നിശ്ശബ്ദവും ചലനരഹിതവുമായി മഴക്കാടുകളിലെ ചില കാത്തിരിപ്പുകളുണ്ട്. മണിക്കൂറോളം ഒരേനിലയിലുള്ള അത്തരം കാത്തിരിപ്പുകളിൽ ശരീരപേശികൾ അസ്വസ്ഥമാകുമെങ്കിലും പക്ഷികളുടെ കളകൂജനങ്ങളും കാട്ടുപൂക്കളുടെ സൗരഭ്യവും ചീവീടുകളുടെ ആരോഹണ അവരോഹണത്തിലുള്ള സിംഫണികളുമൊക്കെ ആ നിമിഷങ്ങളെ ലാവണ്യമുള്ളതാക്കിത്തീർക്കുന്നു. ഒരു ചെറുപക്ഷിക്കായുള്ള കാത്തിരിപ്പായിരുന്നു അത്. സ്വർണവർണങ്ങളാൽ രൂപകല്പനചെയ്തപോലെ അതിമനോഹരമായിരുന്നു ആ പക്ഷി. മേനിപ്പൊന്മാൻ, ചിണ്ണമുത്ത് പൊന്മാൻ, കുഞ്ഞൻപൊന്മാൻ എന്നൊക്കെ പേരുചൊല്ലി വിളിക്കുന്ന Orientel Dwarf Kingfisher (Black-backed kingfisher). ശാസ്ത്രനാമം Ceyx erithaca എന്നാണ്. പൊന്മാൻ വർഗത്തിലെ പേരിനെ അന്വർഥമാക്കുന്ന പക്ഷി. ഇരുപത്തിയഞ്ച് വർഷംമുമ്പ് (1990-92) മലക്കപ്പാറയ്ക്കു താഴെയുള്ള ആവകപ്പ മുതുവകുടിയിലെ കുഞ്ഞുങ്ങൾ ജീവനറ്റ ഇത്തരം ഒരു പക്ഷിയെ കൊണ്ടുവന്നു കാണിച്ചത് നിനവിലുണ്ട്. മൃദുലവും വർണശഭളവുമായ അതിന്റെ തൂവലുകളിൽ സ്പർശിച്ചത്... ഏത് പക്ഷിയായിരുന്നു അത്‌ എന്ന് പിന്നീട്‌ സെബാസ്റ്റ്യൻ മാഷാണ് പറഞ്ഞുതന്നത്. 

പത്തുവർഷംമുമ്പ് സാലിം അലി പക്ഷിസങ്കേതത്തിലെ (തട്ടേക്കാട്) ഗവേഷകനായ ഡോ. ആർ. സുഗതൻ മേനിപ്പൊന്മാന്റെ നിറംമങ്ങി പഴകിയ ഒരു ഫോട്ടോഗ്രാഫ് കാണിച്ചുതരികയും പുതിയൊരു ചിത്രം ലഭിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആരായുകയുമുണ്ടായി. പക്ഷിസങ്കേതത്തിലെ സുഹൃത്തും ഗൈഡുമായ റെജീവ് തട്ടേക്കാട് അഞ്ചുവർഷംമുമ്പ് ഈ പക്ഷിയെ പൂയ്യംകുട്ടിക്കുപോകുന്ന ഉരുളൻതണ്ണിഭാഗത്തെ വനത്തിൽ കണ്ടതായി അറിയിക്കുകയുണ്ടായി. മഴ പെയ്തൊഴിഞ്ഞ ഒരു പ്രഭാതമായിരുന്നു അത്. റെജീവിനൊപ്പം കാടിനകത്തളത്തിലുള്ള ക്ഷേത്രത്തിനരികിലേക്ക് നടക്കുമ്പോൾ പാദങ്ങൾവെക്കുന്ന ഇടമൊക്കെ അട്ടകൾ സജീവമായിരുന്നു. രക്തം ഊറ്റിക്കുടിക്കുന്ന അവയെ പിഴുതുകളയുമ്പോൾ റെജീവ് ഏതെങ്കിലും ഒരു പക്ഷിയെ ചൂണ്ടിക്കാണിക്കും. ഒടുവിൽ അട്ടകളെ അവയുടെ പാട്ടിനുവിട്ടു. വർഷത്തിലൊരിക്കലെങ്കിലും ജീവൻ നിലനിർത്താൻ മറ്റുള്ള ജീവികളിൽനിന്നും രക്തം പാനംചെയ്യാൻ നിർബന്ധിതരായ ഇവ മറ്റൊരുതരത്തിൽ കാടിന്റെ കാവലാളുകൾതന്നെ. അതിക്രമിച്ചു കടക്കുന്നവരെ തടയുക. മണ്ണിനെയും വിണ്ണിനെയും ജലത്തെയും മലിനമാക്കുന്ന മനുഷ്യർതന്നെയാണ് കാനനങ്ങളുടെ മുഖ്യശത്രു!

ക്ഷേത്രക്കിണറിനരികിലെ ഒരിടം ഞങ്ങൾ ഒളിസങ്കേതമാക്കി. കിണറിനുചുറ്റും ഉയർത്തിക്കെട്ടിയ അരഭിത്തിയിലേക്ക് വിരൽചൂണ്ടി റെജീവ് കാതിൽ മന്ത്രിച്ചു: ‘‘പക്ഷി വന്നിരിക്കുന്നത് അവിടെയാണ്...’’
പിന്നെ കാത്തിരിപ്പായിരുന്നു. പത്തിരുപത്തിയഞ്ച് വർഷംമുമ്പ് പറമ്പിക്കുളത്തെ ഒരുകൊമ്പൻകുട്ടി, പുഴയോരത്തുനിന്ന് ആൽവൃക്ഷത്തിൽ പഴങ്ങൾ ഭക്ഷിക്കാനെത്തുന്ന മലമുഴക്കിവേഴാമ്പലുകൾക്കായി മറ്റൊരു വൃക്ഷത്തിൽക്കയറി മറഞ്ഞിരുന്നതിന്റെ ഓർമകൾ... നിമിഷങ്ങളും മിനിറ്റുകളും മണിക്കൂറുകളും കടന്നുപോയതറിഞ്ഞില്ല. അതിനിടയിൽ കാട് എന്തുമാത്രം കാഴ്ചകളാണ് ഒരുക്കിയത്.
മനുഷ്യരെ കാത്തിരിക്കുന്നത് മടുപ്പുളവാക്കും. പക്ഷേ, വന്യജീവികളെ കാത്തിരിക്കുന്നത് നമ്മെ ഓരോ നിമിഷവും പുതുകാഴ്ചകൾകൊണ്ടും അനുഭവങ്ങൾകൊണ്ടും സമ്പന്നമാക്കും...
പെടുന്നനെയാണ് ആ ചെറുപൊന്മാൻ കിണറിന്റെ അരഭിത്തിയിൽ പ്രത്യക്ഷപ്പെട്ടത്. ജ്വലിക്കുന്ന ആ സൗന്ദര്യം ഞാൻ ക്യാമറക്കണ്ണിലൂടെ വ്യക്തമായി കണ്ടു. ഒന്നുരണ്ടു ചിത്രങ്ങളേ അത് അനുവദിച്ചുള്ളൂ. അതിനുള്ളിൽ അപ്രത്യക്ഷമായി. 

ഇപ്പം തിരികെയെത്തും... റെജീവ് മെല്ലെ പറഞ്ഞു. ഞാൻ ക്യാമറയുടെ വ്യൂഫൈറ്ററിൽനിന്നും കണ്ണെടുത്തില്ല. വിളറിയ ആകാശമാണ്. പ്രകാശത്തിന്റെ ലഭ്യതയെക്കുറിച്ചൊക്കെ ആ നിമിഷത്തിൽ മനക്കണക്കുകൾകൂട്ടി. 
വർണങ്ങളുടെ ഒരു മായികപ്രപഞ്ചംകൊണ്ട് കിണറിനുള്ളിൽനിന്ന്‌ ആ പക്ഷി പ്രത്യക്ഷപ്പെട്ടു. ക്യാമറക്കണ്ണിലൂടെ ആ മനോഹരദൃശ്യം പകർത്തുമ്പോൾ തിളക്കമാർന്ന ഓറഞ്ചുനിറം ചുവപ്പാവുകയും കടുംനീലയാവുകയും മഞ്ഞയാവുകയുമൊക്കെ ചെയ്യുന്ന നിറങ്ങളുടെ ഉത്സവം. ആ കാഴ്ചയിൽനിന്നും ഒരു നിമിഷത്തേക്കുപോലും കണ്ണുകൾ മാറ്റാൻ മനസ്സനുവദിച്ചില്ല. ശിരസ്സൊന്ന് ഉയർത്തിയും താഴ്ത്തിയും ചെറുവാൽ അതേപോലെ അനുകരിച്ചും അപൂർവമായ ദൃശ്യവിരുന്നൊരുക്കുകയും പൊടുന്നനെ പറന്നകലുകയും ചെയ്തു. 

ഞങ്ങൾ ഒളിയിടംവിട്ട് കിണറിനരികിൽ എത്തി. കിണറിനകത്തെ താഴ്ന്ന ഭിത്തിയിൽ ഒരു ദ്വാരം. അത് കൂടായിരുന്നു! കേരളത്തിൽ ഈ പക്ഷി എവിടെയും കൂടുവെച്ചതായി കണ്ടെത്തിയിട്ടില്ല എന്നായിരുന്നു പക്ഷിഗവേഷണ പുസ്തകങ്ങളിൽ വായിച്ചിരുന്നതും കേട്ടിരുന്നതും. ഇതാ ഇവിടെ കിണറിനകത്ത് അത് കൂടൊരുക്കിയിരിക്കുന്നു.പൊന്മാൻ വർഗത്തിലെ ഏറ്റവും വലിയ പക്ഷിയായ കാക്കമീൻകൊത്തി(Stork-billed Kingfisher)യുടെ ഒരുകൂട് പത്തുവർഷംമുമ്പ് ഈ പക്ഷിസങ്കേതത്തിലെതന്നെ ഉറഞ്ഞുപോയ ഒരു വൃക്ഷത്തിലെ പോടിൽ കണ്ടിരുന്നതും അത് ക്യാമറയിലാക്കിയതും ഓർമയിലുണ്ട്. അതുവരെ ഞാൻ കരുതിയിരുന്നത് പൊന്മാൻ വർഗക്കാർ പുഴയോരത്തെയും കുളങ്ങളിലെയുമൊക്കെ വശങ്ങളിലെ മൺതുരന്നുള്ള പൊത്തുകളിലാണ് കൂടൊരുക്കുന്നതെന്നാണ്. അന്വേഷിച്ചപ്പോൾ കാക്കമീൻകൊത്തികൾ വൃക്ഷങ്ങളിലെ പോടുകളിലും കൂടുവെക്കുമെന്നാണ്. 
പിന്നീട് മേനിപ്പൊന്മാന്മാരെത്തേടി ഈ കാടകങ്ങളിൽ പലപ്പോഴായി അലഞ്ഞുതിരിഞ്ഞു ചിത്രങ്ങൾ പകർത്തുകയുണ്ടായി. ഫോട്ടോഗ്രാഫർമാർ ഈ ഒരു പക്ഷിയെ കാണാനായിമാത്രം റെജീവിനെ തിരഞ്ഞുവന്നുകൊണ്ടിരുന്നു. കേരളത്തിനുപുറത്ത് കൊങ്കൺ ഭാഗത്തെല്ലാം ഈ പക്ഷി  സാധാരണ കാഴ്ചയാണ്. നമ്മുടെ കാടുകളിൽ അല്പം ശ്രമകരമാണ്‌ ഇവയെ കണ്ടെത്തൽ. 

ഇവയുടെ ആഹാരരീതിയിൽ മത്സ്യം നിർബന്ധമില്ല. ചെറു പല്ലിവർഗങ്ങൾ, ഒച്ചുകൾ, ചെറുഞണ്ടുകൾ, കുഞ്ഞൻ തവളകൾ, വിട്ടിലുകൾ, തുമ്പികൾ എന്നിവയൊക്കെ ആഹാരമാക്കും. 
ഒടുവിൽ കഴിഞ്ഞ ജനുവരിയിൽ വീണ്ടും ഇവയെത്തേടി തട്ടേക്കാട്ട്‌ എത്തി. കാടിന്റെ മറ്റൊരു ദിശയിലേക്കാണ് റെജീവ് കൂട്ടിക്കൊണ്ടുപോയത്. അത്രയധികം ഉയരമില്ലാത്ത കണ്ണുകൾക്ക് ലംഭമായ ഒരു ചെറുശാഖയിൽ തപസ്സിലാണ്ടുപോയ മേനിപ്പൊന്മാൻ. തറയിലെ കരിയിലകളെ നോവിക്കാതെ ഏകദേശം രണ്ടുമണിക്കൂറോളം ഞങ്ങൾ ആ പക്ഷിക്കുചുറ്റും നടന്നു. അത്യഗാധമായ ധ്യാനങ്ങളിലൂടെ കടന്നുപോകുന്ന അവസ്ഥ. അതെ, ഒരു ചെറുപക്ഷിപോലും അതിന്റെ വർണഭംഗിയുടെ വിസ്മയകരമായ അവസ്ഥയിലൂടെ നമ്മെ ധ്യാനത്തിലേക്ക് എത്തിക്കുന്നു. വനാന്തർഭാഗത്തെ ആ കിണറിൽ കൂടൊരുക്കാൻ ഇപ്പോൾ മേനിപ്പൊന്മാൻ എത്താറില്ല. എന്നോ ആ കിണർ വലയിട്ടു മൂടിയിരിക്കുന്നു. നിഗൂഢമായ വനഗർഭങ്ങളിലെവിടെയോ മനുഷ്യർ കാണാത്ത ഇടം തേടി ആ പക്ഷി പോയിരിക്കാം.