പ്രപഞ്ചം പിടിതരാത്ത ഒരു പ്രഹേളികയാണ്. അതിലെ ഒരു ജീവിമാത്രമാണ് മനുഷ്യൻ. എന്നാൽ, മനുഷ്യന്റെ ആർത്തിമൂത്ത ഇടപെടലുകൾ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളം തെറ്റിച്ചിരിക്കുന്നുവെന്ന്്് 
അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥാവ്യതിയാന-പരിസ്ഥിതിശാസ്ത്ര കോളേജിലെ ഡീനും വന്യജീവിഗവേഷകനും പക്ഷിനിരീക്ഷകനുമായ ഡോ. പി.ഒ. നമീർ തന്റെ ആയുഷ്കാല അന്വേഷണങ്ങളിൽനിന്ന്‌ മനസ്സിലാക്കിയ കാര്യങ്ങൾ പങ്കുവെക്കുകയാണിവിടെ. ഇതൊരു ചൂണ്ടുപലകയാണ്, 
കൈവിട്ടുപോവുന്ന ഭാവിയിലേക്ക്
 പക്ഷിപ്പനി, നിപ, കൊറോണ... കേരളത്തിലെ ആധികൾ. ജന്തുജന്യരോഗങ്ങളായ ഇവ മനുഷ്യരിലേക്ക് പകരാൻ ജീവിതരീതികളും കാലാവസ്ഥാവ്യതിയാനവുമൊക്കെ കാരണമാവുന്നുണ്ടോ
ഈ രോഗങ്ങൾ ജന്തുക്കളിൽനിന്ന് പകരുന്നതുതന്നെ. ജന്തുക്കൾ വൈറസിന്റെ വാഹകരാണ്, എല്ലാകാലത്തും. ദേശാടനപ്പക്ഷികൾ പക്ഷിപ്പനി രോഗാണുവിന്റെ വാഹകരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വവ്വാലുകളിൽനിന്നാണ് നിപ വൈറസ് പടർന്നതെന്ന് ഏറക്കുറെ ഉറപ്പാണ്. ചൈനയിലെ വുഹാനിലെ ചന്തയിൽനിന്ന് വാങ്ങിയ പക്ഷി-മൃഗങ്ങളെ പച്ചയ്ക്കോ പകുതിവേവിച്ചോ ചുട്ടോ കഴിച്ചതിൽനിന്നാണ് മനുഷ്യരിൽ കൊറോണ വൈറസ് എത്തിയതെന്നാണ് അനുമാനിക്കുന്നത്. പ്ലേഗ് എലികളിൽനിന്ന്, പേവിഷം പട്ടികളിൽനിന്ന്, മലേറിയ, ഡെങ്കി കൊതുകുകളിൽനിന്ന്... എല്ലാകാലത്തും വന്യജീവികളാണ് പ്രതിക്കൂട്ടിൽ. പക്ഷേ ഓർക്കുക, ഈ അണുക്കൾ പണ്ടുകാലംമുതലേ ഈ ജീവികളിലുണ്ടായിരുന്നു. അതുവരെ ദോഷകരമായി ബാധിക്കാറുമില്ല. മനുഷ്യൻ എന്ന, ചിന്തിക്കുകയും ചിരിക്കുകയും രണ്ടുകാലിൽ നടക്കുകയും ചെയ്യുന്ന ജീവി അവതരിക്കുംമുമ്പേ ഈ ഭൂമിയിലുണ്ടായിരുന്നവയാണ് പല പക്ഷി-ജന്തുജീവജാലങ്ങളും. 500 കോടിയോളം വർഷം വയസ്സുള്ള ഈ ഭൂമിയിൽ ആധുനികമനുഷ്യന്റെ പ്രായം വെറും പതിനായിരത്തോളംമാത്രമാണ്. ഭൂമിയിലെ രണ്ടുദശലക്ഷത്തോളം ജീവജാലങ്ങളിൽ ഒന്നുമാത്രമാണ്‌ മനുഷ്യൻ. എല്ലാത്തിനും തുല്യ അവകാശംമാത്രം. ആയിരക്കണക്കിന്  വർഷങ്ങളോളം മനുഷ്യൻ പ്രകൃതിയോടിണങ്ങി ജീവിച്ചു. 100 വർഷമായിക്കാണും നാം അതിനെ മാറ്റിമറിച്ചിട്ട്. വിവേകശൂന്യവും സ്വാർഥവും പ്രതിലോമകരവുമായ ഇടപെടലുകൾ മനുഷ്യനിൽനിന്നുണ്ടായി. വ്യവസായവത്കരണം, വനനശീകരണം, ആവാസവ്യവസ്ഥകളെ തകിടംമറിച്ചുള്ള വികസനം... അതോടെ അന്തരീക്ഷമലിനീകരണം കൂടി, നമ്മുടെ ജീവിതശൈലി മാറി, ഇരുന്നുമാത്രം ജോലിചെയ്യുന്ന ഇന്റർനെറ്റ് യുഗമായി, ഭക്ഷണരീതി മാറി, നമ്മുടെ പ്രതിരോധശേഷി കുറഞ്ഞു. അങ്ങനെയാവാം ഇപ്പോൾ ഈ ജന്തുജന്യരോഗങ്ങൾ നമ്മെ ബാധിക്കുന്നത്, കടന്നാക്രമിക്കുന്നത്.


 എന്താണ് പ്രകൃതിയുടെ സ്വഭാവം? മനുഷ്യന്റെ അറിവിലും നിർവചനത്തിലും ഒതുങ്ങുന്നതാണോ അത്
പ്രകൃതിക്ക് അതിന്റേതായ സ്വാഭാവിക ‘പ്രകൃതി’യുണ്ട്, താളമുണ്ട്, നിഗൂഢതയുമുണ്ട്. അനേകം ക്ഷീരപഥങ്ങളിലൊന്നായ ഈ സൗരയൂഥത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വളരെ പരിമിതമാണ്. പ്രകൃതിയെ അടുത്തറിയുമ്പോഴാണ് നാം എത്രമാത്രം അറിവില്ലാത്തവരാണെന്നറിയുക. ഇപ്പോൾ നമ്മുടെ നാട്ടിൽ ദേശാടനപ്പക്ഷികൾ വരുന്ന കാലമാണ്. സെപ്റ്റംബറോടെ എത്തി മാർച്ച്-ഏപ്രിലോടെ തിരിച്ചുപോകും. കൃത്യമായ ചാക്രികപ്രക്രിയ. ആരും പറഞ്ഞുകൊടുത്തിട്ടല്ലത്‌. യൂറോപ്പ്, റഷ്യ, മംഗോളിയ, ചൈന, ദക്ഷിണാഫ്രിക്ക, അപൂർവമായി അമേരിക്ക, ഓസ്‌ട്രേലിയ... ഭൂമിയുടെ ഇരുധ്രുവങ്ങളിൽനിന്നും ശൈത്യകാലമാവുമ്പോൾ പക്ഷികൾ ദേശാടനം തുടങ്ങും. പറക്കാൻപറ്റാത്ത ജീവികൾ സുഷുപ്തിയിൽ പ്രവേശിക്കും.  അതിജീവനത്തിനായി, ഭക്ഷണത്തിനായി പക്ഷികൾ പല ദേശങ്ങൾകടന്ന് നമ്മുടെ നാട്ടിലെത്തുന്നു. ഈ കൃത്യതയ്ക്ക് ഒരു ക്ലാസിക്ക് ഉദാഹരണം എനിക്കോർമവരുന്നത് ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിൽ ഇന്ദുചൂഡൻ എഴുതിയതാണ്. പാലക്കാട് കാവശ്ശേരിയിലാണ് ഇന്ദുചൂഡൻ മാഷുടെ വീട്. അദ്ദേഹത്തിന്റെ വീട്ടിലെ കുളത്തിനരികിൽ ഒരു വാലുകുലുക്കിപ്പക്ഷി എല്ലാ സെപ്റ്റംബറിലെയും ആദ്യ ആഴ്ച എത്തും. അതൊരു ഒറ്റക്കാലൻ പക്ഷിയായിരുന്നു. വർഷാവർഷങ്ങളിൽ ആ പക്ഷിയെത്തിയെന്ന് അദ്ദേഹം പറയുന്നു. യൂറേഷ്യയിൽനിന്നുള്ള ഈ grey wagtail  പക്ഷിക്ക് ആരാണ് ഇത്ര കൃത്യമായി സഞ്ചാരപഥം പറഞ്ഞുകൊടുക്കുന്നത്! നമ്മുടെ കേരളത്തിന്റെ സ്വന്തം പക്ഷിയായ വേഴാമ്പലുകളുടെ കാര്യം നോക്കൂ. എന്തുകൊണ്ട് നെല്ലിയാമ്പതി-വാഴച്ചാൽ-തേക്കടി മേഖലകളിൽ വേഴാമ്പലുകളെ കൂടുതൽ കാണുന്നു എന്നതിനുള്ള ഉത്തരംകൂടിയാണിത്. പഴങ്ങൾമാത്രം ഭക്ഷിക്കുന്ന പക്ഷിയാണ് വേഴാമ്പൽ. പശ്ചിമഘട്ടത്തിലെ മരങ്ങൾ പൂവിടുന്നതും കായ്ക്കുന്നതും ഡിസംബർതൊട്ട് മാർച്ച് വരെയുള്ള കാലങ്ങളിലാണ്. ബാക്കി എട്ടുമാസവും പഴഭോജികളായ പക്ഷികൾക്ക് ഭക്ഷണത്തിന് ക്ഷാമമാണ്. നെല്ലിയാമ്പതി, വാഴച്ചാൽ, തേക്കടി ഉൾപ്പെട്ട വനങ്ങളിലും പല സ്വകാര്യ എസ്റ്റേറ്റുകളിലും പല കാലങ്ങളിലായി പൂവിടുന്നതും കായ്ക്കുന്നതുമായ ഇരുപതോളം വ്യത്യസ്തങ്ങളായ ആൽമരങ്ങളുണ്ട്. അപ്പോൾ വേഴാമ്പൽപോലുള്ള പക്ഷികൾ പഴങ്ങൾതേടി ഇവിടെയെത്തും . ആരവരെ നയിക്കുന്നു! പ്രകൃതി ഒരു സമസ്യയാണ്. നാമത്‌ മനസ്സിലാക്കി വരുന്നതേയുള്ളൂ. 


 പലപദ്ധതികളും പ്രയോഗത്തിൽ കൊണ്ടുവരുന്നതിൽ നമുക്ക് പാളിച്ചപറ്റുന്നുണ്ടോ
പരിസ്ഥിതി ആഘാതപഠനവും സാമൂഹികാഘാതപഠനവും നടത്താതെയാണ് നാം ചില പദ്ധതികളെങ്കിലും നടപ്പാക്കുന്നത്. വർഷങ്ങൾക്കുമുമ്പ് സാമൂഹികവനവത്കരണത്തിന്റെ ഭാഗമായി അക്കേഷ്യ, യൂക്കാലി മരങ്ങൾ നട്ടുപിടിപ്പിച്ചു. മൂന്നാറിൽ ഇവ നട്ടത് അവിടത്തെ പുൽമേടുകൾ ചന്തമിടുന്ന സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിച്ചു. പലയിടങ്ങളിൽനിന്നും ആ മരങ്ങൾ നാം വെട്ടിമാറ്റി. കടലാക്രമണം തടയാൻ തീരങ്ങളിൽ നാം കാറ്റാടി നട്ടു. അത് കടൽത്തീരത്തെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കി. പലയിടത്തും ഇത്തരം കാറ്റാടിക്കാടുകൾ സമൂഹവിരുദ്ധരുടെ സമ്മേളനകേന്ദ്രങ്ങളായി. കുറുക്കൻ, കീരി, വെരുക്, കാട്ടുപൂച്ച തുടങ്ങിയ മാംസഭോജികളുടെ വാസയിടങ്ങളായി.  അവ സമീപത്തെ വീടുകളിലെ കോഴികളെയും ആടുകളെയും കൊന്നുതിന്നാൻ തുടങ്ങി. അങ്ങനെ തീരദേശങ്ങളിൽ ‘അജ്ഞാതജീവികളുടെ ആക്രമണം’ പത്രങ്ങളിലെത്തി. കടലിൽനിന്ന് മുട്ടയിടാൻ കയറിവരുന്ന കടലാമകൾ, പിന്നെ ഞണ്ടുകൾ, ദേശാടനപ്പക്ഷികൾ അടക്കമുള്ള ജീവികളുടെ അതിജീവനം ഭീഷണിയിലായി.

താങ്കൾ നേതൃത്വംകൊടുക്കുന്ന കാലാവസ്ഥാവ്യതിയാന-പരിസ്ഥിതിശാസ്ത്രകോളേജ്  നടപ്പാക്കുന്ന പദ്ധതികൾ...
കേരളത്തിൽ മയിലുകൾ കൂടിവരുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ കോളേജ്  അടുത്തിടെ ഒരു പഠനം നടത്തി. അതിന്റെ കണ്ടെത്തൽ 2050 ആവുമ്പോഴേക്കും കേരളത്തിന്റെ 55 ശതമാനത്തോളം പ്രദേശങ്ങളും വരൾച്ചബാധിതമാവുമെന്നാണ്. നൂറുവർഷത്തെ പക്ഷികളുടെ േഡറ്റയെടുത്ത് 1800 ലൊക്കേഷനുകളിൽ മാത്തമാറ്റിക് മോഡലിങ്‌ കാലാവസ്ഥാപഠനമാണ് നടത്തിയത്. കേരളത്തിലെ പക്ഷികളെക്കുറിച്ച് ആദ്യപഠനം നടത്തിയ സാലിം അലിയുടെ റിപ്പോർട്ടുകളിൽ മയിലുകളില്ല. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ തിരുവനന്തപുരം മുതൽ കൊടുങ്ങല്ലൂർവരെയുള്ള ഭാഗങ്ങളിൽ 1933-ൽ സാലിം അലി നടത്തിയ പഠനത്തിൽ മയിലുകളെക്കുറിച്ച് പരാമർശമില്ല. 1969-ൽ സാലിം അലി എഴുതിയ Birds of Travancore and Cochin  എന്ന പുസ്തകത്തിലും മയിലുകളില്ല. ആദ്യമായി അദ്ദേഹം മയിലുകളെ പരാമർശിക്കുന്നത് 1970-കളിൽ വടക്കാഞ്ചേരിയിൽ കണ്ടു എന്നാണ്. 1980-കളിൽ പാലക്കാട്ടെ ചിലയിടങ്ങളിലും ഇടുക്കിയിലെ ചിന്നാർ മേഖലകളിലും മയിലിനെ കണ്ടുതുടങ്ങി. 1990 തൊട്ട് കേരളത്തിൽ മയിലുകൾ വ്യാപകമായി.  വടക്കേഇന്ത്യയിലെ മരുപ്രദേശങ്ങളിലെ പക്ഷികളെയും ഇന്ന് കേരളത്തിൽ കാണുന്നു. ഈ പഠനം Ecological Indicator എന്ന അന്താരാഷ്ട്രജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു. കേരളത്തിൽ മഴയുടെ സ്വഭാവം മാറുന്നതും ഞങ്ങൾക്ക് കണ്ടെത്താനായി. മഴയുടെ അളവിൽ കുറവില്ല. പണ്ട് 200 ദിവസംകൊണ്ട് പെയ്തിരുന്നത് ഇപ്പോൾ 150 ദിവസത്തിൽ പെയ്യുന്നു. കുറഞ്ഞദിവസം കൂടുതൽ മഴ കുത്തിപ്പെയ്യുന്നു. അത്‌ സംഭരിച്ചുവെക്കാൻ നമ്മുടെ ശോഷിക്കുന്ന വനങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും സാധിക്കുന്നില്ല. മഴവെള്ളം ഒലിച്ചുപോകുന്നു. മഴക്കാലത്ത് പ്രളയവും വേനലിൽ വരൾച്ചയും സംഭവിക്കുന്നു. വളക്കൂറുള്ള മേൽമണ്ണ് നഷ്ടമാവുന്നു. 2018-ലെ പ്രളയത്തെത്തുടർന്ന് ചാലക്കുടിപ്പുഴയുടെ അനുബന്ധദേശങ്ങളെ ഉൾപ്പെടുത്തി ഞങ്ങളൊരു flood  map തയ്യാറാക്കി. ഐ.എസ്.ആർ.ഒ.യുടെ സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതം പ്രളയത്തിനുമുമ്പുള്ളത്, പ്രളയസമയത്ത്, പ്രളയത്തിനുശേഷം ഇങ്ങനെ തിരിച്ചാണ് പ്രളയഭൂപടം തയ്യാറാക്കിയത്. സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ സഹായത്തോടെയാണിത് നടപ്പാക്കിയത്. ചാലക്കുടിപ്പുഴയുടെ വാട്ടർഷെഡിൽപ്പെട്ട മുപ്പതോളം അനുബന്ധപഞ്ചായത്തുകളെ ഉൾപ്പെടുത്തിയുള്ള ഭൂപടം അതതുപഞ്ചായത്തിൽ വിതരണംചെയ്തു. പ്രളയവും  വരൾച്ചയും തടയുന്നതിൽ തണ്ണീർത്തടങ്ങളുടെ പങ്ക്, അത്‌ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം എന്നിവ പഞ്ചായത്തുകളെ ബോധ്യപ്പെടുത്തി. മണ്ണിലെ സൂക്ഷ്മജീവികൾക്ക് പ്രളയംമൂലമുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അറിയാൻ സർവകലാശാല പഠനം നടത്തി. ആയിരക്കണക്കിന് സൂക്ഷ്മജീവികളുടെ കലവറയാണ് നാം കാണുന്ന വെറും മണ്ണ് എന്ന് ഉറപ്പിക്കാനായി ഈ പഠനംകൊണ്ട്‌. സാലിം അലിക്കും ഇന്ദുചൂഡനുംശേഷം കേരളത്തിലെ പക്ഷികളെക്കുറിച്ച് സമഗ്രമായ പഠനം ആരും നടത്തിയിട്ടില്ല.

ആനകളെയും സശ്രദ്ധം വീക്ഷിക്കുന്ന ആളാണ് താങ്കൾ...
സമീപഭാവിയിൽത്തന്നെ കേരളത്തിൽ നാട്ടാനകൾ ഇല്ലാതാവും. കേരളത്തിലെ നാട്ടാനകളുടെ പരിപാലനം അത്രത്തോളം സങ്കടകരവും ഭയാശങ്ക ജനിപ്പിക്കുന്നതുമാണ്. ആന വളർത്തുമൃഗമല്ല; ഇണക്കാനേ പറ്റൂ. ലോകത്തൊരിടത്തും എന്തിന് മറ്റുസംസ്ഥാനങ്ങളിൽപ്പോലും ഇല്ലാത്തവിധം ഭയപ്പെടുത്തിയാണ് നാം ആനയെ കൂടെനിർത്തുന്നത്. അതിന്റെ ചെവിക്കുപിന്നിൽ തോട്ടിവെക്കുന്നു. അനങ്ങരുത് എന്ന ഭയം അടിച്ചേൽപ്പിക്കുന്നു. ആനയുടെ കണ്ണിലേക്കുനോക്കൂ, ആ ഭയം അവൻ പറയാതെ പറയും. തമിഴ്നാട്ടിൽ ഒരു ചെറിയ കോലുകൊണ്ടാണ് ആനയെ നിയന്ത്രിക്കുന്നത്. ഞാൻ അമേരിക്കയിലെയും ബ്രിട്ടനിലെയും മൃഗശാലകളിൽ ആനയെ പരിപാലിക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ മദത്തിലുള്ള ആനകളെ പാപ്പാന്മാർ അടുത്തുപോയി ശുശ്രൂഷിക്കുന്നു. മറ്റൊന്ന്, നാം ആനയ്ക്ക് കൊടുക്കുന്ന ഭക്ഷണമാണ്‌. ആനയുടെ സ്വാഭാവികഭക്ഷണം പുല്ലാണ്. മുളയുടെ ഇല, ഇളംതണ്ട്, ചക്ക, മാങ്ങ, വാഴപ്പഴം, വാഴപ്പിണ്ടി, പൈനാപ്പിൾ, തണ്ണിമത്തൻ, മരത്തിന്റെ തൊലി എന്നിവയും ആന ഭക്ഷിക്കും. നാം ആനയ്ക്കുനൽകുന്നത് പനംപട്ടയും തെങ്ങിൻപട്ടയും. ആനയ്ക്ക് പട്ടകൊടുക്കുന്ന ഏകനാട് കേരളമാണ്. പട്ടയെക്കാൾ ചെലവുകുറഞ്ഞതാണ് പുല്ല്. പട്ട പകുതിയിലേറെ പാഴാകും. എളുപ്പം ദഹിക്കില്ല.  ദഹനമില്ല, എരണ്ടക്കെട്ടാണ് അനന്തരഫലം. കേരളത്തിലെ ആനകൾക്കാണ്  എരണ്ടക്കെട്ട് പ്രധാനമായും കാണുന്നത്. ആനയ്ക്ക്‌ നാം വെള്ളം കൊടുക്കുന്നതും കുറവാണ്. ആന ഒരുദിവസം 250 ലിറ്റർ വെള്ളം കുടിക്കണം. നാം ഹോസുവെച്ച് വെള്ളം അടിച്ചുകൊടുക്കും, ആനയുടെ പുറത്ത്. പിന്നെ, ആനയ്ക്ക് വ്യായാമമെന്തെങ്കിലുമുണ്ടോ? നടത്തംപോലുമില്ല. കെട്ടിയിടുന്നു.  ഇങ്ങനെയൊക്കെ പീഡിപ്പിക്കപ്പെടുന്ന ആന 30-40 വയസ്സിൽ ചരിയുന്നു. ഒരാനയുടെ ശരാശരി ആയുസ്സിന്റെ പകുതി പ്രായത്തിൽ നമ്മുടെ നാട്ടാനകൾ ചരിഞ്ഞാൽ അധികം വൈകാതെത്തന്നെ കേരളത്തിൽ നാട്ടാനകൾ ഇല്ലാതാവില്ലേ

താങ്കൾ എങ്ങനെയാണ് ഈ മേഖലയിലെത്തിയത്
ആലപ്പുഴയാണ് ജന്മദേശം. സ്കൂൾ-കോളേജ് പഠനങ്ങൾ തൃശ്ശൂരിൽ. കാർഷികസർവകലാശാലയിലെ വനശാസ്ത്രകോളേജിൽ പഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ‘കേരളത്തിലെ വനമേഖലയിലെ പക്ഷിവൈവിധ്യം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി. ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികൾ’ ആണ് എന്നെ പക്ഷികളുടെ ലോകത്തേക്ക് ആകർഷിച്ചത്. ആ പുസ്തകത്തിൽ  നീലക്കോഴികളെക്കുറിച്ച് പറയുന്നുണ്ട്. 1987-’88ൽ ‘തൃശ്ശൂർ കോൾപ്പാടത്ത് ഞാൻ മുപ്പതോളം നീലക്കോഴികളെ കണ്ടു’ എന്നുപറഞ്ഞ് അദ്ദേഹത്തിന് കത്തയച്ചു. അദ്ദേഹം മറുപടി അയച്ചു: ‘നീ ഒരിക്കലും വിട്ടുമാറാത്ത പക്ഷിനിരീക്ഷകനാവട്ടെ’ എന്ന്. അത് അനുഗൃഹീതശാപമായി. പക്ഷികളിലൂടെ എന്റെ നിരീക്ഷണം തുടരുന്നു. 

മനുഷ്യന്റെ ഇടപെടലുകൾ നഷ്ടമാക്കിയവയ്ക്ക് പ്രായോഗികപരിഹാരമെന്ത്
ഒന്ന്: അവശേഷിക്കുന്ന ആവാസവ്യവസ്ഥ  സംരക്ഷിക്കണം. നമ്മുടെ വനങ്ങൾ, പുൽമേടുകൾ, മലകൾ, കുന്നുകൾ, കുളങ്ങൾ, പുഴകൾ, തടാകങ്ങൾ, നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ, കടലുകൾ, തീരങ്ങൾ എന്നിവയൊക്കെ എന്തുകാരണംപറഞ്ഞായാലും ഇനിയും നഷ്ടപ്പെടരുത്. രണ്ട്: നഷ്ടപ്പെട്ട ആവാസവ്യവസ്ഥ തിരിച്ചെടുക്കണം. ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, കുടിവെള്ളലഭ്യത എന്നിവ തിരിച്ചുപിടിക്കാനാവണം. 10 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെൽക്കൃഷി ഇപ്പോൾ രണ്ടുലക്ഷം ഹെക്ടറിൽ മാത്രമാണ്. പരിസ്ഥിതിക്കുചേർന്ന കൃഷിയെ തിരിച്ചുവിളിക്കണം. മൂന്ന്: സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം, വാഹനരംഗത്ത് വൈദ്യുതോർജം തുടങ്ങിയ പരിസ്ഥിതിസൗഹൃദ, സുസ്ഥിര ഊർജസ്രോതസ്സുകളിലേക്ക് മാറണം. ഇതിനൊക്കെ ആത്യന്തികമായി വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്. അത് ചെറുതായെങ്കിലും പലയിടത്തുനിന്നും ഉയരുന്നുണ്ട് എന്നത് പ്രതീക്ഷാവഹമാണ്.