1960-’80 കാലത്തൊക്കെ മുംബൈ അധോലോക കുറ്റവാളികൾക്ക് ഒരു റോബിൻഹുഡ് പരിവേഷമുണ്ടായിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അധോലോകവും അവ അടക്കിഭരിക്കുന്നവരും ഉണ്ടായിരുന്നുവെങ്കിലും മുംബൈ അധോലോകത്തിന് പ്രത്യേകമായൊരു ആകർഷകത്വവും പരിവേഷവുമുണ്ടായിരുന്നു. അവരുടെ ജീവിതങ്ങൾ ചമ്പൽക്കൊള്ളക്കാരുടേതുപോലെ പല ഭാഷകളിലും ചലച്ചിത്രങ്ങൾക്ക്‌ വഴിമരുന്നിട്ടു. അതിൽ പലതും ഹിറ്റുകളുമായി. 1980-കളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് തുടക്കമാവുന്നതുവരെ മംബൈയിൽ ‘അധോലോക നായകൻ’ എന്ന വിളിപ്പേരിന് അർഹതയുണ്ടായിരുന്നത് മൂന്നുപേർക്കു മാത്രമായിരുന്നു. കരിം ലാല, ഹാജി മസ്താൻ, വരദ ഭായ് എന്നിവരായിരുന്നു അത്. മറ്റുള്ളവർ വെറും ഗുണ്ടകൾ മാത്രമായിരുന്നു. ക്രിമിനലുകളായിരുന്നാൽപ്പോലും അവരവരുടേതായ പ്രദേശങ്ങളിൽ അവർക്ക് സമൂഹത്തിൽ ചില അംഗീകാരങ്ങളുണ്ടായിരുന്നു. വടക്കൻ പാട്ടുകളിലേതിനു സമാനമായിരുന്നു അത്. അതുകൊണ്ട് അധോലോകനായകരും ഗുണ്ടാനേതാക്കളും സമൂഹവുമായി ബന്ധം നിലനിർത്താനും ആളുകളുടെ ആവശ്യങ്ങളിൽ ഇടപെടാനും ശ്രമിച്ചിരുന്നു. സ്വന്തമായ കാര്യനിർവഹണസഭകളും അതിൽ തത്‌ക്ഷണമുള്ള നീതിനടപ്പാക്കലും ഇവർക്കുണ്ടായിരുന്നു. നിയമപരമായി മുന്നോട്ടുനീങ്ങിയാൽ വർഷങ്ങളെടുക്കുന്ന സംഭവങ്ങളായിരുന്നു അതിൽ പലതുമെന്ന് ആളുകൾ കരുതിയിരുന്നു. പോലീസുകാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ ഇതിന്റെ ഗുണഭോക്താക്കളായുണ്ടായിരുന്നു. ഇഷ്ടമുള്ള പോലീസ് സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റംവരെ വരദരാജനെപ്പോലുള്ള അധോലോക നായകരാണ് കൈകാര്യം ചെയ്തിരുന്നത്. 
  ഒരിക്കൽ, മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ധൈര്യശാലിയായ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ 
ജി.ആർ. ഖെയ്ർനാർ തനിക്കൊരു തോക്ക് അനുവദിപ്പിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നതായി വരദരാജൻ ഒരിക്കൽ എന്നോടുപറഞ്ഞതായി ഞാനോർക്കുന്നു. 1980-കളുടെ തുടക്കത്തിലൊരിക്കൽ മാട്ടുങ്കയിലെ വരദരാജന്റെ അപ്പാർട്ടുമെന്റിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടിയപ്പോഴാണ് അതു പറഞ്ഞത്. ‘‘എന്തിന് ആഭ്യന്തര വകുപ്പിനെ സമീപിക്കണം. ഇറക്കുമതിചെയ്ത ഒന്നാന്തരമൊരെണ്ണം ഞാൻ തരാം’’ -എന്നായിരുന്നു വരദരാജന്റെ മറുപടി. മുംബൈ ആസ്ഥാനമായ ‘ദ ആഫ്‌റ്റർ നൂൺ’ എന്ന പത്രത്തിലെ, വരദയെക്കുറിച്ചുള്ള എന്റെ റിപ്പോർട്ടിൽ ഞാനിക്കാര്യം സൂചിപ്പിക്കുകയുണ്ടായി. 1988 ജനുവരിയിൽ വരദ മരിച്ചശേഷമായിരുന്നു അത്. അപ്പോൾ ഖെയ്ർനാർ സർവീസിലുണ്ടായിരുന്നു. ധാരാവിയിൽ തുടങ്ങി മാട്ടുങ്ക വഴി സിയോൻ-കോളിവാഡയും ആന്റോപ്‌ഹിൽ വരെയുമുള്ള തന്റെ സാമ്രാജ്യം വരദ അടക്കിഭരിച്ചിരുന്നത് രണ്ടു ലെഫ്റ്റനന്റുമാർ മുഖേനയായിരുന്നു- പനയ്ക്കൽ തോമസ് കുര്യൻ എന്ന ഖാജാ ഭായിയും പരമശിവം എന്ന ചിന്നവരുമായിരുന്നു അവർ. ആന്റോപ്‌ഹിലിലെ  ചതുപ്പുനിലം ചേരിയാക്കി മാറ്റിയത് ചിന്നവരായിരുന്നു. നിറയെ കടകളുമുണ്ടായിരുന്ന അവിടം വരദരാജൻ നഗർ എന്നാണ് അറിയപ്പെട്ടിരുന്നത്. അയാളവിടെ ഒരു ക്ഷേത്രം നിർമിക്കുകയും ക്ഷേത്രപരിസരത്ത് നാട്ടുകൂട്ടം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പാലക്കാട്ടെ മണ്ണാർക്കാട് സ്വദേശിയായിരുന്നു ഖാജ. ആന്റോപ്‌ഹിലിലെ ഭൂമി കൈയേറി അവിടെയൊരു കത്തോലിക്കാ പള്ളി നിർമിച്ചത് അയാളാണ്. ആ മേഖലയിൽ ധാരാളം മലയാളികളുണ്ടായിരുന്നു. ഈ പള്ളിയിലാണ് ഇവിടത്തെ ഭൂരിഭാഗം കത്തോലിക്കരും ഞായറാഴ്ച കുർബാനയ്ക്കു വന്നിരുന്നത്. അവിടെയുള്ള മലയാളികൾക്ക് എന്തു സഹായത്തിനും ഖാജയെ സമീപിക്കാം. ഉടൻ അതിനു പരിഹാരമുണ്ടാകും. ഇത്തരം സേവനങ്ങളിലൂടെയാണ് അധോലോക നായകരും ഗുണ്ടാനേതാക്കളും ജനഹൃദയങ്ങളിൽ റോബിൻഹുഡ് പരിവേഷം സൃഷ്ടിച്ചെടുത്തത്. 
  ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ തുടങ്ങിയതോടെ മുംബൈയിലെ അധോലോക സാഹചര്യങ്ങൾക്കു മാറ്റംവന്നു. പഠാൻ-ദാവൂദ് സംഘങ്ങളുടെ ഏറ്റുമുട്ടലിന്റെ പാരമ്യത്തിൽ വരദ ഉൾപ്പെടെയുള്ളവർ പ്രശ്നത്തിലായി.  പോലീസിന്റെ അറസ്റ്റ് ഒഴിവാക്കാൻ വരദയ്ക്ക് മദ്രാസിലേക്കു പലായനം ചെയ്യേണ്ടിവന്നു. ജൂലിയോ റിബെയ്‌റോ ആയിരുന്നു അന്നത്തെ പോലീസ് കമ്മിഷണർ. വരദ മുമ്പത്തെപ്പോലെ ശക്തനായിരുന്നെങ്കിൽ ഇരുവിഭാഗവും തമ്മിലുള്ള ഒത്തുതീർപ്പിന് അയാൾ ചുക്കാൻപിടിച്ചേനെ എന്നൊരു സംസാരം അന്ന് മുംബൈ അധോലോകത്തുണ്ടായിരുന്നു. 
വരദയുടെ അസാന്നിധ്യത്തിൽ ഹാജി മസ്താൻ ഇത്തരമൊരു ഒത്തുതീർപ്പിനു ശ്രമിച്ചു. തന്റെ പെദ്ദാർ റോഡ് ബംഗ്ലാവിൽ, മുംബൈ ആസ്ഥാനമാക്കിയ ഗുണ്ടാസംഘങ്ങളുടെ ഒരു യോഗം അയാൾ വിളിച്ചുകൂട്ടി. പക്ഷേ, ആ യോഗം ലക്ഷ്യംകണ്ടില്ലെന്നു മാത്രമല്ല, ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാവുകയും ചെയ്തു. 
 സ്വന്തം സംഘമില്ലാത്ത ദാവൂദ്
  ഇവിടെ ഒരുകാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതെന്തെന്നാൽ ദാവൂദിന് സ്വന്തമായി ഒരു സംഘവും ഉണ്ടായിരുന്നില്ല എന്നതാണ്. തന്റെ ആവശ്യത്തിനനുസരിച്ചുള്ള കൊലകൾക്ക് അയാൾ ഗുണ്ടാസംഘങ്ങളെ വാടകയ്ക്കെടുക്കുകയായിരുന്നു. ആ രീതിയിലാണ് സമദ് ഖാനെയും അബ്ദുൾ കുഞ്ഞുവിനെയും ഇല്ലാതാക്കാൻ ദാവൂദ്, രാമ നായ്ക്കിന്റെ നേതൃത്വത്തിലുള്ള ബൈക്കുള സംഘത്തെ വാടകയ്ക്കെടുത്തത്. ഇത്തരം ഇടപെടലുകളിലൂടെയാണ് പഠാൻ സംഘത്തെയും കരിം ലാലയെയും ദാവൂദ് ക്ഷയിപ്പിച്ചതും താനുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചതും. ആ പോര് തത്കാലത്തേക്കു ശമിച്ചെങ്കിലും മറ്റു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പിന്നെയും തുടർന്നു. ദാവൂദ് പലവിധത്തിലും തങ്ങളെ ആശ്രയിക്കുന്നവനാണെന്ന് മുംബൈയിലെ ഗുണ്ടാസംഘങ്ങൾക്ക് അറിയാമായിരുന്നു. തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഗുണ്ടാസംഘങ്ങൾക്ക് ഇഷ്ടംപോലെ പണം നൽകാറുണ്ടായിരുന്ന ദാവൂദിനോട് ചിലർക്കു മാത്രമേ കൂറുണ്ടായിരുന്നുള്ളൂ. മുംബൈ അധോലോകത്ത് തങ്ങൾ ദാവൂദിനു മുകളിൽ വരണമെന്നായിരുന്നു കൂറുകാണിക്കാത്തവരുടെ ആഗ്രഹം. ദുബായിൽനിന്നുള്ള ആജ്ഞകൾ അനുസരിക്കാനോ ആരും തങ്ങളെ ഭരിക്കുന്നത് ഇഷ്ടപ്പെടാനോ ആഗ്രഹമില്ലാത്തവരായിരുന്നു അവർ. അത് മുംബൈ അധോലോകത്ത് വീണ്ടും കുടിപ്പകകൾക്ക്‌ കാരണമായി. ഒരിക്കൽ ദാവൂദ്‌ പണം കൊടുത്തു പോറ്റിയിരുന്നവരും ദാവൂദുമായുള്ളതായിരുന്നു അത്. പിന്നീടുണ്ടായ കൗതുകകരമായ ഒരു കാര്യം, ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥർത്തന്നെ ദാവൂദിന്റെ കൃത്യങ്ങൾ നടപ്പാക്കാൻ രംഗത്തെത്തി എന്നതാണ്. ഇതാണ് മുംബൈയിലെ ഏറ്റുമുട്ടൽ കൊലകളിലേക്കു നയിച്ചത്. മെഹ്‌മൂദ് കാളിയയുടെ കൊല അത്തരത്തിലൊന്നാണെന്നാണ് ആരോപണം. 
  ഗുണ്ടാസംഘങ്ങളുടെ ഈ കിടമത്സരം ബൈക്കുള അഥവാ ദഗഡി ചൗൾ ഗുണ്ടാനേതാവ് രാമ നായ്‌ക്കിന്റെ കൊലയിലേക്കു നയിച്ചു. ദാവൂദിന്റെ ചില കടുത്ത എതിരാളികളെ ഇല്ലാതാക്കാൻ പ്രവർത്തിച്ച ആളായിരുന്നു അയാൾ. ഗുണ്ടാസംഘങ്ങളുടെ രണ്ടാംവട്ട ഏറ്റുമുട്ടൽ അഥവാ ഏറ്റുമുട്ടൽ കൊലകൾ ആരംഭിക്കുന്നത് മുംബൈയിലെ ജോഗേശ്വരിയിലെ ഒരു ഭൂമിയെച്ചൊല്ലിയുണ്ടായ തർക്കത്തോടെയാണ്. രാമനായ്ക്കും ദാവൂദിന്റെ മറ്റൊരു അടുത്ത അനുയായിയായ ശരദ് ഷെട്ടിയും തമ്മിലായിരുന്നു ആ തർക്കം. സംഗതി ഒത്തുതീർപ്പാക്കാൻ ദാവൂദ് 1988-ന്റെ തുടക്കത്തിൽ ഇരുവരെയും ദുബായിലേക്കു വിളിപ്പിച്ചു. വസ്തുവിൽ തനിക്കുള്ള അവകാശവാദം ഉപേക്ഷിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ യോഗത്തിൽ രാമനായ്ക്ക്‌ തയ്യാറായില്ല. യോഗത്തിനിടെ ഇരുവരും തമ്മിൽ അടിപിടിയുടെ വക്കോളമെത്തിയെന്നാണ് കേട്ടുകേൾവി. പക്ഷേ, ദാവൂദിന്റെയും ഛോട്ടാ രാജന്റെയും പിന്തുണ ഷെട്ടിക്കായിരുന്നു. ഇത് ദാവൂദുമായുള്ള തന്റെ ബന്ധം വിച്ഛേദിക്കാൻ നായ്ക്കിനെ പ്രേരിപ്പിച്ചു. മുംബൈയിൽ തിരിച്ചെത്തിയ ശേഷം ദാവൂദിനോടു പ്രതികാരം ചെയ്യാൻ നായ്ക്ക്‌ തീരുമാനിച്ചു. പക്ഷേ, കൊലക്കുറ്റമുൾപ്പെടെ പതിമ്മൂന്ന് ക്രിമിനൽക്കേസുകളിൽ പോലീസ് തേടുന്ന കുറ്റവാളിയായിരുന്നു അയാൾ. ദേശീയ സുരക്ഷാ നിയമ(എൻ.എസ്.എ.)പ്രകാരവും അയാൾക്കെതിരേ അറസ്റ്റു വാറന്റുണ്ടായിരുന്നു. എന്നാൽ, പോലീസ് അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 
  1988 ജൂലായ് 21-നു വൈകുന്നേരം നാഗ്പാട പോലീസ്‌സ്റ്റേഷൻ എസ്.ഐ. രാജൻ കട്ദരെയ്ക്ക് ഒരു അജ്ഞാതസന്ദേശം ലഭിച്ചു. ചെമ്പൂരിലെ ഒരു ബാർബർ ഷോപ്പിൽ നായ്ക്ക്‌ എത്തുമെന്നായിരുന്നു അത്. രണ്ടു കോൺസ്റ്റബിൾമാരെയും കൂട്ടി കട്ദരെ സ്ഥലത്തേക്കു കുതിച്ചു. പ്രതീക്ഷിച്ചതുപോലെത്തന്നെ നായ്ക്ക്‌ ഒരു മാരുതികാറിലെത്തി. കാറിൽ നിന്നിറങ്ങിയ അയാൾ ബാർബർ ഷോപ്പിലേക്കു നടന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ നായ്ക്ക്‌ തോക്കുചൂണ്ടിയെന്നാണ് പോലീസ് ഭാഷ്യം. പരസ്പരം വെടിവെപ്പുണ്ടായി. നായ്ക്ക്‌ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. നായ്ക്ക്‌ ‘ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു’വെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പോലീസ് വ്യക്തമാക്കി. അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നും ദാവൂദിന്റെയും ഛോട്ടാ രാജന്റെയും നിർദേശപ്രകാരമായിരുന്നു അതെന്നും ആരോപണമുണ്ടായിരുന്നു. 
    നായ്ക്കിന്റെ മരണത്തോടെ, അശോക് ജോഷി ബൈക്കുള സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ, ബൈക്കുളസംഘത്തെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ദാവൂദും രാജനും. 1988 ഒക്ടോബർ 25-ന് കാഞ്ജൂർമാർഗിൽ വെച്ച് ജോഷിയും മൂന്ന് അനുയായികളും സഞ്ചരിച്ച കാറിനുനേരെ മാരുതിവാനിലെത്തിയ മറ്റൊരു സംഘം വെടിയുതിർത്തു. അനുയായികൾ വെടിയേറ്റു വീണെങ്കിലും ജോഷി രക്ഷപ്പെട്ടു. 
അതേവർഷം ഡിസംബർ നാലിന് ജോഷിയും സംഘാംഗങ്ങളും കാറിൽ പുണെ ഭാഗത്തേക്കു യാത്രചെയ്യുമ്പോൾ കാറിനെ മറികടന്നുവന്ന മാരുതി വാനിൽനിന്ന് വെടിവെപ്പുണ്ടായി. യന്ത്രത്തോക്കുകൾ ഉപയോഗിച്ച് 180 റൗണ്ടാണ് വെടിയുതിർത്തത്. ഇത്തവണ ജോഷിക്കു രക്ഷയുണ്ടായില്ല. ദിലീപ് ലാൻഡാഗെ, കരുണാകർ ഹെഗ്‌ഡെ എന്നിവരും അന്ന് ജോഷിക്കൊപ്പം ജീവൻവെടിഞ്ഞു. മായ ദോലസ് നേതൃത്വംകൊടുത്തിരുന്ന 
ഗുണ്ടാസംഘമാണ് ആ കൃത്യം നടപ്പാക്കിയത്. മൂന്നുവർഷത്തിനുശേഷം 1991 നവംബറിൽ ദോലസും ആറ്‌ സംഘാംഗങ്ങളും പോലീസിലെ തീവ്രവാദവിരുദ്ധ സംഘത്തിന്റെ (എ.ടി.എസ്.) വെടിയേറ്റുമരിച്ചു. ‘ലോഖണ്ഡ്‌വാല 
ഷൂട്ടൗട്ട്’ എന്നാണ് ആ ഉദ്യമത്തിന് പോലീസ് നൽകിയ പേര്. 
 അരുൺഗാവ്‌ലിയും സച്ചിൻ വാസേയുടെ ഉപദേശകനും
  ജോഷിക്കുശേഷം സംഘത്തിലെ അടുത്തയാൾ അരുൺ ഗാവ്‌ലിയായിരുന്നു. പക്ഷേ, അയാളെക്കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. മുംബൈയിലെ ക്രൈം റിപ്പോർട്ടറായിരുന്ന ഞാൻ ഈ പേര് ആദ്യമായി കേൾക്കുന്നത് 1989-ൽ ദാദർ പോലീസ് അയാളെ അറസ്റ്റുചെയ്തപ്പോഴായിരുന്നു. രാത്രിയിൽ ദുരൂഹസാഹചര്യത്തിൽ കണ്ട അയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോൾ അയാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ ഒരു തോക്ക് പോലീസ് കണ്ടെടുത്തു. അതോടെ അയാളെ അറസ്റ്റുചെയ്തു. എന്നാൽ, ഏറെത്താമസിയാതെ വിട്ടയച്ചു. അന്നുമുതൽ അരുൺ ഗാവ്‌ലിയുടെ പേര് മുംബൈ അധോലോകത്ത് മുൻനിരയിലുണ്ടായിരുന്നു. കൗശലക്കാരനായിരുന്ന അയാൾ എതിരാളികളാൽ കൊല്ലപ്പെടാതിരിക്കാൻവേണ്ടി പോലീസിനു പിടികൊടുക്കുക പതിവായിരുന്നു. ജയിലിനുള്ളിലെ സുരക്ഷിതത്വമായിരുന്നു ഗാവ്‌ലിയുടെ ലക്ഷ്യം. അതേസമയം, പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇമ്മാനുവൽ അമോലിക് വിരമിച്ചശേഷം 2013-ൽ കെട്ടിട നിർമാതാവ് സുനിൽ കുമാർ ലൊഹാരിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ആവർഷം ഫെബ്രുവരിയിൽ നവി മുംബൈയിലായെിരുന്നു അതുനടന്നത്. സഹർ വിമാനത്താവളത്തിൽവെച്ച് മെഹ്‌മൂദ് കാളിയയെ വധിച്ച അതേ അമോലിക് തന്നെയായിരുന്നു അത്. ജയിൽചാടിയ കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭ്‌രാജിനെ 1986-ൽ ഗോവയിലെ ഒരു റെസ്റ്റോറന്റിൽനിന്ന് പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്ന ഓഫീസറാണ് അമോലിക്. 
 മുംബൈ പോലീസിലെ ഓഫീസർ പ്രദീപ് ശർമ ‘ഏറ്റുമുട്ടൽ വിദഗ്ധൻ’ (എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്‌) ആയാണ് അറിയപ്പെട്ടിരുന്നത്. ഒട്ടേറെ ഗുണ്ടകളെ അദ്ദേഹം കൊന്നിട്ടുണ്ടെന്ന്‌ ആരോപണമുണ്ട്‌. 2008-ൽ ശർമയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ദാവൂദ് സംഘത്തിലെ പ്രമുഖനായിരുന്ന ഛോട്ടാ ഷക്കീലുമായുള്ള ശർമയുടെ ഫോൺസംഭാഷണം രഹസ്യാന്വേഷണവിഭാഗം പിടിച്ചെടുത്തതിനെത്തുടർന്നായിരുന്നു അത്. മുന്നൂറിലേറെ ഏറ്റുമുട്ടൽ കൊലകളിൽ ശർമ ഉൾപ്പെട്ടിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ദേശീയാന്വേഷണ ഏജൻസി(എൻ.ഐ.എ.) അറസ്റ്റുചെയ്ത ബോംബെ പോലീസിലെ അസിസ്റ്റന്റ് പോലീസ് കമ്മിഷണറും ഏറ്റുമുട്ടൽ വിദഗ്ധനുമായ സച്ചിൻ വാസേയുടെ ഉപദേശകൻ കൂടിയായിരുന്നു ശർമയെന്നു പറയപ്പെടുന്നു.  
മുംബൈ പോലീസിലെ മറ്റൊരു ഏറ്റുമുട്ടൽ വിദഗ്ധനായിരുന്നു ദയാ നായക്. 83 ഏറ്റുമുട്ടൽ കൊലകളുമായി നായക്കിന് ബന്ധമുള്ളതായി പറയപ്പെടുന്നു. അധോലോകവുമായി അവിഹിത ബന്ധമുണ്ടെന്നതിനും കണക്കിൽപ്പെടാത്ത സ്വത്തുക്കൾ സമ്പാദിച്ചതിനും 2003-ൽ നായക്കിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റ് ഉദ്യോഗസ്ഥരായ പ്രഫുൽ ഭോസ്‌ലേക്ക് 77 ഏറ്റുമുട്ടൽ കൊലകളുമായും വിജയ് സാലസ്കറിന് 52 ഏറ്റുമുട്ടൽ കൊലകളുമായും ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. സച്ചിൻ വാസേക്ക് 63 ഏറ്റുമുട്ടൽ കൊലകളിൽ പങ്കുണ്ടെന്നാണ് ആരോപണം. ലഭ്യമായ കണക്കനുസരിച്ച് മുംബൈയിൽ വിവിധ വർഷങ്ങളിൽ നടന്ന ഏറ്റുമുട്ടൽ കൊലകൾ ഇപ്രകാരമാണ്: 1991-15, 1992-21, 1993-26, 1994-29, 1995-9, 1996-56, 2001-94, 2002-47.
 മധ്യവർഗത്താൽ ആരാധിക്കപ്പെടുന്നവർ
സച്ചിൻ വാസേയെ എൻ.ഐ.എ. അറസ്റ്റുചെയ്തപ്പോൾ ബോംബെ മുൻ സിറ്റി പോലീസ് കമ്മിഷണർ ജൂലിയോ റിബെയ്‌റോ ഇങ്ങനെ പറഞ്ഞു: ‘‘നഗരത്തിലെ മധ്യവർഗം ഏറ്റുമുട്ടൽ വിദഗ്ധരെ ആരാധിക്കുന്നു. അവരെ സംബന്ധിച്ച് ഇവർ കുറ്റവാളികളിൽനിന്ന് സംരക്ഷണം തരുന്നവരാണ്. നീതിന്യായ വിഭാഗത്തിന് പ്രതീക്ഷിക്കുന്നതുപോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല. അതിനുപകരം അപരിഷ്കൃതമായ രീതിയിൽ കുറ്റവാളികളെ തെരുവിൽ വെടിവെച്ചുകൊല്ലുന്നു. ഈ മധ്യവർഗത്തിന് അതിനപ്പുറമൊന്നും ചിന്തിക്കാൻ കഴിയുന്നില്ല. അതിനപ്പുറം ചിന്തിക്കാൻ അവർക്ക് കഴിഞ്ഞിരുന്നെങ്കിൽ, ഈ വിദഗ്ധർ ഭരണത്തിന്റെ തണലിൽ യൂണിഫോമിട്ട കുറ്റവാളികളായി അതിവേഗം മാറുന്ന അപകടത്തെ കാണാൻ അവർക്ക് കഴിയുമായിരുന്നു. ദിവസവും അവർ കാണുന്ന കുറ്റവാളികളെക്കാൾ അപകടകരമാണ് പോലീസുകാർ കുറ്റവാളികളായി രൂപാന്തരപ്പെടുന്ന അവസ്ഥ. യൂണിഫോമിന്റെ സുരക്ഷിതത്വം ആസ്വദിക്കുന്ന അവർ അനന്തരം സ്വന്തംനിലയിൽ നിയമം നടപ്പാക്കുന്നു. യൂണിഫോമുള്ളതിനാൽ ശിക്ഷാഭയമില്ലാതെ കൊലചെയ്യാൻ അവർക്കു കഴിയുന്നു. മേലുദ്യോഗസ്ഥർ അവരെ വാഴ്ത്തുന്നു. എപ്പോഴും വോട്ടുകളുടെയും വോട്ടർമാരുടെയും പിന്നാലെ പായുന്ന രാഷ്ട്രീയക്കാർ അവരെ ആദരിക്കുന്നു. മധ്യവർഗത്തിന്റെ വോട്ട് എപ്പോഴും തത്‌ക്ഷണം നീതി നടപ്പാക്കുന്നവർക്കൊപ്പമായിരിക്കും.’’