മെൽ ഗിബ്‌സന്റെ ‘ഹാക്സോ റിഡ്ജ്’ എന്ന സിനിമ കണ്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിലെ ഒരു അമേരിക്കൻ വാർഹീറോയുടെ ബയോപിക് ആണത്. അമേരിക്കയുടെ എക്കാലത്തെയും മഹാനായ ആ യുദ്ധവീരൻ പക്ഷേ, തോക്കേന്തിയിരുന്നില്ല. ഒക്കിനാവയിലെ കിഴ്‌ക്കാംതൂക്കായ യുദ്ധമുഖത്ത് മുറിവേറ്റ എഴുപത്തഞ്ച് അമേരിക്കൻ പട്ടാളക്കാരെ ജീവൻ പണയംവെച്ച് രക്ഷിച്ച ഡസ്മണ്ട്  ഒരു കോംബാറ്റ് മെഡിക് ആയിരുന്നു; -അതായത്  യുദ്ധഭൂമിയിലെ അടിയന്തര ഫസ്റ്റ് എയ്ഡിൽ പ്രത്യേക ട്രെയിനിങ്‌ കിട്ടിയ പട്ടാളക്കാരൻ. മോർഫിൻ സിറിഞ്ചുകളും ഡ്രസിങ്‌ മെറ്റീരിയലുകളുമായിരുന്നു ആയുധങ്ങൾ.
ദീപക് സിങ്ങിനെ മറക്കാനുള്ള കാലമൊന്നുമായിട്ടില്ല, 2020  ജൂൺ പതിനഞ്ചിന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ മുറിവേറ്റ പട്ടാളക്കാരെ ജീവൻകൊടുത്ത് രക്ഷിച്ച മുപ്പത്തൊന്നുകാരൻ. കഴിഞ്ഞ റിപ്പബ്ലിക്‌ ഡേയിൽ  രാജ്യം ‘വീരചക്ര’ നൽകി ആദരിച്ച നമ്മുടെ വാർഹീറോ.  പടക്കളത്തിലെ എമർജൻസി ഫസ്റ്റ് എയ്ഡിന് പ്രത്യേകം ട്രെയിനിങ്‌ കിട്ടിയിട്ടുള്ള നഴ്‌സ് ആയിരുന്നു അദ്ദേഹം. രക്തവാർച്ച തടയാനുള്ള ബാൻഡേജും വേദനസംഹാരി ഇൻജക്‌ഷനുകളുമായിരുന്നു  ദീപക്കിന്റെയും ആയുധങ്ങൾ. തന്റെ പരിക്ക് വകവെക്കാതെ മുൻനിരയിൽ മുറിവേറ്റു വീണുകൊണ്ടിരിക്കുന്ന പട്ടാളക്കാരുടെ പ്രഥമശുശ്രൂഷ ചെയ്യുകയായിരുന്നു  ദീപക്.  
ലഡാക്കിലെ തണുത്ത തവിട്ടുകൂർമ്പൻ കുന്നിൻചെരിവ്. ബൂട്‌സിനടിയിൽ പാമ്പിൻ കുഞ്ഞുങ്ങളെപ്പോലെ വഴുതുന്ന മഞ്ഞുമരുഭൂമിയുടെ പശിമയില്ലാത്ത മണ്ണ്. കാലൊന്ന് തെന്നിയാൽ കീഴെ തണുത്തു മരവിച്ച ഗാൽവാൻ നദിയുടെ ഇടുങ്ങി ആഴംകൂടിയ ഭാഗം. ഇരുട്ടും ഒട്ടും അനുകൂലമല്ലാത്ത കിഴ്‌ക്കാംതൂക്ക് ഭൂപ്രകൃതിയും. പരുക്കൻ ബാർബേറിയൻ  ആയുധങ്ങൾ ഉണ്ടാക്കിയ പരിചയമില്ലാത്തതരം മുറിവുകൾ. കാഷ്വാലിറ്റികൾ നിമിഷംതോറും പെരുകിവരുന്നു. മുൻനിരയിൽ കല്ലേറും കത്തിവീശും മല്ലയുദ്ധവും നടക്കുന്നു. ഇതിനെല്ലാമിടയിൽനിന്നു ചെയ്ത കൃത്യസമയത്തുള്ള ഫസ്റ്റ് എയ്ഡുകൊണ്ട്   മുപ്പതുപേരുടെ ജീവനാണ് ദീപക് രക്ഷിച്ചത്. പരിക്കുപറ്റിയവരെ രക്തം ഒഴുകാതെ മുറിവുകൾ  ഡ്രസ് ചെയ്ത് അതിവേഗം പരിചരിക്കുന്നതിനിടെ തന്റെ ചോരയൊഴുകുന്ന മുറിവുകൾ അദ്ദേഹം ഓർത്തതേയില്ല. രക്തം വാർന്നുപോയാൽ എന്തു സംഭവിക്കുമെന്ന് ഏറ്റവും കൃത്യമായി അറിയാമല്ലോ യുദ്ധഭൂമിയിൽ പ്രവർത്തിക്കാൻ പരിശീലനം കിട്ടിയ ഒരു നഴ്‌സിന്. എന്നിട്ടും താൻ ശുശ്രൂഷചെയ്യാൻ കടപ്പെട്ടവരുടെ വേദനയ്ക്കും മുറിവുകൾക്കും കൂടുതൽ ശ്രദ്ധകൊടുത്തു ദീപക്: The wounded healer....
 ‘മനുഷ്യൻ എത്ര മനോജ്ഞപദം’ എന്ന് കൈകൂപ്പിപ്പോകും. ഒടുവിൽ തളർന്നുവീണ്,  ഒട്ടും ഈർപ്പമില്ലാത്ത ലഡാക്ക് മണ്ണിൽ അവസാനമായി മുഖം ചേർത്തപ്പോൾ രേവാ തടത്തിലുള്ള ജന്മനാട്ടിലെ നനവുള്ള കരിമണ്ണിനെ ഓർത്തുകാണുമോ ദീപക്... അതോ എട്ടുമാസംമു​െമ്പ  മാലയിട്ട നവവധുവിന് നൽകിയ വാക്കിനെയോ.
ഗാൽവൻ വാലിയിൽ നെറ്റ്‌വർക്കിന്റെ പ്രശ്നമുണ്ടായിരുന്നു. വല്ലപ്പോഴുമേ ഫോൺ വിളിയുള്ളൂ. രണ്ടാഴ്ചമുമ്പെ വിളിച്ചപ്പോൾ അയാൾ അവൾക്ക് ഒരു ഉറപ്പു കൊടുത്തിരുന്നു; ഉടനെ അടുത്ത അവധിക്ക് വരാമെന്ന്, വരുമ്പോൾ ലഡാക്കിൽനിന്ന് ഒരു ‘രേശം പഷ്മീന’ ഷാൾ കൊണ്ടുവരാമെന്ന്. മധ്യപ്രദേശിലെ രേവായിലെ ഗ്രാമത്തിൽ   ഭാര്യ രേഖയുണ്ട്.  ഇരുപതു തികയാത്ത ഈ കിളുന്തുപെൺകുട്ടിയെ ഗവൺമെന്റ്  രേഖകളിൽ ‘വാർ വിഡോ’ എന്നാണ് ഇപ്പോൾ അടയാളപ്പെടുത്തുന്നത്. 
വാർ ഫ്രണ്ടിലും നഴ്‌സിങ് കെയർ കൊടുക്കാൻ ട്രെയിൻ ചെയ്യപ്പെട്ട യൂണിഫോമിലെ നഴ്‌സുമാർ. ലഖ്‌നൗവിലെ ആർമി മെഡിക്കൽ കോർ സെന്ററാണ് ഇവരുടെയും പരിശീലന കേന്ദ്രം.  മിലിറ്ററി മെഡിസിന്റെ പിള്ളത്തൊട്ടിൽ. ഇവിടെ മെയിൽനഴ്‌സുമാരും ആംബുലൻസ് അസിസ്റ്റന്റുമാരും ഒക്കെ അതിതീവ്ര പരിശീലനത്തിലൂടെ വാർത്തെടുക്കപ്പെടുന്നു. തൊട്ടടുത്തു തന്നെയുള്ള ഓഫീസർ ട്രെയിനിങ്‌ കോളേജിൽ നഴ്‌സിങ്‌ ഓഫീസർമാർക്കും മിലിറ്ററി ട്രെയിനിങ്‌ ലഭിക്കുന്നു. ട്രെയിനിങ്ങിനിടെ സെന്ററിൽ എല്ലാവരും ഒരുമിച്ചുള്ള പരിശീലനങ്ങളും ഉണ്ടാവാറുണ്ട്.  ഇനി എത്രകാലം ഒരുമിച്ച് ജോലിചെയ്യാനുള്ളവരാണ് !
ഞങ്ങളുടെ ട്രെയിനിങ്‌ ഉഷാറായി തുടരുകയായിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു അരദിവസം ഒഴിവുണ്ട്. ആദ്യത്തെ ആഴ്ചയൊഴിവു കഴിഞ്ഞ്, തിങ്കളാഴ്ച കോഴ്‌സ് ഓഫീസർ (OlC) ചോദിച്ചു, തലേന്ന്  ‘ടുണ്ടെ കബാബ്’ കഴിക്കാൻ പോയവരാരുണ്ട് എന്ന്... ഞാനടക്കം ട്രെയിനികളിൽ മുക്കാലുംപേർ എഴുന്നേറ്റുനിന്നു. അത്രയ്ക്കാണ് ലഖ്‌നൗവിലെ വഴിയോര ഭക്ഷണത്തിന്റെ രുചി. ഇത്ര കഠിനമായ ട്രെയിനിങ്ങിനിടയിലും കിട്ടിയ ഒഴിവിൽ കിടന്നുറങ്ങാതെ ഭക്ഷണശാലകൾ തേടിപ്പോകാൻ മാത്രം ഗംഭീരം. ഗന്ധങ്ങളാലും രുചികളാലും ആവാഹിച്ചടുപ്പിക്കുന്ന കബാബ് കടകൾ.!
‘ടുണ്ടേ കബാബ്’ എന്ന അവാധി ക്യുസിൻ. നൂറ്ററുപതിലധികം സുഗന്ധദ്രവ്യങ്ങൾ ചേർക്കുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. 1905-ൽ  നവാബ് വാജിദ് അലി ഷായ്ക്കു വേണ്ടി  ഉണ്ടാക്കിത്തുടങ്ങിയതാണ് ഈ കബാബ്. നൂറുവർഷം കഴിഞ്ഞിട്ടും ടുണ്ടേ കബാബിൽ ചേർക്കുന്ന മസാലകളുടെ രഹസ്യംമാത്രം പുറത്താർക്കും അറിയില്ല. അത് കട നടത്തുന്ന അലിയുടെ കുടുംബരഹസ്യമാണ്! അവാധി നവാബുമാരുടെ കൊട്ടാര അടുക്കളയിൽനിന്ന് ഇറങ്ങിവന്ന വിശേഷ സുഗന്ധദ്രവ്യങ്ങളും രഹസ്യമസാലകളും ചേർത്ത ഇറച്ചിവിഭവങ്ങളും കുങ്കുമപ്പൂവ് ചേർത്ത മധുര പലഹാരങ്ങളും സുഗന്ധംപരത്തി നിങ്ങളെ വലിച്ചടുപ്പിക്കും. ഇറാനിയൻ രുചിയുമായി ഷീർമാൽ, നാവിലലിയും കുൽഫികൾ, പേർഷ്യൻ പാരമ്പര്യമുള്ള മധുരപലഹാരങ്ങൾ... റോസാപ്പൂവിതളുകൾ കൊണ്ടും ബദാം തുണ്ടുകൾ കൊണ്ടും കുങ്കുമപ്പൂ നാരുകൾ കൊണ്ടും മനോഹരമായി അലങ്കരിച്ച് കണ്ണുകുളിർപ്പിച്ചാണ് വിളമ്പുക. അനുഭവിച്ചിട്ടില്ലാത്ത രുചികളും ഗന്ധങ്ങളും.! ലഖ്‌നവി ബിരിയാണിയെന്ന നവാബി മട്ടൺ ബിരിയാണിയുടെ ഗന്ധം തെരുവിന്റെ അരികിലെത്തും മുമ്പേ സ്വാഗതം ചെയ്യും. ഭക്ഷണപ്രിയരുടെ പറുദീസയാണ് ലഖ്‌നൗ. ഈ ഗലികളിലൂടെയൊന്ന് അലസമായി നടന്നാൽ മതി, അതിവിശിഷ്ട മസാലകളുടെ സുഗന്ധത്താൽ തന്നെ പകുതി വയറുനിറയും.
എ.എം.സി. സെന്ററിലെ ടെയിനിങ്‌ കഴിഞ്ഞു. ഞങ്ങൾ ഡെന്റൽ ഓഫീസർമാർക്ക് ഇനി കമാൻഡ്‌ ഡെന്റൽ സെന്ററിൽ പ്രത്യേക പ്രൊഫഷണൽ ടെയിനിങ്‌ ഉണ്ട്. ഗൺഷോട്ട് മുറിവുകളും മറ്റും ചികിത്സിക്കാനും ഡെന്റൽ അഡ്വാൻസ് ട്രീറ്റ്‌മെന്റുകളും സർജറികളും ചെയ്യാനും അഡ്മിനിസ്‌ട്രേഷനും ഒക്കെയ്ക്കുമായുള്ള പരിശീലനം. കുറച്ചൊന്ന് മുറുക്കം കുറവുണ്ട് ഇപ്പോൾ ട്രെയിനിങ്ങിന്. ചുറ്റുമൊന്ന് കറങ്ങാൻ നേരവുമുണ്ട്. യൂണിറ്റിലുള്ള കൂട്ടുകാർ ലഖ്‌നൗവിൽനിന്ന് വാങ്ങാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് ചില സാധനങ്ങൾ. കൈകൾകൊണ്ട് കുട്ടി ഉരലുകളിൽ പൊടിച്ചെടുക്കുന്ന ഷാഹി മസാലക്കൂട്ടുകൾ, ലഖ്‌നവി കൈത്തുന്നൽ ചെയ്ത ഉടുപ്പുകൾ അങ്ങനെയങ്ങനെ നീളമുള്ള ലിസ്റ്റ്. ഹസ്രത്ത് ഗഞ്ചിലും അമീനാ ബാദിലും കുറച്ചൊന്ന് ചുറ്റേണ്ടിവരും. 
തനത് ചിത്രത്തുന്നലുകളുള്ള സൽവാറുകളും സാരികളും തേടി ഉത്തരേന്ത്യൻ ഗലികൾതോറും അലഞ്ഞുനടക്കുന്നത് പണ്ടേ ഒരു ലഹരിയാണ്. ഉള്ളോട്ടുള്ളോട്ട് പോവുന്തോറും ഗലികളുടെ വീതിയും വൃത്തിയും കുറഞ്ഞുവരും. വലിയ കടകൾക്ക് പകരം തെരുവിലേക്ക് തുറക്കുന്ന വീടുകളുടെ ഇറയങ്ങൾ. അവിടെ കൊരുത്തു വലിച്ചുകെട്ടിയ മൽമൽത്തുണികളിൽ ചിത്രം വരയ്ക്കുംപോലെ അനായാസമായി   കുത്തിക്കുത്തി തയ്‌ക്കുന്ന പെൺവിരലുകൾ. വിലപേശാതെ തന്നെ എന്തു വിലക്കുറവ്... ഇടനിലക്കാരില്ലല്ലോ. ലഖ്‌നവി എന്ന സങ്കീർണമായ ചിത്രത്തുന്നൽ പണ്ടേ ലഖ്‌നൗവിന്റെ  സ്വന്തമാണ്. ചന്ദ്രഗുപ്തമൗര്യന്റെ രാജസഭയിലെ സദസ്യരുടെ  പൂത്തുന്നലുകളുള്ള മസ്‌ലിൻ കുപ്പായങ്ങളെപ്പറ്റി ബി.സി. മൂന്നാം നൂറ്റാണ്ടിൽ മെഗസ്തനീസ് കുറിച്ചിട്ടുണ്ട് ! മുഗൾ കാലത്ത് പേർഷ്യൻ കൈത്തുന്നലിനെ അനുകരിച്ച് തുടങ്ങിയതാണെന്നുണ്ട് ഒരുപക്ഷം. 
ജഹാംഗീർ ചക്രവർത്തിക്ക് നൂർജഹാൻ പ്രണയപൂർവം തുന്നിക്കൊടുത്ത തൂവെള്ള  തൊപ്പിയിലാണ് ലഖ്‌നവിയുടെ തുടക്കം എന്നൊരു ഭംഗിയുള്ള കഥയുമുണ്ട്. സുഗന്ധ ദ്രവ്യങ്ങളുടെ മാത്രമല്ല ചിത്രത്തുന്നലുകളുടെയും തമ്പുരാട്ടിയായിരുന്നു നൂർജഹാൻ.! ഏറ്റവും മൃദുലമായ വെള്ള മസ്‌ലിൻ തുണിയിൽ തൂവെള്ള തുന്നലുകൾ മാത്രമായിരുന്നു അന്ന്... white on white-വെള്ളയിൽ വെള്ള. കുലീനവും സൗമ്യവുമാണ് ഡിസൈനുകൾ. മുഗൾ ശില്പകലയുടെ അതേ മോട്ടിഫുകൾ.  കൈത്തുന്നൽകാരികൾക്ക് നേരിട്ട് വാങ്ങുന്നത് വലിയ സന്തോഷമാണ്. നമ്മൾ കൊടുക്കുന്ന തുണികളിൽ പറയുന്ന ഡിസൈൻ അവർ തുന്നിത്തരും. പക്ഷേ, ദിവസങ്ങളെടുക്കും. അത്ര സമയവും ശ്രദ്ധയുംവേണ്ട ജോലിയാണ്. ‘‘ഉടുപ്പ് വാങ്ങാൻ ഇനി വരുമ്പോൾ കഴുത്തുവേദനയ്ക്ക് മരുന്നുകൊണ്ടു വരുമോ’’ എന്നു ചോദിക്കുന്നു സീനത്ത്. കുനിഞ്ഞിരുന്ന് തുന്നിത്തുന്നി ചെറുപ്പത്തിലേ കഴുത്തുവേദനയാണ് എല്ലാർക്കും. ചിത്രത്തുന്നലുകാരിൽ തൊണ്ണൂറുശതമാനവും സ്ത്രീകളാണ്. വളരെ വളരെ ദരിദ്രരായ സ്ത്രീകൾ. അവർക്ക് ഇടനിലക്കാർ കൊടുക്കുന്ന നിസ്സാര ദിവസക്കൂലി കേട്ടാൽ അദ്‌ഭുതമാവും.  
മെട്രോകളിലെ ഡിസൈനർ ഷോറൂമുകളിൽ പൊള്ളുന്ന വിലയിൽ തൂങ്ങിക്കിടന്നാടുന്ന കൈത്തുന്നലുടുപ്പുകളും ഷെർവാണികളും ലഹങ്കകളും ഒക്കെ  ഇവരുടെ മെലിഞ്ഞ കൈകൾ സൃഷ്ടിക്കുന്നതാണ്. ഫാഷൻ പരേഡു റാമ്പുകളിൽ പൂച്ചനടത്തത്തിന് കൂട്ടുപോകുന്ന പകിട്ടേറിയ പൂത്തുന്നൽ സാരികളിൽ ഇവരുടെ വിരലടയാളങ്ങളുണ്ട്. മഡോണയും പിന്നെ ഇപ്പോൾ പ്രിയങ്ക ചോപ്രയും ഒക്കെ ഇവർ തുന്നിയ ഉടുപ്പുകളിട്ട് അന്താരാഷ്ട്ര വേദികളിൽ അടിവെച്ചിട്ടുണ്ട്. എന്നാൽ, ഇവരിട്ടിരിക്കുന്ന വിലകുറഞ്ഞ പോളിയസ്റ്റർ സൽവാറുകളിൽ ചിത്രപ്പണികളുടെ തരിമ്പേ ഇല്ല. നിറക്കൂട്ടുകൾ ചമയ്ക്കുന്നവരുടെ നിറംകെട്ട ജീവിതങ്ങൾ !
തലമുറകളിലൂടെ കൈമാറിയെത്തിയ കല. വിരലുകളിലൂടെ പൂവിതളുകൾ ഒന്നൊന്നായി വിരിഞ്ഞുവരുന്നത് നോക്കിയിരിക്കാൻ തോന്നും. എത്ര ശ്രദ്ധയാണ്, സമർപ്പണമാണ്... കല വയറ്റിൽപിഴപ്പായതുകൊണ്ട് ഇവരെ കലാകാരികൾ എന്നാരും വിളിക്കുന്നില്ല. വെറും കൈത്തൊഴിൽക്കാരികൾ...!
‘‘ഞങ്ങൾക്കുമുണ്ടായിരുന്നു ഒരു നല്ലകാലം, കുഞ്ഞേ... ദില്ലിയിൽനിന്ന് ഞങ്ങളെ വീടും ഇടവും തന്ന് ക്ഷണിച്ചുകൊണ്ടു വന്നതാണ് നവാബ്’’ -ഞായറാഴ്ച രാവിലെ, തയ്ച്ച ഉടുപ്പുവാങ്ങാൻ ചെന്നതാണ് ഞാൻ. ഇത്തിരി കൂടി തീരാനുണ്ടെന്നുപറഞ്ഞ് ഇറയത്തെ പഴയ കൊത്തുപണിക്കട്ടിലിൽ പിടിച്ചിരുത്തി സീനത്ത്. അവളുടെ നാനിമാ (അമ്മമ്മ) ഏലക്കായിട്ട് സുഗന്ധം പരത്തുന്ന മധുരക്കാവയുമായി അരികിൽ വന്നിരുന്ന് ഇമ്പമുള്ള ഉറുദുവിൽ കഥപറയാൻ തുടങ്ങി.
‘‘അമ്മീ ജാൻ, ഹമാരാ സർഫീനോം കോ ഉറുദു നഹീം ജാൻതാ’’ -അമ്മി ജാൻ, നിങ്ങളെന്റെ കസ്റ്റമറെ പഴങ്കഥ പറഞ്ഞ് ബോറടിപ്പിക്കല്ലേ. അവർക്ക് ഉറുദു മനസ്സിലാവില്ല -എന്ന് തിരക്കിട്ട്  തുന്നുന്നതിനിടയിൽ സീനത്ത് വിളിച്ചുപറയുന്നു.
‘‘ബസ് കരോ സീനത്ത്...’’ 
‘‘അമ്മി പറയട്ടെ ... ഉറുദു കേൾക്കാനിഷ്ടമാണ്, ഹിന്ദിപോലെ തന്നെയല്ലേ കുറെയൊക്കെ മനസ്സിലാവും’’ ഞാൻ ചിരിച്ചു... മുത്തശ്ശിമാർ എല്ലാ ദേശത്തും ഒരുപോലെയാണല്ലോ എന്നോർത്ത്. അവർ കഴിഞ്ഞുപോയ നല്ലകാലങ്ങളുടെ കഥകൾ പറയുന്നു.
ലഖ്‌നൗവിന്റെ ആഡംബരക്കാലത്ത് ഇവരും വളരെ പ്രതാപത്തിലായിരുന്നു. അന്തഃപുരസ്ത്രീകളുടെ അലങ്കാരപ്പണിക്കാരുടെ നിലയും വിലയും കേമമായിരുന്നു. ബീഗങ്ങളുടെ പ്രിയപ്പെട്ട ചിത്രത്തുന്നലുകാർ !
‘‘ഈ മുറ്റത്ത് ഒരുകാലത്ത് അലങ്കരിച്ച  ജഡ്ക്കകൾ (കുതിരവണ്ടികൾ) കാത്തു കിടന്നിരുന്നു കുഞ്ഞേ’’ എന്നുപറഞ്ഞ് നാനിമാ കണ്ണു തുടയ്ക്കുന്നു. തുന്നിത്തുന്നി തഴമ്പ് വീണ് വഴങ്ങാതായ അവരുടെ മെല്ലിച്ച കൈവിരലുകൾ  നിലത്ത് ഉണങ്ങി വീണ  മുരിങ്ങക്കായ്കളെ ഓർമിപ്പിച്ചു. വലിയ മുത്തശ്ശിമാർ തയ്‌ച്ചിരുന്ന പനിനീർ വള്ളികളുടെയും താമരമൊട്ടുകളുടെയും പൂവലത്തയ്യൽ (ജാലി വർക്ക്) കൊട്ടാരത്തിലെ സ്ത്രീകൾക്ക് വലിയ പ്രിയമായിരുന്നുപോലും.
‘‘കൊട്ടാരത്തിലെ മാത്രമല്ല, കോത്തകളിലെയും’’ -നാനിമാ ശബ്ദംതാഴ്ത്തി പറയുന്നു (സകലകലകളിലും പ്രാവീണ്യമുള്ള അഭിസാരികമാരുടെ ആഡംബര ഹവേലികളായിരുന്നു കോത്തകൾ. അധികാരവും ധനവും അവിടെ അന്തിയുറങ്ങി). രാജകുമാരിമാർ അണിഞ്ഞ തരം ഉടുപ്പുകൾ ചോദിച്ചുവരുന്ന ഗണികാലയത്തിലെ സുന്ദരികളും ഗണികമാർ നൃത്തത്തിനിടുന്ന തരം പൂത്തുന്നലുടുപ്പുകൾ ചോദിച്ചുവരുന്ന രാജകുമാരിമാരും... ശീതസമരങ്ങളാൽ എരിപൊരികൊള്ളുന്ന ഹാരങ്ങളും (അന്തഃപുരങ്ങൾ) കോത്തകളും!
 ‘‘മുത്തശ്ശി പറയും, കസ്റ്റമേഴ്‌സിന്റെ  എല്ലാ കാര്യങ്ങളും തമ്മിൽത്തമ്മിൽ പറയരുത്... എന്നാലോ ചില കാര്യങ്ങളൊട്ട് പറയുകയും വേണം.’’ നാനിമാ കണ്ണിറുക്കി ചിരിക്കുന്നു... കച്ചവട രഹസ്യങ്ങൾ.
ലഖ്‌നൗ... ഗോമതിയുടെ കരയിലെ പുരാതന ചരിത്രനഗരം. ഉത്തരേന്ത്യയുടെ കൾച്ചറൽ കാപ്പിറ്റൽ.. ‘ഗംഗാ ജമുനി തഹ്‌സീബ്’ (ഹിന്ദു മുസ്‌ലിം സംസ്കാര സമന്വയം) പ്രതിഫലിപ്പിക്കുന്ന കൊട്ടാരങ്ങളും എടുപ്പുകളും.. ഇവിടെ ഉരുകിച്ചേർന്നിരിക്കുന്ന സംസ്കാരങ്ങൾ ഇതു മാത്രമല്ല; പാർസിയും പേർഷ്യനും ബ്രിട്ടീഷും ഒക്കെയുണ്ട് !  ഉറുദുവിന്റെ സ്വാധീനമുള്ള മധുരിക്കുന്ന ഹിന്ദി. ആഡംബര പ്രിയരും കലാരസികരുമായിരുന്ന നവാബുമാരുടെ കാലത്ത്  സംഗീതവും നൃത്തവും ശ്വസിച്ചുറങ്ങിയിരുന്ന നഗരം കഥക് നൃത്തത്തിന്റെ  ഈറ്റില്ലം. മൃദുവും കുലീനവുമായ വൃത്തചലനങ്ങളോടെ ‘ലഖ്‌നൗ ഖരാന’ എന്ന വകഭേദം തന്നെയുണ്ട് കഥക്കിന്. നവാബ് വാജിദ് അലിയുടെ ദർബാറിൽ ചിലങ്കകെട്ടി ചുവടുവെച്ചാണ് ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾ കഥക് നൃത്തത്തിലേക്ക് വന്നത്. സത്യജിത് റായ്‌യുടെ പ്രഥമ ഹിന്ദി സിനിമയായ ‘ശത്രാഞ്ജ് കെ ഖിലാഡി’ (ചതുരംഗക്കളിക്കാർ)യുടെയും  മുസാഫിർ അലിയുടെ ‘ഉംറാവു ജാന്റെയും’  ഒക്കെ പശ്ചാത്തലം ഈ നഗരമാണ്. 
‘ഉംറാവു’ എന്ന അതിസുന്ദരിയും സർവകലാവല്ലഭയുമായിരുന്ന ഗണികയുടെ കഥയാണ്  ‘ഉംറാവു ജാൻ ആദാ’ ആദ്യത്തെ ലക്ഷണമൊത്ത ഉറുദു നോവൽ. ഖുഷ്വന്ത് സിങ്ങിന്റെ ഇംഗ്ലീഷ് വിവർത്തനമുണ്ട്. എഴുത്തുകാരൻ മിർസാമുഹമ്മദ് റിഷ്വായുടെ  കൂട്ടുകാരിയായിരുന്നു കഥാനായിക എന്നൊക്കെയുണ്ട് അനുമാനങ്ങൾ!.  മുഷായിറകൾ എന്ന കവിസമ്മേളനങ്ങളിലും നിശാനൃത്തശാലകളിലും ഇതൾവിരിയുന്ന നോവൽ നിറയെ പഴയ ലഖ്‌നൗ നഗരത്തിന്റെ ആഡംബരത്തിന്റെയും സമ്പത്തിന്റെയും കടുംവർണ ചിത്രങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതിയ നോവൽ ഉത്തരേന്ത്യൻ സാഹിത്യത്തിലും സിനിമയിലും ഇപ്പോഴും തിരയിളക്കങ്ങൾ ഉണ്ടാക്കുന്നു. രേഖയും പിന്നെ ഐശ്വര്യാ റായിയും അടക്കം ഇന്ത്യയിലും പാകിസ്താനിലും അനേകം അഭിനേത്രിമാർ ഉംറാവു  ആയി ചായമിട്ടുകഴിഞ്ഞു. പുരാതന ലഖ്‌നൗവിന്റെ അലങ്കരിക്കപ്പെട്ട തെരുവുകളിലൂടെ അലഞ്ഞുനടക്കുന്ന സ്നേഹോപാസക. ‘എല്ലാവരും തന്നെ അവർക്കുവേണ്ടി മാത്രമാണ് പ്രണയിച്ചതെന്ന്’ ചങ്കുപൊട്ടി വിളിച്ചുപറയുന്നു. വിദുഷിയായ ഗണികയുടെ അൽത്തയണിഞ്ഞ് ചുവപ്പിച്ച കാല്പാദങ്ങളിൽ ഖുംഗ്രു മണികൾ ചിലമ്പുമ്പോൾ ബോളിവുഡ് പ്രേക്ഷകർ ഇപ്പോഴും എഴുന്നേറ്റ് ഒപ്പം ചുവടുവെക്കുന്നു. സ്നേഹം തിരിച്ചുകിട്ടാത്തവളുടെ അടക്കാനാവാത്ത അന്തഃക്ഷോഭങ്ങൾ തിയേറ്ററുകളിൽ വീണ്ടും വീണ്ടും അലയടിക്കുന്നു.
അധികാരത്തിനും ധനത്തിനും വേണ്ടിയുള്ള ഒട്ടേറെ യുദ്ധങ്ങൾ കണ്ട നഗരം.  ഇവിടത്തെ അമൂല്യസമ്പത്തിന്റെ ഖജനാവിൽ കണ്ണുടക്കിപ്പോയി  ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്. ‘ശിപായി ലഹള’ അഥവാ ‘ഇന്ത്യൻ മ്യൂട്ടണി’ എന്ന് ബ്രിട്ടീഷുകാർ ആദ്യം  നിസ്സാരമാക്കിയ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ  പ്രധാന പ്രഭവകേന്ദ്രം ലഖ്‌നൗ ആയിരുന്നു. സിംഹിണിയെപ്പോലെ തിരിഞ്ഞുനിന്നെതിരിട്ട ബീഗം ഹസ്രത്ത് മഹൽ  എന്ന അവാധി റാണിയുടെ സൈന്യത്തിനുമുന്നിൽ കുറച്ചുകാലത്തേക്കെങ്കിലും ബ്രിട്ടീഷുകാർ അടിയറവു പറഞ്ഞു. ആനപ്പുറത്തിരുന്ന് യുദ്ധം നയിച്ച ബീഗം ! അന്ന് ഇവിടെ മാസങ്ങളോളം തടവിലാക്കപ്പെട്ടു ബ്രിട്ടീഷ് മേധാവികൾ !.  
നഗരത്തിലെ തിക്കുകൂട്ടുന്ന അനേകം മിനാരത്തുകളുടെയും ശവകുടീരങ്ങളുടെയുമിടയിൽ കരുണയുടെ തലപ്പൊക്കവുമായി ‘ബഡാ ഇമാംബാര’ എന്ന മഹാമന്ദിരം കാലത്തിനെതിരേ നിവർന്നുനിൽക്കുന്നു. അതിനുള്ളിലാണ് ആയിരം ഇടനാഴികളും പിരിവഴികളുമായി ‘ഭൂൽ ഭുലയ്യ’ എന്ന ഭൂതത്താൻകോട്ട. ഓരോ ഇടനാഴിയും അവസാനിക്കുന്നിടത്ത് നാലുവാതിലുകൾ. അതിലൊന്നു മാത്രം സത്യം - ബാക്കിയെല്ലാം തെറ്റുവഴികൾ. വഴിതെറ്റിയൊന്ന് അതിലൊന്നിലൂടെ പോയാൽ മതി ‘ചുറ്റിക്കൽ’ എന്നാൽ എന്താണെന്ന് അക്ഷരാർഥത്തിൽ മനസ്സിലാക്കാൻ !
ചുണ്ണാമ്പുകല്ലും ഉഴുന്നും ശർക്കരയും ഒക്കെ ചേർത്ത പതിനെട്ടാം നൂറ്റാണ്ടിലെ നിർമാണം. ശബ്ദത്തിന്റെ മാന്ത്രികത മനസ്സിലാക്കിത്തരുന്ന മായിക ചുവരുകൾ. ഒരിടനാഴിയുടെ തണുത്ത ചുവരിൽ ചുണ്ടുചേർത്ത് മന്ത്രിച്ചാൽ അടുത്ത ഇടനാഴിയിൽ  അതിലും ഉച്ചത്തിൽ കേൾക്കും ! ചുമരുകൾക്കപ്പുറവും ഇപ്പുറവും ചുണ്ടും ചെവിയും ചേർത്ത് സ്നേഹം മന്ത്രിക്കുന്ന പ്രണയികൾ... പ്രണയം കേട്ടുകേട്ടായിരിക്കണം ഈ ചുവരുകളിത്ര തുടുത്തത് ! ഗോമതി നദിയിലേക്കും ഫൈസാബാദിലേക്കും ഒക്കെ  കെട്ടിടത്തിന്റെ നിലവറകളിൽനിന്ന് ഭൂഗർഭവഴികളുണ്ടത്രേ. ശരിക്കും രാവണൻകോട്ട തന്നെ. ഇമാം ദാരയുടെ പടികളിലിരുന്ന് പ്രാവുകളെ തീറ്റുന്ന വെള്ളപ്പഞ്ഞി മുടിയും താടിയുമുള്ള വൃദ്ധസൂഫിയെ കണ്ട് മോൾ അങ്ങോട്ടോടി. അരികിൽ ചെന്നിരുന്ന  ഞങ്ങളോട് അദ്ദേഹം മന്ദിരങ്ങളുടെ കഥ പറഞ്ഞുതന്നു.
1780-കളിലെ  ക്ഷാമകാലം, ജനങ്ങളുടെ കഷ്ടപ്പാടു കണ്ട് നാലാം നവാബ് സങ്കടത്തിലായി. അഭിമാനക്ഷതം വരുത്താതെ അവരുടെ പട്ടിണി മാറ്റാൻ, അവർക്ക് എന്നും ജോലിയും കൂലിയും കൊടുക്കാൻ അദ്ദേഹം കണ്ടുപിടിച്ച കുലീനമായ വഴിയായിരുന്നു ഈ മന്ദിരങ്ങളുടെ നിർമാണം. അങ്ങനെ കെട്ടിടങ്ങളുടെ പണി തുടങ്ങുന്നു. ഇരുപതിനായിരം ആളുകൾ. പകൽ പണിയാൻ കുറേപ്പേർ. പണിതത് പൊളിക്കാൻ രാത്രിയിൽ വേറെ ആൾക്കാർ. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മൂടിവെക്കാൻ ആഗ്രഹിച്ചിരുന്ന പഴയ പണക്കാരായിരുന്നുപോലും രാത്രി ജോലിക്കാർ ! അങ്ങനെ പതിന്നാലു വർഷം. അപ്പോഴേക്കും ക്ഷാമം തീർന്നു. പണിതും പൊളിച്ചുപണിതും മന്ദിരങ്ങളും 
പൂർത്തിയായി.
കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് സൂഫി  ചോദിച്ചു: ‘‘ബേട്ടാ, ഭൂൽ ഭുലയ്യ എന്ന വാക്കിന്റെയർഥം എന്തെന്നറിയുമോ?’’  ആകാശത്തേക്ക് രണ്ടു കൈകളുമുയർത്തി അദ്ദേഹം പറഞ്ഞു: ‘‘വഴികളെല്ലാം തെറ്റുന്നിടം... ദിശകളെല്ലാം മറക്കുന്നിടം’’. അവിടെ നിന്നും പോന്നിട്ട് ഏറെനേരം കഴിഞ്ഞിട്ടും ആ വരികൾ ഉള്ളിൽ നുഴഞ്ഞുകയറി  ലാബിരിന്തുപോലെ കുഴപ്പിച്ചുകൊണ്ടിരുന്നു.
‘ഭൂൽ ഭുലയ്യ...’ -വഴികളെല്ലാം തെറ്റുന്നിടം.. ദിശകളെല്ലാം മറക്കുന്നിടം