മുംബൈ വർളിയിലെ പാഴ്‌സി അതിസമ്പന്ന കുടുംബത്തിൽ ജനനം. ഇന്ത്യയിലെ പ്രശസ്തർക്കൊപ്പം ദെഹ്‌റാദൂണിലെ ഡൂൺ സ്കൂളിൽ പഠിച്ച് പിന്നീട് മുംബൈയിലെ സെയ്‌ന്റ് സേവ്യേഴ്‌സിൽ. തുടർന്ന് ലണ്ടനിൽ ചാട്ടേർഡ് അക്കൗണ്ട് പഠനം. ആ പഠനകാലത്ത് മാർക്സിസത്തിലേക്ക് ആകൃഷ്ടനായി വർണവെറിക്കെതിരേ പോരാട്ടം നടത്തി. ആ പോരാട്ടം  മൂന്നുമാസത്തോളം ലണ്ടനിലെ തടവറയിലാക്കി. തുടർന്ന് ഇന്ത്യയിലെത്തി മുംബൈയിലെ ചേരിനിവാസികൾക്കുവേണ്ടി അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു, ദളിതുകൾക്കൊപ്പം ജീവിച്ച് മാവോവാദി പ്രസ്ഥാനത്തിന്റെ പൊളിറ്റ് ബ്യൂറോ അംഗമായി (പോലീസ് ഭാഷ്യം-ഇക്കാര്യം അദ്ദേഹം നിഷേധിക്കുന്നു). അവസാനം പത്തുവർഷത്തോളം ഇന്ത്യയിലെ അഞ്ചുസംസ്ഥാനങ്ങളിലായി 18 കേസുകളിൽ ഉൾപ്പെടുത്തി തിഹാർ ഉൾപ്പെടെയുള്ള ജയിലുകളിൽ ബന്ധനത്തിൽ. അവസാനം ജാമ്യംനേടി പുറത്തെത്തി. കൊബാഡ് ഗാന്ധി എന്ന മനുഷ്യന്റെ ഒറ്റശ്വാസത്തിൽ പറയാവുന്ന ജീവിതരേഖയാണിത്.
  സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്താണ് കൊബാഡ് ഗാന്ധി ഇപ്പോൾ. തീക്ഷ്ണയൗവനം 74 വയസ്സിലെത്തിയിരിക്കുന്നു. ജീവിതം സമ്മാനിച്ച കനത്തപ്രഹരങ്ങളെ നിർമമതയോടെ നേരിടാൻ ഇപ്പോൾ ഈ വലിയ മനുഷ്യനാവുന്നുണ്ട്. ജീവിതം നൽകിയ പരിക്കുകളെ ചിരിയിൽച്ചാലിച്ച് പുതിയ അനുഭവമാക്കിമാറ്റി തന്നെത്തന്നെ ആവിഷ്‌കരിക്കാൻ സാധിക്കുന്നു. തന്നെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം എത്തിയത്‌ ബർമുഡയും കറുത്ത ടീഷർട്ടും ധരിച്ചായിരുന്നു. മുംബൈ ബാന്ദ്രയിൽ കോഫീ ഷോപ്പിൽവെച്ചുനടന്ന ഈ സംസാരം മണിക്കൂറുകൾ ദീർഘിച്ചു. കഥ പറഞ്ഞുതീർന്നപ്പോഴും കൊബാഡ് ഗാന്ധി ഒരു ആശ്ചര്യചിഹ്നമായി മനസ്സിൽ അവശേഷിച്ചു.

കുടുംബം 
1947-ലാണ് ഞാൻ ജനിച്ചത്. ഞങ്ങൾ പാഴ്‌സി വിഭാഗത്തിൽ പെടുന്നവരാണ്‌. ഗാന്ധി എന്നത്‌ അച്ഛൻ ആദിഗാന്ധിയുടെ കുടുംബവഴികളിൽ നിന്ന്‌ കൈവന്നതാണ്‌. 
ജനിച്ചതും വളർന്നതും വർളിയിലാണ്. കടലിനഭിമുഖമായി വലിയ ബംഗ്ലാവ് അക്കാലത്ത് ഞങ്ങൾക്കുണ്ടായിരുന്നു. അച്ഛൻ ആദി. അമ്മ നർഗീസ്. അച്ഛന്റെ കുടുംബം പുണെയിലായിരുന്നു. ഫർഗൂസൺ കോളേജിൽ പഠിച്ച്്് പിന്നീട് അച്ഛൻ ബോംബെയിലെത്തി. പ്രശസ്തമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാസ്‌ഗോസ്മിത്ത്്കിന്നിൽ ഫിനാൻസ് ഡയറക്ടറായി. അമ്മയുടെ കുടുംബം ലഹോറിൽനിന്നാണ് മുംബൈയിലെത്തിയത്. പാകിസ്താനിലെ ബീവറേജസ്‌ രംഗത്തെ പ്രശസ്ത കമ്പനി മൗരി ബ്രീവരി അമ്മയുടെ കുടുംബത്തിന്റേതായിരുന്നു. എനിക്ക്്് ജ്യേഷ്ഠനുണ്ടായിരുന്നു. ഫറൂഖ്. അദ്ദേഹവും ഡൂൺ സ്കൂളിലാണ് പഠിച്ചത്. എന്നെക്കാൾ രണ്ടു വയസ്സ്് മൂത്തതായിരുന്നു. അദ്ദേഹം സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു. എന്റെ തീവ്രമായ എല്ലാ ആശയങ്ങളെയും അദ്ദേഹം പിന്തുണയ്ക്കുകയാണുണ്ടായത്‌. അദ്ദേഹം ചെറിയ ബിസിനസുകൾ ചെയ്തിരുന്നു. ഇന്ത്യാന ഫാസ്റ്റ്്്ഫുഡ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ബെംഗളൂരുവിലായിരുന്നു. അച്ഛൻ ജോലിയിൽനിന്ന് വിരമിച്ചതോടെ മഹാരാഷ്ട്രയുടെ സുഖവാസകേന്ദ്രമായ മഹാബലേശ്വറിൽ ഏക്കർകണക്കിന് ഭൂമി വാങ്ങി. അവിടെ വീടുവെച്ച്‌ താമസം തുടങ്ങി. ഈ സമയത്ത്്് ജ്യേഷ്ഠൻ തന്റെ ബിസിനസ് മഹാബലേശ്വറിനടുത്ത പാഞ്ച്്്ഗനിയിലേക്ക് മാറ്റി. ബിസിനസ്‌ നന്നായി നടക്കുന്നതിനിടയിലാണ് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന്്് 1986-ൽ അദ്ദേഹം മരണപ്പെടുന്നത്‌. എനിക്ക്്് ഒരനുജത്തിയാണുള്ളത്‌. മഹ്‌റൂഖ്. ഇപ്പോൾ ബാന്ദ്രയിലാണ് താമസം. അവരോടൊപ്പമാണ് ഇപ്പോൾ ഞാൻ താമസിക്കുന്നത്‌. ജയിലിലായിരുന്ന സമയത്ത്് നിയമപരമായ സഹായവും എല്ലാം നൽകിയത്‌ മഹ്‌റൂഖാണ്. എനിക്ക്്് വായിക്കാനുള്ള മാസികകളും പത്രങ്ങളും മഹ്‌റൂഖ് വഴിയാണ് എന്നിലെത്തിയത്‌.
വിദ്യാഭ്യാസം
   അഞ്ചാം ക്ലാസുവരെ മുംബൈയിലെ സെയ്‌ന്റ് മേരീസ് സ്കൂളിലാണ് ഞാൻ പഠിച്ചത്‌. അതിനുശേഷം ആറുമുതൽ 11-ാം ക്ലാസ് വരെ ദെഹ്‌റാദൂണിലെ ഡൂൺ സ്കൂളിൽ. സഞ്ജയ്് ഗാന്ധി, കമൽനാഥ്, നവീൻ പട്‌നായിക് എന്നിവരും ഞാനും ഒരേ ക്ലാസിലായിരുന്നു. കമൽനാഥും സഞ്ജയ്് ഗാന്ധിയും സ്കൂളിലും ഏറ്റവും കുഴപ്പക്കാരായ വിദ്യാർഥികളായിരുന്നു. അതേ വികൃതികൾ അവർ ജീവിതത്തിലുടനീളം തുടർന്നു. അടിയന്തരാവസ്ഥയിൽ അത് അതിന്റെ മൂർധന്യാവസ്ഥയിലെത്തി. എന്നാൽ, നവീൻ പട്്‌നായിക് നിശ്ശബ്ദനായിരുന്നു. ഡൂൺ സ്കൂൾ നാല് ഹൗസായാണ് വിഭജിച്ചിരുന്നത്. അതിൽ ഹൈദരാബാദ് ഹൗസിലായിരുന്നു ഞാൻ. ഇഷാത്ത് ഹുസൈനും ഗൗതം വോറയുമായിരുന്നു എന്റെ അടുത്ത സുഹൃത്തുക്കൾ. ഞാൻ ജയിലിലായിരുന്നപ്പോൾ എന്നെ സഹായിച്ചതും ഇരുവരുമാണ് (ടാറ്റാ സൺസിന്റെ മുൻ ഡയറക്ടറും ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമാണ് ഇഷാത്ത് ഹുസൈൻ, ഇപ്പോൾ സേവനത്തിൽനിന്ന്്് വിരമിച്ചു. ഗൗതം വോറ പത്രപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമാണ്).
  ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നൽകിയതിൽ ഡൂൺ സ്കൂൾ പഠനകാലം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ സമഗ്രവികാസമാണ് ഡൂൺ സ്കൂൾ ലക്ഷ്യംവെക്കുന്നത്‌. അവിടെ പഠിക്കുന്ന കാലത്ത് എല്ലാ കായികയിനങ്ങളും എനിക്ക് പ്രിയമായിരുന്നു. ഹോക്കി, ഫുട്‌ബോൾ, ടെന്നീസ്, ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്, നീന്തൽ, ബോക്സിങ്‌ അങ്ങനെ എല്ലാ കായികരീതികളും ഞാൻ പഠിച്ചിട്ടുണ്ട്. രാവിലെ ശാരീരിക പരിശീലനത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത്. ജിദ്ദു കൃഷ്ണമൂർത്തിയുടെ വിദ്യാഭ്യാസ സങ്കല്പം ഉൾപ്പെടെയുള്ള കാര്യങ്ങൾ നമ്മുടെ വിദ്യാഭ്യാസരീതിയിൽ ഉൾച്ചേർക്കണം എന്നെന്നിക്ക്‌ തോന്നിയിട്ടുണ്ട്‌. വിദ്യാർഥിയുടെ സമഗ്രമായ വികാസമാവണം ലക്ഷ്യമാവേണ്ടത്‌.
  അവിടത്തെ പഠനശേഷം മുംബൈയിലെത്തി സെയ്‌ന്റ് സേവേഴ്‌സ്യൽനിന്ന്ബി.എസ്‌സി. കെമിസ്ട്രി പഠനം പൂർത്തിയാക്കി. ആ സമയത്തൊന്നും എനിക്ക് രാഷ്ട്രീയത്തോട് യാതൊരു പ്രതിപത്തിയും ഉണ്ടായിരുന്നില്ല. പഠനം മാത്രമായിരുന്നു ലക്ഷ്യം. ഇതിനുശേഷമാണ് 1967-ൽ ചാർട്ടേഡ് അക്കൗണ്ടൻസി പഠിക്കാൻ ലണ്ടനിലെത്തുന്നത്‌. എന്നെയും വലിയ കോർപ്പറേറ്റ് സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു അച്ഛന്റെ ലക്ഷ്യം. അതുകൊണ്ടാണ് സി.എ. പഠിക്കാൻ ലണ്ടനിലയച്ചത്‌. അവിടെ ഇന്ത്യക്കാരോട് കാണിക്കുന്ന വർണവിവേചനം എനിക്ക് അനുഭവത്തിലുണ്ടായി. ഒരു ബ്രിട്ടീഷ്് പൗരൻ എനിക്കെതിരേ കൈയേറ്റം നടത്തിയെങ്കിലും അയാളെ കൈയേറ്റം നടത്താൻ ഞാൻ തുനിഞ്ഞില്ല. പിന്നീട് വർണവിവേചനത്തിനെതിരേയായിരുന്നു എന്റെ പോരാട്ടം. അതിനിടയിൽ ലണ്ടനിലെത്തന്നെ വിവിധ മാർക്സിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടായി. അവരോടൊപ്പം വർണവിവേചനത്തിനെതിരേയും മുതലാളിത്തത്തിനെതിരേയും തെരുവിൽ നടത്തിയ പ്രസംഗം കാരണം മൂന്നുമാസത്തെ തടവിനുശിക്ഷിച്ചു. ഇതിനിടയിൽ സി.എ.യുടെ ഒന്നാംവർഷ പരീക്ഷയിൽ ഞാൻ ഉന്നതവിജയം നേടിയിരുന്നു. പിന്നീട് അവിടെ പഠനം തുടരാൻ താത്‌പര്യമുണ്ടായില്ല. 1972-ൽ തിരിച്ച് ഇന്ത്യയിലെത്തി. ഞാൻ ലണ്ടനിൽനിന്ന് തിരിച്ചെത്തിയതിൽ അച്ഛനും അമ്മയ്ക്കും അതൃപ്തിയുണ്ടായിരുന്നില്ല. അവരെന്റെ നിലപാടിനെ പ്രശംസിക്കുകയായിരുന്നു. ആ സമയത്ത് അച്ഛനും മാർക്സിസം വായിക്കാനും പഠിക്കാനും തുടങ്ങിയിരുന്നു. എന്റെ പ്രവർത്തനവഴിയെ അവർ പൂർണമനസ്സോടെ പിന്തുണയ്ക്കുകയായിരുന്നു.

മായാനഗർ ചേരി
 ഇന്ത്യയിൽ അടിയന്തരാവസ്ഥയുടെ കാർമേഘങ്ങൾ ഇരുണ്ടുകൂടാൻ തുടങ്ങിയ കാലത്താണ് ഞാൻ താമസിക്കുന്ന വീടിനടുത്തുതന്നെയുള്ള മായാനഗറിലെ ചേരിജീവിതങ്ങളെ അറിഞ്ഞത്. അവർ വെള്ളമില്ലാതെ കഷ്ടപ്പെടുന്നു. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാതെയുള്ള ജീവിതം. ഏറെയും ദളിത്‌ ജനവിഭാഗങ്ങൾ. അവരുടെ ജീവിതത്തെ മാറ്റിത്തീർക്കാൻവേണ്ടിയാണ് പ്രവർത്തനരംഗത്തെത്തിയത്‌. ‘ദളിത് പാന്തേഴ്‌സ്’ പ്രസ്ഥാനം രൂപപ്പെടുന്നതും അത്‌ മഹാരാഷ്ട്രയിലെ തീജ്ജ്വാലയായിമാറുന്നതും അക്കാലത്താണ്. കവിതകൾ ദളിത്‌ രോഷത്താൽ ചുവന്നു. വിദ്യാർഥികൾ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി. ചെറുമാസികകളും ഉദയംകൊണ്ടു. അവിടെ ആ സമയത്ത്് ജനശക്തി എന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയും അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്നു. ഞാൻ അവരുടെ പ്രവർത്തനത്തിന്റെ ഭാഗമായി. വർഗസമരത്തോടെ ജാതിപ്രശ്നം പരിഹൃതമാകുമെന്ന മാർക്സിയൻ രീതി എനിക്ക് ദഹിക്കാതെകിടന്നു. അത് ജനശക്തിയിൽ ശക്തമായ വാദപ്രതിവാദങ്ങൾക്കിടയാക്കി. ഇതിനിടയിലും വെള്ളവും വൈദ്യുതിയും ലഭിക്കാൻവേണ്ടിയുള്ള ഏറെ പ്രക്ഷോഭങ്ങൾ അവിടെ നടന്നു. കുറെയേറെ കാര്യങ്ങൾ ചെയ്യാനുമായി. ഇതിനിടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രസ്ഥാനം കരുത്താർജിക്കുകയും ചെയ്തു. അതോടെയാണ് ‘കമ്മിറ്റി ഫോർ ദ പ്രൊട്ടക്‌ഷൻ ഓഫ് ദ ഡെമോക്രാറ്റിക് റൈറ്റ്സ്’ (സി.പി.ഡി.ആർ.) എന്ന പ്രസ്ഥാനം രൂപംകൊള്ളുന്നത്‌. മലയാളി അഭിഭാഷകനായ പി.എ. സെബാസ്റ്റ്യൻ പിന്നീട് ഈ പ്രസ്ഥാനത്തിന്റെ ചാലകശക്തിയായിമാറി. ഇപ്പോൾ ജയിൽമോചിതനായശേഷം ഞാൻ മായാനഗറിൽ പോയിരുന്നു. അവിടെയിപ്പോൾ അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നിരിക്കുന്നു!

അനുരാധയുമായുള്ള വിവാഹം
അനുരാധയുടെ കുടുംബം കമ്യൂണിസ്റ്റ്് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തനരംഗത്തുണ്ടായിരുന്നവരാണ്. അമ്മ കുമുദ്, കാമ ഹോസ്പിറ്റലിലായിരുന്നു ജോലിചെയ്തിരുന്നത്‌. അച്ഛൻ ഗണേശ്‌ ബോംബെ ഹൈക്കോടതിയിൽ പബ്ലിക്‌ പ്രോസിക്യൂട്ടറായിരുന്നു. അനുരാധ സാമൂഹികപ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽ കുടുംബത്തിന് എതിർപ്പില്ലായിരുന്നു. ഞാൻ അനുവിനെ (അനുരാധ ഷാൻബാഗ്) കണ്ടുമുട്ടിയപ്പോൾ അവൾ എൽഫിൻസ്റ്റൺ കോളേജിലെ വിദ്യാർഥിനേതാവായിരുന്നു. കൂടാതെ ആൾട്ടർനേറ്റീവ് സർവകലാശാലയിൽ സജീവമായിരുന്നു. ഉത്സാഹിയും ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥിനിയുമായിരുന്നു. അനുവിന്റെ നൈസർഗികതയാണ് എന്നെ ആകർഷിച്ചത്‌. ഞങ്ങൾ കണ്ടുമുട്ടിയസമയത്ത് അനു രാഷ്ട്രീയമായി ചായ്‌വില്ലാത്ത കായികതാരമായ ഒരു സഹവിദ്യാർഥിയുമായി നല്ല സൗഹൃദത്തിലായിരുന്നു. സാമൂഹികരംഗത്ത്്് സജീവമായതോടെ ആ ബന്ധം താനേ ഇല്ലാതാവുകയായിരുന്നു. അനീതി എവിടെക്കണ്ടാലും  അത് അനുവിൽ ദേഷ്യമുണ്ടാക്കും. എന്നാൽ, അധികകാലം നീണ്ടുനിൽക്കില്ല, പക എന്ന കാര്യം അനുവിൽ കണ്ടിട്ടില്ല. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചു. മായാനഗറിലെ ചേരിയിൽ, പോസ്റ്ററുകൾ എഴുതുന്നതിൽ, ക്ലാസുകളിൽ, യോഗങ്ങളിൽ... അങ്ങനെ വർളിയിലെ ഞങ്ങളുടെ വീടും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഇടമായി. ചില നാടകങ്ങൾ കാണാൻ ഞങ്ങൾ ഒന്നിച്ചുപോയി. സഹോദരൻ സുനിൽ ഷാൻബാഗിന്റെയും സത്യ ദുബെയുടെയും വിജയ് തെണ്ടുൽക്കറുടെയും നാടകങ്ങൾ കാണാൻ ഞങ്ങൾ പൃഥ്വിയിലും ചബിൽദാസിലും പോയി. അടിയന്തരാവസ്ഥക്കാലത്ത് മിക്കപ്രവർത്തനങ്ങളും നിലച്ചപ്പോഴാണ് ഞങ്ങളുടെ പ്രണയം ശരിക്കും പൂത്തുലഞ്ഞത്, ഞങ്ങൾ ഒട്ടേറെത്തവണ കണ്ടുമുട്ടി. അടിയന്തരാവസ്ഥ പിൻവലിച്ചതോടെ 1977-ൽ ഞങ്ങൾ വിവാഹിതരായി. മഹാബലേശ്വറിലെ ഞങ്ങളുടെ ബംഗ്ലാവിൽവെച്ച് അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അനുരാധയുടെ അച്ഛനും അമ്മയ്ക്കും പുറമേ കുറച്ചുപേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്‌. സാമൂഹികപ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങൾക്ക് കുട്ടികൾ വേണ്ടെന്ന് വിവാഹസമയത്തുതന്നെ ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ചിരുന്നു. കോളേജ് അധ്യാപികയായിരുന്ന അനുവിന്റെ ക്ലാസുകൾ വിദ്യാർഥികളെ ഏറെ ആകർഷിച്ചിരുന്നു. മുംബൈയിലെ കോളേജിൽനിന്ന് അധ്യാപനം ഉപേക്ഷിച്ചുപോകുന്നത്‌ വിദ്യാർഥികളെ ഏറെ വേദനിപ്പിച്ചിരുന്നു
നാഗ്പുരിലേക്കുള്ള പറിച്ചുനടൽ
ദളിത് ജനവിഭാഗം കൂടുതലുള്ള നാഗ്പുരിലേക്ക് മാറിയത്‌ അവരോടൊപ്പം താമസിച്ച് അവരെ കൂടുതൽ പഠിക്കുന്നതിന്റെ ഭാഗമായാണ്. ദളിതുകളുടെ ഏറ്റവും വലിയ ബസ്തിയായിരുന്നു ഇന്ദോറ. കുറ്റകൃത്യങ്ങളുടെ വാസസ്ഥലം എന്നാണ് ജനങ്ങൾ ഇന്ദോറയെ വിശേഷിപ്പിച്ചിരുന്നത്. കടുത്ത ദാരിദ്ര്യംമൂലം സംഭവിക്കുന്ന കുറഞ്ഞ അളവിലുള്ള ചെറിയ മോഷണം ഇന്ദോറയിൽ ഉണ്ടായിരുന്നു. ദളിത്‌ ബസ്തികളെപ്പറ്റി മധ്യവർഗം സ്വരൂപിച്ച ബോധം അതാണ്. അക്കാലത്ത് അനുവിന് നാഗ്പുർ സർവകലാശാലയിൽ താത്‌കാലികാടിസ്ഥാനത്തിൽ തൊഴിൽ ലഭിച്ചിരുന്നു. അനു പ്രഭാതഭക്ഷണം കഴിച്ച് സൈക്കിളിലോ ബസിലോ 15 കിലോമീറ്റർ അകലെയുള്ള യൂണിവേഴ്‌സിറ്റിയിലേക്ക് അതിരാവിലെ പുറപ്പെടുന്നതോടെ നാഗ്പുരിലെ ഞങ്ങളുടെ ഒരു സാധാരണ ദിവസം ആരംഭിക്കും. ഞാൻ മുറികൾ വൃത്തിയാക്കുന്ന ചില കാര്യങ്ങൾ ചെയ്യും, തുടർന്ന് ഞങ്ങളുടെ ബസ്തിയിലെ ദളിത് അംഗങ്ങളെ കാണും. ഇക്കാലത്ത് പത്രപ്രവർത്തനവും ചെയ്തിരുന്നു. മതാടിസ്ഥാനത്തിലുള്ള അവരുടെ നിലവിലെ അവസ്ഥ അംഗീകരിക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തിയെടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും അംബേദ്കറിനെയും മാർക്സിനെയും പഠിക്കാനും ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു. അംബേദ്കർ ജാതിപ്രശ്നത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകും, അതേസമയം മാർക്സിസം അവരെ സ്വത്വരാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തുകയും മറ്റു ജാതികളിൽനിന്നുപോലും അടിച്ചമർത്തപ്പെടുന്നവരുമായി ഐക്യപ്പെടാൻ സഹായിക്കുകയും ചെയ്യും. അവരുടെ ജാതിവികാരങ്ങൾ ഉപേക്ഷിക്കാൻ അവരെ പഠിപ്പിച്ചു. ഈ ഐക്യം സുഗമമാക്കുന്നതിന് ഞങ്ങൾ ജാതിമാറിയുള്ള പ്രണയവിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇന്ദോറയിലെ ഒട്ടേറെ യുവാക്കൾ ഞങ്ങളുടെ കാഴ്ചപ്പാടുകളിലേക്ക് ആകർഷിക്കപ്പെട്ടു. സാംസ്കാരികസംഘടനയായ അവ്ഹാൻ എന്ന സംഘടനയിൽ ഒട്ടേറെപ്പേർ ചേരുകയും ചെയ്തു. അതികഠിനമായ വിദർഭ ചൂടിൽ ഞങ്ങൾ നാഗ്പുർ നഗരത്തിലുടനീളം സൈക്കിളുകളിൽ സഞ്ചരിക്കാറുണ്ടായിരുന്നു. നേരത്തേ ഞങ്ങളുടെ വസതി അനു പഠിപ്പിച്ചിരുന്ന സർവകലാശാലയ്ക്കടുത്തായിരുന്നു. പട്ടണത്തിന്റെ മറ്റേ അറ്റത്തായിരുന്നു ഇന്ദോറ. അനുവിന്റെ ഓരോ ദിവസവും വളരെ തിരക്കുള്ളതായിരുന്നു, കർശനമായ അച്ചടക്കം, അവൾ ഏറ്റെടുക്കുന്ന ഏതൊരു ജോലിയോടും അവൾക്കുള്ള ശക്തമായ പ്രതിബദ്ധത എന്നിവ അവളുടെ വിദ്യാർഥികളോടും സാമൂഹിക പ്രവർത്തനങ്ങളോടും നീതിപുലർത്താൻ അവളെ പ്രാപ്തയാക്കി. പതിനഞ്ചുവർഷത്തോളം ഈ മേഖലയിൽത്തന്നെ സജീവപ്രവർത്തനങ്ങളിൽ ഞങ്ങളുണ്ടായിരുന്നു.
ബസ്തർ
നാഗ്പുർ സർവകലാശാലാ ജോലി വിട്ടയുടൻ അനു ബസ്തറിലേക്കുപോയി. അവിടെ രണ്ടുവർഷത്തോളം ചെലവഴിക്കുകയും അവിടത്തെ ജീവിതത്തെക്കുറിച്ചും ഗോത്രവർഗക്കാർക്കിടയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും അനുഭവത്തിലൂടെ മനസ്സിലാക്കുകയും ചെയ്തു. ബസ്തറിലെ വനിതാസംഘടനയായ കെ.എ.എം.എസ്. (ക്രാന്തികാരി ആദിവാസി മഹിള സംഘടൻ) വികസിപ്പിക്കാൻ അനു ഏറെ സഹായിച്ചിട്ടുണ്ട്. 90,000 അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ വനിതാസംഘടനയാണ് കെ.
എ.എം.എസ്. എന്ന് പറയപ്പെടുന്നു. ഒരുപക്ഷേ, ഇന്ത്യയുടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന മികച്ചകാര്യങ്ങളിൽ ഒന്നാണിതെന്ന് എഴുത്തുകാരി അരുന്ധതി റോയ് വ്യക്തമാക്കിയിട്ടുണ്ട്‌. ബസ്തറിലെ ആ രണ്ടുവർഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് അനു പറയുമായിരുന്നു. എന്നാൽ, ജീവിതത്തിന്റെ പ്രതിസന്ധിയും കഠിനമായിരുന്നു. ആർത്രൈറ്റിസ് രോഗം അക്കാലത്ത്് കലശലായി അനുവിനെ അലട്ടിയിരുന്നു. ജാർഖണ്ഡിൽ സ്ത്രീകൾക്കുവേണ്ടി ക്ലാസെടുക്കാൻപോയി വന്നതോടെയാണ് സെറിബ്രൽ മലേറിയ ബാധിച്ച് അനു മരണപ്പെടുന്നത്. പതിനഞ്ചുദിവസത്തെ ക്ലാസായിരുന്നു നടന്നത്‌. അവിടെവെച്ചാണ് രോഗം പിടിപെടുന്നത്‌. പരിശോധനയിൽ രോഗമുള്ളകാര്യം വ്യക്തമായില്ല. എന്നാൽ, ആശുപത്രിയിലെത്തിയതോടെ രോഗം കലശലായി. മരണം സംഭവിക്കുകയുംചെയ്തു. വലിയ ശൂന്യതയാണ് അനുവിന്റെ മരണം എന്നിൽ സൃഷ്ടിച്ചത്‌. അനു മുംബൈയിലെ ആശുപത്രിയിൽവെച്ച് മരണപ്പെടുമ്പോൾ ഞാൻ മുംബൈയിലുണ്ടായിരുന്നു. 2008-ലാണ് മരണം സംഭവിക്കുന്നത്‌. പിന്നീട് ഒരു വർഷം പിന്നിടുമ്പോഴാണ് ഡൽഹിയിൽവെച്ച് ഞാൻ അറസ്റ്റിലാവുന്നത്.

അറസ്റ്റ്
2009 സെപ്റ്റംബർ 17, ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. അന്ന് വൈകുന്നേരം നാലുമണിക്ക് ഞാൻ ഡൽഹി ഭികാജി കാമയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അല്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു എസ്.യു.വി. മുന്നിൽ കൊണ്ടുനിർത്തുകയും അരോഗദൃഡഗാത്രരായ കുറച്ചുപേർ എന്റെ നേർക്ക് കുതിച്ചുവരുകയും എന്നെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ കുതറാൻ ശ്രമിച്ചപ്പോൾ അവർ എന്നെ നിലത്ത് തള്ളിയിട്ടു. എന്റെ കൈവശം ഉണ്ടായിരുന്നതെല്ലാം പിടിച്ചെടുത്ത്‌ കാറിലേക്ക് വലിച്ചിട്ട് കൊണ്ടുപോയി. പത്തുവർഷത്തെ എന്റെ ജയിൽജീവിതത്തിന്റെ യാത്രയുടെ തുടക്കമായിരുന്നു ഇതെന്ന് എനിക്കറിയില്ലായിരുന്നു. 
എനിക്ക് അന്ന്്് അറുപത്തിരണ്ട് വയസ്സായിരുന്നു, അടിയന്തര വൈദ്യസഹായത്തിനും ഗുരുതരമായ മൂത്രാശയരോഗത്തിനും ഓർത്തോപീഡിക്, രക്തസമ്മർദ ചികിത്സയ്ക്കും വേണ്ടി മുംബൈയിൽനിന്ന് ഡൽഹിയിൽ എത്തിയതായിരുന്നു ഞാൻ. ആ തട്ടിക്കൊണ്ടുപോകൽ യഥാർഥത്തിൽ അറസ്റ്റായിരുന്നു. ആന്ധ്രാപ്രദേശ് ഐ.ബി.യാണ് എന്നെ തട്ടിക്കൊണ്ടുപോയത്‌. ഐ.ബി. ഉദ്യോഗസ്ഥർക്ക്്് അറസ്റ്റുചെയ്യാൻ അധികാരമില്ല.  ആന്ധ്രാപ്രദേശ് ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) ആളുകളെ അവരുടെ സംസ്ഥാനത്തെ കാടുകളിലേക്ക് ഹെലികോപ്റ്ററുകളിൽ കൊണ്ടുപോവുകയും അവരെ കൊലചെയ്യുകയും ശേഷം അവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്യുകയും പതിവാണെന്ന്്് എനിക്കറിയാമായിരുന്നു. ഇത് എന്റെ അവസാന നാളുകളാണെന്ന്്് ഞാൻ കരുതി. എന്നാൽ, പുലർച്ചെ മൂന്നുമണിയോടെ അവരെന്നെ ഉയർന്ന മതിലുകളുള്ള ഒരു സുരക്ഷാത്താവളത്തിൽ എത്തിച്ച്‌, അവിടെ എനിക്ക് കുറച്ച് മണിക്കൂർ ഉറക്കം അനുവദിച്ചു. ഒട്ടേറെ സംസ്ഥാനങ്ങളിൽനിന്നുള്ള രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു. എന്നാൽ, പ്രധാനമായും ചോദ്യംചെയ്തത് ആന്ധ്രാപ്രദേശിൽനിന്നുള്ളവരായിരുന്നു. ഞാൻ സി.പി.ഐ. (മാവോയിസ്റ്റ്) പാർട്ടിയുടെ ഒരു പൊളിറ്റ് ബ്യൂറോ അംഗമാണെന്നും കേന്ദ്രകമ്മിറ്റിയിലെ മറ്റ് അംഗങ്ങളുടെയും പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയുടെയും വിശദാംശങ്ങൾ വേണമെന്നും അവർ അവകാശപ്പെട്ടു; തീർച്ചയായും എനിക്കറിയാവുന്നതിനെക്കാൾ കൂടുതൽ വിശദാംശങ്ങൾ അവർക്ക് ഇതിനകംതന്നെ അറിയാം എന്നുതോന്നി. അവർക്ക് എന്നിൽനിന്ന് കൂടുതൽ വിവരങ്ങൾ ഒന്നും അറിയാൻ കഴിയാതെവന്നപ്പോൾ, അവർ ഭീഷണികൾ ഉപയോഗിച്ചു, പക്ഷേ, നേരിട്ട് ശാരീരിക ഉപദ്രവമൊന്നും ചെയ്തില്ല. ഒരുപക്ഷേ, എന്റെ പ്രായം കണക്കിലെടുത്തും ഞാൻ ഇതിനകം രോഗിയായിരുന്നെന്നും ആശുപത്രി പരിശോധനയിൽനിന്ന് വന്നതാണെന്നും പരിഗണിച്ചായിരിക്കാം. അവർ ഒരേ ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു. മറ്റുള്ളവർ കുറ്റസമ്മതം നടത്തിയെന്ന് പറയും, കേസുകൾ ഇടാതിരിക്കാനുള്ള ഭീഷണികളുണ്ടാകും; വിവിധ പ്രലോഭനങ്ങളും. എനിക്കിപ്പോൾ 74-വയസ്സായി  എങ്കിലും  ജീവിതത്തെ ഫലപ്രദമായി  ഉപയോഗിച്ചു  എന്നുതന്നെയാണ്  ഞാൻ കരുതുന്നത്  അതിൽ ഒരിക്കലും നിരാശയില്ല