ഒന്നേകാൽ നൂറ്റാണ്ടുമുമ്പ്‌ സയണിസത്തിന്റെ ധ്വജവാഹകർ മുദ്രാവാക്യരൂപത്തിൽ ഉയർത്തിയ രാഷ്ട്രീയപരസ്യവാചകമായിരുന്നു, ‘ഭൂമിയില്ലാത്ത ജനതയ്ക്ക്‌ ജനതയില്ലാത്ത ഭൂമി’ (A land without a people for a people without a land) എന്നത്‌. ഒറ്റനോട്ടത്തിൽ ‘നിഷ്കളങ്കവും ആകർഷകവുമായ’ ഈ മുദ്രാവാക്യത്തിലെ ‘ജനതയില്ലാത്ത ഭൂമി’ എന്ന പ്രയോഗം പലസ്തീനെ ഉദ്ദേശിച്ചായിരുന്നു. രാഷ്ട്രീയ സയണിസത്തിന്റെ പ്രാരംഭപ്രണേതാക്കളായ തിയോഡോർ ഹെർസലും ഇസ്രയേൽ സാൻഗ്വിലും ‘ജനതയില്ലാത്ത ഭൂമി’ എന്ന്‌ പലസ്തീൻ ഭൂദാനത്തെ വിശേഷിപ്പിച്ചത്‌ അക്ഷരാർഥത്തിലായിരുന്നില്ല; രാഷ്ട്രീയാർഥത്തിലായിരുന്നു ഈ പ്രയോഗം. ഒരു പ്രത്യേക പ്രദേശവുമായി പറ്റിച്ചേർന്ന, ഒരു വ്യതിരിക്ത ജനതയോ രാഷ്ട്രമോ ആയി സ്വയം നിർവചിക്കുന്ന സമൂഹസമുച്ചയമല്ല പലസ്തീനികൾ എന്നായിരുന്നു അവരുടെ വിവക്ഷ.
ഇതേ കാര്യംതന്നെ ഇസ്രയേലിന്റെ വനിതാപ്രധാനമന്ത്രിയായ മോഡ മബോവിച്ച്‌ എന്ന ഗോൾഡ മെയർ 1976 ജനുവരി 14-ന്‌ ദ ന്യൂയോർക്ക്‌ ടൈംസി’ൽ മറ്റൊരുവിധത്തിൽ ഇങ്ങനെ എഴുതി: ‘പലസ്തീനിയൻ ജനത എന്നൊരു ജനവർഗമില്ല. ഉള്ളത്‌ പലസ്തീനിയൻ അഭയാർഥികൾമാത്രം.’ യുക്രൈനിലെ കീവിൽനിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ ജൂതകുടുംബാംഗവും ഡേവിഡ്‌ ബെൻ ഗുറിയോൺ സർക്കാരിലെ ‘ഏകപുരുഷൻ’ എന്ന വിശേഷണവും സമ്പാദിച്ച ഗോൾഡ മെയർ, 1969 മാർച്ചിൽ പലസ്തീൻകാരെക്കുറിച്ച്‌ പരിഹാസദ്യോതകമായി ഇങ്ങനെയും പറഞ്ഞു : ‘ഞങ്ങൾ സ്വായത്തമാക്കിയ ഭൂമി എങ്ങനെ തിരിച്ചുകൊടുക്കും? തിരികെനൽകാൻ ആരെങ്കിലും വേണ്ടേ? പാർസൽ പോസ്റ്റിൽ നാസറിന്‌ (ഈജിപ്ഷ്യൻ പ്രസിഡന്റ്‌ നമാൽ അബ്ദുൾ നാസർ) അയച്ചുകൊടുക്കാൻ പറ്റുമോ?’
എന്നാൽ, പലസ്തീൻ ജനതയ്ക്ക്‌ തങ്ങളുടെ മണ്ണിനോടുള്ള അഭിനിവേശവും ആസക്തിയും മമതയും എത്രമേൽ തീക്ഷ്ണമാണെന്ന്‌ വിളംബരംചെയ്യുന്ന ഒരു കവിത, 1964-ൽ തന്റെ 23-ാം വയസ്സിൽ, പലസ്തീനിന്റെ ദേശീയകവിയായി അറിയപ്പെടുന്ന മഹ്‌മൂദ്‌ ദാർവിഷ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. “ഒലീവ്‌ ലീവ്സ്‌' എന്ന സമാഹാരത്തിൽ വന്ന ‘ഐഡന്റിറ്റി കാർഡ്‌ എന്ന അഭിധാനമുള്ള ആ കവിത, ഒരു ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥനോട്‌ ചെക്‌പോയിന്റിൽവെച്ച്‌, കുടിയിറക്കകെട്ട ഒരു പലസ്തീൻകാരൻ തന്റെ അവസ്ഥ എന്താണെന്നും തന്റെ ജനതയുടെ ഭൂമി സയണിസ്റ്റുകൾ എങ്ങനെ കവർന്നെടുത്തെന്നും അതിതീവ്രമായി പറയുന്ന വിധത്തിലാണ്‌ ആവിഷ്കരിച്ചിരിക്കുന്നത്‌.
പലസ്തീൻകാരെ ഇന്നും വികാരവിജൃംഭിതരാക്കുകയും ജൂതവംശീയവാദികളെ ചൊടിപ്പിക്കുകയുംചെയ്യുന്ന ആ കവിത തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌:
എഴുതിവെക്കൂ
ഞാനൊരു അറബിയാണ്‌
എന്റെ ഐഡന്റിറ്റി കാർഡ്‌ നമ്പർ അമ്പതിനായിരം ആണ്‌. തുടർന്നുള്ള ചില വരികൾ 
രേഖകളെടുത്തു
ഞാനൊരു അറബിയാണ്‌
നിങ്ങളാണ്‌ എന്റെ പൂർവികരുടെ
മുന്തിരിത്തോപ്പുകൾ കവർന്നെടുത്തത്‌
ഞാനും എന്റെ മക്കളും
കൃഷിചെയ്ത ഭൂമിയും
അപഹരിച്ചത്‌ നിങ്ങൾതന്നെ
ഈ പാറകളല്ലാതെ നിങ്ങൾ
ഞങ്ങൾക്ക്‌ ഒന്നും ബാക്കിവെച്ചില്ല.
ആദ്യപേജിന്റെ മുകൾ ഭാഗത്ത്‌
എഴുതിവെക്കൂ
ഞാൻ ആളുകളെ വെറുക്കുന്നില്ല.
ഞാൻ ആരെയും ആക്രമിക്കുന്നില്ല
എന്നാൽ, എനിക്ക്‌ വിശന്നാൽ
എന്റെ മണ്ണുകൈയേറിയവരുടെ മാംസം
ഞാൻ തിന്നും
കരുതിയിരിക്കുക... കരുതിയിരിക്കുക...
എന്റെ വിശപ്പിനെ
എന്റെ രോഷത്തെ
ഒരിക്കൽ ഇസ്രയേലിന്റെ മുൻപ്രധാനമന്ത്രി ഏരിയൽ ഷാരോൺ, ‘പലസ്തീനികൾക്ക്‌ ഭൂപ്രദേശത്തോടുള്ള അചഞ്ചലമായ ഗാഢസ്നേഹത്തിൽ തനിക്ക്‌ അസൂയതോന്നുന്നു’ എന്ന്‌ പറഞ്ഞപ്പോൾ ദാർവിഷ്‌ പ്രതികരിച്ചത്‌ ‘പലസ്തീൻ ജനതയുടെ ഭൂമിയിൽനിന്ന്‌ പിൻവാങ്ങി അസൂയയ്ക്ക്‌ ശമനംവരുത്തൂ’ എന്നാണ്‌. ഉത്രയും ആമുഖമായി കുറിച്ചത്‌ പലസ്തീൻപ്രശ്നത്തെ അഗണ്യകോടിയിൽ തള്ളി
യു.എ.ഇ., ബഹ്‌റൈൻ എന്നീ ഗൾഫ്‌ അറബ്‌ രാഷ്ട്രങ്ങളും മൊറോക്കോ, സുഡാൻ എന്നീ ആഫ്രിക്കൻ മുസ്‌ലിം രാജ്യങ്ങളും ഇസ്രയേലുമായി നയതന്ത്രബന്ധം മാത്രമല്ല, സജീവമായ വ്യാപാര-വാർത്താവിനിമയ-രാജ്യസുരക്ഷാ ബന്ധങ്ങളും സ്ഥാപിച്ച പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞ ഓഗസ്റ്റ്‌ മധ്യത്തിൽ ട്രംപിന്റെ കാർമികത്വത്തിൽ യു.എ.
ഇ.യും ഇസ്രയേലും ഔപചാരികമായി നയതന്ത്രബന്ധം സ്ഥാപിച്ചത്‌. ‘എബ്രഹാം ഒത്തുതീർപ്പ്‌ ’ എന്നുവിശേഷിപ്പിക്കപ്പെട്ട ഈ യു.എ.ഇ.-ഇസ്രയേൽ സൗഹൃദ ഉടമ്പടിയെ ‘നൂറ്റാണ്ടിന്റെ ഒത്തുതീർപ്പ്‌’ എന്നാണ്‌ ട്രംപ്‌ വിളിച്ചത്‌. ഈജിപ്തിനും ജോർദാനുംശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ്‌ രാജ്യമാണ്‌ യു.എ.ഇ. പലസ്തീൻ സമാധാനപ്രക്രിയയിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ഗണ്യമായ ആനുകൂല്യങ്ങളും വിട്ടുവീഴ്ചകളും ഉണ്ടായാൽമാത്രമേ ഗൾഫ്‌ അറബ്‌ രാജ്യങ്ങൾ ഇസ്രയേലുമായി ഔപചാരികബന്ധം സ്ഥാപിക്കൂ എന്ന, 1948 മുതൽ നിലനിൽക്കുന്ന അറബ്‌ സമവായത്തെ ഭേദിച്ചുകൊണ്ടാണ്‌ യു.എ.ഇ. ഇസ്രയേലുമായി ചങ്ങാത്തം തുടങ്ങിയത്‌. ഇസ്രയേൽ കൊടുത്ത ഏക ഉറപ്പ്‌, വെസ്റ്റ്ബാങ്കിലെ ചില ഭാഗങ്ങൾകൂടി തങ്ങൾ പിടിച്ചെടുക്കുമെന്ന തീരുമാനം (ഭീഷണി) തത്‌കാലത്തേക്ക്‌ ഓഫ്‌ ചെയ്യുന്നു എന്നുമാത്രമാണ്‌. നിലനിൽക്കുന്ന യഥാർഥ അധിനിവേശത്തിൽ ഒരു ഇളവും അയവും ടെൽ അവീവ്‌ വരുത്തില്ല എന്നർഥം.  അതുകൊണ്ടാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിജയോന്മാദത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചത്‌: ‘1960-കളിലെ അതിർത്തികളിലേക്ക്‌ തിരിച്ചുപോകാതെ ഇസ്രയേൽ ഒരു അറബ്‌ രാഷ്ട്രവുമായി സമാധാനം സ്ഥാപിച്ചിരിക്കുന്നു.’
1967 ജൂണിൽ ഇസ്രയേലും ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും സംയുക്തസൈന്യങ്ങളും തമ്മിൽനടന്ന ആറുദിനയുദ്ധത്തിലാണ്‌ വെസ്റ്റ്‌ ബാങ്കും കിഴക്കൻ ജറുസലേമും ഗാസാമുനമ്പും മൊലാൻ കുന്നുകളും സിനായ്‌ അർധദ്വീപും ഇസ്രയേൽ പിടിച്ചടക്കുന്നത്‌. 1979-ൽ ഈജിപ്തും ഇസ്രയേലും സമാധാനക്കരാറിൽ ഒപ്പുവെച്ചപ്പോൾ സിനായ്‌ ഉപദ്വീപ്‌ ഇസ്രയേൽ, ഈജിപ്തിന്‌ വിട്ടുകൊടുത്തു. സിറിയയുടെ ഭൂപ്രദേശമായ ഗൊലാൻ കുന്നുകൾ ഇപ്പോഴും ഇസ്രയേലിന്റെ അധീനതയിലാണെന്നുമാത്രമല്ല കഴിഞ്ഞ വർഷം അമേരിക്ക ഈ അധിനിവേശത്തെ അംഗീകരിച്ച്‌ രംഗത്തുവരികയുംചെയ്തു.
കഴിഞ്ഞ സപ്തംബറിൽ ബഹ്റൈനും യു.എ.
ഇ.യുടെ വഴി സ്വീകരിച്ച്‌ ടെൽ അവീവുമായി സകലബന്ധവും സ്ഥാപിച്ചു. ഷിയാകൾക്ക്‌ ഭൂരിപക്ഷമുള്ള ബഹ്റൈൻ ഭരിക്കുന്നത്‌ ന്യൂനപക്ഷസുന്നികളായ അൽ ഖലീഫ കുടുംബമാണ്‌. രാഷ്ട്രീയാധികാരത്തിൽനിന്ന്‌ ചരിത്രപരമായിത്തന്നെ അവിടെ ഷിയാക്കൾ പുറത്താണ്‌. 2011-ൽ സൗദി പിന്തുണയുള്ള സുന്നി അൽ ഖലീഫ രാജഭരണത്തിനെതിരേ ബഹുജനപ്രക്ഷോഭം ഉയർന്നുവന്നിരുന്നു, ബഹ്റൈനിൽ. പ്രക്ഷോഭകർ ഉയർത്തിയ മുദ്രാവാക്യം, ‘സുന്നിയല്ല, ഷിയായല്ല, ബഹ്റൈനിമാത്രം’ എന്നതായിരുന്നു. ഇറാനാണ്‌ പ്രക്ഷോഭകർക്കുപിന്നിൽ എന്ന്‌ ബഹ്റൈൻ ഭരണാധികാരികൾ ആരോപിച്ചെങ്കിലും സുന്നികളും പ്രക്ഷോഭനിരയിലുണ്ടായിരുന്നു. സൗദി സൈന്യമാണ്‌ പ്രക്ഷോഭത്തെ അന്ന്‌ അമർച്ച ചെയ്തത്‌. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതോടെ ആഭ്യന്തര എതിർപ്പ്‌ അമർച്ചചെയ്യാൻ മേഖലയിൽ അതിശക്തമായ ഒരു രാജ്യത്തെയാണ്‌ ബഹ്റൈന്‌ സഖ്യകക്ഷിയായി കിട്ടിയിരിക്കുന്നത്‌. ‘ഇറാൻ ഭീഷണി’ എന്ന ഒരൊറ്റ സംഗതിമതി ഗൾഫ്‌ മേഖലയിൽ ഇപ്പോൾ എന്തും സാധൂകരിക്കപ്പെടാൻ.
ഇറാൻതന്നെയാണ്‌ ഗൾഫ്‌ അറബ്‌ രാഷ്ട്രങ്ങളെയും ഇസ്രയേലിനെയും ഒരേപോലെ അലോസരപ്പെടുത്തുന്നത്‌. സൗദി അറേബ്യയുടെ പൂർണസമ്മതത്തോടെയും ആശീർവാദത്തോടെയും ഇസ്രയേലുമായി ഗൾഫ്‌-അറബ്‌ രാഷ്ട്രങ്ങൾ ഉണ്ടാക്കുന്ന നവചങ്ങാത്തത്തിന്റെ മുഖ്യഹേതു ‘ടെഹ്റാൻ ഭീതി’തന്നെയാണ്‌. അതോടൊപ്പം, 2011-ലെ അറബ്‌ വസന്തശക്തികളെയും ഗൾഫിലെ രാജവാഴ്ചകൾ ഭയക്കുന്നു. അപ്പോൾ എന്ത്‌ പലസ്തീൻ? ഏത്‌ പലസ്തീൻ അഭയാർഥികൾ? ഇസ്രയേലുമായി ഊഷ്മളബന്ധം സ്ഥാപിച്ചശേഷം യു.എ.
ഇ.യ്ക്ക്‌ പലസ്തീനോടും പലസ്തീൻ അഭയാർഥികളോടുമുള്ള മനോഭാവത്തിൽവന്ന മാറ്റത്തിന്റെ നടുക്കുന്ന നിദർശനമത്രേ 2020-ൽ പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ apeacdmslee (UNRWA - United Nations Relief and Works Agency for Palestine Refugees) യു.എ.ഇ. നൽകുന്ന വാർഷികസഹായം കുത്തനെ വെട്ടിക്കുറച്ചത്‌. 2018-ലും 2019-ലും ഈ യു.എൻ. ഏജൻസിക്ക്‌ യു.എ.ഇ. 52 ദശലക്ഷം ഡോളർ നൽകിയിരുന്നു. 2020-ൽ ഒരു ദശലക്ഷം ഡോളർ മാത്രമാണ്‌ നൽകിയത്‌. ബഹ്റൈൻ നൽകുന്ന തുകയും കുറച്ചിട്ടുെണ്ടങ്കിലും കണക്ക്‌ ലഭ്യമല്ല. ‘എബ്രഹാം ഒത്തുതീർപ്പി’നെ പലസ്തീൻ അതോറിറ്റി അതിനിശിതമായ ഭാഷയിൽ വിമർശി ച്ചിരുന്നു. യു.എ.ഇ.യും ബഹ്റൈനും പലസ്തീനികളെ പിന്നിൽനിന്ന്‌ കുത്തിയെന്ന്‌ പലസ്തീനിയൻ അതോറിറ്റി പരസ്യമായി പറഞ്ഞു. ട്രംപ്‌ ഭരണകൂടം 2018-ൽ പലസ്തീൻ അഭയാർഥികൾക്ക്‌ നൽകുന്ന സഹായം പൂർണമായും അവസാനിപ്പിച്ചിരുന്നു. അതിനു മുമ്പ്‌ 360 ദശലക്ഷം ഡോളർ പ്രതിവർഷം അമേരിക്ക നൽകാറുണ്ടായിരുന്നു. (ഈ ഏപ്രിൽ രണ്ടാം വാരത്തിൽ ജോ ബൈഡൻ അത്‌ പുനഃസ്ഥാപിച്ചു). മധ്യ പൂർവദേശത്ത്‌ ചിതറിക്കിടക്കുന്ന 57 ലക്ഷം പലസ്തീൻ അഭയാർഥികളുടെ വിദ്യാഭ്യാസ - ആരോഗ്യ പരിരക്ഷാകാര്യങ്ങൾക്കാണ്‌ ഈ ഫണ്ട്‌ മുഖ്യമായും വിനിയോഗിക്കുന്നത്‌. 1948-ലെ യുദ്ധത്തിൽ നവരാഷ്ട്രമായ ഇസ്രയേലിൽനിന്നും അവശേഷിച്ച പലസ്തീൻ പ്രദേശങ്ങളിൽനിന്നും പലായനംചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്ത ഏഴുലക്ഷം പലസ്തീനികളുടെ അനന്തരാവകാശികളാണ്‌ ഈ അഭയാർഥികൾ. സൗദി അറേബ്യയുടെ യുവരാജാവും യഥാർഥ അധികാരിയുമായ മുഹമദ്‌ ബിൻ സൽമാനും ഇസ്രയേലുമായി ഔപചാരികബന്ധം സ്ഥാപിക്കാൻ (ഇരുരാഷ്ട്രങ്ങളും തമ്മിൽ പിൻവാതിൽ ബന്ധം വളരെക്കാലമായുണ്ട്‌) ആഗ്രഹമുണ്ടെങ്കിലും നിർമിത ഇസ്‌ലാമികയോഗ്യതയുടെ അടിസ്ഥാനമുള്ള സൗദി അറേബ്യയുടെ മതാത്മക-രാഷ്ട്രീയ സാധുതയ്ക്ക്‌ റിയാദ്‌- ടെൽ അവീവ്‌ ഔപചാരികബന്ധം ക്ഷതമേൽപ്പിക്കുമെന്ന്‌ പേടിച്ചിട്ടാണ്‌ അതിന്‌ മുതിരാത്തത്‌. ഗൾഫ്‌ അറബ്‌ രാഷ്ട്രങ്ങളിലെ ജനകീയ ഇച്ഛയുടെ പ്രതിഫലനമല്ല ഇസ്രയേലുമായുള്ള അഭൂതപൂർവ സൗഹൃദം. അടിത്തട്ടിൽനിന്നല്ല, മുകൾത്തട്ടിൽനിന്ന്‌ ഇറാനെ മുൻനിർത്തി ആസൂത്രണംചെയ്തതാണിത്‌. ഇപ്പോൾത്തന്നെ വിശാല മധ്യപൂർവേഷ്യാമേഖലയിൽ മൂന്ന്‌ ചേരികളുണ്ട്‌. സൗദി അറേബ്യ, യു.എ.ഇ., ഈജിപ്ത്‌, ബഹ്റൈൻ, ഇസ്രയേൽ എന്നിവ ഉൾപ്പെടുന്നതാണ്‌ ഒന്ന്‌. ഖത്തറും തുർക്കിയും ചേർന്നതാണ്‌ മറ്റൊന്ന്‌. ഇറാനും അതിന്റെ പ്രാദേശിക കൂട്ടാളികളായ ഫഹെസ്ബുല്ല പോലുള്ള സംഘടനകളും ചേർന്നതാണ്‌ ഇനിയുമൊന്ന്‌. ഈ ത്രികക്ഷിബലാബലത്തിൽ ഗൾഫ്‌ അറബ്‌ രാഷ്ട്രങ്ങൾ പൊരിവെയിലത്ത്‌ നിർത്തിയിരിക്കുകയാണ്‌ പലസ്തീൻ ജനതയെ. ഇത്രമേൽ രാഷ്ട്രീയ അനാഥത്വം പലസ്തീൻ ജനതയ്ക്ക്‌ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഈ അവസരം പലസ്തീനികൾക്ക്‌ പൂർവാധികം പിന്തുണനൽകി തുർക്കിയും ഇറാനും ഉപയോഗപ്പെടുത്താനാണ്‌ എല്ലാ സാധ്യതയും.