1588: സ്പെയിനിന്റെ രാജാവായ ഫിലിപ്പ് രണ്ടാമന്റെ ‘അജയ്യമായ കപ്പൽപ്പട' വടക്കൻ അറ്റ്‌ലാൻറിക്കിലെ  ദ്വീപുരാജ്യമായ ഇംഗ്ലണ്ട് ആക്രമിക്കാൻ പുറപ്പെടുകയാണ്. ആസന്നമായ ആക്രമണഭീതിയിൽ എലിസബത്തിന്റെ ഇംഗ്ലണ്ട് ഞെട്ടിവിറയ്ക്കുകയാണ്. ആ ഭീതിയിൽ വിറച്ച് ഗർഭിണിയായ ഒരു സ്ത്രീ മാസം തികയാതെ ഒരു കുഞ്ഞിനു ജന്മംകൊടുത്തു.  ആധുനിക രാഷ്ട്രമീമാംസയുടെ അടിത്തറപാകിയവരിൽ ഒരാളും രാഷ്ട്രസമൂഹത്തിന്റെ ഉത്‌പത്തിയെക്കുറിച്ച് ഇദംപ്രഥമമായി സൈദ്ധാന്തികമായി ചിന്തിച്ച താത്വികനുമായ തോമസ് ഹോബ്‌സ് ആയിരുന്നു ആ കുഞ്ഞ്. ‘എന്റെ അമ്മയ്ക്ക് ഇരട്ടക്കുട്ടികളാണ് പിറന്നത്; ഭയവും ഞാനും’, എന്ന് ഹോബ്‌സ് ഇതിനെക്കുറിച്ച് പിന്നീട് കുറിച്ചിട്ടുണ്ട്. തന്റെ ഇരട്ടസഹോദരനായ ഭയത്തിന്റെ നിഴലാട്ടം ഹോബ്‌സിന്റെ തത്ത്വചിന്തയിൽ ഉടനീളം കാണാം.
 നരിവംശശാസ്ത്രം
 ആധുനിക രാഷ്ട്രമീമാംസയുടെ വേദങ്ങളിൽ ഒന്നായിമാറിയ ഹോബ്‌സിന്റെ ലെവിയാഥൻ എന്ന ഗ്രന്ഥത്തിൽ  മനുഷ്യൻ രാഷ്ട്രീയസമൂഹമായി രൂപപ്പെടുന്നതിനുമുമ്പുള്ള പ്രാകൃതാവസ്ഥയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. രാഷ്ട്രസമൂഹത്തിന്റെ രൂപവത്‌കരണത്തിനുമുമ്പ്  പരസ്പരം പോരടിച്ചു മത്സരിക്കുന്ന മനുഷ്യനെ ചിത്രീകരിച്ചുകൊണ്ട് ഹോബ്‌സ് അനശ്വരമാക്കിയ പ്രയോഗമാണ് Homo Homini Lupus Est (മനുഷ്യൻ മനുഷ്യന് ചെന്നായ ആണ്). നരന്റെ അതിജീവനം പോരാട്ടത്തിൽ അധിഷ്ഠിതമാണെന്നും അവന്റെ അക്രമവാസനയെ വ്യവസ്ഥാപിതമായി തടയുന്ന രാഷ്ട്രസമൂഹത്തിന്റെയും നിയമത്തിന്റെയും അഭാവത്തിൽ അവൻ വീണ്ടും നരിയായിമാറും എന്നുമുള്ള ഹോബ്‌സിന്റെ മുന്നറിയിപ്പ് ചിന്താലോകം ഏറ്റെടുത്തു. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് ജന്തുജാതികൾ രൂപംകൊള്ളുന്നതും നിലനിൽക്കുന്നതുമെന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ ചാൾസ് ഡാർവിൻ പരിണാമസിദ്ധാന്തത്തിലൂടെ പറഞ്ഞപ്പോൾ  ശാസ്ത്രലോകവും മനുഷ്യനെ ആത്യന്തികമായി പോരാളിയായി കണ്ടു. ജൈവപരിണാമത്തിന്റെ സുദീർഘമായ ചരിത്രം പരിശോധിച്ചാൽ  ദശലക്ഷക്കണക്കിന് ജീവജാതികൾ ഇതിനോടകം ഉദയംചെയ്യുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ ഒന്നിനെപ്പോലും അതിന്റെ അതിജീവനഘട്ടത്തിൽ പ്രകൃതി പിന്തുണയ്ക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. അതിജീവനത്തിനുവേണ്ടിയുള്ള ജീവജാതികളുടെ പോരാട്ടത്തിൽ നിർവികാരനായ ഒരു കാഴ്ചക്കാരന്റെ നിലപാടാണ് പ്രകൃതിക്കുള്ളത് എന്ന് സ്റ്റീഫൻ ജെയ് ഗൂൾഡിനെപ്പോലുള്ളവർ പറയുന്നത് ഇതുകൊണ്ടാണ് (cold bath view of nature). അതായത്, അതിജീവനവും അതിനുവേണ്ടിയുള്ള പോരാട്ടവും അതത് ജീവജാതികളുടെ മാത്രം കടമയാണ്.

അതിജീവനത്തിനുവേണ്ടിയുള്ള ജീവജാതികളുടെ പോരാട്ടത്തെ സാംസ്‌കാരിക, ധാർമിക മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ച ചിന്തകനാണ് നീത്‌ഷേ. ശക്തി ആർജിക്കാനും അത് പ്രകടിപ്പിക്കാനുമുള്ള ത്വരയാണ് മനുഷ്യന്റെ ആത്യന്തിക ചോദനയെന്നും മനുഷ്യൻ ശക്തിയുടെ പ്രകടനത്തിലൂടെ അതിമാനുഷൻ (Übermensch/Superman) ആയി മാറേണ്ടവൻ ആണെന്നും നീത്‌ഷേ സമർഥിച്ചു. അതിമാനുഷൻ ആകുന്നതിൽനിന്നും മനുഷ്യനെ വ്യവസ്ഥാപിതമായി തടയുന്ന  നിലവിലുള്ള സകല മൂല്യസംഹിതകളും തകിടംമറിക്കണമെന്ന്, തന്മൂലം, നീത്‌ഷേ ആവശ്യപ്പെട്ടു (Transvaluation of all values). സോക്രട്ടീസ്, ക്രിസ്തു തുടങ്ങിയവരിലൂടെ രൂപപ്പെട്ട ധാർമികതയെയാണ് നീത്‌ഷേ  ഇത്തരത്തിൽ ചോദ്യംചെയ്യുന്നത്.

 നിരന്തരമായ പോരാട്ടത്തിലൂടെ അതിജീവനം സാധ്യമാക്കുന്ന  ജന്തുജാതി എന്നനിലയിൽ  മനുഷ്യനെ വിലയിരുത്തിക്കൊണ്ട് അവന്റെ സാംസ്‌കാരിക പരിണാമത്തിന് അർഥംതേടുന്ന ചിന്തകനാണ് യുവാൽ നോവ ഹരാരി. ഈ നൂറ്റാണ്ടിന്റെ വായനചരിത്രത്തിലെ നാഴികക്കല്ലായിമാറിയ ഗ്രന്ഥമാണ് ഹരാരിയുടെ ‘സപ്പിയൻസ്’. ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന മഹാഹാരികൾ (apex predators) എന്ന വിഭാഗത്തിലേക്ക് ഹരാരി മനുഷ്യനെയും ചേർക്കുന്നു. എന്നാൽ, അദ്ദേഹം ഒരു മുന്നറിയിപ്പ് നൽകുന്നു; സിംഹം, കടുവ പോലുള്ള മഹാഹാരികൾ ദശലക്ഷക്കണക്കിനു വർഷങ്ങൾ നീണ്ട ജൈവപരിണാമത്തിലൂടെ രൂപപ്പെട്ടവയായതിനാൽ അവർക്ക് ആത്മവിശ്വാസം കൂടുതലാണ്. തങ്ങളുടെ കായികശക്തിയെക്കുറിച്ചുള്ള ബോധ്യംമൂലം ചെറിയ പ്രകോപനങ്ങളെ അവഗണിച്ചുകൊണ്ട് രാജകീയ പ്രൗഢിയിൽ വിഹരിക്കുന്ന  അവയിൽനിന്നും തികച്ചും വ്യത്യസ്തനാണ് മനുഷ്യൻ. കായികശക്തിയെക്കാൾ ബുദ്ധിശക്തിയുടെ പിന്തുണയോടെ ചുരുങ്ങിയ കാലംകൊണ്ട് മഹാഹാരിയായിമാറിയ മനുഷ്യനാകട്ടെ, വളരെ ചെറിയൊരു ഭീഷണിയോ പ്രകോപനമോ ഉണ്ടായാൽ ആ ഭീഷണിക്ക് ഹേതുവായതിനെ മുച്ചൂടും മുടിക്കുന്ന ഭീകരനായി ഞൊടിയിടയിൽ മാറും. അതായത്, മനുഷ്യന്റെ ഉള്ളിൽ ഉറഞ്ഞുകൂടിയിരിക്കുന്ന അരക്ഷിതാവസ്ഥ അവനെ സഹജീവികളോടുള്ള ബന്ധത്തിൽ ദോഷൈകദൃക്കാക്കി മാറ്റുന്നു. മുട്ടത്തോടിന്റെ കനം മാത്രമുള്ള സംസ്‌കാരമെന്ന തൊലിക്കടിയിൽ വന്യത തിളച്ചുമറിയുന്ന മൃഗമാണ് മനുഷ്യനെന്ന് ജർമൻ ചിന്തകനായ കാൾ യാസ്‌പേഴ്‌സ് അഭിപ്രായപ്പെടുന്നത് ഇതുമൂലമായിരിക്കാം. ഡച്ച് ജീവശാസ്ത്രജ്ഞനായ ഫ്രാൻസ് ഡെ വാൾ  പാടസിദ്ധാന്തം (veneer theory) എന്നപേരിൽ അവതരിപ്പിക്കുന്നതും ഇതുതന്നെ. അരക്ഷിതാവസ്ഥയുടെ മുഖ്യ ഉപോത്‌പന്നമായ പരസ്പരവിശ്വാസമില്ലായ്മ, തന്മൂലം, മനുഷ്യന്റെ കൂടപ്പിറപ്പാണ് എന്ന് ശാസ്ത്രലോകം പൊതുവെ കരുതിപ്പോരുന്നു. ദുരന്തമുഖങ്ങളിലും നിയമവ്യവസ്ഥയുടെ അഭാവത്തിലും അഴിഞ്ഞാടുന്നവനാണ് മനുഷ്യൻ എന്ന പൊതുധാരണ പൊതുസമൂഹത്തിൽ രൂഢമൂലമാക്കുന്നതിൽ  മേൽപ്പറഞ്ഞ ചിന്തകന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സംഭാവന ചെറുതല്ല.

നരവംശശാസ്ത്രം
ഇത്തരം ചിന്തകളോട് വിയോജിച്ചുകൊണ്ട് മനുഷ്യരാശിയുടെ അടിസ്ഥാനപരമായ നന്മയെ അനാവരണം ചെയ്യുന്ന ഗ്രന്ഥമാണ് ഏതാനും മാസങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ Humankind: A Hopeful History. ഇക്കഴിഞ്ഞ വർഷങ്ങളിൽ ആഗോള വായനക്കാരുടെ ഇടയിലെ പുതുതരംഗമായിമാറിയ ഡച്ച് ചിന്തകൻ റുട്ഗർ ബ്രെഗ്മാൻ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ന്യൂയോർക്ക് ടൈംസ് പത്രത്തിലെ കോളമിസ്റ്റ് എന്നനിലയിൽ അദ്ദേഹം എഴുതിയിട്ടുള്ള പല ലേഖനങ്ങളും വായിച്ചപ്പോൾ  അദ്ദേഹത്തോട് തോന്നിയ മതിപ്പ്  ഇരട്ടിപ്പിക്കുന്നതായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം, ഈ പുസ്തകം. തോമസ് ഹോബ്‌സിന്റെ ദോഷൈകവീക്ഷണത്തെക്കാൾ ഫ്രഞ്ച് ചിന്തകനായ റൂസോയുടെ ഭാവാത്മകവീക്ഷണമാണ് തനിക്ക് മാനവരാശിയെക്കുറിച്ചുള്ളതെന്ന് എഴുത്തിലൂടെ തെളിയിക്കുകയാണ് ബ്രെഗ്മാൻ. പ്രകൃതിയും സംസ്‌കാരവും (nature vs culture) എന്ന ദ്വന്ദ്വത്തെക്കുറിച്ച് റൂസോ ധാരാളം എഴുതിയിട്ടുണ്ട്. നിർമലനായ പ്രകൃതിദത്ത മനുഷ്യനെ വെടക്കാക്കുന്നത്  സംസ്‌കാരമാണെന്ന് ആധുനികകാലത്ത് സധൈര്യം വിളിച്ചുപറഞ്ഞയാൾ റൂസോ ആണ്. പ്രാചീനകാലത്ത് പ്ലേറ്റോയും ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. യാരദ് ഡയമണ്ട്, റിച്ചാർഡ് ഡോക്കിൻസ്, സ്റ്റീവൻ പിങ്കർ, ഗുസ്താവ് ലുബോൺ തുടങ്ങിയ ചിന്തകന്മാരുടെ ആശയങ്ങളെ കടന്നാക്രമിക്കാനും ബ്രെഗ്മാൻ തന്റെ ഗ്രന്ഥത്തിൽ ധൈര്യം കാട്ടുന്നുണ്ട്. ‘മനുഷ്യന്റെ യഥാർഥ സ്വഭാവം എന്താണെന്ന് അവന് മനസ്സിലാക്കിക്കൊടുത്താൽ അവൻ കൂടുതൽ മെച്ചപ്പെടും’ എന്ന  ആൻറോൺ ചെക്കോവിന്റെ വാക്കുകളെ അന്വർഥമാക്കുമാറ് മനുഷ്യന്റെ ഭാവാത്മക സ്വഭാവം അവന് മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമമാണ് ബ്രെഗ്മാന്റേത്.  രണ്ടാം ലോകയുദ്ധത്തിനിടയിൽ ഹിറ്റ്‌ലറുടെ മിന്നൽയുദ്ധത്തെ (Blitzkrieg) അതിജീവിച്ച ബ്രിട്ടീഷ് ജനതയുടെ  സാഹോദര്യത്തെ തന്റെ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രകീർത്തിക്കുന്നുണ്ട്. 2005 ഓഗസ്റ്റിൽ  അമേരിക്കയെ പിടിച്ചുകുലുക്കിയ കത്രീന ചുഴലിക്കാറ്റിൽ കടപുഴകിയ ന്യൂ ഓർലിയൻസ് നഗരത്തിലെ ജനങ്ങൾ കൊള്ളയ്ക്കും കൊള്ളിവെപ്പിനും മുതിരുമെന്ന് അധികാരികൾ ഭയപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ഭീതിയെ  അസ്ഥാനത്താക്കിക്കൊണ്ട്, അനിതരസാധാരണമായ പക്വതയും സാഹോദര്യവും പ്രകടിപ്പിച്ച അവിടത്തെ ജനങ്ങളെക്കുറിച്ച് 2009-ൽ റബേക്ക സോളിൻറ്  പുറത്തിറക്കിയ A Paradise Built in Hell എന്ന ഗ്രന്ഥത്തിലാണ് വരേണ്യവിഭ്രാന്തി (elite panic) എന്ന പദം ചർച്ചചെയ്യപ്പെടുന്നത്. സമൂഹത്തിലെ വരേണ്യവിഭാഗത്തിന്‌ സാധാരണക്കാരെക്കുറിച്ചുള്ള മുൻവിധിയാണ് ഈ പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സാധാരണക്കാർ കെട്ടവർ ആണെന്നുള്ള ഈ വരേണ്യ മുൻവിധിയെ തകർത്തുകൊണ്ടാണ് ബ്രെഗ്മാൻ മുന്നേറുന്നത്. 

  മനുഷ്യൻ സ്വാർഥനായി പിറക്കുന്നു എന്ന റിച്ചാർഡ് ഡോക്കിൻസിന്റെ വാദത്തെ എതിർത്തുകൊണ്ട് റഷ്യൻ ജനിതകശാസ്ത്രജ്ഞനായ ദിമിത്രി ബെല്യായേവിന്റെ സിദ്ധാന്തം ബ്രെഗ്മാൻ അവതരിപ്പിക്കുന്നു. പരിണാമത്തിന്റെ നട്ടെല്ലായ ‘ശേഷിയുള്ളവരുടെ അതിജീവനം’ (survival of the fittest) എന്ന സിദ്ധാന്തത്തിനു പകരം  ‘ഓമനത്തമുള്ളവയുടെ അതിജീവനം’ (survival of the friendliest) എന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുന്നു. ഓമനത്തമുള്ള മൃഗങ്ങളെ നാം മെരുക്കിയെടുത്തു വളർത്തുന്നതുപോലെ പ്രകൃതി തിരഞ്ഞെടുത്ത ഓമനത്തമുള്ള മനുഷ്യരെ അദ്ദേഹം ‘ഹോമോ പപ്പി’ എന്നാണ് വിളിക്കുന്നത്. മികച്ച പരിചരണവും ശ്രദ്ധയും അംഗീകാരവും ലഭിച്ചാൽ  കുട്ടികളുടെ ബുദ്ധിശക്തി വർധിക്കും എന്നുള്ള കണ്ടുപിടിത്തം നടത്തിയ  മനശ്ശാസ്ത്രജ്ഞൻ ബോബ് റോസൻതാളിന്റെ ഗവേഷണഫലമായ പിഗ്മാലിയൻ പ്രഭാവത്തെക്കുറിച്ചും (pygmalion effect) അദ്ദേഹം ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. തന്റെ ലോകവീക്ഷണത്തെയും മനുഷ്യവീക്ഷണത്തെയും ഒരു പുതിയ യാഥാർഥ്യവാദം (new realism) എന്ന് വിളിച്ചുകൊണ്ടാണ് ബ്രെഗ്മാൻ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. സ്വന്തം ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന നന്മയുടെ റിസർവോയറിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന പ്രവാഹംകൊണ്ട്  ലോകത്തെ മാറ്റിമറിക്കാനുള്ള ധനാത്മക ഊർജം സൃഷ്ടിക്കാനാകുമത്രേ. അങ്ങനെ ഞാനും പ്രത്യാശിക്കുന്നു.
N.B ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാനം പരസ്പരവിശ്വാസവും സഹകരണവും ആണെന്ന അടിസ്ഥാനതത്ത്വം മറന്നുകൊണ്ട് ഭിന്നിപ്പിന്റെയും ആശങ്കയുടെയും തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞ ലോകനേതാക്കൾ ഇളിഭ്യരായി പടിയിറങ്ങുന്ന ഈ സമയത്ത്  നിരീക്ഷണങ്ങൾക്ക് പ്രസക്തിവർധിക്കുന്നു