വാൽപ്പാറയിലെ കൊടുംകാട്ടിലാണ് ശ്രീധർ വിജയകൃഷ്‌ണന്റെ കൂട്ടുകാർ ഏറെയും. അവർ ഇരുനൂറോളമുണ്ട്.  അക്ബർ, ഐജി, പദ്മ, താമര, താര, മീനാക്ഷി, സിൽവിയ, വേട്ടേക്കരൻ, വരട്ടുപാറബുൾ... ഇതിൽ ആരെയെങ്കിലും ഒക്കെ ദിവസവും കണ്ടില്ലെങ്കിൽ ശ്രീധറിന് സങ്കടമാണ്. എപ്പോഴും എല്ലാവരെയും കാണാൻ കിട്ടില്ല. കാരണം കാട്ടാനകൾ സ്ഥിരമായി ഒരിടത്തു നിൽക്കാറില്ലല്ലോ.
പിച്ചെവച്ച നാൾ മുതൽ ആനയെ കണ്ട് ഇഷ്ടം തോന്നിയ  കുഞ്ഞ് വളർന്നപ്പോൾ കാട്ടാനകളിൽ ഗവേഷകനായ കഥയാണ് ശ്രീധർ എന്ന ഇരുപത്തെട്ടുകാരന്റേത്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ ആട്ടിപ്പായിക്കുമ്പോൾ അവയിൽ മാനസിക സമ്മർദമുണ്ടാകുന്നു എന്ന ശ്രദ്ധേയമായ പഠനഫലം പുറത്തുവന്നപ്പോൾ പണ്ട് സ്കൂളിൽ ഒപ്പം പഠിപ്പിച്ചിരുന്നവർ പറഞ്ഞു:  ‘‘ഇവൻ അന്ന് ആനകളുടെ പിറകേ നടന്നത് വെറുതെയായില്ല.’’ ആനയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ എല്ലാ മേഖലകളിലും ശ്രീധർ എത്തി എന്നതാണ് ഇവിടത്തെ പ്രത്യേകത. ആനക്കമ്പക്കാരൻ, പാപ്പാൻ, ആനശാസ്ത്രജ്ഞൻ ഇതു മൂന്നും ഒന്നിച്ചൊരാളിൽ കാണണമെങ്കിൽ ചെല്ലണം ശ്രീധറിനരികിലെന്ന് വേണമെങ്കിൽ പറയാം. ആനയെ അറിയണമെങ്കിൽ അഴിച്ചുകെട്ടണമെന്ന് പൂമുള്ളി തമ്പുരാൻ പറയാറുള്ളതാണ് ഈ ‘ആനപ്രതിഭ’യുടെ മനസ്സിൽ ആനപിടിച്ചാലും ഇളകാതെ കിടക്കുന്ന സൂത്രവാക്യം.

 പിറന്നാളിന് കിട്ടിയതെല്ലാം ആനരൂപങ്ങൾ
കുട്ടിക്കാലത്ത് പിറന്നാളുകൾക്ക് ശ്രീധറിനെപ്പോലെ ഇത്രയും ആനശില്പങ്ങൾ കിട്ടിയ കുട്ടികൾ ഒരുപക്ഷേ, കുറവായിരിക്കും. ഒന്നാംപിറന്നാളിന് കിട്ടിയ കുഞ്ഞനാനയിൽ തുടങ്ങി 12-ാം വയസ്സിൽ കിട്ടിയ വല്യാന വരെ ആകെ കിട്ടിയത് 23 ആനരൂപങ്ങൾ. തലയെടുപ്പോടെ   ഇവയെല്ലാം തൃശ്ശൂർ നായ്ക്കനാലിലെ ശ്രീപാദം വീട്ടിലെ ഷെൽഫിലിരിപ്പുണ്ട്. പിറന്നാളിന് ഈ കുഞ്ഞിന് ആനയെ മതിയെന്ന സന്ദേശമാണ് കോഴിക്കോട് തളിയിലെ വെട്ടത്ത് തറവാട്ടിൽനിന്ന് ബന്ധുക്കൾക്കിടയിലേക്ക് പരന്നിരുന്നതും.
 പരേതനായ വെട്ടത്ത് വിജയകൃഷ്ണൻ ഏറാടിയുടെയും നിലമ്പൂർ കോവിലകത്തെ ജയന്തി തമ്പാട്ടിയുടെയും മകനാണ് ശ്രീധർ വിജയകൃഷ്ണൻ. ബാങ്കുദ്യോഗസ്ഥയായ അമ്മയുടെ സ്ഥലംമാറ്റത്തിനനുസരിച്ചായിരുന്നു ശ്രീധറിന്റെ വിദ്യാർഥിജീവിതം. കണ്ണൂരിലും കോഴിക്കോട്ടും കോയമ്പത്തൂരുമൊക്കെ അങ്ങനെ താമസിക്കേണ്ടിവന്നു. തളിയിൽ നീലകണ്ഠൻ എന്ന ആന വെട്ടത്തുവീടിന്റെ മുന്നിലൂടെ പോകുമ്പോഴുള്ള ചങ്ങലയൊലി കേട്ട് ഉമ്മറത്തേക്ക് ഓടിയപ്പോൾത്തന്നെ വീട്ടുകാർക്ക് ഈ കുഞ്ഞിന്റെ ആനക്കമ്പത്തെക്കുറിച്ച് ഏതാണ്ടൊരു ധാരണ കിട്ടിയിരുന്നു.
ചിരട്ടയുമെടുത്ത് അയൽപക്കത്തെ പശുവിന്റെ അകിടിൽനിന്ന് പാലു കറന്ന സംഭവവും ഉണ്ടായിട്ടുണ്ട്. തിരിച്ചറിവില്ലാത്ത ഇളംപ്രായത്തിൽ പശുവിനെ ആനയെന്നു ധരിച്ചതായിരിക്കാമെന്നാണ് ശ്രീധറിന്റെ പിൻകാലനിഗമനം. നല്ലൊരു ചിത്രകാരനായ ഇദ്ദേഹം ആകെ വരയ്ക്കുന്നത് ആനച്ചിത്രം മാത്രം. അതും കാട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ പോസ്റ്റ്കാർഡിൽ. ശ്രീധർ തിരികെ വാൽപ്പാറയിലെത്തുമ്പോൾ തപാൽ വഴി കാർഡുകൾ തൃപ്പൂണിത്തുറ കോവിലകത്തേക്ക് പുറപ്പെടും.  അമ്മാവി പ്രസന്നവർമയാണ് മേൽവിലാസക്കാരി. ആനപ്രേമിയായ അമ്മായിയുടെ കൈവശം ഒരടുക്ക് ‘ആനക്കാർഡുകൾ’ ഇപ്പോഴുണ്ട്.

 മംഗലാംകുന്ന് അരവിന്ദന്റെ പാപ്പാൻ
പാപ്പാൻമാരെ ആരാധനയോടെയേ കണ്ടിട്ടുള്ളൂ ശ്രീധർ. സ്കൂളിൽ പഠിക്കുന്ന കാലത്ത് ശ്രീധറിന്റെ സംശയങ്ങൾക്ക് മറുപടി പറഞ്ഞ് പാപ്പാൻമാർ കുഴഞ്ഞിട്ടുണ്ട്. 2008-ൽ പ്ലസ്ടു കഴിഞ്ഞുനിൽക്കുന്ന സമയം. മംഗലാംകുന്ന് അരവിന്ദന്റെ പാപ്പാനോട് തന്നെക്കൂടി  പണിപഠിപ്പിക്കുമോ എന്നൊരു അപേക്ഷ. അങ്ങനെ കൂടെക്കൂടി. അരവിന്ദനെ നന്നായി പരിചരിച്ചു. ആനയെയും കൊണ്ട് ഉത്സവപ്പറമ്പുകളിലേക്ക് പോകുന്നത് പതിവായി. ഒരു മാസം പൂർണമായും പാലക്കാട് ജില്ലയിലെ പൂരപ്പറമ്പുകളിലായിരുന്നു.  പാപ്പാന്റെ ജോലി ചെയ്ത് കിട്ടിയ പണം കൊണ്ട് ആനയ്ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കും. തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ബി.എസ്‌സി. ഫോറസ്ട്രിക്ക് എൻട്രൻസിലൂടെ പ്രവേശനം കിട്ടിയപ്പോഴാണ് പാപ്പാൻജോലി നിർത്തിയത്. ബെംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ വൈൽഡ് ലൈഫ് ബയോളജിയിൽ എം.എസ്‌സി.ക്കു ചേർന്നതോടെ കാട്ടാനകളുടെ തോഴനായി 
മാറുകയായിരുന്നു. 
2013-ൽ എം.എസ്‌സി. പഠനത്തിന് ചെയ്ത പ്രോജക്ടിലാണ് നാട്ടിലിറങ്ങുന്ന കാട്ടാനകളെ ആട്ടിപ്പായിക്കുമ്പോൾ അവയിലുണ്ടാകുന്ന ടെൻഷൻ വെളിപ്പെട്ടത്. കാട്ടിലേക്ക് ഓടിക്കയറുമ്പോൾ ശ്രീധറും പിന്നാലെ കൂടും. പിണ്ടം ശേഖരിച്ച് അതിൽനിന്ന് ഹോർമോൺ വേർതിരിച്ചുള്ള പഠനം ജന്തുശാസ്ത്രലോകത്ത് ഏറെ കൈയടി നേടി. എം.എസ്‌സി. കഴിഞ്ഞ് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പിഎച്ച്.ഡി.ക്ക്‌ ചേർന്നപ്പോൾ കാട്ടാന ബന്ധം ഒന്നുകൂടി ദൃഢമായി. പിടിയാനകളുടെ സാമൂഹികജീവിതം പഠിച്ചെടുക്കാൻ ഇപ്പോൾ വർഷത്തിൽ 90 ശതമാനം ദിവസവും വാൽപ്പാറയിലെ ഉൾവനത്തിലാണ് ശ്രീധർ. ഈ വനവാസം കൊണ്ട്‌ ഒരുപാട് കാട്ടാനക്കഥകളും അറിയാനായി.  തന്റെ കാനന സഞ്ചാരങ്ങൾക്ക്‌ അറിവിന്റെ വഴികാട്ടിയത്‌ നാലുപേരാണ് എന്നു പറയുന്നു ശ്രീധർ: ഡോ. പി.എസ്. ഈസ, പ്രൊഫ. അനിന്ത്യ സിൻഹ, ഡോ. മാവത്തൂർ ആനന്ദകുമാർ, ഡോ. പൃഥ്വിരാജ് ഫെർണാണ്ടോ 

 സ്റ്റോമിന്റെയും സ്ട്രീപ്പിന്റെയും പ്രണയകഥ
പതിവുപോലെ ആനയെയും തിരഞ്ഞ് ഉൾക്കാട്ടിലെ ഒരു പാറപ്പുറത്തിരിക്കുകയാണ് ശ്രീധർ. അപ്പോഴാണ് രണ്ട് ‘കമിതാക്കൾ’ കണ്ണിൽപ്പെട്ടത്. കൂട്ടത്തിൽനിന്ന് കണ്ണുവെട്ടിച്ചെത്തിയപോലെ. സുന്ദരിയായ 
പെണ്ണിനെ കണ്ടപ്പോൾ ശ്രീധറിന് മെറിൽ സ്ട്രീപ്പ് എന്ന പഴയകാല ഇംഗ്ലീഷ് നടിയെ ഓർമ വന്നു. അപ്പോൾതന്നെ സ്ട്രീപ്പ് എന്ന് പേരും ഇട്ടു. ആണിനെ ശ്രീധറിന് നേരത്തേ അറിയാം. അവനെ കണ്ട ദിവസമെല്ലാം പേമാരി ആയിരുന്നതിനാൽ സ്റ്റോം എന്ന പേരാണ് ചാർത്തിക്കൊടുത്തിരുന്നത്. 2013 നവംബർ 12-നാണ് മദചേഷ്ടകളോടെ സ്ട്രീപ്പിനടുത്ത് സ്റ്റോമിനെ കണ്ടത്. അന്നു രാത്രി തന്നെ രണ്ടുപേരും ഇണചേർന്നതും കണ്ടു. നവംബർ 22-ന് രണ്ടുപേരും 
കൂട്ടത്തിൽ നിൽക്കുന്നത് കണ്ടു. 2015 ഒക്ടോബറിലാണ് പിന്നീട് ഇവരെ കണ്ടത്. അപ്പോൾ സ്ട്രീപ്പിന്റെ മുല കുടിച്ച് ഒരുമാസക്കാരൻ(കാരി) ഉണ്ടായിരുന്നു. സ്റ്റോമിനെ പരിസരത്തെങ്ങും കണ്ടില്ല.  മറ്റൊരു കൂട്ടത്തിൽ കുറേനാൾ കഴിഞ്ഞ് അവനെ കണ്ടു. കുട്ടിയുമായി സ്ട്രീപ്പ് പിന്നീട് തുടർച്ചയായ മൂന്നുകൊല്ലവും ശ്രീധറിന്റെ ക്യാമറയിൽപ്പെട്ടു.

 കാനനച്ഛായയിലാന മേയ്ക്കാൻ...
ഗവേഷണത്തിന്റെ ഭാഗമായി ശ്രീധർ സ്ഥിരം സന്ദർശിക്കുന്ന ഒരിടമാണ് വാൽപ്പാറയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കോഴിക്കാമുത്തി എന്ന സ്ഥലം. തമിഴ്‌നാട്ടിലാണിത്. നാട്ടാനകളുടെ ഒരു പുനരധിവാസകേന്ദ്രം. പാപ്പാൻമാരെല്ലാം മലയ വിഭാഗക്കാരായ ആദിവാസികൾ. ആനപ്പണിയിൽ ശ്രീധറിന്റെ ‘പിഎച്ച്.ഡി.’ ഇവിടെ നിന്നാണെന്നു പറയാം. ആനകളെ രാത്രി കാട്ടിൽ മേയാൻ വിടുന്ന ക്യാമ്പാണിത്. ഇവിടത്തെ കല്പന എന്ന ആനയുടെ തോഴനാണ് ശ്രീധർ. രാത്രിയാണ് ആനകളെ മേയാൻ വിടുന്നത്. ആറു മീറ്റർ നീളമുള്ള  ചങ്ങല ഒരു കാലിൽ 
കെട്ടിയാണ് വിടുക. കാട്ടിൽ ചങ്ങല വലിച്ചുണ്ടായ അടയാളം നോക്കി പിറ്റേന്ന് പാപ്പാൻമാർക്ക് വിളിച്ചുകൊണ്ടുവരാനുള്ള സൗകര്യത്തിനാണിത്. കോഴിമുത്തിയിലെത്തുമ്പോൾ കല്പനയെ വിളിച്ചു കൊണ്ടുവരുന്നത് ശ്രീധറാണ്. ചിലപ്പോൾ മേടുകൾക്കപ്പുറത്തായിരിക്കും ആന. പേരു വിളിച്ചാണ് കാട്ടിലേക്ക് പോവുക. ചിലപ്പോൾ ആന ഇതിനോട് പ്രതികരിച്ച് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. താനിപ്പോൾ കാട്ടാനക്കൂട്ടത്തിലാണെന്നും ഇങ്ങോട്ടു വന്നാൽ അപകടമാണെന്നുമാണ് ആ ശബ്ദത്തിലെ സൂചന. പിന്നെ കാത്തിരിപ്പാണ്. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും സാന്നിധ്യം അറിയിക്കും. അപ്പോഴേക്കും കൂട്ടത്തെ ഒഴിവാക്കി കല്പന തിരിച്ചു വരവിന് ഒരുങ്ങിയിട്ടുണ്ടാവും. തോട്ടിയും വട്ടക്കണ്ണിയും തിരികണ്ണിയും വെട്ടുകത്തിയും ഒന്നും പാപ്പാന്റെ കൈയിലുണ്ടാവില്ല. ആനയുടെ ദേഹം  ചങ്ങല കൊണ്ട് വരിഞ്ഞു മുറുക്കിയിട്ടുമില്ല.  കാട്ടുവഴിയിലൂടെ ശ്രീധറും കല്പനയും ഉല്ലസിച്ചങ്ങനെ മടങ്ങിയെത്തും.

 കാട്ടാനകളെ കണ്ടില്ലെങ്കിൽ ഭയം
 കാട്ടാനകളെ കണ്ടില്ലെങ്കിലാണ് ഇപ്പോൾ ശ്രീധറിന് ഭയം. അവയുടെ സ്വഭാവം നന്നായറിയാവുന്നതാണ് ബലം. അഞ്ചുകൊല്ലത്തിനിടെ ഒരിക്കൽപോലും കാട്ടാന ഓടിച്ച സംഭവങ്ങൾ ഉണ്ടായിട്ടില്ല. വാൽപ്പാറയ്ക്കു ചുറ്റുമുള്ള കാട്ടിലെ മിക്ക ആനകൾക്കും പരിചയക്കാരനായതിനാലാവും ഇത്.   ഒരിക്കൽ  പൊന്തക്കാടു നീക്കിയപ്പോൾ 30 മീറ്റർ  അകലത്തിൽ കാട്ടാനക്കൂട്ടം. പൊന്തക്കാട് പഴയപോലെെവച്ച് പതിയെ മാറിനിന്നു. 
 ആനജീവിതത്തിലെ മിക്ക കാഴ്ചകളും ശ്രീധർ കണ്ടുകഴിഞ്ഞു. ഇണചേരൽ, പ്രസവം, ആനനീരാട്ട്, ആനയുറക്കം അങ്ങനെ ഒരുപാട് കാഴ്ചകൾ. വാൽപ്പാറയിലൊതുങ്ങുന്നില്ല കാടുയാത്രകൾ. അസം, ബംഗാൾ, ഉത്തരാഖണ്ഡ്, കർണാടക, തായ്‌ലാൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലും കാട്ടാനകളെത്തേടി പോയിട്ടുണ്ട്. കണ്ടതിലേറ്റവും സുന്ദരനെയും സുന്ദരിയെയും തിരഞ്ഞെടുക്കാനാവശ്യപ്പെട്ടപ്പോൾ ഇതായിരുന്നു ശ്രീധറിന്റെ സെലക്‌ഷൻ: പൂപ്പാറ കൊമ്പനും മോണിക്കയും. രണ്ടുപേരും വാൽപ്പാറക്കാർ.

ആനകൾ കാട്ടിലിങ്ങനെ

ദിവസം ശരാശരി രണ്ടു മുതൽ മൂന്നു കിലോമീറ്റർ വരെ നടത്തം. ഇത് ഭക്ഷണജല ലഭ്യതക്കനുസരിച്ച് മാറാം.
ദിവസം രണ്ടര മണിക്കൂർ കിടന്നുറങ്ങും. പകൽ കുറച്ചുനേരം നിന്ന് ഉറങ്ങും. കുട്ടിയാനകൾ ഉറങ്ങുമ്പോൾ തള്ളയാനകൾ കാവൽ നിൽക്കും.
ദിവസം 15-16 മണിക്കൂർ തീറ്റതേടും. കിട്ടിയ ഭക്ഷണം വൃത്തിയാക്കി തിന്നും. 
പിടിയാനയാണ് കൂട്ടത്തിന്റെ ലീഡർ. മുതിർന്ന കൊമ്പൻമാർ കൂട്ടത്തിൽ ഉണ്ടാവാറില്ല. 
ദിവസം ശരാശരി 150-200 ലിറ്റർ വെള്ളം കുടിക്കും.അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് വെള്ളം കുടിക്കുന്നതിന്റെ അളവ് മാറും.
എപ്പോഴും മണ്ണുവാരി ദേഹത്തിടും.പ്രാണികളെ അകറ്റാനും ചൂട് തടയാനുമാണിത്.
ഇളം പുല്ലാണ് പ്രിയ ഭക്ഷണം
അഞ്ച് വയസ് വരെ കുട്ടികളുടെ അതിജീവനത്തിന്റെ അതിര്. ആ പ്രായം വരെ അപകടത്തിൽ പെടാനും അസുഖം വരാനും സാധ്യത കൂടുതൽ.
കുഞ്ഞുങ്ങൾ ഏറ്റവും സംരക്ഷണം നൽകുന്ന മൃഗമാണ് ആന. കുട്ടികൾ സ്വയം പ്രാപ്തി ആകും വരെ അമ്മ സംരക്ഷിക്കും.
ഒറ്റയാൻ ഒരുപാട് സഞ്ചരിക്കും. 180-200 ചതുരശ്ര കിലോമീറ്ററാണ് ഇവന്റെ സഞ്ചാരപ്രദേശം.
കുന്ന് നിരങ്ങി ഇറങ്ങാറുണ്ട്. ചെങ്കുത്തായ പാറകളിൽ വരെ ആനയെ കണ്ടിട്ടുണ്ട്.
ആന ചരിയുന്നത് കണ്ടിട്ടുണ്ട്. 
പ്രസവം കണ്ടിട്ടില്ല. എന്നാൽ പ്രസവസമയത്തെ ചിന്നംവിളികളും ഗർജനങ്ങളും കേട്ടിട്ടുണ്ട്.
പ്രസവിച്ച് മണിക്കൂറുകൾ പിന്നിട്ട കുട്ടികളെ കണ്ടിട്ടുണ്ട്.
കുട്ടിയാന എപ്പോഴും പാൽ കുടിക്കാറില്ല. തള്ളയുടെ വായിൽ തുമ്പിക്കൈയിട്ട് എന്താണ് തിന്നുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കും
ആനകൾ തമ്മിലുള്ള സൗഹൃദ സംഘർഷങ്ങളും ഗൗരവ സംഘർഷങ്ങളും കണ്ടിട്ടുണ്ട്.
ഇണ ചേരുന്നതിന് ദിവസങ്ങൾ മുമ്പ് കൊമ്പനും പിടിയും ഒന്നിച്ച് നടക്കും. ഈ ദിവസങ്ങളിൽ മദചേഷ്ടകൾ കാണിക്കും.