കണ്ടാലും കേട്ടാലും അനുഭവിച്ചാലും തീരാത്ത കൗതുകമാണ് കടൽ. ഓരോ സമയത്തും ഓരോ ഭാവം പേറുന്ന മഹാദ്‌ഭുതം. 
  തിരമാലയും കാറ്റും ഒരുപോലെ മത്സരിക്കുന്ന കടൽത്തീരം മീൻപിടിത്തക്കാർക്ക് സ്വന്തം തറവാടുമുറ്റം തന്നെ. ആർത്തുവിളിച്ചും കലഹിച്ചും വീണ്ടും സ്നേഹിച്ചും ഒത്തുകൂടിയും ഒരുമിച്ചുണ്ടും കളിപറഞ്ഞും വെടിപറഞ്ഞും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ അവർ മറക്കുന്നത് സ്വന്തം പ്രായം. 
ഒന്നും സമ്പാദിക്കാതെ കടന്നുപോകുന്ന ദിനരാത്രങ്ങൾ...ബാല്യംമുതൽ കടലിനു ഹോമിച്ച എത്രയോ ജീവിതങ്ങൾ...ഒരു തൊഴിലിനപ്പുറം മറ്റുപലതും അവർ ഈ കടപ്പുറത്തുനിന്നും ‘പെരുക്കി’യെടുക്കുന്നു. പണിക്കുപോകുന്നവർ മാത്രമല്ല, ജോലി മതിയാക്കിയവരും ശേഷിയില്ലാത്തവരും എന്നും ഇവിടെ വരുന്നു-ഒരു  ദിനചര്യപോലെ...
സമയം രാവിലെ എട്ട്. ആയിക്കര കടപ്പുറം...
  കരയിലെ കൽത്തിണ്ണയിൽ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നത് ബാബുവാണ്. അയാൾ ഈ ഇരിപ്പ് തുടങ്ങിയിട്ട് ഒരാഴ്ചയായി. കടലിലെ നീരോട്ടം കണ്ടാൽ അറിയാം അന്നത്തെ മീൻവരവ്. 
   ബാബു കുട്ടിക്കാലംമുതൽ ഈ കടപ്പുറത്തുണ്ട്. ‘അരിയത്തെപ്പണി’യാണ്‌ (ചെറുവള്ളങ്ങളിൽ ചെറുദൂരം മാത്രം പോയി മീൻപിടിക്കുന്നവർ) ബാബുവിന്. മൂന്ന്‌ ആൺമക്കളും അച്ഛന്റെ പാതയിൽത്തന്നെ. തിരിച്ചെത്തുന്ന വള്ളത്തിലൊന്നും മീനില്ല, ആയിരത്തോളം വള്ളങ്ങളുള്ള ഈ കടപ്പുറത്ത്. 
   കടലും വള്ളങ്ങളും തട്ടുകടക്കാരും വാഹനങ്ങളും കുടിലുകളും ജീവികളും എല്ലാം ഇഴുകിച്ചേരുന്ന ഈ കടപ്പുറത്ത് ബാബു ഒരു ചെറുപൊട്ടുമാത്രം.  

***

അന്യദേശത്തൊഴിലാളികൾ ഉൾപ്പെട്ട സംഘം കടലിലേക്ക് വള്ളമിറക്കുകയാണ്. കൂട്ടായ്മയാണ് മീൻപിടിത്തക്കാരുടെ ഉൾക്കരുത്ത്. അതുതന്നെയാണ് ഇവരുടെ ആവേശവും ആശയും പ്രതീക്ഷയും.
     മീൻപിടിത്ത തൊഴിലാളി, വള്ളംമുതലാളി, ദല്ലാളി, മൊത്തം/ചെറുകിട/ചില്ലറ കച്ചവടക്കാർ, മീൻ വില്പനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, മീൻസംഭരണി തൊഴിലാളികൾ, ഐസ് നിർമാണ തൊഴിലാളികൾ, ഉണക്കമീൻ തൊഴിലാളികൾ തുടങ്ങിയ വിവിധങ്ങളായ തൊഴിൽ രൂപങ്ങളായാണ് മീൻപിടിത്തത്തിന്റെ ബാഹ്യമുഖം. കരപ്പണിക്കും കയറ്റിറക്കിനുമാണ് അന്യദേശ തൊഴിലാളികളെ ഏറിയപങ്കും ഉപയോഗിക്കുന്നത്. ‘‘ചില ദിവസങ്ങളിൽ എണ്ണപ്പൈസപോലും കിട്ടില്ല. ഇന്നും കാര്യം കടമാണ്. നോക്കൂ...വലയിൽ വല്ലതും ഉണ്ടോന്ന്!..’’ തിരിച്ചെത്തിയ മീൻപിടിത്തക്കാർ വള്ളത്തിൽനിന്നും വല മടക്കുന്നതിനിടയിൽ നിരാശയോടെ പറയുന്നു.  
   ‘‘സൂര്യനുദിക്കുംമുമ്പ് കടലിൽ പോയതാണ് ഞങ്ങൾ. നാല്പത്തിയഞ്ച് കിലോമീറ്ററോളം അകലെ പോയി തിരിച്ചെത്തിയത് രാവിലെ എട്ടുമണിക്ക്. കിട്ടിയത് വെറും മൂവായിരത്തിന്റെ മീൻ. മണ്ണെണ്ണയും ഓയിലും കഴിച്ച്  ഞങ്ങൾ ഏഴുപേർ ഈ പണം പങ്കിട്ടാൽ ചായപ്പൈസ തികയില്ല’’ -മറ്റൊരു തൊഴിലാളിയുടെ വാക്കുകൾ.
   ‘‘ഡബിൾ നെറ്റാണിതിന്റെ കാരണക്കാർ. അവർ കടൽ അരിച്ചു പെറുക്കുകയാണ്. അതിനിടെ ഞങ്ങൾ തോറ്റുപോകുന്നു’’, തൊഴിലാളിയായ പ്രസന്നരാജ് പറയുന്നു. 
    കിലോമീറ്റർ നീളമുള്ള വൻവലകളാണ് ഡബിൾ നെറ്റ്. ഇതിന്റെ ഒരറ്റം ഒരു ബോട്ടിലും മറ്റേ അറ്റം കിലോമീറ്റർ അകലെ മറ്റൊരു ബോട്ടിലും. ഇതിനിടയിലെ ചെറുതും വലുതുമായ മീനുകൾ മുഴുവൻ വലയിൽ കുടുങ്ങും. ചത്തുമലർന്ന മീനുകളിൽ ചെറുമീനുകളെ മുഴുവൻ കടലിൽ ഉപേക്ഷിക്കും. വലിയ മീനുകളെ മാത്രം അവർ കയറ്റിയയ്ക്കുകയും ആഴ്ചകളോളം െവച്ച് വൻ ലാഭമുണ്ടാക്കുകയും ചെയ്യും. വൻകിട മുതലാളിമാരാണ് ഇങ്ങനെ വൻ ലാഭം കൊയ്യുന്നത്. നിയമം ലംഘിച്ചാണ് ഈ പുറംകടൽ മീൻപിടിത്തം. 

***

മീൻ കരയ്ക്കെത്തിയാൽ ‘ദല്ലാളി’മാരുടെ ഊഴമായി. സൂക്ഷിച്ച് വാക്കുകൾ ഉപയോഗിക്കേണ്ടി വരുന്നത് ഇവിടെയാണ്. ചിലപ്പോൾ വഴക്കാവും. പക്ഷേ, അടുത്ത നിമിഷത്തിൽത്തന്നെ അവർ അത് മറക്കും. കുറെനേരം കാത്തിരുന്ന് കിട്ടിയ രണ്ടുകൊട്ട മീനിന്റെ വില ദല്ലാളി വിളിച്ചുപറയുകയാണ്. കയറ്റിവിളിക്കുന്നവർക്ക് മീൻ കൊണ്ടുപോകാം. വളരെച്ചെറിയൊരു വിഹിതം ദല്ലാളിമാർക്കുള്ളതാണ്.

***

സൈക്കിളിൽ യുവാക്കൾ മീൻ വിൽക്കുന്നത് ഇന്ന് അപൂർവമാണ്. 
ഈ യുവാവ് പ്രതീക്ഷയോടെയാണ് കടപ്പുറത്തെത്തിയത്. പ്രതീക്ഷ കൈവിടാതെ തന്റെ സൈക്കിൾ ഒതുക്കിവെക്കുകയാണ് ഇയാൾ.
  ആളുകൾക്ക് ഇഷ്ടപ്പെട്ട മീനുകൾക്കായാണ് ചില്ലറ വില്പനക്കാർ എത്തുന്നത്. നിരാശനായി മടങ്ങിപ്പോകണോ വൈകുന്നേരം തിരിച്ചുവരണോ മറ്റേതെങ്കിലും പണിക്കു പോകണോ എന്ന ചിന്തയാണ് മിക്ക ചില്ലറ മീൻവില്പനക്കാരെ അലട്ടുന്നത്.

***

പത്തുവയസ്സിൽ വന്നതാണ് ഖാലിദ്ക്ക ഈ കടപ്പുറത്ത്. 
ആയിക്കരയിലെ ഏറ്റവും പ്രായം കൂടിയ മീൻപിടിത്തത്തൊഴിലാളി. പ്രായമെന്തായി എന്ന് ചോദിച്ചാൽ ചുളിവുവീണ മുഖംകോട്ടി അറുപത്, അറുപത്തഞ്ച്, എഴുപത് എന്നിങ്ങനെ പറയും. എൺപത്തിയഞ്ച് കഴിഞ്ഞെന്ന് സുഹൃത്തുക്കൾ. ഇരുപതുവർഷം മുമ്പുവരെ കരപ്പണിക്കു പോയിരുന്നു.  അന്ന് ദിവസം രണ്ടരരൂപ കിട്ടും. ഇപ്പോ തീരെ വയ്യ. സംസാരിക്കാൻ പോലും. എങ്കിലും എന്നും വരും ഈ കടപ്പുറത്ത്. നടന്നുനടന്ന് തീരത്തിരക്കിലേക്ക് ലയിക്കാൻ. 
   പഴയ സഹപ്രവർത്തകർ തോണിയടുപ്പിച്ചാൽ ഖാലിദ്ക്കയ്ക്ക് വെറുതേ ഒരു പങ്കുകൊടുക്കും. കിട്ടിയത് കൈത്തണ്ടയിൽ തൂക്കിയ അലൂമിനിയപാത്രത്തിൽ കൊണ്ടുപോയി വിൽക്കും. മൂന്നു പെൺമക്കളുണ്ട് ഖാലിദ്ക്കയ്ക്ക്. അവരെ പോറ്റാൻ ഇതു ധാരാളമാണെന്ന് സ്വയം വിശ്വസിപ്പിച്ച് ഇനിയും വരും ഖാലിദ്ക്ക ഈ കടപ്പുറത്ത്. ഉച്ചിയിലെത്തിയ വെയിലിന്റെ ചൂടിലും ഒന്നും കിട്ടാത്തതിൽ പരിഭവമില്ലാതെ കാത്തിരിക്കുകയാണ് ഖാലിദ്ക്ക... 

 

gireeshmacreri@gmail.com