ഭയാനകം എന്ന സിനിമയ്ക്ക് ലഭിച്ച പ്രതികരണം എങ്ങനെയായിരുന്നു
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം രൺജി പണിക്കരുടെ പ്രകടനമാണ്. ഭയാനകത്തിന് പല പുരസ്കാരങ്ങളും കിട്ടുമ്പോൾ രൺജിക്ക്‌ എന്തുകൊണ്ട് അത് ലഭിച്ചില്ലെന്ന് ഞാൻ അദ്‌ഭുതപ്പെട്ടു. പക്ഷേ, സിനിമ കണ്ടവരെല്ലാം രൺജിയെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. ഇർഫാൻ ഖാനെയോ നസിറുദീൻ ഷായെയോ പോലുള്ള നടൻമാർ ചെയ്യുന്ന വേഷമാണത്. സിനിമയുടെ ഭാവമാണ് പ്രധാനമായ മറ്റൊരു കാര്യം. ഛായാഗ്രഹണം നിർവഹിച്ച നിഖിൽ എസ്. പ്രവീൺ അത് നന്നായി കൈകാര്യംചെയ്തിട്ടുണ്ട്. ‘ഒറ്റാൽ’ കണ്ടവർ കരച്ചിലടക്കാൻ പറ്റാത്ത അവസ്ഥയെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ എടുത്തുമാറ്റാൻ പറ്റാത്തപോലെ നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടെന്നാണ് ഭയാനകം കണ്ടവർ എന്നോട് പറഞ്ഞത്. അത്തരമൊരു അനുഭവം അവർക്കുണ്ടായതിൽ ആ സിനിമയുടെ ഭാവം പ്രധാനമാണ്. യുദ്ധത്തിന്റെ ഭീതിയെക്കുറിച്ച് പറയുമ്പോൾ ഒരു വെടിശബ്ദംപോലും കേൾപ്പിക്കുന്നില്ല. 

നായകനായി രൺജി പണിക്കരിലേക്ക്‌ 
എത്തിയതെങ്ങനെയാണ്...
ഭയാനകത്തിലെ പട്ടാളക്കാരന് രണ്ട് അവസ്ഥകളുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള പട്ടാളക്കാരൻ വളരെ സന്തോഷവാനായിട്ടുള്ള ആളാണ്. ആദ്യ മഹായുദ്ധത്തിൽ പങ്കെടുത്ത് അംഗഭംഗം വന്നിട്ടുണ്ടെങ്കിലും അയാൾ വളരെ ഉന്മേഷവാനാണ്. പോസ്റ്റ്മാനായി ജോലിയെടുക്കുമ്പോൾ തമാശകളൊക്കെ പറയും. യുദ്ധം തുടങ്ങിക്കഴിഞ്ഞതിനുശേഷം അയാൾക്ക് വലിയ മാറ്റമുണ്ടാകുന്നു. യുദ്ധംകണ്ട അയാൾക്ക് അതിന്റെ ഭീകരതയെക്കുറിച്ച് അറിയുന്നതാണ്. ഈ രണ്ട് അവസ്ഥകളും അഭിനയിക്കാൻ രൺജിക്ക്‌ കഴിയുമെന്നെനിക്കറിയാം. പല ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അതിലൊക്കെ രൺജിയെത്തന്നെയാണ് കണ്ടിട്ടുള്ളത്. ഇതിലെ പോസ്റ്റുമാനിൽ രൺജിയില്ല, പോസ്റ്റുമാൻ മാത്രമേയുള്ളൂ. ശാരീരികമായും മാനസികമായുമുള്ള മാറ്റങ്ങളെ രൺജി പൂർണമായും അവതരിപ്പിച്ചു.
തമിഴ് നടൻ വിജയ് സേതുപതിയായിരുന്നു എനിക്കുമുമ്പിലുണ്ടായിരുന്ന മറ്റൊരു സാധ്യത. അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു. ആ വേഷം ചെയ്യാൻ വിജയ് സേതുപതിക്ക്‌ താത്പര്യവുമുണ്ടായിരുന്നു. എന്നാൽ, ഭയാനകം മഴക്കാലത്തുതന്നെ ഷൂട്ടുചെയ്യേണ്ടതാണ്. ആ സമയത്ത് അദ്ദേഹത്തിന് അഭിനയിക്കാനാകില്ലെന്നുവന്നതിനാൽ രൺജിയല്ലാതെ മറ്റൊരാൾ എന്റെ മുന്നിലുണ്ടായിരുന്നില്ല.

ഇതിനുമുമ്പ് താങ്കൾ സംവിധാനംചെയ്ത വീരം എന്ന സിനിമ കേരളത്തിൽ വേണ്ടരീതിയിൽ സ്വീകരിച്ചെന്ന് തോന്നുന്നുണ്ടോ...
എന്റെ സ്വപ്നപ്രോജക്ടുകളിൽ ഒന്നായിരുന്നു വീരം. രണ്ടുവർഷത്തിലധികം അതിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. കേരളത്തിലത് വേണ്ട രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. പക്ഷേ, ആ സിനിമ കാലത്തെ അതിജീവിക്കുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഹിന്ദിയിലും ചൈനീസിലുമൊക്കെ വീരം റിലീസ്ചെയ്യാൻ പോകുന്നതേയുള്ളൂ. രണ്ടുകാര്യങ്ങൾകൊണ്ടാകാം കേരളത്തിലത് സ്വീകരിക്കപ്പെടാതെ പോയത്. ഒന്ന്, ഷേക്‌സ്പിയറിന്റെ മാക്ബത്തിനെക്കുറിച്ചുള്ള അറിവില്ലായ്മ. രണ്ട്, നമ്മൾ കണ്ടരീതിയിലുള്ളതിൽനിന്ന്‌ വടക്കൻപാട്ട് കഥയെ അവതരിപ്പിച്ച രീതിയിലുള്ള വ്യത്യാസം. അതുവരെ പ്രേംനസീറും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ, വടക്കൻപാട്ടിലെ കഥാപാത്രങ്ങളെല്ലാം യോദ്ധാക്കളാണ്. അവരുടെ ശരീരഘടനയും അത്തരത്തിലുള്ളതായിരുന്നു. ഭാഷാശൈലിയടക്കമുള്ള ഒട്ടേറെ പരീക്ഷണങ്ങൾ വീരത്തിലുണ്ട്. മാക്ബത്തും വടക്കൻപാട്ടും ചേർന്ന കഥയാണത്. എന്റെ സിനിമകളിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായി ഞാൻ വീരത്തെ കാണുന്നു. അതുകൊണ്ടുതന്നെയാണ് വീരം കാലംകഴിഞ്ഞാലും പരിഗണിക്കപ്പെടുമെന്ന് പറയുന്നത്. ‘പൈതൃകം’ എന്ന സിനിമ ഒരാഴ്ചപോലും ഓടിയില്ല. പക്ഷേ, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായി പലരും പറഞ്ഞ പേര് പൈതൃകത്തിന്റേതാണ്. ഒരു സിനിമ കണ്ടത് കുറച്ചുപേരേയുള്ളൂ എന്നതിനർഥം അത് മോശം സിനിമയാണെന്നല്ല.

നവരസപരമ്പരയെക്കുറിച്ച് ആലോചിക്കുന്നതെങ്ങനെയാണ്
പൂർണമായും മഴയുടെ ഭാവങ്ങളെ പകർത്തിക്കൊണ്ടുള്ള ഒരു സിനിമ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്. എന്നാൽ, മഴയുടെ ഭാവങ്ങളെ ഒറ്റ സിനിമയിലേക്കൊതുക്കാൻ കഴിയില്ല. മഴയിലും നവരസങ്ങളുണ്ടെന്ന് തോന്നി. ഓരോ കഥയുമായി ചേർത്തുവായിക്കുമ്പോൾ മഴ അതിനനുസരിച്ച് മാറുന്നുണ്ട്. ‘കരുണം’ അവഗണിക്കപ്പെടുന്ന വാർധക്യത്തെക്കുറിച്ചുള്ള സിനിമയാണ്. അതിലെ മഴയ്ക്ക് കരുണരസമാണ്. ‘ശാന്തം’ രണ്ട് മഴകൾക്കിടയിലെ നനഞ്ഞ അവസ്ഥയാണ്. രണ്ട് ഏറ്റുമുട്ടലുകൾക്കിടയിലെ ശാന്തതവരാൻ പോകുന്ന വലിയ യുദ്ധത്തിന്റെ മുമ്പിലുള്ളതാണ്. വീരത്തിലെ മഴയ്ക്ക് വീരരസമാണ്. മഴയുടെ രസങ്ങൾ ജീവിതത്തിന്റെ രസങ്ങളോട് കൂടിച്ചേരുന്നു.

ശാന്തം, കരുണം, ബീഭത്സം, അത്‌ഭുതം, വീരം, ഭയാനകം എന്നീ സിനിമകൾക്കുശേഷം നവരസപരമ്പരയിലെ അടുത്ത സിനിമ നിപയെക്കുറിച്ചാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ
തുറന്നമനസ്സോടെ യാത്രചെയ്യുമ്പോൾ ചിലതൊക്കെ നമ്മളിലേക്ക് വന്നുചേരുന്നു എന്നതിന്റെ തെളിവാണത്. ഭയാനകത്തിന്റെ പ്രൊമോഷനുവേണ്ടി കോഴിക്കോട്ട്‌ വന്നപ്പോൾ പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായൊക്കെ സംസാരിച്ചു. അവർ നിപയെക്കുറിച്ച് എനിക്കറിയാത്ത കുറേക്കാര്യങ്ങൾ പറഞ്ഞു. ആ ഒരു മാസക്കാലം കോഴിക്കോട് അനുഭവിച്ച കാര്യങ്ങൾ എന്നെ അദ്‌ഭുതപ്പെടുത്തി. ഞാൻ കോട്ടയത്തായതുകൊണ്ടായിരിക്കാം എനിക്ക് അത് അത്ര അനുഭവപ്പെട്ടിരുന്നില്ല. ആംബുലൻസ് വിളിച്ചാൽപോലും കിട്ടുന്നില്ല. ശവസംസ്കാരം നടത്തിയ മനുഷ്യന്റെ വീടിനെപ്പോലും ഒറ്റപ്പെടുത്തുന്ന അവസ്ഥ. രോഗം ദുരന്തമായിമാറുന്ന അവസ്ഥയും മരണം മുന്നിൽക്കാണുമ്പോഴുള്ള മനുഷ്യന്റെ മനോഭാവത്തിൽവരുന്ന മാറ്റവും ഇതിലുണ്ട്. മനുഷ്യന്റെ രൗദ്രരസവുമായി ചേരാവുന്നതാണിതെന്ന് എനിക്ക് തോന്നി. സിനിമയ്ക്കായുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. ഞാൻ സിനിമ ചെയ്യുന്നുണ്ടെന്നറിഞ്ഞ് ധാരാളം പേർ വിളിച്ചു. വൈറോളജി, സൈക്കോളജി വിഭാഗങ്ങളിലുള്ളവർ, നിപയെ നേരിട്ടവർ തുടങ്ങിയവരെല്ലാം അവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ തയ്യാറാണെന്നുപറഞ്ഞ് വിളിച്ചു. അത് വലിയ ആത്മവിശ്വാസമാണുണ്ടാക്കിയത്.

സിനിമയിൽ ധാരാളം പരീക്ഷണങ്ങൾ നടത്തിയ സംവിധായകനാണ് താങ്കൾ. മലയാള സിനിമകളിലെ പുതിയ പരീക്ഷണങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്
മലയാളസിനിമയിൽ ഏറ്റവും ആരോഗ്യകരമായ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണിത്. ‘സുഡാനി ഫ്രം നൈജീരിയ’ പ്രാദേശികഭാഷയിലൂന്നിയ സിനിമയാണ്. ആ ഭാഷയ്ക്ക് ഭംഗിയുണ്ട്. അത് സംസാരിക്കുന്നവർക്കിടയിലെ നന്മ കാണിക്കാൻ ആ സിനിമയ്ക്ക് കഴിയുന്നുണ്ട്. കൊച്ചുസിനിമയിലൂടെ വലിയ വിജയമാണ് സുഡാനി ഫ്രം നൈജീരിയ ഉണ്ടാക്കിയത്. അതിൽ വലിയ താരങ്ങളില്ല. കഥ പറഞ്ഞ രീതി പുതിയതാണ്. 
1996-ൽ ദേശാടനം എന്ന സിനിമയിലൂടെയാണ് ഞാൻ പുതിയൊരു വഴിയിലേക്ക്‌ തിരിയുന്നത്. വളരെ ചെറിയ അന്തരീക്ഷത്തിൽ സ്നേഹവും നൊമ്പരവുമൊക്കെയുള്ള കഥ. അന്ന് വലിയ മാർക്കറ്റ്തന്ത്രങ്ങളുപയോഗിച്ചാണ് ആ സിനിമയെ വിജയിപ്പിച്ചത്. ‘ഈ സിനിമയിൽ ഞാനില്ല, ഉണ്ടായെങ്കിലെന്ന് ആഗ്രഹിക്കുന്നു’ എന്നൊക്കെ മറ്റ് താരങ്ങളെക്കൊണ്ട് പറയിപ്പിച്ചാണ് പ്രേക്ഷകരെ ആകർഷിച്ചത്. എന്നാലിന്നത് വേണ്ടിവരുന്നില്ല. പ്രേക്ഷകൻ മാറുന്നുണ്ടെന്നാണ്‌ അതിനർഥം. പുതിയ സിനിമകളെ ഉൾക്കൊള്ളാൻ യുവതലമുറ തയ്യാറാകുന്നുണ്ട്.
ഇന്ത്യയൊഴിച്ച് മറ്റെല്ലായിടത്തും സിനിമയ്ക്ക് അംഗീകാരങ്ങൾ കിട്ടുന്നത് വലിയ മുതൽക്കൂട്ടാണ്. കിട്ടിയ പുരസ്കാരങ്ങൾ കാണിച്ചാണ് പോസ്റ്ററുകൾ അടിക്കുക. അത്തരം സിനിമകൾക്ക് ആളുകൾ ഇടിച്ചുകയറും. ഇവിടെയാണെങ്കിൽ ആരും വരില്ല. അവാർഡ് കിട്ടിയ സിനിമ കാണാൻ കൊള്ളാത്തതാണെന്നാണ് പറയുക. വേണമെങ്കിൽ ചലച്ചിത്രമേളകൾക്ക് പോയി സൗജന്യമായി കാണും. അത്തരത്തിലുള്ള അവസ്ഥയ്ക്കൊക്കെ മാറ്റങ്ങളുണ്ടായി. പുതിയ തലമുറയിലെ സിനിമകളിൽ വ്യത്യസ്ത തിരക്കഥയുണ്ട്. അവരുടെ കഥപറയുന്ന രീതിയിലും മാറ്റങ്ങളുണ്ട്. ഇതൊക്കെ വളരെ പോസിറ്റീവായ മാറ്റങ്ങളാണ്. അവരിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്.