അഴിഞ്ഞ മുടിയും ഉലഞ്ഞ സാരിയും ഉറയ്ക്കാത്ത ചുവടുകളുമായി സാവിത്രി. കൈയിൽ നുരയുന്ന മധുചഷകം. കണ്ണിൽ കത്തുന്ന ലഹരി. പശ്ചാത്തലത്തിൽ അശരീരിപോലെ യേശുദാസിന്റെ ശബ്ദം:  ‘‘മധുരമധുരമീ മധുപാനം ഒരു മാദകലഹരിയാണീ ഭുവനം...’’  തമിഴ് 
സിനിമയുടെ ഒരേയൊരു ‘നടികർ തിലക’ത്തിന്റെ ഓർമകൾക്കൊപ്പം മലയാളിമനസ്സിൽ വന്നുനിറയുന്ന ഗാനം.   
  അഭിനയിച്ച ഏക മലയാളചിത്രമായ ചുഴി(1973)യിൽ സാവിത്രി അവതരിപ്പിച്ച എലിസബത്ത് എന്ന കഥാപാത്രത്തിന്റെ മദ്യപാന രംഗത്താണ് പി.എം. കാസിം എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ ഈ പാട്ട്. മകന്റെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ ആകെ തകർന്നുപോയ ഭാര്യക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ ഭർത്താവ് വർഗീസ് (ഗോവിന്ദൻകുട്ടിയുടെ കഥാപാത്രം) ഉപദേശിച്ചുകൊടുത്ത മാർഗമായിരുന്നു മദ്യസേവ. ഭർത്താവിന്റെ പ്രേരണയിൽ മദ്യപിച്ചുതുടങ്ങിയ എലിസബത്ത് പതുക്കെ മദ്യത്തിന് അടിമയാകുന്നു. സ്വന്തം ദുഃഖങ്ങളെല്ലാം ലഹരിയിൽ ഒഴുക്കിക്കളയാൻ 
ശ്രമിക്കുന്ന എലിസബത്തിന്റെ ആത്മഗീതമായാണ് സിനിമയിൽ ‘മധുരമധുരമീ മധുപാന’ത്തിന്റെ കടന്നുവരവ്. ഗാനരംഗം അഭിനയിക്കുമ്പോൾ സാവിത്രി ശരിക്കും മദ്യലഹരിയിൽ ആയിരുന്നെന്ന്  പടത്തിന്റെ നിർമാതാവും മുഖ്യനടനുമായ സലാം കാരശ്ശേരി ഒരു കൂടിക്കാഴ്ചയിൽ അനുസ്മരിച്ചതോർമയുണ്ട്: ‘‘എങ്കിലും  മദ്യപാനാസക്തി ഒരിക്കലും അവരുടെ പെരുമാറ്റത്തെ ബാധിച്ചില്ല. 
കുലീനതയായിരുന്നു എന്നും അവരുടെ മുഖമുദ്ര.’’
ആദ്യന്തം നാടകീയത നിറഞ്ഞതായിരുന്നു തമിഴ്‌നാട്ടുകാരനായ എസ്.ജി. ഭാസ്‌കർ എന്ന ഹൈസ്കൂൾ അധ്യാപകൻ എഴുതിയ ചുഴിയുടെ മൂലകഥ.  സാഹചര്യങ്ങളുടെ സമ്മർദത്താൽ മദ്യത്തിന് അടിമയാകുന്ന സുന്ദരിയായ ഒരു മധ്യവയസ്ക. അവരും അവരുടെ മകളും ഒരേ പുരുഷനിൽനിന്ന് ഗർഭിണികളാകുന്നു. മലയാളസിനിമയിൽ അതുവരെ ആരും കൈവെച്ചിട്ടില്ലാത്ത വിപ്ലവാത്മകമായ കഥാതന്തു. താരതമ്യേന നവാഗതനായ തൃപ്രയാർ സുകുമാരനെയാണ് (ഇൗയിടെ അദ്ദേഹം അന്തരിച്ചു) നിർമാതാക്കൾ പടത്തിന്റെ സംവിധാനച്ചുമതല ഏൽപ്പിച്ചത്; തിരക്കഥാരചന പ്രശസ്ത സാഹിത്യകാരൻ എൻ.പി. മുഹമ്മദിനെയും. നായികയായി ഷീലയും മകളുടെ റോളിൽ സുജാതയും വേണമെന്നായിരുന്നു സലാമിന്റെ ആഗ്രഹം. ഗർഭിണിയായതിനാൽ അഭിനയത്തിന് അവധി കൊടുത്തിരിക്കുകയാണ് ഷീല. പകരം കെ.ആർ. വിജയയെ കൊണ്ടുവരാൻ ഉദ്ദേശിച്ചെങ്കിലും പടത്തിന്റെ കഥ കേട്ടപ്പോൾ വിജയ ഒഴിഞ്ഞുമാറി. അങ്ങനെയാണ് രാമു കാര്യാട്ടിന്റെ ശുപാർശയുമായി തന്റെ പ്രിയനായികയായ സാവിത്രിയെ തേടി സലാം ചെന്നൈയിലെ അവരുടെ വീട്ടിലെത്തുന്നത്. കഥ മുഴുവൻ താത്‌പര്യപൂർവം കേട്ടശേഷം സാവിത്രി പറഞ്ഞ ഒരു വാചകം സലാമിന്റെ മനസ്സിൽത്തട്ടി: ‘‘ഇന്റർവെൽവരെ ഇതെന്റെ ജീവിതകഥ പോലുണ്ടല്ലോ...’’ അർഥഗർഭമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു അവരുടെ മുഖത്ത്.
കഥ ഇഷ്ടപ്പെട്ടു സാവിത്രിക്ക്. പ്രതിഫലത്തിന്റെ കാര്യത്തിൽ കാര്യമായ നിബന്ധനകൾ ഒന്നുമില്ലാതെ കരാർ ഒപ്പിടുകയും ചെയ്തു. ചെന്നൈയിലെ ന്യൂട്ടോൺ സ്റ്റുഡിയോയിലും ശ്യാമള സ്റ്റുഡിയോയിലും വയനാട്ടിലും വെച്ചായിരുന്നു ഷൂട്ടിങ്‌. മദ്യപാനശീലം അതിനകം  ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നെങ്കിലും ഒരിക്കലും അത് ചിത്രീകരണത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു, സാവിത്രി. ‘‘ഒരിക്കൽ മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌  സാവിത്രി സെറ്റിൽ ബോധമറ്റുവീണതോർക്കുന്നു. ഷൂട്ടിങ്‌ അതോടെ നിർത്തേണ്ടിവന്നു. സുഖവിവരം അന്വേഷിക്കാൻ ചെന്ന എന്നോട് അവർ വിഷമത്തോടെ ചോദിച്ചത് ഇത്രമാത്രം: ‘‘ഞാൻ കാരണം തമ്പിക്ക് ഒരുപാട് നഷ്ടം വന്നു, അല്ലേ?’’ അങ്ങനെ ചോദിക്കാനുള്ള സംസ്കാരം നമ്മുടെ നടീനടന്മാരിൽ എത്രപേർക്ക് കാണും?  പ്രതീക്ഷിച്ചപോലെ എ സർട്ടിഫിക്കറ്റോടെയാണ് പ്രാദേശിക സെൻസർ ബോർഡ് ‘ചുഴി’ക്ക് പ്രദർശനാനുമതി നൽകിയത്. എന്നാൽ കേന്ദ്ര സെൻസർ ബോർഡിന്റെ റിവൈസിങ്‌ കമ്മിറ്റിക്ക് മുന്നിലെത്തിയപ്പോൾ കഥ മാറി. ഇന്ത്യൻ സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി  ചുഴിക്ക് അനുമതി നിഷേധിക്കാനായിരുന്നു കമ്മിറ്റിയുടെ തീരുമാനം. അമ്മയും മകളും ഒരേ പുരുഷനിൽനിന്ന് ഗർഭം ധരിച്ചുകൂടാ, അമ്മയുമായി ബന്ധപ്പെട്ട പുരുഷൻ മകളെ വിവാഹം ചെയ്തുകൂടാ, തിന്മചെയ്യുന്ന നായകനെ വെറുതേ വിട്ടുകൂടാ... അങ്ങനെ നൂറുകൂട്ടം വിലക്കുകൾ. ഒരൊറ്റ പോംവഴിയേ ഉണ്ടായിരുന്നുള്ളൂ സലാമിന് മുന്നിൽ: സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെ പടം റീഷൂട്ട് ചെയ്യുക. പക്ഷേ, അതിന് സാവിത്രിയുടെ അനുമതികൂടി വേണം. അവരുടെ രംഗങ്ങളും പുതുതായി ചിത്രീകരിക്കണമല്ലോ. ‘‘മടിച്ചുമടിച്ചാണ്  സാവിത്രിയെ കാണാൻ ചെന്നത്. ചെന്നപ്പോൾ ചുഴിയിൽനിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചുകൊണ്ട് ആരാധകർ എഴുതിയ കത്തുകളുടെ ഒരു കൂമ്പാരം അവരെനിക്ക് കാണിച്ചുതന്നു. 
പ്രിയനടിയെ   തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അവരുടെ യഥാർഥ ജീവിതകഥ തന്നെ സിനിമയാക്കാനാണ്  മലയാളത്താൻമാരുടെ  ശ്രമം എന്നായിരുന്നു  പലരുടെയും മുന്നറിയിപ്പ്. മറ്റേതെങ്കിലും നായികയായിരുന്നെങ്കിൽ അതുമതി മനസ്സുമാറാൻ. എന്നാൽ സാവിത്രി പിന്മാറിയില്ല. ഡേറ്റ് തന്നു. ഒപ്പം ഇത്രകൂടി പറഞ്ഞു: ‘‘കൃത്യസമയത്തിനകം ഷൂട്ടിങ്‌ തീർക്കണം. ഇനിയൊരിക്കൽ കൂടി ഡേറ്റ് തരാൻ എനിക്ക് കഴിയണമെന്നില്ല. തീരെ വയ്യാത്തതുകൊണ്ടാണ്. തമ്പിക്ക് അറിയാമല്ലോ.’’ വിപിൻദാസ് എന്ന പുതിയ ക്യാമറാമാനെ വെച്ച് കൃത്യസമയത്തിനുള്ളിൽ പടം റീഷൂട്ട് ചെയ്തുതീർത്തു, സലാം. പക്ഷേ, എന്തുഫലം? സെൻസർ ബോർഡ് നിർദേശിച്ച രംഗങ്ങൾ മുറിച്ചുമാറ്റിയതോടെ സിനിമ ശരിക്കും കോലം കെട്ടിരുന്നു. തലയും വാലുമില്ലാത്ത അവസ്ഥ. സ്വാഭാവികമായും ബോക്സോഫീസിൽ ചുഴി രക്ഷപ്പെട്ടില്ല. ഇന്ന് ആ പടം ഓർമയിൽ അവശേഷിപ്പിക്കുന്നത് ബാബുരാജ് ചിട്ടപ്പെടുത്തിയ മനോഹരമായ ചില ഗാനങ്ങളാണ്. കാസിമും 
പൂവച്ചൽ ഖാദറും എഴുതിയ ഗാനങ്ങൾ:  കണ്ട് രണ്ടു കണ്ണ്... (മെഹബൂബ്), ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ... (എസ്. ജാനകി) പിന്നെ, യേശുദാസിന്റെ മധുരമധുരമീ മധുപാനം.
ആ പാട്ടിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട രസകരമായ ഒരു ഓർമകൂടി പങ്കുവെക്കുന്നു സലാം: ‘‘കോഴിക്കോട് മേയർ ഭവനിലായിരുന്നു കമ്പോസിങ്‌. എൻ.പി. മുഹമ്മദ്, തൃപ്രയാർ സുകുമാരൻ, നിലമ്പൂർ ബാലൻ, പി.എൻ.എം. കോയട്ടി, ബിച്ചാക്ക, കാസിം, അബൂബക്കർ പാണ്ടികശാല തുടങ്ങി വലിയൊരു ആൾക്കൂട്ടമുണ്ട് ബാബുരാജിന് ചുറ്റും. കാസിംക്കയുടെ വരികൾക്ക് മാറിമാറി ഈണങ്ങൾ നൽകി ബാബുക്ക. ഓരോ ഈണവും ചിലർക്ക് ഇഷ്ടപ്പെടും. ചിലർക്ക് പിടിക്കില്ല. അവസാനം എല്ലാവർക്കും ഇഷ്ടമായ ഒരു ട്യൂൺ ഹാർമോണിയത്തിൽ ബാബുക്ക വായിച്ചപ്പോൾ അതാ വരുന്നൂ, നിലമ്പൂർ ബാലന്റെ കമന്റ്: ‘‘ഇത് ബോറാണ് ബാബുക്ക.’’ പെട്ടി പൂട്ടിവെച്ച് ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റി ബാബുക്ക ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ഞാൻ പരിഭ്രമിച്ചപ്പോൾ ബാലേട്ടൻ പറഞ്ഞു: ‘‘സലാംഭായി പേടിക്കേണ്ട. ബാബുക്ക ഇപ്പൊ വരും. പറഞ്ഞപോലെ അരമണിക്കൂർ കഴിഞ്ഞ് ബാബുക്ക തിരിച്ചെത്തി. സിഗരറ്റിനു തീകൊളുത്തി ഹാർമോണിയം തുറന്നു. 
ആ വിരലുകൾ വീണ്ടും പെട്ടിയിൽ ഓടിക്കളിക്കുന്നു. ഒപ്പം പുതിയൊരു ഈണം പിറക്കുന്നു. 
ഇത്തവണ എല്ലാവരും ഒരേപോലെ ഇഷ്ടപ്പെട്ട ഒരു ട്യൂൺ. ചുണ്ട് ഒരുവശത്തേക്ക് കോട്ടിയുള്ള  ബാബുക്കയുടെ നിഷ്‌കളങ്കമായ ചിരി ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ...’’ അവസാനമായി സലാം കാരശ്ശേരി തന്റെ പ്രിയനായികയെ കണ്ടത് ചുഴി റിലീസായശേഷം ചെന്നൈ പോണ്ടി ബസാറിലൂടെ നടന്നുപോകുമ്പോഴാണ്. കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി സാവിത്രി ചോദിക്കുന്നു: ‘‘തമ്പീ, പടം ഓടുന്നുണ്ട് അല്ലേ?’’ തരക്കേടില്ല എന്നുമാത്രം പറഞ്ഞ്‌ നടന്നുനീങ്ങി.  വർഷങ്ങൾ കഴിഞ്ഞ് ഒരു നാൾ സാവിത്രിയുടെ മരണവാർത്ത പത്രത്തിൽനിന്ന്‌ അറിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നത് ചുഴിയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ അവർ പങ്കുവെച്ച ഒരു ആഗ്രഹമാണ്: ‘‘ഉറക്കത്തിൽ മരിക്കണം എനിക്ക്.’’ വിധി അതിന് എതിരുനിന്നില്ല. 19 മാസം ബോധമില്ലാതെ കിടന്നശേഷമായിരുന്നു മരണം. ജീവിതത്തിൽ ഒരുപാട് നന്ദികേടുകൾ അനുഭവിച്ച സ്ത്രീയായിരുന്നു സാവിത്രി എന്നെഴുതുന്നു സലാം. ‘‘അവരുടെ അഴകും അഭിനയസാമർഥ്യവും ചൂഷണം ചെയ്യപ്പെട്ടു. വിശ്വസിച്ചവർ പലരും അവരെ ചതിച്ചു. ദുശ്ശീലം പഠിപ്പിച്ചവർ മാറിനിന്ന് കൈകൊട്ടി ചിരിച്ചു...’’
സാവിത്രി ഇന്നില്ല. സലാം കാരശ്ശേരിയും ബാബുരാജും എൻ.പി.യും കാസിമും എല്ലാം ഓർമ. ഇപ്പോഴിതാ സംവിധായകൻ തൃപ്രയാർ സുകുമാരനും വിടവാങ്ങി. പക്ഷേ, ചുഴിയിലെ പാട്ടുകൾ മാത്രം കാലത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്നു. ഒപ്പം സാവിത്രി എന്ന മഹാനടിയുടെ ദീപ്തമായ ഓർമകളും.