സംഗീത രണ്ടുവർഷംമുമ്പ് മെയ് മാസത്തിലാണ് ലക്ഷ്മിയെ 
കാണുന്നത്. ഏതൊരു കൊമ്പനോടും കിടപിടിക്കുന്ന എടുപ്പോടെ തിരുവമ്പാടി ലക്ഷ്മി എന്ന പിടിയാന സംഗീതയെ നോക്കി. ആ കണ്ണുകളിൽ നിറയെ സ്നേഹമായിരുന്നു അന്നെന്ന് സംഗീത 
പറയുന്നു. ഒരുവർഷത്തിനുശേഷം വീണ്ടും കാണുമ്പോൾ ലക്ഷ്മിയുടെ കണ്ണുകളിൽ പഴുപ്പുണ്ടായിരുന്നു. സ്നേഹത്തിനുപകരം ദൈന്യതയായിരുന്നു അതിൽ.  കാഴ്ചതന്നെ തിരിച്ചുകിട്ടുമോ എന്നറിയാത്ത അവസ്ഥയിലാണ് ഇന്ന് ലക്ഷ്മി. 
ഇത്തവണ ചികിത്സയിലാണെന്നുപറഞ്ഞ് ലക്ഷ്മിയെ കാണാൻ അനുവദിച്ചില്ലെങ്കിലും അവൾ സുഖംപ്രാപിച്ച് തിരിച്ചെത്തണമെന്ന പ്രാർഥനയിലാണ് സംഗീത. ഇത്തിരിപ്പോന്ന മനുഷ്യനുമുന്നിൽ സ്വന്തം ശരീരത്തിന്റെ കഴിവും വലിപ്പവുംപോലും മറന്നുനിൽക്കുന്ന ലക്ഷ്മിയെ കാണുമ്പോൾ ചങ്ങലകൾക്കിടയിൽനിന്ന് അവളെ സ്വതന്ത്രയാക്കാൻ കഴിയാത്ത വിഷമം സംഗീതയുടെ മനസ്സിലും ചങ്ങലവരിഞ്ഞ മുറിവുകൾ തീർക്കുന്നു.
ലക്ഷ്മിയടക്കമുള്ള ഒട്ടേറെ നാട്ടാനകളുടെ ഇത്തരം സങ്കടങ്ങൾ ‘ഗോഡ്‌സ് ഇൻ ഷാക്കിൾസ്’ എന്ന ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമടക്കം നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ നേടിയ സംഗീത അയ്യർക്ക് ആനജീവിതത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്.  

കേരളത്തിലെ നാട്ടാനകൾക്കുപിറകേ സംഗീത അലഞ്ഞുതുടങ്ങിയിട്ട് മൂന്നുവർഷത്തിലധികമാവുന്നു. പാലക്കാട് ആലത്തൂർ സ്വദേശിയെങ്കിലും കാനഡയിൽ വളർന്ന സംഗീത അയ്യർ അപ്രതീക്ഷിതമായാണ് നാട്ടാനകളെത്തേടിയെത്തുന്നത്. അന്താരാഷ്ട്ര ചാനലുകളിൽ പരിസ്ഥിതി ജേർണലിസ്റ്റായി ജോലിചെയ്യുകയായിരുന്ന അവർക്ക് നാട് എന്നും പ്രിയപ്പെട്ടതായിരുന്നു. 
2013 ഡിസംബറിൽ കേരളത്തിലെത്തിയ സംഗീത പൂരങ്ങൾ കണ്ടുതുടങ്ങിയതോടെ ആനകളെയും കൂടുതലായി അടുത്തറിഞ്ഞുതുടങ്ങി.  ഓരോ പൂരവും അവർക്കുസമ്മാനിച്ചത് വർണക്കാഴ്ചകളേക്കാൾ ആനകളുടെ കണ്ണുകളിലെ ദൈന്യതയുടെ ചിത്രങ്ങളാണ്. ദൈവസൃഷ്ടികളാണ് ഓരോ ജീവിയും എന്നുകരുതുന്നുവെങ്കിൽ ഇവയെ ചങ്ങലയ്ക്കിട്ട് തളയ്ക്കുന്നതെന്തിനെന്ന ചോദ്യമാണ് സംഗീതയുടെ മനസ്സിൽ ആദ്യമുയർന്നത്. 
പിന്നീട് കേരളത്തിലെ നാട്ടാനകളെ തേടിപ്പിടിച്ച് കണ്ടെത്തുകയായിരുന്നു അവർ. കുറേയേറെ കാര്യങ്ങൾ കണ്ടുപഠിച്ചു. നെറ്റിപ്പട്ടങ്ങൾക്കും ആനച്ചമയങ്ങൾക്കുമുള്ളിൽ ഒളിച്ചിരുന്ന മുറിവുകളും പഴുപ്പുകളും വ്രണങ്ങളും അവർ കണ്ടറിഞ്ഞു. വ്രണങ്ങളിൽ കുത്തി വീണ്ടും മുറിവേൽപ്പിക്കുന്നതും അനുസരിപ്പിക്കുന്നതും തിരിച്ചറിഞ്ഞ് നടുങ്ങി. കാലിനും തുമ്പിക്കൈക്കുമിടയിൽ സ്ഥാപിച്ച ഒരു ചെറിയ തോട്ടിയുടെ ഭീതി ആ വലിയ മൃഗത്തെ അടിമയാക്കി മാറ്റുന്നത് അവർ സഹാനുഭൂതിയോടെ അറിഞ്ഞു.  
 ‘ആനയുടെ കാലുകൾ നമ്മൾ കരുതുന്നപോലെ അത്ര കട്ടിയുള്ളതല്ല. വനത്തിലെ തണുത്ത പുൽമേടുകളിൽ സഞ്ചരിക്കാൻ പാകത്തിനുള്ളതാണത്. അതുമായി സിമന്റിട്ട തറയിൽ എത്രനേരമാണ് നമ്മൾ നിർത്തുന്നത്. ദൈവങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവർ പറഞ്ഞേനെ, ആനപ്പുറത്തുനിന്ന് തന്നെ താഴെയിറക്കാൻ. ആരോഗ്യപ്രശ്നങ്ങളുള്ള ആനകളെക്കൊണ്ട് മനുഷ്യന്റെ വിനോദത്തിനായിമാത്രം തിടമ്പെഴുന്നള്ളിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണെന്ന് മനസ്സിലാകുന്നില്ല. തിളയ്ക്കുന്ന വെയിലിനുകീഴിൽ നിൽക്കുന്ന ആനയുടെ ഉള്ളിലും തുടിക്കുന്നത് ജീവൻതന്നെയാണ്’’,  സംഗീത പറയുന്നു. 
മതവുമായി ആനയ്ക്ക് ഒരു ബന്ധവുമില്ലെന്ന പക്ഷക്കാരിയാണ് സംഗീത. എത്രയോ കാലംമുമ്പുണ്ടായ ഈശാവാസ്യോപനിഷത്തിൽ പറയുന്നത് ഈ ഭൂമിയിലെ ഓരോ ജീവനും സ്വതന്ത്രമായി ജീവിക്കണമെന്നാണ്. എല്ലാ ജീവികളെയും നമ്മൾ ബഹുമാനിക്കണം. അങ്ങനെ നോക്കുമ്പോൾ ദൈവനിന്ദയാണ് നമ്മൾ ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. 
  ‘‘ഉടമകളുടെ വ്യവസായതാത്‌പര്യങ്ങൾ മാത്രമാണ് പൂരങ്ങളിലെ ആന സംസ്കാരത്തിനുപിന്നിൽ. മനുഷ്യന് കണ്ണിന് കാഴ്ചയാവാൻ മിണ്ടാപ്രാണികളെ പീഡിപ്പിക്കുകയാണ്. 1980-കളിലാണ് ആനകളെ പൂരത്തിന് ഉപയോഗിച്ചുതുടങ്ങിയത്. അതിനുമുമ്പും പൂരങ്ങൾ നന്നായി നടന്നിട്ടുണ്ട്. ഇപ്പോൾ ചില ക്ഷേത്രങ്ങളെങ്കിലും തിരിച്ചറിവിന്റെ പാതയിലാണെന്നത് സന്തോഷം നൽകുന്നു. ആനകൾക്കുപകരം പല ക്ഷേത്രങ്ങളും രഥം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിനെപ്പോലുള്ളവർ ഒരു പ്രതീക്ഷയാണ്.’’
  ആനകളെ എഴുന്നള്ളിക്കുമ്പോൾ പല ഡോക്ടർമാരും തെറ്റായ സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്. രോഗം മറച്ചുവെച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ ബലത്തിലെത്തുന്ന ആനകൾ മിക്കപ്പോഴും അക്ഷമരാകുന്നത് അസുഖംകൊണ്ടുതന്നെയാണ്. മലബാർമേഖലയിൽ നടക്കുന്ന ആനയില്ലാത്ത ഉത്സവങ്ങൾക്ക് ആന ഉത്സവങ്ങളുടേതിനേക്കാൾ കൊഴുപ്പുണ്ടാവാറുണ്ടെന്നും സംഗീത തിരിച്ചറിയുന്നു. 
ലക്ഷ്മിയുമായുള്ള അടുപ്പംതന്നെയാണ് ഡോക്യുമെന്ററി എന്ന ആശയം സംഗീതയുടെ മനസ്സിലേക്കെത്തിച്ചത്. തന്റെ ചെറുപ്പകാലമാണ് ലക്ഷ്മിയിൽ കണ്ടതെന്ന് അവർ പറയുന്നു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിൽ ജനിച്ച സംഗീത വിദേശത്തായിരുന്നിട്ടുപോലും വിലക്കുകൾക്കിടയിലാണ് വളർന്നത്. ‘‘സ്വന്തം ശക്തി മറന്നുനിൽക്കുന്ന ലക്ഷ്മിയാണ് എന്റെ ഉള്ളിലെ കഴിവുകളെ ഉണർത്താൻ പ്രേരണനൽകിയത്. കോലാപ്പുരിലെ ജ്യോതിബ ക്ഷേത്രത്തിലുണ്ടായിരുന്ന സുന്ദർ എന്ന ആനയെ സ്വതന്ത്രമാക്കിയതും വലിയ ശക്തിനൽകി’’, സംഗീത പറയുന്നു. 2005 മുതൽ ക്ഷേത്രത്തിലുണ്ടായിരുന്ന സുന്ദറിന്റെ ചെവിയിൽ തോട്ടികൊണ്ടുവലിച്ച് വലിയ മുറിവുണ്ടായിരുന്നു. നിരവധി നിയമയുദ്ധങ്ങൾക്കൊടുവിൽ പല പ്രമുഖരും ഇടപെട്ടാണ് സുന്ദറിന്റെ ചങ്ങലകൾ അഴിച്ചത്. കേരളത്തിലെ ആനകളുടെയും അങ്ങനെയൊരു സ്വതന്ത്രലോകമാണ് സംഗീതസ്വപ്നം കാണുന്നത്. രണ്ടുവർഷംമുമ്പ് കാനഡയിൽ തിരിച്ചെത്തിയശേഷം നടത്തിയ പ്രവർത്തനങ്ങൾ ഫലംകണ്ടു. ധാരാളമാളുകൾ പിന്തുണയുമായെത്തി. രണ്ടുവർഷത്തെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ ‘ഗോഡ്‌സ് ഇൻ ഷാക്കിൾസ്’ പിറന്നു. 
ഒരു മികച്ച എലിഫന്റ് സാങ്ച്വറി ഒരുക്കുകയാണ് വേണ്ടതെന്നാണ് സംഗീതയുടെ അഭിപ്രായം. ആനകൾക്ക് ചങ്ങലകളില്ലാതെ സ്വൈരവിഹാരം നേടാൻപറ്റുന്ന ഇടം. സ്വാതന്ത്ര്യം ഏറെ ആഗ്രഹിക്കുന്ന ജീവിയാണ് ആന. ശ്രീലങ്കയിലെ പിന്നാവാല ആനസങ്കേതംപോലെയൊക്കെ ഒന്ന്. ‘‘കേരളത്തിലെ ആളുകൾ കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം താത്‌പര്യങ്ങൾമാത്രം നോക്കാതെ മൃഗങ്ങളുടെ ഹൃദയംകൂടി കാണേണ്ടതുണ്ട്. ആളുകൾ കണ്ടുരസിച്ചോട്ടെ. പക്ഷേ, അത് ആനകൾക്കുകൂടി സന്തോഷം 
തോന്നുന്ന രീതിയിലാവണം.'
തന്റെ ഡോക്യുമെന്ററി നിയമസഭാംഗങ്ങൾക്കുമുന്നിൽ ഏറെ പ്രതീക്ഷയോടെയാണ് സംഗീത അയ്യർ കാണിച്ചത്. അവിടെനിന്നുലഭിച്ച മികച്ച പ്രതികരണം സംഗീതയ്ക്ക് ഏറെ പ്രതീക്ഷനൽകുന്നുണ്ട്. കേരളത്തിലെ നാട്ടാനകളുടെ സ്വാതന്ത്ര്യത്തിനായി താൻ ഇനിയും മുന്നിട്ടിറങ്ങുമെന്ന് സംഗീത അയ്യർ ഉറപ്പുപറയുന്നു.

anjanasasi@gmail.com