ഇത് മുഹമ്മദ് റഫിയുടെ അവസാനത്തെ അഭിമുഖമായിരിക്കുമെന്ന് സ്വപ്നേപി ഞാൻ കരുതിയിരുന്നില്ല. പഴയ തലമുറയിലെ ചലച്ചിത്രഗാനപ്രതിഭകളിൽ ഒരാളായിരുന്ന റഫി പുലർകാലെയുള്ള സംഗീതസാധനയ്ക്കുശേഷം അഭിമുഖത്തിന്‌ പറഞ്ഞിരുന്ന സമയത്തുതന്നെ എന്നെ കാത്തുനിന്നിരുന്നു... 

 സമയത്തിന്റെ പാഠം
രാവിലെ 9.10-ന് അദ്ദേഹത്തിന്റെ വിശാലമായ ബംഗ്ലാവിന്റെ ഗേറ്റിനുമുൻപിൽ ഞാനെത്തി. 
‘‘യുവാവേ, നിങ്ങൾ വൈകിയിരിക്കുന്നു. താങ്കൾ ഒമ്പതുമണിക്കുതന്നെ എത്തുമെന്ന്‌ കരുതി ഞാൻ കാത്തുനിൽക്കുകയായിരുന്നു. ഇത്രയും വൈകി താങ്കൾ എത്തില്ലെന്നുകരുതി ഞാൻ സ്റ്റുഡിയോയിലേക്ക്‌ റെക്കോഡിങ്ങിന് പോകാനൊരുങ്ങുകയായിരുന്നു. ദയവുചെയ്ത് നിങ്ങൾ നാളെ ഒമ്പതുമണിക്കുതന്നെ എത്തുക’’ -എന്നുപറഞ്ഞ് റഫി സാബ് റെക്കോഡിങ്ങിനുപോയി. സമയകൃത്യതയുടെ പാഠം അദ്ദേഹത്തിൽനിന്നുപഠിച്ച ഞാൻ അടുത്തദിവസം പറഞ്ഞസമയത്തിന് 15 മിനിറ്റുമുൻപുതന്നെ അവിടെ ഹാജരായി. 
പാടാനുള്ള കഴിവ് ദൈവം നൽകിയ സമ്മാനമാണെന്നാണ് റഫി കരുതിയിരുന്നത്. എങ്കിലും അദ്ദേഹം പറഞ്ഞു: ‘‘ശബ്ദം ശരിയായി നിലനിർത്തുക എന്നത് വലിയ ബുദ്ധിമുട്ടാണ്. 1942 മുതൽ എനിക്ക് ഉയർച്ചതാഴ്ചകളുണ്ട്. ശബ്ദത്തിന്റെ തനിമ നിലനിർത്താൻ പുലർകാലെയുള്ള സാധന അനിവാര്യമാണ്. ഞാൻ പുകവലിക്കാറോ മദ്യം ഉപയോഗിക്കാറോ ഇല്ല. ചില ഗായകർ ഒരു ഹിറ്റ് ഗാനത്തിനുശേഷം വലിയ നാട്യത്തിലായിരിക്കും. ഏറെ താമസിയാതെ ശബ്ദം മോശമായി അവർ പിൻനിരയിലാകുന്നത് ഞാൻ വേദനയോടെ കണ്ടിട്ടുണ്ട്.’’

 വിനയം വിജയരഹസ്യം
പൊതു ഇടങ്ങളിൽ ഏറെ നാണംകുണുങ്ങിയായിരുന്ന റഫിയുടെ വിജയസൂത്രവാക്യം അദ്ദേഹത്തിന്റെ വിനയമായിരുന്നു. ‘‘ഏതുമേഖലയിലായാലും വിനയം അത്യന്താപേക്ഷിതമാണ്. ആരുടെയും ഹൃദയം ഞാൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവരുടെ ജീവിതത്തിൽ ഒരു പുരോഗതിയും ഉണ്ടാവുകയില്ല.’’
1924 ഡിസംബർ 24-ന് പഞ്ചാബിലെ അമൃത്‌സർ ജില്ലയിലാണ് റഫി ജനിച്ചത്. ചെറുപ്രായത്തിലേ അദ്ദേഹം സംഗീതാഭിരുചി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഉസ്താദ് വഹീദ് ഖാനുകീഴിൽ സംഗീതം അഭ്യസിച്ചു. എങ്ങനെയാണ് താൻ ഒരു ചലച്ചിത്രപിന്നണി ഗായകനായതെന്ന് അദ്ദേഹംതന്നെ വിവരിച്ചു.
‘‘ലാഹോറാണ് എന്റെ സ്വദേശം. യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലായിരുന്നു ജനനം. 15 വയസ്സുള്ളപ്പോൾ സുഹൃത്തുക്കളുടെ ഇടങ്ങളിലെല്ലാം ഞാൻ പാടുമായിരുന്നു. അത്തരമൊരു വേദിയിൽ അന്നത്തെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നാസർഖാനെ ഞാൻ കണ്ടുമുട്ടി. അദ്ദേഹം എന്നെ ബോംബെയിലേക്ക്‌ ക്ഷണിച്ചു, സിനിമയിൽ പാടാൻ അവസരംതരാമെന്ന് വാഗ്ദാനംചെയ്തു.’’

  ബോളിവുഡിലേക്ക്...
‘‘എന്നെ മുംെബെയിലേക്ക്‌ കൊണ്ടുപോകുന്നതിനായി ഖാൻ സാബ് എന്റെ ഉപ്പയുടെ സമ്മതംതേടി. എന്നാൽ, ചലച്ചിത്ര പിന്നണിഗാനരംഗം ഞാൻ ജീവിതമാർഗമാക്കുന്നതിനോട്‌ യോജിപ്പില്ലാതിരുന്ന ഉപ്പ സമ്മതം മൂളിയില്ല. എന്നാൽ, എന്റെ മൂത്തജ്യേഷ്ഠൻ ഉപ്പയെ സമ്മതിപ്പിക്കുന്നതിൽ വിജയിച്ചു. ഏറെ വൈമനസ്യത്തോടെയാണെങ്കിലും ഉപ്പ എന്നെ ബോംബെയിലേക്കയയ്ക്കാൻ സമ്മതിച്ചു. 1942-ൽ ‘ലൈലാ മജ്‌നു’ എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി ഞാൻ തുടക്കംകുറിച്ചു. അന്തരിച്ച പണ്ഡിറ്റ് ഗോവിന്ദ്‌റാം എന്ന സംഗീതസംവിധായകനുവേണ്ടി കോറസിനൊപ്പം ഞാനൊരു ഖവാലി പാടി. ആ ചിത്രത്തിൽ ഞാനൊരു ചെറിയ വേഷവും ചെയ്തു. പിന്നീട് സമാജ് കൊ ബാദൽ ഡാലോ, ജുഗ്‌നു തുടങ്ങിയ ചിത്രങ്ങളിലും ഞാൻ വേഷമിട്ടു. ഗാവോം കി ഗോരി എന്ന ചിത്രത്തിൽ നൂർജഹാനൊപ്പം ഞാനൊരു ഡ്യുയറ്റ് പാടി. ശ്യാംസുന്ദറായിരുന്നു സംഗീതസംവിധാനം.’’ 

 പുതുമക്കാരിൽ നിരാശ
തന്റെ കാലത്തെ പുതുമുഖ സംഗീതസംവിധായകരെക്കുറിച്ച് റഫിക്ക് നിരാശയുണ്ടായിരുന്നു. ഒരേസമയം ഒട്ടേറെ ചിത്രങ്ങൾക്കുവേണ്ടി സംഗീതം ചെയ്യുകവഴി അവർ സംഗീതത്തിന്റെ നിലവാരം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പരിഭവിക്കുന്നു. ‘‘വളരെക്കുറച്ച് സംഗീതസംവിധായകരേ ഇന്ന് ആത്മാർഥതയോടെ സംഗീതം ചെയ്യുന്നുള്ളൂ. സർഗം എന്ന ചിത്രത്തിൽ ലക്ഷ്മികാന്ത്-പ്യാരേലാൽ ചെയ്തതുപോലുള്ള ഗാനങ്ങൾ ചെയ്യാൻ അധികമാർക്കും ഇന്ന് കഴിയുന്നില്ല. ഒട്ടുമിക്കവരും ഇന്ന് വിദേശട്യൂണുകൾ അനുകരിച്ച് രചനാമോഷണം നടത്തുകയാണ്. സിനിമയുണ്ടാക്കുക എന്നത് മുമ്പൊന്നും കച്ചവടം മാത്രമായിരുന്നില്ല. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യകാലത്തൊക്കെ എനിക്കുകിട്ടിയിരുന്നത് പാട്ടൊന്നിന് കഷ്ടി 75 രൂപ മാത്രമായിരുന്നു. സൈഗാൾ സാബ്, ജി.എം. ദുറാനി, ഖാൻ മസ്താൻ എന്നിവരെപ്പോലുള്ള പ്രമുഖ ഗായകർ അരങ്ങുവാഴുന്ന കാലത്താണ് ഞാൻ തുടക്കംകുറിക്കുന്നത്. മറ്റൊരു എതിരാളിയായി അവർ എന്നെ കണ്ടിരുന്നില്ല. പകരം, മികച്ച പ്രകടനത്തിനായി അവർ എന്നെ ആവോളം പ്രോത്സാഹിപ്പിച്ചു. ലാഹോറിൽവെച്ച് ആദ്യമായി കുന്ദൻലാൽ സൈഗാൾ സാബിനെ കണ്ടത് എനിക്ക് ഇന്നും ഓർമയുണ്ട്. അന്നെനിക്ക് 15 വയസ്സായിരുന്നു. അദ്ദേഹം അന്നവിടെ ഒരു സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു. പരിപാടി തുടങ്ങുന്നതിനു തൊട്ടുമുൻപ് മൈക്രോഫോൺ കേടായി. അത്‌ ശരിയാക്കുമ്പോഴേക്കും സദസ്സിനായി ഒന്നുരണ്ട് ഗാനം ആലപിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം എന്നെ അനുഗ്രഹിച്ചു; ഒരു പ്രവചനവും നടത്തി,  ഞാനൊരു വലിയ ഗായകനാവുന്ന ദിവസം വരുമെന്ന്. മെലഡി, ക്ലാസിക്കൽ രീതിയിലുള്ള പരിശീലനമാണ് അന്നൊക്കെ പ്രാഥമികമായി വേണ്ടിയിരുന്നത്. എന്നാൽ, ഇന്ന് സംഗീതപഠനത്തിന്റെ നിലവാരം ഏറെ താണുപോയിരിക്കുന്നു.’’ 
പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും റെക്കോഡിങ്ങിനുമുൻപ് വാങ്ങിയശേഷംമാത്രം പാടുന്ന ഗായകനായിരുന്നു കിഷോർ കുമാർ. എന്നാൽ, ഒരു രൂപ ടോക്കൺ തുകയായി വാങ്ങിയിട്ടുപോലും റഫി പാടുമായിരുന്നു. 
‘‘കൊമേഴ്‌സ്യൽ ചിത്രങ്ങളിൽ മുഴുവൻ തുകയും വാങ്ങിയാണ് ഞാൻ പാടാറുള്ളതെങ്കിലും പ്രാദേശികഭാഷാ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ചെറുബജറ്റ് ചിത്രങ്ങളിൽ കുറഞ്ഞ പണം വാങ്ങിയും ഞാൻ പാടിയിട്ടുണ്ട്. ഒരു സിനിമയിൽ പാടാൻ പണം മാത്രമല്ല ഞാൻ മാനദണ്ഡമാക്കാറുള്ളത്. എന്റെ സമ്പാദ്യത്തിലെ ചെറുതല്ലാത്ത ഒരു വിഹിതം ഞാൻ സേവനപ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കാറുണ്ട്. എന്നാൽ, പ്രശസ്തി ആവശ്യമില്ലാത്തതിനാൽ ഇക്കാര്യങ്ങളൊന്നും പുറത്തുപറയാറില്ല.’’

  ഗായകൻമാത്രം 
ഏറെക്കാലം ചലച്ചിത്രഗാനരംഗത്ത് പ്രവർത്തിച്ചെങ്കിലും റഫി സംഗീതസംവിധാനരംഗത്തേക്ക് പ്രവേശിച്ചതേയില്ല. 
‘‘ഒരിക്കൽ എസ്. മുഖർജി അദ്ദേഹത്തിന്റെ ഒരു ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഒരാൾക്ക് ഒരു മേഖലയിൽമാത്രമേ പൂർണത കൈവരിക്കാനാകൂ എന്ന ഉറച്ചവിശ്വാസമുള്ളതിനാൽ ഞാൻ ആ ആവശ്യം നിരസിച്ചു. തലത് മഹമൂദിനെ നോക്കൂ, അഭിനയരംഗത്തേക്ക് പ്രവേശിച്ച ശേഷം അദ്ദേഹത്തിന് ഗായകനായോ അഭിനേതാവായോ തിളങ്ങാനായിട്ടില്ല. നിർമാണരംഗത്തേക്കുകൂടി പ്രവേശിച്ച മുകേഷ്ഭായിക്ക് കനത്ത നഷ്ടമാണുണ്ടായത്. ഞാൻ സംഗീതസംവിധാനത്തിലേക്കുവന്നാൽ മറ്റു സംഗീതസംവിധായകർ അവരുടെ ഈണം ഞാൻ മോഷ്ടിക്കുമോ എന്നുഭയന്ന് എനിക്ക് പാടാനുള്ള അവസരംപോലും നിഷേധിക്കും.’’ 

പരിഭാഷ: സന്തോഷ്  വാസുദേവ്