മക്കളേ,
അലസതയും ആത്മവിശ്വാസമില്ലായ്മയും സ്ഥിരോത്സാഹത്തിന്റെ കുറവുമാണ് കർമരംഗങ്ങളിൽ വിജയംവരിക്കുന്നതിന് നമുക്കെല്ലാം തടസ്സമായിനിൽക്കുന്നത്. അലസതയും ആത്മവിശ്വാസക്കുറവും കാരണം ചിലർ പ്രയത്നം ചെയ്യാൻതന്നെ മടിക്കുന്നു. ചിലർ തുടക്കത്തിൽ നല്ലതുപോലെ പ്രയത്നിക്കുമെങ്കിലും ചെറിയ വിഘ്‌നങ്ങളോ പരാജയങ്ങളോ സംഭവിക്കുമ്പോൾ പെട്ടെന്ന് നിരാശരായി പിൻവാങ്ങുന്നു. ശരിയായ മനോഭാവത്തോടെ കർമം ചെയ്യേണ്ടത് വിജയപ്രാപ്തിക്ക് ആവശ്യമാണ്.
ഒരു ധനികൻ സന്ന്യസിക്കാൻ തീരുമാനിച്ച് ഹിമാലയത്തിലേക്ക് യാത്രയായി. അവിടെ ഒരു ആശ്രമത്തിൽ താമസിച്ച് ധ്യാനവും മറ്റു സാധനകളും അഭ്യസിച്ചു. മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഉദ്ദേശിച്ച ഫലം കിട്ടാതായപ്പോൾ സന്ന്യാസിക്ക് നിരാശയായി. ഇനിയും പ്രയത്നിച്ചതുകൊണ്ട് ഒരു ഫലവുമുണ്ടാകില്ലെന്നു കരുതി അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചു. യാത്രാമധ്യേ രാജധാനിയിലെത്തി. നേരം സന്ധ്യാസമയം. വലിയൊരു പന്തലിൽ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. പ്രശസ്തയായ ഒരു നർത്തകിയുടെ നൃത്തം നടക്കുകയാണ്. കുറച്ചുനേരം നൃത്തം കാണാമെന്നു കരുതി സന്ന്യാസി ആ പന്തലിൽ ഒരിടത്തിരുന്നു. നൃത്തം അവസാനിക്കുമ്പോൾ രാജാവ് നർത്തകിക്ക് സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്. ഏതോ കാരണവശാൽ അന്ന് രാജാവിന് സമയത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. നർത്തകി ക്ഷീണിച്ചിരുന്നെങ്കിലും രാജാവ് ഉടനെ വരുമെന്നു പ്രതീക്ഷിച്ച് നൃത്തം തുടർന്നു. രാജാവിന്റെ വരവ് വൈകുന്തോറും നർത്തകിയുടെ ക്ഷീണവും വർധിച്ചു. ഏതുനിമിഷവും തലകറങ്ങി വീഴാമെന്ന സ്ഥിതിയായി. എന്നിട്ടും രാജാവിന്റെ സമ്മാനം കൊതിച്ച നർത്തകി നൃത്തം തുടർന്നു. ഒടുവിൽ അർധരാത്രി അടുത്തപ്പോൾ രാജാവ് അവിടെയെത്തി. നർത്തകിയുടെ മികവിലും ക്ഷമയിലും പ്രീതനായ രാജാവ് അവൾ പ്രതീക്ഷിച്ചതിലും വളരെയധികം സ്വർണനായണങ്ങൾ നൽകി. ഇതുകണ്ട സന്ന്യാസി ചിന്തിച്ചു, ‘ഈ നർത്തകിയിൽനിന്ന് എനിക്ക് വളരെയധികം പഠിക്കാനുണ്ട്. തീരെ വയ്യാതായെങ്കിലും അവൾ നൃത്തം തുടർന്നു. ഒടുവിൽ വിജയം കൈവരിച്ചു. ഞാൻ ഇത്രപെട്ടെന്ന് സാധന ഉപേക്ഷിച്ചത് ശരിയായില്ല. ഹിമാലത്തിലേക്ക് തിരികെപ്പോയി പഴയതിലും ഉത്സാഹത്തോടെ ആധ്യാത്മികസാധന തുടരണം.’ ഇങ്ങനെ ചിന്തിച്ചുകൊണ്ട് അദ്ദേഹം ഹിമാലയത്തിലേക്ക് തിരികെപ്പോയി തപസ്സ് തുടർന്നു.
പിച്ചവെച്ചു നടക്കുന്ന ഒരു കൊച്ചുകുട്ടി എത്രയോ പ്രാവശ്യം നിലത്തുവീഴുന്നു. കുട്ടി ഉടനെ എഴുന്നേറ്റ് വീണ്ടും നടക്കാൻ ശ്രമിക്കുന്നു. എത്ര പ്രാവശ്യം കാൽതെറ്റി വീണാലും അവൻ ശ്രമം ഉപേക്ഷിക്കുന്നില്ല. വീഴ്ചയിൽ മുറിവോ ചതവോ വന്നാലും കുട്ടി ശ്രമം വിടുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിന്റെ ഫലമായി അവൻ നടക്കാൻ പഠിക്കുന്നു. കൊച്ചുകുട്ടികളുടെ ഈ മനസ്സാണ് നമ്മളും വളർത്തിയെടുക്കേണ്ടത്.
പരാജയങ്ങളുടെയും തടസ്സങ്ങളുടെയും മുമ്പിൽ തളരാതിരിക്കാനും ഉത്സാഹവും പ്രതീക്ഷയും നിലനിർത്താനും നമുക്കു കഴിയണം. ശരീരം തളർന്നാലും മനസ്സ് തളരാൻ ഒരിക്കലും അനുവദിക്കരുത്. എത്ര തടസ്സമുണ്ടായാലും ക്ഷമയോടെ, ധീരതയോടെ പ്രയത്നം തുടരുന്നവൻ മാത്രമേ വിജയംവരിക്കൂ.
-അമ്മ