സമുദായങ്ങൾ കുലത്തൊഴിലായി അനുവർത്തിച്ചുപോന്ന പല കലാരൂപങ്ങളും പുതുതലമുറയുടെ ഉപേക്ഷമൂലം മാഞ്ഞുതുടങ്ങുകയാണ്. പാരമ്പര്യമായി തനിക്കുപകർന്നുകിട്ടിയ കലയെ ആധികാരികമായി അഭ്യസിക്കുകയും മികവാർന്ന പ്രകടനത്താൽ ആ കലയെ ഉയരത്തിൽ പ്രതിഷ്ഠിക്കുകയും - ഡോ. അപർണ നങ്ങ്യാരുടെ പ്രസക്തി അവിടെയാണ്.   ഒരുകാലത്ത് ചാക്യാർ, നമ്പ്യാർ സമുദായക്കാർ മാത്രം അവതരിപ്പിച്ചിരുന്ന കൂടിയാട്ടവും കൂത്തും ഇതര സമുദായക്കാരും അഭ്യസിക്കാൻ തുടങ്ങിയത് കൂടിയാട്ടത്തിന്റെ വളർച്ചയിൽ ഒരു വഴിത്തിരിവു തന്നെയായിരുന്നു. എങ്കിലും കൂടിയാട്ടത്തിന്റെ പാരമ്പര്യവേരുകളും അതിശക്തമായിതന്നെ നിലനിൽക്കുന്നു എന്നതിന് തെളിവാണ്  ഈ കലാകാരി. 

കേരളത്തിലെ കൂടിയാട്ടഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന ഇരിങ്ങാലക്കുടയിൽ, മിഴാവിന്റെ താളം കേട്ടുവളർന്ന അപർണയ്ക്ക് ചുറ്റും എന്നും ഈ കലയുണ്ടായിരുന്നു. 
നാട്യകലയിലെ മുടിചൂടാമന്നനായിരുന്ന അമ്മന്നൂർ മാധവചാക്യാരുടെ അവസാന ശിഷ്യഗണത്തിൽ ഒരാളാവാൻ സാധിച്ചു എന്നതാണ് അപർണയ്ക്ക് ലഭിച്ച ഏറ്റവുംവലിയ ഭാഗ്യം. പാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കാത്ത കളരി, ആംഗികവാചികാദികളിലെ ചിട്ടയാർന്ന അഭ്യസനം, ഒപ്പം മുതിർന്ന കലാകാരൻമാരുടെ ധാരാളം അവതരണങ്ങൾ സ്ഥിരമായി കാണാനുള്ള അവസരം... ഇവയെല്ലാം അപർണയെ ചെറുപ്പത്തിലേ ഒരു കറതീർന്ന കലാകാരിയാക്കി മാറ്റി. മാധവച്ചാക്യാരുടെ അനന്തിരവനും മുതിർന്ന കൂത്ത്‌,കൂടിയാട്ടം കലാകാരനുമായ അച്ഛൻ അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ശിക്ഷണവും ഉപദേശങ്ങളും മാത്രമല്ല, മുത്തച്ഛൻ പി.കെ. നാരായണൻ നമ്പ്യാരിൽനിന്നും പൈങ്കുളം കുടുംബാംഗമായ ഡോ. പരമേശ്വര ചാക്യാരിൽനിന്നും ചെറുപ്പം മുതലേ ലഭിച്ച സംസ്കൃതപാഠങ്ങളും കൂടിയാട്ടത്തിൽ ഉറച്ചുനിൽക്കാനും ഈ കലയെ ആഴത്തിലറിയാനും അപർണയെ സഹായിച്ചു.

പത്താംവയസ്സിൽ ചേടി പുറപ്പാട് അവതരിപ്പിച്ചാണ് അപർണ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശൂർപ്പണഖാങ്കത്തിലെ സീത, ബാലിവധത്തിലെ താര, ഗുണമഞ്ജരി തുടങ്ങിയ ലളിതമായ സ്ത്രീവേഷങ്ങളിലൂടെ രംഗപരിചയം ഉറച്ചശേഷം അഭിനയ സാധ്യതകൾ ഏറെയുള്ള ലളിത, മലയവതി തുടങ്ങിയ വേഷങ്ങളിലേക്ക് കടന്നു. 
  തന്റെ കുലത്തൊഴിൽ കൂടിയായ നങ്ങ്യാർക്കൂത്താണ് അപർണയും കൂടുതൽ രംഗത്തവതരിപ്പിക്കാറുള്ളത്. കൂട്ടുവേഷങ്ങൾക്കൊപ്പവും ഏകാഹാര്യത്തിലും ഒരേപോലെ തന്റെ മികവ് പ്രകടമാക്കാൻ ഇതിനോടകം ഈ കലാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലെ പൂർണത, സ്തോഭത്തോടുകൂടിയ മെയ്ചലനങ്ങൾ, ഭാവവുമായി ഇഴുകിച്ചേർന്ന ശുദ്ധമായ വാചികം എന്നിവയിലെല്ലാം ഈ കലാകാരിയിലെ സമഗ്രമായ കലാബോധത്തെ നമുക്ക് വായിച്ചെടുക്കാം. കഥാപാത്രങ്ങളുടെ കേവലസ്വഭാവത്തിലേക്കും മാനസിക വ്യവഹാരങ്ങളിലേക്കുമടക്കം ആഴ്ന്നിറങ്ങികൊണ്ടുള്ള മനോധർമപ്രകടനങ്ങൾ അപർണയിലെ യഥാർഥപ്രതിഭയെ മനസ്സിലാക്കിത്തരുന്നു. 

കൂടിയാട്ടത്തിന്റെയും നങ്ങ്യാർകൂത്തിന്റെയും കാതലായ സൂക്ഷ്മാഭിനയതലങ്ങളെ അതീവശ്രദ്ധയോടെ ആവിഷ്കരിക്കുന്നതിലെ മികവ്, അവതരണത്തിന്റെ 
സാങ്കേതികതയിലുള്ള ഉയർന്ന പരിജ്ഞാനം, തികഞ്ഞ രംഗബോധം- ഇവയെല്ലാം ഈ കലാകാരിയിൽ സമന്വയിക്കുന്നു. പത്തടിയോളം പൊക്കത്തിൽനിന്ന് ഞാണിൽ കെട്ടി, തൂങ്ങിയിറങ്ങുന്ന നാഗാനന്ദത്തിലെ കെട്ടിഞാലൽ എന്ന അതിസാഹസികമായ ക്രിയ, അത്യധികം മനഃസാന്നിധ്യത്തോടെ വേദികളിലവതരിപ്പിക്കാനുള്ള ധൈര്യം അതിന്റെ തെളിവാണ്. അമ്മാന്നൂരാശാനിൽനിന്നും ഉഷാ നങ്ങ്യാരിൽനിന്നുമൊക്കെ ലഭിച്ച ശിക്ഷണവും നിർദേശങ്ങളുമാണ് കെട്ടിഞാലൽ അവതരിപ്പിക്കാനുള്ള ധൈര്യം തനിക്ക് തന്നത് എന്ന് അപർണ പറയുന്നു.  അപർണയുടെ വേറിട്ട ഒരു കാൽവെപ്പായിരുന്നു ദശമം കൂത്ത് അഥവാ ചുടലക്കൂത്തിന്റെ ചിട്ടപ്പെടുത്തൽ. ബൗദ്ധായന ഗോത്രത്തിൽപ്പെട്ട അഗ്നിഹോത്രം ചെയ്ത ബ്രാഹ്മണൻ അന്തരിച്ചാൽ, സഞ്ചയന ദിവസം ചുടലയ്ക്കടുത്തായി നങ്ങ്യാരമ്മമാർ ചുടലക്കൂത്ത് അവതരിപ്പിച്ചിരുന്നു. ഈ കേട്ടുകേൾവി ഒഴിച്ച് ഈ അവതരണ സമ്പ്രദായത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. പലരിൽനിന്നും ശേഖരിച്ച അറിവുകളെ അടിസ്ഥാനമാക്കി ചുടലക്കൂത്ത് ചിട്ടപ്പെടുത്തി അവതരിപ്പിച്ചു അപർണ. ഭാഗവതം ദശമസ്കന്ദത്തിലെ ശ്ലോകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

നാട്യകലാചാര്യൻ വേണുജിയുടെ നേതൃത്വത്തിൽ ചിട്ട ചെയ്ത ശാകുന്തളത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും ഉഷാനങ്ങ്യാരുടെ പുതിയ സംവിധാനങ്ങളുമായുള്ള പരിചയവും ഈ ചിട്ടപ്പെടുത്തലിന്  അപർണയ്ക്ക് പ്രചോദനം പകർന്നു.  നിരവധി ദേശീയ-അന്തർദേശീയവേദികളിൽ കൂടിയാട്ടവും നങ്ങ്യാർകൂത്തും അവതരിപ്പിച്ചിട്ടുള്ള ഡോ. അപർണയ്ക്ക് പോളണ്ടിലെ വാഴ്‌സ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഓറിയന്റൽ കോൺഫറൻസിൽ നങ്ങ്യാർകൂത്തിനെ സംബന്ധിച്ച പ്രബന്ധാവതരണത്തിനുള്ള ക്ഷണവും ഈയിടെ ലഭിക്കുകയുണ്ടായി. ‘സ്പിക് മാകെ’ ആർട്ടിസ്റ്റ്‌ പാനലിലെ അംഗമായി ധാരാളം സോദാഹരണ പ്രഭാഷണങ്ങളും നടത്തിവരുന്നു. 

വിദേശമലയാളികളുടെ സാംസ്കാരിക സംഘടനയായ ‘തിരനോട്ടം’ത്തിന്റെ നങ്ങ്യാർ കൂത്ത് അരങ്ങുകളിലെ പ്രധാനകലാകാരിയും അപർണയായിരുന്നു. 
 കാലടി ശ്രീശങ്കര സർവകലാശാലയിൽനിന്ന് സംസ്കൃതത്തിൽ ബിരുദാനന്തരബിരുദവും വേദാന്തത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കിയ അപർണ സംസ്കൃതത്തെ തന്റെ ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത് കൂടിയാട്ടത്തിലെ തുടരന്വേഷണങ്ങൾക്ക് ഈ ഭാഷാജ്ഞാനം സഹായകമാകും എന്നതുകൊണ്ടുതന്നെയാണ്. ഇപ്പോൾ ശ്രീ ശങ്കരയൂണിവേഴ്‌സിറ്റി സംസ്കൃതവേദാന്തം വിഭാഗത്തിൽ കോൺട്രാക്ട് ലക്ചറർ ആയി സേവനമനുഷ്ഠിക്കുന്നു. ഒപ്പം, തന്റെ തട്ടകമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിലെ അധ്യാപനവും, കലയിലെ ഉപരിഗവേഷണങ്ങളും തുടരുന്നു.
swethanair@live.com