അച്ഛൻ ക്രൂരനായ ഒരു ഭൂവുടമയായിരുന്നെന്നും  അദ്ദേഹം ആദിവാസികളെ ചുട്ടുകൊന്നിട്ടുണ്ടെന്നും അമിതപലിശയ്ക്ക് നാട്ടുകാർക്ക് കടംകൊടുത്തിരുന്നുവെന്നുമൊക്കെയാണ് നക്സലൈറ്റുകൾ അവകാശപ്പെടുന്നത്.  ഒരു പുല്ലിനെപ്പോലും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു എന്റെ അച്ഛൻ. ക്രൂരനായ ഭൂവുടമ എന്ന ആരോപണത്തിന് മറുപടിപറയുമ്പോൾ അച്ഛന്റെ ഭൂതകാലത്തെപ്പറ്റി കുറച്ചു കാര്യങ്ങൾ വ്യക്തമാക്കണം. അച്ഛൻ യഥാർഥത്തിൽ കാസർകോട്‌ സ്വദേശിയാണ്. തുളു ബ്രാഹ്മണ കുടുംബത്തിൽ പിറന്ന അദ്ദേഹം വീട്ടിലെ പട്ടിണിമാറാനും ദൈനംദിന ചെലവുകൾ നിർവഹിക്കാനുമായും ജോലിതേടിയാണ് അനുജൻ ഗോപാലകൃഷ്ണ അഡിഗയോടൊത്ത് വയനാട്ടിൽ എത്തുന്നത്. വയനാട്ടിൽ എത്തിയ ഇരുവർക്കും പുൽപ്പള്ളി സീതാലവകുശ ക്ഷേത്രത്തിൽ ദിവസവേതനത്തിന് പൂജാരിമാരായി ജോലിലഭിച്ചു. അന്ന് വലിയ വരുമാനമൊന്നും ഇല്ലാത്ത ഒരു ക്ഷേത്രമായിരുന്നു സീതാലവകുശക്ഷേത്രം. ശാന്തിവൃത്തിയിൽനിന്ന് മാത്രം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വരുമാനം ലഭിക്കാത്തതിനാൽ ഇരുവരും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുക എന്ന ഉദ്ദേശ്യവുമായി തൃശ്ശിലേരിയിലെ കർഷകനായ അമ്പാടിമാരാരെ സമീപിച്ചു. തുടർന്ന് തൃശ്ശിലേരിയിൽ താമസം തുടങ്ങിയ അഡിഗ പിന്നീട് അമ്പാടി മാരാരുടെ മകൾ മാധവിയെ (എന്റെ അമ്മ) വിവാഹം കഴിച്ചു. 
 സാധാരണ കർഷകൻ 
അമ്പാടിമാരാരുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിന്റെ ഒരു ഭാഗമാണ് അമ്മയുടെ കൈവശം എത്തിച്ചേർന്നത്. ഇത് ഏതാണ്ട് 11 ഏക്കർ കരഭൂമിയും 19 ഏക്കർ നെൽപ്പാടവുമായിരുന്നു. അമ്മയെ വിവാഹം കഴിച്ചതിനുശേഷമാണ് അച്ഛൻ ഈ സ്വത്തുക്കൾ നോക്കിനടത്താൻ തുടങ്ങിയത്. ഏറെ വർഷങ്ങൾക്കുശേഷം കൃഷിയിൽനിന്നുള്ള ലാഭം ഉപയോഗിച്ച് രണ്ടേക്കറോളം വയൽ മാത്രമാണ് അച്ഛൻ സ്വന്തമായി വാങ്ങിച്ചത്. ഈ ഭൂമി അച്ഛൻ മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ‘ഭൂവുടമ’, ‘ജന്മി’, ‘ക്രൂരൻ’, ‘ആദിവാസികളെ ചുട്ടുകൊന്നവൻ’ എന്നൊക്കെ നക്‌സൽ നേതാക്കൾ വിശേഷിപ്പിക്കുന്ന എന്റെ അച്ഛന്റെ പേരിൽ അദ്ദേഹത്തിന്റെ ജീവിതാന്ത്യംവരെ ഒരു സെന്റ് ഭൂമിപോലും ഇല്ലായിരുന്നു. 
  സ്വന്തം കൃഷിഭൂമിയിൽ ജോലിചെയ്യുന്ന ആദിവാസികൾ അടക്കമുള്ള പാവപ്പെട്ട പണിക്കാരോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത് എന്നായിരുന്നു അച്ഛനെപ്പറ്റിയുള്ള മറ്റൊരു ആരോപണം. എന്നാൽ, സത്യം ഇങ്ങനെയാണ്: ഞങ്ങളുടെ ചെറുപ്പകാലത്ത് അച്ഛനും അമ്മയും കുട്ടികളായ ഞങ്ങളും പാടത്തും പറമ്പിലും ആദിവാസികൾ അടക്കമുള്ള തൊഴിലാളികൾക്കൊപ്പം ജോലിചെയ്തിരുന്നു. അച്ഛൻ ഏറെ നേരത്തേ എഴുന്നേൽക്കും, വീട്ടിന്റെ മുറ്റത്തുചെന്ന് അടുത്ത സ്ഥലങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെടുന്നതും അല്ലാത്തതുമായ  പണിക്കാരെ ഉച്ചത്തിൽ വിളിക്കും. ചില ദിവസങ്ങളിൽ അവരുടെ പുരയിടങ്ങളിൽച്ചെന്ന് സ്വന്തം പറമ്പിൽ ജോലിചെയ്യിക്കാനായി അവരെ കൂട്ടിക്കൊണ്ടുവരും. പ്രഭാതഭക്ഷണത്തിനുശേഷം പറമ്പിൽ പണിചെയ്യാൻ പണിക്കാർക്കൊപ്പം അച്ഛനും കൂടും. പണിക്കാരോടൊക്കെ സ്നേഹത്തോടെയും സൗഹാർദത്തോടെയുമാണ് അച്ഛൻ എല്ലായ്‌പ്പോഴും   പെരുമാറിയിരുന്നത്. ഉച്ചവരെ വീട്ടിലും അടുക്കളയിലും ജോലിചെയ്തതിനുശേഷം അമ്മയും പാടത്ത് ആദിവാസിസ്ത്രീകൾക്കൊപ്പം പണിക്കിറങ്ങും. 
  അഡിഗ ജന്മിയാണെന്ന് നക്‌സലുകൾ പറയുന്നുണ്ടെങ്കിലും ഞങ്ങൾ യഥാർഥത്തിൽ ധനവാന്മാരായിരുന്നില്ല. എന്നാൽ, വീട്ടിൽ പശുക്കൾ ഉണ്ടായിരുന്നതിനാൽ യഥേഷ്ടം പാലും മോരും ഒക്കെ കഴിച്ചാണ് ഞങ്ങൾ കുട്ടികൾ  വളർന്നത്. നെൽക്കൃഷി ഉണ്ടായിരുന്നതിനാൽ ആവശ്യത്തിന് അരിയും ലഭിച്ചിരുന്നു. നെൽക്കൃഷി കഴിഞ്ഞ പാടങ്ങളിൽ ഞങ്ങൾ ഇടവിളയായി പച്ചക്കറിക്കൃഷിയും ചെയ്തിരുന്നു. ഇതിനുപുറമേ പറമ്പിൽനിന്ന് ലഭിക്കുന്ന കാപ്പിയും കുരുമുളകും വിറ്റുകിട്ടുന്ന വരുമാനവും ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ ബാല്യകാല ജീവിതം.  അക്കാലത്ത് പരുത്തിവസ്ത്രങ്ങളെക്കാൾ മേന്മകല്പിച്ചിരുന്നത് പോളിസ്റ്റർ വസ്ത്രങ്ങൾക്കാണ്. സ്‌കൂളിലെ സഹപാഠികളായ കുട്ടികൾ പോളിസ്റ്റർ, നൈലോൺ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞങ്ങൾ പരുത്തിവസ്ത്രങ്ങൾ ധരിച്ചായിരുന്നു സ്‌കൂളിൽ പോയിരുന്നത്. മറ്റു കുട്ടികളെപ്പോലെ നൈലോൺ, സിന്തറ്റിക് വസ്ത്രങ്ങൾ വേണമെന്ന് ഞങ്ങൾ വീട്ടിൽ പറയാറുണ്ടായിരുന്നെങ്കിലും അച്ഛനും അമ്മയും ഞങ്ങളെ സാധാരണക്കാരായി തന്നെയാണ് വളർത്തിയത്. 
 ഓണം, വിഷു പോലുള്ള വിശേഷദിനങ്ങളിൽ അച്ഛനും അമ്മയും ഞങ്ങളും ചേർന്ന് സദ്യയുണ്ടാക്കുമ്പോൾ വീട്ടിൽ ജോലിചെയ്യുന്ന എല്ലാ പണിക്കാർക്കും ചേർത്താണ് ഭക്ഷണം ഉണ്ടാക്കിയിരുന്നത്. അവരെ വീട്ടിൽ വിളിച്ച് ഭക്ഷണം കൊടുക്കും. ജോലിക്കാർ ഭക്ഷണം കഴിഞ്ഞു വീട്ടിൽപ്പോകുമ്പോൾ കൂടുതൽ ഭക്ഷണം പാത്രങ്ങളിലും വാഴയിലയിലും പൊതിഞ്ഞ് അവരുടെ വീട്ടിലേക്ക് കൊടുത്തയക്കും. ജോലിക്കാർക്കും അവരുടെ കുട്ടികൾക്കും പുതിയ വസ്ത്രങ്ങളും മറ്റും വാങ്ങിച്ചുകൊടുക്കും. ദിവസേന ജോലിക്കുവരുന്ന എല്ലാ പണിക്കാർക്കും എന്നും വീട്ടിൽ നിന്നുതന്നെയാണ് പ്രാതലും ഉച്ചഭക്ഷണവും വൈകുന്നേരത്തെ കാപ്പിയും കൊടുത്തിരുന്നത്. വീട്ടിൽ ജോലിക്കുവരുന്ന തൊഴിലാളിക്ക്, സ്ത്രീപുരുഷഭേദമെന്യേ, വയ്യായ്കവന്നാൽ അച്ഛൻ അവരെ ജോലിചെയ്യാൻ വിടാതെ  വിശ്രമിക്കാൻ അനുവദിക്കും. ഗർഭിണികളായ സ്ത്രീത്തൊഴിലാളികളോടും അദ്ദേഹം ഏറെ കരുതലോടെ പെരുമാറിയിരുന്നു. അസുഖമുള്ളവരെ  ജോലിയിൽനിന്ന് മാറ്റിനിർത്തി പ്രത്യേകം ഭക്ഷണവും കാപ്പിയും കൊടുക്കും. അങ്ങനെയുള്ളവരെയും വൈകുന്നേരം മുഴുവൻ കൂലിയും കൊടുത്താണ് തിരിച്ച് വീട്ടിലേക്കു പറഞ്ഞുവിട്ടിരുന്നത്.
  അച്ഛൻ  ആളുകൾക്ക് പണം കടംകൊടുത്ത് കൊള്ളപ്പലിശ ഈടാക്കിയതായും നക്സൽ നേതാക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ, സത്യം ഇങ്ങനെയാണ്. കൃഷിചെയ്തു കിട്ടുന്ന ലാഭത്തിൽനിന്നും ഒരു ചെറിയ പങ്ക് അച്ഛൻ നാട്ടിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റും കടമായോ സഹായധനമായോ നൽകിയിരുന്നു. ഇങ്ങനെ വാങ്ങിയ കടം തിരിച്ചുനൽകാൻ തയ്യാറല്ലാതിരുന്ന ഏതാനും ചിലർ അച്ഛൻ അന്യായ പലിശയ്ക്ക് കടംകൊടുക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞുപരത്തി. ഈ വാർത്ത കലാപത്തിന് കോപ്പുകൂട്ടിയിരുന്ന നക്സലുകളുടെ ചെവിയിലുമെത്തി. തിരിച്ചുലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടായിരുന്നില്ല അച്ഛൻ പലർക്കും പണം കടംകൊടുത്തിരുന്നത്. മിക്കപ്പോഴും അത് ഒരു സഹായമായാണ് അദ്ദേഹം കരുതിയിരുന്നത്. 
 ശപിക്കപ്പെട്ട ആ ദിനം 
അച്ഛൻ കൊല്ലപ്പെട്ട ദിവസത്തെ ഞാൻ ഓർക്കുന്നത് ഇങ്ങനെയാണ്: രാത്രി ഏകദേശം പതിനൊന്നു മണിക്കാണ് കലാപകാരികൾ വീട്ടിലെത്തുന്നത്. ഞാൻ അച്ഛനോടൊപ്പം വരാന്തയോടു ചേർന്നുള്ള മുറിയിൽ ഉറങ്ങുകയായിരുന്നു. എനിക്കന്ന് ഇരുപത് വയസ്സാണ്. രാത്രിയിൽ  ‘എമ്പ്രാശാ, എമ്പ്രാശാ’ എന്നു വിളിക്കുന്ന ശബ്ദംകേട്ട് ഞങ്ങൾ ഞെട്ടിയുണർന്നു. അച്ഛൻ ബ്രാഹ്മണജാതിയിൽ ജനിച്ചതിനാൽ നാട്ടുകാർ അങ്ങനെയാണ് അച്ഛനെ വിളിച്ചിരുന്നത്. അസമയത്താണ് വരവെങ്കിലും പരിചയക്കാരോ സുഹൃത്തുക്കളോ ആരെങ്കിലുമാണെന്നു കരുതിയാണ് അച്ഛൻ വാതിൽതുറന്നത്. വന്നത് ആരാണെന്നറിയാൻ അച്ഛൻ റാന്തൽവിളക്കിന്റെ തിരി ഉയർത്തി വീടിനു പുറത്തേക്കിറങ്ങി. അപ്പോഴാണ് ഒരുകൂട്ടം ആളുകൾ കൈയിൽ തോക്കും മറ്റായുധങ്ങളുമായാണ് വന്നിരിക്കുന്നത് എന്ന്  മനസ്സിലായത്. അച്ഛൻ പുറത്തിറങ്ങിയ ഉടനെ കലാപകാരികളിൽ ഒരാൾ അച്ഛനെ അസഭ്യം പറഞ്ഞുകൊണ്ട് ശക്തമായി അടിച്ചു. വേദനകൊണ്ട് പുളഞ്ഞ അച്ഛൻ ‘എന്നെ ഇവർ മർദിക്കുന്നേ’ എന്നുപറഞ്ഞു നിലവിളിച്ചു. വീട്ടിൽ മറ്റുമുറികളിൽ അമ്മയും 
പൂർണഗർഭിണിയായ എന്റെ മൂത്ത സഹോദരിയും അവരുടെ ഭർത്താവും യഥാക്രമം പതിന്നാല്, പതിനൊന്നു വയസ്സുണ്ടായിരുന്ന ഇളയ സഹോദരിമാരും ഉറങ്ങുന്നുണ്ടായിരുന്നു. പഠനസൗകര്യം പരിഗണിച്ച് ഒരു സഹോദരി മാത്രം മാനന്തവാടിയിലെ ബന്ധുവീട്ടിലായിരുന്നു അന്ന്. മൂത്ത ചേച്ചിയുടെ രണ്ടു ചെറിയ പെൺമക്കളും അന്ന് വീട്ടിലുണ്ടായിരുന്നു.  പേടിച്ചരണ്ട സ്ത്രീകളെയും കുട്ടികളെയും സഹോദരീ ഭർത്താവുതന്നെ ഒരു മുറിയിൽ സുരക്ഷിതമാക്കി അടച്ചിട്ടു. മർദനമേറ്റ്്് അച്ഛൻ നിലവിളിച്ചപ്പോൾ പുറത്തുകടക്കാൻ തയ്യാറായ അമ്മയെ കലാപകാരികളിൽ ചിലർ തോക്കുകാണിച്ച് ഭീഷണിപ്പെടുത്തി മുറിക്കകത്തേക്ക് നിർബന്ധിച്ച് തിരിച്ചയച്ചു.
പിന്നീട് അവർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഞങ്ങളുടേതന്നെ വസ്തുക്കളുടെ പ്രമാണവും മറ്റു രേഖകളും മുറ്റത്തിട്ടു കത്തിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും അമ്മയുടെയും സഹോദരിമാരുടെയും സ്വർണാഭരണങ്ങളും കൊള്ളയടിച്ചു. ഈ സമയത്തെല്ലാം വീട്ടിലെ മറ്റൊരു മുറിയിൽ അമ്മയും സഹോദരിമാരും പേടിച്ച് നിലവിളിക്കുകയായിരുന്നു. തുടർന്ന് കലാപകാരികൾ അച്ഛനെ മാത്രം  വലിച്ചിഴച്ച് വീടിന്റെ മുറ്റത്തുനിന്നും ഏതാനും മീറ്റർ മാറിയുള്ള കൽപ്പടവിനു സമീപം കൊണ്ടുപോയി നെഞ്ചിനുനേരെ നിറയൊഴിച്ചു. എന്തോ കാര്യങ്ങൾ ചർച്ചചെയ്യാൻ വേണ്ടിയാണ് അച്ഛനെ വീട്ടുപടിക്കലേക്ക് കൊണ്ടുപോകുന്നതെന്നാണ് ഞങ്ങൾ എല്ലാവരും കരുതിയത്. ഏതാനും നിമിഷങ്ങൾക്കകം പടിക്കൽനിന്നുള്ള വെടിയൊച്ചകേട്ട്‌ വീട്ടിലുണ്ടായവർ സ്തബ്ധരായി. കുമ്പിട്ട് ഇരുകൈകളും കൂപ്പി നമസ്‌കരിക്കുന്ന രീതിയിലായിരുന്നു അച്ഛൻ മരിച്ചുവീണത്. തുടർന്ന് കലാപകാരികൾ സ്ഥലംകാലിയാക്കി. 
  ഇതിനിടയിലെ​പ്പഴോ കലാപകാരികളുടെ കണ്ണിൽപ്പെടാതെ വീടിന്റെ ജനാലവഴി പുറത്തേക്കോടിയ ഞാൻ അടുത്ത കുന്നിൽ താമസിക്കുന്ന പരിചയക്കാരൻ ഹനീഫയോട് വിവരങ്ങൾ ധരിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്ന് രണ്ടു മൈൽ ദൂരെയുള്ള കാട്ടിക്കുളത്തെ പോലീസ് ഔട്ട്‌പോസ്റ്റിൽ എത്തി അവിടെ ഉണ്ടായിരുന്ന രണ്ടു പോലീസുകാരോട് വിവരം പറഞ്ഞു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു: ‘നക്‌സൽ കലാപകാരികളാണല്ലോ വീട്ടിൽ വന്നിരിക്കുന്നത്. ഔട്ട്‌പോസ്റ്റിൽ പാറാവ്ജോലി ചെയ്യുന്ന ഞങ്ങൾക്ക് മേലധികാരികളുടെ അനുവാദം ഇല്ലാതെ ദൂരെയുള്ള വീട്ടിലേക്ക് വരാൻ പ്രയാസമുണ്ട്. നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് തിരിച്ചുപോകേണ്ട. അത് സുരക്ഷിതമല്ല’. പറഞ്ഞതുപ്രകാരം  ഞങ്ങൾ രാത്രി മുഴുവൻ പോലീസ് ഔട്ട്‌പോസ്റ്റിൽ ചെലവഴിച്ചു. നേരം വെളുത്തപ്പോൾ വീട്ടിലെത്തിയ ഞാൻ കണ്ടത് കൽപ്പടവിൽ മരിച്ചുകിടക്കുന്ന അച്ഛനെയും വീട്ടിൽ കൂടിയിരിക്കുന്ന നാട്ടുകാരെയും ബന്ധുക്കളെയുമാണ്. 
  അച്ഛൻ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിന് സാക്ഷിയായ എന്റെ മൂത്ത സഹോദരി അന്ന് പൂർണഗർഭിണിയായിരുന്നു. അച്ഛൻ വെടിയേറ്റുമരിച്ചതറിഞ്ഞ ചേച്ചി ബോധരഹിതയായിവീണു. തുടർന്ന് പതിന്നാലു ദിവസം കഴിഞ്ഞപ്പോൾ  അവർ പൂർണവളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചെങ്കിലും ജനിച്ചതിന്റെ മൂന്നാം ദിവസം കുഞ്ഞ് ശ്വാസതടസ്സംപോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചശേഷം മരിച്ചുപോവുകയാണുണ്ടായത്. അച്ഛൻ കൊല്ലപ്പെടുന്നതു കണ്ടപ്പോൾ ചേച്ചിക്കും തന്മൂലം ഗർഭസ്ഥശിശുവിനും ഉണ്ടായ ആഘാതമാണ് ജനിച്ച്  ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് മരിക്കാനിടയാക്കിയത്. 
 തിരിഞ്ഞുനോക്കുമ്പോൾ 
പഴയകാല നക്‌സൽ നേതാക്കളിൽ പലരും ഇന്ന് ആധ്യാത്മിക പ്രവർത്തകരും അടിയുറച്ച ദൈവവിശ്വാസികളുമൊക്കെയാണ്. എന്നാലും വാർത്താമാധ്യമങ്ങളിൽ ഇടയ്ക്കിടെ നൽകുന്ന അഭിമുഖങ്ങളിലും മറ്റും തങ്ങളുടെ മുൻകാലചെയ്തികളെ ന്യായീകരിക്കാനും നടത്തിയ കുറ്റകൃത്യങ്ങൾക്ക് വീരപരിവേഷം നൽകാനും തങ്ങളുടെ വെടിയുണ്ടകൾക്ക് ഇരയായവരെ പേരുപറഞ്ഞ് കൊടുംഭീകരന്മാരായി ചിത്രീകരിക്കാനുമുള്ള ശ്രമം കാണുമ്പോൾ  വല്ലാതെ വിഷമംതോന്നുന്നു. ആശയസംഹിതകൾ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കാം; അല്ലെങ്കിൽ അവയിൽ വെള്ളം ചേർക്കാം. എന്നാൽ, കൊല്ലപ്പെട്ട മനുഷ്യരുടെ ജീവിതം തിരിച്ചുകൊടുക്കാനോ അവരുടെ കുടുംബത്തിന്റെ തീരാനഷ്ടം നികത്താനോ മുൻകാല കലാപകാരികൾക്കു കഴിയില്ല. അതുകൊണ്ട് കൊലപാതകങ്ങളെ ഏതു വിപ്ലവത്തിന്റെ പേരുപറഞ്ഞും ന്യായീകരിക്കുന്നതിൽ യാതൊരു അർഥവുമില്ല. വധശിക്ഷപോലും എടുത്തുകളയണമെന്ന് കമ്യൂണിസ്റ്റ് പാർട്ടികൾ അവകാശപ്പെടുന്ന ഇക്കാലഘട്ടത്തിൽ 
പ്രത്യേകിച്ചും.