‘‘പ്രകൃതിയിലെ ഒരു സ്വാഭാവിക സംഭവത്തെ ചൂഷണം ചെയ്യുകയല്ലേ ആസ്പത്രികൾ?’’,ബിജി ചോദിക്കുന്നു

പച്ചക്കറി അരിയുന്നതിനിടയിലാണ് നിറവയറിന്റെ അടിയിൽ വേദന പിടിമുറുക്കിയത്. ഭർത്താവ് ഹിലാൽ വീട്ടിലില്ലാത്തനേരം. തുണയായി മൂന്നു കുഞ്ഞുമക്കൾ മാത്രം. ബിജി ഉടൻ അടുത്തസുഹൃത്തിന് ഫോൺചെയ്തു. വേദന കടിച്ചമർത്തി ഇങ്ങനെ പറഞ്ഞു: ‘‘എനിക്ക് വേദന തുടങ്ങി. പറ്റുമെങ്കിൽ ഇവിടംവരെ വരൂ, ഒപ്പം മക്കൾ മാത്രമേയുള്ളൂ.’’
പേറ്റുനൊമ്പരം കടുത്തു. ബിജി വേഗം മുടിയൊതുക്കി പിന്നി, സൗകര്യപ്രദമായ ഒരു ഗൗൺ എടുത്തിട്ടു. എന്നിട്ട് ഊൺമേശയുടെ മുകളിൽ കയറി മലർന്നുകിടന്നു. 
‘‘കുഞ്ഞുവാവയുടെ ശബ്ദം വരുമ്പോൾ അമ്മ വിളിക്കാം. മക്കൾ അപ്പോ വന്നാമതി’’ എന്ന് അവൾ മക്കളോടു വിളിച്ചുപറഞ്ഞു.  മൂന്നുവട്ടം പെറ്റതിന്റെ മുൻപരിചയം ഉള്ളതിനാൽ ഇത്തവണ വെറും അരമണിക്കൂറേ വേണ്ടിവന്നുള്ളൂ. കുട്ടിയുടെ തല വെളിയിലായപ്പോഴേക്കും നേരത്തേ വിളിച്ച സുഹൃത്തുമെത്തി. മിടുമിടുക്കനൊരു ചോരക്കുഞ്ഞ് വെളിയിൽവന്ന് പുത്തൻ തൊണ്ടകൊണ്ട് തന്റെ ആഗമനം കരഞ്ഞറിയിച്ചപ്പോൾ ബിജിയുടെ മൂത്തമകൻ നോനു അങ്ങോട്ടെത്തി. അവൻതന്നെ ഒരു കുഞ്ഞുകത്തിയെടുത്ത് തന്റെ കുഞ്ഞനുജന്റെ പൊക്കിൾക്കൊടി മുറിച്ചുനീക്കി. 
12 വയസ്സുകാരിയായ ഒരു മിസിസിപ്പിക്കാരി പെൺകുട്ടി, ഡോക്ടർമാർക്കൊപ്പം ചേർന്ന് അമ്മയുടെ പ്രസവമെടുത്ത ചിത്രം കഴിഞ്ഞദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. എന്നാൽ, നമ്മുടെ കൊച്ചുകേരളത്തിൽ മൂന്നു വർഷംമുമ്പ് 11 വയസ്സുകാരൻ പയ്യൻ അമ്മയുടെ പൊക്കിൾക്കൊടി മുറിക്കുമ്പോൾ ആസ്പത്രിയോ മറ്റു സന്നാഹങ്ങളോ ഒന്നുമില്ലായിരുന്നു! 
ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി  കോട്ടയം തിരുവഞ്ചൂർ കുരിശുപള്ളിക്കവലയിലും പാലക്കാട് വടക്കുംമുറിയിലുമായി മാറി മാറിയാണ് ബിജിയുടെയും കുടുംബത്തിന്റെയും താമസം.  സർവസന്നാഹങ്ങളോടുംകൂടി ആസ്പത്രിയിൽ പ്രസവിക്കുന്ന സഹസ്രജനങ്ങളോട് 
ബിജിക്കൊന്നേ പറയാനുള്ളൂ: ‘‘പ്രപഞ്ചത്തിലെ സർവജീവജാലങ്ങൾക്കും പ്രകൃതികൊടുത്ത കഴിവാണ് പ്രസവം. പിന്നെ മനുഷ്യർ മാത്രമെന്തിന് അതിനെ ആസ്പത്രി നിരങ്ങിയിറങ്ങി അസ്വാഭാവികമാക്കുന്നു?’’
പ്രകൃതിജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്ന ബിജിയെപ്പോലുള്ള ഒരു സ്ത്രീക്ക് പ്രസവത്തെ സ്വാഭാവികമായി മാത്രമേ കാണാൻകഴിയൂ. ഗർഭകാലത്ത് യാതൊരുവിധ മരുന്നുകളോ വിറ്റാമിൻ ഗുളികകളോ സ്വീകരിച്ചിട്ടില്ല ബിജി. എട്ടു മാസമായപ്പോൾ കരിക്കിൻവെള്ളവും പഴവും മാത്രമാക്കി ഭക്ഷണരീതി കൂടുതൽ ‘ശ്രേഷ്ഠ’മാക്കിയതായി ബിജി ഓർക്കുന്നു. പ്രസവം ആസ്പത്രിയിൽ വേണ്ടെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു. അമ്പതുപൈസയുടെ ചെലവില്ലെന്നു മാത്രമല്ല, തീർത്തും സ്വാഭാവികവും സന്തോഷകരവുമായ കർമം. പ്രസവശേഷമുള്ള രണ്ടാഴ്ചക്കാലം പഴങ്ങൾ മാത്രം ഭക്ഷണം.
ബിജിയുടെ പ്രസവം കൂട്ടുകാരികളെയും മറ്റു പരിചയക്കാരെയും വളരെയേറെ സ്വാധീനിച്ചിരുന്നു. പക്ഷേ, സാമ്പ്രദായികമായ 
രീതികളെയെല്ലാം വെല്ലുവിളിച്ച് തലമുറകളായി പിന്തുരുന്ന ഒരു പ്രക്രിയയെ ആസ്പത്രിയിൽനിന്ന് അടർത്തിമാറ്റാൻ പലർക്കും ധൈര്യമുണ്ടായില്ലെന്നുമാത്രം. എന്നിട്ടും ചിലർ അതിനുള്ള ധൈര്യം കാട്ടി. അങ്ങനെയാണ് സ്വാഭാവിക പ്രസവത്തെക്കുറിച്ചറിഞ്ഞ മണ്ണഞ്ചേരിക്കാരി ബിസ്മി എന്നൊരു പത്തൊമ്പതുകാരി ബിജിയെ സമീപിക്കുന്നത്. 
ഛർദിച്ചവശയാകുമായിരുന്ന ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ഡോക്ടർ പ്രതിവിധിയായി ബിസ്മിക്ക് ഗുളിക നിർദേശിച്ചിരുന്നു. ഛർദിമാറിയെങ്കിലും ഗുളികയുടെ മയക്കത്തിൽ മറ്റുള്ളവരെ തിരിച്ചറിയാൻപോലും കഴിയാത്ത അവസ്ഥവന്നപ്പോൾ ബിസ്മിക്ക് അലോപ്പതിയോട് ഭയമായി. സിസേറിയനിൽ കലാശിച്ച നാത്തൂന്മാരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞത്  ബിസ്മിയെ  ആശങ്കാകുലയാക്കിയിരുന്നു. ഒടുവിൽ വീട്ടുകാരെതിർത്തിട്ടും ബിജിയുടെ ഉപദേശത്തിൽ വീട്ടിൽ പ്രസവിക്കാനുള്ള ധൈര്യം ബിസ്മി കാണിച്ചു. ഏറ്റവും സുരക്ഷിതമായ സ്ഥലം വീടാണെന്ന ബിജിയുടെ തീർപ്പ്‌ അവളുടെ പേടിമാറ്റി.
‘‘ഗർഭിണിയായി ആറുമാസത്തിനുശേഷം ചേച്ചി ആവശ്യപ്പെട്ടതുപോലെ പഴങ്ങൾ മാത്രമായിരുന്നു എന്റെ ഭക്ഷണം. പ്രസവം അടുത്തെത്തിയ അവസാന 15 ദിവസം കരിക്കിൻവെള്ളം മാത്രമാക്കി. പ്രസവമടുത്തതോടെ ഭാരപ്പെട്ട ജോലികൾചെയ്ത് മെയ്‌വഴക്കമുണ്ടാക്കി. എനിക്ക് എനിമയുടെ ആവശ്യംപോലും വേണ്ടിവന്നില്ല.  ഇക്കയാണ് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചത്’’, സന്തോഷത്തോടെ ബിസ്മി പറയുന്നു. 
2015 ഏപ്രിലിലായിരുന്നു ബിസ്മി പ്രസവിച്ചത്. പ്രസവത്തെ ഒരു രോഗാവസ്ഥപോലെ ചികിത്സിച്ച് സങ്കീർണമാക്കുന്ന ആധുനിക വൈദ്യശാസ്ത്രരീതിയോടുള്ള പ്രതിഷേധമായിരുന്നു ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയുള്ള തന്റെ ആദ്യത്തെ ആ പ്രസവമെടുക്കലെന്ന് ബിജിയും സാക്ഷ്യപ്പെടുത്തുന്നു. 
ബിജി പിന്നീടെടുത്ത രണ്ടു പ്രസവങ്ങളും വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിപ്പിച്ചവയായിരുന്നു. കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയും തലയ്ക്കുപകരം കുട്ടിയുടെ കീഴ്ഭാഗം പുറത്തുവന്ന രീതിയിലുമുള്ള സങ്കീർണ പ്രസവങ്ങളും ബിജിയുടെ ‘കാർമികത്വ’ത്തിൽ നടന്നു.  ബിജിയുടെ അസാന്നിധ്യത്തിൽ നിർദേശങ്ങളും ഉപദേശങ്ങളും ഫോണിലൂടെ സ്വീകരിച്ച് വീട്ടിൽ പ്രസവിച്ചവരുമുണ്ട് ഒട്ടേറെപ്പേർ എന്നുകൂടി കേൾക്കുക. ആദ്യ പ്രസവം സിസേറിയൻ വഴി നടത്തിയ പെൺകുട്ടി രണ്ടാമത്തേത് സാധാരണ പ്രസവം നടത്തിയ സംഭവവും ബിജിയുടെ ‘ശിക്ഷണ’ത്തിൽ ഉണ്ടായി.
പ്രസവമെടുക്കാൻ നടക്കുന്ന ഒരു സാദാ വയറ്റാട്ടിയായി ബിജിയെ കുറച്ചുകാണേണ്ടതില്ല.  പേറെടുക്കുന്നതുപോലെതന്നെ, 
ചിലർക്ക് സന്താനസൗഭാഗ്യത്തിനും തന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ബിജി പറയുന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശികളായ ശോഭ-ഉണ്ണിക്കൃഷ്ണൻ ദമ്പതിമാർതന്നെ ഉദാഹരണം. വന്ധ്യതാനിവാരണ ചികിത്സയ്ക്കായി 9 ലക്ഷം രൂപ അവർ ചെലവാക്കിക്കഴിഞ്ഞിരുന്നു. ശോഭയുടെ അണ്ഡാശയത്തിൽനിന്ന് മൂന്നുതവണയാണ് മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്‌. ഗർഭധാരണം നടക്കാൻ ലക്ഷങ്ങൾ ചെലവുള്ള കുത്തിവെപ്പുകളും എടുത്തു. കൃത്രിമ ബീജസങ്കലനത്തിലൂടെ അഞ്ചുതവണ ഭ്രൂണം ഉണ്ടായെങ്കിലും രണ്ടെണ്ണമേ ആരോഗ്യത്തോടെ ലഭിച്ചുള്ളൂ. പക്ഷേ, ഗർഭപാത്രത്തിൽ 
നിക്ഷേപിച്ചപ്പോഴാകട്ടെ അതും പരാജയമായി. എന്നാൽ ശോഭ-ഉണ്ണിക്കൃഷ്ണൻ ദമ്പതികളുടെ ജീവിതത്തിലേക്ക് പക്ഷേ, നാച്ചുമോൾ വരികതന്നെ
ചെയ്തു. ആ അദ്‌ഭുതപ്പിറവിക്കു പിന്നിലും ബിജിയുടെ മേൽനോട്ടമുണ്ടായിരുന്നു. 
‘‘കുഞ്ഞുണ്ടാവുമെന്ന പ്രതീക്ഷ പൂർണമായും അസ്തമിച്ച ഘട്ടത്തിലാണ് ബിജിയുടെ നിർദേശപ്രകാരം ചിട്ടയായ പഴവർഗം കഴിച്ചുകൊണ്ടുള്ള ജീവിതരീതി പിന്തുടരാൻ തുടങ്ങിയത്. വൈകാതെ ശോഭ ഗർഭിണിയായി’’, 
നാച്ചുമോളുടെ അച്ഛൻ ഉണ്ണിക്കൃഷ്ണൻ പറയുന്നു. 
‘‘നാച്ചു എന്ന പേരിനുപിന്നിൽ?’’, കൗതുകം തലനീട്ടി.
‘‘തികച്ചും നാച്ച്വറൽ ആയതിനാൽ അതിന്റെ ചുരുക്കപ്പേരുതന്നെ മോളുടെ പേരാക്കി - നാച്ചു!’’ -മറുപടി.
ഗർഭിണികൾ കഴിക്കുന്ന ഫോളിക് ആസിഡ് ടാബ്ലെറ്റുകളും സസ്‌റ്റെൻ പോലുള്ള മരുന്നുകളും കഴിക്കുന്നതിനെതിരാണ് ബിജി. ഗർഭം തുടങ്ങിയകാലത്തും ഗർഭാവസ്ഥയുടെ അവസാനഘട്ടത്തിലും പൂർണമായും പഴങ്ങൾ മാത്രം കഴിക്കാനായിരുന്നു ബിജിയുടെ ഉപദേശം. പ്രസവത്തിന് ഒരാഴ്ച ബാക്കിനിൽക്കെ കരിക്കിൻവെള്ളം മാത്രം. 
‘‘12 മണിക്കൂറിനുശേഷമാണ് ശോഭയുടെ കുഞ്ഞിന്റെ മറുപിള്ള പുറത്തുവന്നത്. സാധാരണ ആസ്പത്രിയിലാണെങ്കിൽ മറുപിള്ള വരാനൊന്നും കാത്തുനിൽക്കാതെ വലിച്ച് പുറത്തിടുകയാണ് പതിവ്’’, ബിജി പറയുന്നു. 
തന്റേതടക്കമുള്ള മൂന്നു പ്രസവങ്ങൾ കൈകാര്യം ചെയ്തതിന്റെ പിൻബലത്തിലാണ് കോതമംഗലം സ്വദേശിനി അൻഫിയയുടെ അതിസങ്കീർണമായ പ്രസവം ബിജിയെടുക്കുന്നത്. ആസ്പത്രിയിലായിരുന്നെങ്കിൽ സിസേറിയൻ സാധ്യത വളരെ കൂടുതലുള്ള അൻഫിയയുടെ ഗർഭത്തിന് സങ്കീർണതകളേറെയായിരുന്നു. സാധാരണ പ്രസവം അടുക്കാറായാൽ വയറ്‌ താഴേക്കിറങ്ങും. എന്നിട്ടാണ് തല പുറത്തുവരിക. എന്നാൽ, അൻഫിയയുടെ സ്ഥിതി വ്യത്യസ്തമായിരുന്നു. കുട്ടിയുടെ തലയല്ല പകരം പിൻഭാഗമാണ് പുറത്തുവന്നത്. എന്നിട്ടും ആസ്പത്രിയിൽ പോയില്ല. വ്യത്യസ്ത സാഹചര്യം കണക്കിലെടുത്ത് അൻഫിയയെ ഇരുത്തിയാണ് ബിജി പ്രസവിപ്പിച്ചത്. തലയ്ക്കുപകരം കീഴ്ഭാഗവുമായി കുട്ടി പുറത്തേക്കുവരുമ്പോൾ  മഷിയുണ്ടായിരുന്നു. മാത്രമല്ല കഴുത്തിൽ പൊക്കിൾക്കൊടിയും ചുറ്റിയിരുന്നു. മറുപിള്ളയ്ക്കുവേണ്ടി കാത്തിരുന്നെങ്കിലും വന്നില്ല. എന്നിട്ടും ആസ്പത്രിയിൽ പോകേണ്ട എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അൻഫിയയും കുടുംബവും. ഒടുവിൽ മൂന്നുദിവസത്തിനുശേഷം മറുപിള്ള പുറത്തുവന്നു.  
കോഡ്ചുറ്റി, മഷിയിട്ടു, തലഭാഗമല്ല പുറത്തേക്കുവന്നത്, മറുപിള്ള ആദ്യദിവസം വന്നില്ല എന്നിങ്ങനെയുള്ള നാല് സങ്കീർണതകളുണ്ടായിരുന്നു ആ പ്രസവത്തിൽ.  പക്ഷേ, ബിജി തീരുമാനത്തിൽ ഉറച്ചുനിന്നു. 
‘‘ഒരു ചോദ്യം ചോദിക്കാതിരിക്കാനാവുന്നില്ല. നമ്മുടെ പൊതുരീതികളെയും മെഡിക്കൽ സയൻസിനെയും അപ്പാടെ അവഗണിച്ച് ഇത്തരത്തിൽ മുന്നോട്ടുപോവുമ്പോൾ സ്ത്രീകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരു സമാധാനം പറയും?’’ 
ബിജിയുടെ മറുപടിയിതാണ്: ‘‘എല്ലാത്തിനും പ്രകൃതിദത്തമായ പരിഹാരമാർഗങ്ങളുണ്ട്. ക്ഷമമാത്രം മതി’’
എത്തിച്ചേരാൻ പ്രയാസമുള്ള ദൂരെയുള്ള വീടുകളിലുള്ളവർക്ക് ഏതുസമയത്തും നിർദേശം നൽകാൻ ബിജി തയ്യാറാണ്. പ്രീഡിഗ്രിക്ക് ശേഷം പോളിടെക്‌നിക് കൊമേഴ്‌സ്യൽ പ്രാക്ടീസിങ്ങിൽ ഡിപ്ലോമ നേടിയിട്ടുള്ള ബിജി യാതൊരുവിധ സാമ്പത്തികസഹായവും സ്വീകരിക്കാതെ വീട്ടിൽ പ്രസവമുറികളൊരുക്കാൻ സ്ത്രീകളെ പ്രചോദിപ്പിക്കുന്ന തിനു പിന്നിൽ ഒരുദ്ദേശ്യമേയുള്ളൂ: ‘‘പ്രകൃതിയിലെ ഒരു സ്വാഭാവിക സംഭവത്തെ വമ്പൻ വരുമാനമാർഗമാക്കുന്ന ആസ്പത്രികളുടെ ചൂഷണത്തിൽനിന്ന് നമുക്കറിയാവുന്ന, അതിനു തയ്യാറാകുന്ന, സ്ത്രീകളെ മാറ്റിനിർത്തേണ്ടതില്ലേ?’’
പ്രകൃതികൃഷിയുടെ പ്രചാരകനായ ഭർത്താവ് ഹിലാലിൽനിന്നാണ് ‘സ്വാഭാവിക ജീവിതരീതി’യിലേക്ക്  ബിജി ആകൃഷ്ടയാവുന്നത്.  കോട്ടയം ചീർപ്പുങ്കലിൽ നടൻ മമ്മൂട്ടിക്കുള്ള 17 ഏക്കർ പാടത്ത് ഇപ്പോൾ നെൽക്കൃഷി ചെയ്യുന്നത് ഹിലാലാണ്. നടൻ ശ്രീനിവാസനെ പ്രകൃതികൃഷിയിലേക്ക് ആകർഷിച്ചതും ഹിലാലായിരുന്നു. ഹിലാൽ കേരളത്തിൽ അങ്ങോളമിങ്ങോളമായി ചെയ്യുന്ന 200 ഏക്കറിലധികം പ്രദേശത്തെ പ്രകൃതികൃഷിക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകി ബിജിയും മക്കളായ നോനു, നൈന, നൈസ, നൈജു എന്നിവരും ഒപ്പമുണ്ട്. ബിജിയും ഹിലാലും മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകുന്നില്ല. വായനയും കൃഷിയും യാത്രയുമാണ് കുട്ടികളുടെ പാഠ്യകളരി. 
ബിജിയുമായി സംസാരിച്ചിറങ്ങുമ്പോൾ ഒരു സ്ത്രീ എന്നനിലയ്ക്ക് ഈ ലേഖികയുടെ മനസ്സിലും ഒരുപാട് സംശയങ്ങളുണ്ടായിരുന്നു.  ബിജിയുടെ ഈ കഥ വായിച്ചുകഴിഞ്ഞ് ഉടൻ വീട്ടിൽമാത്രമേ പ്രസവിക്കൂ എന്ന് തീരുമാനിക്കാൻ ഏതു സ്ത്രീക്കാണ് കഴിയുക എന്ന ചോദ്യം തന്നെയാണ് അതിൽ ആദ്യത്തേത്. സാഹസികരംഗങ്ങൾ പ്രദർശിപ്പിക്കുന്ന ചാനൽ പരിപാടികളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കുന്നതുപോലെ, ഇത് സ്വന്തംനിലയ്ക്ക് വീട്ടിൽ ആരും ചെയ്യരുത് എന്ന് വാരാന്തപ്പതിപ്പിൽ എഴുതിക്കാണിക്കാനും വയ്യല്ലോ. അതുകൊണ്ട് ആദ്യം ചെയ്തത് ഗൈനക്കോളജിയിൽ പ്രാഗല്‌ഭ്യം തെളിയിച്ച ഏതാനും ഡോക്ടർമാരെ വിളിച്ച് ഇക്കാര്യം ചർച്ചചെയ്യുകയാണ്. 
‘‘പ്രകൃതിജീവിതത്തിൽനിന്ന് ഒരുപാട് നമുക്ക് പഠിക്കാനും ഉപയോഗപ്പെടുത്താനുമുണ്ട്. ഇളനീരുപയോഗം അമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റെ അളവ് കൂട്ടുമെന്നത് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇത് സുഖപ്രസവത്തിന് കളമൊരുക്കും’’ -തിരുവനന്തപുരത്തെ 
ഗൈനക്കോളജിസ്റ്റ് ഡോക്ടർ അനുപമ പറഞ്ഞു. 
‘‘പക്ഷേ, ഏതു ചികിത്സാശാഖയായാലും ഒരു വലിയ വിഭാഗം ആളുകളിൽ പഠനം നടത്തി മാത്രമേ രീതിയെല്ലാം ശരിയാണോ തെറ്റാണോ എന്ന നമുക്കു പറയാൻ സാധിക്കൂ. അഞ്ചോ പത്തോ കേസുകൾവെച്ച് നമുക്ക് സാമാന്യവത്കരിക്കാൻ കഴിയില്ല.  കാത്സ്യം, ഫോളിക് ആസിഡ,് അയൺ പോലുള്ള ടാബ്ലെറ്റുകൾ ഗർഭിണികൾ നിർബന്ധമായും കഴിച്ചിരിക്കണമെന്നു പറയുന്നത് ആഗോളാടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ ഫലമായാണ്. ഭക്ഷണത്തിലൂടെ ഇരുമ്പുസത്തും കാത്സ്യവും എല്ലാം അമ്മയ്ക്ക് ലഭിക്കുമെങ്കിൽ അത് ഉത്തമമാണ്. പക്ഷേ ഗർഭകാലഭക്ഷണത്തിലൂടെ ഇവ ലഭിച്ചില്ലെങ്കിൽ കുഞ്ഞിനും അമ്മയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവും. പോഷകാഹാരക്കുറവുമൂലം കുഞ്ഞിന്റെ തലച്ചോറിനും നാഡീവ്യൂഹത്തിനും ഉണ്ടാവാൻ സാധ്യതയുള്ള തകരാറുകൾ ഒഴിവാക്കാനാണ് ഫോളിക് ആസിഡ് ഡോക്ടർമാർ നിഷ്‌കർഷിക്കുന്നത്’’, ഡോക്ടർ അനുപമ തുടർന്നു.
‘‘ആദ്യം സിസേറിയനാണെങ്കിൽ രണ്ടാമത്തേതും അങ്ങനെയാകണമെന്നില്ല. ഒരുപാട് മാതൃകാ ഹോസ്പിറ്റലുകളിൽ ഇത്തരത്തിൽ ആദ്യശസ്ത്രക്രിയയ്ക്കുശേഷം സാധാരണ പ്രസവം നടക്കുന്നുണ്ട്. അതുപോലെ തലഭാഗം വരാതെ തലതിരിഞ്ഞ് കുട്ടി കിടക്കുന്ന രീതിയിൽ എത്രയോ സാധാരണ പ്രസവം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ട്’’, മറ്റൊരു ഡോക്ടർ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. 
‘‘പൊക്കിൾക്കൊടി ചുറ്റിയാൽ എല്ലായ്‌പ്പോഴും സിസേറിയൻ വേണ്ടിവരുമെന്നത് തെറ്റായ ധാരണയാണ്. അതുപോലെ മഷിപോയാലും പ്രസവമെടുക്കാറുണ്ട്. കുഞ്ഞ് മഷിയിടുന്നത് കുഞ്ഞിന് വിമ്മിട്ടം ഉണ്ടാകുമ്പോഴാണ്. മഷിയിട്ടയുടൻ പ്രസവം നടക്കുമെന്ന് തോന്നിയാൽ നമ്മൾ സാധാരണ 
പ്രസവവുമായി മുന്നോട്ടുപോവും. പക്ഷേ, ഉടൻ പ്രസവിച്ചില്ലെങ്കിൽ അത് അപകടമാണ്. ഓക്സിജൻ കിട്ടാൻ കുഞ്ഞിന് ബുദ്ധിമുട്ടനുഭവപ്പെട്ടാൽ അത് തലച്ചോറിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കും. ഓട്ടിസത്തിനും അതു വഴിവെച്ചേക്കാം’’, ഇതായിരുന്നു മറ്റൊരു ഡോക്ടർ പറഞ്ഞത്. 
‘‘മറുപിള്ള അഥവാ പ്ലാസെന്റ പൊതുവേ പ്രസവം കഴിഞ്ഞ്  30 മിനിറ്റിനുള്ളിൽത്തന്നെ ശരീരം പുറംതള്ളും. മറുപിള്ള വരാൻ താമസിക്കുകയാണെങ്കിൽ ഇൻഫക്ഷൻ ഉണ്ടായേക്കാം. അതുകൊണ്ട് അനസ്തേഷ്യ നൽകിയിട്ടാണെങ്കിലും അത് വൈകാതെ നീക്കംചെയ്യേണ്ടതുണ്ട്’’, അദ്ദേഹം തുടരുന്നു. 
ഇതെഴുതിക്കഴിഞ്ഞപ്പോൾ സ്വയം ചോദിച്ചുനോക്കി: ബിജിയെ പരിചയമുണ്ടായിട്ടും ഞാനെന്തുകൊണ്ട് സ്വന്തം പ്രസവം ബിജിയുടെ മട്ടിലാക്കിയില്ല? ആദ്യം മനസ്സുപറഞ്ഞ ഉത്തരം പകുതി കള്ളമായിരുന്നു. ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ, ഇത്തരം കാര്യങ്ങൾക്ക് വീട്ടുകാരുടെയും സമ്മതവും സഹകരണവും വേണ്ടേ? 
പിന്നെ മനസ്സു തിരുത്തി: നമുക്ക് അപകടമൊന്നും വരാതെ പ്രസവം നടക്കണമെന്ന് വീട്ടുകാരും ഭർത്താവും കരുതുന്നതും സ്നേഹം തന്നെയല്ലേ? മികച്ച ഒരു ഡോക്ടറുടെ പരിചരണത്തിൽ ആധുനികമായ എല്ലാ തയ്യാറെടുപ്പോടെയും നടക്കുന്ന പ്രസവങ്ങളെ അങ്ങനെയങ്ങ് പരിഹസിച്ച് നിരാകരിക്കാമോ?
ഒടുവിൽ മനസ്സ് ഒരു തീർപ്പിലെത്തി: ഇത് ബിജിയെക്കുറിച്ചുള്ള ഒരു ലേഖനമാണ്. അസാധാരണമായി ചിന്തിക്കാൻ ധൈര്യമുള്ള, തന്റെ ചിന്തയ്ക്കൊപ്പം പ്രവർത്തിക്കാൻ മനക്കരുത്തുള്ള, ഒരു സ്ത്രീയുടെ ജീവിതകഥ. അത് സത്യസന്ധമായി പകർത്തിവെയ്ക്കുക എന്നത് എന്റെ ജോലിയാണ്. ഒരു സ്ത്രീ എന്നനിലയ്ക്ക് വിസ്മയത്തോടെയും ആദരത്തോടെയും ഞാനിത് ചെയ്യുന്നു. അത്രമാത്രം.
nileenaatholi@gmail.com