മലയാളത്തിന്റെ മൃദുമൃദംഗധ്വനി ‘നന്ദികേശ്വരജന്മ’മായ മണിഅയ്യരാണ്‌-മഹാനാദമായ പാലക്കാട്‌ മണിഅയ്യർ! നവരാത്രിയുടെ നാദബ്രഹ്മമായും മഹാത്മജിയുടെ അഹിംസാധ്വനിയായും ഇന്ന്‌ ഒക്ടോബർ രണ്ട്‌ ഞായറാഴ്ച ന്യൂയോർക്ക്‌ യു.എൻ. ജനറൽ അസംബ്ളിഹാളിൽ കെ.വി. പ്രസാദ്‌ എന്ന പുതുതാളപ്രതിഭാ പുനരവതാരത്തിലൂടെ അമേരിക്കൻസമയം രാവിലെ 10 മുതൽ 12 വരെ അത്‌ പ്രതിസ്പന്ദിക്കും-സുധാരഘുനാഥിന്റെ പാട്ടിന്‌ പക്കമേളമൊരുക്കും.കൊച്ചിയിൽനിന്ന്‌, കോഴിക്കോട്ടുനിന്ന്‌, പിന്നീട്‌ ചെന്നൈയിൽനിന്ന്‌ ഇവിടംവരെയെത്തിയ ഈ മൃദംഗ കലാകാരന്‌ കാലംപറയുന്ന കലയുടെ ഒരു പുരാവൃത്തമുണ്ട്‌. തല്ലിപ്പൊളിച്ച്‌ തനിയാവർത്തന വെടിക്കെട്ട്‌ പൊട്ടിക്കാനോ പക്കമേളം പാട്ടിനേക്കാൾ പൊക്കിവായിക്കാനോ ഈ കലാകാരന്‌ മനസ്സില്ല. മണിക്കൂറുകൾ തുടർച്ചയായി വായിച്ച്‌ ഗിന്നസ്‌ബുക്കിൽ കയറാനല്ല, നിമിഷമാത്രയിൽ ഗാനാത്മാവിലേക്ക്‌ സംക്രമിക്കാനാണ്‌ ഈ സർഗധനന്റെ താളസപര്യക്ക്‌ ഇഷ്ടം.

മൃദംഗത്തിന്റെ ഇടന്തല 
‘ഗുമ്‌കി’ക്ക്‌ പ്രാധാന്യം നൽകിയുള്ള വാദനം, വ്യത്യസ്ത ഗായകരുടെ വ്യത്യസ്ത ബാണികളെ അനുകരിച്ച്‌ അനുഗമിക്കുന്ന ശൈലീവിശേഷം, റെേക്കാഡിങ്‌ വാദനപരിചയത്തിൽനിന്ന്‌ ആർജിച്ച ‘ടോണൽ ക്വാളിറ്റി’, സാത്വിക സൗമ്യസംഗീതത്തിന്റെ സാമ്പ്രദായികവിശുദ്ധി, ‘കൊട്ടി’ന്റെ ഉപരിപ്ലവരാഹിത്യം-ഇതൊക്കെ പ്രശസ്ത സംഗീതനിരൂപകൻ ഡുബ്ബുഡുവരെ ചൂണ്ടിക്കാണിച്ച ഗുണഗണങ്ങളാണ്‌. ഇതിനൊക്കെ നിയോഗമായത്‌ എറണാകുളം നാരായണയ്യർ, പ്രൊഫ. പാറശ്ശാല രവി, സംഗീതകലാനിധി ഡോ. ടി.കെ. മൂർത്തി എന്നിവരിൽനിന്ന്‌ താൻ നേടിയ ഗുരുത്വതാളമാണെന്ന്‌ പ്രസാദ്‌.

കലാജീവിതത്തിന്‌ തുടക്കമായത്‌ എറണാകുളത്തപ്പന്റെ നടയിൽവെച്ചാണ്‌. അച്ഛൻ ‘കാസ്‌ട്രോൾ കൃഷ്ണയ്യരു’മൊത്ത്‌ എറണാകുളത്തമ്പലത്തിലെത്തുമ്പോൾ അവിടത്തെ അടിയന്തരക്കാരുടെ ചെണ്ടയിൽ മകൻ വികൃതിക്കൊട്ടുകൊട്ടും. ഒരുദിവസം മാരാർ പറഞ്ഞു, ‘‘ഇവനെ കൊട്ടുപഠിപ്പിക്കണം. ഇവന്‌ മൃദംഗക്കൈ നല്ലോണം വഴങ്ങും.’’ അച്ഛൻ അതനുസരിച്ചു. തൃപ്പൂണിത്തുറ കലാനിലയത്തിൽനിന്ന്‌ ചെണ്ടയും കേരള ഫൈൻആർട്‌സ്‌ ഹാളിലെ ഒറ്റപ്പാലം മഹാദേവയ്യരിൽനിന്ന്‌ വായ്പാട്ടും അഭ്യസിച്ചു. കല്ലിൽ കൊട്ടിയുള്ള കൈത്തഴമ്പ്‌ മൃദംഗവാദനത്തിന്‌ നല്ലതല്ലെന്ന വകതിരിവുവന്നപ്പോൾ പ്രസാദ്‌ ചെണ്ടയുടെ തോൾക്കച്ചയഴിച്ചുവെച്ചു.

ഹൈസ്കൂൾ പഠനകാലത്തും പിന്നീട്‌ തേവര സേക്രഡ്‌ഹാർട്ട്‌ കോളേജിലെ പ്രീഡിഗ്രി-ഡിഗ്രി പഠനകാലത്തും സംസ്ഥാന യുവജനോത്സവങ്ങളിൽ 1971 മുതൽ 1978 വരെ തുടർച്ചയായി മൃദംഗവാദനത്തിൽ ഒന്നാംസമ്മാനംനേടി. കേരള സംഗീതനാടക അക്കാദമി അക്കാലത്ത്‌ നടത്തിയ യൂത്ത്‌ഫെസ്റ്റിവലിലും സുവർണമുദ്രയണിഞ്ഞു. 1978-ൽ ഹവാനയിൽനടന്ന വേൾഡ്‌ യൂത്ത്‌ഫെസ്റ്റിവലിൽ 128 അംഗ ഇന്ത്യൻസംഘത്തിൽ പ്രസാദും അദ്ദേഹത്തിന്റെ മൃദംഗവും ഉണ്ടായിരുന്നു. 1978-ൽ സസ്യശാസ്ത്രബിരുദധാരിയായ ഉടനെ ആകാശവാണി കോഴിക്കോട്‌ നിലയത്തിലും 1984-ൽ ചെന്നൈ നിലയത്തിലും മൃദംഗകലാകാരനായി നിയമിതനായി. ഇതിനൊക്കെമുമ്പേ പഠനകാലത്തുതന്നെ ത്യാഗബ്രഹ്മം, കലാഭവൻ, ഹരിശ്രീ തുടങ്ങിയ എറണാകുളം ട്രൂപ്പുകളിൽ പെർക്കഷൻ ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്നു. പ്രമദവനം..., രാമകഥാഗാനലയം..., സൂര്യകിരീടം..., ഒരു മുറൈവന്ത്‌..., അംഗോപാംഗം... തുടങ്ങി അനേകം മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട ചലച്ചിത്രഗാനങ്ങൾക്ക്‌ ഈ പ്രസാദമൃദംഗധ്വനി താളമായിട്ടുണ്ട്‌. ‘ദേവാസുര’ത്തിൽ 
മോഹൻലാലിന്റെ ‘ജതി’ പ്രസാദനാദത്തിലാണ്‌.

1984-ൽ ചെന്നൈ ആകാശവാണിയിൽ തന്റെ മൃദംഗവാദനംകേട്ട്‌ അവിടത്തെ തംബുരുവാദകൻ കടയനെല്ലൂർ എസ്‌. വെങ്കട്ടരാമൻമുഖേന സാക്ഷാൽ എം.എസ്‌. സുബ്ബലക്ഷ്മി തന്നെ വീട്ടിലേക്ക്‌ വിളിപ്പിച്ചതാണ്‌ പ്രസാദിനെ ഇന്നത്തെ പ്രസാദാക്കിയത്‌. കണ്ടമാത്രയിൽത്തന്നെ അവർ മൃദംഗം വായിക്കാൻ പറഞ്ഞു. തുടർന്ന്‌ കൂടെപ്പാടി. ഇന്നും പറഞ്ഞ്‌ കൊതിതീരാത്ത ‘ആദിതാളാനുഭവ’മായിരുന്നു അത്‌. ശേഷം ചെന്നൈ ‘ധർമപ്രകാശിൽ 1984 ആഗസ്തിൽ ഒരു കല്യാണക്കച്ചേരിക്ക്‌ ആദ്യമായി എം.എസ്സിനോ ടൊപ്പം പക്കമിരുന്നാണ്‌ വായിച്ചത്‌. തുടർന്ന്‌ എം.എസ്സിന്റെ സംഗീതവേദികളിലെ സ്ഥിരം താളസാന്നിധ്യമായ പ്രസാദ്‌ 1987-ലെ മോസ്കോ-ഇന്ത്യ ഫെസ്റ്റിവൽ ഉൾപ്പെടെ നീണ്ട 15 വർഷത്തോളം ആ സംഗീതദേവതയുടെ സഹചാരിയായി. എം.എൽ. വസന്തകുമാരി, ഡി.കെ. പട്ടമ്മാൾ എന്നിവർക്കും ലാൽഗുഡി, എം.എ. 

ഗോപാലകൃഷ്ണൻ, ടി.എൻ. കൃഷ്ണൻ വയലിൻത്രയവും ശെമ്മാങ്കുടി, ബാലമുരളീകൃഷ്ണ, യേശുദാസ്‌ തുടങ്ങി യുവതലമുറയിലെ പാട്ടുകുട്ടികളുംവരെ അനേകം സംഗീതസാർവഭൗമന്മാർ ഈ ലയം അനുഭവിക്കുകയും ‘ബലേ’ പറഞ്ഞ്‌ പ്രോത്സാഹിപ്പിക്കുകയുമുണ്ടായിട്ടുണ്ട്‌.
1981-ൽ ആദ്യമായി ‘ഹരിശ്രീപ്രസാദം’ എന്ന ഇൗ ലേഖകന്റെ ഗാനരചനകൾക്ക്‌ മൃദംഗംവായിച്ചുതുടങ്ങിയ കെ.വി. പ്രസാദ്‌ 1984 മുതൽ വിവിധ ഭാഷാ സിനിമാഗാനങ്ങൾക്കായി ചിദംബരനാഥ്‌, ചക്രവർത്തി (തെലുങ്ക്‌), ഇളയരാജ, വിദ്യാധരൻ, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയവരോടൊപ്പമെല്ലാം പിന്നണിവാദ്യക്കാരുടെ മുന്നണിയിലണിനിരന്നു.എം.എസ്‌. ജന്മശതാബ്ദി ആഘോഷാരംഭഭാഗമായി 2015 സപ്തംബർ 16-ന്‌ മുംബൈ ഷണ്മുഖാനന്ദ ഹാളിൽവെച്ച്‌ അമ്മയുെട പേരിലുള്ള പുരസ്കാരമായി സുവർണമൃദംഗവും പ്രശസ്തിപത്രവും പഞ്ചലോഹദീപവും ഒരു ലക്ഷം രൂപയും നേടിയത്‌ പ്രസാദിനെ നാദനമ്രശിരസ്കനാക്കുന്നുണ്ട്‌.

ഈ മലയാളി മൃദംഗവാദകന്റെ ഭാര്യ സംഗീതവിദുഷി ഡോ. ഉഷയും നർത്തകിയും ഗായികയുമായ മകൾ കൃപാലക്ഷ്മിയും താളവാദ്യവിദഗ്‌ധനായ മകൻ കൃഷ്ണകിഷോറുമൊക്കെ ചേരുന്ന സംഗീതകുടുംബമാണ്‌ ചെന്നൈയിലെ വീടായ ‘അരുണോദയ’. കലൈമാമണി പുരസ്കാരം‚കേരള സംഗീതനാടക അക്കാദമി പുരസ്കാരം (2010) കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം (2013) തുടങ്ങിയ ബഹുമതികൾക്ക്‌ അർഹനായിട്ടുണ്ട്‌.
rkdamodaranpoet@gmail.com