഴുതാൻ തുടങ്ങി.   മലയാളത്തിൽ മാർക്കേസിനുള്ള ജനസമ്മതി അകൂന്യ അറിഞ്ഞിട്ടില്ലെന്നതാണ് എന്റെ സങ്കടം. മാർക്കേസ് മരിച്ചതിനുശേഷം കൊൽക്കത്തയിലെ കോളേജ് തെരുവിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഒന്നടങ്കം വിറ്റുപോയി വലിയൊരു ക്ഷാമമുണ്ടായെന്ന് ഒരിടത്തുപറയുന്നതാണ് ആകെ ഒരു ‘ഇന്ത്യൻ കണക്‌ഷൻ.’  മലയാളത്തിൽവന്ന വിവർത്തനങ്ങൾ, ജീവചരിത്രങ്ങൾ, അഭിമുഖങ്ങൾ, കവിതകൾ, അനുകരണങ്ങൾ... സാംസ്കാരിക ഇടനിലക്കാർ എന്നനിലയിൽ മാർക്കേസിനുവേണ്ടി  നമ്മൾ നടത്തിയ പ്രയത്നങ്ങളൊന്നും അടയാളപ്പെടുത്താതെപോകുന്നു. ‘കേണലിന് ആരും എഴുതുന്നില്ല’ എന്ന കൃതിക്കുമാത്രം മലയാളത്തിൽ മൂന്നുവിവർത്തനങ്ങളാണുള്ളത്: ജയനാരായണനും എം.കെ ശ്രീകുമാറും, അയ്മനം ജോണും ഒരേ പുസ്തകം വിവർത്തനംചെയ്തു. എത്രയോ പതിപ്പുകളിലെത്തി നിൽക്കുന്ന മറ്റുനോവലുകൾ...
  
 നമ്മുടെ ഭാഷയിലെ പ്രശസ്തമായൊരു കഥയിൽ മലയാളിയായ നായകൻ ഒരു തോക്കു സംഘടിപ്പിക്കാനായി ബിഹാറിന്റെ നേപ്പാൾ അതിർത്തിയിൽ ചെല്ലുന്നു. പലതരം തട്ടിപ്പുകൾ പ്രയോഗിച്ച് ഇരുപത്തെട്ടുവയസ്സുകാരനായ അധോലോകനായകന്റെ (അക്ഷയ് - അക്കുബാബ എന്നുവിളിക്കും) വീട്ടിൽ ചെന്നുപറ്റുന്നു. അയാളുടെ സ്വീകരണമുറിയിൽ ഒരു ഫോട്ടോ കണ്ടു. ചുരുളൻ മുടിയും ഇടുങ്ങിയ കണ്ണുകളും മീശയുമൊക്കെയുള്ള ഒരാൾ, മീശ മുളയ്ക്കാൻ തുടങ്ങുന്ന പ്രായത്തിലെ അധോലോകനായകനെ കെട്ടിപ്പിടിച്ചുനിൽക്കുന്നതായിരുന്നു ആ ചിത്രം. 'ടു അക്ഷയ് വിത്ത് ലവ് ഫ്രം ഗബ്രിയേൽ ഗാർസ്യാ മാർക്കേസ്.' (ചൂത്: എൻ.എസ് മാധവൻ)
 
- ഇതല്ലാതെ മറ്റെന്താണ് മാജിക്കൽ റിയലിസം!