പഠിച്ചത് ഭൗമശാസ്ത്രം. ഭൂമിയുടെ ഘടന, ഭൂകമ്പം, ഉരുൾപൊട്ടൽ, സുനാമി... ഇതിനെക്കുറിച്ചൊക്കെ അറിയാം. ഒ.എൻ.ജി.സി.യിൽയിൽ എണ്ണ പര്യവേക്ഷണവും നടത്തി. പക്ഷേ, കേരളത്തിന്റെ ഭരണയന്ത്രം തിരിക്കാനുള്ള നിയോഗമായിരുന്നു ഈ സുഹൃത്തുക്കൾക്ക്. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്തയ്ക്കും ഡി.ജി.പി. ലോക്നാഥ് ബെഹ്‌റയ്ക്കും ജിയോളജി എം.എസ്.സി. പഠനംകഴിഞ്ഞ് കിട്ടിയത് ഒ.എൻ.ജി.സി.യിൽ ജിയോളജിസ്റ്റിന്റെ ജോലിയായിരുന്നു. പിന്നീട് 1985 ബാച്ചിൽ രണ്ടുപേർക്കും  ഐ.പി.എസ്. കിട്ടി. ഒപ്പം ബാച്ചിൽ ഒരാൾ കൂടിയുണ്ടായിരുന്നു. ഇപ്പോൾ ജയിൽ ഡി.ജി.പി.യായ ഋഷിരാജ് സിങ്. പരീശീലനത്തിനുശേഷം പോലീസ് യൂണിഫോമണിഞ്ഞ് ബെഹ്‌റയും ഋഷിരാജ് സിങ്ങും കേരളത്തിലെത്തി. പക്ഷേ, വിശ്വാസ് മേത്തയ്ക്ക് പോലീസ് മനസ്സിനിണങ്ങിയ തൊഴിലായിരുന്നില്ല. ഒരുവർഷം കൂടി കഠിന പ്രയത്‌നം നടത്തി. വീണ്ടും സിവിൽ സർവീസ് പരീക്ഷയെഴുതി. 1986-ൽ കേരള കേഡറിൽ ഐ.എ.എസ്. കിട്ടി. കൊല്ലത്ത് അസി. കളക്ടർ ട്രെയിനിങ്‌ കഴിഞ്ഞ് വയനാട്ടിലെ മാനന്തവാടിയിൽ സബ്‌ കളക്ടറായി നിയമനം കിട്ടി.

2300 രൂപയ്ക്കായി      3000 കിലോമീറ്റർ യാത്ര
രാജസ്ഥാനിലെ ജന്മസ്ഥലമായ ദുങ്കർപുരിൽനിന്ന് 34 വർഷം മുമ്പ് പെട്ടിയുമായി മാനന്തവാടിയിലേക്ക് പുറപ്പെട്ടു. ഡൽഹി വഴി മൂന്നു രാത്രിയും നാലു പകലും നീണ്ട തീവണ്ടി യാത്ര. വണ്ടി കേരളത്തിൽ പ്രവേശിപ്പിച്ചപ്പോൾ അടുത്തിരുന്ന യാത്രക്കാരൻ ചോദിച്ചു: ‘‘സാറ് എങ്ങോട്ടാ?’’ ‘‘വയനാട്ടിലേക്ക്...’’ ‘‘എവിടെ നിന്ന് വരുന്നു?’’ ‘‘രാജസ്ഥാനിൽനിന്ന്...’’ ‘‘ഓ.... ഭയങ്കര യാത്രയാണല്ലോ... എത്ര കിലോമീറ്റർ വരും...’’ ‘‘മൂവായിരം...’’ ‘‘എന്താ ജോലി?’’ ‘‘സബ്‌ കളക്ടർ. മാനന്തവാടിയിൽ.’’ ‘‘എത്ര ശമ്പളം കിട്ടും...’’ ‘‘2300 രൂപ.’’

ഇതു കേട്ടതോടെ അയാൾ മൂക്കത്ത് വിരൽവെച്ചു. ‘‘സാറിന് വട്ടുണ്ടോ..., 2300 രൂപയ്ക്കുവേണ്ടി ഇത്രയും ദൂരം വരാൻ. ഭാഷയും അറിയില്ല ശമ്പളവും കുറവ്. സ്വന്തം കാലിൽ നിൽക്കാൻ ബുദ്ധിമുട്ടുന്ന ഒരാൾ എങ്ങിനെ മറ്റുള്ളവരെ സഹായിക്കും? നാട്ടിൽ ചായക്കട നടത്തിക്കൂടെ... നിങ്ങൾക്ക് ഈ പൈസ അവിടെ കിട്ടുമല്ലോ!’’ അയാൾ ഉപദേശിച്ചു. ശരിയാണ് അയാൾ പറയുന്നതിലും കാര്യമുണ്ട്. ആ സാധാരണക്കാരന്റെ വാക്കുകൾ ഞാൻ ഇന്നും മറന്നിട്ടില്ല. പക്ഷേ, ജനങ്ങളെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് എന്നെ ഈ ജോലിയിലേക്ക് ആകർഷിച്ചത് -വിശ്വാസ് മേത്ത പറയുന്നു.
അച്ഛൻ ഡോ. പ്രീതംകുമാർ മേത്ത ചണ്ഡീഗഢിൽ സെന്റർ ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഇൻ ജിയോളജിയിൽ പ്രൊഫസറായിരുന്നു. ചണ്ഡീഗഢ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴിലായിരുന്നു ഇത്. ഞാൻ അവിടെ താമസിച്ചാണ് ജിയോളജി എം.എസ്‌സി. ഓണേഴ്‌സ് പഠിച്ചത്. അച്ഛനാണ് എന്നെ ജിയോളജി പഠിപ്പിച്ചത്. 1982-ൽ പഠനം കഴിഞ്ഞ് ജൂനിയർ റിസർച്ച് ഫെലോഷിപ്പിൽ ഹിമാലയത്തിലെ പാറകളെക്കുറിച്ച് പഠനം നടത്തി. ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അപ്പോഴേക്കും ഒ.എൻ.ജി.സി.യിൽ കിട്ടി. ദെഹ്‌റാദൂൺ, ത്രിപുര, ഗുജറാത്ത്, ആന്ധ്രയിലെ കൃഷ്ണ- ഗോദാവരി എന്നിവിടങ്ങളിലെല്ലാം രണ്ടുവർഷം എണ്ണപര്യവേക്ഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ ജോലിക്കിടയിലാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിച്ചത്. ഐ.പി.എസാണ് കിട്ടിയത്. പരിശീലനത്തിനായി ഹൈദരാബാദ് നാഷണൽ പോലീസ് അക്കാദമിയിൽ ചേർന്നു. പക്ഷേ, പോലീസിന്റെ കെട്ടും മട്ടും എനിക്ക് ചേരില്ലെന്ന് മനസ്സിലായി. അവധിയെടുത്ത് പഠിച്ചു. നേരത്തേ റാങ്ക് 180 ആയിരുന്നെങ്കിൽ 1986-ലെ പരീക്ഷയിൽ ഒമ്പതാംറാങ്ക് കിട്ടി. ഐ.
എ.എസ്‌. കൈയിൽ വന്നു. രാജസ്ഥാൻ കേഡർ കിട്ടിയില്ല. കേരള കേഡറാണ് കിട്ടിയത്. ഭാര്യ പ്രീതി മേത്ത. ഏകലവ്യ (അമേരിക്ക), ധ്രുവ് (ഡൽഹി) എന്നിവർ മക്കൾ. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. അമ്മ പരേതയായ സവിത. അച്ഛൻ ചണ്ഡീഗഢിലാണ് താമസം.

 അധികം ജനസംഖ്യയില്ലാത്ത പ്രദേശമാണ് എന്റെ നാട്. കൊടും ചൂടും വരൾച്ചയും. കുടിവെള്ളത്തിന് വലിയ ക്ഷാമം. പക്ഷേ, കേരളത്തിലെത്തിയപ്പോൾ കണ്ട കാഴ്ച നേരെ തിരിച്ചായിരുന്നു. 44 നദികൾ, കായലുകൾ, ഇഷ്ടം പോലെ കുളങ്ങൾ, കിണറുകൾ. ആണ്ടിൽ ആറു മാസം മഴ! ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് . ഇതൊക്കെയാണെങ്കിലും വെള്ളം ആർക്കും വേണ്ടാത്ത അവസ്ഥ. പെയ്ത മഴവെള്ളമെല്ലാം കടലിലേക്ക് ഒഴുകിപ്പോകുന്നു. സംഭരിക്കാൻ പ്രവർത്തനങ്ങളില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ പല ഗ്രാമങ്ങളിലും ടാങ്കറുകളിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയുമുണ്ട് !
  മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാൻ കഴിഞ്ഞാൽ നമ്മൾക്ക് രക്ഷപ്പെടാമെന്ന് അന്നേ എനിക്ക് തോന്നിയിട്ടുണ്ട്. എം.ബി.എ.യും ടൂറിസത്തിൽ ഡോക്ടറേറ്റും നേടിയ വിശ്വാസ് മേത്ത പിന്നീട് റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. മിൽമ, റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ എന്നിവയുടെ മാനേജിങ് ഡയറക്ടറും ഇടുക്കി, വയനാട് കളക്ടറുമായി. 1998-ൽ കേന്ദ്രസർവീസിലേക്ക് പോയി 2015-ൽ കേരളത്തിൽ തിരിച്ചെത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി. കഴിഞ്ഞവർഷം മേയ് 31-നാണ് ചീഫ് സെക്രട്ടറിയായത്.

 മുകേഷിന്റെ ശബ്ദത്തിൽ  പാടുന്ന കളക്ടർ
ഹിന്ദി ഗായകൻ മുകേഷിന്റെ അതേ ശബ്ദത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്ന കളക്ടർ എന്ന് പേരെടുത്ത ഗായകനാണ് വിശ്വാസ്‌മേത്ത. ദൂരദർശനിലും മറ്റ് മലയാളം ചാനലുകളിലെ സംഗീത പരിപാടികളിലും അദ്ദേഹം മുകേഷിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്. ചെറുപ്പത്തിലേ മുകേഷിനോട് ആരാധനയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുകേഷിന്റെ പാട്ടുകൾ പാടുമായിരുന്നു. 1996-ൽ വയനാട് കളക്ടറായിരിക്കെയാണ് ആദ്യമായി കേരളത്തിൽ സ്റ്റേജിൽ പാടിയത്. ആ വർഷം വയനാട് കാർണിവലിൽ മുകേഷ് നൈറ്റ് എന്ന പേരിൽ ഗാനമേള ഉണ്ടായിരുന്നു. ഈസമയം വേദിയിലുണ്ടായിരുന്ന കോഴിക്കോട് കളക്ടർ യു.കെ.എസ്.ചൗഹാനാണ് നിങ്ങളുടെ കളക്ടർ നന്നായി പാടുമെന്ന് അനൗൺസ് ചെയ്തത്. അങ്ങിനെ മുകേഷിന്റെ പാട്ട് പാടിയത് ഹിറ്റായി. പിന്നെ എവിടെ കലാപരിപാടികൾക്ക് പോയാലും പാടണമെന്ന് ആളുകൾ ആവശ്യപ്പെടുമായിരുന്നു. ഞാൻ പാടിയ പാട്ടുകൾ പലതും യുട്യൂബിലുണ്ട് -വിശ്വാസ് മേത്ത പറഞ്ഞു.

 അന്തമാൻ കടലിലെ  രാത്രികൾ
ഒ.എൻ.ജി.സി.യിൽ ജിയോളജിസ്റ്റായി അന്തമാൻ ദ്വീപിനടുത്ത് കടലിൽ രാത്രിയും പകലും എണ്ണ പര്യവേക്ഷണത്തിൽ ഏർപ്പെട്ട നാളുകൾ ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ ഇന്നും ഓർക്കുന്നു. ചെന്നൈ കേന്ദ്രത്തിന്റെ കീഴിലുള്ള അന്തമാൻ ബേസിനിലായിരുന്നു അന്ന് എണ്ണ പര്യവേക്ഷണം. വിമാനത്തിലാണ് ചെന്നൈയിൽനിന്ന് അന്തമാൻ ദ്വീപിലേക്ക് പോവുക. അവിടെനിന്ന് ഹെലികോപ്റ്ററിൽ കടലിലെ റിഗ്ഗിൽ എത്തിക്കും. അവിടെ 14 ദിവസം ജോലിചെയ്യണം. റിഗ്ഗിനകത്ത് വീടുപോലെയാണ്. എല്ലാ സൗകര്യങ്ങളുമുണ്ട്. കടലിലാണെന്ന് ഓർക്കാതിരുന്നാൽ മതി. ഓർത്താൽ ടെൻഷനാകും. 14 ദിവസം ജോലിചെയ്താൽ തുടർന്നുള്ള 14 ദിവസം അവധിയാണ്. പക്ഷേ, ഏഴുമാസം മാത്രമേ ജോലി ചെയ്തുള്ളു. അപ്പോഴേക്കും സിവിൽസർവീസ് കിട്ടി.

    ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന പുരിയാണ് ലോക്നാഥ് ബെഹ്‌റയുടെ നാട്. അച്ഛൻ അർജുൻ ബെഹ്‌റയ്ക്ക് ടെലിഫോൺസിലായിരുന്നു ജോലി. അമ്മ നിലാന്ദ്രി വീട്ടമ്മയായിരുന്നു. മൂന്നു മക്കളിൽ മൂത്തതാണ് ബെഹ്‌റ. പഠിത്തത്തിൽ എപ്പോഴും ഒന്നാമൻ. ഇന്റർമീഡിയറ്റ് കഴിഞ്ഞ് ഐ.ഐ.ടി. ഖരഗ്‌പുരിലും ബിറ്റ്‌സ് പിലാനിയിലും എൻജിനിയറിങ്ങിന് കിട്ടി. പക്ഷേ, പോയില്ല. കട്ടക്കിൽ റവൻസാ കോളേജിൽ ചേർന്ന് ജിയോളജി ബി.എസ്‌സി. ഓണേഴ്‌സ് പാസായി. പിന്നീട് എം.ടെക്കിന് ധാൻബാദ് ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ ചേർന്നുവെങ്കിലും അവിടെ ഇഷ്ടപ്പെടാത്തതു കൊണ്ട് പഠിത്തം മതിയാക്കി. ഭുവനേശ്വർ ഉത്ക്കൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന് 1984 ൽ എം.എസ്‌സി. ജിയോളജി പാസായി. പിന്നീട് ഐ.ഐ.ടി. ഖരഗ്‌പുരിൽ ഗവേഷണത്തിന് ചേർന്നപ്പാഴാണ് ഒ.എൻ.ജി.സി.യിൽ കിട്ടിയത്. സിവിൽസർവീസ് പരീക്ഷയ്ക്ക് ഒറ്റയ്ക്ക് പഠിച്ചാണ് എഴുതിയത്. കോച്ചിങ്ങിനൊന്നും പോയില്ല. 1985-ൽ ഐ.പി.എസ്. കിട്ടി ’86-ൽ ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായിട്ടായിരുന്നു ആദ്യനിയമനം. 1987-ൽ തൃക്കാക്കര എ.സി.പി.യായി. ’89-ൽ കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി. കമാൻഡന്റായി. പിന്നീട് കണ്ണൂർ എസ്.പി.യായി. ’90-ൽ തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മിഷണറായി. ’91മുതൽ ’95വരെ എറണാകുളം പോലീസ് കമ്മിഷണറായിരുന്നു. പിന്നീട് പത്തരവർഷം സി.ബി.ഐ.യിൽ. 2005 അവസാനം കേരളത്തിൽ തിരിച്ചെത്തി ഹെഡ് ക്വാർട്ടേഴ്‌സ് ഐ.ജി.യായി. 2009-ൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ.) തുടങ്ങിയപ്പോൾ അതിൽ ഐ.ജി.യായി നിയമിതനായി. 2014-ൽ കേരളത്തിൽ എ.ഡി.ജി.പി.യായി 2015-ൽ ജയിൽ, ഫയർഫോഴ്‌സ് ഡി.ജി.പി.യായിരുന്നു. 2016 ജൂണിലാണ് ഇപ്പോഴത്തെ ഡി.ജി.പി. തസ്തികയിലെത്തിയത്. ഏറ്റവും കൂടുതൽ കാലം സി.ബി.ഐ.യിൽ സേവനം നടത്തിയ ഓഫീസർ എന്ന ബഹുമതി ബെഹ്‌റയ്ക്കുണ്ട്. ഇതിന്റെ മികവിലാണ് എൻ.ഐ.എ.യിൽ നിയമിതനാവുന്നത്.

പോലീസ് യൂണിഫോമിലും ബെഹ്‌റ ഭൗമശാസ്ത്രം കൈവിട്ടില്ല. ‘‘ഇന്നും എനിക്ക് വളരെ ഇഷ്ടപ്പെട്ട വിഷയമാണ് ജിയോളജി. എന്റെ നാടായ ഒഡിഷ ജിയോളജിസ്റ്റുകൾക്ക്‌ മ്യൂസിയമാണ്. പ്രത്യേക ഭൗമ ഘടനയും പാറകളും ധാതുക്കളുമുള്ള പ്രദേശം. ഇഷ്ടംപോലെ ഖനികളുമുണ്ട്. കേരളത്തിലെത്തിയപ്പോൾ ഞാൻ ആദ്യം ശ്രദ്ധിച്ചത് ഇവിടത്തെ കുന്നും കടൽത്തീരവുമാണ്. കിഴക്ക് സഹ്യപർവതം, പടിഞ്ഞാറ് അങ്ങോളമിങ്ങോളം കടൽത്തീരം. ഇഷ്ടംപോലെ മഴ, വെള്ളം വേണ്ടതിലധികം. അഷ്ടമുടിക്കായലിനെക്കുറിച്ചും കുട്ടനാടിനെക്കുറിച്ചും ഞാൻ സ്വന്തമായി ഗവേഷണം നടത്തി പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കാര്യവട്ടം ജിയോളജി ഡിപ്പാർട്ട്‌മെന്റിലും ക്ലാസെടുത്തിട്ടുമുണ്ട്’’ -ബെഹ്‌റ പറഞ്ഞു. പാറകളുടെയും ധാതുകളുടെയും സാംപിളുകൾ ശേഖരിക്കാറുള്ള ബെഹ്‌റയുടെ കൈയിൽ ക്വാർട്‌സ്, ഗാർനെറ്റ് തുടങ്ങി ഒട്ടേറെ ക്രിസ്റ്റലുകളും ഉണ്ട്. പെയിന്റിങ്, ഫോട്ടോഗ്രാഫി, വസ്ത്രഡിസൈനിങ് എന്നിവയിലെല്ലാം താത്‌പര്യമാണ്. വനിതാ പോലീസ് ബറ്റാലിയൻ, പോലീസ് കമാൻഡോ എന്നിവയുടെ യൂണിഫോം ഡിസൈൻ ചെയ്തതും അവരുടെ സ്വന്തം ഡി.ജി.പി.തന്നെ. കൊച്ചി മെട്രോ ജീവനക്കാരുടെ യൂണിഫോമും ഡിസൈൻ ചെയ്തു. സിനിമ ഇഷ്ടംപോലെ കാണും. മലയാളം പഠിക്കാൻ ഇത് സഹായിച്ചിട്ടണ്ട്. ഒഡിഷയിൽ നിന്നെത്തി മലയാളം പഠിച്ച് ഇവിടെ ജീവിച്ച ബെഹ്‌റയ്ക്ക് കേരളം ഇപ്പോൾ സ്വന്തംനാടാണ്. ജൂൺ 30-ന് സർവീസിൽനിന്ന് വിരമിക്കുമ്പോൾ എറണാകുളത്ത് വാങ്ങിയ സ്ഥലത്ത്  സ്വന്തം വീടൊരുക്കാനുള്ള ആഗ്രഹമുണ്ട് ലോക്നാഥ് ബെഹ്‌റയ്ക്ക്. മധുമിതയാണ് ഭാര്യ. മകൻ: അനിതേജ് ബെഹ്‌റ.