എത്രദൂരം ലോകത്തിന്റെ വിശാലതയിലൂടെ യാത്രപോയാലും എം.ടി. എന്ന എഴുത്തുകാരൻ ഓരോതവണയും
അടക്കാനാവാത്ത അഭിനിവേശത്തോടെ സ്വന്തംഗ്രാമമായ കൂടല്ലൂരിലേക്ക് തിരിച്ചെത്തുന്നു. ഈ മണ്ണിലെ പുഴയെയും പൂക്കളെയും മനുഷ്യരെയും അവരുടെ കഥകളെയും തേടി; തന്റെതന്നെ ആത്മാവിലെ കഥാശാല തേടി...
കഥാകാരൻ എഴുതിയ വാക്കുകൾ ഓർത്തുകൊണ്ട് കൂടല്ലൂരിൽ അദ്ദേഹത്തെ പിന്തുടർന്നപ്പോൾ
ഇന്നലെ കഴിഞ്ഞപോലെ തോന്നുന്ന ബാല്യം എത്ര അകലെയാണെന്ന് ഇപ്പോൾ ഓർത്തുപോകുന്നു. വീടിനുപിന്നിലുള്ള താന്നിക്കുന്നിന്റെ ചെരുവിൽ കഥയും കവിതയും ആലോചിച്ചുകൊണ്ട് നടന്ന ദിവസങ്ങൾ. അന്ന് ഒരു കുട്ടിക്ക് കൂട്ടുകാരില്ലാതെ തനിയെ കളിക്കാവുന്ന ഒരു വിനോദമായിരുന്നു അത്. മനസ്സിൽ വാക്കുകൾ ഉരുട്ടിക്കളിച്ച് അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കൽ. ദിവസവും എന്തെങ്കിലുമൊക്കെ കടലാസിൽ കുറിച്ചിടാൻ കഴിയുന്നു. വർഷങ്ങൾക്കുശേഷമാണ് ഞാൻ നാട്ടിൽ വരുന്നത്. അവിടം എനിക്കിഷ്ടമാണ്. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ അവിടത്തെ കുറെ മനുഷ്യർ എന്റെ മനസ്സിൽ കഥാപാത്രങ്ങളായവശേഷിക്കുന്നു
അയാൾ അമ്മയെപ്പറ്റി ഓർത്തു. ആ കൊന്നമരത്തിന്റെ താഴെയാണ് അമ്മയെ മറവുചെയ്തത്. കോലായിൽ കാൽനീട്ടിയിരുന്നു മുറുക്കി, തോടയിട്ടുഞാന്ന ചെവിക്കുമീതെ മുടിയിൽ വിരലുകൾ ഞാവിയിരിക്കുന്ന അമ്മയുടെ രൂപം ഈ രാത്രികളിൽ അയാൾ ഓർക്കാറുണ്ട്. അമ്മയെപ്പറ്റി ഓർക്കുമ്പോൾ ഏറ്റവും വ്യക്തമായി മനസ്സിൽ തെളിയുന്നത് ഒരുറുപ്പികയുടെ കാര്യമാണ്. സ്നേഹത്തിന്റെ വേദനയെന്തെന്ന് അനുഭവിച്ചറിഞ്ഞ അയാൾ ആദ്യമായി കരഞ്ഞത് അന്നാണ്. അമ്മ മദിരാശിക്കു പോകുന്നുവെന്ന് കമ്പികിട്ടി. രാഘവേട്ടനാണ് കമ്പിയടിച്ചിരുന്നത്. വണ്ടിയുടെ സമയം കുറിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ നിന്നു. ഉച്ചവെയിലത്തും മലനിരകളിൽനിന്നുള്ള തണുപ്പുള്ള കാറ്റ് അവിടെ വീശിക്കൊണ്ടിരിക്കും. വണ്ടിവന്നു. രണ്ടാം ക്ലാസ്‌മുറിയുടെ ജാലകത്തിനടുത്ത് അമ്മയുടെ മുഖം കണ്ടു. എതിരേ രാഘവേട്ടനിരിക്കുന്നു. സീറ്റിൽ ചുവന്ന ജമുക്കാളം വിരിച്ചിട്ടുണ്ട്. അമ്മ ചാഞ്ഞിരിക്കുകയാണ്. രോഗത്തിന്റെ ക്ഷീണവും വേദനയും മുഴുവൻ മുഖത്ത് കാണാം. ‘ഇന്നാപ്പീസില്ലേ നെനക്ക്?’ ‘ഉണ്ട്.’ രാഘവനും ചന്ദ്രനും ഉണ്ണിക്കും ഒരുപോലെ ആപ്പീസുണ്ട് എന്നുമാത്രമേ അമ്മയ്ക്കറിയൂ. വണ്ടിയുടെ ഇരുമ്പഴികൾ പിടിച്ചുകൊണ്ടുനിന്നു. രാഘവേട്ടൻ മദിരാശിയിലെ കാര്യം പറഞ്ഞ് പലർക്കും നേരത്തേ എഴുതിയിട്ടുണ്ട്. ബുദ്ധിമുട്ടുണ്ടാവില്ല. റേഡിയം ചികിത്സകൊണ്ട് ഈ രോഗം ഭേദപ്പെടാറുണ്ട്. അയാൾ കേമനായ ഡോക്ടറാണ്. അമ്മയ്ക്ക് അധികം സംസാരിക്കാൻ വയ്യ. ക്ഷീണിച്ച മുഖത്തെ വേദന നിഴലിക്കുന്ന കണ്ണുകൾ തന്നെ തൊട്ടുഴിയുകയായിരുന്നു. രാഘവേട്ടൻ പുറത്തിറങ്ങി. ഇംഗ്ലീഷു പുസ്തകങ്ങൾ നിരത്തിവെച്ച സ്റ്റാളിനുമുമ്പിലേക്ക് നടന്നു.
‘ഉണ്ണീ നിനക്ക് പണിണ്ടെങ്കിൽ പോയ്ക്കോ’. ‘പണിയൊന്നൂല്ല!’ അല്പം കഴിഞ്ഞപ്പോൾ ചോദിച്ചു: ‘അമ്മയ്ക്ക് ചായയോ കാപ്യോ മറ്റോ വേണോ?’ ‘ഒന്നും വേണ്ട. നീയാ വെയിലത്തങ്ങനെ നിക്കണ്ട. അകത്തുവന്നിരുന്നോ വണ്ട്യെളക്ണവരെ.’
‘വേണ്ട, സാരല്യ.’ ‘ മദിരാശീന്ന് ഇന്യെന്നാണാവോ - ദൈവം കണ്ടു.’ എന്തെങ്കിലുമൊക്കെ പറയണമെന്നുണ്ടായിരുന്നു, സമാധാനിപ്പിക്കാൻ. റേഡിയം ചികിത്സകൊണ്ട് സുഖമാകും. ഈ രോഗം അത്ര ഭയങ്കരമൊന്നുമല്ല. ഒന്നും പറഞ്ഞില്ല. ആകെ തളർന്നുപോയിരുന്നു.
അമ്മ വേഷ്ടിയുടെ തുമ്പഴിക്കുന്നതു കണ്ടു. കൈ നീട്ടിയപ്പോൾ വാങ്ങി. ഒരു വെള്ളിയുറപ്പിക. ‘എന്തിനാമ്മേ?’
‘ഉണ്ണി വെച്ചോ. എന്തെങ്കിലും ആവശ്യണ്ടാവും.’
വർഷങ്ങൾ തന്നിൽനിന്ന് കൊഴിഞ്ഞുവീണപോലെ തോന്നി. കാൽപ്പെട്ടിയുടെ സമീപത്ത് വിരലുകൾ ഞൊടിച്ചുകൊണ്ടുനിൽക്കുന്ന ഒരു ചെറുക്കനാണിപ്പോൾ. വള്ളിവെച്ച ട്രൗസറിട്ട, പാറിപ്പറക്കുന്ന മുടി നെറ്റിയിലേക്കു വീണുകിടക്കുന്ന ഒരു ചെറുക്കൻ. വണ്ടി നീങ്ങുമ്പോൾ ജാലകത്തിലെ ഇരുമ്പഴികളിലൂടെ വെളുപ്പും കറുപ്പും കലർന്ന മുടിച്ചുരുളകൾ പാറുന്നു. അമ്മ മരിച്ചു.
കർക്കടകത്തിൽ പുഴ നിറഞ്ഞൊഴുകുകയായിരുന്നു. വലിയ തമലയിൽ പാലുമായി അവർ രാവിലെ കടവത്ത് എത്തിയപ്പോൾ തോണിക്കാരൻ പറഞ്ഞു: ‘‘പുഴ ഇരുകരയും മുട്ടി നിക്ക്വാണ്. തോണി വിലങ്ങില്ല.’’ വെള്ളം താഴുമോ, തോണി എടുക്കാൻ പറ്റുമോ എന്നറിയാതെ അവർ വൈകുന്നേരംവരെ കാത്തിരുന്നു. സന്ധ്യയായപ്പോൾ ‘‘ഇന്ന് അമ്പലത്തിലെ ചോറില്ല മക്കളെ’’ എന്നു പറഞ്ഞ് കരയുന്ന കുട്ടികളെ സമാധാനിപ്പിച്ച് അവർ പാലുകാച്ചി കുട്ടികൾക്കു കൊടുത്തു. പിന്നെ അവരെ കിടത്തി. മഴ തുടർന്നുകൊണ്ടേയിരുന്നു. രാത്രി കുറെയേറെ ചെന്നപ്പോൾ ഉമ്മറവാതിൽക്കൽ ആരോ വന്നു മുട്ടി. അവർ ചിമ്മിനിവിളക്കു കത്തിച്ച് പതുക്കെവന്ന് വാതിൽ തുറന്നു. ഇരുട്ടിൽ ആരോ നിൽക്കുന്നതുകണ്ടു. ഇലയിട്ടു മൂടിയ ചെറിയ ഉരുളി അകത്തേക്കു നീട്ടി. ‘‘ഇത് കുട്ടികളെ ഉണർത്തി കൊടുക്കൂ.’’ അവർ പാത്രം വാങ്ങി അകത്തുവന്ന് കുട്ടികളെ വിളിച്ചുണർത്തി. കലത്തിലെ ചോറ് മാറ്റിയിട്ട് പാത്രവുമായി ഉമ്മറത്തേക്കു വന്നപ്പോൾ ആരെയും കണ്ടില്ല. പിറ്റേന്ന് മഴ മാറിയശേഷം അമ്പലത്തിലെത്തുമ്പോഴാണ് ഉരുളി അമ്പലത്തിലെയായിരുന്നു എന്നു മനസ്സിലാവുന്നത്.‘‘ചോറ് കൊണ്ടന്നുതന്നത് അമ്മതന്നെയായിരുന്നു. ആ അമ്മ തന്നെയാണ് ഇന്നും നമ്മടെ മച്ചില്.’’
അച്ഛൻ മുമ്പ് വരുമ്പോൾ പെട്ടികളിൽ നിറയെ തുണിത്തരങ്ങളുണ്ടാകും. ബന്ധുക്കളും അയൽക്കാരുമായ പലരും വരും. പെട്ടി തുറക്കുന്നത് വലിയ സംഭവമായിരുന്നുവേത്ര. ഓരോന്നു പുറത്തെടുത്ത് അതിന്റെ ഗുണങ്ങൾ വിവരിക്കുമ്പോഴേക്ക് ആവശ്യക്കാർ പലരും കൈനീട്ടും. അച്ഛൻ വിതരണം ചെയ്യും. ഈ പഴയ കഥകൾ ഞാൻ കേട്ടതാണ്. മുമ്പത്തെ വരവുകൾ എനിക്ക് ഓർമയില്ല. വരുന്നു എന്ന വിവരം ഇക്കുറി കിട്ടിയതുമുതൽ വീട്ടുകാരും ബന്ധുക്കളും കാത്തിരിക്കുകയാണ്. പള്ളിപ്പുറം സ്റ്റേഷനിലേക്ക് മൂന്ന് കൂലിക്കാരെ അയച്ചിരുന്നു. മുകളിലേക്കുള്ള കുന്നിൻചെരുവിലെ ഉറുണിയൻ മാവിന്റെ മാങ്ങ പൊട്ടിച്ചുപിഴിഞ്ഞ് സത്തുണ്ടാക്കുന്ന തിരക്കിലാണ് കൂർത്തവളപ്പിൽ കുട്ടേട്ടൻ. വന്നുകയറുമ്പോൾ കുടിക്കാനെന്തെങ്കിലും കൊടുക്കണ്ടേ. അച്ഛൻ വന്നത് അവിടെ കൂടെ ജോലി ചെയ്യുന്ന രണ്ടുമൂന്ന് സഹായികളുമായിട്ടാണ്. അവരെല്ലാം ഞങ്ങളുടെ സ്വന്തക്കാരുമാണ്. അച്ഛൻ ജോലിയാക്കിക്കൊടുത്തവർ, കൂടെ ഒരു പെൺകുട്ടിയും. ബോംബ് വീണപ്പോൾ മരിച്ച ഒരു സ്വന്തക്കാരന്റെ വീട്ടിലെ കുട്ടിയാണെന്നാണ് ആദ്യം പറഞ്ഞത്. അന്ന് സന്ധ്യയ്ക്കാണ് ഈ പരിചാരകരിലൊരാൾ അത് അച്ഛന്റെ കുട്ടി തന്നെയാണ് എന്ന് ആരോടോ സ്വകാര്യം പറഞ്ഞത്. അന്നു രാത്രിയിലാണ് അച്ഛനും അമ്മയും തമ്മിൽ കലാപം ഉണ്ടായത്. അത് ഞാൻ ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന കഥയിൽ എഴുതിയിട്ടുണ്ട്
ഓണത്തിനും വിഷുവിനും കൂടല്ലൂരിൽ തറവാട്ട് വീട്ടിൽപോകുന്നത് മുമ്പ് പതിവായിരുന്നു. ഓപ്പുവിനും (ജ്യേഷ്ഠത്തി അമ്മ) അത് നിർബന്ധമായിരുന്നു. വല്യേട്ടൻ ഉള്ള കാലമാണ്. മക്കളും മക്കളുടെ മക്കളുമായി എല്ലാവരും എത്തുന്നത് വല്യേട്ടനും സന്തോഷമുള്ള കാര്യമായിരുന്നു. കോഴിക്കോട്ടുനിന്ന് ഞങ്ങളും ഒരു ദിവസമെങ്കിലും അവിടെ എത്തും. വടക്കേതളത്തിൽ എല്ലാവരും ചേർന്ന് ഉണ്ണാനിരിക്കുന്നത് ഒരു പതിവാണ്. ചെറിയതോതിൽ സദ്യ. വല്യേട്ടനും ഓപ്പുവിനും അതൊരു വലിയ ആഘോഷമാണ്. കുട്ടികളുടെ ഒക്കെ പേര് തെറ്റാതെ ഓർമിക്കാൻ ഞാൻ ശ്രമിച്ചിരുന്നു
ഭാരതപ്പുഴയോടു തൊട്ട് ഒരു കഷണം സ്ഥലം വാങ്ങി ചെറിയൊരു കോട്ടേജുണ്ടാക്കിയത് -പത്തൊമ്പത് വർഷം മുമ്പാണത്- പുഴ കണ്ടുകൊണ്ടിരിക്കാനായിരുന്നു. രണ്ടു മുറിയിൽനിന്നും പുറത്തേക്ക് തിണ്ണകൾ വേണം. രണ്ടുമൂന്ന് കസേരകളിടാൻ സൗകര്യംവേണം. മുകളിൽനിന്നു തൂക്കുവിളക്ക്. എന്റെ ഇത്തിരി സ്ഥലത്തിനും പുഴയ്ക്കുമിടയിൽ റോഡ് മാത്രമേയുള്ളൂ. പുറംതിണ്ണയിലിരുന്നാലും തോട്ടത്തിൽ നിന്നാലും പുഴ കാണാം. പുറത്തുനിന്നുവന്ന പല എഴുത്തുകാരെയും ഗ്രാമവും പുഴയും കാണിക്കാൻ അവിടേക്കു കൊണ്ടുവന്നു. ഹോട്ടൽമുറി വേണ്ട. അവിടെ താമസിക്കാം എന്നു ചിലർ ശഠിച്ചു പറഞ്ഞു. ചിലർ പുഴവക്കത്തുനിന്ന് ഫോട്ടോകളെടുപ്പിച്ചു. പിന്നിൽ വയൽ. മുന്നിൽ പുഴ. വയലിൽനിന്ന് ഇളംതണുപ്പുള്ള കാറ്റ് ഏതു വേനലിലും വെയിൽ മങ്ങുന്നതോടെ നാട്ടുവിശേഷം പറഞ്ഞുകൊണ്ട് കയറിവരും.
സംശയിച്ചുകൊണ്ട് ഉമ്മറവാതിൽ അല്പം തുറന്നു. അപ്പോൾ കോലായിൽ നനഞ്ഞുകുതിർന്ന് ആമിനുമ്മ തൊപ്പിക്കുടയും റാന്തലുമായി നിൽക്കുന്നു. ‘പാറുട്ട്യമ്മേ, കഷ്ടത്തിലായീലോ.’‘എന്താ, ഉമ്മാ?’ ആമിനുമ്മയുടെ ദേഹത്തുനിന്ന് വെള്ളം കോലായിൽ ഇറ്റുവീഴുന്നുണ്ട്. അവർ കിതയ്ക്കുന്നുണ്ട്. കരയുന്നുമുണ്ട്. ‘ഇപ്പളേ മാപ്‌ള കൂര്വോയീന്ന് ബന്നത്. നെരത്ത് പ്പോ പൊട്ടും. ബേം ഒയിച്ചു പോണം.’ ‘എവടയ്ക്കാ പൂവ്വാ, ഉമ്മാ?’ ‘എബ്ട്‌ക്കെങ്കിലും. കുന്നുംപൊറത്ത് ആരടെങ്കിലും കുടീലിക്ക് പൂവ്വാം. ന്റെ കുട്ട്യോള്ണ്ട് സാമാനൊക്കെ കെട്ട്ണ്. കോയേ്്യ്യ്യാളേം ആട്വോളേം എന്താ ചെയ്യ്‌ാന്നാ വിചാരം’
പീടികകളിൽ വിളക്കുകത്താൻ തുടങ്ങിയിരിക്കുന്നു. മിക്കതും മുനിയുന്ന പതിന്നാലാം നമ്പർ വിളക്കുകളാണ്. യൂസുപ്പിന്റെ പീടികയിൽ മാത്രമേ പെട്രോമാക്‌സ് വിളക്കുള്ളൂ. അതാണ് ഗ്രാമത്തിലെ വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വിൽപ്പനയ്ക്ക് വെയ്ക്കാറുള്ളൂ. പുതുതായി പട്ടാമ്പിയിൽനിന്ന് ഒരു തുന്നൽക്കാരൻ വന്നിട്ടുണ്ട്. കൂടല്ലൂരിലെ ആദ്യത്തെ തുന്നൽക്കാരനാണ്. അവൻ മെഷീൻവെച്ചു തുന്നാനിരിക്കുന്നതും യൂസുപ്പിന്റെ പീടികയിലാണ്. യൂസുപ്പിന്റെ പീടികയിൽ പോകുന്നത് അപ്പുണ്ണിക്കിഷ്ടമാണ്. കൂട്ടത്തിൽ തുന്നുന്നതും കാണാമല്ലോ. സൂചി കടകടയെന്നു ശബ്ദിച്ചുകൊണ്ടു ധൃതിയിൽ താണുപൊങ്ങുന്നതും വർണമുള്ള തുണികൾ ചുരുൾചുരുളായി വരുന്നതും കാണേണ്ട ഒരു കാഴ്ചയാണ്.
പൂമുറ്റത്ത് ഒരു നിമിഷം അയാൾ സംശയിച്ചുനിന്നു. നെന്മണികൾ മുഴുവൻ കൊഴിഞ്ഞുപോയ ആ കതിർക്കുല തൂങ്ങിനിൽക്കുന്നത്
അയാൾ ശ്രദ്ധിച്ചു. സമൃദ്ധി വഴിഞ്ഞുനിന്നിരുന്ന ആ കതിർക്കുലയിൽനിന്ന് വീണുപോയത് നെന്മണികളല്ല വർഷങ്ങളാണ്.
തൂങ്ങിനിൽക്കുന്ന ആ ശുഷ്കമായ വസ്തു ഒരു കതിർക്കുലയുടെ അസ്ഥികൂടം മാത്രമല്ല... അയാൾ ഒതുക്കുകളിറങ്ങി.
പടിക്കൽനിന്ന് അയാൾ തിരിഞ്ഞുനോക്കി. കയ്യാലയ്ക്ക് പിറകിൽ സർപ്പക്കാവിനപ്പുറത്തെ കൊന്നമരം അവിടെനിന്നു കാണില്ല
അടുത്തകൊല്ലവും ഞാൻ വരും. എനിക്കതിൽ വിശ്വാസമില്ല. എങ്കിലും, അമ്മേ ഞാൻ വരുന്നു...