മനുഷ്യവംശം ഭൂമിയിൽ രൂപംകൊണ്ടിട്ട് രണ്ടരലക്ഷം വർഷമാവുന്നേയുള്ളൂ. 450 കോടിവർഷം എന്ന ഭൂമിയുടെ പ്രായം പരിഗണിക്കുമ്പോൾ ഇതൊരു ചെറിയ കാലയളവാണ്. മനുഷ്യന് എത്രയോമുമ്പ് ഭൂമി അടക്കിവാണ ദിനോസറുകളും മറ്റും കോടിക്കണക്കിന് വർഷങ്ങൾ ഇവിടെ നിലനിന്നിരുന്നുതാനും. എന്നാൽ,  ഇനിയെത്രകാലം മനുഷ്യൻ ഭൂമിയിൽ അതിജീവിക്കുമെന്ന ചോദ്യം ഇ​േപ്പാഴേ ഉയർന്നുകഴിഞ്ഞു. ശാരീരികമായി ഏറ്റവും ദുർബലരായ ജന്തുക്കളുടെ ഗണത്തിലാണ് മനുഷ്യന് സ്ഥാനമെന്നതും സ്വന്തംനിലനിൽപ്പിന് ഭീഷണിയാവുന്ന നിലയിലാണ് അവന്റെ പല പ്രവൃത്തികളെന്നതുമാണ് അതിനുകാരണം. പ്രകൃതിദുരന്തങ്ങളെക്കാൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നത് അടിക്കടി പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളാണെന്നതും വാസ്തവം. പ്ലേഗും സ്പാനിഷ് ഫ്ളൂവുംപോലെ ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയ പകർച്ചവ്യാധികളെ അതതുകാലത്ത് വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്നുകളിലൂടെ അതിജീവിച്ചാണ് മനുഷ്യവംശം മുന്നോട്ടുപോവുന്നത്. ചരിത്രത്തിന്റെ ചുവരെഴുത്തുകൾ വ്യക്തമാണ്, ഇപ്പോൾ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന കോവിഡ് -19 മഹാമാരിയെ മറികടക്കാനും പ്രതിരോധവാക്സിനുകളല്ലാതെ വേറെ മാർഗമില്ല.

കൊറോണയ്ക്കെതിരേ അരഡസനോളം വാക്സിനുകൾ ലോകമെമ്പാടും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. വിവിധ രാജ്യങ്ങളിലായി മൂന്നു പരീക്ഷണഘട്ടങ്ങൾ പിന്നിട്ട് മിക്കവാറും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടവയും ഇപ്പോഴും ട്രയൽ തുടർന്നുകൊണ്ടിരിക്കുന്നവയും ഈ വാക്സിനുകളിൽ ഉൾപ്പെടുന്നു. ഇതിൽ ഏതാണ് ഏറ്റവും ഫലപ്രദമെന്നതിന് വ്യക്തമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ഇന്ത്യയിലും വ്യാപകമായരീതിയിൽ വാക്സിനുകൾ നൽകുകയാണ്. ആദ്യം കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർക്കും പിന്നീട് സൈനികർ, പോലീസുകാർ, അവശ്യസർവീസ് രംഗത്ത് പ്രവർത്തിക്കുന്നവർ, അറുപത് വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാണ് ഈ വാക്സിനുകളുടെ വിതരണം നടക്കുന്നത്.ഇന്ത്യയിൽ രണ്ടുതരം വാക്സിനുകളാണ് നൽകുന്നത്. ഓക്സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തതും പുണെയിലെ സിറം ഇൻസ്റ്റ്യൂട്ട് വൻതോതിൽ ഉത്‌പാദിപ്പിക്കുന്നതുമായ കോവിഷീൽഡാണ് അതിൽ ഒന്നാമത്. അതിനൊപ്പം ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന ഇന്ത്യൻകമ്പനി ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിനും വിതരണംചെയ്യുന്നുണ്ട്. വാക്‌സിൻ വിതരണം നല്ലരീതിയിൽ മുന്നേറുമ്പോഴും അതിനെക്കുറിച്ചുള്ള ഭയാശങ്കകളിൽനിന്ന് പൊതുസമൂഹം മുക്തമല്ല. അത്തരം ആശങ്കകളെ ദുരീകരിക്കുന്നതിനുള്ള മാർഗം ഇതിനകം വാക്സിൻ സ്വീകരിച്ചുകഴിഞ്ഞവരുമായി സംസാരിക്കുകതന്നെയാണ്. വാക്സിൻ വിതരണം ഊർജിതമായി നടക്കുന്ന ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയാണിവിടെ.

 നേരിയ വേദനമാത്രം
 കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഇതിനകം ആയിരത്തിലധികംപേർക്ക് കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. അവിടത്തെ കോവിഡ് നോഡൽ ഓഫീസറായ ഡോക്ടർ മുഹമദ് നജീബ് രാജ്യത്ത് വാക്സിൻ നൽകാൻതുടങ്ങിയ ജനുവരി 16-നുതന്നെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിയാണ്. നാദാപുരം സർക്കാർ ആശുപത്രിയിൽവെച്ചായിരുന്നു ഡോക്ടർ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചത്. ഫെബ്രുവരി 16-ന് രണ്ടാമത്തെ ഡോസും എടുത്തു. ‘‘വാക്സിനെടുത്ത് കുറച്ചുനേരം ഒബ്‌സർവേഷനിൽ ഇരുന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. വൈകുന്നേരം വീട്ടിലെത്തിയശേഷം ടെറ്റനെസിനുള്ള ഇഞ്ചക്‌ഷൻ എടുത്തതിന് സമാനമായി ആ ഭാഗത്ത് വേദന അനുഭവപ്പെട്ടു. പേശികൾക്കാണ് ഈ ഇഞ്ചക്‌ഷനും എടുക്കുന്നത്. അതുകൊണ്ടുള്ള വേദനയായിരുന്നു. അപ്പോൾ പാരസെറ്റമോൾ ഗുളിക കഴിച്ചു. അടുത്തദിവസം ജലദോഷ പനിയൊക്കെ വന്നാലുണ്ടാവുന്നപോലെ ചെറിയ ക്ഷീണമുണ്ടായി. പിന്നീട് പ്രശ്‌നമൊന്നും ഉണ്ടായില്ല. എനിക്കൊപ്പം വാക്സിനെടുത്ത പലർക്കും ഇത്തരം  വിഷമവുമുണ്ടായിരുന്നില്ല. ചിലർക്കുമാത്രം എന്നെപ്പോലെ ചെറിയ വേദനയും പനിപോലുള്ള അവസ്ഥയും ഉണ്ടായി. രണ്ടാം ദിവസമാവുമ്പോഴേക്കും എല്ലാം സാധാരണനിലയിലായി.’’- ഡോക്ടർ നജീബിന്റെ സാക്ഷ്യം.

   കൊറോണക്കാലത്ത് മുഴുവൻ സമയം ആശുപത്രിയിൽ സജീവമായിരുന്നു നജീബ്. കോവിഡ്ബാധിതരായ ഒരുപാടുപേരെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് വന്നവർ പലരും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവായിരുന്നു. ആ സമയത്തെല്ലാം മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ കൃത്യമായ മുൻകരുതലെടുത്തതുകൊണ്ടാവണം കോവിഡ് പോസിറ്റീവായിരുന്നില്ല. ഇപ്പോൾ കോവിഡ്‌രോഗികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഈയവസ്ഥയിൽ വാക്സിൻ വ്യാപകമായി നൽകുകയാണെങ്കിൽ് ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്നുതന്നെയാണ് ഡോക്ടറുടെ പ്രതീക്ഷ. വാക്സിൻ ചെയ്ത ആളുകൾക്ക് കൊറോണ വന്നാൽപ്പോലും അത് മൂർച്ഛിച്ച് ശ്വാസകോശത്തെയും മറ്റും ബാധിക്കുന്നരീതിയിൽ ഗുരുതരമാവില്ലെന്നാണ് അനുഭവം. രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞ് ആന്റിബോഡി നോക്കുമ്പോൾ പ്രതിരോധം ലഭിക്കുന്നുവെന്നാണ് മുമ്പേതന്നെ കോവിഷീൽഡ് വാക്സിൻ എടുക്കാൻ തുടങ്ങിയ അമേരിക്കയിലും ബ്രിട്ടനിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്.

   ഫെബ്രുവരി എട്ടിന് കുറ്റ്യാടി ആശുപത്രിയിൽവെച്ച് വാക്സിന്റെ ആദ്യ ഡോസെടുത്തപ്പോൾ ഒരുവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്നാണ് അത്തോളിയിലെ ഹെൽത്ത് ഇൻസ്പെക്ടറായ വി.ടി. വിനോദനും പറയുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ ടാബ്‌ലെറ്റ് മുൻകരുതലെന്നനിലയിൽ വിനോദൻ കഴിച്ചിരുന്നു. അതുകൊണ്ടാവാം ടെറ്റനെസിനെതിരായ ഇഞ്ചക്‌ഷൻ എടുത്താൽ ഉണ്ടാവുന്നതുപോലുള്ള ചെറിയവേദന മാത്രമേ ഉണ്ടായുള്ളൂ. രാജ്യത്ത് പോലീസുകാർക്കും സൈനികർക്കുമാണ് കോവാക്‌സിൻ വ്യാപകമായി നൽകുന്നത്. ഇതും രണ്ടുഡോസ് ഉണ്ട്. ഈ വാക്സിനെടുത്തവരിലും കാര്യമായ പാർശ്വഫലങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർജീവനക്കാരും അധ്യാപകരും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ കോവിഷീൽഡ് വാക്സിൻ കുത്തിവെക്കുന്നുണ്ട്. അറുപതുവയസ്സിന് മുകളിലുള്ളവർക്കും അവസരമൊരുങ്ങിക്കഴിഞ്ഞു.


 കോവിഡ് പോസിറ്റീവായിരുന്നവർ വാക്സിനെടുത്താലോ ?
കുറ്റ്യാടി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ശ്രുതി നേരത്തേ കോവിഡ് പോസിറ്റീവായിരുന്നു. രോഗം കൂടുതൽ പടർന്നുപിടിച്ചസമയത്ത് പ്രസവത്തിനും മറ്റുമായി കൂടുതൽപേർ  ആശുപത്രിയിലേക്ക് എത്തിയിരുന്നു. രണ്ട് ഗൈനക്കോളജിസ്റ്റുകളാണ് അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവന്നു. കൂടുതൽസമയം ഇടതടവില്ലാതെ ജോലി ചെയ്തപ്പോൾ നല്ല ക്ഷീണവുമുണ്ടായിരുന്നു. ആ സമയത്താണ് വൈറസ് ബാധിതയായത്. ടെസ്റ്റ്ചെയ്ത് പോസിറ്റീവായി രണ്ടുദിവസം കഴിഞ്ഞാണ് അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നല്ല ശരീരവേദനയും പനിയുമെല്ലാം ഉണ്ടായി. ഇടയ്ക്ക് ശ്വാസംമുട്ടലും വന്നു. എങ്കിലും ആശുപത്രിയിൽ അഡ്മിറ്റാവാതെ വീട്ടിൽത്തന്നെ വിശ്രമിച്ചു. രോഗമുക്തയായി ആറുമാസത്തോളം കഴിഞ്ഞാണ് ശ്രുതി വാക്സിനെടുത്തത്.  വാക്സിനെടുത്തപ്പോൾ ചെറിയ ശരീരവേദനയും തലവേദനയും അനുഭവപ്പെട്ടു. എന്നാൽ അടുത്തദിവസത്തേക്ക് അതുമാറി. പിന്നീട് രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചു. ഒരിക്കൽ കോവിഡ് -19 പോസിറ്റീവായാൽ മൂന്നുമാസംവരെ ശരീരത്തിന് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാവും. അതുകഴിഞ്ഞാൽ വാക്സിനെടുക്കുകതന്നെ വേണം.  

  കോവിഡ്ബാധ ആരംഭിച്ചസമയം തൊട്ടേ മുൻനിരയിൽനിന്നു പൊരുതിയ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണ് ഇപ്പോൾ വാക്സിൻ കുത്തിവെക്കുന്നത്. കുറ്റ്യാടി ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരിൽ ഒരാളായ ശ്രീജ ഇതിനകം ഇരുനൂറിലധികം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതുപോലെ ലോകത്തെ മുൾമുനയിൽ നിർത്തിയ  പകർച്ചവ്യാധിക്കെതിരേ വാക്സിൻ കൊടുക്കാനുള്ള നിയോഗത്തെ വലിയ ഭാഗ്യമായാണ് ശ്രീജ കാണുന്നത്. ‘‘കുത്തിവെക്കുന്ന വാക്സിനെക്കുറിച്ച് മുമ്പേതന്നെ ബോധവത്കരണം ലഭിച്ചിരുന്നു. ആദ്യം വാക്സിൻ മറ്റുള്ളവർക്ക് കുത്തിവെക്കുമ്പോൾ അല്പം ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടുദിവസം കഴിഞ്ഞപ്പോൾ  വാക്സിനെടുത്തവരിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് കണ്ടതോടെ ആ പേടി മാറി. എനിക്കും വാക്സിനെടുത്തപ്പോൾ ഒരുരീതിയിലുള്ള പ്രശ്‌നവുമുണ്ടായിരുന്നില്ല. പനിയോ ക്ഷീണമോ ഒന്നുമില്ലായിരുന്നു.’’ - ശ്രീജ പറയുന്നു. തുടക്കംതൊട്ടേ ഒരുപാട് രോഗികളുമായി അടുത്തിടപഴകിയെങ്കിലും ശ്രീജയ്ക്കിതുവരെ കോവിഡ് പോസിറ്റീവായിട്ടില്ല. അന്നുതൊട്ട് ഇപ്പോഴും തികഞ്ഞ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്.

  കുറ്റ്യാടിയിലെത്തന്നെ ഡോക്ടറായ തിരുവനന്തപുരം പേരൂർക്കട സ്വദേശി നിതയും രണ്ട് ഡോസ് സ്വീകരിച്ചുകഴിഞ്ഞു. ആദ്യ ഡോസ് എടുത്തപ്പോൾ ചെറിയ ക്ഷീണമുണ്ടായിരുന്നു. രണ്ടാമത്തെ ഡോസെടുത്തപ്പോൾ അങ്ങനെ ഒന്നുമുണ്ടായില്ല. സമാനമായ അനുഭവമാണ് കണ്ണൂരിലെ മട്ടന്നൂരിൽനിന്ന് വാക്സിൻ രണ്ടുഡോസും സ്വീകരിച്ച തലക്കുളത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സായ സുജയ്ക്കും പറയാനുള്ളത്. ‘‘ കോവിഷീൽഡും കോവാക്സിനും കുത്തിവെപ്പെടുത്ത പലരുമായി സംസാരിച്ചിരുന്നു. ചിലർക്കുമാത്രം ആദ്യ ഡോസെടുത്തപ്പോൾ ചെറിയ പേശിവേദനയും നേരിയ പനിയുമൊക്കെ അനുഭവപ്പെട്ടു. കൂടുതൽപേർക്കും ഒരു പ്രശ്നവുമുണ്ടായില്ല.’’- സുജ പറഞ്ഞു. നമ്മുടെ ആരോഗ്യപ്രവർത്തകർ ഒരേസ്വരത്തിൽ പറയുന്നതിതാണ്. ‘‘നിങ്ങൾ ധൈര്യമായി വാക്സിൻ സ്വീകരിച്ചോളൂ. നമുക്ക് ഒന്നിച്ച് ഈ മഹാമാരിയെ തുരത്താം.’’
ഇപ്പോൾ ഓരോ ജില്ലയിലും പത്തിലധികം കേന്ദ്രങ്ങളിൽ വാക്സിൻ നൽകുന്നുണ്ട്. കുറ്റ്യാടി ആശുപത്രിയിൽത്തന്നെ ഇതുവരെ ആയിരത്തിലധികംപേർ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. ആർക്കും വലിയ രീതിയിലുള്ള ശാരീരികപ്രശ്നങ്ങളോ അസ്വാസ്ഥ്യങ്ങളോ ഉണ്ടായിട്ടില്ല.

  രണ്ട് ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ചയ്ക്കുശേഷം പ്രതിരോധശേഷി കൈവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാലും ഇന്നത്തെ സാഹചര്യത്തിൽ വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവരും മാസ്ക് വെക്കുകയും മറ്റു പ്രതിരോധമാർഗങ്ങൾ കൈക്കൊള്ളുകയുംവേണം. ഗൾഫ് രാജ്യങ്ങളിൽ അമേരിക്കൻനിർമിത ഫൈസർ വാക്സിനാണ് പ്രധാനമായും കുത്തിവെക്കുന്നത്. യു.എ.ഇ.യിലും മറ്റും ചൈനീസ് വാക്സിൻ സിനോഫാമും നൽകുന്നുണ്ട്. റഷ്യയിൽ അവർ വികസിപ്പിച്ചെടുത്ത സ്ഫുട്‌നിക് വാക്സിനാണ് കുത്തിവെക്കുന്നത്. ഫൈസർ മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചുവെക്കേണ്ട വാക്സിനാണ്. കോവാക്സിനും കോവിഷീൽഡും സാധാരണ വാക്സിൻ സൂക്ഷിക്കുന്നതുപോലെ രണ്ടുമുതൽ എട്ടുവരെ സെൽഷ്യസിൽ സൂക്ഷിച്ചാൽമതി. ഇന്ത്യൻ സാഹചര്യത്തിൽ ഫൈസർ സൂക്ഷിക്കാനും കൊണ്ടുപോവാനും ബുദ്ധിമുട്ടാണ്. 
ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്ന രണ്ടുവാക്സിനുകളും 25-ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. കാരണം ഏറ്റവുമധികം വാക്സിൻ ഉത്‌പാദിപ്പിക്കുന്നത് ഇവിടെത്തന്നെ.