എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് ബിരുദധാരിയായ സെബിൻ എന്ന കോട്ടയത്തുകാരൻ കാനഡയിലേക്കു പറക്കാനൊരുങ്ങിനിൽക്കേ ഒരു നേരമ്പോക്കിനായാണ് ചൂണ്ടയിട്ട് മീൻപിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്. മികച്ച പ്രതികരണം കിട്ടിയപ്പോൾ മനസ്സിൽ ഒരു ലഡു പൊട്ടി. അന്നു മിന്നിയ ആശയം കോട്ടയം കുടമാളൂർ പുളിക്കൽ വീട്ടിൽ സെബിൻ സിറിയക്കിനെ ഒന്നരവർഷത്തിനിപ്പുറം കാനഡയിലേക്കുള്ള പോക്ക് റദ്ദാക്കുന്നതിൽവരെയെത്തിച്ചു. മൂന്നു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള ‘ഫിഷിങ് ഫ്രീക്‌സ്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥനാണ് ഇന്ന് സെബിൻ.

കുളങ്ങളും തോടുകളും പുഴകളും നീർച്ചാലുകളുമൊക്കെ അപ്രത്യക്ഷമാകുന്ന വർത്തമാനകാലത്ത് ഒരു വിനോദത്തിനപ്പുറം ചൂണ്ടയിടലിനെ സമീപിക്കുകയാണ് സെബിൻ. ചേറുമീൻ, വരാൽ, വാള തുടങ്ങി കേരളത്തിലെ വിവിധയിനം മീനുകളെ എങ്ങനെ ചൂണ്ടയിട്ട് പിടിക്കാമെന്നതാണ് സെബിൻ തന്റെ വീഡിയോകളിൽ പങ്കുവെക്കുന്നത്. വീഡിയോയ്ക്കായി കേരളത്തിലങ്ങോളമിങ്ങോളവും മുംബൈയിലെ വിവിധ പ്രദേശങ്ങളിലും ചൂണ്ടക്കാരനായി ഇതിനോടകം യാത്രചെയ്തുകഴിഞ്ഞു സെബിൻ.

fishing

വിശാലമായ വയലോരത്തെ വീട്. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ചൂണ്ടയിട്ടും കളിച്ചുതിമിർത്തും നടന്ന ബാല്യം. എം.എസ്‌സി. കഴിഞ്ഞ് നാട്ടിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ.ഇ.എൽ.ടി.എസിന് ക്ലാസെടുക്കാറുണ്ടായിരുന്നു സെബിൻ. യു.എസിലുള്ള മൂത്ത ജ്യേഷ്ഠൻ സിജോയെപ്പോലെ വിദേശത്തേക്കു പറക്കാനായിരുന്നു മോഹം. ഇടയ്ക്ക് ചില ഹോട്ടലുകളിലും മറ്റും പെയിന്റിങ്-ഗ്രാഫിക്കൽ പണികൾ ചെയ്യാനും പോകും. ഗ്രാഫിക്കൽ ജോലികളുടെ ചിത്രമെടുപ്പിനായാണ് ഒരിക്കലൊരു ക്യാമറ വാങ്ങുന്നത്. ക്യാമറ കിട്ടിയപ്പോൾ പലതും പകർത്താൻ മോഹം. അങ്ങനെയാണ് ഒരിക്കൽ ചൂണ്ടയിടുന്ന വീഡിയോ പകർത്തുന്നത്. കണ്ടവർ കണ്ടവർ മികച്ച പ്രതികരണമറിയിച്ചപ്പോൾ ചൂണ്ടയിടീലിന്റെ വിവിധവശങ്ങൾ മറ്റുള്ളവരെ അറിയിക്കാനായി പിന്നീടുള്ള ശ്രമം. അങ്ങനെയാണ് ഒന്നരവർഷം മുമ്പ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ഇപ്പോൾ ഫെയ്‌സ്‌ബുക്കിലും സെബിൻ ഹിറ്റ്. 
 

എ മുതൽ സെഡ് വരെ
മുളവടിയിൽ നൂലും ചൂണ്ടയും കെട്ടിയുള്ളത്, വടി ഉപയോഗിക്കാതെ നൂല് കൈയിൽ പിടിച്ചുള്ള കൈച്ചൂണ്ട, നൂലും ചൂണ്ടയും വെള്ളത്തിൽ നിക്ഷേപിച്ച് ഒരു രാത്രികഴിഞ്ഞ് പിറ്റേന്ന് വന്നുനോക്കുന്നത്, റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാവുന്ന കളിബോട്ടിൽ ചൂണ്ടകൊരുത്തുള്ള മീൻപിടിത്തം തുടങ്ങി ചൂണ്ടയിടീലിലെ വൈവിധ്യത്തിന്റെ ഗവേഷണത്തിലാണ് സെബിനെന്നു പറയാം. നാടൻശൈലിയിലുള്ള മീൻപിടിത്തം മുതൽ റോഡും റീലും വെച്ചുള്ള, കൃത്രിമ തവള, മീൻ പോലുള്ള ഇരകളെ ഉപയോഗിച്ചുള്ള മീൻപിടിത്തംവരെയുണ്ട് സെബിന്റെ വഴിയിൽ. കുളം, തോട്, പുഴ, കായൽ, അഴിമുഖം തുടങ്ങിയ മേഖലകളിൽ ചൂണ്ടകൊരുക്കുന്നു സെബിൻ. എല്ലാം തലയിലോ സെൽഫി സ്റ്റിക്കിലോ ഉള്ള ക്യാമറയിൽ പകർത്തും. എഡിറ്റ് ചെയ്ത് ചാനലിലൂടെ പങ്കുവെക്കും. ആഴ്ചയിൽ രണ്ടുതവണയാണ് ചാനലിലൂടെയുള്ള വീഡിയോ റിലീസിങ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക്. 
വെറും ചൂണ്ടയിടൽ വീഡിയോകൾ മാത്രമല്ല സെബിന്റേത്. പിടിക്കുന്ന മീനിന്റെ പ്രത്യേകതകൾ, ചൂണ്ടയിൽ കുരുങ്ങി കരയ്‌ക്കെത്തിച്ചാൽ അതിനെ എങ്ങനെ പിടിക്കണം, ഏതു മീനിന് ഏതുതരം ഇര കൊരുക്കണം, അത് എവിടെനിന്നെല്ലാം വാങ്ങാം തുടങ്ങിയവയെല്ലാം സെബിൻ പറഞ്ഞുതരുന്നു. 
ആവശ്യക്കാരുടെ ആഗ്രഹങ്ങളനുസരിച്ചുള്ള വീഡിയോകളാണ് അധികവും പകർത്തുന്നത്. മറ്റുള്ളവർ മീൻപിടിക്കുന്ന, താൻ വെറും കാഴ്ചക്കാരനാവുന്ന ചില വീഡിയോകളും സെബിൻ പങ്കുവെക്കാറുണ്ട്. 
 

കുടുംബംതന്നെ ശക്തി
പപ്പ സിറിയക് ജോർജും മമ്മി മേരിക്കുട്ടിയും തന്നെയാണ് സെബിന്റെ ചൂണ്ടയിടലിലെയും വഴികാട്ടികൾ. നമ്മൾ എന്തുതന്നെ ചെയ്താലും അതിൽ നമ്മുടെ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാൽ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുമെന്നാണ് സെബിന്റെ കാഴ്ചപ്പാട്. ഇത് അവരുമായി തുറന്നുസംസാരിക്കാനുള്ള അവസരമൊരുക്കുമെന്ന് സെബിൻ കരുതുന്നു. സെബിന്റെ വീഡിയോകൾ കാണുന്നവർക്ക് സെബിനെപ്പോലെത്തന്നെ കുടുംബാംഗങ്ങളെയും അത്രമേൽ പരിചിതമായിരിക്കും. അവരില്ലാത്ത വീഡിയോകൾ ഇല്ലെന്നുതന്നെ പറയാം. അവരുമൊത്തുള്ള ചൂണ്ടയിടീൽ രംഗങ്ങളും വീഡിയോകളിൽ കടന്നുവരാറുണ്ട്. പിടിച്ചുകൊണ്ടുവരുന്ന മീൻ വീട്ടിൽ കൊണ്ടുവന്ന് കറിവെക്കുന്ന രംഗങ്ങളും കാണിക്കും. മമ്മി മീൻ നന്നാക്കുന്നതും കുടുംബാംഗങ്ങളോടൊപ്പം അത് പങ്കിട്ടുകഴിക്കുന്നതിലുമായിരിക്കും മിക്ക വീഡിയോകളും അവസാനിക്കുക. മറ്റൊരു സഹോദരൻ ജിനോ കുടുംബവുമൊത്ത് മുംബൈയിലാണ്. അവർവഴിയാണ് ചൂണ്ടയുമായി സെബിൻ മുംബൈയിലെത്തുന്നത്. തന്റെ വീഡിയോകൾകണ്ട് കുടുംബാംഗങ്ങളെക്കൂട്ടി മീൻപിടിക്കാൻ പോയ അനുഭവങ്ങൾ പലരും പങ്കുവെക്കുമ്പോൾ സെബിന് സന്തോഷംമാത്രം. മൂത്ത ജ്യേഷ്ഠൻ സിജോ അയച്ചുതന്ന, കാനഡയിലെ ഗണറാസ്‌ക നദിയിലെ സാൽമൺ മീനുകളെ ചൂണ്ടയിട്ടുപിടിക്കുന്ന അപൂർവ വീഡിയോയാണ് സെബിന്റെ ഹിറ്റ് ചാർട്ടിലെ മുൻനിരയിലുള്ള ഒന്ന്. 
 

പ്ലാസ്റ്റിക്കിനെതിരേ 
പുഴത്തീരത്തും കടൽക്കരയിലുമൊക്കെ ചൂണ്ടയിടാൻ പോയിട്ടുള്ളതുകൊണ്ട് നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് എത്രമാത്രം വില്ലനാണെന്ന് സെബിന് നന്നായറിയാം. പോകുന്ന സ്ഥലങ്ങളിലൊന്നും പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ വലിച്ചെറിയില്ല എന്ന തീരുമാനമെടുത്തിട്ടുണ്ട് സെബിൻ. ഈ സന്ദേശം തന്റെ മിക്ക വീഡിയോകളിലും പങ്കുവെക്കുകയും ചെയ്യുന്നു.  
 

fishing

എല്ലാ മീനും പിടിക്കാനുള്ളതല്ല
എല്ലാ മീനും പിടിക്കാനുള്ളതല്ല എന്നതാണ് സെബിൻ പങ്കുവെക്കുന്ന മറ്റൊരു സന്ദേശം. വളർന്നുവലുതാകുന്ന ഇനം മീനുകളിലെ ചെറിയവ ചൂണ്ടയിൽ കുടുങ്ങിയാൽ സെബിൻ അവയെ തിരിച്ചു വെള്ളത്തിലേക്കുതന്നെ വിടും. അവ വളർന്ന് വലുതായാലേ നമുക്ക് ഭാവിയിൽ പിടിക്കാൻ മീനുണ്ടാകൂ. ഇത് മീനുകളുടെ വംശനാശം തടയാനും സഹായിക്കും. ടി.വി.യിലും മൊബൈലിലും കുരുങ്ങിപ്പോയ ബാല്യങ്ങളെ വീടിനു പുറത്തിറക്കാനും ചൂണ്ട സഹായിക്കും.

മീനുകളെപ്പറ്റി സെബിൻ
കുറച്ചുകാലത്തെ അനുഭവപരിചയത്തിനിടെ മീനുകളെപ്പറ്റി സെബിൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ശുദ്ധജല മത്സ്യങ്ങളിൽ വാക, വരാൽ, ചേറുമീൻ(പ്രാദേശികമായി പേരുവ്യത്യാസമുണ്ടാകാം) തുടങ്ങിയവയ്ക്ക് ചില പ്രത്യേകതകളുണ്ട്. വെള്ളത്തിന്റെ ഒരു പ്രത്യേക പ്രദേശത്തു മാത്രം വസിക്കുന്നവയാണിവ. വായിലൊതുങ്ങുന്ന ഏതുതരം തീറ്റയും ഇവരകത്താക്കും. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തേക്കു വരുന്ന കടന്നുകയറ്റക്കാരെ ഇവർ ആക്രമിക്കും. ഇടയ്ക്കിടെ ജലോപരിതലത്തിൽ വന്ന് വായു അകത്തേക്കെടുക്കുന്നവയാണിവ. മറ്റിനം മീനുകളെക്കാൾ കൂടുതൽ സമയം ഇവയ്ക്ക് കരയിൽ അതിജീവിക്കാനാവും. ഒരിക്കൽ ഒരു സ്ഥലത്തുനിന്ന് ഇത്തരത്തിലൊരു മീൻ ചൂണ്ടയിൽ കുടുങ്ങുകയും എന്നാൽ രക്ഷപ്പെടുകയും ചെയ്‌തെന്നിരിക്കട്ടെ. ദിവസങ്ങൾക്കുശേഷം അതേ സ്ഥലത്തുചെന്നാൽ അവയെ പിടിക്കാൻ പറ്റുമെന്നാണ് സെബിൻ പറയുന്നത്.

fishing

ഇവ വസിക്കുന്ന പ്രദേശത്ത് സമാനമായ മറ്റിനം മീനുകളെ കാണാൻ പറ്റില്ല. ഉണ്ടെങ്കിൽത്തന്നെ ഇവയുടെ പങ്കാളികളായ മീനോ അല്ലെങ്കിൽ ഇവയുടെ മുട്ട വിരിഞ്ഞുണ്ടായവയോ ആയിരിക്കും. മറ്റിനം മീനുകൾ തീറ്റയുടെ ലഭ്യതയോ വെള്ളത്തിന്റെ ഏറ്റക്കുറച്ചിലോ അനുസരിച്ച് സ്ഥലംമാറുന്നവയാണ്. വാകപോലുള്ള മീനുകൾ ജലോപരിതലത്തിനോടനുബന്ധിച്ചാണ് വസിക്കുന്നതെങ്കിൽ ആറ്റുവാള പോലുള്ള മീനുകൾ അടിത്തട്ടിൽ വസിക്കുന്നവയാണ്. ഇതിനെ പിടിക്കാൻ പ്രത്യേക രീതിതന്നെ പ്രയോഗിക്കണം. നദിയിൽ ആഴമുള്ള, നിശ്ശബ്ദമായ സ്ഥലങ്ങളിലാണ് ഇവയുണ്ടാകുക. ഭാരമുള്ള, ആഴങ്ങളിലേക്കെത്താൻ പറ്റിയ ഇര വേണം ഇവയെ പിടിക്കാൻ.