മക്കളേ, 
നമ്മുടെ ജീവിതത്തിൽ അവശ്യം വേണ്ട ഒരു ഗുണമാണ് ക്ഷമ. കാരണം, പ്രതിബന്ധങ്ങളെ മറികടന്ന് മുന്നോട്ടുപോകാൻ നമ്മെ പ്രാപ്തരാക്കുന്നത് ക്ഷമയാണ്. ഒരു പൂമൊട്ട് ബലംപ്രയോഗിച്ച് വിടർത്തിയാൽ പൂവിന്റെ പരിമളവും ഭംഗിയും അറിയാൻ കഴിയില്ല. സ്വാഭാവികമായി വിടരാൻ അനുവദിച്ചാൽ മാത്രമേ അതറിയാൻ സാധിക്കൂ. അതുപോലെ, ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ക്ഷമകൂടാതെ കഴിയില്ല. ജീവിതം സന്തോഷഭരിതമാക്കിത്തീർക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാംവേണ്ട പ്രഥമഗുണം ക്ഷമ തന്നെയാണ്.
നമ്മുടെ ജീവിതത്തിൽ ക്ഷമാശീലം വളർത്തിയെടുക്കാൻ എന്താണു ചെയ്യേണ്ടത്? ഒരു വ്യാപാരി എല്ലാദിവസവും രാത്രി അന്നത്തെ ലാഭനഷ്ടങ്ങൾ കണക്കാക്കിനോക്കും. ലാഭമാണെങ്കിൽ അടുത്തദിവസം അതെങ്ങനെ മെച്ചപ്പെടുത്താം, നഷ്ടമാണെങ്കിൽ എങ്ങനെ പ്രവർത്തിച്ചാൽ നഷ്ടംനികത്തി ലാഭത്തിലേത്താൻ സാധിക്കും എന്നൊക്കെ ആലോചിക്കും. അതുപോലെ നമ്മളും ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പായി സമാധാനമായിരുന്ന് അന്നുചെയ്ത കർമങ്ങളെ വിലയിരുത്തണം. ഇന്നു ഞാനെത്ര പേരോടു ദേഷ്യപ്പെട്ടു. ഏതൊക്കെ സാഹചര്യങ്ങളെ ക്ഷമയോടെ സമീപിക്കാനായി? ഈ രീതിയിൽ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നാൽ എവിടെയാണ് നമുക്കു തെറ്റുപറ്റുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും.
ദേഷ്യം വന്നാൽ ഉടനെ അതു പ്രകടിപ്പിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.  ‘‘എനിക്ക് അന്നേരം അടക്കാനാകാത്ത ദേഷ്യം വന്നെങ്കിലും ഞാൻ വളരെ പ്രയാസപ്പെട്ട് സ്വയം നിയന്ത്രിച്ചു. ഞാൻ അടുത്തദിവസം രാവിലെ ഉറക്കമുണർന്നപ്പോഴാണ് തെറ്റ് എന്റെ ഭാഗത്തായിരുന്നെന്ന് ബോധ്യമായത്. ആ സമയത്ത് ഞാൻ ദേഷ്യപ്പെട്ടിരുന്നെങ്കിൽ അതു വലിയ അനർഥമായേനേ.’’ എന്നു പലരും പറയാറുണ്ട്. അതിനാൽ ക്ഷമ ഏറ്റവും ആവശ്യമാണ്.
ഒരു ഭക്തർ ഒരു മഹാത്മാവിന്റെ അടുത്ത് ആധ്യാത്മികകാര്യങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം ഒരാൾ അവിടെയെത്തി ആ ഭക്തനെ കഠിനമായി നിന്ദിക്കാനും വഴക്കുപറയാനും ആരംഭിച്ചു. ഭക്തൻ കുറെനേരം അതെല്ലാം സഹിച്ചിരുന്നു. അവസാനം ഭക്തന്റെ ക്ഷമകെട്ടു. അദ്ദേഹം തിരിച്ചും ദേഷ്യപ്പെട്ടു സംസാരിക്കാൻ തുടങ്ങി. ഉടനെ മഹാത്മാവ് അവിടെനിന്നു പോകാനായി എഴുന്നേറ്റു. ഭക്തൻ ചോദിച്ചു, ‘‘ഇയാൾ എന്നെ ചീത്തപറഞ്ഞുകൊണ്ടിരുന്നപ്പോൾ അങ്ങ് എന്റെ സമീപത്തുതന്നെയിരുന്നു. ഞാൻ മറുപടിപറയാൻ തുടങ്ങിയപ്പോൾ അങ്ങ് എന്തിനാണ് എണീറ്റുപോകുന്നത്?.’’ മഹാത്മാവു പറഞ്ഞു: ‘‘നിങ്ങൾ മൗനമായിരുന്നത്രയും നേരം ദേവതകൾ നിങ്ങൾക്കുവേണ്ടി സംസാരിക്കുകയായിരുന്നു. നിങ്ങൾ ദേഷ്യപ്പെട്ടു സംസാരിച്ചുതുടങ്ങിയതോടെ അസുരന്മാരാണു നിങ്ങൾക്കുവേണ്ടി സംസാരിക്കുന്നത്. അസുരന്മാരുമായുള്ള സഹവാസം എനിക്ക് അസഹ്യമാണ്. അതുകൊണ്ടാണു ഞാൻ പോകാനെണീറ്റത്.’’
ജീവിതയാത്രയിൽ പരാജയവും ഇച്ഛാഭംഗവും അപമാനവും അവഹേളനവുമൊക്കെ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, അവയിൽനിന്നൊക്കെ പാഠങ്ങൾ ഉൾക്കൊണ്ടു പുതിയ ഉണർവോടെ യാത്ര തുടരാൻ ക്ഷമകൂടിയേ തീരൂ. ക്ഷമിക്കലാണ് ഗമിക്കൽ; ക്ഷമിക്കുക എന്നുപറഞ്ഞാൽ മുന്നോട്ടുള്ള ഗമിക്കലാണ്. കഴിഞ്ഞകാലത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ മറന്നാലേ അവ മനസ്സിലേല്പിച്ച മുറിച്ചു പൊറുക്കാൻ സാധിക്കുകയുള്ളൂ. മറക്കലാണ് പൊറുക്കൽ. ക്ഷമയിൽനിന്നു നമുക്കു മുന്നോട്ടുപോകാനുള്ള ശക്തി ലഭിക്കും. ക്ഷമയാണു ജീവിതവിജയത്തിനുള്ള താക്കോൽ.
-അമ്മ