കാണിക്കവഞ്ചിയും വഴിപാട് രസീതുമില്ലാത്ത ക്ഷേത്രങ്ങൾ, കാഷ് കൗണ്ടർ ഇല്ലാത്ത ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും. അന്തേവാസികൾക്ക് ഭക്ഷണം ഉത്‌പാദിപ്പിക്കുന്ന വയലുകൾ. സൗരോർജം മാത്രംകൊണ്ട് കത്തുന്ന വിളക്കുകൾ. ഇവയെല്ലാമാണ് തോന്നയ്ക്കലിനടുത്ത് സ്ഥാപിതമായിരിക്കുന്ന സായിഗ്രാമത്തെ സ്വപ്നലോകം ആക്കുന്നത്. ഇതെല്ലാമുള്ള ഒരു മാതൃകാലോകം പുട്ടപർത്തിയിൽ പടുത്തുയർത്തിയത് സത്യ സായിബാബ ആണ്. അദ്ദേഹത്തിലുള്ള വിശ്വാസമാണ് കെ.എൻ. ആനന്ദകുമാറിനെ കഴിഞ്ഞ 25 വർഷമായി ലക്ഷക്കണക്കിന് അഗതികളെയും അശരണരെയും സേവിക്കാൻ പ്രേരിപ്പിച്ചതും അതിനായി 150 പ്രോജക്ടുകൾക്ക് രൂപംനൽകാൻ സഹായിച്ചതും. ഒരു ചെറിയ അഗതിമന്ദിരത്തിൽ തുടങ്ങി ഇന്ന് നൂറുകോടി രൂപയുടെ ആസ്തിയുള്ള ഈ പ്രസ്ഥാനം ഒരു ദിവ്യാദ്‌ഭുതമായി വളർന്നുകൊണ്ടേയിരിക്കുന്നു. വെറും 45,000 രൂപ ബാങ്ക് ബാലൻസുമായി ഇത്രവലിയ ഒരു പദ്ധതി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് ബുദ്ധിഭ്രമമാണെന്നാണ് സുഹൃത്തുക്കൾ കരുതിയത്. പക്ഷേ, ഇന്ന് സായിഗ്രാമം കാണുന്നവർക്ക് സ്ഥലജലഭ്രമം ഉണ്ടാകുമെന്നതിന് സംശയമില്ല.
ഞാൻ ആദ്യമായി സായിഗ്രാമം സന്ദർശിച്ചപ്പോൾ എനിക്ക് ഓർമ വന്നത് ദക്ഷിണാഫ്രിക്കയിൽ ഡർബൻ എന്ന പട്ടണത്തിനടുത്തുള്ള ഫീനിക്സ് എന്ന ഗാന്ധിഗ്രാമമായിരുന്നു. ഗാന്ധി ജി വിഭാവനം ചെയ്ത സ്വയം പര്യാപ്തമായ ആ ഗ്രാമം ഇന്ന് ഒരു സർവോദയ മ്യൂസിയം ആണ്. ഗാന്ധിജിയുടെ ആദർശങ്ങൾ പാലിച്ചുകൊണ്ടാണ് അവിടെയുള്ളവർ താമസിക്കുന്നത്. യഥാർഥത്തിൽ സത്യസായി ബാബയുടെ പ്രചോദനവും മഹാത്മജിയുടെ മാതൃകയുമാണ് നാം സായിഗ്രാമത്തിൽ കാണുന്നത്.
ഒമ്പതാം വയസ്സിൽ സത്യസായി ബാബ ചെയ്ത ഒരു ദിവ്യാദ്‌ഭുതം സ്വന്തം ഭാവിയെത്തന്നെ സന്തോഷകരമാക്കിയ ഒരു അനുഭവമാണ് ആനന്ദകുമാറിനെ ഒരു സായിബാബാ വിശ്വാസിയാക്കിയത്. അദ്ദേഹം തന്റെ വികാരത്തെ ഭക്തി എന്നു വിശേഷിപ്പിക്കാത്തത് അതിനുള്ള അർഹത ഇന്നും നേടിയിട്ടില്ല എന്ന ചിന്തകൊണ്ടാണ്. വിശ്വാസം തോന്നാൻ കാരണം സ്വന്തം അമ്മയെ ഗ്രസിച്ച ഒരു മഹാമാരിയിൽനിന്ന് സായിബാബ അവരെ മുക്തയാക്കി എന്നതാണ്. സത്യസായി ബാബയെ ആനന്ദകുമാറും അദ്ദേഹത്തിന്റെ അച്ഛനും സന്ദർശിക്കുകമാത്രം ചെയ്ത് തിരിച്ചുവന്നപ്പോഴേക്കും അദ്ദേഹത്തിന്റെ അമ്മ രോഗവിമുക്തയായി എന്നുമാത്രമല്ല, അതിനുശേഷം 36 വർഷം ഒരു മരുന്നുമില്ലാതെ ജീവിച്ചിരിക്കുകയും ചെയ്തു. ആ അമ്മ സായിഭക്തയായിരുന്നില്ല. അച്ഛന്റെ പ്രാർഥന മാത്രമായിരുന്നു അന്നുണ്ടായ അദ്‌ഭുതത്തിന് കാരണം. ആർക്കും വിശദീകരിക്കാൻ കഴിയാത്ത ആ സംഭവം ഒരു ബാലനെ സായിബാബയെപ്പോലെ തന്നെ ആതുരശുശ്രൂഷകനായി മാറ്റുകയായിരുന്നു.
സായിഗ്രാമത്തിന്റെ ഒരു പ്രത്യേകത അവിടെ ഷിർദിസായി ബാബയുടെയും സത്യസായി ബാബയുടെയും ബുദ്ധഭഗവാന്റെയും പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങൾ ഉണ്ട്‌ എന്നതാണ്‌. ഇവർ തമ്മിൽ വ്യത്യാസമില്ല എന്ന തത്ത്വമാണ്‌ സത്യസായി ട്രസ്റ്റ്‌ പ്രഖ്യാപിക്കുന്നത്‌. സമ്പന്നരുടെ ദൈവമാണ്‌ സത്യസായി ബാബ എന്ന അഭിപ്രായത്തിനുള്ള മറുപടി, സായിഗ്രാമത്തിൽ അന്തേവാസികളാകാനുള്ള അർഹത പോക്കറ്റിൽ ഒരു രൂപപോലും ഇല്ലാത്തവർക്കു മാത്രമാണെന്ന്‌ ആനന്ദകുമാർ പറയുന്നു. സത്യസന്ധതയോടും ആത്മാർഥതയോടും പ്രവർത്തിക്കുന്ന ചുരുക്കം ചില ആശ്രമങ്ങളിലൊന്നാണ്‌ സായിഗ്രാമം.
സായിഗ്രാമത്തിന്റെ വളർച്ച തന്നെപ്പോലും അദ്‌ഭുതപ്പെടുത്തിയെന്ന്‌ ആനന്ദകുമാർ പറയുന്നു. ആവശ്യങ്ങൾക്ക്‌ സുതാര്യമായ സംഭാവനകൾ ലഭിക്കുന്നു. കണക്കുകൾ അതതു സമയത്ത്‌ അധികാരികൾക്ക്‌ നൽകുന്നു. അതിനാൽ ഇന്നുവരെ  പണസ്രോതസ്സുകളെപ്പറ്റി ഒരു ആരോപണവും ഉണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും നന്മ കാണുകയും സഹായിക്കുകയും ചെയ്യുന്നു. ഈയിടെ സായിഗ്രാമത്തിൽ പ്രവർത്തിക്കാൻ ഒരു എയ്‌ഡഡ്‌ കോളേജ്‌ അനുവദിച്ചപ്പോൾ, ട്രസ്റ്റ്‌ ചെയ്തത്‌ തങ്ങൾക്ക്‌ മാനേജ്‌മെന്റ്‌ ക്വാട്ട വേണ്ടാ എന്ന്‌ സർക്കാരിനെ അറിയിക്കുകയായിരുന്നു. അഴിമതിയുടെ ഒരു വാതിലും തുറക്കരുതെന്നതായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ.
ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സായി ഗ്രാമത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനുമായി സഹകരിച്ച്‌ നഗരത്തെ ഭിക്ഷക്കാരില്ലാതെയാക്കിയതും തെരുവുനായകളെ വന്ധീകരിച്ചതും മാലിന്യസംസ്കരണത്തിന്‌ മാതൃക കാട്ടുകയും ചെയ്തത്‌ സായി ട്രസ്റ്റ്‌ തന്നെയായിരുന്നു.
നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോഴും ശത്രുതയോടെ പെരുമാറിയവരും കുറവല്ല. നിരന്തരമായ എതിർപ്പുകൾ കാരണം ധാരാളം നിരാശയും സങ്കടവുമുണ്ടായിട്ടും സായിബാബയുടെ അനുഗ്രഹംകൊണ്ട്‌ കാര്യങ്ങൾ നടന്നുപോകുന്നു. നിശ്ചയദാർഢ്യവും ത്യാഗവും എല്ലാകാലത്തും ട്രസ്റ്റിന്റെ കരുത്തായിരുന്നു. സർക്കാർ ആശുപത്രികളോട്‌ ഒത്തുചേർന്ന്‌ ലക്ഷം സൗജന്യ ഡയാലിസിസ്‌ നടത്താൻ കഴിഞ്ഞു എന്നതാണ്‌ സായിഗ്രാമത്തിന്റെ ഒരു വലിയ നേട്ടം. സർക്കാർ ആശുപത്രികളിൽ ഡയാലിസിസിന്‌ പണം വാങ്ങുമ്പോഴായിരുന്നു സായി ട്രസ്റ്റ്‌ സൗജന്യ സേവനം നൽകിയിരുന്നത്‌. അതുപോലെതന്നെ എൻഡോസൾഫാൻ ഉപയോഗംകൊണ്ട്‌ ദുരിതത്തിലായിരുന്ന പല കുടുംബങ്ങൾക്കും ഗ്രാമങ്ങൾക്കും സഹായം നൽകാനും ട്രസ്റ്റിന്‌ കഴിഞ്ഞു.
സായിഭക്തനായ സുനിൽ ഗാവസ്കറാണ്‌ സായിഗ്രാമത്തിന്‌ തറക്കല്ലിട്ടത്‌. വാങ്ങാൻ തീരുമാനിച്ചിരുന്ന വസ്തുവിന്റെ പണം കൊടുത്തുതീർക്കാത്തതുകൊണ്ട്‌ ഉടമസ്ഥൻ ആ സ്ഥലത്ത്‌ കല്ലിടാൻ സമ്മതിച്ചില്ല. അതിനാൽ വസ്തുവിലേക്ക്‌ നയിക്കുന്ന വഴിയിലായിരുന്നു ഗാവസ്കർ തറക്കല്ലിട്ടത്‌. വർഷങ്ങൾക്കുശേഷം അദ്ദേഹം സായിഗ്രാമം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനുപോലും വിശ്വസിക്കാൻ കഴിയാത്ത വളർച്ചയായിരുന്നു സായിഗ്രാമത്തിന്റേത്‌.
ധാരാളം വിജയഗാഥകൾ പറയാനുണ്ട്‌ സായിഗ്രാമത്തിലെ അന്തേവാസികൾക്ക്‌. ഒരപകടത്തിൽപ്പെട്ട്‌ കഷ്ടമനുഭവിച്ച ‘അമാവാസി’ എന്ന്‌ വിളിച്ചിരുന്ന ഒരു ബാലനെ ‘പൂർണചന്ദ്രൻ’ എന്ന്‌ പേരിട്ട്‌ സംഗീതം പഠിപ്പിച്ച കഥ. ആ കുട്ടിക്ക്‌ സർക്കാർജോലി കൊടുത്തു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എല്ലാ രാഷ്ട്രീയപ്പാർട്ടികളും സഹായം നൽകിയിട്ടുണ്ടെന്നത്‌ സായിഗ്രാമത്തിന്റെ പ്രത്യേകതയാണ്‌.
ഇന്ന്‌ കേരളമാകെ പടർന്നു പന്തലിച്ചുനിൽക്കുന്ന സായിഗ്രാമം ആതുരശുശ്രൂഷയിലും വിദ്യാഭ്യാസത്തിലും കേരളത്തിലെ ഏറ്റവും വലിയ  സന്നദ്ധ സംഘടനയാണ്‌. ഇന്ത്യയിലാകെ എടുത്താൽ പതിന്നാലാമത്തേത്‌. 2018-ൽ ആറുകോടി രൂപയുടെ പദ്ധതികൾ നടപ്പിൽവരുത്താൻ കഴിഞ്ഞു. ഇന്ന്‌ 147 സ്ഥാപനങ്ങൾ ഉണ്ടായിക്കഴിഞ്ഞു. 240 ജീവനക്കാർ പല സ്ഥലങ്ങളിലായി ജോലിചെയ്യുന്നു. അവരുടെ ശമ്പളമൊന്നും ഇതുവരെ മുടങ്ങിയിട്ടില്ല. എല്ലാം ഭഗവാൻ നടത്തുന്നു എന്നുമാത്രമേ  ആനന്ദകുമാറിന്‌ പറയാനുള്ളൂ. ആവശ്യംവരുമ്പോൾ അദൃശ്യർവരെ സംഭാവനകളുമായി എത്തുന്നു.
സായിഗ്രാമത്തിന്റെ സ്ഥാപകനും നടത്തിപ്പുകാരനുമായ ആനന്ദകുമാർ അദ്ദേഹത്തിന്റെ നേട്ടങ്ങളെപ്പറ്റി വാചാലനാകാറില്ല. ‘എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം’ എന്ന്‌ പറഞ്ഞ മഹാത്മാഗാന്ധിയെയാണ്‌ അദ്ദേഹം പിന്തുടരുന്നത്‌. ലളിതമായ ശുഭ്രവസ്ത്രം ധരിക്കുന്ന അദ്ദേഹത്തിന്‌ ഒരു സന്ന്യാസിയുടെ മുഖഭാവമാണ്‌. അധികം സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്ന പ്രകൃതമില്ല. സായിഗ്രാമത്തിൽ ആരുവന്നാലും അവരെ സ്വീകരിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നു. അത്യാവശ്യത്തിന്‌ സംസാരിക്കുന്നു.
 ആനന്ദകുമാറിന്‌ സ്വന്തമായി 8500 രൂപയേ ബാങ്കിലുള്ളൂ. അത്യാവശ്യങ്ങൾ നടത്തുന്നതെല്ലാം ഭാര്യയുടെ ചെലവിലാണ്‌. അവർക്ക്‌ സാമാന്യം സാമ്പത്തികസൗകര്യമുള്ളത്‌ കുടുംബത്തിൽനിന്ന്‌ കിട്ടിയ വസ്തുക്കളിൽനിന്ന്‌ കിട്ടുന്ന വാടകയാണ്‌. അവരുടെ ഔദാര്യത്തിൽ ജീവിക്കുന്നതിന്‌ അദ്ദേഹത്തിന്‌ ഒരു മടിയുമില്ല.
നല്ല ഒരു ബിസിനസുകാരനായിരിക്കുമ്പോഴാണ്‌ 52-ാം വയസ്സിൽ ആനന്ദ്‌കുമാർ പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചത്‌. സത്യസായി ബാബയെ പലതവണ സന്ദർശിക്കുകയും സംഭാഷണം നടത്തുകയും ചെയ്തു എന്നതാണ്‌ അദ്ദേഹം ഭാഗ്യമായി കരുതുന്നത്‌. സത്യസായി ബാബയിലുള്ള വിശ്വാസമാണ്‌ അദ്ദേഹത്തെ നയിക്കുന്നതും വിജയിപ്പിക്കുന്നതും. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ വിജയരഹസ്യംപോലും പരസ്യമാണ്‌. ലളിതമായ ജീവിതം, അസാധാരണമായ ആത്മധൈര്യം, മനസ്സിനെ സജ്ജമാക്കാൻ ധ്യാനവും നാമജപവും. സായിഗ്രാമത്തെപ്പോലെത്തന്നെ ഒരു അദ്‌ഭുതംതന്നെയാണ്‌ അദ്ദേഹത്തിന്റെ ജീവിതവും.
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ 
നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകൻ)