നമ്മുടെ വി.ടി. ഭട്ടതിരിപ്പാടിനെയും മാൻമാർക്ക്‌ കുടയെയും ഓർമിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കുവേണ്ടി സങ്കല്പങ്ങൾ തുന്നുന്ന ഒരു സ്ത്രീയാണ് അവർ. ഇരുപത്തിയൊന്നാം വയസ്സിൽ ആണ് അവൾ ആദ്യക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതാൻ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങൾ അവളിൽ സൃഷ്ടിച്ച ഹർഷം വാക്കുകളിൽ നുരഞ്ഞു പതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളം പ്രായം മുതൽ അവൾ കേൾക്കുന്ന ചമിലിയല്ലെന്നുമുള്ള അറിവ് അവളെ ഒരു മാന്ത്രികലോകത്ത് എത്തിച്ചു. ഒരു ചെറിയ മാറ്റംപോലും എന്തൊരു വ്യത്യാസമാണ് സത്തയിൽ ഉണ്ടാക്കുന്നത്. അതിൽനിന്നാണ് അക്ഷരങ്ങളുടെ നിത്യോപാസകയായി അവൾ പരിണമിക്കുന്നത്. അഴകോ ധനമോ അക്ഷരത്തിന് സമശീർഷമല്ലെന്ന ബോധത്തിൽ ആ നിമിഷം മുതൽ അവൾ പ്രകാശിച്ചു. അക്ഷരം പഠിക്കുന്നതിന് മുമ്പ്‌ തന്റെ ജീവിതംഅടുത്തുള്ള ഇന്ദ്രസരോവർ തടാകംപോലെ നിശ്ചലമായിരുന്നു എന്നും ഈ നിമിഷം മുതൽ ജീവിതം അതിന്റെ സമസ്ത നീരൊഴുക്കുകളെയും വീണ്ടെടുക്കുകയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. തസാർ നദിക്കു മീതേ ഒരു പാലം പണിയുകയായിരുന്നു അവളുടെ മനുഷ്യോന്മുഖമായ ജീവിതത്തിന്റെ ആദ്യത്തെ ചുവട്. മൺസൂൺ കാലങ്ങളിൽ കവിഞ്ഞൊഴുകുന്ന ആ പുഴയ്ക്ക് അപ്പുറമായിരുന്നു ഗ്രാമത്തിന്റെ പ്രാഥമിക വിദ്യാലയം. അങ്ങനെ അക്ഷരസപര്യയിലൂടെയാണ് ഒരു സ്ത്രീ തന്റെ കർമപഥത്തിന്റെ ഓരോരോ ഇടത്താവളങ്ങളിലും എത്തുന്നത്.
അക്ഷരമാണ് താക്കോൽ. സർവ നിഗൂഢതകളും തുറക്കാൻ കെൽപ്പുള്ള  മാന്ത്രികത്താക്കോൽ. അതിനെയാണ് തളികയിലെ ഒരുപിടിയരിയിൽ ഇളംകൈകൾ തിരയുന്നത്. ക്ഷരമില്ലാത്ത ഒന്നാണ് ആ പേരിൽ മുഴങ്ങുന്നത് എന്ന് ഇനിയും ആർക്കാണ് അറിയാത്തത്. ഒരേയൊരു പ്രാർഥനയ്ക്കുവേണ്ടി ദൈവം അനുവാദം കൊടുക്കുമ്പോൾ അത് ജ്ഞാനത്തിനുവേണ്ടി ആവണമെന്ന് തിരഞ്ഞെടുപ്പ് നടത്തിയ ഒരാളുണ്ട്. ശലമോൻ പിന്നീട് അഗാധ ജ്ഞാനത്തിന്റെ  മറുപദങ്ങളിലൊന്നായി. ബാക്കിയുള്ളതൊക്കെ വേദപുസ്തക ഭാഷയിൽ കൂട്ടിച്ചേർക്കപ്പെടുകയാണ്. പ്രാർഥനകളൊക്കെ ജ്ഞാനത്തിനു വേണ്ടിയുള്ള നിലവിളികളാണ്. ഞാനോർക്കുന്നു ഒരേയൊരു പ്രാർഥനയേ അമ്മ പഠിപ്പിച്ചിട്ടുള്ളൂ: ‘‘ജ്ഞാനത്തിന്റെ ആത്മാവേ, അങ്ങ് എഴുന്നെള്ളിവന്ന് എന്റെ ബോധത്തെ തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ സ്നേഹംകൊണ്ട് ജ്വലിപ്പിക്കണമേ...’’ ജ്ഞാനികളായ മക്കൾക്ക് വേണ്ടിയല്ലാതെ മറ്റെന്താണ് ഈ ഭൂമിയായ ഭൂമിയിലെ പാവം അമ്മമാർക്ക് പ്രാർഥിക്കാനുള്ളത്? അത് അങ്ങനെയല്ലെങ്കിൽ ജീവിതകാമനകളുടെ മുതല അവരെ പിടിച്ചേക്കും. അവസാനത്തോളം ജ്ഞാനവഴികളിലൂടെ യാത്രചെയ്യുകയാണ് ഏതൊരു മക്കൾക്കും അമ്മമാരോട് അനുവർത്തിക്കാവുന്ന കുലീനധർമം.
മൂകാംബിക എന്ന പദം ഇളംമനസ്സിൽ പതിഞ്ഞതാണ്. കാരണമുണ്ട്. ഒരു ദേശത്തിന്റെ സ്നേഹവും ആദരവും ആവോളം കിട്ടിയിരുന്ന ഒരാളായിരുന്നു അധ്യാപകനായ അപ്പൻ. വിജയദശമി ദിനത്തിൽ മുറ്റം നിറയെ കുഞ്ഞുങ്ങൾ ഉണ്ടാവും. അത്തരമൊരു പ്രഭാതത്തിലാണ് എല്ലാദിവസവും നൂറുകണക്കിന് കുട്ടികളെ എഴുത്തിനിരുത്തുന്ന കൊല്ലൂരിലെ മൂകാംബികയെക്കുറിച്ച് അപ്പൻ പറഞ്ഞത്. ജ്ഞാനക്ഷേത്രം എന്നാണ് അതിനെ വിശേഷിപ്പിച്ചത് എന്ന് മറന്നിട്ടില്ല. ആ പദത്തിന് ഉള്ളിൽ അനുരണനങ്ങളുണ്ടായി. ഭൂമിയിലെമ്പാടും അത്തരം ജ്ഞാനക്ഷേത്രങ്ങൾ ഉണ്ടെന്ന് പിന്നീട് വായിച്ചറിഞ്ഞു. ബുദ്ധവിഹാരങ്ങളുടെ സമുച്ചയമായ മൊഗാവോ ഗുഹകൾ(Mogao Caves) ഓർക്കുക. അവിടത്തെ ലൈബ്രറി Healing Place of the soul എന്ന് ഈജിപ്ഷ്യൻ ടെമ്പിൾ ലൈബ്രറിയുടെ പൂമുഖത്ത് എഴുതിെവച്ചിരിക്കുന്നത് ഇവയ്ക്കെല്ലാം പൊതുവായി വഴങ്ങും.
യൗവനത്തിന്റെ ആരംഭത്തിലാണ് മൂകാംബികയിൽ എത്തുന്നത്. ക്ഷേത്രാചാരങ്ങളുടെ പരിചയക്കുറവുകൊണ്ട് ഓലകമണ്ഡപത്തിൽ മാത്രമാണ് ഇരിക്കാൻ തോന്നിയത്. അകത്തും പുറത്തും കിനിഞ്ഞിറങ്ങുന്ന ആ തണുപ്പിൽ എത്രനേരമാണ് ഇരുന്നത് എന്ന് അറിഞ്ഞുകൂടാ. ആദ്യക്ഷരം കുറിക്കുന്നവർ, കീർത്തനങ്ങൾ പാടുന്നവർ, ചിലങ്കകൾ അർപ്പിക്കുന്നവർ. ജീവിതത്തിന്റെ എല്ലാത്തരം സർഗാത്മകതയ്ക്കും ഒരു ആരംഭം! കണ്ണടച്ച് ഇരിക്കുമ്പോഴാണ് ശരിയായ അർച്ചന. ദീപാരാധനയ്ക്കുപോലും ഉപാസകരുടെ സംഗീതം മുറിയരുതെന്ന് ദേവിക്ക്‌ ശാഠ്യമുണ്ടെന്ന് തോന്നുന്നു.
ഏകാന്തമായ ഭൂഭാഗവിസ്തൃതികളിൽ ജ്ഞാനം നിദ്രാണമായിരിക്കുന്നു. ലോകം മുഴുവൻ സൂക്ഷ്മവും സ്ഥൂലവുമായ അർഥത്തിൽ ജ്ഞാനദേവാലയങ്ങളാണ്. പ്രകൃതിതന്നെ ക്രിയാത്മകതയുടെ തട്ടകമാണ്. പ്രകൃതിയിൽ സ്ത്രൈണതയുടെ രൂപഭാവങ്ങൾ ദർശിക്കുന്ന ഇന്ത്യൻ സംസ്കൃതി, ജീവിതത്തിന്റെ എല്ലാ പൊടിപ്പുകൾക്കും സ്ത്രീഭാവമാണ് നൽകിയത്. പ്രാർഥനകൾ അങ്ങനെ സൃഷ്ട്യുന്മുഖതയുടെ സ്തോത്രമാലികയായി; കലാത്മിക, കലാനാഥ, കാവ്യാലാപവിനോദിനി...
ജലരാശികളുടെ പ്രദക്ഷിണമില്ലാതെ ഒരു ജ്ഞാനക്ഷേത്രം ഉണ്ടാവില്ല. സൗപർണികയിൽ മുങ്ങിപ്പൊങ്ങുമ്പോൾ തണുപ്പ്. തണുപ്പകറ്റാൻ പണ്ടെങ്ങോ കുറിച്ച ഒരു പാട്ട് ഉറക്കെ പാടി: ‘നഗ്‌നം ശുദ്ധം നരജന്മം/തൃപ്തം പ്രസാദം വിഹായസ്സ്/വരണ്ട ചർമത്തിൻ ഉറയൂരൽ/സ്നിഗ്ധം ശുദ്ധം...’ വെറുതേ ആകാശത്തേക്ക് നോക്കി കിടന്നു. ജ്ഞാനത്തിന്റെ ആകാശം തുറന്ന്  ഒരു പ്രാവ് മൂർധാവിൽ ഇരുന്ന് ശാന്തി, ശാന്തി എന്ന് കുറുകേണമേ..
സൂസൻ സൊൻടാഗിന്റെ ലേഖനം പോലെ Aesthetics of Silence നിശ്ശബ്ദതയുടെ ലാവണ്യശാസ്ത്രം പഠിപ്പിക്കുന്ന ഈ കുടകുശിഖകളിൽ മിഴിയടച്ചാൽ ഏതൊരാൾക്കും കന്യാവനങ്ങളിൽനിന്നെവിടെനിന്നോ വാഗ്‌ദേവതയുടെ ചിലങ്കകളുടെ ശബ്ദം കേൾക്കാം.