തിഹാർ ജയിലിൽ ഒരാൾക്ക് എത്രമാത്രം പീഡനം നേരിടേണ്ടി വരുന്നുവെന്ന കാര്യത്തിൽ അവിടെയെത്തിയപ്പോൾ എനിക്കു ഞെട്ടലുണ്ടായി. വിവസ്ത്രനാക്കി അവരെന്നെ പരിശോധിച്ചു. ഇതിനുമുമ്പ് എത്രയോ തവണ എന്റെ വ്യക്തിവിവരങ്ങൾ ശേഖരിച്ചിട്ടുള്ളതാണ്. ഒരാളുടെ ജാതി രേഖപ്പെടുത്തുന്നതിൽ പുലർത്തിയിരുന്ന മർക്കടമുഷ്ടി, ഓഫീസർമാരുടെ മുറിയിൽ കയറുന്നതിനുമുമ്പ് അമ്പലത്തിലേതെന്നതുപോലെ ചെരിപ്പ് ഊരിവെക്കുന്നത് തുടങ്ങി ബ്രിട്ടീഷ് ഭരണകാലത്ത് നിലനിന്നിരുന്നതുപോലുള്ള കൊളോണിയൽ, ഫ്യൂഡൽ രീതികളെല്ലാം അവിടെ പിന്തുടർന്നിരുന്നു. ജയിൽ-3ന്റെ വലുതും ഭയപ്പെടുത്തുന്നതുമായ രണ്ട് കവാടങ്ങളിലൂടെ കടന്ന് എന്നെ ഒരു വാർഡിലേക്ക് (എച്ച്.ആർ.ഡബ്ല്യു.-ഹൈ റിസ്‌ക് വാർഡ്) ആനയിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ പാർപ്പിക്കുന്ന സ്ഥലം ഇവിടെയാണ്. തിഹാറിലെ ജയിലുകളിലെ വാർഡുകളിൽവെച്ച് ഏറ്റവും സുരക്ഷയുള്ളതാണിത്. 
തിഹാർ ഒരു വലിയ ജയിൽസമുച്ചയമാണ്. ഇവിടത്തെ ഒമ്പതു ജയിലുകളും ഒന്നിനോടൊന്ന് തൊട്ടുരുമ്മി നിൽക്കുന്നതും സ്വന്തം കൈകാര്യ വ്യവസ്ഥിതി നിലനിൽക്കുന്നതുമാണ്. എല്ലാറ്റിലുംകൂടി പതിനയ്യായിരത്തോളം തടവുകാരുണ്ട്. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നത്, ആറു ജയിലുകൾകൂടി ഇവിടെ നിർമിച്ചിട്ടുണ്ടെന്നാണ്. ഞാനവിടെ ഉണ്ടായിരുന്നപ്പോൾ അതിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അവിടെ 6500 തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, 2012-ൽ അതിന്റെ ഇരട്ടിപ്പേർ അവിടെയുണ്ടായിരുന്നു. 

  പോലീസിനെപ്പോലെത്തന്നെ അവിടത്തെ ഇതര ജീവനക്കാരിൽ കൂടുതലും ആ പ്രദേശത്തുതന്നെയുള്ള, അതായത്, ഹരിയാണയിലെ ജാട്ടുകളായിരുന്നു. പക്ഷേ, സുരക്ഷാചുമതല മുഴുവൻ തമിഴ്‌നാട് സ്പെഷ്യൽ പോലീസി(ടി.എസ്.പി.)നു കൈമാറിയിരുന്നു. 1984-നു ശേഷമുള്ള ചിത്രം ഇങ്ങനെയാണ്. സുരക്ഷാ കാര്യത്തിൽ പ്രാദേശികമായുള്ളവരെ ഉന്നതാധികാരികൾക്ക് വിശ്വാസമില്ലാത്തതിനാലാണ് ആ ചുമതല 
ടി.എസ്.പി.യെ ഏൽപ്പിച്ചത്. തടവുകാരിൽ പലരും ആ പ്രദേശത്തുനിന്നുള്ളവർ തന്നെയായിരുന്നു. സുരക്ഷാചുമതലയും അതേ നാട്ടുകാർക്കു നൽകിയാൽ അത് അഴിമതിക്കു കാരണമാകുമെന്ന് അധികാരികൾക്കു തോന്നിയിരുന്നു. മറ്റു സംസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പതിവ് വേറൊരു സംസ്ഥാനത്തും ഇല്ലാതിരുന്നിട്ടും ഇക്കാരണത്താലാണ് ഇവിടെ 
ടി.എസ്.പി.യെ നിയോഗിച്ചത്. യുവാക്കളായ തമിഴ് സുരക്ഷാഭടന്മാർ നന്നായി പെരുമാറുന്നവരായിരുന്നു. ഇവിടത്തെ രീതികളും തടവുകാരെയും മനസ്സിലാക്കി അവർ നന്നായി ഇടപെട്ടിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള പല ജീവനക്കാരും ഞാനുമായി നല്ല ചങ്ങാത്തത്തിലായി. പലരും അവരുടെ ജീവിതകഥകളൊക്കെ എന്നോടു പങ്കുവെക്കുമായിരുന്നു. അവരുടെ ജോലി സംബന്ധിച്ച വിവരങ്ങളൊക്കെ അങ്ങനെയാണു ഞാൻ മനസ്സിലാക്കിയത്. മറ്റു ജീവനക്കാരിൽ കൂടുതലും ക്രൂരന്മാരും പകയോടെ പെരുമാറുന്നവരുമായിരുന്നു. എന്നാൽ, പണക്കാർക്ക് അവർ പാദസേവ ചെയ്യുമായിരുന്നു. 

  തിഹാറിലെത്തുമ്പോൾ എന്റെ കൈയിൽ അവർക്കു പരിശോധിക്കാനായി ഒരു തൂക്കുബാഗല്ലാതെ (അത് ഇപ്പോഴും കൈയിലുണ്ട്) മറ്റൊന്നുമുണ്ടായിരുന്നില്ല. എന്റെ സഹോദരപത്നി റീത ബൽസാവർ തന്നയച്ചിരുന്ന, അണിഞ്ഞൊരുങ്ങാനുള്ള ചില സാധനങ്ങളൊഴികെ മറ്റൊന്നും അതിലുണ്ടായിരുന്നില്ല. വിശദ പരിശോധനകളൊക്കെ കഴിഞ്ഞ് എന്നെ  ഉദ്യോഗസ്ഥർ അതിസുരക്ഷാ വാർഡിലേക്ക് ആനയിച്ചു. അവിടെയും പരിശോധനകൾ ആവർത്തിച്ചു. എല്ലാതവണയും മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ ഞങ്ങളെ നടത്തിച്ചു. കൈയിൽപ്പിടിച്ച് ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കനത്തരീതിയിൽത്തന്നെ ദേഹപരിശോധനയുമുണ്ടായിരുന്നു. കാലങ്ങളായി ഇത്തരം ഉയർന്നതോതിലുള്ള റേഡിയേഷൻ ഏൽക്കുന്നതുകൊണ്ടുണ്ടാവുന്ന അനന്തര ഫലത്തെക്കുറിച്ച് ആർക്കും അദ്ഭുതം തോന്നാം. ആദ്യമായി ഞാൻ വാർഡിലെത്തുമ്പോൾ സമയം രാത്രി ഏഴ് പിന്നിട്ടിരുന്നു. 
അപ്പോഴേക്കും അവിടത്തെ തടവുകാരെയെല്ലാം സ്വന്തം സെല്ലുകളിലടച്ചിരുന്നു. ബ്ലോക്ക് എ-യിലേക്കാണ് എന്നെ കൊണ്ടുപോയത്. എന്നെ വരവേറ്റത് ഒരു ചിരിയായിരുന്നു. അത് മറ്റാരുടേതുമായിരുന്നില്ല, അഫ്‌സൽ ഗുരുവിന്റേതായിരുന്നു. സ്വന്തം സെല്ലിന്റെ കവാടത്തിൽ നിൽക്കുകയായിരുന്നു അയാൾ. എന്റെ കേസിനെക്കുറിച്ചു വായിച്ചശേഷം, എന്നെ ആ വാർഡിലേക്കായിരിക്കും കൊണ്ടുവരുകയെന്നു പ്രതീക്ഷിച്ചിരുന്നതായി അയാൾ പറഞ്ഞു. പെട്ടെന്നുതന്നെ അയാൾ എനിക്ക് സഹായവാഗ്ദാനം നൽകി. എന്നെ നാലാം സെല്ലിലേക്കാണ് സുരക്ഷാ ഭടന്മാർ കൊണ്ടുപോയത്. അവിടെ അപ്പോൾത്തന്നെ മൂന്നു തടവുകാരുണ്ടായിരുന്നു. ഡൽഹിയിലെ പ്രമുഖ ഗുണ്ടാനേതാവും ഏവരുടെയും പേടിസ്വപ്നവുമായിരുന്ന കിഷാൻ പെഹൽവാനും അക്കൂട്ടത്തിലുണ്ടായിരുന്നു. കിടക്കയും ഭക്ഷണവും അവർ വാഗ്ദാനംചെയ്തു. അവരുടെ ഭക്ഷണം അപ്പോഴും അവർ കഴിച്ചിരുന്നില്ല. വിശപ്പും ഉറക്കവും അകറ്റുന്ന രീതിയിൽ അന്നത്തെ സംഭവങ്ങൾ എന്നെ ഉലച്ചിരുന്നു. നാലുപേരുള്ള ആ സെല്ലിൽ ജയിൽജീവിതത്തിന്റെ ആദ്യദിനം തള്ളിനീക്കാൻ ഞാൻ ഏറെ പാടുപെട്ടു. സെല്ലിലെ മറ്റുള്ളവർ കൊടുംകുറ്റവാളികളായിരുന്നു. പരസ്പരം ആശയവിനിമയം നടത്താൻ ഞങ്ങൾക്ക് കാര്യമായൊന്നും ഉണ്ടായിരുന്നില്ല. 

  ഒരു തടവുകാരനെ ഉദ്ദേശിച്ചുള്ളതാണ് ഒരു സെൽ. പക്ഷേ, തടവുകാരുടെ എണ്ണക്കൂടുതൽകാരണം ഒരു സെല്ലിൽ മൂന്നുപേർ സ്ഥിരമായിരുന്നു. ഒന്ന് അല്ലെങ്കിൽ മൂന്ന് എന്നതായിരുന്നു ഒരു സെല്ലിലെ കണക്ക്. രണ്ടുപേരെ മാത്രമായി അനുവദിച്ചിരുന്നില്ല. സെല്ലിനുള്ളിലെത്തിയാൽപ്പിന്നെ വാർഡിലെ മറ്റുള്ളവരുമായി ആശയവിനിമയം സാധ്യമല്ല. അത് സെല്ലിന്റെ വാതിലുകൾ തുറന്നശേഷംമാത്രമേ സാധ്യമായിരുന്നുള്ളൂ. അഫ്‌സൽ ഗുരുവിനുപുറമേ ഖലിസ്ഥാനികളും ഇസ്‌ലാമിസ്റ്റുകളും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും അവിടെയുണ്ടായിരുന്നു. രാവിലെ ആറിനും ഉച്ചയ്ക്ക് പന്ത്രണ്ടിനുമിടയ്ക്ക്, വീണ്ടും മൂന്നുമണിക്കൂർ, തടവുകാരെ സെല്ലിലടയ്ക്കുക പതിവായിരുന്നു. ഈ സമയം, അഫ്‌സൽ ഗുരു ഉൾപ്പെടെ വാർഡിലെ ആ ബ്ലോക്കിലുള്ള മറ്റുള്ളവരുമായി ഇടപഴകാൻ ഞങ്ങളെ അനുവദിച്ചിരുന്നു. ചുരുങ്ങിയത് ആ സമയത്തെങ്കിലും തടവുകാർക്കുമേൽ മറ്റു നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. ജയിലിലെ ആദ്യ വർഷങ്ങളിൽ തനിക്ക് സെല്ലിനു പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നില്ലെന്ന് അഫ്‌സൽ ഗുരു പറഞ്ഞു. അടുത്തദിവസം രാവിലെ എന്നെ ആ ബ്ലോക്കിലെ അവസാന സെല്ലിലേക്കു മാറ്റി. അവിടെ ആകെ എട്ടു സെല്ലുകളാണുണ്ടായിരുന്നത്. ആ സെല്ലിലെ മറ്റുരണ്ടു തടവുകാർ ഖലിസ്ഥാനികളായിരുന്നു. ഖലിസ്ഥാനി അനുകൂല മേഖലയിൽനിന്നുള്ള ആയുധ, മയക്കുമരുന്ന് കള്ളക്കടത്തുകാരനായിരുന്നു ഒരാൾ.

എന്നെ ഈ സെല്ലിലേക്കു മാറ്റുന്നതിനു മുന്നോടിയായി വാതിലുകൾ തുറന്നപ്പോൾ അഫ്‌സൽ എന്നെ അയാളുടെ സെല്ലിലേക്കു ചായയ്ക്കു ക്ഷണിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു. 2013 ഫെബ്രുവരിയിൽ തൂക്കിലേറ്റുംവരെ അയാളാ പതിവ് തുടർന്നു. അയാൾക്ക് നന്നായി ചായ ഉണ്ടാക്കാനറിയാമായിരുന്നു. അഫ്‌സലിന്റെ കൈവശം അരലിറ്റർ കൊള്ളുന്ന വെളുത്തൊരു ഫ്ളാസ്കുണ്ടായിരുന്നു. ജയിൽ അടുക്കളയിൽനിന്നു കൊണ്ടുവന്നിരുന്ന ചൂടുചായ അതിലാണ് ഒഴിച്ചുവെച്ചിരുന്നത്. അഫ്‌സലിന്റെ തൂക്കിനുശേഷം ആ ഫ്ളാസ്ക് എനിക്കു തരണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ്. പക്ഷേ, തന്നില്ല. ജയിൽ അടുക്കളയിൽനിന്നു കൊണ്ടുവരുന്ന ചായയിലേക്ക് അയാൾ പാൽപ്പൊടിയും കാന്റീനിൽനിന്നു വാങ്ങിവെച്ചിരുന്ന ചായപ്പൊടിയും ചേർക്കും. ജയിൽ ബേക്കറിയിൽ തയ്യാറാക്കിയിരുന്ന രണ്ടു പാളി ബ്രെഡുമൊത്ത് ഞങ്ങളാ ചായകുടിക്കും. ഈ ചായസത്കാരത്തിനും സമീപത്തെ മൈതാനത്തെ സായാഹ്ന നടത്തത്തിനുമിടയ്ക്ക് അഫ്‌സൽ എനിക്ക് കശ്മീരിലെ അവസ്ഥകളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും യാഥാസ്ഥിതിക ആശയങ്ങളെ എതിർത്തിരുന്ന അതിലെ പുരോഗമന ചിന്താഗതിയെക്കുറിച്ചും അയാൾ വിശ്വസിച്ചിരുന്ന സൂഫിസത്തെക്കുറിച്ചുമൊക്കെ പരിചയപ്പെടുത്തി. ഇത് ഇന്ത്യൻ ജയിലിലെ എന്റെ ആദ്യ അനുഭവമായിരുന്നു. ഇസ്‌ലാമിസ്റ്റുകളിൽനിന്നു വിരുദ്ധമായി, ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരോട് സഹാനുഭൂതിയും സഹായ മനഃസ്ഥിതിയുമുള്ള ആളായിരുന്നു അഫ്‌സൽ. കമ്യൂണിസ്റ്റ് പാർട്ടിയും മറ്റു പാർട്ടിക്കാരുമായി വ്യത്യാസമുണ്ടെന്നു കരുതിയിരുന്നയാളാണ് അയാൾ. 


  ഞങ്ങളെ തടവിൽ പാർപ്പിച്ചിരുന്ന എ ബ്ലോക്ക് ഒരു വലിയ മൈതാനത്തിനു സമീപമായിരുന്നു. അത് മുള്ളുവേലികൊണ്ട് മറച്ചിരുന്നു. ബി ബ്ലോക്ക് ഞങ്ങളുടെ ബ്ലോക്കിനു പിൻവശത്തായിരുന്നു. ഞാവലും അരയാലും അടക്കമുള്ള മരങ്ങൾ ആ മൈതാനത്തുണ്ടായിരുന്നു. ജയിൽ അതിന്റെ ഒരു മൂലയിലായിരുന്നു. എനിക്കും അഫ്‌സലിനും തൂക്കിനു വിധിക്കപ്പെട്ട ഖലിസ്ഥാനി നേതാവ് ദേവീന്ദർപാൽ സിങ് ഭുല്ലാറിനും മാത്രമേ ഈ മൈതാനത്തു പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. എന്റെ തടവിന്റെ ആദ്യ ദിനങ്ങളിൽ സൂപ്രണ്ട് വളരെ സഹായമനസ്കനായിരുന്നു. തുളസിയും പേരമരവുമൊക്കെ നടാൻ എന്നെ അനുവദിച്ചിരുന്നു. ചെടി നനയ്ക്കാൻ എനിക്കൊരു കുഴലും അനുവദിച്ചിരുന്നു. ജയിലിലെ നിശ്ശബ്ദമായ ഇടം ഈ മൈതാനം മാത്രമായിരുന്നു. അണ്ണാറക്കണ്ണന്മാർ ഓടിനടക്കുന്നതൊക്കെ നോക്കി പലപ്പോഴും ഞാനിവിടെ ഒറ്റയ്ക്ക് വന്നിരിക്കാറുണ്ട്. ജയിലിനുള്ളിലെയും പുറത്തെയും ലോകങ്ങൾ തമ്മിലുള്ള വ്യത്യാസം ആ കാഴ്ചകളിൽ പ്രതിഫലിക്കാറുണ്ട്. അണ്ണാറക്കണ്ണന്മാർക്കിഷ്ടമുള്ള കപ്പലണ്ടി ഒരു പാക്കറ്റ് കാൻറീനിൽനിന്നു വാങ്ങിയായിരിക്കും പലപ്പോഴും എന്റെ വരവ്. പൂച്ചയോ മറ്റോ പോലുള്ള ഒരു അപകടസൂചന കണ്ടാൽ അവ ഒരു പ്രത്യേക രീതിയിൽ ശബ്ദിക്കും. കൂട്ടുകാർക്കുള്ള മുന്നറിയിപ്പാണത്. ഞാനെഴുതിയ ആറു ലേഖനങ്ങൾക്കും ആശയം രൂപപ്പെട്ടത് ഇവിടെവെച്ചാണ്. അത്രയും പ്രസന്നത ഇനിയാർക്കും അവിടെ അനുഭവിച്ചറിയാനാവില്ല. കാരണം, അഫ്‌സലിന്റെ തൂക്കിനുശേഷം മൈതാനം സ്ഥിരമായി അടച്ചു. പിന്നീട്, ജയിലിനെയും ഈ മൈതാനത്തെയും വേർതിരിച്ചുകൊണ്ട് 20 അടി ഉയരമുള്ള ഇരട്ടമതിൽ ഉയർന്നു. എന്തുതന്നെയായാലും ആരും അതിന്റെ ഉയരമളക്കാൻ പോകുന്നില്ല; അവിടത്തെ അണ്ണാറക്കണ്ണന്മാരോ അല്ലെങ്കിൽ അവർ സുരക്ഷ ഏർപ്പെടുത്താൻ ശ്രമിക്കുന്നവരോ. 


  അവിടെ ഞാനൊരു വിചാരണത്തടവുകാരനായിരുന്നു. എനിക്കെതിരേ ഒരു കോടതിവിധിയും ഉണ്ടായിരുന്നില്ല. എന്നിട്ടും കുറ്റവാളികളെക്കാൾ ക്രൂരമായി ദിവസവും എനിക്ക് പീഡനമേൽക്കേണ്ടിവന്നു. അവർക്കൊക്കെ ജയിലിൽ താരതമ്യേന സ്വതന്ത്രമായി കറങ്ങാനുള്ള അനുമതിയുണ്ടായിരുന്നു. ഇവിടെ ആർക്കും ഒരവകാശവുമുണ്ടായിരുന്നില്ല. ജീവനക്കാരുടെ ദയാദാക്ഷിണ്യത്തിലാണ് എല്ലാവരും കഴിഞ്ഞിരുന്നത്. തങ്ങൾക്കു തോന്നുംപോലെയാണ് ജീവനക്കാർ പെരുമാറിയിരുന്നത്. കനത്ത വെളിച്ചത്തിനടിയിൽ കിടന്നുറങ്ങണമായിരുന്നു. ലൈറ്റുകളുടെയെല്ലാം സ്വിച്ചുകൾ സെല്ലിനു പുറത്തായിരുന്നു. ഇനി അഥവാ ലൈറ്റുകൾ എന്തുകൊണ്ടെങ്കിലും മറയ്ക്കാൻ നോക്കിയാൽ രാത്രിനിരീക്ഷണത്തിനു വരുന്ന വാർഡൻ അക്കാര്യം പറഞ്ഞ് ആക്രോശിക്കും. അപ്പോൾ ഞങ്ങൾക്ക് അനുസരിക്കുകയല്ലാതെ തരമുണ്ടായിരുന്നില്ല. അല്ലെങ്കിൽ ശിക്ഷ ഉറപ്പായിരുന്നു. ഇതൊരു പീഡനരീതിയാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടതായി ഞാനോർക്കുന്നു. ഉറക്കത്തിനു കാരണമാകുന്ന മെലാട്ടോനിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ ഇരുട്ട് കാരണമാകുന്നു. വെളിച്ചത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് കോർട്ടിസോൾ എന്ന ഹോർമോണാണ്. ഇത് നമ്മളെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു. തിഹാറിലെ എന്റെ വാസമത്രയും സി.സി.ടി.വി. ക്യാമറയുള്ള സെല്ലിലായിരുന്നു. അതിലൂടെ അവരെന്നെ രാപകൽ നിരീക്ഷിച്ചിരുന്നു. ഈ വാർഡിൽ രണ്ടിലൊരു സെല്ലിൽ സി.സി.ടി.വി. ക്യാമറയുണ്ടായിരുന്നു. കക്കൂസിനു മുകളിലായിരുന്നു അതിന്റെ സ്ഥാനം. പ്രാഥമികകൃത്യത്തിലല്ലാത്ത എല്ലാ സമയത്തും നമ്മൾ നിരീക്ഷിക്കപ്പെടും. അതുംപോരാഞ്ഞ് പുറത്തെ കാവൽക്കാർ സെല്ലിനുള്ളിലേക്ക് അഴികൾക്കിടയിലൂടെ നിരന്തരം എത്തിനോക്കുകയും ചെയ്യും. കാഴ്ചബംഗ്ലാവിൽ കിടക്കുന്ന മൃഗത്തെ സന്ദർശകർ വന്നു നോക്കുംപോലെയായിരുന്നു അത്. 


  എല്ലാവർക്കും ദിവസവും ഒരു ദേഷ്യമെങ്കിലും ഉള്ളിലൊതുക്കേണ്ടിവരും. ജയിലധികാരികളിൽ ആർക്കു വേണമെങ്കിലും തടവുകാരോട് ഉത്തരവിടാം. അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ ശിക്ഷ ഉറപ്പ്. ജയിലിനുള്ളിൽ ആർക്കെങ്കിലും രോഗം പിടിപെട്ടാൽ ഒരു മരുന്നും ലഭ്യമായിരുന്നില്ല. ആശുപത്രിയിൽ പോകാൻ ഡെപ്യൂട്ടി സൂപ്രണ്ട് രേഖാമൂലമുള്ള അനുമതി നൽകുക മാത്രമാണു പോംവഴി. വാർഡിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു പോകുന്നതുപോലും അപകടമായിരുന്നു. എപ്പോൾ വേണമെങ്കിലും ജയിലിലെ ബ്ലേഡ് സംഘത്തിന്റെ ബ്ലേഡ് ആക്രമണമുണ്ടായേക്കാം. ജയിലിനുള്ളിലുള്ളവരെ ഭയപ്പെടുത്തിനിർത്തുകയായിരുന്നു ആ സംഘത്തിന്റെ ലക്ഷ്യം. ജയിലിലെത്തി ഏറെ താമസിയാതെ ചെറിയ ഉത്തരവുകൾപോലും അനുസരിക്കുകവഴി സംവേദനക്ഷമത നശിക്കുന്നതായി എനിക്കു തോന്നി. ഞങ്ങൾക്കിടയിൽത്തന്നെ ജീവനക്കാരെക്കാൾ ക്രൂരന്മാരായ ദല്ലാളുമാരുണ്ടായിരുന്നു. മർക്കടമുഷ്ടിക്കാരായ ചില തടവുകാരെ മെരുക്കാൻ ജീവനക്കാർ പലപ്പോഴും ഇടപെട്ടിരുന്നത് ഈ ദല്ലാളുമാർ വഴിയായിരുന്നു. ബ്ലേഡുകൊണ്ട് മുഖത്തുള്ള ഒരു വരയായിരിക്കാം ചിലപ്പോൾ അത്. ചിലപ്പോൾ അതിനെക്കാൾ കഠിനമായിരിക്കും.