‘ ‘എന്റെ അമ്മയ്ക്ക് ഭക്ഷണം ലഭിക്കുന്നത് പടിക്കുപുറത്തിട്ട തൂശനിലയിലാണ്’’ മോഹൻ വേദനയോടെ പറഞ്ഞു
നൂറ്റാണ്ടുകളായി ഇന്ത്യയിൽ ജനിച്ചു ജീവിച്ചിട്ടും 'വിദേശികൾ' എന്ന് ഇന്നും മുദ്രകുത്തപ്പെടുന്ന ഒരു സമൂഹത്തെ പരിചയപ്പെടാനായി ഒരു യാത്ര പോവാം - നനുത്ത മഴപെയ്യുന്ന ഉത്തര കർണാടകത്തിലെ യെല്ലാപ്പുരിലേക്ക്; ഗുജറാത്തിലെ ഗിർവനങ്ങൾക്കരികിലുള്ള ചെറുഗ്രാമങ്ങളിലേക്ക്; അല്ലെങ്കിൽ ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക്. കാഴ്ചയിൽ ആഫ്രിക്കക്കാരെന്നുതോന്നിക്കുന്ന സിദ്ദികൾ ജീവിക്കുന്നത് പ്രധാനമായും ഇവിടങ്ങളിലാണ്.
ആഫ്രിക്കൻ വംശജരുടെ രൂപഭാവങ്ങളുണ്ടെങ്കിലും ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച്, ഭാരതീയ ഭാഷകൾ സംസാരിച്ച്, നമ്മുടെ മണ്ണിൽ എല്ലുമുറിയെ പണിയെടുത്ത്, ജീവിതം തള്ളിനീക്കുന്ന ഒരുപറ്റം മനുഷ്യർ. സ്വന്തം ഗ്രാമങ്ങൾക്കു പുറത്തു യാത്രചെയ്യുന്ന സിദ്ദികളെ കാണുമ്പോൾ, ‘ആഫ്രിക്കക്കാരായ ഇവരെന്താ ഇവിടെ?’ എന്ന അദ്ഭുതം കലർന്ന ചോദ്യമാണ് മറ്റു ഭാരതീയരുടെ കണ്ണുകളിൽ. ‘ഞങ്ങളുടെ സിരകളിൽ ഒഴുകുന്നതും ഇന്ത്യക്കാരുടെ രക്തമാണ്’ എന്നൊരു മറുപടി അപ്പോഴാ പാവങ്ങളുടെ മനസ്സിൽ നിറയാറുണ്ട്; നമ്മളോട് അവരത് പറയാറില്ലെങ്കിലും.
17-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ജുനഗഢിലെ നവാബിനു സമ്മാനമായി നൽകിയ ആഫ്രിക്കൻ അടിമകളുടെ പിൻതലമുറക്കാരാണത്രെ ഗുജറാത്തിലെ സിദ്ദികൾ. ഗോവയിലെ പോർച്ചുഗീസ് ക്രൂരതയിൽനിന്ന് രക്ഷനേടി പശ്ചിമഘട്ടത്തിലെ കൊടുംകാടുകളിലേക്ക് ഒളിച്ചോടി, കാടിനോടു പടവെട്ടി പുതുജീവിതം നേടിയ ആഫ്രിക്കക്കാരിൽനിന്നാണ് ഉത്തര കർണാടകത്തിലെ സിദ്ദിസമൂഹത്തിന്റെ തുടക്കം. പണ്ടുകാലത്ത് വടക്കേ ഇന്ത്യയിലെ പല പ്രബല കുടുംബങ്ങളും സ്വന്തം സുരക്ഷാഭടന്മാരായി ഉപയോഗിച്ചത് ആഫ്രിക്കൻസൈനികരെയാണ്. കാരിരുമ്പിന്റെ മെയ്ക്കരുത്തായിരുന്നു ഒരു കാരണം. രക്തബന്ധമുള്ളവരെ വിശ്വസിക്കുന്നതിലേറെ സാമൂഹികമായി സ്വാധീനമില്ലാത്ത കറുത്തവർഗക്കാരെ ആശ്രയിക്കാം എന്ന പ്രായോഗികബുദ്ധിയായിരുന്നു അതിലേറെ വലിയ കാരണം. ഡൽഹിയുടെ ആദ്യ വനിതാഭരണാധികാരിയായിരുന്ന റസിയ സുൽത്താനയും ഡെക്കാനിലെ നാട്ടുരാജാക്കന്മാരുമൊക്കെ തങ്ങളുടെ ഭരണത്തിന്റെ താക്കോൽ ഏല്പിച്ചത് വിശ്വസ്തരും പ്രഗല്ഭരുമായ സിദ്ദി പോരാളികളെയാണ്. മുഗൾ സാമ്രാജ്യത്തിന്റെ ഉയർച്ചയുടെ പാരമ്യത്തിൽപ്പോലും അവരെ വെള്ളംകുടിപ്പിച്ച മറാത്തയിലെ സൈനികത്തലവനായിരുന്ന മാലിക് അംബർ ഒരു സിദ്ദിയായിരുന്നു.
ഈ പഴമയുടെ പത്തരമാറ്റു തിളക്കമൊന്നുമില്ല ഇന്നത്തെ സിദ്ദികളുടെ ജീവിതത്തിന്. ഒരുനേരത്തെ ഭക്ഷണം, തലചായ്ക്കാൻ
ചോർന്നൊലിക്കാത്ത ഒരിടം, ഇതൊക്കെയാണ് സിദ്ദികളുടെ ഇന്നത്തെ നീറുന്ന ജീവിതപ്രശ്നങ്ങൾ. പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന സിദ്ദിസമൂഹങ്ങൾ സംഘടിക്കാത്തതിനാൽ ഭാരതത്തിൽ എത്ര സിദ്ദികൾ ഉണ്ടെന്ന ചോദ്യത്തിനുപോ ലും കൃത്യമായൊരു കണക്കില്ല. എഴുപതിനായിരത്തോളം വരുമെന്നാണ് ഏകദേശ കണക്ക്.നമ്മുടെ കേരളത്തിന്റെ ഭൂപ്രകൃതിയുള്ള ഉത്തര കർണാടകത്തിലെ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലൂടെ യാത്രചെയ്താൽ യെല്ലാപ്പുർ, കാർവാർ മേഖലയിലെത്താം. ഈ പ്രദേശത്ത് നാല്പതിനായിരത്തോ ളം സിദ്ദികൾ ജീവിക്കുന്നുണ്ടത്രേ. യെല്ലാപ്പുരിനടുത്ത് അൻകോളയിൽ ജനിച്ചുജീവിച്ച മോഹൻ സിദ്ദിയോട് സംസാരിച്ചു. സിദ്ദിസമൂഹത്തിലെ ആദ്യത്തെ എം.എസ്.ഡബ്ള്യു. ബിരുദധാരിയായ മോഹൻ, സിദ്ദികളുടെ ഉന്നമനത്തിനായി അശ്രാന്തപരിശ്രമം നടത്തുന്ന വ്യക്തിയാണ്. പിഎച്ച്.ഡി. ബിരുദം നേടുന്ന ആദ്യത്തെ സിദ്ദിയാവാനുള്ള ശ്രമത്തിലാണിപ്പോൾ.
‘‘2003-ൽ സിദ്ദികളെ ഷെഡ്യൂൾഡ് ട്രൈബ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ട് സാമൂഹികമാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ എന്നാണ് എന്റെ ഗവേഷണം’’ -ഉത്സാഹത്തോടെ മോഹൻ പറഞ്ഞു. ‘‘ഇന്ത്യൻ സമൂഹത്തിലെ നിലനില്പിനുവേണ്ടി സിദ്ദികൾ ഗോത്രാചാരങ്ങൾ ഉപേക്ഷിച്ച് മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ സ്വീകരിച്ചു. ഇന്ത്യയിലെ തലമുറകളായുള്ള ജീവിതത്തിനിടയിൽ ആഫ്രിക്കൻ ഗോത്രവർഗത്തിന്റെ അനുഷ്ഠാനങ്ങളും ഭാഷയും വസ്ത്രധാരണവുമൊക്കെ ഞങ്ങൾക്ക് കൈമോശം വന്നുപോയി. പഴയ സംസ്കൃതിയിൽ ഇന്നവശേഷിക്കുന്നത് ഈ ആഫ്രിക്കൻ ശരീരവും പാട്ടും നൃത്തവും പൂർവികരെ ആരാധിക്കുന്ന സമ്പ്രദായവും മാത്രം. മനസ്സുകൊണ്ട് ഞങ്ങൾ പൂർണമായും ഇന്ത്യക്കാരായിക്കഴിഞ്ഞു. പാട്ടും നൃത്തവുമൊന്നും ആരും പഠിപ്പിച്ചുതരാറില്ല. ഒരു തലമുറ പാടുന്നതുകേട്ട് പുതുതലമുറ പഠിക്കുന്നു.’’
സിദ്ദികളുടെ സാമൂഹികസ്ഥിതിയെക്കുറിച്ചും മോഹൻ സംസാരിച്ചു. ‘‘നാല്പതിനായിരത്തിലേറെ സിദ്ദികൾ ഉത്തര കർണാടകത്തിലുണ്ടായിട്ടും രാഷ്ട്രീയത്തിന്റെ മേൽത്തട്ടിൽ ഞങ്ങൾക്ക് പ്രാതിനിധ്യമില്ല. ആകെയുള്ളത് മൂന്ന് പഞ്ചായത്ത് വാർഡുമെമ്പർമാർ മാത്രം. സമൂഹത്തിലെ അവഗണന സഹിക്കാവുന്നതിലുമപ്പുറമാണ്. ഒരു സവർണകുടുംബത്തിലെ ജോലിക്കാരിയാണ് എന്റെ അമ്മ. ഇന്നും അമ്മയ്ക്ക് ഭക്ഷണം ലഭിക്കുന്നത് പടിക്കുപുറത്തിട്ട തൂശനിലയിലാണ്’’ - മോഹൻ സിദ്ദിയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു.
‘‘എങ്ങനെയെങ്കിലും പണമുണ്ടാക്കി എന്റെ പഠനം പൂർത്തിയാക്കണം. അതിനുശേഷം കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം നൽകുന്ന ഒരു നല്ല സ്കൂൾ തുടങ്ങണം’’ തന്റെ ഉള്ളിലെ മോഹം പങ്കുവെച്ചപ്പോൾ മോഹന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം.
ഒരു കോൺവെന്റുണ്ട്, മൈലള്ളിയിൽ. സിദ്ദികളുടെ ഉന്നമനത്തിനായി മൂന്ന് കന്യാസ്ത്രീകൾ ചേർന്നുനടത്തുന്ന സ്ഥാപനം. ഇവരിലൊ രാളായ സിസ്റ്റർ റീറ്റ പറഞ്ഞു: ‘‘തികച്ചും ദയനീയമാണിവിടത്തെ സിദ്ദികളുടെ ജീവിതം. ജന്മിമാരുടെ ഭൂമിയിൽ തുച്ഛമായ വരുമാനത്തിൽ പണിചെയ്തു ജീവിക്കുന്നവരാണ് അധികവും. വിദ്യാഭ്യാസം കുറവായതിനാൽ എല്ലാ രീതിയിലുള്ള ചൂഷണങ്ങൾക്കും ഇരയാവാറുണ്ടിവർ.’’ ഷെഡ്യൂൾഡ് ട്രൈബായി പ്രഖ്യാപിക്കപ്പെട്ടിട്ടും വിദ്യാഭ്യാസവും സാമൂഹികശക്തിയും കുറവായതിനാൽ സിദ്ദികൾക്ക് ഇതിന്റെ പ്രയോജനങ്ങൾ ലഭിച്ചുതുടങ്ങിയിട്ടില്ല.
ഗുജറാത്തിലെ ഭുജ്കച്ഛിൽ ജീവിക്കുന്ന വാസിം ജമാദാറിനെ പരിചയപ്പെട്ടു. സഹകരണബാങ്കിൽ ചെറിയൊരു ജോലിയുണ്ട്; ഒപ്പം സിദ്ദി നൃത്തമായ ധമ്മാൽ എന്ന കലാരൂപത്തിലും വാദ്യോപകരണമായ മലുംഗയിലും നിപുണനാണ് വാസിം. ‘‘ഒഴിവുള്ള വേളകളിൽ പാട്ടിനും നൃത്തത്തിനുമൊക്കെ പോവാറുണ്ട്; ജീവിക്കണ്ടേ?’’ ചെറുചിരിയോടെ വാസിം ചോദിക്കുന്നു. ‘‘ഗിർവനങ്ങളിലുൾപ്പെടെ ഗുജറാത്തിലെ 24-ഓളം സ്ഥലങ്ങളിൽ സിദ്ദികൾ അധിവസിക്കുന്നുണ്ട്.‘‘ഒരുതരത്തിൽ പറഞ്ഞാൽ, ഗിർക്കാടുകളിലെ സിംഹങ്ങൾ വംശനാശഭീഷണി നേരിട്ടതുകൊണ്ട് രക്ഷപ്പെട്ടത് ഞങ്ങളുടെ സമൂഹമാണ്. ഗിർവനത്തിലെ സിംഹങ്ങളെ കാണാനെത്തുന്ന വിദേശികൾക്ക് സിദ്ദികളുടെ ധമ്മാൽ നൃത്തവും കാണണം. അങ്ങനെ നൃത്തംചെയ്ത് പുലരുന്ന കുടുംബങ്ങൾ നിരവധിയാണ്.’’ വാസിമിന്റെ മുഖത്ത് വീണ്ടുമൊരു ചിരി വിടരുന്നു.
വിദ്യാഭ്യാസത്തിൽ പിന്നിലായിരുന്നപ്പോഴും സിദ്ദികൾ കായികമേഖലയിൽ പണ്ടേ കഴിവുതെളിയിച്ചിരുന്നു -ആഫ്രിക്കൻ ജീനിന്റെ ഗുണം! 1984-ലെ ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ നാല് സ്വർണമെഡലുകൾ നേടി കാൾലൂയിസ് ലോകശ്രദ്ധ പിടിച്ചുപറ്റി. ആ സുവർണവിജയത്തിന്റെ തരംഗങ്ങൾ ഇന്ത്യയിലുമെത്തി. ഭാരതീയരായ കറുത്തവർഗക്കാരുടെ കായികശക്തി പരമാവധി പ്രയോജനപ്പെടുത്തി ഒളിമ്പിക് മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ 1987-ൽ സ്പെഷൽ ഏരിയ ഗെയിംസ് (എസ്.എ.ജി.) എന്ന പദ്ധതി വിഭാവനം ചെയ്തു. ഇതിലൂടെ അന്തർദേശീയ മത്സരങ്ങളിൽ സ്വർണമെഡൽവരെ നേടിയ വ്യക്തിയാണ് കമലാ സിദ്ദി. ഹുബ്ളിയിലെ തന്റെ ചെറിയ റെയിൽവേ ക്വാർട്ടേഴ്സിലിരുന്ന് കമല തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ‘‘എസ്.എ.ജി. പദ്ധതിയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. മികച്ച ശിക്ഷണവും ഭക്ഷണവും സൗകര്യങ്ങളും ലഭിച്ചപ്പോൾ ലോകനിലവാരത്തിലെത്താം എന്ന വിശ്വാസം വർധിച്ചു. പക്ഷേ, ഭരണമാറ്റത്തോടെ എസ്.എ.ജി. പദ്ധതിക്ക് മങ്ങലേറ്റു.
ഞങ്ങളുടെ സ്റ്റൈപ്പൻഡ് നാലിലൊന്നായി വെട്ടിക്കുറച്ചപ്പോൾ ജീവിക്കാൻതന്നെ ബുദ്ധിമുട്ടി.’’ ഇനി കുട്ടികളുടെ ഉൗഴമാണ് -തന്റെ മക്കളായ നിമിഷയും പ്രതീക്ഷയും അന്താരാഷ്ട്ര നിലവാരത്തിലെത്താനുള്ള കാത്തിരിപ്പിലാണ് കമലയിപ്പോൾ.
ചാതുർവർണ്യത്തിന്റെ വേലിക്കെട്ടുകൾ ഇന്നുമുള്ള ഇന്ത്യയിൽ സിദ്ദികളുടെ സ്ഥാനം വളരെ താഴെയാണ്. സവർണമഹിമയിൽ വിശ്വസിച്ച്, തൊലിവെളുപ്പ് വർധിപ്പിക്കാൻ ക്രീമുകൾ വാങ്ങിക്കൂട്ടുന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സിൽ, ഒരുപടി താഴെമാത്രമാണ് സിദ്ദികൾക്ക് കല്പിച്ചുനൽകിയ ഇടം. ഹിന്ദിയും ഗുജറാത്തിയും കന്നഡയും പറയുന്ന സിദ്ദികളോട് ‘‘നിങ്ങൾ ഇവിടെവന്ന് ഞങ്ങളുടെ ഭാഷ പഠിച്ചെടുത്തുകഴിഞ്ഞോ?’’ എന്ന് ചിലർ പരിഹസിക്കും.
മറ്റുചിലർ ‘‘ആഫ്രിക്കയിലേക്ക് തിരിച്ചുപോ!’’ എന്നാക്രോശിക്കും. ഗുജറാത്തിലെ ഭാവ്നഗറിലെ ഒരു സിദ്ദി സ്ത്രീ ബാങ്കിൽ നിയമനം ലഭിച്ച് ആദ്യദിവസം ജോലിക്ക് ഹാജരായപ്പോൾ മേലുദ്യോഗസ്ഥൻ ഒരു സ്ഥലം കാട്ടിക്കൊടുത്തു - വിദേശികൾക്ക് പണം മാറാനുള്ള കൗണ്ടർ! കറുത്തവർഗക്കാരിയായ താനും ഒരു ഇന്ത്യക്കാരിതന്നെ ആണെന്നും ആദ്യദിവസം ജോലിക്കെത്തിയതാണെന്നും ബാങ്കിലെ മറ്റു ജീവനക്കാരെ വിശ്വസിപ്പിക്കാൻ ആ പാവം നന്നേ പണിപ്പെട്ടു.രാഷ്ട്രശില്പികൾ നാനാത്വത്തിലെ ഏകത്വം എന്നു വാഴ്ത്തിയ അദ്ഭുതമാണല്ലോ ഭാരതം. നമ്മുടെ ജന്മഭൂമിയുടെ വർണശബളിമയാർന്ന തലപ്പാവിലെ കറുപ്പഴകുള്ളൊരു തൂവലാണ് ഇവരെന്ന തിരിച്ചറിവിൽ, സിദ്ദികളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ഇനി നമുക്ക് ശ്രമിക്കാം!
shyamparam101@gmail.com