തിരുവല്ല ശ്രീവല്ലഭക്ഷേത്രം. സന്ധ്യ. കവി വിഷ്ണുനാരായണൻ നമ്പൂതിരിയാണ് മേൽശാന്തി. കുളിച്ച് തറ്റുടുത്ത് കയറാനൊരുങ്ങവേ അമ്പലക്കുളത്തിന്റെ പടവിന്മേൽ താടിനീട്ടി കാഷായമണിഞ്ഞൊരാൾ. അരണ്ട വെളിച്ചത്തിൽ ഒരുനിമിഷം ആളെ പിടികിട്ടിയില്ല. പിന്നെ ഒരു ചോദ്യം: 'രാമചന്ദ്രൻ............ മാസ്റ്ററല്ലേ?' അതിനുമറുപടിയായി അനുനാസികമായ ചിരി മുഴങ്ങി. രണ്ടു കവികളുടെ സംഗമമായിരുന്നു അത്. ശബരിമലയിലേക്കു പോകുന്ന കവി ആർ. രാമചന്ദ്രനെ വിഷ്ണുനാരായണൻ നമ്പൂതിരി കണ്ടതിന്റെ അപ്രതീക്ഷിതമധുരം. അയ്യപ്പദർശനത്തിനുള്ള യാത്രാമധ്യേ ശ്രീവല്ലഭദർശനത്തിനെത്തിയതാണ്. ആ കാഴ്ചയിൽ രാമചന്ദ്രകവി ഒരു വാക്കും ഉരിയാടിയില്ല, ചിരിമാത്രം. അദ്ദേഹത്തെ നമസ്കരിച്ച് വിഷ്ണു പൂജയ്ക്ക് കയറി. രാമചന്ദ്രന്റെ മകൻ ആർ. രാമചന്ദ്രന്റെ സ്മരണയിൽ ഇന്നലെയെന്നപോലുണ്ട് ആ കാഴ്ച. കോഴിക്കോട് തളിയിലെ 'സന്ധ്യ'യിലിരുന്ന്,  അച്ഛനും വിഷ്ണുനാരായണൻ നമ്പൂതിരിയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് ഈ മുഹൂർത്തം.
 അതിനുമുമ്പ് തളിയിലെ വീട്ടിൽനിന്നുള്ള ഒരോർമ: ഒരു ദിവസം അലമാരയിൽ മറ്റെന്തിനോ പരതുമ്പോൾ, ഒരു കവർ െെകയിൽ തടഞ്ഞു. തുറന്നുനോക്കിയപ്പോൾ, നിറയെ കവിതകൾ!  ''ഇതാരുടേതാണ്, എന്താണിങ്ങനെ കെട്ടിവെച്ചിരിക്കുന്നത്?'' അച്ഛനോട് ചോദിച്ചു. ''വിഷ്ണുവിന്റേതാണ്. തിരുത്താനേൽപ്പിച്ചതാണ്. തിരിച്ചുകൊടുക്കണം'' എന്ന് മറുപടി.
തിരുത്താനേൽപ്പിച്ച ആ കവിതകളെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരിതന്നെ എഴുതിയിട്ടുണ്ട്. ദേവഗിരി കോളേജിൽ പഠിക്കുന്ന കാലം. അവസാനത്തെ ക്ലാസ് വെട്ടിച്ച് പുറത്തുചാടി ചേവായൂരെത്തി എൻ.എൻ. കക്കാടിനെയുംകൂട്ടിയാണ് തളിയിലെ വീട്ടിലെത്തുക. രാമചന്ദ്രൻ മാഷുടെ സവിധത്തിൽ ചെന്ന് കവിതകളെക്കുറിച്ച് ചർച്ച, വെട്ടിത്തിരുത്തൽ, ചീന്തിക്കളയൽ. അടുത്ത തവണ വിഷ്ണുനാരായണൻ നമ്പൂതിരി വീട്ടിലെത്തിയപ്പോൾ, ആർ. രാമചന്ദ്രൻ ആ കവിതക്കവർ അദ്ദഹത്തെ ഏൽപ്പിച്ചു; 'തിരുവനന്തപുരത്തെത്തിയിട്ടേ തുറന്നുനോക്കാവൂ' എന്ന വ്യവസ്ഥയിൽ. മടക്കയാത്രയിൽ തീവണ്ടിയിൽ വെച്ചുതന്നെ വിഷ്ണു കവർ തുറന്നുനോക്കി. 'കൃശവും സുഭഗവുമായ കാവ്യശരീരം എന്തെന്ന് കൃശസുഭഗനായ മാസ്റ്റർതന്നെ കാട്ടിത്തന്നു' എന്ന് ആ അനുഭവത്തെക്കുറിച്ച് പിന്നീട് വിഷ്ണുനാരായണൻ നമ്പൂതിരി വിവരിച്ചു. ആർ. രാമചന്ദ്രൻ മലബാർ ക്രിസ്ത്യൻകോളേജിൽ അധ്യാപകനായിരിക്കെ ഒരുകൊല്ലം വിഷ്ണുവും അവിടെ അധ്യാപകനായിരുന്നു. 1962-63 കാലം. അക്കാലത്താണ് അദ്ദേഹത്തിന്റെ പരമസാത്വികമായ ശീലങ്ങളും മുറകളും അടുത്തറിഞ്ഞതെന്നും വിഷ്ണു കുറിച്ചിട്ടുണ്ട്.