ഈ വർഷത്തെ മലയാളവിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് രാഹുലിന്റെ ‘കള്ളനോട്ടം’ ആണ്.  വിഷുവിന് പുറത്തിറങ്ങുന്ന തന്റെ പുതിയ സിനിമ ‘ഖോ ഖോ’യുടെ ആകാംക്ഷയിൽ നിൽക്കുമ്പോഴാണ് ഈ അംഗീകാരം.  ‘ഒറ്റമുറി വെളിച്ചം’ എന്ന ആദ്യസിനിമയിലൂടെ സുധ എന്ന പെൺകുട്ടി അണച്ച വെളിച്ചം ഇന്ത്യൻ സ്ത്രീത്വത്തിന്റെ പ്രകാശമായി ജ്വലിച്ചുവെങ്കിൽ  ‘ഖോ ഖോ’ എന്ന പുതിയ  സിനിമയിലൂടെ രാഹുൽ റിജി നായർ പറയുന്നത് പെൺശക്തിയുടെ മറ്റൊരു കുതിപ്പിന്റെ കഥയാണ്. ഇന്ത്യൻ ഗ്രാമീണതയുടെ തനത്  കായികവിനോദം  പെൺമയുടെ  പേശീബലത്തിലൂടെ പ്രേക്ഷകഹൃദയത്തെ ‘തൊട്ടുകളിക്കു’മ്പോൾ കുരവയിടാനുള്ളതല്ല പെൺനാവെന്ന് ‘ഖോ ഖോ’ ശബ്ദത്തിൽ രാഹുൽ ഒരിക്കൽക്കൂടി പറഞ്ഞുവെക്കുന്നു

സിനിമയിലേക്ക്
നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമത്തുരുത്തിലേക്ക് കായികാധ്യാപികയായെത്തുന്ന മരിയ ഫ്രാൻസിസ് അവിടത്തെ സ്കൂളിലെ  കുട്ടികളെ ഉൾപ്പെടുത്തി ഒരു ഖോ ഖോ ടീം ഉണ്ടാക്കുന്നു. ഈ കായികരൂപത്തെക്കുറിച്ച് ധാരണയൊന്നുമില്ലാത്ത സ്കൂൾ അധികൃതർ ഉൾപ്പെടെയുള്ള അധ്യാപക-രക്ഷാകർതൃ നിരയുടെ കടുത്ത എതിർപ്പിന്റെ ‘ഗോ ഗോ’ വിളികളെ അവൾ തന്റെ ‘ഖോ’  ശബ്ദത്താൽ നേരിടുന്നു, വിജയങ്ങൾ നേടുന്നു. ടീമിലെ അഞ്ജു എന്ന പ്രഗല്‌ഭയായ വിദ്യാർഥിനിയും ടീച്ചറും തമ്മിലുള്ള ആഴത്തിലുള്ള ഹൃദയബന്ധത്തിന്റെ വൈകാരിക ഇടപെടലുകളിലൂടെ വളരുന്ന കഥ ഖോ ഖോ എന്ന അത്രയധികം ജനസമ്മതിയില്ലാത്ത തനത്‌ ഭാരതീയ കായികരൂപത്തെ ജനസാമാന്യത്തിലേക്കെത്തിച്ചുകൊണ്ട് ഒരു സ്പോർട്സ്ഡ്രാമാ ചലച്ചിത്രമായി പ്രേക്ഷകസമക്ഷമെത്തുന്നു.
സംവിധായകനിലേക്ക്

 ‘കള്ളനോട്ട’ത്തിന് ലഭിച്ച ദേശീയ അംഗീകാരം...
 ഇതൊരു പരീക്ഷണസംരംഭമായിരുന്നു. ക്യാമറതന്നെ കഥാപാത്രമാകുന്നതരത്തിൽ ഒരു സ്‌ക്രീൻലൈഫ് സിനിമ. സാധാരണയായി ട്രാവൽ ബ്ലോഗർമാരും റൈഡേഴ്‌സും  ഉപയോഗിക്കുന്ന  ഗോ പ്രോ ക്യാമറയിൽ  പൂർണമായുംചെയ്ത, കുഞ്ഞുങ്ങളിലൂടെ  വലിയവരിലേക്കെത്തിക്കാൻ ശ്രമിച്ച സിനിമ.  ഇതിലെ  വിൻസെന്റ് എന്ന പത്തുവയസ്സുകാരൻ മോഷ്ടിച്ചെടുക്കുന്ന ഒരു ഗോ പ്രോ ക്യാമറക്കണ്ണിലൂടെയാണ് സിനിമ പ്രേക്ഷകരിൽ വളരുന്നത്. ഈ സിനിമയുടെ ആദ്യപ്രദർശനം ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നടന്നു. പ്രശസ്തമായ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് ഇന്ത്യൻ ഫിലിം അവാർഡും ഇതിനായിരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ബാലനടനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ഇതിലഭിനയിച്ച  വാസുദേവ് സജീഷിന് ലഭിച്ചിരുന്നു.

  അസാധാരണമായ ആദ്യസിനിമയിൽനിന്നാണ്‌ ഒരു സാധാരണ കൊമേഴ്‌സ്യൽ സിനിമയിലേക്കുള്ള തൊട്ടടുത്ത ചുവടുമാറ്റം...
 ഒരേ ശ്രേണിയിൽപ്പെട്ട സിനിമകൾമാത്രമേ ചെയ്യൂ എന്ന നിർബന്ധബുദ്ധി എനിക്കില്ല. ചെയ്യുന്നതിലെ വ്യത്യസ്തത പ്രമേയത്തിലും പറച്ചിലിലും ഉണ്ടാകണമെന്ന് നിർബന്ധമുണ്ട്. അങ്ങനെ ഒരു പരീക്ഷണമായാണ് മൂന്നാമത് കള്ളനോട്ടംചെയ്തത്. ഇപ്പോൾ ഇതും മറ്റൊരു പരീക്ഷണം. രീതികൾ മാറുന്നു, കാൻവാസുകൾ ചെറുതും വലുതുമാകുന്നു എന്നതൊഴിച്ചാൽ എടുക്കുന്ന ശ്രമങ്ങളും കഷ്ടപ്പാടുകളും എല്ലാത്തിനും ഒന്നാണ്.  എല്ലാതരം ആസ്വാദനങ്ങളെയും സിനിമകൊണ്ട് തൃപ്തിപ്പെടുത്താൻ പരമാവധി ശ്രമിക്കുന്നു. ആദ്യസിനിമ ചെയ്യുന്നതിനുമുമ്പേ പ്ലാൻചെയ്തതായിരുന്നു ഡാകിനി. ഒരു കോമിക് കഥാപുസ്തകംപോലെ വായിക്കാവുന്ന തരത്തിലാകണമെന്ന്‌ വിചാരിച്ചുതന്നെ എടുത്ത സിനിമ.

  നാലുസിനിമകൾ നാലും സ്ത്രീപക്ഷം
 അത് ബോധപൂർവം ചെയ്യുന്നതല്ല, സംഭവിക്കുന്നതാണ്. ആദ്യസിനിമ, ക്യാമറയോടൊപ്പം കഷ്ടപ്പാടിന്റെ കഠിനതകൾ തോളിലും നെഞ്ചിലുമേറ്റിനടന്ന ഞങ്ങൾ, സിനിമാമോഹികളായ ടെക്കികളുടെ പ്രാണപ്രയാണമായിരുന്നെങ്കിൽ അടുത്ത സിനിമ ഡാകിനി  വാർധക്യത്തിലും ഉശിരും തമാശയും ഒട്ടും വിട്ടുകളയാത്ത നന്മനിറഞ്ഞ നാല്‌ സ്ത്രീജീവിതങ്ങളെ കുട്ടികൾക്കുകൂടി ഇഷ്ടപ്പെടുന്നതരത്തിൽ ചെയ്യാൻ ശ്രമിച്ചതാണ്. പിന്നെചെയ്ത കള്ളനോട്ടം  ഒരു കുട്ടിസിനിമയാണെങ്കിലും വലിയവരിലേക്ക് വളരുന്ന ഇതിലും ഒരു പെൺകോയ്മ അറിയാതെവന്നു. എന്നാൽ, അവിടെനിന്ന്‌ ‘ഖോ ഖോ’യിലെത്തുമ്പോൾ ഇരുണ്ട തുരുത്തിന്റെ ഒറ്റപ്പെടലുകളെ കായികതയുടെ ഘോരാരവങ്ങളോടെ പുതിയ വെളിച്ചെത്തിലേ​െക്കത്തിക്കാൻ ശ്രമിച്ച പെണ്ണുയിർപ്പാണ്. സ്ത്രീ എനിക്ക് എന്നും ശക്തിയുടെ അമ്മയാണ്, തണലിന്റെ  ശ്രീയാണ്.

  പുതിയ സിനിമയെക്കുറിച്ച്...
 വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലെ ഒരു സ്കൂളിലെ പെൺകുട്ടികളെ ഖോ ഖോ പരിശീലിപ്പിച്ച് ആ സ്കൂളിന്റെയും നാടിന്റെയും പെരുമ ദേശീയ തലത്തിലേക്കുയർത്തിയ ഒരധ്യാപകന്റെ കഥ വായിച്ചറിഞ്ഞിരുന്നു.   ഇന്ത്യൻ ഗ്രാമീണതയുടെ സ്പർശമുള്ള ഈ കളി മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇത് പ്രചോദനമായി. ശരിക്കും സിനിമയ്ക്കുവേണ്ടി അത്ര പരിചയമില്ലാത്ത ഈ സ്പോർട്‌സ് പഠിച്ചു.  സ്പോർട്‌സ് കൗൺസിലിന്റെ സഹായത്തോടെ ഈ കളിയിൽ പ്രാവീണ്യം തെളിയിച്ചവരെ തിരഞ്ഞെടുത്ത് സിനിമാപരിശീലനം നൽകി. അദ്‌ഭുതപ്പെടുത്തിയ ഒരു കാര്യം,  തങ്ങളുടെ കായികതയുടെ ഉശിരിനെ സിനിമയുടെ കലയിലേക്ക്  അസാമാന്യപാടവത്തോടെ ഈ 15 കുട്ടികൾ സമന്വയിപ്പിക്കുന്നതാണ്. ഇതിലെ പ്രധാന വേഷങ്ങളിലൊന്നായ അഞ്ജു എന്ന പ്ലസ്ടു വിദ്യാർഥിനിയുടെ വേഷംചെയ്യുന്ന മമിത ബൈജു ‘ഡാകിനി’യിൽ ഒറ്റസീനിൽ അഭിനയിച്ചിരുന്നു. ഇതിൽ മമിതയൊഴിച്ച് ബാക്കി കുട്ടികളെല്ലാം ആദ്യമായി വെള്ളിത്തിരയിലെത്തുന്ന കായികതാരങ്ങളാണ്.

  നായിക രജിഷാ വിജയന്റെ കഥാപാത്രം...
 മുറിപ്പെട്ട ഭൂതകാലംപേറുന്ന ഒരു മുൻ അത്‌ലറ്റായ കായികാധ്യാപികയുടെ രണ്ടുമാനങ്ങളിലൂടെ, സങ്കീർണതകളിലൂടെ രജിഷ അവതരിപ്പിക്കുന്ന മരിയ എന്ന കഥാപാത്രം കടന്നുപോകു
ന്നുണ്ട്.