ജോജു ജോർജ്, അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി  രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഹമ്മദ് കബീർ സംവിധാനംചെയ്യുന്ന ചിത്രമാണ് മധുരം.  ഒരു പ്രണയകഥയാണ് ‘മധുരം’ പറയുന്നത്. ജോസഫ്, പൊറിഞ്ചുമറിയംജോസ്, ചോല എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെ  ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം  നിർമിക്കുന്നത്. പ്രധാന  താരങ്ങളോടൊപ്പംതന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ് മഹേഷ് ബുവനെന്തു.
'അനുരാധ Crime No.59/2019'.
ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അനുരാധ Crime No.59/2019’. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് അനുരാധ Crime No.59/2019. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ, സുനിൽ സുഖദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 
 ഉടുമ്പ്
സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉടുമ്പ്’. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ. ബൈജു, ജിബിൻ സാഹിബ്, എൽദോ ടി.ടി., പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 

 മാലിക്
ടേക്ക് ഓഫിനും സീയു സൂണും ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്ക്. ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ഫഹദ് ചിത്രത്തിനായി 20 കിലോയോളം ഭാരം കുറച്ചിരുന്നു. കൊച്ചിയുടെ പശ്ചാത്തലത്തിൽ യഥാർഥ ജീവിതകഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണിത്. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. നിമിഷാ സജയനാണ് ചിത്രത്തിൽ നായികവേഷത്തിലെത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
 തുറമുഖം
നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. തെക്കേപ്പാട്ട് ഫിലിംസ് നിർമിക്കുന്ന ചിത്രം കൊച്ചി തുറമുഖത്ത് നടന്ന യഥാർഥസംഭവത്തെ ആധാരമാക്കിയാണ് കഥപറയുന്നത്. പിതാവ് കെ.എൻ. ചിദംബരൻ എഴുതിയ നാടകത്തെ ആധാരമാക്കി ഗോപൻ ചിദംബരമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷാ സജയൻ, ഇന്ദ്രജിത്ത്, അർജുൻ അശോകൻ, പൂർണിമ, മണികണ്ഠൻ ആചാരി തുടങ്ങി വൻതാരനിരതന്നെ ചിത്രത്തിലുണ്ട്. സുകുമാർ തെക്കേപ്പാട്ടാണ് നിർമാണം. സംവിധായകനായ രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.
 രണ്ട്
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന സിനിമയാണ് രണ്ട്. സുജിത് ലാലാണ് ചിത്രം സംവിധാനംചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം സമകാലിക രാഷ്ട്രീയത്തെ ആധാരമാക്കിയാണ് കഥ പറയുന്നത്. അന്ന രേഷ്മരാജനാണ് നായിക. ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ, ഗോകുലൻ, സുബീഷ് സുധി തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളാകുന്നു. ബിനുലാൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് ലാലാണ്. മനോജ് കണ്ണോത്ത് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ബിജിബാലാണ്.
 വെള്ളേപ്പം
തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന ചിത്രം ‘വെള്ളേപ്പം’ റിലീസിനൊരുങ്ങുന്നു. അക്ഷയ് രാധാകൃഷ്ണനും (പതിനെട്ടാം പടി) നൂറിൻ ഷെരീഫും ഒന്നിക്കുന്ന ചിത്രമാണിത്. റോമ ഒരിടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ പ്രവീണ് രാജ് പൂക്കാടൻ സംവിധാനംചെയ്യുന്ന ചിത്രം തൃശ്ശൂരിന്റെ രുചിയുടെ തലസ്ഥാനമായ വെള്ളേപ്പങ്ങാടിയുടെയും അവിടത്തെ ആളുകളുടെയും കഥയാണ് പറയുന്നത്. ബറോക് പ്രൊഡക്‌ഷന്റെ ബാനറിൽ ജീൻസ് തോമസ്, ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമാണം. ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്, വൈശാഖ് രാജൻ, ഫായിമം, സാജിദ് യഹിയ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്ന ‘വെള്ളേപ്പ’ത്തിന്റെ കഥ, തിരക്കഥ ജീവൻ 
ലാലാണ്.