കേരളത്തിലെ പ്രകൃതിദുരന്തം താങ്കളെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കയാണ്. എന്തു തോന്നുന്നു...  

 അതേയതെ... ഇപ്പോൾ എല്ലാവരും എന്റെ അഭിപ്രായങ്ങൾ ആരായുകയാണ്. വലിയ വിഷമമുണ്ട് കേരളത്തിന്റെ അവസ്ഥയിൽ. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും ഞങ്ങൾ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളിൽ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ആ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 

 എന്തുകൊണ്ടാണ് കേരളത്തിന് ഇത് സംഭവിച്ചത്. 

 പ്രകൃതിയെ അമിതമായി ചൂഷണം ചെയ്താൽ എന്തുചെയ്യും. പരിസ്ഥിതിലോല പ്രദേശങ്ങളിൽ അമിതമായ നിർമാണ പ്രവർത്തനങ്ങൾ പാടില്ല. കേരളത്തിലെ ഇത്തരം പ്രദേശങ്ങളിലല്ലേ കൂടുതൽ ഉരുൾപൊട്ടലുണ്ടായത്. നദികളുടെ വഴി മാറ്റിവിടുന്നു. നദിയോരങ്ങൾ െെകയേറുന്നത്‌ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്നു. കായലുംവയലും െെകയേറി നികത്തി കെട്ടിടങ്ങൾ നിർമിക്കുന്നു. ഏറ്റവും കൂടുതൽ അനധികൃതക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലമാണ് കേരളം. എല്ലാം കുറച്ചുപേർ ചേർന്ന് തീരുമാനിച്ച് നടപ്പാക്കുന്നു. ഒരു സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ ദുരിതമനുഭവിക്കുന്നു. 

 ഇത്തരം നിർമാണങ്ങൾ വരുന്നതിന് മുമ്പ് 1924-ലും വെള്ളപ്പൊക്കമുണ്ടായി. അപ്പോൾ കനത്ത മഴയല്ലേ ഇതിന് പ്രധാന കാരണം.

   അന്നത്തെ അവസ്ഥയെ കുറിച്ച് എനിക്ക് കാര്യമായ അറിവില്ല. ഇന്ന് കേരളത്തിൽ പ്രകൃതിയ അമിതമായി ചൂഷണംചെയ്യുന്നത് വ്യാപകമാണ്. ഇത്രയധികം ഉരുൾപൊട്ടലും മറ്റുമുണ്ടാകാൻ കാരണം മറ്റൊന്നല്ല. കനത്തമഴയത്തും വെള്ളത്തിന് ഒഴുകിപ്പോകാൻ ഇടമില്ല. നദികൾ സ്വയം വഴിയുണ്ടാക്കി. പ്രകൃതിയുടെ സ്വാഭാവികമായ മാറ്റത്തെ തടയരുത്. 
 
7

 താങ്കളുടെ റിപ്പോർട്ടിനെ മറികടക്കാനല്ലേ കസ്തൂരിരംഗൻ കമ്മിറ്റി നിയമിക്കപ്പെട്ടത്. 

 എന്ന്‌ ഞാൻ പറയുന്നില്ല. ആ കമ്മിറ്റിയുടെ റിപ്പോർട്ടിനും അതേ അവസ്ഥയല്ലേ? പരിസ്ഥിതി വിഷയത്തിൽ പ്രാദേശിക ഭരണകൂടത്തിന്റെ (ലോക്കൽ കമ്മിറ്റി) അഭിപ്രായങ്ങൾ കണക്കിലെടുക്കേണ്ട കാര്യമില്ലെന്ന അവരുടെ നിഗമനം എന്നെ ഞെട്ടിച്ചു. തങ്ങളുടെ സമീപ പ്രദേശത്ത് ക്വാറി ആവാമോ എന്ന കാര്യത്തിൽ അവരുടെ അഭിപ്രായമല്ലേ പ്രധാനം? സ്വാഭാവിക വനഭൂമിയിൽ മാത്രമേ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നും ആ റിപ്പോർട്ടിലുണ്ട്. അതും ശരിയല്ല. മഹാരാഷ്ട്രയിലും കർണാടകയിലുമൊക്കെ 40 ശതമാനത്തിലധികം വനഭൂമി സ്വകാര്യമാണ്. അപ്പോൾ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ഇവയ്ക്കെല്ലാം ബാധകമാകുന്ന രീതിയിലായിരിക്കണം.

ജനസാന്ദ്രത കൂടിയ കേരളത്തിൽ എങ്ങനെ കൂടുതൽ വനപ്രദേശങ്ങൾ സംരക്ഷിക്കാൻ കഴിയും

  നഗരവത്‌കരണം കൂടിയ സ്ഥലമാണ് കേരളം. എങ്കിലും ഇപ്പോഴും സർപ്പക്കാടുകളും മറ്റും അതേ പടി സൂക്ഷിക്കുന്ന എത്രയോ പേർ കേരളത്തിലുണ്ട്. എന്തും നമുക്ക് കഴിയും എന്നതിന് ഉദാഹരണമാണിത്. കാടും നമുക്ക് സൂക്ഷിക്കാൻ കഴിയും. അത് കഴിഞ്ഞുമതി നിർമാണ പ്രവർത്തനങ്ങൾ. അനധികൃത നിർമാണങ്ങൾ നിർത്തിയാൽതന്നെ കേരളം രക്ഷപ്പെടും. 

 നിർമാണം നിർത്തിയാൽ വികസനം മുരടിക്കില്ലേ

  കുറച്ച് പണക്കാരുടെ കീശ ജനങ്ങളുടെ പണം കൊണ്ട്‌ വീണ്ടും നിറയ്ക്കലല്ല വികസനം. എല്ലാ വിഭാഗത്തിലുള്ളവരുടെയും ജീവിതനിലവാരത്തിന്റെ മൊത്തത്തിലുള്ള ഉയർച്ചയാണത്. നല്ല ഭക്ഷണം, നല്ല വെള്ളം, ശുദ്ധമായ വായു, ജോലി, സമൂഹത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അവ കൂടി ഭാഗമാകുക എന്നതൊക്കെയാണ് അതുകൊണ്ട് വിവക്ഷിക്കുന്നത്. പക്ഷേ, ഇതൊന്നുമല്ല ഇവിടെ നടക്കുന്നത്. കുറച്ചുപേർ തീരുമാനിക്കുന്നത് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയാണ്. ഭരണത്തിന്റെ ഭാഗമാകുന്ന നല്ലൊരു ശതമാനം പേരും ഈ വഴിയാണ്. 
   സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് പഠിക്കുന്ന കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു. കേന്ദ്ര സർക്കാറിന്റെ നോമിനി. പാരിസ്ഥിതിക പ്രശ്നം മാറ്റി നിർത്തി, ഈ പദ്ധതിയുടെ സാമ്പത്തിക സാധ്യതയെ(economical viability) കുറിച്ച് പഠിച്ചിരുന്നോ എന്ന് കെ.എസ്.ഇ.ബി. മേധാവികളോട് ഞങ്ങൾ ചോദിച്ചു. അവർ അങ്ങനെ ഒന്ന് ചെയ്തിട്ടില്ല. കൃത്യമായ ഒരു പഠനവും ഈ പദ്ധതിയെക്കുറിച്ച് നടത്തിയിരുന്നില്ല. പിന്നീട് എനിക്കറിയാൻ കഴിഞ്ഞത് ഏതോ ഒരു കരാറുകാരൻ വലിയ ഒരു പദ്ധതിക്ക്‌ വൻ മുതൽമുടക്കുള്ള കുറെ യന്ത്രസാമഗ്രികൾ വാങ്ങിയിരുന്നുവെന്നും അത് വീണ്ടും ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും. 

 അതിരപ്പിള്ളി പദ്ധതി...

  ഈ പദ്ധതിയിലൂടെ ഉത്‌പാദിപ്പിക്കപ്പെടും എന്നു പറഞ്ഞത്ര വൈദ്യുതി ഉണ്ടാക്കാനുള്ള വെള്ളം ഇവിടെയില്ല. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പഠനം ഈ പദ്ധതിക്കു വേണ്ടിയും നടത്തിയിട്ടില്ല. എന്തിനാണ് കേരളത്തിന് ഇത്രയധികം ഡാമുകൾ? കേരളത്തിലെ ഈ പ്രളയത്തിന്‌ ഒരു പ്രധാന കാരണം ശക്തമായ മഴയോടൊപ്പം ഇത്രയധികം ഡാമുകൾ ഒന്നിച്ച്‌ തുറന്നുവിട്ടതാണ്‌. നദികളുടെ സ്വാഭാവികമായ ഒഴുക്കിനെയാണ് അതില്ലാതാക്കുന്നത്. എത്ര നദികൾ വറ്റിവരണ്ടു? ഡാമിൽ കെട്ടിക്കിടക്കുന്ന വെള്ളം എത്രമാത്രം ബാഷ്പീകരിച്ചുപോകുന്നു. നദീതടങ്ങളെ ഫലഭൂയിഷ്ഠമായി നിർത്തുന്ന വെള്ളം കൃഷിക്കാർക്ക്‌ ലഭിക്കാതാകുന്നു. ഒരു പ്രദേശം മൊത്തമാണ് ഇപ്രകാരം നശിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 21,000 കോടി അഴിമതിയാണ് ഡാം നിർമാണങ്ങളിലായി നടന്നിരിക്കുന്നത്. 50 വർഷത്തിലധികം പഴക്കമുള്ള ഡാമുകളെപ്പറ്റി പഠിക്കട്ടെ. പൊളിച്ചു മാറ്റേണ്ടത് പൊളിക്കുക തന്നെ വേണം. എന്റെ വ്യക്തിപരമായ അഭിപ്രായം കേരളം കൂടുതൽ സൗരോർജ പദ്ധതികളിലേക്ക് പോകണമെന്നാണ്.  

 5ആണവനിലയങ്ങൾ...

 അവ ഒരു പ്രദേശത്തെ തന്നെ ഇല്ലാതാക്കുന്നവയാണ്. ശാസ്ത്രജ്ഞരിൽ പലരും ഇതിനെ അനുകൂലിക്കുന്നുണ്ട്. എന്റെ ഹൈസ്കൂളിൽ വന്ന്  ഹോമിഭാഭ ഒരിക്കൽ പറഞ്ഞു ലോകത്തെ മുഴുവൻ ഊർജപ്രശ്നവും ആണവോർജത്തിന്റെ വരവോടെ തീരുമെന്ന്. വൈദ്യുതി ആവശ്യം കഴിഞ്ഞ് ബാക്കിയുണ്ടാകുമെന്നും. എന്നിട്ടെവിടെ? വിദഗ്‌ധരുടെ അഭിപ്രായം എല്ലാം ശരിയായിക്കൊള്ളണമെന്നില്ല. 
പലതും വഴിതെറ്റിക്കുന്നതുമാണ്. സൗരോർജത്തെക്കാൾ ഉത്‌പാദനച്ചെലവ് കൂടുതലുമാണ്
ആണവോർജത്തിന്‌.

 ഇനിയെന്താണ് കേരളം ചെയ്യേണ്ടത്...

 പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പദ്ധതി രൂപപ്പെടുത്തണം. സർക്കാരിന്റെ മാത്രം ബാധ്യതയാകരുത് ഇത്. എല്ലാ വിഭാഗം ജനങ്ങളുടെയും താത്‌പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാവണം ഇത്. അനധികൃതക്വാറികളുടെ പ്രവർത്തനം മുഴുവൻ നിർത്തണം. തണ്ണീർത്തടങ്ങൾ, വയലുകൾ, കായലുകൾ തുടങ്ങിയവ നികത്തരുത്. കണ്ടൽക്കാടുകൾ നശിപ്പിക്കരുത്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യരുത്. ഇവ പ്രധാനപ്പെട്ട ചില വസ്തുതകൾ മാത്രം. 

 ചുരുക്കത്തിൽ പരിസ്ഥിതി സംരക്ഷണനിയമം കൃത്യമായി നടപ്പാക്കിയാൽ പോരേ...

 അതിലെല്ലാം മായം കലർത്തിയില്ലേ? ചുരുക്കം ചിലരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ പ്രവർത്തിക്കുമ്പോൾ എന്തുചെയ്യാൻ കഴിയും. ഭോപാലിലെ വെള്ളത്തിൽ ഇപ്പോഴും മെർക്കുറി ഇറ്റിറ്റു വീഴുകയാണ്. ജനങ്ങളെ സംരക്ഷിക്കാൻ ഭരണകൂടങ്ങൾക്ക് താത്‌പര്യമില്ല. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും വലിയൊരു പങ്കും ഇത്തരത്തിലുള്ളവരാണ്. എന്നാൽ, വ്യത്യസ്തരായി ചിലരില്ലെന്നല്ല. മുൻമന്ത്രി ജയറാംരമേശ് ഒരു ഉദാഹരണം.
 ക്വാറിലോബിയുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് അദ്ദേഹത്തിൽനിന്ന്്് പരിസ്ഥിതിവകുപ്പ് മാറ്റിയത്. ജനങ്ങൾ തന്നെ ഉണരണം. എങ്കിലേ എന്തെങ്കിലും നടക്കുകയുള്ളൂ. കേരളത്തിൽ 
പ്രകൃതിസ്നേഹികൾ ഒരുപാടുണ്ട്. അവർ കുറേ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. അതുമാത്രം പോരാ. നല്ലതല്ലാത്തതിനെ എതിർക്കാനുള്ള ശക്തി അവർ സംഭരിക്കണം. 

 ഇപ്പോൾ താങ്കൾ ഏതെങ്കിലും കമ്മിറ്റിയിൽ പ്രവർത്തിക്കുന്നുണ്ടോ

 2012 മുതൽ സർക്കാരിന് എന്നെ വേണ്ട. അത് നന്നായി. സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാൻ ധാരാളം സമയം കിട്ടുന്നുണ്ട്.