സമ്പൂർണസാക്ഷരതായജ്ഞത്തിനുേശഷം ലോകചരിത്രത്തിൽ സ്ഥാനംപിടിക്കാൻ കേരളത്തിന് ഒരവസരംകൂടി കൈവരുകയാണ്. ആദ്യമായി ഒരു സമ്പൂർണപക്ഷിഭൂപടം നിർമിച്ച സംസ്ഥാനമെന്ന ഖ്യാതിനേടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പക്ഷി നിരീക്ഷകർ. കേരളത്തിൽ ജീവിക്കുന്നവയും സന്ദർശകരായി എത്തുന്നവയുമായ മുഴുവൻ പക്ഷികളുടേയും എണ്ണവും ഇനവും ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന ഈ വമ്പൻദൗത്യം പൂർത്തിയാകുമ്പോൾ അതൊരു ചരിത്രസംഭവം തന്നെയാകും. ആലപ്പുഴയിൽ തുടങ്ങി തൃശ്ശൂരും കടന്ന് കണ്ണൂരിലെത്തിയപ്പോഴേക്കും പക്ഷിഭൂപടനിർമാണമെന്ന ശാസ്ത്രീയമായ പ്രക്രിയ ഏറെ ജനകീയമാക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇതിന്റെ പ്രവർത്തകർ. 

ജില്ലാകളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമൊക്കെ പക്ഷിഭൂപടനിർമാണത്തിൽ പങ്കാളികളായിക്കഴിഞ്ഞു. ആദ്യസെൽ സർവേചെയ്തത് അവരുടെ നേതൃത്വത്തിലുള്ള സംഘമാണ്. തൃശ്ശൂരിലെ പക്ഷിഭൂപടം പുറത്തിറക്കിയത് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറായിരുന്നു. ആലപ്പുഴയിലും തൃശ്ശൂരുമുള്ള പക്ഷിഭൂപടം പൂർത്തിയായി. കണ്ണൂരടക്കം ഏഴുജില്ലകളിൽ ആദ്യഘട്ടം കഴിഞ്ഞു. മഴക്കാല സർവേയ്ക്കുശേഷം ജനുവരി തൊട്ട് ഉഷ്ണകാല സർവേ തുടങ്ങുകയായി. ജൂലായ് 16 മുതൽ സപ്തംബർ 13 വരെയുള്ള അറുപതുദിവസങ്ങളിലെ ഒമ്പത് വാരാന്ത്യങ്ങളിലായിരുന്നു ആദ്യഘട്ട സർവേ. ജനുവരി 14 മുതൽ മാർച്ച് 14 വരെയാണ് അടുത്തഘട്ടം. 

38,000 കിലോമീറ്റർ സ്ക്വയറിലുള്ള കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തെ 3,000-ലധികം ചെറുസ്ഥലങ്ങളായി തിരിച്ച്, ആ സ്ഥലങ്ങളിലെ പക്ഷികളുടെ എണ്ണവും ഇനങ്ങളും ഓരോ പതിനഞ്ചുമിനിറ്റിലും കാണുന്നത് രേഖപ്പെടുത്തിയാണ് പക്ഷിഭൂപടനിർമാണം. ഓരോ ‘സെല്ലി’ലും ഒരുമണിക്കൂർ നേരം നിരീക്ഷിക്കും. ഇതിനെ 15 മിനുട്ടിലുള്ള നാലുഭാഗങ്ങളായി തിരിച്ചാണ് ഇനവും എണ്ണവും രേഖപ്പെടുത്തുക. കൂടാതെ ഈ സ്ഥലങ്ങളിലെ ജലസാന്നിധ്യം ആൽമരങ്ങൾ, അധിനിവേശസസ്യങ്ങൾ എന്നിവയെയും രേഖപ്പെടുത്തുന്നുണ്ട്. ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികൾ’ വായിച്ച് പക്ഷിനിരീക്ഷണത്തിനിറങ്ങിയ തലമുറയ്ക്ക് ഇന്ന് സഹായത്തിന് പുതിയ സാങ്കേതികവിദ്യകളുണ്ട്. പുതുതായി ഈ രംഗത്തെത്തിയവരുടെ ഫോണിൽ ‘കിളി’ ആപ്പും, ഇ-ബേഡും, ലോക്കസ് ഫ്രീയും ജി.പി. എക്സ് വ്യൂവറും സഹായത്തിനുണ്ട്. ഈ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ വർഷം കേരളത്തിലെ ഏഴുജില്ലകളിലാണ് പക്ഷിഭൂപടനിർമാണം തുടങ്ങിയത്.
ജി.പി.എക്സ്.വ്യൂവറിലും ലോക്കസ് ഫ്രീയിലും തങ്ങൾ സർവേചെയ്യേണ്ട സ്ഥലങ്ങൾ മനസ്സിലാക്കി 1.1 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തെ പക്ഷികളുടെ ഇനങ്ങളും എണ്ണവും തിട്ടപ്പെടുത്തി അത് ഇ ബേർഡ് ഡോട്ട് ഓർഗ് (ebird.org) എന്ന സൈറ്റിൽ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കേരളത്തിലെ ആദ്യ പക്ഷിഭൂപടനിർമാണത്തിന് ആലപ്പുഴയിൽ നേതൃത്വം നല്കിയത് കോട്ടയം നേച്ചർ സൊസൈറ്റിയും ബേർഡേഴ്‌സ്
ഓഫ് എഴുപുന്നയും ആലപ്പുഴ 
നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുമാണ്. തൃശ്ശൂരിൽ പുറത്തിറക്കിയ ഭൂപടത്തിനുപിന്നിൽ കോളേജ് ഓഫ് ഫോറസ്ട്രിയും കോൾ ബേഡേഴ്‌സും നടത്തിയ പരിശ്രമങ്ങളുണ്ട്.  കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും വയനാട്ടിൽ ഹ്യൂംസ് സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, പൂക്കോട്ടെ കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസസ് എന്നിവ നേതൃത്വം നല്കി. എറണാകുളത്ത് ഭൂപടനിർമാണം കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയാണ് നടത്തിയത്.
 പത്തനംതിട്ടയിലും തിരുവനന്തപുരത്തും ലോകവന്യജീവി നിധി കേരളഘടകത്തിന്റെ നേതൃത്വത്തിലാണ് നിർമാണം. തിരുവനന്തപുരത്ത് പങ്കാളിയായി ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി 
സൊസൈറ്റിയുമുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഏകോപനം ഡോ. പി.ഒ. നമീറും ജെ. പ്രവീണുമാണ് നടത്തുന്നത്. 
പക്ഷികളെക്കുറിച്ച് പുസ്തകങ്ങൾ ഇതുവരെ പറയാത്ത പലകാര്യങ്ങളും പക്ഷിഭൂപടം നമ്മോട് പറയുന്നുണ്ട്. പൂത്താങ്കിരിയും കരിയിലക്കിളിയും ദക്ഷിണേന്ത്യയിലെല്ലായിടത്തുമുണ്ടെന്നാണ് പുസ്തകങ്ങൾ പറയുന്നത്. പക്ഷിഭൂപടത്തിലെ വർണഭേദങ്ങൾ പറയുന്നത് വേറൊരു കാര്യമാണ്. പാലക്കാട് ചുരത്തിനുചുറ്റും പൂത്താങ്കിരി മാത്രമേയുള്ളൂ. കരിയിലക്കിളിയെ കാണാനില്ല. കണ്ണൂരും കോഴിക്കോട്ടും കരിയിലക്കിളിയെയും പൂത്താങ്കിരിയെയും ഒരുമിച്ചു കാണാം. മധ്യകേരളത്തിൽ എല്ലായിടത്തും കരിയിലക്കിളിയുണ്ടെങ്കിലും പൂത്താങ്കിരിയെ കാണാനില്ലെന്ന് പക്ഷിഭൂപടം നമ്മോടു പറയും. ദേശീയപക്ഷിയായ മയിൽ കേരളത്തിലെല്ലായിടത്തുമുണ്ടെന്ന് കരുതേണ്ട. 
പാലക്കാട് ജില്ലയിലാണ് അവ ഏറ്റവുമധികം എന്നാണ് പക്ഷിഭൂപടം പറയുന്നത്. കാടുമുഴക്കിയും ആനറാഞ്ചിയും ലളിതക്കാക്കയും ചക്കിപ്പരുന്തും
കൃഷ്ണപ്പരുന്തും കേരളത്തിലിപ്പോൾ 
എവിടെയാണ് കാണുന്നതെന്ന് പുസ്തകങ്ങളിലില്ലാത്ത വിവരങ്ങൾ ഈ ജനകീയ ശാസ്ത്രരേഖ നമ്മോടു പറയും. 
ഒരു ജനകീയ ശാസ്ത്രഗവേഷണപദ്ധതിയെന്ന നിലയിൽ ഇന്നിന്റെ ജൈവവൈവിധ്യത്തെ നാളെയെ അറിയിക്കാൻകഴിയുമെന്ന പ്രതീക്ഷയാണ് ഈ ഭൂപടനിർമാണത്തിനുപിന്നിൽ. നേരത്തെ പക്ഷിസർവേ നടത്തിയിരുന്ന സംരക്ഷിതവനങ്ങളും ഇതു നടക്കാത്ത നാട്ടിൻപുറങ്ങളും ഒരുമിച്ച് രേഖപ്പെടുത്താനുള്ള ശ്രമത്തിന് വനംവകുപ്പിന്റെ പിന്തുണയുണ്ട്. 
കേരളത്തിലെ ഗ്രാമമേഖലകളിലെ കിളികളുടെ വിന്യാസത്തെക്കുറിച്ച് ഇതുവരെ നടന്ന പഠനങ്ങൾ ഒരു രൂപംതരുന്നുണ്ട്. ഇനി വനമേഖലയിലെ പഠനങ്ങൾകൂടി നടന്നാൽ മാത്രമേ അനുബന്ധചിത്രം ലഭിക്കുകയുള്ളൂ. കേരള ബേഡറും ഈ ബേഡും വിവിധ പരിസ്ഥിതിസംഘടനകളും വ്യക്തികളും ഒരുമിച്ച് കൈകോർത്ത് കേരളത്തിന്റെ പക്ഷിഭൂപടം ഉടൻ പൂർത്തിയാക്കും. ബേർഡ് അറ്റ്‌ലസിന്റെ വൊളന്റിയറാവാൻ നമുക്കും www.birder.in/registration എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 
sunil.mbi@mpp.co.in  

കൂടുതൽ വിവരങ്ങൾക്ക്‌: