ക്ഷേത്രം എന്ന വാക്കിന് 'വയൽ', 'വിളഭൂമി' എന്നൊക്കെ അർഥം പറയുന്നു ശ്രീകണ്ഠേശ്വരത്തിന്റ ശബ്ദതാരാവലി; ക്ഷേത്രപാലകനെന്നാൽ വയൽ കാക്കുന്നവനെന്നും. എന്നാൽ ജീവിതം കൃഷിയിൽനിന്നകന്നതോടെ കൃഷിയും ആരാധനയും തമ്മിൽ അകന്നു. ഈ അകൽച്ച വർധിച്ചുകൊണ്ടേയിരിക്കുന്നൊരു കാലത്ത്, വിളഭൂമി വിലകൊടുത്തു വാങ്ങി നെൽകൃഷിക്ക് നിലമൊരുക്കുകയാണ് ഒരു ക്ഷേത്രം.മലപ്പുറം ജില്ലയിലെ ശുകപുരം ഗ്രാമത്തിലുള്ള ശ്രീകുളങ്കര ഭഗവതീക്ഷേത്രം.വൈദികഗ്രാമമെന്ന ഖ്യാതിയുള്ള ശുകപുരത്തെ പ്രസിദ്ധമായ ദക്ഷിണാമൂർത്തിക്ഷേത്രത്തിനു വിളിപ്പാടകലെ വിസ്തൃതമായ നെൽപ്പാടത്തിന്റെ കരയിലാണ് ശ്രീകുളങ്കരഭഗവതിക്ഷേത്രം. വേലപൂരങ്ങളും മകരത്തിലെ കൂത്തുതാലപ്പൊലിയും നടന്നുവരുന്ന നെൽപ്പാടത്ത് കൃഷി ഏതാണ്ട് നിലച്ച് കളതിങ്ങി പാഴ്‌നിലമായിക്കിടക്കുകയായിരുന്നു. ഈ വയൽ വിലകൊടുത്തു വാങ്ങി ക്ഷേത്രം വക ഭൂമിയാക്കി.
പൂരമെത്തുംവരെയുള്ള ഇരുപ്പൂകൃഷിക്കാലങ്ങളിൽ നിലം വെറുതെകിടക്കും. അവിടെ നെൽകൃഷി ചെയ്യാമെന്ന താത്‌പര്യവുമായി മുന്നോട്ടുവന്നു ഒരു കൃഷിക്കാരൻ. സംസ്ഥാനത്തെ മികച്ച ജൈവകർഷകനുള്ള സർക്കാർപുരസ്കാരം നേടിയ വ്യക്തിയും കേരള ജൈവകർഷകസമിതിയുടെ പ്രസിഡന്റും 'കറ്റ' എന്ന ജൈവനെൽക്കർഷക കൂട്ടായ്മയുടെ കൺവീനറും ക്ഷേത്രത്തിന്റെ അയൽഗ്രാമക്കാരനുമായ ചന്ദ്രൻമാഷാണ് ഇങ്ങനെയൊരാശയവുമായി ക്ഷേത്രസമിതിയെ സമീപിച്ചത്. വാങ്ങിയിട്ട വയലിൽ ജൈവരീതിയിൽ നാട്ടുനെല്ല് കൃഷി ചെയ്യുക, ശുദ്ധമായ ആ നാട്ടുനെല്ലരി കുളങ്കരഭഗവതിക്ക് നിവേദ്യം തയ്യാറാക്കാൻ ഉപയോഗിക്കുക, ഭഗവതിക്കണ്ടത്തിലെ കൃഷി ജാതിമതഭേദമില്ലാത്ത ഒരു സമൂഹപ്രാർഥനയും ഗ്രാമോത്സവവുമായി നിർവഹിക്കുക എന്നീ ആശയങ്ങളെ ക്ഷേത്രഭരണസമിതി പൂർണമനസ്സോടെയാണ് ഉൾക്കൊണ്ടത്. കുളങ്കരയിലെ പത്തേക്കർ ഭഗവതിക്കണ്ടത്തിൽ ജൈവനെൽകൃഷിക്ക് മണ്ണൊരുങ്ങുന്നത് അങ്ങനെയാണ്. കഴിഞ്ഞ കർക്കടകത്തിലെ അശ്വതിനാളിലായിരുന്നു കൃഷിവേലയുടെ മുളയിടൽ.
ക്ഷേത്രഭാരവാഹികൾ, ദേശക്കാർ, കർഷകർ, കൃഷി ഓഫീസർമാർ, പരിസ്ഥിതിപ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി മുളമുറവുമായി ഞാറ്റുകണ്ടത്തിലിറങ്ങി. ഒരുപിടി വിത്തുവാരി അദ്ദേഹം പ്രാർഥനയോടെ നെഞ്ചോടു ചേർത്ത് ഞാറ്റുകണ്ടത്തിൽ വിതയ്ക്കുന്നേരം, നാടുണർത്തിക്കൊണ്ട് ആർപ്പും കുരവയുമുയർന്നു.ഞാറ്റടി പാകമായപ്പോൾ, കുളങ്കരാടത്തെ നടീൽവേല രണ്ടുദിവസത്തെ കാർഷികഗ്രാമോത്സവമായി ആഗസ്ത് 23, 24 തിയ്യതികളിൽ കൊണ്ടാടി. ക്ഷേത്രഭരണസമിതിയുടെ സഹകരണത്തോടെ കറ്റ നെൽക്കർഷക കൂട്ടായ്മ, കേരള ജൈവകർഷക സമിതി, സംസ്ഥാന കൃഷിവകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സംഘാടനം. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ജൈവകൃഷി പഞ്ചായത്തായി അംഗീകരിക്കപ്പെട്ട വട്ടംകുളം ഗ്രാമപ്പഞ്ചായത്തി (ഈ പഞ്ചായത്തിലാണ് കുളങ്കര ക്ഷേത്രം)ലെ പല തുറകളിൽപ്പെട്ടവരുമായും സാന്നിധ്യവും പങ്കാളിത്തവുംകൊണ്ട് സമ്പന്നമായിരുന്നു ഞാറ്റുത്സവം. പരിസ്ഥിതി, ജൈവകൃഷി, കൃഷിയിലെ ആത്മീയത എന്നീ വിഷയങ്ങളിൽ വിദഗ്‌ധർ പങ്കെടുത്ത സെമിനാറുകൾ, നാടൻ കലകൾ, ജൈവജീവിതദർശനം വിളംബരംചെയ്യുന്ന പ്രദർശനശാലകൾ തുടങ്ങിയവ ഞാറ്റുത്സവത്തിന് മാറ്റുകൂട്ടി. ആദ്യദിവസത്തെ പരിപാടികൾ സ്ഥലത്തെ എം.പി.യായ ഇ.ടി. മുഹമ്മദ് ബഷീറും രണ്ടാം ദിവസത്തേത് സ്ഥലം എം.എൽ.എ.യും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുമായ കെ.ടി. ജലീലുമാണ് ഉദ്‌ഘാടനം ചെയ്തത്.
സമ്മേളനവേദിയിൽനിന്നു നുകവും കലപ്പയുമേന്തി ഞാറ്റുപാട്ടുകൾ ഈണത്തിൽ പാടിക്കൊണ്ട് നൂറുകണക്കിന് മുതിർന്നവരും കുട്ടികളും നാട്ടുവഴികളും പാടവരമ്പും പിന്നിട്ട് നടാൻ പാകമാക്കിയിട്ട ചേറ്റുകണ്ടങ്ങളിലിറങ്ങി. ആർപ്പും കുരവയുമായി അവർ ഞാറുനട്ടു.
കലർപ്പില്ലാത്ത ഭക്ഷണമെന്നപോലെ കളങ്കമില്ലാത്ത ഹൃദയാഹ്ലാദങ്ങളും മുളപൊട്ടി ഉയിർക്കുന്നത് മണ്ണും മനുഷ്യനും നനഞ്ഞുകുഴഞ്ഞ് ഒന്നാവുന്ന കൃഷിനിലങ്ങളിലാണ്. ഈ നേരനുഭവമാണ് ഞാറ്റുപാടത്ത് കുമ്പിട്ട് മണ്ണിന്റെ ഈറ്റുഗന്ധം ശ്വസിച്ച ഓരോരുത്തർക്കും സ്വന്തമായത്. സമീപപ്രദേശങ്ങളിലെ ഏഴു ഹയർസെക്കൻഡറി സ്കൂളുകളിൽനിന്നുമായി വന്നെത്തിയ മുന്നൂറിലധികം വിദ്യാർഥികളുടെ മുഴുവൻസമയ സന്നദ്ധസേവനമായിരുന്നു ഈ ഞാറ്റുത്സവത്തിന്റെ ഏറ്റവും വലിയ ഫലശ്രുതി. ഞാറു നടാൻ ഏറ്റവും ഉത്സാഹം കാണിച്ചതും അവരായിരുന്നു. ആഗസ്ത് 24-ന് തുടങ്ങിയ നടീൽവേലയുടെ 'പണിയൊടുക്കം' സപ്തംബർ 2-നായിരുന്നു. ആവേശഭരിതരായി വന്നെത്തിയ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് അവസാനത്തെ കണ്ടം നട്ടുകൂട്ടിയത്. പൊന്നാനി താലൂക്ക് മുസ്‌ലിം ഓർഫനേജസ് അസോസിയേഷൻ നടത്തുന്ന എടപ്പാൾ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ് 55 വിദ്യാർഥിനീവിദ്യാർഥികളും 8 അധ്യാപകരും നടീൽവേലയ്ക്കെത്തിയത്.
കുളങ്കരാടത്തെ പത്തേക്കർ ഭഗവതിക്കണ്ടങ്ങളിൽ നട്ടുതെളിഞ്ഞ നെല്ല് ഇപ്പോൾ നാമ്പിട്ടുവളർന്നുതുടങ്ങിയിരിക്കുന്നു. രക്തശാരി, ജീരകശാല, ഗന്ധകശാല, നാട്ടുകുറുവ, നെയ്ച്ചീര, അധിയൻ, ചെറുവെള്ളരി, ബസുമതി, ആന്ധ്ര ബസുമതി, ചിറ്റേനി തുടങ്ങിയ പന്ത്രണ്ടിനം നാട്ടുവിത്തുകളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. അപൂർവമായ ഔഷധഗുണങ്ങളുള്ളവയാണ് ഇവയോരോന്നും. ഉദാഹരണത്തിന് 'രക്തശാരി', കീമോതെറാപ്പിക്കു വിധേയനായി അമ്പേ തളർന്ന അർബുദരോഗിക്ക് ഓജസ്സും ദേഹപുഷ്ടിയും വീണ്ടെടുക്കാൻ ഉത്തമമാണെന്ന് തെളിയിക്കപ്പെട്ടതാണ്.ഭഗവതിക്കണ്ടത്തിലെ കൃഷി ഇനിമുതൽ തുടർച്ചയായി ചെയ്യണമെന്നുതന്നെയാണ് ക്ഷേത്രഭരണാധികാരികളും അഭ്യുദയകാംക്ഷികളും ആഗ്രഹിക്കുന്നത്. അതിനു വേണ്ടത്ര പ്രലോഭനം എല്ലാ വിഭാഗങ്ങളിൽനിന്നും ലഭിക്കുമെന്ന ശുഭപ്രതീക്ഷയും അവർക്കുണ്ട്. അടുത്തവർഷത്തെ കർക്കടകത്തിലെ ഇല്ലംനിറയ്ക്ക് ദേശത്തെല്ലാവർക്കും വേണ്ട കതിരുകൾ ഭഗവതിക്കണ്ടത്തിൽ വിളയിക്കുകയാണ് അടുത്തലക്ഷ്യം. അതിജീവനത്തിനു വേണ്ട അന്നവും ഔഷധവും ഒന്നുതന്നെയെന്നും അത് നമ്മുടെ കാൽച്ചോട്ടിലെ മണ്ണിൽത്തന്നെയാണുള്ളത് എന്നുമുള്ള തിരിച്ചറിവാണിത്. ഈ തിരിച്ചറിവിലേക്ക് നാടിന്റെ കണ്ണും ഉൾക്കണ്ണും തുറക്കുന്ന കാഴ്ചയാണ് കുളങ്കരാടത്ത് ആർത്തുവളരുന്ന നാട്ടുനെല്ല്.
kichurgopal@gmail.com